രാമു കര്യാട്ടിന്റെ ‘ചെമ്മീനി’ൽ സലിൽ ചൗധരി ഒരുക്കിയ പാട്ടുകൾ കേൾക്കാൻ തുടങ്ങിയപ്പോഴാണ് മലയാളത്തിലേക്ക് ആദ്യമായി കടന്നുവന്ന സംഗീത സംവിധായകന്റെ പാട്ടുകൾക്ക് ഞാൻ ചെവികൊടുക്കാൻ തുടങ്ങിയത്. തുടർന്നുവന്ന ഏഴുരാത്രികൾ, സ്വപ്നം, രാസലീല, മദനോത്സവം തുടങ്ങിയ സിനിമകളിലെ പാട്ടുകൾകൂടി കേട്ടപ്പോഴാണ് എന്റെ സംഗീതാസ്വാദനാഭിരുചിക്ക് ഒരു മാറ്റം വരാൻ തുടങ്ങിയത്.
സലിൽ ചൗധരി വരുന്നതിനുമുൻപുവരെ ദേവരാജൻ മാഷിന്റെ പാട്ടുകളുടെ ആരാധകനായിരുന്നു ഞാൻ. ആ ഇഷ്ടത്തിന് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. അന്നേവരെ മലയാളത്തിൽ കേൾക്കാത്ത ഈ പുതിയ പാട്ടീണത്തോട് എനിക്ക് ഇത്തിരി ഇഷ്ടം കൂടി എന്നുവേണമെങ്കിൽ കൂട്ടിക്കോളൂ.
Also Read
അപ്പോൾ മുതലാണ് എന്റെ മനസ്സിൽ ഒരു ആഗ്രഹം വളരാൻ തുടങ്ങിയത്. എന്റെ ഏതെങ്കിലും ഒരു സിനിമയിൽ സലിൽ ചൗധരിയെക്കൊണ്ട് സംഗീതം ചെയ്യിക്കണം. അതിനുള്ള അവസരങ്ങൾ ഉണ്ടായെങ്കിലും സലിൽ ചൗധരിയെക്കൊണ്ട് സംഗീതം ചെയ്യിക്കാനുള്ള സാമ്പത്തികം മുടക്കാൻ ആരും തയ്യാറായിരുന്നില്ല.
ആ സമയത്താണ് 1995-ൽ ‘തുമ്പോളി കടപ്പുറ’ത്തിന്റെ ആലോചനകൾ നടക്കുന്നത്. ഇതിലെ പാട്ടുകൾ ആരെക്കൊണ്ട് ചെയ്യിക്കുമെന്നുള്ള ചർച്ച നടക്കുമ്പോൾ നിർമാതാവായ മഹാരാജാ ശിവാനന്ദൻ ആദ്യം പറഞ്ഞ പേര് സലിൽ ചൗധരിയുടേതാണ്. രോഗി ഇച്ഛിച്ചതും ഡോക്ടർ കല്പിച്ചതും ഒരുപോലെ തന്നെയായി. അദ്ദേഹത്തിന് സലിൽ ചൗധരി ചോദിക്കുന്ന പ്രതിഫലം കൊടുക്കാൻ ഒരു മടിയുമില്ലായിരുന്നു. കാരണം അദ്ദേഹവും ഒരു സലിൽ ചൗധരി ആരാധകനായിരുന്നു.

ഇത്രയും ആമുഖമായി ഒരു സലിൽ ചൗധരി വിശേഷം പറയാനുള്ള വഴിയൊരുക്കിയത് കഥയിലെ നായികമാരിൽ പ്രിയാരാമനെക്കുറിച്ചുള്ള അനുഭവസാക്ഷ്യം കുറിക്കാനിരുന്നപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്ന സലിൽ ചൗധരിയുടെ മുഖമാണ്. നീണ്ട മുപ്പത്തിയൊന്ന് വർഷം മുമ്പ് നടന്ന ആ നല്ല ഓർമ്മകൾ മനസ്സിലേക്ക് കടന്നുവന്നത് സുഖമുള്ള ഒരു അനുഭവമാണ്. തുമ്പോളി കടപ്പുറത്തിലെ നായികയായ പ്രിയാരാമനിലേക്ക് ഇനി വരാം.
തുമ്പോളി കടപ്പുറത്തിന്റെ കൂടുതൽ സീനുകളും കടപ്പുറത്തും കടലിലും വച്ചായതുകൊണ്ട് അത്ര ആൾക്കൂട്ടവും തിരക്കുമില്ലാത്ത നാട്ടിക കടപ്പുറത്തുവച്ച് എടുക്കാമെന്നായിരുന്നു ഞങ്ങൾ ആദ്യം തീരുമാനിച്ചിരുന്നത്. നാട്ടികയിൽ പോയി ഞങ്ങൾ ലൊക്കേഷൻ കണ്ടതുമാണ്. അപ്പോഴാണ് ആരും ചിന്തിക്കാത്ത ഒരു കാര്യം അവിടെയുള്ള ചെറുപ്പക്കാരനായ ഒരു മത്സ്യബന്ധന തൊഴിലാളിയുടെ നാവിൻതുമ്പിൽ നിന്നും വീണത്.
“ഇവിടെ ഷൂട്ട് ചെയ്താൽ കുഴപ്പമാവില്ലേ സാറേ? സിനിമയിൽ തുമ്പോളി കടപ്പുറമെന്ന് പേരിട്ടിട്ട് നാട്ടിക കടപ്പുറത്ത് ഷൂട്ട് ചെയ്താൽ രണ്ട് കടപ്പുറവും കണ്ടിട്ടുള്ളവർ ചിരിക്കില്ലേ? അല്ലെങ്കിൽപിന്നെ പടത്തിന്റെ പേര് മാറ്റി നാട്ടിക കടപ്പുറമെന്ന് ഇടേണ്ടിവരും.”
നാട്ടികയിൽ ചെന്നപ്പോൾ ലൊക്കേഷൻ കാണിക്കാനായി അവനെ കൂടെ കൂട്ടിയത് എത്ര നന്നായെന്ന് ഞങ്ങൾക്ക് തോന്നുകയും ചെയ്തു.
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ ആലപ്പുഴയിലെ തുമ്പോളി കടപ്പുറംപോയി കണ്ടു. ടൂറിസ്റ്റുകൾ കൂടുതൽ വരുന്നിടമായതുകൊണ്ട് ഷൂട്ടിങ്ങിന് തടസ്സം വരുമെന്നുള്ള ആശങ്ക ഞങ്ങൾക്കുണ്ടായിരുന്നുവെങ്കിലും ഇവിടത്തെ ഉദയവും അസ്തമയവുമൊക്കെ കാണാൻ നല്ല ഭംഗിയുള്ളതുകൊണ്ട് അല്പം ബുദ്ധിമുട്ടുണ്ടായാലും തുമ്പോളിയിൽതന്നെ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആലപ്പുഴയിലേക്ക് പോകുന്ന റോഡിന്റെ ഇടതുവശത്തുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രിൻസ് ഹോട്ടലിലാണ് ആർട്ടിസ്റ്റുകളും പ്രധാനപ്പെട്ട അണിയറപ്രവർത്തകരും താമസിച്ചിരുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള നല്ല നിലവാരമുള്ള ഹോട്ടലാണ് പ്രിൻസ്. മനോജ് കെ.ജയൻ, വിജയരാഘവൻ, പ്രിയാരാമൻ, സിൽക്ക് സ്മിത, സൈനുദ്ദീൻ, രാജൻ പി. ദേവ്, കുതിരവട്ടം പപ്പു, ജോസ് പെല്ലിശ്ശേരി, ഇന്ദ്രൻസ്, സന്തോഷ്, സ്ഫടികം ജോർജ് തുടങ്ങിയ വൻ താരനിരകൊണ്ട് സമ്പന്നമായിരുന്നു തുമ്പോളി കടപ്പുറം.
ഷൂട്ടിങ് തുടങ്ങിയ ആദ്യ ദിവസം നായികമാരാരും എത്തിയിട്ടുണ്ടായിരുന്നില്ല. പിറ്റേന്നാണ് പ്രിയാരാമൻ വന്നത്. തലേന്ന് ഞാൻ വീട്ടിൽ പോയിരുന്നതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. ഞാൻ നേരെ ലൊക്കേഷനിലേക്കാണ് പോയത്. അപ്പോൾ അവിടെ മനോജ് കെ. ജയനും പ്രിയാരാമനും തമ്മിലുള്ള ഒരു സീൻ എടുത്തുകൊണ്ടിരിക്കുകയായിരുന്നു ജയരാജ്.
പ്രിയാരാമനെ ഞാൻ ആദ്യമായി നേരിൽ കാണുകയാണ്. ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സീൻ കഴിഞ്ഞപ്പോൾ ജയരാജ് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. പുറകെ മനോജും പ്രിയാരാമനും. പ്രിയാരാമൻ പരിചയഭാവത്തിൽ എന്നെ നോക്കിച്ചിരിക്കുന്നതുകണ്ടപ്പോൾ മനോജ് എന്നെക്കുറിച്ച് പറഞ്ഞുകാണുമെന്ന് എനിക്ക് തോന്നി. പിന്നെ പുറകെ ജയരാജിന്റെ വക ആലങ്കാരികമായ ഒരു വിശേഷണവും കൂടിവന്നു.
“ഒരുദിവസം റിലീസായ മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങൾക്ക് തിരക്കഥ എഴുതി ഗിന്നസ് ബുക്കിൽ കയറിയ കക്ഷിയാണ്. മൂന്നു ചിത്രങ്ങളും വൻ ഹിറ്റ്.”
അല്പം ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുകൊണ്ടുള്ള ജയരാജിന്റെ സംസാരം കേട്ട് ഞാൻ ചെറിയ സുഖമുള്ള ചളിപ്പോടെ ചിരിച്ചുനിന്നു.
ഉച്ചയ്ക്ക് ഞങ്ങൾ നാലുപേരും കൂടി ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ബ്രേക്ക്‌ടൈമായതുകൊണ്ട് കുറച്ചു സമയം കിട്ടിയപ്പോൾ ചിലരൊക്കെ കടപ്പുറത്തുനിന്ന് തെല്ല് നീങ്ങിനിൽക്കുന്ന തണൽമരത്തിന്റെ ചോട്ടിലിരുന്ന് മയങ്ങുകയായിരുന്നു. ആ നേരത്ത് ഞാനും ജയരാജും പ്രിയാരാമനും കൂടിയിരുന്ന് ഓരോ സിനിമാവിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോൾ ജയരാജ് അടുത്ത സീൻ ഷൂട്ട് ചെയ്യാനുള്ള ഒരുക്കങ്ങൾക്കുവേണ്ടി പോയി. അപ്പോൾ ഞാൻ പ്രിയയോട് ഒരു കുസൃതിചോദ്യം ചോദിച്ചു.
“പ്രിയാ, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലൊക്കെ അഭിനയിച്ചിട്ടുള്ളതല്ലേ? അഭിനയിക്കുമ്പോൾ ചിരിയും കരച്ചിലും ഒരുപോലെ മുഖത്ത് പ്രകടിപ്പിക്കുന്ന നായകന്മാർ ആരൊക്കെയാണ്?”
പെട്ടെന്നുള്ള എന്റെ ചോദ്യം എന്താണെന്ന് മനസ്സിലാവാതെ പ്രിയാരാമൻ എന്നെ നോക്കിയപ്പോൾ ഞാൻ മറുപടി എന്നപോലെ പറഞ്ഞത് തമിഴിലെ പ്രശസ്തമായ ഒരു ഗാനത്തിന്റെ രണ്ടുവരികളാണ്.
“ചിലർ ചിരിപ്പാർ ചിലർ അഴുവാർ, ചിലർ ചിരിച്ചുകൊണ്ടേൻ അഴുവേൻ.”
ആ വരികളുടെ അർഥം മനസ്സിലായപ്പോൾ പ്രിയയിൽനിന്നും ഉടനെ ഉത്തരവും വന്നു.
“ശിവാജി സാറും കമലഹാസനും.”
പ്രിയ പറഞ്ഞ ഉത്തരം തന്നെയായിരുന്നു എന്റെ മനസ്സിലും.
ഉച്ചയ്ക്ക് ബ്രേക്ക് കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങിയത് പ്രിയാരാമനും മനോജ് കെ. ജയനും തമ്മിലുള്ള ഒരു പാട്ട് സീനാണ്. ‘കാതിൽ തേന്മഴയായ്’ എന്നു തുടങ്ങുന്ന യേശുദാസ് പാടിയ വളരെ ശ്രവണ മധുരമായ ഒരു ഗാനമാണത്.
സിനിമയിൽ സ്ഥലത്തെ പ്രധാന വ്യക്തിയും സമ്പന്നനുമായ രാജൻ പി.ദേവിന്റെ മകളായ മേരിയുടെ വേഷമാണ് പ്രിയാരാമന്റെ കഥാപാത്രം. കടപ്പുറത്തെ മത്സ്യബന്ധനതൊഴിലാളിയായ വില്യംസിനെ പ്രിയ അവിചാരിതമായി കണ്ടുമുട്ടുന്നതും അവരുടെ പ്രണയത്തെ ത്തുടർന്നുണ്ടാകുന്ന അതിനാടകീയ മുഹൂർത്തങ്ങളുമാണ് കഥ.
മേരി വീട് വിട്ടിറങ്ങി വില്യംസിനൊപ്പം താമസിക്കുന്നു. മോഡേൺ വസ്ത്രങ്ങളും സാരിയും ബ്ലൗസും ധരിച്ചുമാത്രം നടന്നിരുന്ന മേരി മുണ്ടും ബ്ലൗസുമിട്ട് നടന്നുവരുന്നത് കണ്ടപ്പോൾ ഈ കഥാപാത്രം പ്രിയാരാമനിൽ തന്നെ വന്നു ചേർന്നത് വളരെ നന്നായെന്ന് എനിക്ക് തോന്നി.
ഷൂട്ടിങ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ ഹോട്ടലിലേക്ക് ചെന്നു. എന്റെ മുറിയുടെ താക്കോൽ വാങ്ങാനായി ഞാൻ പതുക്കെ അങ്ങോട്ട് ചെന്നപ്പോൾ പുരുഷ റിസപ്ഷനിസ്റ്റുമായി സംസാരിച്ചുനിൽക്കുന്ന വ്യക്തിയെ കണ്ടപ്പോൾ പെട്ടെന്ന് എന്നിൽ അദ്ഭുതം വിടർന്നു. ഞാൻ മനസ്സിൽ കരുതിയ കക്ഷി തന്നെയാണാ, അതോ ഇതേ ഛായയുള്ള മറ്റാരെങ്കിലുമാണോ എന്നായിരുന്നു എന്റെ സംശയം.
അത് മനസ്സിലാക്കിയ എന്റെ സുഹൃത്തായ റിസപ്ഷനിസ്റ്റ് ഒന്നു പരിചയപ്പെട്ടോളൂ എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ ഉടനെതന്നെ ഷാരൂഖിനെ നോക്കി ചിരിച്ചുകൊണ്ട് ഹലോ പറഞ്ഞു. അദ്ദേഹം ഹലോ പറഞ്ഞുകൊണ്ട് വേഗംതന്നെ പുറത്തേക്ക് പോവുകയും ചെയ്തു.

അപ്പോഴാണ് ഞാൻ റിസപ്ഷനിസ്റ്റിനോട് കൂടുതൽ വിവരങ്ങൾ തിരക്കിയത്. മണിരത്‌നം സ്വന്തമായി നിർമിച്ച് സംവിധാനം ചെയ്യുന്ന ‘ദിൽസെ’യുടെ ഒരാഴ്ചത്തെ ഷൂട്ടിങ്ങിനുവേണ്ടിയാണ് ഷാരൂഖ് ഖാൻ ഇവിടെ എത്തിയിരിക്കുന്നത്. ഒരുപാട്ടും ഒന്നു രണ്ട് സീനുകളും കുട്ടനാട്ടിൽവച്ചാണ് ചിത്രീകരിച്ചത്. നായികമാരായ മനീഷാ കൊയ്രാളയും പ്രീതിസിന്റയും ഷാരൂഖിനൊപ്പം എത്തിയിട്ടുണ്ട്. മണിരത്‌നം, ക്യാമറാമാൻ സന്തോഷ് ശിവൻ എന്നിവർക്കും താമസമൊരുക്കിയത് ഇവിടെയായിരുന്നു.
തുമ്പോളി കടപ്പുറത്തിനുശേഷം ഞാൻ തിരക്കഥ എഴുതി, അനിൽബാബു സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിൽ വരുന്ന കഥാപാത്രങ്ങളുണ്ട്. മോഡേൺ വേഷത്തിൽ വരുന്ന മകളുടെയും സാത്വികഭാവമുള്ള മധ്യവയസ്‌കയായ അമ്മയുടെയും റോളുകൾ. ഈ കഥാപാത്രങ്ങൾ പ്രിയാരാമൻ ചെയ്താൽ നന്നായിരിക്കുമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.
പ്രൊഡക്ഷൻ കൺട്രോളർ പ്രിയയുമായി സംസാരിച്ചതുമാണ്. പക്ഷേ, പ്രിയയുടെ വിവാഹസമയമായതുകൊണ്ട് അതിലഭിനയിക്കാൻ പ്രിയയ്ക്കായില്ല. പ്രിയയ്ക്ക് പകരം മറ്റ് നടിമാരെ നോക്കിയെങ്കിലും അതൊന്നും ശരിയായില്ല. അങ്ങനെ ആ കഥ മാറ്റിവെച്ച് മറ്റൊരു കഥ കണ്ടെത്തുകയായിരുന്നു.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kaloor-dennis-thumboli-kadappuram-memoirs-priya-raman-shah-rukh-khan
Published: 30 May 2026, 11:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented