ഒരു ചോദ്യവും ചൊല്ലുമില്ലാതെ കയറിവന്ന് എന്റെ ശരീരത്തിൽ കയറിക്കൂടിയ പ്രമേഹം വല്ലാത്തൊരു ശല്യക്കാരനായിമാറി, എന്റെ വലതുകാൽ മുറിച്ചുമാറ്റുന്നതുവരെ തിയേറ്ററിൽ പോയി എല്ലാ ഭാഷകളിലുമുള്ള ഒട്ടുമിക്ക സിനിമകളും കണ്ടിരുന്ന ഒരാളായിരുന്നു ഞാൻ. തിരക്കഥയുടെ തിരക്കുമായി ഞാൻ ഓടിനടക്കുമ്പോഴും തിയേറ്ററിലെ തിരക്കിൽ പോയിരുന്ന് സിനിമ കാണുന്നതിനു പിന്നിൽ എനിക്ക് കച്ചവടപരമായ ഒരു താൽപര്യം കൂടിയുണ്ടായിരുന്നു. എങ്ങനെയുള്ള ചിത്രങ്ങളോടാണ് ജനത്തിന് കൂടുതൽ ആഭിമുഖ്യമെന്നും ഒരു സിനിമയുടെ വിജയവും പരാജയവും തീരുമാനിക്കുന്നത് പ്രേക്ഷക പ്രതികരണങ്ങളിൽനിന്നും നേരിട്ടറിയാനും വേണ്ടിയാണ് അന്ന് ഞാൻ എല്ലാത്തരം സിനിമകളും കാണുന്ന ഒരു തിയേറ്റർ വാസിയായി മാറിയത്.
എന്റെ കാല് നഷ്ടപ്പെട്ട് വെപ്പുകാലുമായി പതുക്കെ നടക്കാൻ തുടങ്ങിയപ്പോൾ ആലുവാ സീനത്ത്, ഇടപ്പള്ളി വനിത, വിനീത എന്നീ തിയേറ്ററുകളുടെ ചുമതല വഹിക്കുന്ന എന്റെ അഭ്യുദയകാംക്ഷിയായ ലസ്ലി ഒരുദിവസം എന്നെ വിളിക്കുന്നു.
“ഡെന്നിസ് ചേട്ടൻ ഇങ്ങനെ ഇരുന്നാൽ മതിയോ? നല്ലാരു സിനിമ വന്നിട്ടുണ്ട്. ഇവിടെ വന്നാൽ ഒരു ബുദ്ധിമുട്ടും കൂടാതെ തിയേറ്ററിൽ കയറിയിരുന്ന് സിനിമ കാണാനുള്ള എല്ലാ ഏർപ്പാടുകളും ഞാൻ ചെയ്യാം.”
Also Read
“നല്ല സിനിമയാണതെന്ന് കേട്ടു. പക്ഷേ, എന്റെ അവസ്ഥ ലസ്ലിക്ക് അറിയാമല്ലോ? വെപ്പുകാലും വെച്ചുകൊണ്ട് തിയേറ്ററിന്റെ സ്റ്റെപ്പ് കയറാൻ പറ്റുമെന്ന് തോന്നുന്നില്ല.”
എന്റെ കാലിന്റെ പരിമിതികൾ പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും ലസ്ലിക്ക് എന്നെ വിടാൻ ഭാവമില്ലായിരുന്നു.
“ചേട്ടൻ അതൊന്നുമോർത്ത് ടെൻഷനടിക്കേണ്ട. ഡെന്നിസ് ചേട്ടന് ഒരു ബുദ്ധിമുട്ടും വരുത്താതെ തിയേറ്ററിനകത്തുകയറ്റിയിരുത്തി സിനിമ കാണിക്കുന്ന കാര്യം ഞാൻ ഏറ്റു. പോരുമ്പോൾ കുടുംബത്തേയുംകൂടി കൂട്ടിക്കോളൂ.”
ലസ്ലിയുടെ സ്‌നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി പിറ്റേന്ന് വൈകുന്നേരംതന്നെ ഞാൻ കുടുംബസമേതം ആലുവാ സീനത്തിലെത്തി. തിയേറ്ററിനകത്ത് കയറാനുള്ള എല്ലാ സൗകര്യങ്ങളും ലസ്ലി അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. തുടർന്ന് നല്ല സിനിമകൾ വരുമ്പോൾ മാത്രം ആലുവാ സീനത്തിലേയും വനിത-വിനീതാ തിയേറ്ററിലെയും സ്ഥിരം കാഴ്ചക്കാരനായി ഞാൻ മാറി. അങ്ങനെ അഞ്ചാറുവർഷക്കാലം ഒരു ശീലം പോലെ അത് തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരുദിവസം തിയേറ്ററിനകത്തേക്ക് പടികൾ കയറുമ്പോൾ പെട്ടെന്ന് എന്റെ നെഞ്ചിന് വല്ലാത്തൊരു ഭാരം തോന്നിയത്. അതോടെ തിയേറ്ററിൽ പോയിരുന്നുള്ള സിനിമ കാണലിന് പൂർണ വിരാമമിട്ടു.
പിന്നീട് ടിവിയിലും യൂട്യൂബിലും വരുന്ന പഴയതും പുതിയതുമായ സിനിമകളുടെ കാഴ്ചക്കാരനായി മാറുകയായിരുന്നു ഞാൻ. കഴിഞ്ഞ രണ്ടുദിവസം മുൻപ് രാത്രി ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പ് വെറുതെ മൊബൈലെടുത്ത് യൂട്യൂബിൽ ഒന്നു പരതിയപ്പോൾ പെട്ടെന്നാണ് ഫാസിലിന്റെ ‘മണിവത്തൂരിലെ ആയിരം ശിവരാത്രി’യുടെ ടൈറ്റിൽ കണ്ടത്. 1987ൽ ഇറങ്ങിയ ഫാസിലിന്റെ നല്ലൊരു കുടുംബചിത്രമാണിത്. അതിന്റെ കഥയും പശ്ചാത്തലവുമൊന്നും ഇപ്പോൾ ഓർമയിൽ വരുന്നില്ല. ഒരു ഓർമപുതുക്കലെന്നപോലെ ചിത്രത്തിന്റെ തുടക്കംമാത്രം ഒന്നു കണ്ടു നോക്കാമെന്ന് കരുതി.
മഞ്ഞുമൂടി നിൽക്കുന്ന ഊട്ടിയുടെ വർണഭംഗിയിൽ മമ്മൂട്ടി തണുത്തുവിറച്ചു നടന്നുവരുന്നതിൽ നിന്നാണ് പടം തുടങ്ങുന്നത്. നാലഞ്ച് സീൻ കഴിഞ്ഞ് ഊട്ടിയുടെ മഞ്ഞും വാരിപ്പുണർന്നുനിൽക്കുന്ന നിഷ്‌കളങ്ക കഥാപാത്രമായിവരുന്ന സുഹാസിനിയെ കണ്ടപ്പോഴാണ് എനിക്ക് പറ്റിയ ചെറിയൊരു അബദ്ധത്തെക്കുറിച്ച് ഞാൻ ഓർത്തത്. കഥയിലെ നായികമാർ എന്ന പംക്തിയിൽ വളരെ മുൻപേതന്നെ വന്നുപോകേണ്ട താരവസന്തമായിരുന്നു സുഹാസിനി.
ഞാൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ‘കഥ ഇതുവരെ’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി വന്ന് മികച്ച അഭിനയം കാഴ്ചവെച്ച സുഹാസിനിയെ ഞാൻ ഓർക്കാതിരുന്നതെന്താണെന്ന് എനിക്ക് ഒരു രൂപവും കിട്ടിയില്ല. ഞാൻ ഉടനെ തന്നെ സിനിമ കാണൽ അവസാനിപ്പിച്ച് സുഹാസിനിയെക്കുറിച്ചുള്ള കോളമെഴുതാനിരുന്നു.
1983ൽ പത്മരാജൻ സംവിധാനം ചെയ്ത ‘കൂടെവിടെ’യിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ് സുഹാസിനി ആദ്യമായി മലയാള സിനിമയുടെ അരങ്ങത്തേക്ക് വരുന്നത്. മലയാളത്തിൽ അന്നുവരെ കാണാത്ത, ധൈഷ്ണിക നാട്യങ്ങളൊന്നുമില്ലാത്ത ഒരു പ്രത്യേക ഐശ്വര്യമുള്ള മുഖവും കണ്ണുചിമ്മിയുള്ള പാതിവിടർന്ന ചിരിപ്രസാദവും ഒരു മധ്യവർത്തി കുടുംബത്തിലെ സാധാരണ ഒരു പെൺകുട്ടിയുടെ നടപ്പുശീലങ്ങളുമായി കൂടെവിടെയിലൂടെ വന്ന സുഹാസിനിയെ പ്രഥമചിത്രത്തിലൂടെ തന്നെ മലയാളി മനസ്സ് സഹർഷം ഏറ്റെടുക്കുകയായിരുന്നു.
കൂടെവിടെയുടെ വിജയത്തോടെ സുഹാസിനിയുടെ കരിയർഗ്രാഫ് പെട്ടെന്ന് ഉയർന്നു. അതോടെ മധ്യവർത്തി സിനിമകളുടെ അമരക്കാരായ കെ.ജി.ജോർജ്, ഭരതൻ തുടങ്ങിയ അതുല്യ പ്രതിഭകളും സുഹാസിനിയെ തേടിയെത്തി. അങ്ങനെയാണ് കെ.ജി.ജോർജിന്റെ ആദാമിന്റെ വാരിയെല്ലിലും ഭരതന്റെ ‘എന്റെ ഉപാസന’യിലും സുഹാസിനി നായികയായിവരുന്നത്.
എന്നാൽ തന്നെ തേടി വരുന്ന എല്ലാ ചിത്രങ്ങളും സ്വീകരിക്കാൻ സുഹാസിനി തയ്യാറല്ലായിരുന്നു. ഒരു സിനിമാകുടുംബത്തിൽ നിന്നും വന്നതുകൊണ്ട് സിനിമ എന്താണെന്ന് നന്നായിട്ടറിയാമായിരുന്നു സുഹാസിനിയ്ക്ക്. അവർ ആദ്യമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വന്നത് ‘നെഞ്ചത്തെ കിള്ളാതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡും മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ഛായാഗ്രഹണ കലയിൽ ബിരുദം നേടിയ അംഗീകാരങ്ങളുടെ തിളക്കവുമായാണ് സുഹാസിനി മലയാളത്തിലേക്ക് കടന്നുവന്നിരിക്കുന്നത്.

ഈ സമയത്താണ് ഞാനും ജോഷിയും കൂടി ചെയ്ത ജൂബിലിയുടെ ‘കഥ ഇതുവരെ’യുടെ ചർച്ചകൾ നടക്കുന്നത്. മമ്മൂട്ടിയാണ് നായകനെങ്കിലും നായികാകഥാപാത്രത്തിന് വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ്. സുഹാസിനി അഭിനയിച്ചിട്ടുള്ള ‘കൂടെവിടെ’യും ‘ആദാമിന്റെ വാരിയെല്ലും’ ഞാൻ കണ്ടിട്ടുള്ളതുകൊണ്ട് എന്റെ മനസ്സിൽ സുഹാസിനിയെ അഭിനയിപ്പിക്കണമെന്നായിരുന്നു. എന്നാൽ ഞങ്ങളുടെ ചർച്ചയുടെ ആരംഭത്തിൽതന്നെ ജോയി തോമസ്സ് ഒരു പ്രഖ്യാപനംപോലെ പറഞ്ഞു.
“നമ്മുടെ കഥാപാത്രത്തിന് പറ്റിയ ഒരുനായികയെ ഞാൻ പറയാം, സുഹാസിനി.”
സുഹാസിനിയുടെ കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നെങ്കിലും പ്രൊഡക്ഷൻ എക്‌സിക്യുട്ടീവായ കെ.ആർ.ഷൺമുഖൻ ഒരു സംശയം പ്രകടിപ്പിച്ചു.
“സുഹാസിനി നല്ല ബിസിയാണെന്നാണ് കേട്ടത്. അവരുടെ ഡേറ്റ് കിട്ടുമോ?”
സുഹാസിനിയുടെ കോൾഷീറ്റ് കിട്ടുമെന്നുള്ള വിശ്വാസം ജോയിക്കുണ്ടായിരുന്നു. ജോയി നിർമിച്ച ‘എന്റെ ഉപാസന’യിലെ നായിക സുഹാസിനിയായിരുന്നതുകൊണ്ട് അവർ തമ്മിൽ നല്ല ഇഴയടുപ്പവുമുണ്ടായിരുന്നു. സുഹാസിനിയുടെ ഡേറ്റുവാങ്ങാൻ പോയത് ജോയിയും ഷണ്മുഖനും കൂടിയായിരുന്നു. കഥയുടെ രൂപരേഖ പറഞ്ഞുകൊടുത്തതും ജോയിയാണ്. സുഹാസിനിക്ക് കഥ നന്നായിട്ട് ഇഷ്ടപ്പെട്ടതുകൊണ്ട് ഏതോ ഒരു തെലുങ്ക് ചിത്രത്തിന്റെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്താണ് ഞങ്ങൾക്ക് തന്നത്. ഇതോടൊപ്പംതന്നെ ജൂബിലിയുടെ ഭരതൻ ചെയ്യാൻ പോകുന്ന ‘പ്രണാമ’ത്തിന്റെ ഡേറ്റും വാങ്ങിയാണ് ജോയി അവിടന്ന് പോന്നത്.
എറണാകുളത്തുവച്ചായിരുന്നു കഥ ഇതുവരെയുടെ ഷൂട്ടിങ്. മമ്മൂട്ടിയും സുഹാസിനിയും തമ്മിലുള്ള ഒരു പാട്ടും മൂന്നാല് സീനുകളും ചിത്രീകരിച്ചത് മുംബൈയിലും മദ്രാസിലുമായിട്ടായിരുന്നു. മധു, മമ്മൂട്ടി, സുഹാസിനി, റഹ്‌മാൻ, രോഹിണി, ബേബി ശാലിനി, തിലകൻ, ഇന്നസെന്റ്, ലാലു അലക്‌സ് തുടങ്ങിയ വലിയ താരനിരയാണ് ഇതിൽ അണിനിരന്നത്.

എറണാകുളത്തെ ജോസ് ബ്രദേഴ്‌സുകാരുടെ വീടായിരുന്നു പ്രധാന ലൊക്കേഷൻ. ഷൂട്ടിങ് തുടങ്ങി രണ്ടാം ദിവസമാണ് സുഹാസിനി വരുന്നത്. ഇവിടെ വച്ചാണ് സുഹാസിനിയെ ഞാൻ ആദ്യമായി കാണുന്നത്. ജോയി തോമസാണ് എന്നെ പരിചയപ്പെടുത്തിയത്. ജോയി നിർമിച്ച ‘ആ രാത്രി’യുടെയും ‘സന്ദർഭ’ത്തിന്റെയും തിരക്കഥാകാരനാണെന്നും ജോഷി-മമ്മൂട്ടി കൂട്ടുകെട്ടിൽ വളരെയധികം സിനിമകൾ ചെയ്യുന്ന കക്ഷിയാണെന്നുമൊക്കെയുള്ള പ്രശംസാവചനങ്ങൾ ഉരുവിട്ടുകൊണ്ടുള്ള ഒരു പരിചയപ്പെടുത്തലായിരുന്നത്.
ഞങ്ങൾ തമ്മിലുള്ള സംസാരം തുടങ്ങിയപ്പോൾ എനിക്കൊന്നു മനസ്സിലായി. സിനിമയുടെ നാനാവശങ്ങളെക്കുറിച്ചും നന്നായിട്ടറിയാവുന്ന, സിനിമയുടെ വ്യവസ്ഥാപിതമായ കാഴ്ചപ്പാടുകൾക്ക് വ്യത്യസ്തമായുള്ള ചിന്തകളും നവ ആശയങ്ങളുമുള്ള ഒരു നായികാസ്വരൂപമാണ് സുഹാസിനിയെന്ന് അപ്പോൾതന്നെ ജോഷിയോട് പറയുകയും ചെയ്തു.
മദ്രാസിൽവെച്ച് കഥയുടെ രൂപരേഖമാത്രം കേട്ടിരുന്നതുകൊണ്ട് കഥാപാത്രസൃഷ്ടിയെക്കുറിച്ചും പ്രധാന കഥാമുഹൂർത്തങ്ങളെക്കുറിച്ചുമൊക്കെ എന്നോടു ചോദിച്ചുമനസ്സിലാക്കി ആ കഥാപാത്രമായി മാറുകയായിരുന്നു അവർ.
1985 വിഷുവിനാണ് കഥ ഇതുവരെ റിലീസ് ചെയ്തത്. ഞാൻ എഴുതി ജോഷി സംവിധാനം ചെയ്ത ‘ഒരു കുടക്കീഴിലാ’യിരുന്നു കഥ ഇതുവരെയ്ക്കൊപ്പം മത്സരചിത്രമായെത്തിയത്. ഒരു കുടക്കീഴിൽ നല്ല സിനിമയായിട്ടും, വലിയ താര ബാഹുല്യമുള്ള കഥ ഇതുവരെയായിരുന്നു വൻ വിജയം നേടിയത്. കഥ ഇതുവരെയ്ക്കുശേഷം സുഹാസിനി അഭിനയിച്ച എല്ലാ ചിത്രങ്ങളും നല്ല നിലവാരമുള്ള സിനിമകളായിരുന്നു. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ആരോരുമറിയാതെ, ഐ.വി.ശശിയുടെ അക്ഷരങ്ങൾ, ഭരതന്റെ പ്രണാമം, സിബിമലയിലിന്റെ എഴുതാപ്പുറങ്ങൾ, ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഷാജി എൻ.കരുണിന്റെ വാനപ്രസ്ഥം, കമലിന്റെ തീർഥാടനം, നമ്മൾ തുടങ്ങി എല്ലാ സിനിമകളിലും സുഹാസിനിയുടെ വൈവിധ്യമാർന്ന പ്രകടനമായിരുന്നു കാണാൻ കഴിഞ്ഞത്. നമ്മുടെ ചില നായികാബിംബങ്ങളെപ്പോലെ ആർട്ട്-മധ്യവർത്തി സിനിമകളിൽ അഭിനയിച്ച് അല്പം പേരും പ്രശസ്തിയും വന്നുകഴിഞ്ഞാൽ ജനപ്രിയ സിനിമകളോട് അകലം പ്രാപിച്ചുകൊണ്ടുള്ള തീരുമാനമെടുക്കൽ പ്രക്രിയയോട് ചേർന്നുനിൽക്കുന്ന ഒരു അഭിനേത്രിയല്ലായിരുന്നു സുഹാസിനി.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: suhasini-maniratnam-malayalam-cinema-journey-retrospective
Published: 12 Jun 2026, 03:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented