ഈയാഴ്ചയിലെ കഥയിലെ നായികമാർ കോളത്തിലേക്ക് കടന്നുവരുന്നത് 1990കാലത്ത് മലയാള സിനിമയിൽ വിവാദ നായികമാരായി മാറിയ അപൂർവം ചില താരമുഖങ്ങളിൽ മുൻനിരയിൽ നിന്നിരുന്ന അഭിനേത്രി ചാർമിളയാണ്.
സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ 'ധന'ത്തിലൂടെയാണ് ചാർമിള മലയാള സിനിമയുടെ സഞ്ചാരവഴിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ഇതിനുമുൻപ് ഒന്നുരണ്ട് തമിഴ് ചിത്രങ്ങളിൽ ബാലതാരമായും കൗമാരതാരമായും മുഖം കാണിച്ചതിനുശേഷമാണ് ചാർമിള മലയാള സിനിമയുടെ നിഷ്‌കളങ്ക സാന്നിധ്യമായി മാറുന്നത്. ‘ധനം’ നിർമാതാവിന് വലിയ ധന ശേഖരണം ഉണ്ടാക്കിക്കൊടുത്തതോടെയാണ് മധ്യവർത്തി സിനിമയുടെ പ്രധാന വക്താവായ ഭരതന്റെ 'കേളി'യിലേക്ക് ചാർമിളയെ വിളിക്കുന്നത്. ഇതിൽ ജയറാമിന്റെ നായികയായിട്ടാണ് ചാർമിള വരുന്നത്.
ഈ സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഞാൻ തിരക്കഥ എഴുതിയ 'പ്രിയപ്പെട്ട കുക്കു'വിന്റെ നിർമാണ ജോലിയിലേക്ക് കടക്കുന്നത്. ധനം കണ്ടതോടെ ചാർമിള വലിയൊരു ഭാഗ്യതാരമായി മാറാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. പിന്നെ ‘കേളി’യുടെ ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ ഭരതനെ വിളിച്ച് ചാർമിളയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഭരതന്റെ ഗുഡ് സർട്ടിഫിക്കറ്റ് കൂടി കിട്ടിയപ്പോൾ ഞാൻ അപ്പോൾ തന്നെ ‘പ്രിയപ്പെട്ട കുക്കു’വിലെ നായികയായി ചാർമിളയെ തീരുമാനിക്കുകയും ചെയ്തു. രണ്ട് മാസത്തിനുള്ളിൽ തന്നെ കുക്കുവിന്റെ ഷൂട്ടിങ് ആരംഭിച്ചു.
എന്റെ ഭൂരിഭാഗം ചിത്രങ്ങളുടെയും ഷൂട്ടിങ് നടന്നിരുന്നത് എറണാകുളത്തായിരുന്നു. എന്നാൽ ‘പ്രിയപ്പെട്ട കുക്കു’വിന്റെ ലൊക്കേഷൻ മദ്രാസിലായിരുന്നു. ഇതിന്റെ കഥാപശ്ചാത്തലം മദ്രാസിലെ കോടമ്പാക്കവും മൗണ്ട് റോഡുമൊക്കെയായതുകൊണ്ടാണ് ‘പ്രിയപ്പെട്ട കുക്കു’വിന് തമിഴ്ചൂരേൽക്കേണ്ടി വന്നത്. ജഗദീഷും ചാർമിളയും ഏഴുമാസം പ്രായമുള്ള ഒരു കൊച്ചുകുട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്. കൂടാതെ സിദ്ദിഖ്, ഗീത, സൈനുദ്ദീൻ, മീന, മഹേഷ്, പ്രതാപ ചന്ദ്രൻ, കെ.പി.എ.സി.സണ്ണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രവി കെ. ചന്ദ്രനായിരുന്നു ക്യാമറ.
ഷൂട്ടിങ് തുടങ്ങി മൂന്നാംദിവസമാണ് ഞാൻ മദ്രാസിലെ ലൊക്കേഷനിൽ എത്തുന്നത്. എനിക്ക് നല്ല തിരക്കുള്ള സമയത്താണ് ഈ സിനിമ ഞാൻ കമിറ്റ് ചെയ്യുന്നത്. അതിന് പ്രത്യേക കാരണവുമുണ്ട്. ഞാൻ തിരക്കഥ എഴുതിയ ഗജകേസരിയോഗം, വെൽക്കം ടു കൊടൈക്കനാൽ എന്നീ സിനിമകൾ ഔട്ട്‌റൈറ്റെടുത്തിരുന്നത് പ്രതീക്ഷാ പീറ്ററാണ്. അദ്ദേഹം ഒരുദിവസം ‘പ്രിയപ്പെട്ട കുക്കു’വിന്റെ സംവിധായകനായ സുനിൽ കാരന്തൂറിനേയും കൊണ്ട് എന്നെ കാണാൻ വന്നു.
സുനിൽ ചെയ്യാൻ പോകുന്ന ആദ്യ സിനിമയുടെ തിരക്കഥ ഞാൻ എഴുതിക്കൊടുക്കണമത്രെ. ഞാൻ പതുക്കെ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും പീറ്ററിന് എന്നെ വിടാൻ ഭാവമില്ലായിരുന്നു. സുനിൽ അപ്പോൾ തന്നെ സിനിമയ്ക്കുവേണ്ടി കാത്തുസൂക്ഷിച്ചുവച്ചിരുന്ന കഥ എന്നെ പറഞ്ഞുകേൾപ്പിച്ചു. എനിക്കെന്തോ ആ കഥ അത്ര ഇഷ്ടപ്പെട്ടില്ല. കഥയുടെ കുഴപ്പം പറഞ്ഞ് ഞാൻ പിന്മാറാൻ പോകുകയാണെന്ന് തോന്നിയ സുനിൽ അപ്പോൾതന്നെ മറ്റൊരു കഥ പറയാൻ തുടങ്ങിയപ്പോൾ ഞാൻ പീറ്ററിനോട് പറഞ്ഞു.
“നമുക്ക് രണ്ട് ദിവസം കഴിഞ്ഞ് കഥ കേട്ടാൽ പോരേ? എനിക്ക് വിജയാമൂവീസ് വരെ ഒന്നു പോണം.”
“കഥ പറയാൻ വേണ്ടി മാത്രം സുനിൽ കോഴിക്കോട് നിന്നും വരേണ്ടേ. പത്തുപതിനഞ്ച് മിനിറ്റിന്റെ കാര്യമല്ലേയുള്ളൂ. ഡെന്നിസ് ഈ കഥ കൂടി ഒന്നു കേട്ടിട്ട് പോകൂ.”
പീറ്റർ അങ്ങനെ പറഞ്ഞപ്പോൾ അതുശരിയാണെന്ന് എനിക്കും തോന്നി.
സുനിൽ പതിനഞ്ച് മിനിറ്റിനുള്ളിൽതന്നെ മറ്റൊരു കഥ പറഞ്ഞു. ഒരു കൊച്ചുകുട്ടിയുടെ കഥയാണെങ്കിലും ചെറിയൊരു പുതുമ അവകാശപ്പെടാവുന്ന കഥാപശ്ചാത്തലമാണ്. അങ്ങനെയാണ് സുനിലിന്റെ പ്രഥമസംവിധാനസംരംഭമായ ‘പ്രിയപ്പെട്ട കുക്കു’വിന് തുടക്കം കുറിക്കുന്നത്.
ഞാൻ മദ്രാസിൽ ചെന്ന ദിവസം കോടമ്പാക്കത്തെ ഒരു ഇടത്തരം വീട്ടിൽ വച്ചായിരുന്നു ഷൂട്ടിങ്. ചാർമിള അവതരിപ്പിക്കുന്ന സിന്ധു എന്ന കഥാപാത്രവും കുടുംബവും താമസിച്ചിരുന്ന മലയാളിത്തമുള്ള വളരെ ഭംഗിയുള്ള വീട്ടിൽ രാവിലെ പത്തുമണിയോടെ ഞാൻ ചെല്ലുമ്പോൾ സുനിൽ, ജഗദീഷും ചാർമിളയുമായുള്ള ഒരു സീൻ എടുത്തുകൊണ്ടിരിക്കുകയാണ്. ഞാൻ ആദ്യം ശ്രദ്ധിച്ചത് ചാർമിളയെയാണ്. ആ കുട്ടിയെ ഞാൻ ആദ്യമായി നേരിൽ കാണുകയാണ്.
പാവാടയും ബ്ലൗസും ധരിച്ച് രണ്ടുവശങ്ങളിലായി മുടിയും പിന്നിയിട്ടുകൊണ്ട് ഒരു സാധാരണ പെൺകുട്ടിയുടെ നടപ്പുശീലങ്ങളുമായി എന്റെ കഥാപാത്രത്തിന് അനുയോജ്യമായ അതേ മുഖം. ഞാൻ കണ്ടിട്ടുള്ള നായികമാരിൽനിന്നും വ്യത്യസ്തമായ കുട്ടിത്തമുള്ള, നിഷ്‌കളങ്കമായ ഒരു താരമുഖമായിട്ടാണ് എനിക്ക് തോന്നിയത്.
ഒരു സിനിമാനടിയുടെ ആലങ്കാരികകലർപ്പുകളൊന്നുമില്ലെങ്കിലും അല്പം പകപ്പും ടെൻഷനുമൊക്കെ ആ മുഖത്ത് പടർന്നിരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. നായകനോട് ചേർന്നുനിന്ന് അഭിനയിക്കാനുള്ള ചെറിയൊരു വിമുഖതയും അഭിനയത്തിൽ നിഴലിക്കുന്നുണ്ട്. ഇത് കണ്ടപ്പോഴാണ് ചാർമിളയുടെ കഴിഞ്ഞ ഒരു പടത്തിൽ നായകനെ കെട്ടിപ്പിടിച്ചഭിനയിച്ചപ്പോൾ മനപൂർവം കൈയിൽ വല്ലാതെ മുറുകെ പിടിച്ചെന്നും പറഞ്ഞ് സിനിമയുടെ സംവിധായകനോട് ചാർമിള പരാതി പറഞ്ഞതായി കേട്ട വാർത്ത എന്റെ മനസ്സിലേക്ക് കടന്നുവന്നത്. ഒന്നുരണ്ട് മലയാളസിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സിനിമ എന്താണെന്ന് പഠിച്ചുവരുമ്പോഴുള്ള പകപ്പും പരിഭ്രമവുമൊക്കെ താനെ മാറിക്കോളും…
ആ സീൻ എടുത്തുകഴിഞ്ഞപ്പോൾ തന്നെ ചാർമിള വേഗം അടുത്ത മുറിയിലേക്ക് പോയി. അവിടെയാണ് ചാർമിളയുടെ അച്ഛൻ ഇരിക്കുന്നത്. നല്ല വിവരവും വിദ്യാഭ്യാസവുമുള്ള കക്ഷിയായിരുന്നു ചാർമിളയുടെ അച്ഛൻ.
സുനിലും ജഗദീഷും കൂടിയാണ് ചാർമിളയെ വിളിച്ച് എന്നെ പരിചയപ്പെടുത്തിയത്. കലൂർ ഡെന്നിസിനെക്കുറിച്ചൊന്നും ആ കുട്ടി കേട്ടിട്ടില്ലെന്ന് തോന്നുന്നു. സുനിലും ജഗദീഷും എന്നെക്കുറിച്ച് പറയുന്നതുകേട്ട് വെറും നിസ്സംഗഭാവത്തിൽ തെല്ലുനേരം ചെറുചിരിമുഖവുമായി നിന്നശേഷം വേഗംതന്നെ ചാർമിള അച്ഛന്റെ അടുത്തേക്കുപോയി. പതിനേഴുദിവസം കൊണ്ടാണ് ‘പ്രിയപ്പെട്ട കുക്കു’വിന്റെ ഷൂട്ടിങ് തീർത്തത്. ചിത്രം റിലീസായപ്പോൾ ‘പ്രിയപ്പെട്ട കുക്കു’ എന്ന കൊച്ചുപടം അമ്പതാം ദിവസവും കഴിഞ്ഞ് മുന്നേറുകയായിരുന്നു.
‘പ്രിയപ്പെട്ട കുക്കു’വിനുശേഷം ആറുമാസം കഴിഞ്ഞാണ് ഞാൻ തിരക്കഥയെഴുതിയ 'കമ്പോള'ത്തിൽ ബാബു ആന്റണിയുടെ നായികാകഥാപാത്രമായി ചാർമിള അഭിനയിക്കാൻ വരുന്നത്. ബൈജു കൊട്ടാരക്കര സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയിലായിരുന്നു. പൊള്ളാച്ചി ചന്തയുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ രതീഷ്, വിജയരാഘവൻ, ബൈജു, ഫിലോമിന, തമിഴ് നടൻ വിനു ചക്രവർത്തി, ബാബുരാജ് തുടങ്ങി വലിയ താരനിരതന്നെ ഉണ്ടായിരുന്നു.
കമ്പോളത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് സിനിമ കമ്പോളാധിഷ്ഠിതമായ ഒരു ലോകമാണെന്നും പല അന്തർ നാടകങ്ങളും അരങ്ങേറുന്ന മായികകാഴ്ചകളുടെ സംഗമവേദിയാണെന്നുമൊക്കെ ചാർമിള പഠിക്കാൻ തുടങ്ങിയത്. ഈ സിനിമയിൽ വച്ചാണ് ചാർമിളയിൽ ആദ്യമായി ദിവ്യമായ അനുരാഗം പൊട്ടിമുളച്ചത്. അതിന്റെ സഞ്ചാരവഴികളൊക്കെ ഞാൻ നന്നായിട്ട് മനസ്സിലാക്കി. ഈ പോക്ക് അപകടത്തിലേക്കാണെന്ന് തോന്നിയപ്പോൾ ഞാൻ വലിയൊരു ഉപദേശകന്റെ പട്ടമെടുത്തണിഞ്ഞെങ്കിലും പ്രണയം ചാർമിളയെ വല്ലാതെ വാരിപ്പുണരുകയായിരുന്നു.
പ്രിയപ്പെട്ട കുക്കുവിലെയും കമ്പോളത്തിലെയും ചാർമിളയുടെ കഥാപാത്രം യുവമനസ്സുകളെ ഏറെ ആകർഷിച്ചിരുന്നു. കമ്പോളം കഴിഞ്ഞ് ഞാൻ ചെയ്ത 'കടൽ' എന്ന ചിത്രത്തിലും ചാർമിളയായിരുന്നു നായിക. നായകൻ ബാബു ആന്റണിയും. ഇവരുടെ പ്രണയം തന്നെയായിരുന്നു അവർ താരജോഡികളായി വരുന്ന ചിത്രങ്ങൾ കാണാനുള്ള പ്രേക്ഷകരുടെ ഉത്സുകതയും.
കടലിന്റെ ലൊക്കേഷനിൽ വച്ച് കാണുമ്പോഴും ചില സമയങ്ങളിൽ ഞാൻ പിന്നേയും ഉപദേശിയുടെ മേലങ്കിയെടുത്ത് അണിയാറുണ്ട്. പിന്നെ എന്നെ കാണുമ്പോഴൊക്കെ ചാർമിള എനിക്ക് മുഖം തരാതെ മാറി നടക്കാനുംതുടങ്ങി.
കടലും പ്രദർശനവിജയം നേടിയപ്പോൾ ഞാൻ എഴുതിയ താഹയുടെ ‘ഗജരാജമന്ത്രം’, ബാലു കിരിയത്തിന്റെ കളമശ്ശേരിയിൽ ‘കല്യാണയോഗം’, വിജി തമ്പിയുടെ ‘കിള്ളിക്കുറിശ്ശിയിലെ കുടുംബമേള’ തുടങ്ങിയ സിനിമകളിലും ചാർമിള അഭിനയിച്ചു. ചാർമിളയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയിട്ടുള്ളത് ഒരുപക്ഷേ ഞാനായിരിക്കും. വർഷങ്ങൾ പലത് കടന്നുപോയതോടെ ചാർമിളയുടെ പ്രണയം പരാജയപ്പെടുകയായിരുന്നു. അതോടെ അവൾ വല്ലാത്തൊരു മാനസികാവസ്ഥയിലായി.
പ്രണയം എന്നു പറയുന്നത് മണ്ണിൽ വരയ്ക്കുന്ന വര പോലെയാണല്ലോ. പുതിയ മൺതരികൾ വരുമ്പോൾ പഴയ മൺതരികൾ എപ്പോൾ വേണമെങ്കിലും മാഞ്ഞുപോകാം.
ഗജരാജമന്ത്രം എന്ന സിനിമ കഴിഞ്ഞ് പിന്നെ ഞാൻ ചാർമിളയെ കണ്ടിട്ടില്ല. ഇടയ്ക്ക് വല്ലപ്പോഴും ചാർമിളയുടെ വിശേഷങ്ങളൊക്കെ പലരും വിളിച്ച് പറയാറുണ്ടെന്നുമാത്രം.
ഒരുദിവസം തിരുവനന്തപുരത്തുനിന്നും എന്റെ അടുത്ത സുഹൃത്തിന്റെ ഫോൺകോൾ വന്നു. അസോസിയേറ്റ് ഡയറക്ടറും ഞാൻ എഴുതിയ 'കാഞ്ഞിരപ്പള്ളി കറിയാച്ചന്റെ' തിരക്കഥാ അസിസ്റ്റന്റുമായ കിഷോർ സത്യയുമായി ചാർമിള പ്രണയത്തിലാണെന്നും താമസിയാതെ അവർ വിവാഹിതരാകാൻ പോകുകയാണെന്നുമായിരുന്നു ഫോൺവിളിയുടെ ഉള്ളടക്കം. കേട്ടപ്പോൾ എനിക്ക് സന്തോഷംതോന്നി. അവർക്ക് നല്ലൊരു ദാമ്പത്യജീവിതമുണ്ടാകട്ടെ എന്ന് എന്റെ മനസ്സ് പറയുകയും ചെയ്തു.
പിന്നേയും അഞ്ചാറ് വർഷങ്ങൾ കടന്നുപോയി. 2001-ൽ ഞാൻ ദുബായിൽ ഒരു പ്രോഗ്രാമിനുപോയപ്പോൾ എന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു. കിഷോർ സത്യയും ചാർമിളയും കൂടിയാണ് വിളിക്കുന്നത്. അവർ എന്നെ കാണാൻ എന്റെ താമസസ്ഥലത്തേക്ക് വരുന്നുണ്ടത്രെ. അരമണിക്കൂറിനുള്ളിൽ അവർ എത്തുകയും ചെയ്തു. ചാർമിള നല്ല സന്തോഷത്തിലായിരുന്നു. അന്ന് കിഷോർ സത്യ ദുബായിൽ ഒരു ടെലിവിഷൻ ചാനലിൽ അവതാരകനായിരുന്നു. അരമണിക്കൂറോളം അവർ എന്നോടൊപ്പമുണ്ടായിരുന്നു. ഇരുവരും പോകാനായി എഴുന്നേറ്റപ്പോൾ അവരുടെ നെറുകയിൽ കൈവച്ച് സന്തോഷകരമായ ഒരു ദാമ്പത്യജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞാണ് ഞാൻ അവരെ തിരിച്ചയച്ചത്. പിന്നെയും ചാർമിളയുടെ ജീവിതം കുഴഞ്ഞുമറിഞ്ഞുകൊണ്ടിരുന്നു. കാലം ഏറെ ചെല്ലുംമുൻപേ കിഷോർ സത്യയുമായുള്ള അവളുടെ ദാമ്പത്യ ജീവിതവും തകർന്നു.
വർഷങ്ങൾ കഴിഞ്ഞപ്പോൾ ചാർമിള പിന്നേയും പുതിയ ബന്ധത്തിലേക്ക് കടന്നു. അന്ന് ‘പ്രിയപ്പെട്ട കുക്കു’വിന്റെ ലൊക്കേഷനിൽവച്ച് ഒരു പുരുഷന്റെ നേരെയും നോക്കാത്ത, നായകനോടൊപ്പംപോലും അഭിനയിക്കുമ്പോൾ അകലം പാലിച്ചിരുന്ന ആ പൊട്ടിപെണ്ണിനെ ഞാൻ വെറുതെ ഓർത്തുപോയി. ഇപ്പോൾ ഒരു കുഞ്ഞുമായി സന്തോഷത്തോടെ ജീവിക്കുകയാണ് ചാർമിള. കാലം കടന്നുപോകുമ്പോൾ മറവി ഒരു മരുന്നായി മനസ്സിലേക്ക് കടന്നുവരുന്നത് വലിയൊരു അനുഗ്രഹംതന്നെയാണ്…
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kaloor Dennis recalls actress Charmila and her love story
Published: 04 Apr 2026, 11:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented