
ചില കുട്ടികള്‍ അങ്ങനെയാണ്. അത് തൊടരുത്, തൊട്ടാല്‍ പൊള്ളും എന്ന് പലവട്ടം പറഞ്ഞാലും അവരതില്‍ തൊട്ടെന്നുവരാം, കൈ പൊള്ളുമ്പോള്‍ മാത്രമേ നമ്മള്‍ പറഞ്ഞതിന്റെ ഗൗരവം എത്രത്തോളമാണെന്ന് അവര്‍ക്ക് മനസ്സിലാവുകയുള്ളൂ. ശ്രീവിദ്യയും അങ്ങനെയായിരുന്നു. തനിക്ക് ചുറ്റുമുള്ള സകല മനുഷ്യരെയും കണ്ണടച്ചുവിശ്വസിച്ചു. പൊള്ളലുകള്‍ ഏറെ ഏറ്റുവാങ്ങിയിട്ടും പലപ്പോഴും അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഒരുപക്ഷേ, അതായിരിക്കാം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയവും. അമ്പത്തിമൂന്ന് വയസ്സിനുള്ളില്‍ സിനിമയില്‍ ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാള്‍ വലിയൊരു ജീവിതമാണ് അവര്‍ ജീവിച്ചുതീര്‍ത്തത്. ഒരര്‍ഥത്തില്‍ വേദനകളുടെ കടലായിരുന്നു ആ ജീവിതം. അതിനുമുന്നില്‍നിന്ന് നിശ്ശബ്ദയായി ഒരുപാട് കരഞ്ഞിട്ടുണ്ടാവണം അവര്‍. ഒരു ദുഃഖത്തില്‍നിന്ന് കരകയറാന്‍ വിദ്യ കണ്ട വഴികള്‍ പലപ്പോഴും വലിയ ദുഃഖങ്ങളിലേക്കാണ് അവരെ കൊണ്ടുചെന്നെത്തിച്ചത്. എന്നിട്ടും തന്റെ വേദനകള്‍ അധികമാരെയും അറിയിക്കാന്‍ അവര്‍ താത്പര്യം കാണിച്ചില്ല. അതുകൊണ്ടുതന്നെ വ്യക്തിജീവിതത്തില്‍ വിദ്യ അനുഭവിച്ച കഠിനവേദനകള്‍ എത്രത്തോളമായിരുന്നുവെന്ന് അവരുടെ മരണശേഷം മാത്രമാണ് മിക്കവരും മനസ്സിലാക്കിയത്. അഭിനേത്രി എന്ന് വിളിക്കാവുന്ന അപൂര്‍വം ആര്‍ട്ടിസ്റ്റുകളിലൊരാളായിരുന്നു ശ്രീവിദ്യ. സത്യത്തില്‍ ആര്‍ട്ടിസ്റ്റ് എന്നനിലയില്‍ ശ്രീവിദ്യയോട് എനിക്കിന്നും ആരാധനയാണ്.
എ വിന്‍സെന്റ് മാഷ് സംവിധാനംചെയ്ത 'ചെണ്ട'യായിരുന്നു ഞങ്ങളൊന്നിച്ച ആദ്യചിത്രം. ആ സിനിമതന്നെ ശ്രീവിദ്യ എന്ന കലാകാരിയുടെ കഴിവ് വ്യക്തമാക്കുന്നതായിരുന്നു. പിന്നീട് 'അക്കല്‍ദാമ', 'തീക്കനല്‍', 'ഹൃദയം ഒരു ക്ഷേത്രം', 'പ്രഭാത സന്ധ്യ', 'ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച', 'ജീവിതം ഒരു ഗാനം', 'വേനലില്‍ ഒരു മഴ', 'സ്വന്തമെന്ന പദം', 'വെള്ളം', 'മീന്‍', 'ദീപം', 'ഉദയം പടിഞ്ഞാറ്', 'പിന്‍ നിലാവ്' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഞങ്ങള്‍ നായികാനായകന്മാരായി. വിദ്യ നായികയായി. ഏത് കഥാപാത്രമായും മാറാനുള്ള അഭിനയ വൈദഗ്ധ്യം ശ്രീവിദ്യയ്ക്കുണ്ടായിരുന്നു. കോമ്പിനേഷന്‍ സീനുകളില്‍ പലപ്പോഴും വിദ്യ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അത്രമാത്രം തന്മയത്വത്തോടെയാണ് അവര്‍ ഓരോ കഥാപാത്രങ്ങള്‍ക്കും ഭാവം പകര്‍ന്നത്.
ഏത് കഥാപാത്രത്തിന്റെ വിജയത്തിന് പിറകിലും ഒപ്പമഭിനയിക്കുന്നവരുടെ വലിയ സഹകരണം ഉണ്ടാവും. എന്റെ പല വേഷങ്ങളും പൂര്‍ണമായതിന് പിന്നിലും നടീനടന്മാര്‍ തമ്മിലുള്ള ഈ രസതന്ത്രമുണ്ട്. ഷീലയും ശാരദയും ജയഭാരതിയുമൊക്കെ എന്റെ മിക്ക സിനിമകളിലും നായികമാരായി വന്നെങ്കിലും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടത് ഞാനും ശ്രീവിദ്യയും തമ്മിലുള്ള കോമ്പിനേഷനായിരുന്നു. മറ്റുള്ള നായികമാര്‍ ശ്രീവിദ്യയ്ക്ക് താഴെയാണ് എന്നല്ല ഇതിനര്‍ഥം. ആകാരാഭിനയത്തിന്റെ പൊരുത്തം കൂടി ഞങ്ങളവതരിപ്പിച്ച കഥാപാത്രങ്ങളുടെ വിജയത്തിന് പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഒരു മത്സരം ഞങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിയതില്‍ ഒട്ടും അദ്ഭുതമില്ല.
അഭിനയവും നൃത്തവും സംഗീതവും ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ വിദ്യയ്ക്ക് കഴിഞ്ഞിരുന്നു. അത് അവരുടെ കലാജീവിതത്തിലെ വലിയ നേട്ടംതന്നെയായിരുന്നു. ഭാഷയുടെ അതിരുകള്‍ ഭേദിച്ച് ശ്രീവിദ്യയിലെ നടി പ്രശസ്തയായപ്പോഴും തന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടി ശ്രീവിദ്യ മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിരുന്നില്ല. മംഗ്ലീഷ് സംസാരിക്കുന്ന ഒരുപാട് നായികമാര്‍ മലയാളത്തിലുള്ളപ്പോള്‍ ഇവിടെ ശുദ്ധമലയാളത്തില്‍ സംസാരിച്ചിരുന്ന നടിയായിരുന്നു വിദ്യ. അവരുടെ കഴിവുകളത്രയും അനുഗ്രഹം പോലെയായിരുന്നു.
യഥാര്‍ഥത്തില്‍ കഴിവിനൊത്ത അംഗീകാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിരുന്നില്ലെന്നുവേണം പറയാന്‍. അപ്പോഴും, താന്‍ അവതരിപ്പിക്കുന്ന കഥാപാത്രം എത്ര ചെറുതായാലും വലുതായാലും പ്രേക്ഷകരുടെ മനസ്സില്‍ തറഞ്ഞിറങ്ങും വിധം അവതരിപ്പിക്കാനുള്ള അദ്ഭുതസിദ്ധി വിദ്യയ്ക്കുണ്ടായിരുന്നു. കാമുകിയും ഭാര്യയുമായി അഭിനയിക്കുമ്പോഴും അമ്മയായും അമ്മൂമ്മയായും വേഷമിടാനുള്ള തന്റേടം അവര്‍ കാണിച്ചിരുന്നു.
വേഷത്തിന്റെ വലുപ്പചെറുപ്പം വിദ്യയെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ലായിരുന്നു. താന്‍ ഒരു വലിയ നടിയാണെന്ന ഭാവവും അവരിലുണ്ടായിരുന്നില്ല.
കലാകാരി എന്ന നിലയില്‍ ഒട്ടേറെപേര്‍ക്ക് റോള്‍ മോഡലായിരുന്നു ശ്രീവിദ്യ. ഏത് കലാകാരിയും ആഗ്രഹിക്കുന്ന കഴിവുകള്‍ വിദ്യയിലുണ്ടായിരുന്നു. ഇത്രയേറെ സിദ്ധി കൊടുത്തിട്ടും ദൈവം അവരെ വല്ലാതെ കഷ്ടപ്പെടുത്തി എന്നുവേണം പറയാന്‍. സിനിമയ്ക്കപ്പുറം ആ ജീവിതത്തിന്റെ പല ഘട്ടങ്ങളും വളരെ ദുഃഖകരമായിരുന്നു. പലതും വിദ്യ തന്നെ വരുത്തിവെച്ചതുമായിരുന്നു.
പ്രണയവും പ്രണയഭംഗവുമായി ജീവിതത്തില്‍ പലതും സങ്കീര്‍ണമായ തിരിച്ചടികളായി മാറിയപ്പോള്‍ അമ്മ വസന്തകുമാരിയിലും ആത്മീയതയിലും അവര്‍ അഭയം തേടി. പ്രശസ്ത സംഗീതജ്ഞകൂടിയായ അമ്മ എം.എല്‍. വസന്തകുമാരിയുടെ മരണം വിദ്യയെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു. എന്നിട്ടും അവര്‍ പിടിച്ചുനിന്നത് കല നല്‍കിയ ആനന്ദത്തിലാണ്. അഭിനയത്തോടൊപ്പം നൃത്തത്തിലും കച്ചേരികളിലും ശ്രദ്ധിച്ചു മുന്നേറുന്നതിനിടയിലാണ് രോഗം അവരെ കീഴ്‌പ്പെടുത്താന്‍ തുടങ്ങിയത്. വിദ്യയുടെ രോഗത്തെപ്പറ്റി വളരെ വൈകിയാണ് ഞാനറിയുന്നത്.
ആ ഘട്ടങ്ങളില്‍ എന്നെ കാണാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സായിഭജന്‍ പാടുന്ന ശ്രീവിദ്യയെയാണ് ഒടുവില്‍ ഞാന്‍ കാണുന്നത്. പിന്നീട് രണ്ടുമൂന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഒട്ടും വയ്യാതെ ആശുപത്രിയിലാണെന്നും അറിഞ്ഞു. വൈകാതെ അവസാനത്തെ ഉറക്കത്തിലുള്ള ആ രൂപവും എന്റെ മുന്നിലൂടെ കടന്നുപോയി.
Content Highlights: actor madhu talking about actor sreevidya
Published: 21 Apr 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented