താരസംഘടനായ അമ്മയിൽ(AMMA) ഉയർന്ന തൊഴിൽപീഡനപരാതിയും തുടർന്ന് ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ഹസന്റെ രാജിയും സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവർക്കെതിരായുള്ള ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂടുപിടിക്കുമ്പോൾ, കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേത മേനോൻ അൻസിബയുടെ രാജിയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകിയിരുന്നു.

പിന്നാലെ സംഘടനയിലെ മറ്റ് അംഗങ്ങളും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. അൻസിബ രാജിവെക്കാൻ ഇടയായ സാഹചര്യവും ഭരണസമിതിയുമായുണ്ടായ അഭിപ്രായഭിന്നതകളും സംഘടനയ്ക്കുള്ളിലെ നിലപാടുകളും ഗൃഹലക്ഷ്മി ഓൺലൈനുമായി പങ്കുവെക്കുകയാണ്‌ നടി ഉഷ.

“വളരെ നാണക്കേടായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴത്തെ ടീം ‘അമ്മ’ എന്ന സംഘടന നയിക്കാൻ യോഗ്യരല്ല എന്ന് അന്ന് ഞങ്ങളൊക്കെ പറഞ്ഞത് ഇതുകൊണ്ടാണ്. പറഞ്ഞതുപോലെതന്നെ സംഭവിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ്, ഭരണസമിതിയുടെ ആരംഭഘട്ടത്തിൽതന്നെ
അൻസിബയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. അക്കാര്യം അവൾ എന്നോട് പറഞ്ഞിട്ടുമുണ്ട്.
അൻസിബയെ വല്ലാതെ ഒറ്റപ്പെടുത്തുകയായിരുന്നു. പലപ്പോഴും അവൾ അവിടെ പൊട്ടിക്കരഞ്ഞിട്ടുണ്ട്. അൻസിബ ഒരു മതതീവ്രവാദിയാണ്, ജിഹാദിയാണ് എന്നൊക്കെ പറഞ്ഞ് അവളെ ഒറ്റപ്പെടുത്തുകയും വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുകയുമായിരുന്നു. അവിവാഹിതയായ ഒരു പെൺകുട്ടിയെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്.

ചില അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതുകൊണ്ട് അൻസിബയ്ക്ക് പോലീസ് സ്‌റ്റേഷൻവരെ കയറേണ്ടിവന്നു. പല മാനസിക പീഡനങ്ങളും ഏൽക്കേണ്ടിവന്നു. ചില നിലപാടുകൾ അൻസിബ വ്യക്തമാക്കിയതുകൊണ്ടാണ് അൻസിബയ്‌ക്കെതിരെ ജിഹാദി, മതതീവ്രവാദി എന്ന ആരോപണമൊക്കെ ഉണ്ടായത്. അവിടെ നിന്നുകഴിഞ്ഞാൽ മാനസികമായി തളരുമെന്നും ഇനിയും ഒരുപാട് പ്രശ്‌നങ്ങൾ കേൾക്കേണ്ടിവരുമെന്നുമുള്ള അവസ്ഥ വന്നപ്പോഴാണ് അൻസിബ രാജിവെച്ചത്.

കുറച്ചുനാൾ എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ അൻസിബ പങ്കെടുത്തിരുന്നില്ലെന്നും ഞാൻ കേട്ടിരുന്നു. അൻസിബ രാജിവെക്കുന്നുവെന്നറിഞ്ഞപ്പോൾ എനിക്ക് വലിയ ഞെട്ടലൊന്നുമുണ്ടായില്ല. കാരണം, മുമ്പ് അൻസിബ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ, ‘ഇപ്പോൾ രാജിവെക്കേണ്ട, സമാധാനപ്പെട്, കുറച്ച് കഴിഞ്ഞ് നമുക്ക് നോക്കാം’ എന്നൊക്കെ പറഞ്ഞ് ഞങ്ങൾ ആശ്വസിപ്പിച്ചിരുന്നു. ശരിയാകുമെന്നാണ് കരുതിയത്. പക്ഷേ, ഇങ്ങനെയൊക്കെ ആയിത്തീർന്നു.

സംഘടനയെ നയിക്കാൻ സ്ത്രീകൾ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇവർക്ക് പറ്റില്ലെന്ന് പറഞ്ഞ് എതിർത്തിരുന്നുവെങ്കിലും അവരെ തെരഞ്ഞെടുത്തശേഷം എല്ലാ പിന്തുണയും ഞങ്ങൾ അവർക്ക് നൽകിയിരുന്നു. ഭരിക്കട്ടെ എന്നു കരുതി എല്ലാ പരിപാടികളിലും ഞങ്ങളും പങ്കെടുത്തു, പിന്തുണച്ചു. മാനേജരായിരുന്ന അതുല്യയുടെ പരാതി അവസാനമാണ് ലഭിക്കുന്നത്. അതിനുമുമ്പ് തന്നെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്കകത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഉള്ളിൽ തീർക്കേണ്ട വിഷയങ്ങളായിരുന്നു അതെല്ലാം. ഏതെല്ലാം സംഘടനകളിൽ എന്തെല്ലാം പ്രശ്‌നങ്ങൾ നടക്കുന്നു. പുറംലോകം അറിയാതെ അതെല്ലാം ഒത്തുതീർപ്പാക്കുന്നില്ലേ. ഇവിടെ കമ്മിറ്റിക്കകത്ത് തന്നെയുള്ള ആളുകളാണ് എല്ലാ കാര്യങ്ങളും വോയ്‌സ് ക്ലിപ്പുകളും പുറത്തേക്ക് വിടുന്നത്. അതൊരു ശരിയായ പ്രവണതയല്ല. ഇവരൊക്കെ തന്നെ അടുത്ത കമ്മിറ്റിയിലേക്കും വന്നാൽ ഇതുതന്നെയേ സംഭവിക്കുള്ളൂ.

നേരത്തെ ഇന്നസെന്റേട്ടനും ലാലേട്ടനും പ്രസിഡന്റായിരുന്നപ്പോഴും ഇടവേള ബാബു സെക്രട്ടറി ആയിരുന്ന സമയത്തും പ്രസിഡന്റിനോട് ചോദിക്കാതെ, അല്ലെങ്കിൽ അവർ അറിയാതെ, ഒരില പോലും അമ്മ സംഘടനയിൽ അനങ്ങിയിട്ടില്ല. അപ്പോൾ പ്രസിഡന്റ് അറിയേണ്ടതില്ലെന്ന് കുക്കു പരമേശ്വരൻ മാനേജരോട് പറഞ്ഞതിൽ ഒരു ന്യായവുമില്ല. അത് ശരിയല്ല.

ഈ സംഘടന കൂട്ടായി നിന്നിട്ടല്ലേ മുന്നോട്ടുകൊണ്ടുപോകേണ്ടത്. എല്ലാവരും ഒരുമിച്ച് നിൽക്കണം. പക്ഷേ അവിടെ മൂന്ന് ഗ്രൂപ്പുകളാണുള്ളത്. ആദ്യം രണ്ട് ഗ്രൂപ്പായിരുന്നു. ഇപ്പോൾ മൂന്നായി. ഒന്ന് കുക്കു പരമേശ്വരന്റെ ഗ്രൂപ്പ്, പിന്നെ ലക്ഷ്മിപ്രിയയും ശ്വേതയുമുള്ള ഒരു ഗ്രൂപ്പ്, പിന്നെ ഇതിലൊന്നും പെടാതെ നിൽക്കുന്ന ചേർത്തല ജയനും ജോയ് മാത്യുവുമൊക്കെയുള്ള ഒരു ഗ്രൂപ്പ്. അവർ എല്ലാവരുടെയും കാര്യങ്ങൾ കേട്ടുകൊണ്ട്, അഭിപ്രായം പറയുന്ന ഗ്രൂപ്പാണ്. ഇവരൊന്നും അവിടെ നടക്കുന്ന പല കാര്യങ്ങളും അറിയുന്നില്ല. പ്രത്യേകിച്ച് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ സ്ത്രീകൾ.

ഇനി ഒരിക്കൽപോലും സ്ത്രീകൾ അവിടെ ഭരിക്കാൻ വരരുത് എന്ന നിലയിൽ അതിനകത്തുള്ള, സംഘടനയിലുള്ള ചില ആളുകൾ ചേർന്ന് കുട്ടിച്ചോറാക്കിയതാണ് ഈ ഭരണസമിതി. പലരും പലരുടെയും ഇടയിൽ കുത്തിത്തിരുപ്പുണ്ടാക്കി, സംഘടനയുടെ ഭരണം ഇനി ഒരിക്കലും സ്ത്രീകൾക്ക് കൊടുക്കരുത് എന്ന നിലയിലേക്ക് കൊണ്ടെത്തിച്ചു. അല്ലെങ്കിലും ഇപ്പോഴുണ്ടായ ഭരണസമിതി ആരും ഇഷ്ടത്തോടെ കൊടുത്തതൊന്നുമായിരിക്കില്ല. ഇതൊന്നും ബുദ്ധിയില്ലാത്ത ഇവർക്ക് മനസ്സിലാകുന്നില്ല. ഒന്നുകിൽ മനസ്സിലാകാത്തതുകൊണ്ടാണ്. അല്ലെങ്കിൽ മനസ്സിലാക്കിക്കൊണ്ടുതന്നെ ഇത് കുട്ടിച്ചോറാക്കിത്തരാം എന്ന നിലയിൽ പ്രവർത്തിക്കുന്നതാണ്.

ഇനിയൊരു തെരഞ്ഞെടുപ്പ് വരുമ്പോൾ മറ്റുളളവർ പറയുമല്ലോ, ‘സ്ത്രീകൾക്ക് ഭരണം കൊടുത്തിട്ടെന്താ, ഇതല്ലേ അവസ്ഥ’ എന്ന്. വളരെ ബുദ്ധിപൂർവമായ കളികളാണ് ഇവിടെ നടക്കുന്നത്.

എന്റെ അഭിപ്രായം ഇപ്പോഴത്തെ ഭരണസമിതി പിരിച്ചുവിടണമെന്നതാണ്. ഈ ഭരണസമിതി മൊത്തത്തിൽ മാറ്റണം. എക്‌സിക്യുട്ടീവ് കമ്മിറ്റിക്കകത്തുള്ള ആളുകളാണ് ഈ വാർത്തകൾ പുറത്ത് വിടുന്നത്. സംഘടനയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവർ എന്തിനാണ് പൊതുസമൂഹത്തിനിടയിലേക്ക് ഇട്ടുകൊടുക്കുന്നത്. അതൊക്കെ തെറ്റായ നടപടിയല്ലേ. സംഘടനയെ മോശമാക്കുന്ന പ്രവൃത്തികളാണ്.

കഴിഞ്ഞ ഒരു വർഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നടന്ന അടിയും ബഹളവും ഓൺലൈൻമാധ്യമങ്ങളിലൂടെയാണ് സംഘടനയിലെ അംഗങ്ങളായ ഞങ്ങൾ അറിയുന്നത്. അത് പൊതുസമൂഹത്തിനുമുന്നിൽ വരുത്തേണ്ട ആവശ്യമില്ലായിരുന്നു. സംഘടനാപരമായ പല കാര്യങ്ങളും ജനറൽ ബോഡിയിൽ സംസാരിക്കാനിരിക്കുമ്പോഴാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ ഇത്തരം കഥകൾ ഓൺലൈൻ മീഡിയയിലൂടെ പുറത്തുവരുന്നത്. അത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. പൊതുസമൂഹം അറിയുമ്പോഴാണ് പലതും നമ്മളും അറിയുന്നത്. അച്ചടക്കമുള്ള ഒരു അംഗം എന്ന നിലയിൽ മെമ്മറി കാർഡിന്റെ വിഷയമുൾപ്പെടെ പലതും ജനറൽ ബോഡിയിൽ സംസാരിക്കാനിരിക്കുകയാണ് ഞാൻ.

അതുകൊണ്ട് ഈ ഭരണസമിതിയെ പിരിച്ചുവിട്ട്, സംഘടനയിലെ മുതിർന്ന ആളുകൾ കഴിവുള്ള മറ്റുള്ളവരെ ഭരണച്ചുമതല ഏൽപ്പിക്കുന്നതാണ് നല്ലത്. അതിന് ഇനി തിരഞ്ഞെടുപ്പ് വെക്കണമെന്നൊന്നുമില്ല. ഒരു പാനൽ രൂപീകരിച്ച് അംഗങ്ങളെ തിരഞ്ഞെടുത്ത് ഇനിയുള്ള രണ്ട് വർഷം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടത്. അല്ലാതെ ഭരണസമിതിയിലെ ഒന്നോ രണ്ടോ പേരെക്കൊണ്ട് രാജിവെപ്പിച്ചിട്ട് കാര്യമില്ല. മൊത്തത്തിൽ പിരിച്ചുവിടട്ടെ.

കഴിവുള്ളവരെ വെച്ച് സംഘടന ഭരിക്കട്ടെ. പ്രശ്‌നങ്ങളില്ലാത്ത, കേസൊന്നുമില്ലാത്ത, അഴിമതി നടത്താത്ത ആരെ വേണമെങ്കിലും വെച്ചോട്ടെ. എന്തായാലും ഈ ഭരണസമിതി മുന്നോട്ടുപോയാൽ ഇതുതന്നെയാകും അവസ്ഥ. അടിയും ബഹളവും തന്നെയായിരിക്കും. അതിൽ യാതൊരു സംശയവുമില്ല. എന്തൊരു നാണക്കേടാണിത്. സംഘടനയ്ക്കാണ് നാണക്കേട്.

ഇപ്പോൾ പോലീസ് സ്‌റ്റേഷനിൽ നമ്മൾ സമാധാനം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരുപാട് പാവങ്ങൾക്ക്, ജോലി ഇല്ലാത്തവർക്ക്, പ്രായമായ അമ്മമാർക്കും അച്ഛന്മാർക്കുമൊക്കെ കൈനീട്ടവും മെഡിക്കൽ ഇൻഷൂറൻസുമൊക്കെ നൽകുന്ന സംഘടനയാണ്. ‘അമ്മ’ നിലനിൽക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്.”

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi