
സിനിമപോലെ ഇത്രയും ജനകീയമായ മറ്റൊരു കലാരൂപം ലോകത്ത് വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടായിരിക്കാം, അഭ്രമോഹം ഒരു ലഹരിയായി മനസ്സിലേക്ക് പടർന്നുകയറുമ്പോൾ സിനിമയെന്ന മായികലോകത്തേക്ക് എത്തിപ്പെടാനായി മനസ്സും മെയ്യും മിനുക്കി നടക്കുന്ന എത്രയെത്ര യുവമനസ്സുകളാണുള്ളത്. സിനിമ എന്ന മാധ്യമത്തിന്റെ ഭാഗമാകാനാകാതെ വലിയ നിരാശയിൽ കഴിയുന്ന പലരെയും എനിക്കറിയാം. ചിലർക്ക് ഒന്നുരണ്ട് സിനിമകളിൽ മുഖംകാണിക്കാൻ അവസരം കിട്ടിയാലും പെട്ടെന്ന് ബ്രെയ്ക്കപ്പായി ഒന്നുമാകാതെ വന്നവഴിയേ തിരിച്ചുപോരുന്നവരുമുണ്ട്. എന്നാൽ, വെള്ളിത്തിരയുടെ വിസ്മയമായിമാറി ലോകം മുഴുവൻ അറിയപ്പെടുന്ന താരസ്വരൂപങ്ങളായി വിരാജിക്കുന്ന താരബിംബങ്ങളും ഇവിടെ വാണരുളുന്നുണ്ട്.
ഇത്രയും ആമുഖമായി ഇവിടെ കുറിക്കാൻ കാരണം കഥയിലെ നായികമാർ എന്ന കോളത്തിലേക്ക് പെട്ടെന്ന് കയറിവന്ന, 1980 കാലത്ത് മലയാളസിനിമയുടെ ശാലീനമുഖമായിരുന്ന കാർത്തിക എന്ന അഭിനേത്രിയെക്കുറിച്ച് ഓർത്തപ്പോഴാണ്.
ബാലചന്ദ്രമേനോന്റെ, ഒരു പൈങ്കിളിക്കഥ, മണിച്ചെപ്പ് തുറന്നപ്പോൾ എന്നീ ചിത്രങ്ങളിലൂടെ കടന്നുവന്ന കാർത്തികയ്ക്ക് മലയാളസിനിമയുടെ നിറസാന്നിധ്യമായിമാറാൻ അധികനാളുകൾ വേണ്ടിവന്നില്ല. മലയാളസിനിമയിൽ മറ്റൊരു താരത്തിനും കിട്ടാത്ത ഒരു താരത്വമാണ് കാർത്തികയിൽ വന്നുചേർന്നത്. ഭാഗ്യം ഒത്തിരി കടാക്ഷിച്ചെങ്കിലും നാലഞ്ചുവർഷംമാത്രമേ അഭിനയരംഗത്ത് നിൽക്കാനായുള്ളൂ. കാർത്തികയുടെ ഈ വിരമിക്കൽപ്രഖ്യാപനം വരുന്നതിനുമുൻപാണ് ഞാനും ജോഷിയും കൂടി ചെയ്ത 'ജനുവരി ഒരു ഓർമ്മ'യിലേക്ക് ഞങ്ങൾ വിളിക്കുന്നത്. ആ ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴുണ്ടായ അനുഭവസാക്ഷ്യങ്ങളിലേക്ക് ഒന്ന് പോകാം.
1986 അവസാനമാണ് ജനുവരി ഒരു ഓർമ്മയുടെ ഷൂട്ടിങ് തുടങ്ങുന്നത്. കൊടൈക്കനാലായിരുന്നു ലൊക്കേഷൻ. ഷൂട്ട് തുടങ്ങുന്നതിന്റെ രണ്ടുനാൾ മുൻപേതന്നെ ഞാനും ജോഷിയും കൊടൈക്കനാലിൽ എത്തിയിരുന്നു. ആദ്യാവസാനമുള്ള ഒരു സീൻ ഓർഡർ മാത്രമാണ് കയ്യിലുള്ളത്. ഫുൾ സ്‌ക്രിപ്റ്റ് ഇവിടെയിരുന്നുവേണം എഴുതിത്തീർക്കാൻ. മോഹൻലാൽ, കാർത്തിക, സോമൻ, ജയഭാരതി, സുരേഷ് ഗോപി, രോഹിണി, ലാലു അലക്സ്, ജഗതി, മണിയൻപിള്ള രാജു, പ്രതാപ് ചന്ദ്രൻ തുടങ്ങി വൻതാരനിരയുള്ള ചിത്രമാണിത്.
ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്ന് വൈകുന്നേരത്തോടെയാണ് കാർത്തിക എത്തുന്നത്. കൂടെ അമ്മയുമുണ്ട്. മോഹൻലാലും പ്രതാപ് ചന്ദ്രനും ലാലു അലക്സും സോമനും പിറ്റേന്ന് രാവിലെയേ എത്തൂ. തിരക്കഥയെഴുത്തിന്റെ തിരക്കിൽ കാർത്തികയെ, കഥയും കഥാപാത്രസ്വഭാവവുമൊക്കെ പറഞ്ഞുമനസ്സിലാക്കാനായി ജോഷിയുടെ അസോസിയേറ്റ് ഡയറക്ടറായ പോൾ ഞാറയ്ക്കലിനെയാണ് ഞാൻ ഏൽപ്പിച്ചത്.
കാർത്തിക അഭിനയിച്ച സിനിമകൾ കണ്ടിട്ടുണ്ടെന്നല്ലാതെ ഇതുവരെ ഞാൻ ആളെ നേരിൽ കണ്ടിട്ടില്ല. ഷൂട്ടിങ് തുടങ്ങിയ ദിവസം ലൊക്കേഷനിൽവെച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പെട്ടെന്ന് കാണുമ്പോൾ ഒരു നായികാതാരമാണെന്നൊന്നും തോന്നില്ല. നമ്മുടെയൊക്കെ വീട്ടിലുള്ള ഒരു സാധാരണ പെൺകുട്ടിയുടെ രൂപലാവണ്യമുള്ള മുഖം. പല്ലുകൾ പുറത്തുകാണാതെയുള്ള, ചുണ്ടിൽ വിരിയുന്ന ചിരിപ്രസാദം, ശബ്ദം കുറച്ചുള്ള വായ്മൊഴികൾ, ആദ്യകാഴ്ചയിൽതന്നെ എനിക്ക് അങ്ങനെയാണ് തോന്നിയത്.
സ്വിച്ചോൺ കഴിഞ്ഞ് മോഹൻലാലും കാർത്തികയും കൂടിയുള്ള ഒരു ഔട്‌ഡോർ സീനാണ് എടുക്കാൻപോകുന്നത്. ചെറിയ തരികിടയും കുസൃതിയുമൊക്കെയായി നടക്കുന്ന അൺഓതറൈസ്ഡ് ഗൈഡായ രാജു എന്ന ഒരു രസികൻ കഥാപാത്രമാണ് മോഹൻലാലിന്റെത്. കുടുംബസമേതം കൊടൈക്കനാൽ സന്ദർശിക്കാനെത്തുന്ന നിമ്മി എന്ന ഉന്നതവിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയായിട്ടാണ് കാർത്തിക ഇതിൽ വരുന്നത്.
ഗൈഡ് രാജു, നിമ്മിയുടെ കുടുംബവുമായി പെട്ടെന്ന് കൂടുതൽ അടുക്കുന്നു. അവളെ കൊടൈക്കനാലിലെ സൂയിസൈഡ് പോയിന്റ് കാണിക്കാൻ കൊണ്ടുപോകുന്ന ഒരു സീനാണ് എടുക്കുന്നത്. ആദ്യദിവസത്തെ ഷൂട്ടായതുകൊണ്ട് കാർത്തികയുടെ അഭിനയം കാണാൻവേണ്ടി ഞാനും ജോഷിയോടൊപ്പം ലൊക്കേഷനിൽ പോയിരുന്നു. സൂയിസൈഡ് പോയിന്റിനടുത്തുള്ള നടപ്പാതയിലൂടെ അവർ നടക്കുമ്പോൾ രാജു പറയുന്നു.
''ദാ, ആ കാണുന്നതാണ് സൂയിസൈഡ് പോയിന്റ്, വാ.''
നിമ്മി രാജുവിനോടൊപ്പം പതുക്കെ നടന്ന് കുഞ്ഞു മഞ്ഞുമലകയറി മുകളിലെത്തുന്നു. വെള്ളപ്പട്ടുവാരി പുതച്ചതുപോലെയുള്ള വിശാലമായ ആകാശവും താഴെ മഞ്ഞുമൂടിക്കിടക്കുന്ന അഗാധഗർത്തവും കണ്ട് അദ്ഭുതംകൂറിക്കൊണ്ട് നിമ്മി സ്വയം പറഞ്ഞു.
''ഹോ കാലൊന്ന് തെറ്റി താഴേക്ക് പോയാൽ''
വാചകം പൂർത്തിയാക്കുമുൻപേ രാജു കൂട്ടിച്ചേർത്തു.
''പൊടിപോലും കാണില്ല.''
''എങ്ങനെയാണ് ഈ സൂയിസൈഡ് പോയിന്റ് എന്ന പേരുണ്ടായത്?''
''അത് പണ്ട് സായിപ്പന്മാരുടെകാലത്ത് അവര് സുന്ദരിമാരായ പെൺകുട്ടികളെ വലവീശിപ്പിടിച്ചു...''
''വലവീശി പിടിച്ചോ? അത് എന്ത് വലയാ?''
നിമ്മിയിൽ കൗതുകം കൂടി.
''അത്... അത് അവരെ പിടിച്ച് അവർ മാനഭംഗപ്പെടുത്തുമായിരുന്നു. അങ്ങനെ ചാരിത്ര്യം നഷ്ടപ്പെട്ട പല പെൺകുട്ടികളും ഇവിടെ വന്നാണ് ചാടിച്ചത്തിരുന്നത്. അങ്ങനെയാണ് സൂയിസൈഡ് പോയിന്റ് എന്ന പേര് കിട്ടിയത്.''
''ഏതായാലും സായിപ്പന്മാരെക്കൊണ്ട് ഇങ്ങനെയൊരു പേരുണ്ടായല്ലോ?''
നിമ്മിയുടെ ചെറുപരിഹാസം കേട്ട് രാജു തുടർന്നു.
''പിന്നേ ഈയിടെ അടുത്തൊരു സൂയിസൈഡുണ്ടായി. ഒരു കോളേജ് ബ്യൂട്ടി. അത് സംതിങ് ലവ് ഫെയിലിയറാണെന്ന് തോന്നുന്നു. അവർ മദ്രാസിൽനിന്ന് ഫ്‌ളൈറ്റ് പിടിച്ച് മധുരയിൽ വന്നിറങ്ങി ഒരു ടാക്സി വിളിച്ച്് ഇവിടെയെത്തി ചാടി ചത്തു.''
''അതുകൊള്ളാമല്ലോ? അപ്പോൾ ലൗ ഫെയിലിയവർക്കായുള്ള ഒരു ഫെയ്മസ് പ്ലെയ്സാണല്ലേ ഇത്? എന്നാൽ ഞാൻ ഒന്ന് ചാടിനോക്കട്ടെ?''എന്നും പറഞ്ഞുകൊണ്ട് നിമ്മി കുസൃതിയോടെ താഴേക്ക് ചാടാൻപോയപ്പോൾ രാജു പെട്ടെന്നുതന്നെ അവളുടെ കൈത്തണ്ടയിൽ പിടിച്ച് മുന്നോട്ട് വലിച്ചു. രാജുവിന്റെ കരസ്പർശം ഏറ്റപ്പോൾ നിമ്മിയുടെ മിഴികളിൽ വിസ്മയം വിടർന്നു. അതുകണ്ട് അവൻ പതുക്കെ അവളുടെ കൈയിൽനിന്ന് പിടിവിട്ടു. നിമിഷങ്ങൾ…
ജോഷി അപ്പോൾതന്നെ കട്ട് പറഞ്ഞു. ആ സീൻ വളരെ മനോഹരമായി ചിത്രീകരിച്ചതിന്റെ അഭിനന്ദനംപോലെ യൂണിറ്റിലുണ്ടായിരുന്ന എല്ലാവരും ഒരുപോലെ കയ്യടിച്ചെങ്കിലും എനിക്ക് ആ കൈതട്ടലിന്റെ കൂടെക്കൂടാനായില്ല. എന്റെയുള്ളിൽ വല്ലാത്തൊരു ഭീതിയുടെ തിരയിളക്കമായിരുന്നു.
എന്നാൽ ഞാനൊന്ന് ചാടിനോക്കട്ടെയെന്ന് പറഞ്ഞ് കാർത്തിക മുന്നോട്ടാഞ്ഞപ്പോൾ മോഹൻലാൽ പെട്ടെന്നുതന്നെ അവളുടെ കൈയ്ക്കുകയറി പിടിച്ചുവലിച്ചില്ലായിരുന്നെങ്കിൽ അവിടെ വലിയൊരു ദുരന്തംതന്നെ സംഭവിക്കുമായിരുന്നില്ലേ എന്നൊരു ചിന്തയിലായിരുന്നു ഞാൻ. കാർത്തികയുടെ കാൽ അറിയാതെ വഴുതിപ്പോയതുപോലെയാണ് എനിക്ക് തോന്നിയത്. മറ്റാർക്കും തോന്നാത്ത, കാർത്തികയ്ക്കുപോലും തോന്നാത്തത്, ഒരുപക്ഷേ, എന്റെമാത്രം തോന്നലായിരിക്കുമത്. ഇപ്പോൾ ഇതൊക്കെ കാർത്തിക ഓർക്കുന്നുണ്ടാകുമോ എന്നറിയില്ല.
ഇടയ്ക്കിടയ്ക്ക് സിനിമയുടെ പഴംപുരാണങ്ങളിലേക്ക് മനസ്സ് അറിയാതെ കടന്നുചെല്ലുമ്പോൾ, നീണ്ട മുപ്പത്തിയെട്ടുവർഷം മുൻപുനടന്ന സൂയിസൈഡ് പോയിന്റിന്റെ ഓർമ്മയുടെ തീരത്തിലൂടെ ഞാൻ സഞ്ചരിക്കാറുണ്ട്.
1987 ജനുവരി 25-നാണ് ജനുവരി ഒരു ഓർമ്മ റിലീസായത്. ചിത്രം മെഗാഹിറ്റായിമാറുകയും ചെയ്തു. ഒത്തിരി വർഷങ്ങൾക്കുശേഷം കാർത്തിക ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഒരുത്തമ കുടുംബിനിയെപ്പോലെ പട്ടുസാരിയുടുത്ത് തന്റെ സ്വതസ്സിദ്ധമായ മാനറിസങ്ങളുമായി നിൽക്കുന്നത് ടി.വി.യിൽ കണ്ടപ്പോൾ എനിക്ക് ഒന്ന് വിളിക്കണമെന്ന് തോന്നി. വിളിച്ചു, സംസാരിച്ചു. അപ്പോഴും എന്റെ മനസ്സിൽ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച അപകടസൂചന ഒന്ന് സൂചിപ്പിക്കണമെന്ന് തോന്നിയെങ്കിലും ഒത്തിരി വർഷങ്ങൾക്കുശേഷമുള്ള സ്‌നേഹമസൃണമായ മൊഴിവചനങ്ങളിൽ അപശകുനംപോലെ ഇതൊന്നും ചോദിക്കരുതെന്ന് എന്റെ മനസ്സ് വിലക്കി. എന്റെ തോന്നലുകൾ തോന്നലുകളായിത്തന്നെയിരിക്കട്ടെ.
ജനുവരി ഒരു ഓർമ്മയ്ക്കുശേഷം ഞാൻ ചെയ്തത് മോഹൻലാൽ ചിത്രം തന്നെയായിരുന്നു, 'ഇവിടെ എല്ലാവർക്കും സുഖം.' ജേസിയായിരുന്നു സംവിധായകൻ. കെ.ടി. കുഞ്ഞുമോനായിരുന്നു നിർമാതാവ്. ഇതിന്റെ ഷൂട്ടിങ്ങും കൊടൈക്കനാലിൽ ആയിരുന്നു. മോഹൻലാൽ, കാർത്തിക, ലിസ്സി, സോമൻ, സുരേഷ്ഗാപി, ലാലു അലക്‌സ്, അടൂർഭാസി തുടങ്ങിയ ജനുവരി ഒരു ഓർമ്മയിലുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ഈ ചിത്രത്തിലുമുണ്ടായിരുന്നു. ഇവിടെ എല്ലാവർക്കും സുഖം എന്ന ടൈറ്റിലുപോലെ തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങും. പരസ്പരം എല്ലാവരും തമ്മിലുള്ള കളിതമാശകളും കൂട്ടായ്മയുമൊക്കെയായി വളരെ ഹൃദ്യമായ ലൊക്കേഷൻ അനുഭവമായിരുന്നു.
ഇവിടെ എല്ലാവർക്കും സുഖത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് വീണ്ടും ഞാൻ ചെയ്തത് മോഹൻലാൽ ചിത്രം തന്നെ. 1981ൽ ശശികുമാർ സംവിധാനം ചെയ്ത നസീറും മധുവും നായകന്മാരായ 'യുദ്ധ'ത്തിന്റെ ചർച്ചയ്ക്കുവേണ്ടി ഞാൻ മദ്രാസിൽ ചെന്നപ്പോഴുണ്ടായ ഒരു ഗുരുശിഷ്യബന്ധത്തിൽനിന്നാണ് 'എന്റെ എന്റേതുമാത്ര'ത്തിലേക്ക് ശശികുമാർസാർ വരുന്നത്. ഞാൻ എഴുതി പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത 'പ്രത്യേകം ശ്രദ്ധിക്കുക' എന്ന ചിത്രമെടുത്ത ബീജീസ് തന്നെയാണ് എന്റെ എന്റേതുമാത്രത്തിന്റെയും നിർമാതാക്കൾ.
മോഹൻലാലും കാർത്തികയും ബേബിശാലിനിയുമാണ് ഇതിൽ പ്രധാന വേഷങ്ങളിൽ വരുന്നത്. എറണാകുളത്തായിരുന്നു ലൊക്കേഷൻ. മോഹൻലാൽ-കാർത്തിക ജോഡി ചിത്രങ്ങൾക്ക് വലിയ മാർക്കറ്റുള്ള സമയമായിരുന്നതുകൊണ്ട് എല്ലാവരും അവരുടെ പുറകെയാണ്. ഞങ്ങൾ നേരത്തേ കോൾഷീറ്റ് പറഞ്ഞുവെച്ചിരുന്നതുകൊണ്ടാണ് ലാലിന് എന്റെ എന്റേതുമാത്രത്തിൽ അഭിനയിക്കാനായത്.
എറണാകുളത്തുവെച്ചായിരുന്നു ഇതിന്റെ ഷൂട്ടിങ്. ഇതിനിടയിൽ കാർത്തികയ്ക്ക് മറ്റൊരു പടവുമായി ക്ലാഷ് വന്നതുകൊണ്ട് രണ്ടുമൂന്നുദിവസം ഇവിടന്ന് വിട്ടുകൊടുക്കണമത്രെ. ശശികുമാർ സാറിനോടും നിർമാതാക്കളോടും പറയാനുള്ള ചെറിയ ഭയവും ചമ്മലുംകൊണ്ട് എന്റടുത്താണ് കാർത്തിക ഇക്കാര്യം അവതരിപ്പിച്ചത്. സിനിമയിലെ താരസ്വരൂപങ്ങളുടെ സൂത്രങ്ങളും കള്ളത്തരങ്ങളുമൊന്നും പഠിക്കാത്തതുകൊണ്ട് ഈ കോൾഷീറ്റിന്റെ കാര്യം എങ്ങനെയെങ്കിലും പരിഹരിച്ചുതരണമെന്ന് എന്നോട് മാത്രമേ പറഞ്ഞുള്ളൂ. ഞാൻ ശശികുമാർസാർ അറിയാതെ അസോസിയേറ്റ് ഡയറക്ടറെക്കൊണ്ട് ചാർട്ട് മൊത്തം പൊളിപ്പിച്ചാണ് കാർത്തികയുടെ കോൾഷീറ്റ് പ്രശ്‌നം പരിഹരിച്ചുകൊടുത്തത്. ശശികുമാർസാർ പതിനേഴ് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് തീർത്തത്.
1987ൽ മോഹൻലാലും കാർത്തികയും അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കാണ് ഞാൻ തിരക്കഥയെഴുതിയത്. കാർത്തിക ആകെ 20 സിനിമകളിലാണ് അഭിനയിച്ചത്. അതിൽ പത്തിൽ കൂടുതൽ പടങ്ങളിലും മോഹൻലാലിന്റെ നായികയായിരുന്നു. പിന്നീട് ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് പെട്ടെന്നായിരുന്നു കാർത്തികയുടെ വിവാഹം നടന്നത്. ഇപ്പോൾ ഭർത്താവിനും പേരക്കുട്ടിയോടുമൊപ്പം സ്‌നേഹവാത്സല്യങ്ങളുടെ തലോടലേറ്റ് കുടുംബമെന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരിയായി തിരുവനന്തപുരത്ത് സസുഖം വാഴുകയാണ് കാർത്തിക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kaloor Dennis remembers film location memories of the hit Karthika–Mohanlal jodi
Published: 17 Jan 2026, 12:16 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented