തമിഴിലും കന്നഡയിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ് ദിവ്യ സ്പന്ദന. പൊള്ളാധവൻ, വാരണം ആയിരം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദിവ്യ, രമ്യ എന്ന പേരിലും അറിയപ്പെടുന്നു. ഇടക്കാലത്ത് സിനിമയിൽ നിന്ന് കുറച്ചുനാൾ വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും പൊതുപരിപാടികളിലൂടെയും ആരാധകരുമായി താരം ബന്ധം നിലനിർത്താറുണ്ട്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പലപ്പോഴും നേരിടേണ്ടിവരുന്ന ദിവ്യ, ഇപ്പോൾ വീണ്ടും തന്റെ നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ്. 

To advertise here,

നബീല ജമാലുമായുള്ള സംഭാഷണത്തിനിടെയാണ് വിവാഹത്തെക്കുറിച്ചുള്ള ദിവ്യയുടെ തുറന്നുപറച്ചിൽ. "വിവാഹം കഴിക്കുന്നത് ശരിക്കും അത്ര പ്രധാനമാണോ? തീർച്ചയായും അല്ല. വിവാഹം ഞാൻ ആരാണെന്ന് നിർവചിക്കുന്നില്ല. വിവാഹം കഴിക്കാതെ തന്നെ നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നില്ലേ? സന്തോഷമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒന്നുകിൽ വിവാഹം കഴിക്കണം, അല്ലെങ്കിൽ സന്തോഷമായിരിക്കണം എന്ന രീതിയിലാണ് പലപ്പോഴും നമ്മളോട് പറയുന്നത്. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾ തന്നെ തിരഞ്ഞെടുക്കണം,'' ദിവ്യ പറഞ്ഞു.

എന്നാൽ വിവാഹത്തിനെതിരാണ് തന്റെ നിലപാടെന്ന് ദിവ്യ പറയുന്നില്ല. മറിച്ച്, രണ്ട് വ്യക്തികൾ തമ്മിലുള്ള സൗഹൃദവും സമാനമായ മൂല്യങ്ങളും പരസ്പര ധാരണയുമാണ് ഒരു വിവാഹത്തെ മനോഹരമാക്കുന്നതെന്ന് താരം പറയുന്നു. ''മനുഷ്യരെന്ന നിലയിൽ നമുക്ക് നിരന്തരം മാറ്റങ്ങൾ ആവശ്യമാണ്. ഒരുപക്ഷേ അവിടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. നിങ്ങൾ നല്ല സുഹൃത്തുക്കളും ഒരേ മൂല്യങ്ങൾ പങ്കിടുന്നവരുമാണെങ്കിൽ വിവാഹം കഴിക്കുന്നത് നല്ലൊരു ആശയമായി തോന്നും. വിവാഹിതരായി സന്തോഷത്തോടെ കഴിയുന്നവരും ഞാൻ പറയുന്നതിനോട് യോജിക്കുമെന്ന് കരുതുന്നു,'' അവർ വ്യക്തമാക്കി.

വിവാഹം എന്നത് സമൂഹത്തിന്റെ സമ്മർദം കൊണ്ടുമാത്രം തിരഞ്ഞെടുക്കേണ്ട ഒന്നല്ലെന്നാണ് ദിവ്യയുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. ജീവിതത്തിൽ സന്തോഷവും വ്യക്തിസ്വാതന്ത്ര്യവും കണ്ടെത്തുക എന്നതിനാണ് താരം കൂടുതൽ പ്രാധാന്യം നൽകുന്നത്. വിവാഹം കഴിച്ചാൽ മാത്രമേ ജീവിതം പൂർണമാകൂ എന്ന ധാരണയെയും അവർ ചോദ്യം ചെയ്യുന്നു.

തന്റെ ജീവിതത്തിലേക്ക് വിവാഹത്തിനായി ഒരാളെ കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ദിവ്യ വ്യക്തമായ മറുപടി നൽകി. ''അങ്ങനെയൊരാളെ ഞാൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനായി ഇപ്പോൾ ഞാൻ ശ്രമിക്കുന്നുമില്ല. ഞാൻ ജോലിത്തിരക്കിലാണ്. ഒരു ബന്ധത്തിന് സമയം ആവശ്യമാണ്,'' ദിവ്യ പറഞ്ഞു.

അതേസമയം സിനിമയിൽ സജീവമായി തുടരുകയാണ് ദിവ്യ. തിരഞ്ഞെടുത്ത ചിത്രങ്ങളിൽ മാത്രം അഭിനയിക്കുന്ന താരം, ഉപേന്ദ്ര പ്രധാന വേഷത്തിലെത്തിയ 'രക്ത കശ്മീര'യിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹം ജീവിതത്തിന്റെ നിർബന്ധിത ലക്ഷ്യമല്ലെന്നും, സ്വന്തം സന്തോഷത്തിനും തിരഞ്ഞെടുപ്പുകൾക്കും അതിലേറെ പ്രാധാന്യമുണ്ടെന്നും ദിവ്യയുടെ വാക്കുകൾ വീണ്ടും ഓർമിപ്പിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi