ലോകമെമ്പാടുമുള്ള ക്രൈം ത്രില്ലർ പ്രേമികളെ ആവേശത്തിലാഴ്ത്തി, നെറ്റ്ഫ്ലിക്സിന്റെ സൂപ്പർഹിറ്റ് ആന്തോളജി സീരീസായ 'മോൺസ്റ്റർ' നാലാം സീസണുമായി എത്തുന്നു. 1892-ൽ അമേരിക്കയെ നടുക്കിയ, ഇന്നും ദുരൂഹത തുടരുന്ന ലിസി ബോർഡൻ (Lizzie Borden) കൊലപാതക കേസിനെ ആസ്പദമാക്കിയാണ് റയാൻ മർഫി ഈ സീസൺ ഒരുക്കിയിരിക്കുന്നത്.

To advertise here,

1892 ഓഗസ്റ്റിൽ അമേരിക്കയിലെ മസാച്യുസെറ്റ്സിലുള്ള ഫോൾ റിവറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 32-കാരിയായ ലിസി ബോർഡൻ തന്റെ പിതാവ് ആൻഡ്രൂവിനെയും രണ്ടാനമ്മ അബിയെയും ക്രൂരമായി കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. പ്രമുഖ വ്യവസായിയായിരുന്ന ആൻഡ്രൂവിന്റെ ആദ്യ വിവാഹത്തിലെ മകളായിരുന്നു ലിസി.

സംഭവദിവസം രാവിലെ ആദ്യം അബിയാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്ക് ശേഷം വീട്ടിലെത്തിയ പിതാവ് ആൻഡ്രൂവിനെയും ലിവിംഗ് റൂമിലെ സോഫയിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോടാലി കൊണ്ടുള്ള ക്രൂരമായ വെട്ടേറ്റ് ഇവരുടെ മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

പള്ളിയിൽ അധ്യാപികയായിരുന്ന ശാന്തസ്വഭാവക്കാരിയായ ലിസിയെ തുടക്കത്തിൽ ആരും സംശയിച്ചിരുന്നില്ല. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ ലിസി നൽകിയ പരസ്പരവിരുദ്ധമായ മൊഴികളാണ് വഴിത്തിരിവായത്. കൊലപാതകം നടക്കുന്ന സമയത്ത് ലിസിയും വീട്ടുജോലിക്കാരിയായ ബ്രിഡ്ജറ്റ് സള്ളിവനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കൊലപാതകത്തിന് തൊട്ടുമുമ്പ് ലിസി വിഷം വാങ്ങാൻ ശ്രമിച്ചതായി പ്രദേശത്തെ ഫാർമസിസ്റ്റ് മൊഴി നൽകി. സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം ലിസി തന്റെ ഒരു ഡ്രസ്സ് അടുപ്പിലിട്ട് കത്തിച്ചതായി കൂട്ടുകാരി വെളിപ്പെടുത്തി. തുടർന്ന് ലിസി അറസ്റ്റിലായെങ്കിലും കോടതിയിൽ കുറ്റം തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താൻ സാധിക്കാത്തതും തെളിവുകളുടെ അഭാവവും കാരണം 1893 ജൂണിൽ കോടതി ലിസിയെ കുറ്റവിമുക്തയാക്കി.

കസ്റ്റഡിയിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ലിസി തന്നെയാണോ കൊലപാതകം നടത്തിയത് എന്ന ചോദ്യം ഇന്നും ഒരു ദുരൂഹതയായി അവശേഷിക്കുന്നു. "ലിസി ബോർഡൻ കോടാലിയെടുത്ത് അമ്മയ്ക്ക് 40 വെട്ട് കൊടുത്തു..." എന്ന് തുടങ്ങുന്ന വരികൾ അമേരിക്കയിലെ കുട്ടികളുടെ പാട്ടുകളിൽ പോലും ഇടംപിടിച്ചു.

സെപ്റ്റംബർ 17-നാണ് 'മോൺസ്റ്റർ: ദി ലിസി ബോർഡൻ സ്റ്റോറി' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്. എല്ല ബീറ്റിയാണ് ലിസി ബോർഡനായി വേഷമിടുന്നത്. കുടുംബത്തിലെ വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷവും വീട്ടുജോലിക്കാരിയുമായി ചേർന്ന് നടത്തുന്ന നീക്കങ്ങളുമൊക്കെയാണ് സീരീസിന്റെ പ്രധാന പ്രമേയം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi