നടിപ്പിൻ നായകൻ സൂര്യയുടെ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം ‘കറുപ്പ്’ പ്രദർശനത്തിനെത്തി. വെള്ളിത്തിരയിൽ വെടിക്കെട്ട് തീർക്കുന്ന ജനപ്രിയനായകന്റെ രണ്ടാമൂഴമാണിത്. ആർ.ജെ. ബാലാജി സംവിധാനംചെയ്ത, കഥയിലും കഥാപാത്രത്തിലും ഏറെ സസ്പെൻസ് സമ്മാനിക്കുന്ന ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് സൂര്യയെത്തുന്നത്. തൃഷയാണ് നായിക. രണ്ടുപതിറ്റാണ്ടിനുശേഷമാണ് ഈ കൂട്ടുകെട്ട് ആവർത്തിക്കുന്നത്. യുവസംഗീതസംവിധായകൻ സായ് അഭ്യങ്കറാണ് ‘കറുപ്പി’ന്റെ സംഗീതം നിർവഹിക്കുന്നത്. ഏറെ പ്രതിസന്ധികൾക്കൊടുവിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വെല്ലുവിളികളെ ഇതിനുമുമ്പും അതിജീവിച്ചിട്ടുള്ള സൂര്യയുടെ സിനിമാജീവിതത്തിലൂടെ...
കാർത്തിക് സുബ്ബരാജ് സംവിധാനംചെയ്ത റൊമാന്റിക്-ആക്ഷൻ-കോമഡി ചിത്രം 'റെട്രോ'യായിരുന്നു അവസാനമായി തിയേറ്ററിലെത്തിയ സൂര്യാചിത്രം. അറുപതുകോടി മുതൽമുടക്കിലൊരുക്കിയ ചിത്രം തിയേറ്ററിൽ വലിയ ഇളക്കങ്ങൾ തീർത്തില്ലെങ്കിലും ബോക്‌സോഫീസിൽ ഇരുനൂറ്റൻപതുകോടിയോളം തിരിച്ചുപിടിച്ചിരുന്നു.
Also Read
സൂര്യയുടെ പ്രതീക്ഷകൾ തകിടംമറിച്ച ചിത്രമായിരുന്നു 'കങ്കുവ'. ശിവ സംവിധാനംചെയ്ത ചിത്രം സൂര്യയുടെ കരിയറിലെ വലിയ ബ്ലാക് മാർക്കായി. രണ്ടുവർഷമാണ് ആ ചിത്രത്തിനുവേണ്ടി മാറ്റിവെച്ചത്. ഒരു നടൻ എന്നനിലയിൽ വ്യത്യസ്തകഥാപാത്രങ്ങളെ അവതരിപ്പിച്ച് പൊലിപ്പിച്ചെങ്കിലും ചിത്രത്തിന്റെ ടോട്ടാലിറ്റിയിൽ വന്ന പ്രശ്‌നങ്ങൾ അതിന്റെ ജനപ്രിയത നഷ്ടമാക്കി. ഇരുനൂറ്റൻപതുകോടിയിൽ ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രം വൻനഷ്ടമാണ് ഇൻഡസ്ട്രിക്ക് സമ്മാനിച്ചത്.

ചുവട് തെറ്റിയ നാളുകൾ
ഒരു രാത്രി പുലരുമ്പോൾ താരമായിമാറിയ താരപുത്രനല്ല സൂര്യ. കരിയറിന്റെ തുടക്കംപോലെ, പരാജയത്തിന്റെ കരുത്തിൽ വിജയംകൊയ്ത നടനാണ്. ഇരുപത്തഞ്ച് സിനിമകൾ ചെയ്തതിനുശേഷമേ, സൂര്യക്ക് തമിഴകത്ത് സ്വന്തമായ ഇരിപ്പിടമുറപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. തുടർന്ന്, പുതുമകൾ തേടിയുള്ള ക്ഷമാപൂർണമായ യാത്രയിൽ, ക്ലാസ് ആൻഡ് മാസ് ചിത്രങ്ങളുടെ ഭാഗമായി. പലപ്പോഴും ചില ചിത്രങ്ങൾ ഫാൻസിനെ മറന്നുള്ള യാത്രയുമായി.
മഹാമാരിക്കാലത്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയ ജയ് ഭീം, സൂരറൈ പോട്ര് എന്നീ മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിക്കാൻ കിട്ടിയില്ല. അത് ഒടിടിയിലൂടെയാണ് കടന്നുപോയത്. തമിഴ്‌സിനിമയിൽ പലരും കാണിക്കാൻ മടിച്ച, കൈവിട്ട ധൈര്യം സൂര്യ കാണിച്ചു. സ്റ്റാറായി വിലസുമ്പോൾ മുൻപിൻ നോക്കാതെ ഗസ്റ്റ് റോളിൽ അഭിനയിക്കാൻ തയ്യാറായത് താരപരിവേഷത്തെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു. മന്മഥൻ അമ്പു, കോ തുടങ്ങി ഒരു ഡസൻ ചിത്രങ്ങളിലാണ് ഗസ്റ്റ് ആർട്ടിസ്റ്റായി സൂര്യ വന്നത്. അതിൽ 'വിക്രം' മാത്രമേ സൂര്യ എന്ന നടന് ഗുണമായുള്ളൂ.
സൂര്യ എന്ന ഫാമിലി മാൻ
സിനിമാലോകം അസൂയയോടെ കാണുന്ന കുടുംബമാണ് സൂര്യ-ജ്യോതിക ജോഡിയുടെത്. ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് സൂര്യ വലിയ വിലകല്പിക്കുന്നു. വിവാഹത്തിനുശേഷം ജ്യോതിക കുടുംബത്തിനുവേണ്ടി സിനിമയിൽനിന്ന് അവധിയെടുത്തു. കുട്ടികൾ വളർന്നപ്പോൾ ജ്യോതിക വീണ്ടും വെള്ളിത്തിരയിലെത്തി. അങ്ങനെയാണ് 36 വയതിനിലെ, രാച്ചസി, ചന്ദ്രമുഖി 2, കാതൽ-ദി കോർ, ശെയ്ത്താൻ എന്നീ പുതുമയാർന്ന ചിത്രങ്ങൾ ജ്യോതികയ്ക്ക് കിട്ടിയത്. മുംബൈക്കാരിയാണെങ്കിലും ഇരുപത്തേഴുവർഷം ജ്യോതിക ചെന്നൈയിലായിരുന്നു. ഐബി സിലബസിൽ പഠിക്കുന്ന കുട്ടികളുടെ പഠനസൗകര്യാർഥം സൂര്യയിപ്പോൾ മുംബൈയിലാണ് താമസം. എത്ര തിരക്കാണെങ്കിലും മാസത്തിൽ പത്തുദിവസമെങ്കിലും സൂര്യ കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കും.
തുടർച്ചയായി അഭിനയിക്കുന്നില്ലെങ്കിലും അഭിനയിച്ച് ത്രസിപ്പിച്ച വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സൂര്യ പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽ ഇടംപിടിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഒരു വിജയം മതി സൂര്യയ്ക്ക് കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് ഒന്നാംനിരയിലെത്താൻ.
ജീവിതം പഠിപ്പിച്ചത്
ശിവകുമാറിന്റെ മകൻ കോട്ടൺ എക്‌സ്‌പോർട്ടിങ് കമ്പനിയിലെ ജോലിയുപേക്ഷിച്ച് സിനിമയിലെത്തിയപ്പോൾ പലരും നെറ്റിചുളിച്ചു. 'ശരവണൻ' എന്ന ആ ചെറുപ്പക്കാരനെ 'സൂര്യ'യാക്കി പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിച്ചത് സംവിധായകൻ മണിരത്‌നമാണ്. സൂര്യയുടെ ആദ്യചിത്രമായ 'നേർക്കു നേരിന്റെ' നിർമാതാവായിരുന്നു മണിരത്‌നം. തൊണ്ണൂറുകളിൽ കൂട്ടുകെട്ടിന്റെ വിജയംമാത്രമേ, സൂര്യക്ക് തീർക്കാൻ കഴിഞ്ഞുള്ളൂ.
'കാതലേ നിമ്മതി'യിൽ മുരളിയും 'പെരിയണ്ണ'യിൽ വിജയകാന്തും 'ഫ്രണ്ട്‌സി'ൽ വിജയിയും പങ്കാളികളായി. തുടക്കത്തിൽ ഊഷ്മളമായ വരവേൽപ്പൊന്നും ഈ നടന് തമിഴകത്തിൽനിന്ന് കിട്ടിയില്ല. 'അഭിനയവും നൃത്തവുമറിയാത്ത മകൻ അച്ഛന് പേരുദോഷമുണ്ടാക്കും' എന്ന ഗോസിപ്പുവരെ സിനിമാലോകത്ത് മുഴങ്ങി. തുടക്കകാലത്തെ തോൽവികളിൽനിന്ന് പാഠമുൾക്കൊണ്ടാണ് സൂര്യ പിന്നീട് വിജയത്തിലേക്ക് കയറിയത്. അന്നത്തെ വേദനകളിൽനിന്ന് പക്വത നേടി.
''ജീവിതം എപ്പോഴും ഒരുപോലെയായിരിക്കില്ല, ഉയർച്ചയും താഴ്ചയും കാണും. രണ്ടും നേരിടാനുള്ള സംയമനത്തോടെ മുന്നോട്ട് പോകും.'' താരപ്രഭയുടെ വിളയാട്ടം കണ്ട അച്ഛൻ ശിവകുമാറിന്റെ വാക്കുകളായിരുന്നു അന്നത്തെ കരുത്ത്.
ബാല സംവിധാനംചെയ്ത 'നന്ദ' എന്ന ചിത്രമാണ് സൂര്യയുടെ കരിയർ മാറ്റിമറിച്ചത്. ആ ചിത്രം അതുവരെ വിമർശിച്ചവരെക്കൊണ്ടുവരെ തിരുത്തിയെഴുതിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആ ചിത്രത്തിലൂടെ നേടി.
ഗൗതം വാസുദേവ് മേനോന്റെ 'കാക്ക കാക്ക' എന്ന ചിത്രത്തിലേക്ക് സൂര്യയെയെത്തിച്ചത് 'നന്ദ'യായിരുന്നു.
പിന്നീട് ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പിന്റെ നാളുകളായിരുന്നു. എണ്ണത്തെക്കാൾ പുതുമയാർന്ന കഥാപാത്രങ്ങളിലായി ഫോക്കസ്. പേരഴകൻ, ഗജിനി, വാരണം ആയിരം, ആദവൻ, കാക്ക കാക്ക, 24, സിങ്കം, അയൻ, സില്ലുനു ഒരു കാതൽ എന്നീ ചിത്രങ്ങൾ പിറന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ആത്മസമർപ്പണം ചെയ്യുന്ന ഒരു നടന്റെ ജൈത്രയാത്രയായിരുന്നത്. പ്രേക്ഷകഹൃദയത്തിൽ ആ ചിത്രങ്ങളെല്ലാം തീർത്ത അടിത്തറയാണ് സൂര്യ എന്ന താരത്തിന്റെ കരുത്ത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: suriya-career-analysis-kanguva-karuppu-2026
Published: 15 May 2026, 11:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented