എനിക്ക് ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിത്തന്ന ‘കുടുംബസമേത’ത്തെക്കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം കയറിവരുന്നത് നമ്മുടെയെല്ലാം ഇഷ്ടതാരമായിരുന്ന മോനിഷയുടെ മുഖമാണ്. കൗമാരം വിട്ടുമാറാത്ത പ്രായത്തിൽ പതിനാറാമത്തെ വയസ്സിൽ ഹരിഹരൻ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങളി’ലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മോനിഷ ഇന്ന് ഒരു ഓർമ്മയാണ്. ആ വേർപാട് ഓരോ മലയാളിയുടെയും മനസ്സിൽ ഒരു നൊമ്പരപ്പൂവായി ചാരംമൂടി കിടക്കുകയാണ്.

മോനിഷ അഭിനയിച്ച നഖക്ഷതങ്ങളും ഋതുഭേദങ്ങളും പെരുന്തച്ചനും കണ്ടപ്പോൾ എന്റെ മനസ്സിൽ കയറിക്കൂടിയതാണ് മോനിഷയെ എന്റെ ഒരു കഥാപാത്രമായി കൊണ്ടുവരണമെന്ന്. അപ്പോഴാണ് മോനിഷയുടെ രൂപഭംഗിക്ക് ഇണങ്ങുന്ന ഒരു കഥയുമായി സംവിധായകൻ ജയരാജ് വരുന്നതും. അതാണ് കുടുംബസമേതം. അങ്ങനെയാണ് മധു, ശ്രീവിദ്യ, മനോജ് കെ. ജയൻ, നരേന്ദ്രപ്രസാദ്, ശ്രീരാമൻ, കവിയൂർ പൊന്നമ്മ, അടൂർ ഭവാനി, മണിയൻപിള്ള രാജു തുടങ്ങിയ വലിയ താരനിരയുള്ള ഈ ചിത്രത്തിലെ നായികയായി ഞങ്ങൾ മോനിഷയെ കൊണ്ടുവരുന്നത്. കലാപരമായി നല്ല നിലവാരമുള്ള ഈ ചിത്രം ചെയ്യാൻ തയ്യാറായി വന്നത് നിർമാതാവ് സിംപിൾ ബഷീറാണ്.
തൃശ്ശൂരും പരിസരത്തും വച്ചായിരുന്നു ‘കുടുംബസമേത’ത്തിന്റെ ചിത്രീകരണം നടന്നത്. വടക്കുംനാഥന്റെ ഗ്രാമീണാന്തരീക്ഷത്തിന് ഒരു പ്രത്യേക ഭംഗിയാണ്. അതുകൊണ്ടാണ് ഷൂട്ടിങ് ലൊക്കേഷൻ ഇങ്ങോട്ട് മാറ്റിയത്. തൃശ്ശൂരിലെ എലൈറ്റ് ഹോട്ടലിലാണ് മധുസാർ ഒഴിച്ചുള്ള ഭൂരിഭാഗം ആർട്ടിസ്റ്റുകളും ടെക്‌നീഷ്യൻസും താമസിച്ചിരുന്നത്.
Also Read
ഷൂട്ടിങ് തുടങ്ങി മൂന്നുദിവസം കഴിഞ്ഞാണ് ബെംഗളൂരുവിൽനിന്നും മോനിഷ വരുന്നത്. അമ്മയാണ് അകമ്പടിമുദ്രപോലെ കൂടെയുണ്ടായിരുന്നത്. ശ്രീവിദ്യയുടെ മകളായിട്ടാണ് ഇതിൽ മോനിഷ വരുന്നത്. തുളസിക്കതിരിന്റെ നൈർമല്യമുള്ള കഥാപാത്രമായതുകൊണ്ട് തുളസി എന്നാണ് പേരിട്ടിരുന്നത്. എപ്പോഴും വിഷാദഭാവമുള്ള മുഖവുമായി നടക്കുന്ന, കാമുകനായ ശിവശങ്കരന്റെ നുറുങ്ങു തമാശകൾ കേട്ട് വല്ലപ്പോഴും മാത്രം ചിരിപ്രസാദമുതിർക്കുന്ന ഒരു നാടൻ പെൺകുട്ടിയാണ് തുളസി.
പിറ്റേന്ന് അതിരാവിലെ ജയരാജിനൊപ്പം ഞാനും ലൊക്കേഷനിൽ പോയിരുന്നു. മനോജ് കെ. ജയനും മോനിഷയും തമ്മിലുള്ള ഒരു ചെറിയ കോമ്പിനേഷൻ സീനാണ് ആദ്യമെടുത്തത്. നീണ്ട മുപ്പത്തിനാലുവർഷങ്ങൾ കഴിഞ്ഞെങ്കിലും ആ സീനും ആ പുലർകാലാന്തരീക്ഷവും ഇന്നലെ കഴിഞ്ഞതുപോലെ ഇപ്പോഴും എന്റെ മനസ്സിൽ നിറംമങ്ങാതെ കിടക്കുന്നുണ്ട്. ആ രംഗപശ്ചാത്തലത്തിലേക്ക് ഒന്നു വലംവയ്ക്കാം.
സീൻ 10- പ്രഭാതം
പുഴയോരത്തുകൂടി നടന്നുവരുന്ന ശിവശങ്കരനെ കണ്ട് പതുക്കെ പുറകെ ഓടിച്ചെന്ന് തുളസി ചോദിക്കുന്നു:
“ദേ ഒന്നു നോക്കൂ, കുറച്ചുദിവസമായല്ലോ കണ്ടിട്ട്”.
തുളസിയുടെ ശബ്ദം കേട്ട് ശിവശങ്കരൻ തിരിഞ്ഞുനിൽക്കുമ്പോൾ തുളസി ചെറുകുസൃതിയോടെ ചോദിച്ചു: “പയ്യമ്പിള്ളി ബാലന്റെ തലക്കുള്ള ഗർവ്വ് അച്ഛന് മതിയെട്ടോ. മകന് വേണ്ട.”
“കീർത്തനം പാടിക്കൊണ്ടിരിക്കുമ്പോൾ ജനാലയ്ക്കരികിൽ ഒരു മിന്നലാട്ടം പോലെ കണ്ടു. എന്തെ വന്നില്ല...”
“പാടിക്കൊണ്ടിരിക്കുമ്പോൾ താളം തെറ്റണ്ടാന്നു കരുതി... നല്ല സംഗീതജ്ഞനാണെന്ന് അമ്മ ഇന്നലേംകൂടി പറഞ്ഞു.”
“എന്തു പറഞ്ഞു?”
“ഇത്രയും സിദ്ധിയുള്ള കുട്ടിയായിട്ടും അരങ്ങേറ്റം നടത്താനുള്ള ഭാഗ്യം അതിന് കിട്ടിയില്ലല്ലോന്ന്”.
“അപ്പോൾ നീ എന്തു പറഞ്ഞു?”
ശിവശങ്കരന്റെ ജിജ്ഞാസ വളർന്നു.
“അത്ര സിദ്ധിയൊന്നുമില്ല. താളം തെറ്റാതെ ഒരുവിധം പാടും, അത്രതന്നെ. എന്താ ശരിയല്ലേ?”
തുളസിയുടെ കുസൃതിമൊഴികൾ കേട്ട് അതേ ലാഘവത്തോടെ ശിവശങ്കരൻ തിരിച്ചടിച്ചു.
“ഇടയ്ക്ക് താളം തെറ്റാറുണ്ടെന്ന് പറയാമായിരുന്നില്ലേ, അമ്മയോട്?”
ശിവശങ്കരൻ പറഞ്ഞ വാക്കുകൾ കേട്ട് ചെറുപുഞ്ചിരി പൊഴിച്ച് നാണംകൂറി തലതാഴ്ത്തി നിൽക്കുന്നു തുളസി.
ഉടനെതന്നെ ജയരാജ് കട്ട് പറഞ്ഞു. അവസാനത്തെ ഷോട്ട് ആണ്. ഉടനെതന്നെ മോനിഷ ടെൻഷനോടെ സംവിധായകന്റെ അടുത്തേക്ക് വന്നു. ജയരാജ് വളരെ സന്തോഷത്തോടെ മോനിഷയ്ക്ക് കൈകൊടുത്തുകൊണ്ട് പറഞ്ഞു: “വളരെ നന്നായിട്ടുണ്ട്. ഈ മൂഡ് തുടർന്നാൽമതി.”
ജയരാജിന്റെ അഭിനന്ദനം കേട്ടപ്പോൾ മോനിഷയുടെ ടെൻഷൻ പെട്ടെന്നുമാറി മുഖത്ത് ഒരു പ്രത്യേക തെളിച്ചം കടന്നുവരികയായിരുന്നു.
“താങ്ക് യൂ സാർ”

അപ്പോൾ മനോജ് കെ. ജയൻ അങ്ങോട്ട് കടന്നുവന്നു. ഞങ്ങൾ അല്പം മാറിനിന്ന് ഇതിലെ മനോജിന്റെ ശിവശങ്കരനെന്ന കഥാപാത്രത്തെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. ‘സർഗം’ കഴിഞ്ഞാൽ മനോജിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് കുടുംബസമേതത്തിലെ ശിവശങ്കരൻ. അപ്പോൾ ശ്രീവിദ്യയും മോനിഷയുടെ അമ്മയുംകൂടി പുഴയോരത്തെ പുലർകാല കാറ്റുമേറ്റ് സീരിയസ്സായ എന്തോ വിഷയം സംസാരിച്ചുകൊണ്ടിരിക്കുന്നത് കാണാം.
അല്പം കഴിഞ്ഞ് മോനിഷ മനോജിന് നേരെ കൈവീശിക്കാണിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് പോകുന്നതുകണ്ടപ്പോൾ മനോജ് ചോദിച്ചു.
“നിങ്ങൾ തമ്മിൽ പരിചയമില്ലേ?”
“ഇല്ല. കലൂർ ഡെന്നിസിന്റെ തിരക്കഥയിലാണ് അഭിനയിക്കുന്നതെന്നറിയാമെങ്കിലും ഞങ്ങൾ തമ്മിൽ നേരിട്ട് പരിചയപ്പെട്ടിട്ടില്ല.”
“അതുകൊള്ളാമല്ലോ? ഞാൻ മോനിഷയെ ഇങ്ങോട്ട് വിളിക്കാം.”
“അതുവേണ്ടാ, ഞാൻ പിന്നീട് അമ്മയെയും മകളെയും പരിചയപ്പെട്ടോളാം.” മനോജ് ചിരിച്ചു.
ഇനി എടുക്കാനുള്ള സീൻ പുഴയോരത്തുള്ള ഒരു വീട്ടിൽവെച്ചാണ്. ശ്രീവിദ്യയും മനോജുമാണ് അവിടെ വേണ്ടത്. ഷൂട്ടിങ്ങിന്റെ ഒരുക്കങ്ങൾക്കായി ജയരാജ് അങ്ങോട്ടുപോയപ്പോൾ മനോജിനെയും കൂടെക്കൂട്ടി. അവർ പോകുന്നതുകണ്ട് മോനിഷയുടെ അമ്മയുമായുള്ള സീരിയസ്സ് സംസാരം അവസാനിപ്പിച്ചുകൊണ്ട് ശ്രീവിദ്യയും പുഴയോരത്തുള്ള വീട്ടിലേക്ക് പോയി.
അമ്മയും മകളും തനിച്ചായപ്പോൾ ഞാൻ അവരുടെ അടുത്തേക്ക് നടന്നു. എന്നെ കണ്ട് തെല്ല് സന്ദേഹത്തോടെ നോക്കുന്നതുകണ്ടപ്പോൾ ഒരു ആമുഖത്തിന്റേയും ആവരണമില്ലാതെ ഞാൻ സ്വയം പരിചയപ്പെടുത്തി. എന്റെ പേര് കേട്ടപ്പോൾ അമ്മയുടെയും മകളുടെയും മുഖത്ത് ചെറിയൊരു വിസ്മയം വിരിയുന്നതുകണ്ടു.
“അയ്യോ, ഈ പേര് ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ആളെ നേരിട്ട് കാണാൻ ഇതുവരെ പറ്റിയില്ല. ഇവിടെ ജയരാജിന്റെ കൂടെ പലവട്ടം കണ്ടെങ്കിലും ഇതാണ് കലൂർ ഡെന്നിസ് എന്ന് ആരും പരിചയപ്പെടുത്തിയതുമില്ല, സോറി...”
അമ്മ മൊഴികളിലൂടെയാണ് സംവദിച്ചതെങ്കിൽ, മകൾ അമ്മയുടെ വാചകങ്ങൾ മൗനത്തിലൂടെയാണ് ഉരുവിട്ടതെന്ന് മോനിഷയുടെ മുഖഭാവം കണ്ടപ്പോൾ എനിക്ക് തോന്നി. അമ്മയുടെ സംസാരവും പരിചരണരീതിയും കണ്ടപ്പോൾ എം.ടി.യുടെ വള്ളുവനാടൻ സ്ത്രീകഥാപാത്രങ്ങളെപോലെ പ്രൗഢിയും ഐശ്വര്യവുമുള്ള ഒരു സ്ത്രീസാന്നിധ്യമായിട്ടാണ് എനിക്ക് തോന്നിയത്.
ഇപ്പോൾ എടുക്കാൻ പോകുന്ന സീനിൽ മോനിഷ ഇല്ലാതിരുന്നതുകൊണ്ട് നഖക്ഷതങ്ങളിലൂടെ സിനിമയിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും യൗവനത്തിലേക്ക് കടക്കുംമുൻപെ ആർക്കും കിട്ടാത്ത ഒരു മഹാഭാഗ്യം പോലെ വന്നുചേർന്ന ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ചുമൊക്കെ കുറച്ചുനേരമിരുന്ന് ഞങ്ങൾ സംസാരിച്ചു.
മോനിഷയ്ക്ക് ചോദിക്കാനുണ്ടായത് ഒരേയൊരു വാചകമായിരുന്നു. “കുടുംബസമേതത്തിലെ എന്റെ കഥാപാത്രത്തിന്റെ ഫിനിഷിങ് എങ്ങനെയാണ്?”
ഒറ്റ വാചകത്തിൽതന്നെ ഞാൻ അതിന് ഒരു ഉത്തരവും കൊടുത്തു. പെട്ടെന്ന് അർഥം മനസ്സിലാക്കാൻ പറ്റാത്ത ഒരുത്തരം എന്നു വേണമെങ്കിലും പറയാം.
“പ്രണയം ഏറ്റവും മനോഹരമായ ഒരു വികാരമാണെങ്കിൽ വിരഹം അതിലേറെ നൊമ്പരപ്പെടുത്തുന്ന ഒന്നാണ്.”
ഞങ്ങൾ കരുതിയിരുന്നതിനേക്കാൾ മുൻപേ കുടുംബസമേതത്തിന്റെ ഷൂട്ടിങ് തീർന്നു. രണ്ടുമാസത്തിനുള്ളിൽതന്നെ ചിത്രം റിലീസാകുകയും ചെയ്തു. ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നെങ്കിലും ആദ്യത്തെ നാലഞ്ച് ദിവസം കളക്ഷൻ വളരെ മോശമായിരുന്നു. പിന്നീട് ഓരോ ദിവസം കഴിയുന്തോറും കളക്ഷനിൽ വച്ചടിവച്ചടി കയറ്റമായിരുന്നു. കുടുംബസമേതത്തിന്റെ വൻ വിജയത്തിൽ സന്തോഷത്തിലിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരുദിവസം 1992 ഡിസംബർ അഞ്ചാം തീയതി ആ ദു:ഖവാർത്ത കേട്ടത്- ‘മോനിഷ കാറപകടത്തിൽ മരിച്ചിരിക്കുന്നു.’
പെട്ടെന്ന് കേട്ടപ്പോൾ ഒട്ടും വിശ്വസിക്കാൻ തോന്നിയില്ല. കുടുംബസമേതത്തിന്റെ സെറ്റിൽനിന്നും മോനിഷ യാത്ര പറഞ്ഞുപോയിട്ട് അധികം ദിവസങ്ങൾപോലുമായിട്ടില്ല.
ജി.എസ്. വിജയൻ സംവിധാനം ചെയ്ത ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് അമ്മയുമൊന്നിച്ച് എറണാകുളത്തേക്ക് വരുന്നവഴി ചേർത്തല ബൈപാസ്സിൽവച്ചാണ് ഈ ദുരന്തമുണ്ടായത്. അമ്മ അത്ര വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരിക്കുന്നു.
ഈ ദു:ഖവാർത്ത കേട്ടയുടനെ ഞാനും എന്റെ സുഹൃത്ത് കുഞ്ഞുമോനുംകൂടി ചേർത്തലയിലേക്ക് പോയെങ്കിലും പാതിവഴിയിൽവെച്ച് ആ വാർത്തയ്ക്ക് സ്ഥിരീകരണമുണ്ടായി.
അവസാനമായി ആ നനുത്ത മുഖം ഒരു നോക്കുകാണാനായി ഞങ്ങൾ ചേർത്തലയിലെ ആശുപത്രിയിലേക്ക് ഓടിപ്പിടിച്ച് എത്തിയെങ്കിലും കാണാനായില്ല. അങ്ങനെ അധികം ആരെയും കയറ്റി കാണിക്കുന്നില്ലത്രെ.
എന്തെല്ലാം മോഹങ്ങളും പ്രതീക്ഷകളുമായി കഴിഞ്ഞ കുട്ടിയാണ്. എല്ലാ സ്വപ്‌നങ്ങൾക്കും പ്രത്യാശകൾക്കും ദീർഘമായ ഒരു അവധി ചോദിച്ചുകൊണ്ട് 21ാമത്തെ വയസ്സിൽ ഒരിക്കലും തിരിച്ചുവരാത്ത അനന്തമായ വിഹായസ്സിലേക്കാണ് അവൾ പറന്നകന്നത്.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kutumbasametham-monisha-unni-behind-the-scenes-story
Published: 16 May 2026, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented