ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം 'സീനി'ൽ അതിഥിവേഷത്തിലെത്തിയ ടൊവിനോ തോമസിന് നന്ദി പറഞ്ഞ് നടൻ സൂര്യ. ചിത്രത്തിൽ വിക്ടർ എന്ന വിചിത്ര സ്വഭാവക്കാരനും ഭയപ്പെടുത്തുന്നവനുമായ പെർഫ്യൂം സീരിയൽ കില്ലറുടെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴാണ് ടൊവിനോയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പ്രൊമോ പങ്കുവെച്ചുകൊണ്ടായിരുന്നു സൂര്യയുടെ നന്ദിപ്രകടനം.
ചിത്രത്തിൽ ഡിഎസ്പി ഇൻബരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ വേഷമിടുന്നത്. അന്വേഷണത്തിനിടെ വിക്ടറും ഇൻബരാജും ജയിലിനുള്ളിൽ ഏറ്റുമുട്ടുന്ന രംഗം സിനിമയിലെ നിർണായക ഭാഗമാണ്. ചിത്രത്തിൽ ടൊവിനോ എത്തിയ വിവരം റിലീസ് വരെ രഹസ്യമായി സൂക്ഷിച്ചിരുന്നു.
ടൊവിനോയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് സൂര്യ എക്‌സിൽ കുറിച്ചത് ഇങ്ങനെയാണ്: 'പ്രിയപ്പെട്ട ടൊവിനോ, ഞങ്ങളുടെ വിക്ടറാകാൻ സമ്മതിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇതിന്റെ ഭാഗമാകാൻ നിങ്ങൾ കാണിച്ച സ്‌നേഹവും മനസ്സും വാക്കുകൾക്കതീതമാണ്.'
മലയാള സിനിമാ മേഖലയിലെ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും നന്ദി പറഞ്ഞ സൂര്യ, 'സീൻ' മലയാള സിനിമയ്ക്കുള്ള തങ്ങളുടെ ചെറിയൊരു പ്രണയലേഖനമാണെന്നും കുറിച്ചു. ചിത്രത്തിലെ ഭൂരിഭാഗം അഭിനേതാക്കളും അണിയറപ്രവർത്തകരും മലയാള സിനിമയിൽ നിന്നുള്ളവരാണ്. ജിത്തു മാധവന്റെ ആദ്യ തമിഴ് ചിത്രമാണ് 'സീൻ'. മുൻപ് സംവിധാനം ചെയ്ത രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ മലയാളത്തിലായിരുന്നു. ചിത്രത്തിൽ നസ്രിയ നസീമും നസ്ലിനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നസ്ലിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.
ചിത്രത്തിന് ലഭിക്കുന്ന പിന്തുണയ്ക്ക് ആരാധകരോട് നേരത്തേയും സൂര്യ നന്ദി അറിയിച്ചിരുന്നു. വിവിധ ഭാഷകളിലും അതിരുകൾക്കപ്പുറത്തും നിന്ന് ലഭിക്കുന്ന സ്‌നേഹവും പിന്തുണയും തങ്ങൾക്കും ജോയ്ക്കും (ജ്യോതിക) വലിയ സന്തോഷം നൽകുന്നുവെന്നായിരുന്നു താരത്തിന്റെ കുറിപ്പ്. കാഴ്ചശക്തി കുറഞ്ഞുകൊണ്ടിരിക്കുന്ന ഡിഎസ്പി ഇൻബരാജിന്റെ കഥയാണ് ചിത്രം പറയുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം സജീവ പൊലീസ് ജോലിയിൽനിന്ന് മാറിനിൽക്കേണ്ടിവന്നിട്ടും തുടർച്ചയായ കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ അദ്ദേഹം ശ്രമിക്കുന്നതാണ് കഥ. റിലീസ് ചെയ്ത് ആദ്യ ആഴ്ചയ്ക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 200 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ സംവിധായകൻ ജിത്തു മാധവൻ നേരത്തേ തള്ളിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 14 Nov 2026, 05:20 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented