തമിഴ് സിനിമാ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച് വിജയ് സേതുപതിയുടെ 50-ാം ചിത്രം 'മഹാരാജ'. ചിത്രം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോ നിർമ്മിക്കുന്ന ആദ്യ തമിഴ് ചിത്രമെന്ന ചരിത്രനേട്ടമാണ് നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ സ്വന്തമാക്കിയത്. നിർമ്മാതാക്കളായ ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷൻ സ്റ്റുഡിയോസ് എന്നിവർ സോഷ്യൽ മീഡിയയിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

To advertise here,

ഓസ്കാർ ജേതാവായ ഹോളിവുഡ് താരം മാത്യു മക്കോനാഹി ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ചൈനയിൽ 'മഹാരാജ' നേടിയ 91 കോടിയുടെ വൻ വിജയത്തിന് ശേഷമാണ് പ്രമുഖ അന്താരാഷ്ട്ര ഏജൻസി റീമേക്ക് അവകാശത്തിനായി നിർമ്മാതാക്കളെ സമീപിച്ചത്. വരും വർഷത്തിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ മുൻനിര ഹോളിവുഡ് താരം തന്നെയാകും എത്തുന്നതെന്നും, മാത്യു മക്കോനാഹിയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും നിർമ്മാതാക്കളിൽ ഒരാളായ സുധൻ സുന്ദരം വ്യക്തമാക്കി.

 

കാണാതായ ഡസ്റ്റ്ബിൻ കണ്ടെത്താൻ പോലീസ് സ്റ്റേഷനിലെത്തുന്ന ഒരു അച്ഛൻ്റെ കഥയെന്ന വ്യാജേന തുടങ്ങി, കാണികളെ ഞെട്ടിച്ച ത്രില്ലർ അനുഭവമായിരുന്നു ഈ സിനിമ. വിജയ് സേതുപതിക്കൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, സചന നമിദാസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ലോകമെമ്പാടുമായി 199.20 കോടി രൂപയാണ് നേടിയത്.

തമിഴിൽ വൻവിജയമായ ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ഹോളിവുഡിന് പുറമെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറുന്ന 'മഹാരാജ'യുടെ ഹോളിവുഡ് പതിപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi