ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ സ്വന്തം അഭിപ്രായങ്ങളും സാമ്പത്തിക കാര്യങ്ങളും ജീവിതത്തിലെ തീരുമാനങ്ങളുമെല്ലാം കൂടുതൽ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നവരാണ്. എന്നാൽ മുൻതലമുറയിലെ സ്ത്രീകളുടെ ജീവിതം അങ്ങനെയായിരുന്നില്ല. വിവാഹശേഷം പുതിയ കുടുംബവുമായി പൊരുത്തപ്പെടുക, സാഹചര്യങ്ങൾക്കനുസരിച്ച് മാറുക, സ്വന്തം അഭിപ്രായങ്ങൾ പലപ്പോഴും മാറ്റിവയ്ക്കുക...ഇതൊക്കെയായിരുന്നു പല സ്ത്രീകളുടെയും ജീവിതരീതി. തന്റെയും അമ്മയുടെയും തലമുറയിൽ ഈ മാറ്റത്തിന്റെ അഭാവം എങ്ങനെയായിരുന്നുവെന്ന് തുറന്നുപറയുകയാണ് നടി ഉർവശി.
റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി തന്റെ തലമുറയും ഇന്നത്തെ തലമുറയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്നത്തെ തലമുറയ്ക്ക് ലഭിക്കുന്ന അവസരങ്ങൾ തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്ന് താരം പറയുന്നു.
Also Read
“ഈ തലമുറയ്ക്ക് വ്യക്തിപരമായ അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് അതുണ്ടായിരുന്നില്ല. എന്റെ അമ്മയ്ക്കാകട്ടെ ഒട്ടും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് പോകുന്ന കുടുംബങ്ങളുമായി പൊരുത്തപ്പെടേണ്ടവരായാണ് ഞങ്ങളെയെല്ലാം വളർത്തിയത്,” ഉർവശി പറഞ്ഞു.
എന്നാൽ അതേസമയം, ജോലിയുടെയും കരിയറിന്റെയും കാര്യത്തിൽ മാതാപിതാക്കൾ തങ്ങൾക്ക് നൽകിയ പിന്തുണയെക്കുറിച്ച് ഉർവശിക്ക് ഏറെ അഭിമാനമുണ്ട്. ഏത് ജോലിയായാലും ആത്മാഭിമാനത്തോടെ ചെയ്യണമെന്നും അഭിനയത്തെ ഒരു മോശം തൊഴിലായി കാണേണ്ടതില്ലെന്നും മാതാപിതാക്കൾ പഠിപ്പിച്ചിരുന്നുവെന്ന് താരം പറയുന്നു.
“തല ഉയർത്തിപ്പിടിച്ച് ഏത് ജോലിയും ചെയ്യാനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും ഞങ്ങൾക്ക് തന്നിരുന്നു. അഭിനയിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് അവർ പഠിപ്പിച്ചു. തലകുനിച്ചുകൊണ്ട് ചെയ്യേണ്ട ജോലിയല്ല അഭിനയമെന്നും. സ്വയം വിശ്വസിക്കാനുള്ള ധൈര്യം അവർ ഞങ്ങൾക്ക് നൽകി,” ഉർവശി പറഞ്ഞു.
സ്വന്തം കരിയറിലെ ആദ്യകാല സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഉർവശിയുടെ വെളിപ്പെടുത്തലാണ് ഇതിനിടെ ശ്രദ്ധ നേടുന്നത്. സിനിമയിൽ അഭിനയിച്ച് എത്ര രൂപയാണ് പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്.
“എനിക്ക് എത്ര രൂപയാണ് പ്രതിഫലമായി ലഭിക്കുന്നതെന്ന് പോലും ഞാൻ അറിഞ്ഞിരുന്നില്ല. പണം കൊണ്ട് എന്താണ് ചെയ്യുന്നതെന്നും ഞാൻ ഒരിക്കലും ചോദിച്ചിരുന്നില്ല. എന്നാൽ ഇന്ന് എന്റെ മകൾക്ക് ഇതെല്ലാം വ്യക്തമായി അറിയാം,” ഉർവശി പറഞ്ഞു. സ്വന്തം വരുമാനം, സാമ്പത്തിക കാര്യങ്ങൾ, വ്യക്തിപരമായ ആവശ്യങ്ങൾ എന്നിവയെക്കുറിച്ച് യുവതലമുറ കൂടുതൽ ബോധവതികളാണ്. സ്വന്തം മകൾക്ക് പോലും ഇത്തരം കാര്യങ്ങളിൽ തനിക്ക് ഉണ്ടായിരുന്നതിനേക്കാൾ വ്യക്തമായ ധാരണയുണ്ടെന്നും താരം പറയുന്നു.
അതേസമയം, ഉർവശിയുടെ ഏറ്റവും പുതിയ ചിത്രം 'ആശ' സെപ്റ്റംബർ 11ന് തിയറ്ററുകളിലെത്തും. ഉർവശിക്കൊപ്പം വിജയരാഘവൻ, ജോജു ജോർജ്, ഐശ്വര്യലക്ഷ്മി തുടങ്ങിയവരാണ് പ്രാധാന കഥാപാത്രങ്ങളായെത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 10 Sept 2026, 03:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented