
ജീവിതത്തിന്റെ എല്ലാ കയ്പുകളും നിറഞ്ഞ നാളുകളില്‍ നിന്ന് മധുര പ്രതീക്ഷകളുടെ തോണിയിലേക്ക് കാലെടുത്ത് വച്ചുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ, കൊല്ലം സുധി. അപ്പോഴേക്കും ഇരുട്ട് വീണ വഴിയില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ അയാള്‍ക്കായി മരണം പതിയിരുന്നു. വടകരയിലെ സ്റ്റേജ് ഷോ കഴിഞ്ഞ കൂട്ടുകാര്‍ക്കൊപ്പം സന്തോഷത്തോടെയുള്ള തിരികെ യാത്ര, അതിലൊരിക്കല്‍പ്പോലും മരണമെന്ന രംഗബോധമില്ലാത്ത കോമാളി കണ്ടുമുട്ടുമെന്ന് സുധി വിചാരിച്ചിരിക്കില്ല. വടകരയില്‍ നിന്ന് തിരിച്ച് വീട്ടിലേക്കുള്ള യാത്ര മധ്യേയാണ് പുലര്‍ച്ചെ 4.30 ന് തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ച് കൊല്ലം സുധി സഞ്ചരിച്ച കാര്‍ ടെംമ്പോയുമായി കൂട്ടിയിടിച്ചത്. ജൂണ്‍ അഞ്ച് തിങ്കളാഴ്ച പ്രഭാതത്തില്‍ മലയാളി ഉണര്‍ന്നത് കൊല്ലം സുധിയുടെ അപകടമരണ വാര്‍ത്ത കേട്ടാണ്. ആകസ്മികമായ തേടിയെത്തിയ ആ മരണവാര്‍ത്ത ഓരോ മലയാളിയുടെ ഉള്ളം ഒരുനിമിഷമെങ്കിലും ഉലച്ചു. ജീവിതത്തിന്റെ പ്രതീക്ഷകളുടെ തീരത്ത് നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി എത്തുന്ന അപകട മരണം കവര്‍ന്നെടുത്ത മലയാളിയുടെ പ്രിയ കലാകാരന്മാരുടെ പട്ടികയിലേക്ക് കൊല്ലം സുധി കൂടി. മോനിഷ, ബാലഭാസ്‌കര്‍, ജയന്‍, റാണി ചന്ദ്ര, സൗന്ദര്യ, തരുണി സച്ചിദേവ് തുടങ്ങി ഒന്നുംപറയാതെ അപ്രതീക്ഷിതമായി മരണം കവര്‍ന്നെടുത്തവര്‍ വേറെയുമുണ്ട്.
ഡിസംബറിന്റെ നഷ്ടം, മോനിഷ...
'പ്രതിഭകൊണ്ട് ഭ്രമിപ്പിച്ച നക്ഷത്ര കുഞ്ഞ്' വിടപറഞ്ഞ പ്രിയനടി മോനിഷയെ മലയാളത്തിന്റെ എഴുത്തിന്റെ പെരുന്തച്ചന്‍ എം.ടി.വാസുദേവന്‍ നായര്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് ഡിസംബറിന്റെ പുലരിയില്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസിന്റെ രൂപത്തില്‍ മോനിഷയെ തേടി മരണം റോഡില്‍ പതിയിരുന്നത്. പതിനഞ്ചാം വയസ്സില്‍ നഖക്ഷതങ്ങള്‍ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായികയെന്ന റെക്കോര്‍ഡ്. കൈനിറയെ മികച്ച ചിത്രങ്ങള്‍, കഥാപാത്രങ്ങള്‍. അങ്ങനെ മലയാളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച നായികയിലേക്കുള്ള പ്രയാണത്തിലായിരുന്നു മോനിഷ.

1992 ഡിസംബര്‍ അഞ്ചിന്റെ മഞ്ഞുപെയ്യുന്ന പ്രഭാതം. കാറില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്രയിലായിരുന്നു മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും. മോനിഷ ഉറക്കത്തിന്റെ ആഴത്തില്‍ അമ്മയുടെ തോളിലേക്ക് ചാഞ്ഞുകിടന്നു. ചേര്‍ത്തല എക്‌സറേ കവലയിലെത്തിയപ്പോള്‍ പെട്ടെന്നാണ് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി കാറിനെ നേരെ പാഞ്ഞടുത്തത്. ബസ് കാറിനെ ഇടിച്ചുതെറിപ്പിച്ചു. മോനിഷയും ഡ്രൈവറുമടക്കമുള്ളവര്‍ മരിച്ചു. ശ്രീദേവി ഉണ്ണി ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് വീണതിനാല്‍ ഗുരുതര പരിക്കുകളോടെ മരിക്കാതെ രക്ഷപ്പെട്ടു. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. മോനിഷയുടെ മരണം കേരളം അന്നൊരു ഞെട്ടലോടെയാണ് കേട്ടത്.
വയലിന്‍ നിലച്ച ആ പ്രഭാതം, ബാലഭാസ്‌കര്‍

ഇപ്പോഴും അടങ്ങാത്ത ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്ന വാഹനാപകടം, മരണം. വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം മലയാളിക്ക് ഇപ്പോഴും പൂര്‍ണമായി വിശ്വസിക്കാനായിട്ടില്ല. തൃശ്ശൂരില്‍ ഒരുക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം തിരുവനന്തപുരേത്തയ്ക്കുള്ള യാത്രയിലായിരുന്നു ബാലഭാസ്‌കര്‍. 2019 സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപത്ത് വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ചു. അപകടസ്ഥലത്ത് തന്നെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായ ബാലഭാസ്‌കര്‍ 2018 ഒക്ടോബര്‍ 2 നാണ് മരണത്തിന് കീഴടങ്ങിയത്.
ഭാര്യയും ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ അപകടത്തെയും മരണത്തെയും കുറിച്ച് നിരവധി അന്വേഷണങ്ങളും സംശയങ്ങളുമാണ് പിന്നീട് ഉയര്‍ന്നത്. അമിതവേഗതയാണ് അപകടകാരണമെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കോടതിയില്‍ മൊഴിനല്‍കിയിരുന്നു.
ലൊക്കേഷനില്‍ പതിയിരുന്ന ദുരന്തം, ജയന്

വെള്ളിത്തിരയിലെ ഇടിമുഴക്കമായിരുന്നു മലയാളിക്ക് ജയന്‍, പൗരുഷത്തിന്റെ പകരംവയ്ക്കാനില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച അഭിനയ പ്രതിഭ. ആക്ഷന്‍ രംഗങ്ങളില്‍ ജയന്റെ അതിസാഹസികത പ്രേക്ഷകര്‍ക്ക് ആവേശമായിരുന്നു. എന്നാല്‍ അത്തരമൊരു ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണം തന്നെ 1980 ല്‍ ജയന്റെ ജീവന്‍ കവര്‍ന്നു.
1980 നവംബര്‍ 16, ഞായര്‍,പി.എന്‍.സുന്ദരം സംവിധാനം ചെയ്യുന്ന കോളിളക്കത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം ചെന്നൈയില്‍ നടക്കുന്നു. ബൈക്കില്‍ നിന്ന് ഹെലികോപ്റ്ററിലേക്ക് ഉയര്‍ന്ന് പിടിച്ച് തൂങ്ങുന്നതാണ് സീന്‍. ആദ്യ ടേക്കില്‍ സീന്‍ ഓക്കെയാണെന്ന് സംവിധായകന്‍ പറഞ്ഞു. തൃപ്തി വരാത്തത് പോലെ ജയന്‍ ഒരുടേക്ക് കൂടി നോക്കാം എന്നുപറഞ്ഞപ്പോള്‍ എല്ലാവരും സമ്മതംമൂളി. അടുത്ത ടേക്കില്‍ ജയന്‍ ഹെലികോപ്റ്ററില്‍ തൂങ്ങിയതും നിയന്ത്രണം നഷ്ടപ്പെട്ടു. ജയന് താഴേക്ക് പതിച്ചു. അപകടത്തില്‍ തലയ്ക്ക് മാരമായി തലയ്ക്ക് പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജയന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഈ അപകടത്തെ കുറിച്ചും പിന്നീട് ഒരുപാട് വിവാദങ്ങളുയര്‍ന്നു. ജയന്റെ വിലാപയാത്രയ്ക്ക് കേരളം ജനനിബിഡമായി. കേരളത്തില്‍ അന്ന് സ്വകാര്യബസ് പണിമുടക്കായിരുന്നു. എന്നിട്ടും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ കൊല്ലം കണ്‍ടോണ്‍മെന്റ് മൈതാനത്തേക്ക് എത്തിച്ച മൃതദേഹം കാണാന്‍ ആയിരങ്ങള്‍ ഒഴുകി.
ആകാശത്ത് പൊലിഞ്ഞ ജീവനുകള്‍...
1972 ലെ മിസ് കേരളയായിരുന്നു നടി റാണി ചന്ദ്ര. സ്വപ്‌നാടനം എന്ന സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അതുല്യ നടി. എന്നാല്‍ 1976 സെപ്തംബര്‍ 12 ന് ഒരുവിമാനാപകടം റാണി ചന്ദ്രയുടെ ജീവന്‍ കവര്‍ന്നു. മുംബൈയില്‍ നിന്ന് അമ്മയും സഹോദരിമാരുമായി മടങ്ങവെ വിമാനം തകര്‍ന്നാണ് റാണി ചന്ദ്ര മരിച്ചത്. മുംബൈയില്‍ നിന്ന് നൃത്തപരിപാടിയ്ക്ക് ശേഷം തിരിച്ചുവരികയായിരുന്നു അവര്‍.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിചുണ്ടന്‍ മാമ്പഴം എന്നീ സിനിമകളിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടി സൗന്ദര്യ മരിച്ചതും ബാംഗ്ലൂരില്‍ ഒരു വിമാനാപകടത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യാത്രയ്ക്കിടെയാണ് സൗന്ദര്യയെ മരണം അപകടത്തിന്റെ രൂപത്തില്‍ കാത്തിരുന്നത്. വെള്ളിനക്ഷത്രം എന്ന സിനിമയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ബാലതാരം തരുണി സച്ച്‌ദേവ് മരിച്ചതും വിമാനദുരന്തത്തിലാണ്. നേപ്പാളിലേക്കുള്ള യാത്രമധ്യേയാണ് മരണം വിമാനപകടത്തിന്റെ രൂപത്തില്‍ ആ ബാലതാരത്തെ കവര്‍ന്നെടുത്തത്. 2012 മെയ് 14 ന് തരുണിയുടെ ജന്മദിന ദിവസമായിരുന്നു വിമാനാപകടത്തിന്റെ രൂപത്തില്‍ മരണം കാത്തിരുന്നത്.
ജഗതിയെ തളര്‍ത്തിയതും റോഡപകടം..

2012 മാര്‍ച്ച് പത്ത് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത പ്രഭാതമാണ്. കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത പാണമ്പ്ര വളവില്‍ കാറപകടത്തില്‍ അകപ്പെട്ടത് മലയാളത്തിന്റെ ജനപ്രിയ നടന്‍ ജഗതി ശ്രീകുമാറായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയാണ് ജഗതി അപകടത്തില്‍പ്പെട്ടത്. ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ ദേശീയപാതയിലെ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ജഗതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണത്തില്‍ വായില്‍ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് ജഗതി മെല്ലെ നടന്നടുത്തു. ഓരോ മലയാളിയും ജഗതിയുടെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ഥിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും പഴയതുപോലെ അഭിനയരംഗത്ത് സജീവമാകാന്‍ ഇന്നും ജഗതി ശ്രീകുമാറിന് സാധിച്ചിട്ടില്ല.
Content Highlights: Malayalam film actors who lost their life in Road Accidents
Published: 06 Jun 2023, 10:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented