ഈയാഴ്ചയിലെ ‘കഥയിലെ നായികമാരി’ൽ വരുന്നത് ഹിന്ദി സിനിമകളിലെ പ്രിയതാരവും മോഡലും നർത്തകിയുമായ സനാ ഖാനാണ്. സിൽക് സ്മിതയുടെ ജീവിതകഥയെ ആസ്പദമാക്കി ഞാൻ തിരക്കഥയെഴുതി അനിൽ സംവിധാനം ചെയ്ത ‘ക്ലൈമാക്‌സി’ലെ നായികയായിട്ടാണ് സനാഖാൻ ആദ്യമായി മലയാള സിനിമയിലേക്ക് വരുന്നത്.

To advertise here,

സനാഖാനെക്കുറിച്ചുള്ള കുറിമാനത്തിന് അക്ഷരൂർജം നൽകാനിരുന്നപ്പോൾ ഓർമകളുടെ പെരുമഴപോലെ എന്റെ മനസ്സിലേക്ക് കയറിവന്നത് സ്മിതയുടെ നിഷ്‌കളങ്കമായ ചില വായ്‌മൊഴികളാണ്. അകാലത്തിൽ യാത്ര പറഞ്ഞുപോകാനുള്ള സമയമടുക്കാറായപ്പോൾ അവളുടെ സ്വതസിദ്ധമായ അബദ്ധങ്ങൾക്കും മണ്ടത്തരങ്ങൾക്കും പെട്ടെന്ന് ഒരു മാറ്റം വന്നതുപോലെതോന്നി. അവൾ മരണത്തിന്റെ വഴിയെ പോകുന്നതിന് മൂന്ന് ദിവസം മുമ്പ് എന്നെ ഫോണിൽ വിളിച്ചുപറഞ്ഞ ചില വാചകങ്ങളുണ്ട്.

placeholder
സിൽക്ക് സ്മിത

“ജീവിതം പോകുന്ന വഴി അങ്ങുപോകുക. നമ്മൾ മോഹിക്കുന്നിടത്തല്ലല്ലോ പലപ്പോഴും നമ്മൾ ചെന്നെത്തിപ്പെടുന്നത്. നമ്മുടെ കൈയിലൊന്നുമല്ലല്ലോ സാറേ നമ്മുടെ ജീവിതമിരിക്കുന്നത്.”
അവളുടെ വാക്കുകളിൽനിറയെ തണുത്ത നിസ്സംഗതയായിരുന്നു.
സ്മിത മരിച്ചതിനുശേഷം അഞ്ചാറ് മാസങ്ങൾ കഴിഞ്ഞപ്പോൾ സ്മിതയെ ആദ്യമായി സിനിമയിൽ പരിചയപ്പെടുത്തിയ ആന്റണി ഈസ്റ്റുമാൻ ഒരുദിവസം രാവിലെ എന്നെ കാണാൻ ഹൈവേ ഗാർഡൻ ഹോട്ടലിൽ വന്നു. ആന്റണിക്ക് സിൽക് സ്മിതയുടെ ജീവിതകഥ സിനിമയാക്കണമത്രെ. തിരക്കഥ ഞാൻ എഴുതിക്കൊടുക്കണം. സംവിധാനവും അവന് തന്നെ ചെയ്യണമെന്നാണ് ആഗ്രഹം. ഞാൻ അവന് ഒരു നിർമാതാവിനെ സംഘടിപ്പിച്ചുകൊടുക്കണം. ചില നിർമാതാക്കളോട് ഞാൻ സ്മിതാചരിതത്തിന്റെ കാര്യം പറഞ്ഞെങ്കിലും വളരെ നാളുകൾക്കുശേഷം സിനിമ സംവിധാനം ചെയ്യാൻ വരുന്ന ആന്റണിയെവെച്ചുള്ള പ്രൊജക്ടിനോട് നിർമാതാക്കൾക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. തുടർന്നും രണ്ടുമൂന്ന് മാസം അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടന്നെങ്കിലും നിരാശയായിരുന്നു ഫലം.
വർഷങ്ങൾ പലതും കടന്നുപോയി…സ്മിതയുടെ മരണശേഷം 2011ൽ ഒരു പരസ്യം വന്നു. ‘ഡേർട്ടി പിക്ചർ’ എന്ന പേരിൽ സിൽക് സ്മിതയുടെ ജീവിതകഥ ഹിന്ദിയിൽ സിനിമയാകുന്നു. വലിയ ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ സിൽക് സ്മിതയായി അഭിനയിക്കുന്നത് വിദ്യാബാലനാണ്. നായകനായി വരുന്നത് നസുറുദീൻഷായും. ഈ പരസ്യം കണ്ട് ഉടനെ ആന്റണി എന്നെ വിളിക്കുന്നു.

“എടാ നീ അറിഞ്ഞോ, നമ്മുടെ സ്മിതയുടെ ജീവിതകഥ ഹിന്ദിയിൽ ആരോ സിനിമയാക്കുന്നു. അവർക്ക് എന്തറിയാം സ്മിതയുടെ ജീവിതകഥ. എനിക്കറിയാവുന്നതുപോലെ സ്മിതയെ ആർക്കറിയാം. സെക്‌സിന്റെ അതിപ്രസരം കുത്തിനിറച്ചുള്ള ഒരു പടമായിരിക്കും.”

ആന്റണി പിന്നെയും ഡെർട്ടി പിക്ചറിനെക്കുറിച്ച് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ആന്റണി അങ്ങനെയാണ്. മനസ്സിൽ തോന്നുന്നത് തെറ്റായാലും ശരിയായാലും എന്തും വെട്ടിത്തുറന്നു പറയാൻ അവന് ഒരു മടിയുമില്ല.

ഡേർട്ടി പിക്ചർ റിലീസായപ്പോൾ ആന്റണി ആദ്യ ഷോ പോയി കണ്ടിട്ട് എന്നെ വിളിച്ചു. "ഗ്ലാമറിന്റെ അതിപ്രസരത്തിൽ പടം നന്നായിട്ട് ഒടുന്നുണ്ടെങ്കിലും സ്മിതയുടെ യഥാർഥ കഥയൊന്നുമല്ല അവർ എടുത്തുവച്ചിരിക്കുന്നത്. നമ്മുടെ കഥ ഉടനെ സിനിമയാക്കണം.”
തനിക്ക് സംവിധായകനാകണമെന്നില്ലെന്നും നീ ഏതെങ്കിലും ഒരു നിർമാതാവിനെ കണ്ടുപിടിച്ച് ഈ സിനിമ നമുക്ക് ഉടനെ ചെയ്യണമെന്നും പറഞ്ഞ് അവൻ ഫോൺ വയ്ക്കുകയും ചെയ്തു.

അപ്പോഴാണ് ഞാൻ തിരക്കഥ എഴുതിയ ചെറിയ ബജറ്റ് ചിത്രങ്ങളായ കള്ളൻ കപ്പലിലും സൗഭാഗ്യവുമൊക്കെ എടുത്ത കൊരട്ടി തോമസ് അടുത്ത പടത്തിന്റെ ആലോചനയുമായി എന്നെ കാണാൻ വരുന്നത്. സിൽക് സ്മിതയുടെ കഥ സിനിമയാക്കാമെന്ന് ഞാൻ പറഞ്ഞപ്പോൾ തോമസ് കൊരട്ടിക്കും കൂടെയുള്ളവർക്കും പെരുത്ത് സന്തോഷമായി. ഡേർട്ടി പിക്ചറിന്റെ വലിയ ഓട്ടം കണ്ടിട്ടുള്ള ആവേശമായിരുന്നത്.
അത്ര വലിയ താരങ്ങളൊന്നുമില്ലാതെ ചെറിയ ബജറ്റിലുള്ള ഒരു സിനിമയാണ് ഞാൻ മനസ്സിൽ കണ്ടിരുന്നത്. സിൽക്കിന്റെ വേഷം ചെയ്യുന്ന നടി നന്നായിരിക്കണം. പിന്നീട് ആ നായികാതാരത്തെ കണ്ടെത്താനുള്ള അന്വേഷണമായിരുന്നു. തമിഴ്-തെലുങ്ക്-കന്നട തുടങ്ങിയ ഭാഷകളിലെ പല നടിമാരെയും വിളിച്ച് സംസാരിച്ചെങ്കിലും പലർക്കും ആ കഥാപാത്രം ചെയ്യാൻ താത്പര്യക്കുറവായിരുന്നു. സിൽക്കെന്നുവച്ചാൽ സെക്‌സ് സിമ്പലെന്നാണല്ലോ അന്ന് പലരും പറഞ്ഞിരുന്നത്. എന്നാൽ സിൽക്കാകണമെന്ന് മോഹിച്ചു നടക്കുന്നവരുമുണ്ടായിരുന്നു. അവരാരും ആ കഥാപാത്രത്തോട് ചേർന്നുനിൽക്കാൻ അർഹതയുള്ളവരുമായിരുന്നില്ല. അങ്ങനെ നിർമാതാവും സംവിധായകനും നായികാദാരിദ്ര്യവുമായി നെട്ടോട്ടം ഓടിനടക്കുമ്പോഴാണ് മുംബൈയിൽനിന്ന് ഒരു നിമിത്തമെന്നപോലെ സംവിധായകൻ അനിലിന്റെ അടുത്തൊരു സുഹൃത്തിന്റെ ഫോൺ വരുന്നത്. ആ കൂട്ടുകാരനിൽ നിന്നാണ് ഞങ്ങൾ സനാഖാനിലേക്ക് എത്തുന്നത്.
സനാഖാനോട് കഥ പറയാനും അവരുടെ പ്രതിഫലം പറഞ്ഞ് ഉറപ്പിക്കാനുംവേണ്ടി മുംബൈയിലേക്ക് പോയത് എന്റെ സുഹൃത്ത് കുഞ്ഞുമോനും നിർമാതാവ് തോമസ് കൊരട്ടിയുംകൂടിയാണ്. ഞാനും അനിലും സനാഖാന്റെ ഒരു സിനിമപോലും കണ്ടിട്ടില്ല. ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളൂ.

placeholder
സനാ ഖാൻ

 

കുഞ്ഞുമോന് ഹിന്ദി അറിയാവുന്നതുകൊണ്ട് സനാഖാനോട് കഥയുടെ പൂർണരൂപം നന്നായിട്ട് പറഞ്ഞു കേൾപ്പിക്കാൻ കഴിഞ്ഞു. താരത്തിന് കഥ നന്നായിട്ട് ഇഷ്ടപ്പെട്ടു. അവർ പറഞ്ഞ പ്രതിഫലവും സമ്മതിച്ച് അഡ്വാൻസ് കൊടുത്ത് അന്ന് വൈകുന്നേരംതന്നെ തോമസ് കൊരട്ടിയും കുഞ്ഞുമോനും കൊച്ചിയിലേക്ക് പോന്നു. കോയമ്പത്തൂരും പരിസരങ്ങളിലും വച്ചായിരുന്നു ക്ലൈമാക്‌സിന്റെ ചിത്രീകരണം നടന്നത്. ചില ഔട്ട്‌ഡോർ രംഗങ്ങൾ മദ്രാസിൽവച്ചും എടുക്കുകയുണ്ടായി. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്ന് രാത്രിയാണ് ഞാനും ആന്റണിയുംകൂടി കോയമ്പത്തൂരെത്തുന്നത്.
പിറ്റേന്ന് രാവിലെ സ്വിച്ചോണിന് എത്തിയപ്പോൾ കുഞ്ഞുമോനാണ് ഞങ്ങളെ സനാഖാന് പരിചയപ്പെടുത്തിയത്. വളരെ ഹൃദ്യമായ ചിരിയും വിനയാന്വിതമായ പെരുമാറ്റവുമൊക്കെയായി സിൽക് സ്മിതയായി മോഡേൺ വേഷമണിഞ്ഞ് നിൽക്കുകയാണ് സനാഖാൻ. എന്നാൽ സിൽക്കിന്റെ വശ്യമായ കണ്ണുകളോ പുരുഷകാമനകളെ ഉണർത്തുന്ന രൂപഭാവങ്ങളോ ഒന്നും സനയിൽ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. സ്മിതയുടെ അത്ര ഉയരവുമില്ല. എന്നാൽ നല്ല സ്‌ത്രൈണഭാവമുണ്ട്. സ്മിതയുടെ വേഷം സനാഖാൻ ചെയ്താൽ നന്നാകുമോ എന്ന സന്ദേഹത്തിലായിരുന്നു ഞങ്ങൾ. നിർമാതാവിനോടും സംവിധായകനോടും ഈ അഭിപ്രായം ഞങ്ങൾ പറയുകയും ചെയ്തു. ഇനി ഒന്നും ചെയ്യാനാവില്ലല്ലോ എന്ന നിശ്ശബ്ദഭാഷ്യമാണ് അവരിൽനിന്നുണ്ടായത്.
സ്വിച്ചോൺ കഴിഞ്ഞ ഉടനെതന്നെ ഞങ്ങൾ ഹോട്ടൽ മുറിയിലേക്ക് പോന്നു. ഇനി എന്താണ് ചെയ്യാനാവുക എന്ന ചിന്തയിലായിരുന്നു. അവസാനം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.
നടനമികവുകൊണ്ട് സിൽക് സ്മിതയുടെ പ്രത്യേക ലാവണ്യ മികവിനെ മറികടക്കുക എന്നല്ലാതെ വേറെ എന്താണ് ചെയ്യാനാവുക?
ഞാൻ ഉടനെ സംവിധായകനെ വിളിച്ചുപറഞ്ഞു,
“ക്ലൈമാക്‌സ് സീനിനുമുൻപ് സുരേഷ് കൃഷ്ണയും സനാഖാനും തമ്മിലുള്ള ഒരു സീനില്ലേ? നാളെ രാവിലെ അത് ഒന്ന് എടുത്തുനോക്കിയാലോ? നമ്മുടെ നായികയുടെ പെർഫോമൻസ് എങ്ങനെയുണ്ടെന്നറിയാലോ? അനിൽ നല്ല പണിയെടുക്കേണ്ടിവരും.”
ഭാര്യയും വലിയ മകനുമുള്ള ആർ.കെ. എന്ന കഥാപാത്രവും സിൽക്ക് സ്മിതയായി വരുന്ന സുപ്രിയയും തമ്മിലുള്ള അല്പം വലിയൊരു സീനാണത്.
പറഞ്ഞതുപോലെതന്നെ പിറ്റേന്ന് രാവിലെ അനിൽ ആ സീനാണ് എടുത്തത്. ഞാനും ആന്റണിയും അത് കാണാൻവേണ്ടി അവിടേക്ക് ചെന്നു.

സീൻ65-പകൽ, ആർ.കെയുടെ വീട്
ആകെ വല്ലാതെ അസ്വസ്ഥമായിട്ടിരിക്കുന്ന സുപ്രിയ. അങ്ങോട്ട് വല്ലാത്ത ദേഷ്യത്തിൽ കടന്നുവരുന്ന ആർ.കെ. സുപ്രിയ വല്ലാതെ തളർന്ന മട്ടിൽ ബെഡ്ഡിൽ മുഖമമർത്തി കിടക്കുകയാണ്. ആർ.കെ ഒന്നു നോക്കിയിട്ട് ചോദിച്ചു.
“രാഹുൽ എന്തിനാണ് ഇവിടെ വന്നത്?”
ആർ.കെയുടെ ശബ്ദംകേട്ട് സുപ്രിയ പതുക്കെ തല ഉയർത്തി നോക്കി.
“ഈ അസമയത്ത് എന്റെ ബെഡ്‌റൂമിൽ കയറിവരാൻ മാത്രം അവനും നീയും തമ്മിൽ എന്ത് എന്തു ബന്ധമാണുള്ളത്?”
അവൾ പതുക്കെ എഴുന്നേറ്റിരുന്നുകൊണ്ട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
“രാഹുൽ ആരാണ്? ആർ.കെയുടെ മകനല്ലേ?”
“ ഉം മകൻ... ഞാൻ വെറുമൊരു ഫൂളാണെന്ന് കരുതിയോ നീയ്യ്?”
“ആർ.കെയ്ക്ക് എന്താ പ്രശ്‌നം? എനിക്കൊന്നും മനസ്സിലാകുന്നില്ല.”അവളുടെ ശബ്ദം അല്പം ഉയർന്നു.
“നിനക്കൊന്നും മനസ്സിലാകില്ല. എല്ലാം ഇതിൽ എഴുതിവച്ചിട്ടുണ്ട്.”
അയാൾ കയ്യിലിരുന്ന ഒരു സിനിമാവാരിക അവളുടെ അടുത്തേക്ക് ഇട്ടുകൊടുക്കുന്നു. അവൾ അതെടുത്ത് മറിച്ചുനോക്കുന്നു. സുപ്രിയയും ആർ.കെയുടെ മകൻ രാഹുലും തമ്മിലുള്ള അവിഹിതത്തെക്കുറിച്ച് ഫോട്ടോ സഹിതം വന്നിരിക്കുന്ന ഗോസിപ്പ് കണ്ട് അവൾ നിസ്സംഗഭാവത്തിൽ പറഞ്ഞു.
“ഞാൻ ഒരു ആർട്ടിസ്റ്റായതുകൊണ്ട് ഇതുപോലുള്ള പല ഗോസിപ്പുകളും വരും. ആർ.കെ ഇത് സീരിയസ്സായി എടുത്തിരിക്കുകയാണല്ലേ?”
അവൾ ദേഷ്യത്തിൽ വാരിക വലിച്ചെറിഞ്ഞുകൊണ്ട് അയാളുടെ അടുത്തേക്ക് വന്നു.

“ഇത് ആ അപർണയും അനിൽകുമാറും കൂടി ഉണ്ടാക്കി എടുത്ത ന്യൂസാണ്.”
അയാൾ അവളെ രൂക്ഷമായി നോക്കി പറഞ്ഞു,
“നോൺസെൻസ്. ഈരാറ്റുപേട്ടയിൽ നീ ഷൂട്ടിങ്ങിനുപോയപ്പോൾ ഒരു രാത്രി മുഴുവൻ അവൻ നിന്റെ കൂടെ ഉണ്ടായിരുന്നല്ലോ?”അതുകേട്ട് അവൾ ഒന്നു ഞെട്ടി.
“ഇത് നിഷേധിക്കാൻ നിനക്കാവുമോ? കഴിയില്ല നിനക്ക്. എല്ലാ സോളിഡ് എവിഡൻസും എന്റെ കൈയിലുണ്ട്.” അവൾക്ക് പെട്ടെന്ന് ഒന്നും പറയാനായില്ല.
“എന്താ നിന്റെ നാവ് ഇറങ്ങിപ്പോയോ?”
അവൾ ഒരു തീരുമാനംപോലെ മൊഴിഞ്ഞു.
“ശരിയാണ്, ഞാൻ നിഷേധിക്കുന്നില്ല. രാഹുൽ എന്റെ മുറിയിലുണ്ടായിരുന്നു.”
അയാൾ അതുകേട്ട് ഞെട്ടുന്നു. അവൾ തുടർന്നു,
“അത് അവൻ നിങ്ങളുടെ മകനായതുകൊണ്ടാണ്. പക്ഷേ, അതിനർഥം അവൻ എന്റെ കൂടെ കിടന്നുറങ്ങിയെന്നല്ല.”
“വേണ്ടാ, നീ എന്തു പറഞ്ഞാലും ഞാനതു വിശ്വസിക്കില്ല. എത്ര പ്രാവശ്യം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്, അവനുമായി യാതൊരു കോണ്ടാക്ടും പാടില്ലെന്ന്. എന്നിട്ടും ഞാനറിയാതെ നീ അത് കണ്ടിന്യു ചെയ്തു. (അല്പം ഫിലിങ്ങോടെ)അവൻ... അവൻ എന്റെ മകനാണ്. യൂ ചീറ്റഡ് മീ...”
“അച്ഛനെയും മകനെയും ശരീരംകൊണ്ട് സത്ക്കരിക്കാൻമാത്രം അത്രയ്ക്ക് അധപതിച്ചവളല്ല ഞാൻ...”

placeholder
സിൽക്ക് സ്മിത

 

 

അവൾ ആകെ മാറുകയായിരുന്നു. തുടർന്നും അവൾ ആർ.കെയുടെ നേർക്ക് തൊടുത്തുവിട്ട മൂർച്ചയുള്ള വാക്കുകൾക്കുമുൻപിൽ അയാൾനിന്ന് വിയർക്കുകയായിരുന്നു.
ഈ സീനിലെ സനാ ഖാന്റെ പ്രകടനംകണ്ട് ഞാനും ആന്റണിയും വിസ്മയംപൂണ്ട് തെല്ലുനേരം നിന്നുപോയി. ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു പ്രകടനമായിരുന്നത്. സിൽക്കിന്റെ ആരേയും ആകർഷിക്കുന്ന വശ്യമായ സ്‌ത്രൈണഭാവമൊന്നും സനാ ഖാന് ഇല്ലെങ്കിലും അഭിനയ മികവിൽ സിൽക്കിനേക്കാൾ എത്രയോ ഉയരങ്ങളിലാണ് ഈ താരമെന്ന് ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞുപോയ നിമിഷമായിരുന്നത്.
(തുടരും)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi