മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന, രാജ്കുമാർ പെരിയസാമിയുടെ തമിഴ് ചിത്രം 'ഒഎം' റിലീസ് ചെയ്യാനിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ മലയാളത്തിന്റെ മെഗാസ്റ്റാർ 'പരുക്കനായ' ഒരാളാണെന്ന് താൻ ഒരിക്കൽ കരുതിയിരുന്നുവെന്ന് പറയുകയാണ് ധനുഷ്. അദ്ദേഹത്തിന്റെ തമാശ മനസ്സിലാക്കാൻ തനിക്ക് കുറച്ച് സമയമെടുത്തുവെന്നും. 13 വർഷം മുമ്പ് ഇരുവരും ഒന്നിച്ച് ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചിരുന്നു. 

To advertise here,

“മമ്മൂട്ടി സാർ എന്നാൽ തഗ് ലൈഫ്; തഗ് ലൈഫ് എന്നാൽ മമ്മൂട്ടി സാർ" എന്ന് ധനുഷ് പറഞ്ഞപ്പോൾ മമ്മൂട്ടി ചിരിച്ചുപോയി. താനത് പറയാനുള്ള കാരണം അദ്ദേഹം ഒരിക്കലും നേരെ ഉത്തരം നൽകുന്നയാളല്ല എന്നതുകൊണ്ടാണെന്നും ധനുഷ് കൂട്ടിച്ചേർത്തു. “അദ്ദേഹം ഒരിക്കലും സാധാരണ മറുപടികൾ നൽകില്ല. ഞാനൊരിക്കൽ അദ്ദേഹത്തോട് ചോദിച്ചു, സുഖമാണോ സാർ? അദ്ദേഹം തിരിച്ചു ചോദിച്ചു, എങ്ങനെയുണ്ടെന്നാണ് നിങ്ങൾക്ക് തോന്നുന്നത്? ഞാൻ കുഴപ്പമില്ലാതെ ഇരിക്കുന്നുണ്ടാകും എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, എങ്കിൽ അതുപോലെയായിരിക്കാം എന്ന്,” ധനുഷ് പറഞ്ഞു.

2013-ലിറങ്ങിയ 'പ്രൊപ്രൈറ്റേഴ്സ്: കമ്മത്ത് & കമ്മത്ത്' എന്ന മലയാള ചിത്രത്തിൽ അതിഥി വേഷത്തിലാണ് ധനുഷ് അഭിനയിച്ചത്. അന്ന് തനിക്ക് മമ്മൂട്ടിയെപ്പറ്റി തോന്നിയ അഭിപ്രായവും ഇന്നത്തെ അഭിപ്രായവും തമ്മിൽ വ്യത്യാസമുണ്ടെന്നും നടൻ പറഞ്ഞു. അദ്ദേഹത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ ചില അഭിമുഖങ്ങൾ കണ്ടു. വലിയ ജിജ്ഞാസയുണ്ടായിരുന്നു. അവിടെയുണ്ടായ ചെറിയ ഇടപെടലുകളിൽ അദ്ദേഹം പരുക്കനായാണ് തോന്നിപ്പിച്ചത്. അതിനുശേഷം ഒപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയില്ല. ഇത്തവണ അദ്ദേഹത്തെ കണ്ട് മൂന്ന് ദിവസത്തിന് ശേഷം ഞാൻ മനസ്സിലാക്കി, അദ്ദേഹം വളരെ വിനയാന്വിതനും ലാളിത്യമുള്ളയാളുമാണെന്ന്. അദ്ദേഹത്തിന്റെ ഹ്യൂമർ സെൻസ് വളരെ മികച്ചതാണെന്നും ധനുഷ് പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi