‘മിന്നൽ മുരളി’യിലെ ബ്രൂസ്‌ലി ബിജിയെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറന്നിട്ടുണ്ടാകില്ല. ടൊവിനോ തോമസ് നായകനായ ചിത്രത്തിലെ ആ കഥാപാത്രത്തിലൂടെയാണ് ഫെമിന ജോർജ് പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് തീപ്പൊരി ബെന്നി, ശേഷം മൈക്കൽ ഫാത്തിമ, കറക്കം, ഒറിജിനൽ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. ഇടയ്ക്ക് തമിഴിലും സാന്നിധ്യമറിയിച്ചു. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയജീവിതത്തിൽ പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രയിലായിരുന്നു ഈ കാലയളവിൽ ഫെമിന. ഇപ്പോഴിതാ, ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത 'ഡിസ്‌കോ'യിലൂടെ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ് താരം. ചിത്രത്തിൽ മന്ന എന്ന കഥാപാത്രത്തെയാണ് ഫെമിന അവതരിപ്പിക്കുന്നത്. ബ്രൂസ്‌ലി ബിജിയിൽനിന്ന് മന്നയിലേക്കുള്ള മാറ്റത്തെക്കുറിച്ചും സിനിമാ അനുഭവങ്ങളെക്കുറിച്ചും ഫെമിന സംസാരിക്കുന്നു.

To advertise here,

വ്യത്യസ്തമായ വൈബ് ചിത്രമെന്നാണ് ഡിസ്‌കോയ്ക്ക് ലഭിക്കുന്ന പ്രേക്ഷകപ്രതികരണങ്ങൾ. കഥയിലെ ആ വൈബാണോ സിനിമയിലേക്ക് ആകർഷിച്ചത്?
ഒരു വെക്കേഷനിൽ കുടുംബത്തോടൊപ്പം ജപ്പാനിലേക്ക് യാത്ര പോയ സമയത്താണ് എനിക്ക് കോൾ വരുന്നത്. ചെമ്പോസ്‌കി പ്രൊഡക്ഷൻസിൽ നിന്നാണെന്നും ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന സിനിമയാണെന്നും ചെമ്പൻ വിനോദ് ചേട്ടനാണ് തിരക്കഥയും നിർമാണവുമെന്ന് പറഞ്ഞു. പിന്നീട് കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞുതന്നു. ചെമ്പൻ ചേട്ടന്റെ മകളാണ്, മന്ന എന്നാണ് പേര്. സത്യത്തിൽ ആ കഥാപാത്രത്തെക്കാളും കഥയേക്കാളും എന്നെ ആദ്യം ആകർഷിച്ചത് ചെമ്പൻ വിനോദ്, ഉല്ലാസ് ചെമ്പൻ എന്നീ പേരുകളാണ്. അതിനപ്പുറം കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. എന്തായാലും ഈ സിനിമ ചെയ്യുമെന്ന് അപ്പോൾത്തന്നെ ഉറപ്പിച്ചിരുന്നു.

ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന കഥാപാത്രമാണ് മന്ന. ജീവിതം നന്നായി ആസ്വദിക്കുന്ന, ഓരോ നിമിഷവും ആഘോഷമാക്കുന്ന ഒരാൾ. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽനിന്ന് ഒരുപാട് വ്യത്യസ്തമാണ് മന്ന. സിനിമയുടെ റിലീസിന് മുമ്പ് എല്ലാവരും എന്നോട് ചോദിച്ചിരുന്നത് ഡിസ്‌കോയിൽ എന്റെ ഫൈറ്റ് സീനുണ്ടോ എന്നായിരുന്നു. ഒരു ഗ്യാങ്‌സ്റ്റർ-ആക്ഷൻ പടം ആയതിനാൽ എന്റെയും സംഘട്ടനരംഗങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അങ്ങനെയൊന്നില്ല. എന്നെ സംബന്ധിച്ച് അതൊരു വലിയ ബ്രേക്ക് ആണ്. എല്ലാ സിനിമയിലും ഫൈറ്റ് ചെയ്യാതെ, ആളുകൾ പ്രതീക്ഷിക്കുന്നതിൽനിന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. കാരണം ഇതുവരെ ചെയ്തതെല്ലാം വളരെ ബോൾഡായ വേഷങ്ങളായിരുന്നു. മന്നയും ബോൾഡ് ആണ്. പക്ഷേ, ആ ബോൾഡ്‌നസ് കുറച്ചുകൂടി വ്യത്യസ്തമാണ്. കുടുംബത്തെ ഒരുപാട് സ്‌നേഹിക്കുന്ന, അവരെ ആശ്രയിക്കുന്ന, ജീവിതം നന്നായി ആസ്വദിക്കുന്ന ഒരു കുട്ടിയാണ് മന്ന.

ചെമ്പൻ വിനോദ്, ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ, ദേവ് മോഹൻ…
വമ്പൻ താരനിരയ്‌ക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം?

എന്നെ സിനിമയിലേക്ക് വിളിക്കുമ്പോൾ തന്നെ ആരൊക്കെയാണ് ഇതിന്റെ ഭാഗമാകുന്നതെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഞാൻ വളരെ എക്‌സൈറ്റഡായിരുന്നു. പക്ഷേ, സിനിമയിലുള്ള എല്ലാവരുമായും എനിക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. ചെമ്പൻ ചേട്ടൻ, ദേവ്, മീര ചേച്ചി, മനു എന്നിവരോടൊപ്പമാണ് എനിക്ക് പ്രധാനമായും കോമ്പിനേഷൻ സീനുകൾ ഉള്ളത്. ലുക്മാനുമായി കോമ്പിനേഷൻ സീനുകളില്ലെങ്കിലും ഞങ്ങൾ ഒരേ സീനിൽ വന്നിട്ടുണ്ട്. പെപ്പെയുടെയും അർജുന്റെയും കാര്യത്തിലും അങ്ങനെതന്നെ. ഓരോ പ്രത്യേക സീനുകളിൽ ഒരുമിച്ചിട്ടുണ്ടെങ്കിലും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. ഒരുപാട് ആർട്ടിസ്റ്റുകളുള്ള സിനിമയാണിത്. ഇത്രയും വലിയൊരു താരനിരയുടെ ഭാഗമാകുന്നത് എനിക്ക് പുതിയ അനുഭവമായിരുന്നു. മൊത്തത്തിൽ വളരെ രസകരമായിരുന്നു.

സിനിമയുടെ റിലീസിന് മുമ്പുതന്നെ മണികണ്ഠൻ അയ്യപ്പ സംഗീതം നൽകിയ 'ഇതിനോ ആദാമേ' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ. മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചത്.
'ഇതിനോ ആദാമേ' എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ്. ആദ്യമായി കേട്ടപ്പോൾ തന്നെ ഈ പാട്ട് ഹിറ്റാകുമെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല. ആ പാട്ടിൽ കാണിക്കുന്നത് മന്നയുടെ വിവാഹമാണ്. സിനിമ മുഴുവൻ ചിത്രീകരിച്ചത് നാഗർകോവിലിലാണ്. ഗാനചിത്രീകരണം ബീച്ചിന്റെ പരിസരത്തായതുകൊണ്ട് നല്ല ചൂടായിരുന്നു. അതിനിടയിൽ ഡാൻസും കളിക്കണം. എനിക്ക് പിന്നെയും കുഴപ്പമില്ലായിരുന്നു. ചെമ്പൻ ചേട്ടനും ദേവും ലുക്മാനുമൊക്കെ നേരത്തേ ധരിച്ച വസ്ത്രങ്ങൾക്കു മുകളിൽ വലിയ ജാക്കറ്റും കോട്ടുമൊക്കെ ഇട്ടാണ് നിന്നത്. സ്റ്റെപ്പുകളൊന്നും അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. ചെറിയ റിഹേഴ്‌സലും പരിശീലനവുമൊക്കെ നൽകിയിരുന്നു. രണ്ടു ദിവസം കൊണ്ടാണ് പാട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ശരിക്കും ഒരുപാട് ആസ്വദിച്ച് ചെയ്‌തൊരു പാട്ടായിരുന്നുവത്.

ആക്ഷനും ത്രില്ലറിനും പ്രാധാന്യമുള്ള ചിത്രമാണല്ലോ ഡിസ്‌കോ. ചിത്രീകരണത്തിനിടെ വെല്ലുവിളി നിറഞ്ഞ അനുഭവങ്ങളുണ്ടായിരുന്നോ?
എന്റെ കഥാപാത്രത്തിന് ആക്ഷനില്ലാത്തതുകൊണ്ട് അത്തരം ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടിവന്നില്ല. എന്നോട് മന്ന എന്ന കഥാപാത്രത്തെക്കുറിച്ചും അവളെ സ്വാധീനിക്കുന്ന കാര്യങ്ങളെക്കുറിച്ചും മാത്രമാണ് പറഞ്ഞിരുന്നത്. സിനിമയുടെ മുഴുവൻ കഥയും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ വലിയ മുന്നൊരുക്കങ്ങളോ ടെൻഷനോ ഒന്നുമില്ലാതെയാണ് അഭിനയിച്ചത്. ഞാൻ നേരിട്ട ഒരു ചെറിയ വെല്ലുവിളി ഡാൻസായിരുന്നു. ഞാൻ വലിയ ഡാൻസറൊന്നുമല്ല. പക്ഷേ, ആരെങ്കിലും പഠിപ്പിച്ചുതന്നാൽ അത് നോക്കി കുറച്ചുനേരം പ്രാക്ടീസ് ചെയ്ത് ചെയ്യാൻ പറ്റുമെന്നേയുള്ളൂ. എന്റെ ഡാൻസ് ഓൺസ്‌ക്രീനിൽ അത്ര ഭംഗിയുണ്ടാകില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷേ, 'ഇതിനോ ആദാമേ' ഇറങ്ങിയപ്പോൾ സന്തോഷമായി. കണ്ടവരൊക്കെ എനിക്ക് ഡാൻസ് അറിയാമല്ലോ എന്നാണ് പറഞ്ഞത്. അതുകേട്ടപ്പോൾ നല്ല സന്തോഷം തോന്നി.

'ഡിസ്‌കോ' കരിയറിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്?
മിന്നൽ മുരളിക്കുശേഷം തീപ്പൊരി ബെന്നി, ശേഷം മൈക്കൽ ഫാത്തിമ, കറക്കം, ഒറിജിനൽ തുടങ്ങിയ സിനിമകൾ ചെയ്തിരുന്നു. പക്ഷേ, അവയൊന്നും അത്രയധികം പ്രേക്ഷകരിലേക്ക് എത്തിയില്ല. അതുകൊണ്ടുതന്നെ മിന്നൽ മുരളിക്കുശേഷം ഞാൻ മറ്റൊരു സിനിമയും ചെയ്തിട്ടില്ലെന്ന ധാരണ പലർക്കുമുണ്ട്. ഈ സിനിമകളൊക്കെ ഇറങ്ങിയിട്ടും ആളുകൾ എന്നെ തിരിച്ചറിഞ്ഞിരുന്നത് മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രത്തിലൂടെയായിരുന്നു.

എന്നാൽ 'ഇതിനോ ആദാമേ' എന്ന പാട്ട് ഇറങ്ങിയതിനുശേഷം അതിലൊരു മാറ്റം ഞാൻ കണ്ടു. ആളുകൾ എന്നോട് ഡിസ്‌കോയെക്കുറിച്ച് ചോദിക്കാൻ തുടങ്ങി. 'നിങ്ങൾ ആ ഡിസ്‌കോ പാട്ടിലുള്ള ആളല്ലേ?' എന്നൊക്കെ ചോദിക്കുമായിരുന്നു. ഇത്രയും വർഷത്തിനിടയിൽ ആദ്യമായിട്ടാണ് മിന്നൽ മുരളി എന്ന പേരിനപ്പുറം മറ്റൊരു സിനിമയുടെ പേരിൽ ആളുകൾ എന്നെ തിരിച്ചറിയുന്നത്. ഈ മാറ്റം കൂടുതൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആളുകൾ എന്നെ ഡിസ്‌കോയിലൂടെയും തിരിച്ചറിയണം. ബ്രൂസ്‌ലി ബിജിയെ മറക്കണമെന്നോ മിന്നൽ മുരളിയെക്കുറിച്ച് ഓർക്കരുതെന്നോ അല്ല പറയുന്നത്. പക്ഷേ, ഇനി ചെയ്യുന്ന കഥാപാത്രങ്ങളും ആളുകൾ ഓർത്തിരിക്കണം. ഡിസ്‌കോ അങ്ങനെയൊരു സിനിമയായി മാറുമെന്നാണ് ഞാൻ വിശ്വസിക്കുന്നതും ആഗ്രഹിക്കുന്നതും.

ബ്രൂസ്‌ലി ബിജിയിൽനിന്ന് മന്നയിലേക്കുള്ള യാത്രയിൽ, അഭിനയത്തിൽ എത്രത്തോളം വളരാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്?
ഇക്കാലയളവിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മിന്നൽ മുരളി ചെയ്യുന്ന സമയത്ത് എനിക്ക് ഒരുപാട് ഇൻസെക്യൂരിറ്റികളുണ്ടായിരുന്നു. അഭിനയത്തിന്റെ കാര്യത്തിലായാലും ക്യാമറയ്ക്കു മുന്നിൽ ചില കാര്യങ്ങൾ ചെയ്യുമ്പോഴായാലും ആളുകൾ അത് എങ്ങനെ സ്വീകരിക്കുമെന്നൊക്കെ ചിന്തിക്കുമായിരുന്നു. ജഡ്ജ് ചെയ്യുമോ, സംവിധായകന് ഇഷ്ടപ്പെടുമോ എന്നൊക്കെയുള്ള ആശങ്കകളായിരുന്നു. ഒരു കാര്യം സ്വയം തോന്നിയാൽപ്പോലും സംവിധായകനോട് ചോദിക്കാനോ അത് ചെയ്തുനോക്കട്ടെ എന്ന് പറയാനോ ഒക്കെ മടിയായിരുന്നു. അവിടെനിന്ന് ഇന്നത്തെ ഡിസ്‌കോ വരെ എത്തുമ്പോൾ ഒരുപാട് മാറ്റമുണ്ട്. ഇപ്പോൾ അത്രയും ഇൻസെക്യൂരിറ്റികളില്ല. ഞാൻ കൂടുതൽ ഫ്രീയാണ്. എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാൽ അത് സംവിധായകനോട് ചോദിക്കുകയോ ചെയ്തുനോക്കുകയോ ചെയ്യും. അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർ വന്ന് പറയുമ്പോൾ അതേ മനോഭാവത്തിൽത്തന്നെ സ്വീകരിക്കാനും ഇപ്പോൾ കഴിയുന്നുണ്ട്. ആ മാറ്റം പ്രേക്ഷകർക്കും ഓൺസ്‌ക്രീനിൽ കാണാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.

തുടക്കത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളും കൂടിക്കാണുമല്ലോ? പിന്നീട് വളരെ ശ്രദ്ധയോടെയാണോ സിനിമാതിരഞ്ഞെടുപ്പുകൾ നടത്തിയത്?
തീർച്ചയായിട്ടും, മിന്നൽ മുരളിയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒരു പരിധിവരെ എന്നിൽ പ്രതീക്ഷകൾ കൂടിയിരുന്നു. എന്നാൽ സമ്മർദമുണ്ടായിരുന്നില്ല. ഞാൻ കുറച്ചുകൂടി കെയർഫുൾ ആകാൻ ശ്രമിച്ചിട്ടുണ്ട്. ഇതുവരെ ചെയ്ത പടങ്ങളെല്ലാം എനിക്ക് കിട്ടിയ അവസരങ്ങളാണ്. ആ കിട്ടിയ അവസരങ്ങളിൽ നിന്ന് മികച്ചത് തെരഞ്ഞെടുക്കാനാണ് ശ്രമിച്ചത്. നേരത്തെ പറഞ്ഞതുപോലെ ആക്ഷൻ ചെയ്യുന്ന കഥാപാത്രങ്ങൾ എടുക്കാതെ നോക്കിയിരുന്നു. കാരണം ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാൻ എനിക്ക് താത്പര്യമില്ല. വ്യത്യസ്തമായ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന തരം കഥാപാത്രങ്ങളാണ് ഞാൻ തേടിയിരുന്നത്.

തമിഴിൽ ‘ഹൈക്കു’ എന്ന പടം ചെയ്തിട്ടുണ്ടായിരുന്നു. അതിലെ കഥാപാത്രം വളരെ വ്യത്യസ്തമാണ്. തമിഴിൽനിന്ന് അങ്ങനെയൊരു കഥാപാത്രം കിട്ടിയപ്പോൾ ഒരുപാട് സന്തോഷമായി. ഞാൻ ഇപ്പോഴും ഫോക്കസ് ചെയ്യുന്നത് വ്യത്യസ്തമായ രീതിയിൽ പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളെയാണ്. അത് മെയിൻ ലീഡ് ആണോ ക്യാരക്ടർ റോൾ ആണോ എന്നൊക്കെയുള്ള നിർബന്ധമോ സമ്മർദമോ ഒന്നുമില്ല.

സിനിമാരംഗത്ത് അവസരങ്ങൾക്കുവേണ്ടിയുള്ള കാത്തിരിപ്പും മത്സരവും അനിശ്ചിതത്വവുമെല്ലാം ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് നേരിടുന്നത്?
നിലനിൽപ്പ്, അല്ലെങ്കിൽ അതിജീവനം എന്നത് എപ്പോഴും കഠിനമാണ്. ഒരു ബുദ്ധിമുട്ടേറിയ കാലഘട്ടം തന്നെയാകും. മിന്നൽ മുരളിക്ക് ശേഷം ഞാനും അത് അനുഭവിച്ചിട്ടുണ്ട്. അത് ഇപ്പോഴും ഉണ്ട്. ഇനിയിപ്പോ ഡിസ്‌കോ കഴിഞ്ഞാലും അത് ഉണ്ടാകും. തീർച്ചയായിട്ടും അതൊരു വല്ലാത്ത കാത്തിരിപ്പാണ്. ഞാൻ അത് ഇപ്പോഴും മറികടന്നിട്ടില്ല. പോസിറ്റീവായിരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാലും ഇടയ്ക്ക് നിരാശപ്പെടും. മാനസികമായി തളരുന്ന അവസ്ഥയുണ്ടാകാറുണ്ട്.

പക്ഷേ എന്തോ ഈ വർഷം എന്നെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നു. മാനസികമായി ഞാൻ മെച്ചപ്പെട്ടുവെന്നാണ് തോന്നുന്നത്. കാരണം ഇതിനുമുമ്പ് വരെ എനിക്കൊരു വെയിറ്റിങ് പീരീഡ് ഉണ്ടായിരുന്നു. അതൊരു നീണ്ട കാലയളവായി എനിക്ക് ഫീൽ ചെയ്തിരുന്നു. എന്നാൽ മുന്നോട്ട് നല്ല രീതിയിൽ സന്തോഷത്തോടെ ചുവടുവയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതാണ് പ്രാർഥനയും.

ഒഴിവുസമയങ്ങൾ എങ്ങനെയാണ് ചെലവഴിക്കുന്നത്?
അത്യാവശ്യം യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. അതിൽത്തന്നെ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാണ് ഏറ്റവും ഇഷ്ടം. അച്ഛൻ, അമ്മ, സഹോദരൻ എന്നിവരടങ്ങുന്ന എന്റെ ഫാമിലി എനിക്ക് വളരെ പ്രധാനമാണ്. ഇപ്പോൾ ഞാനും അനിയനും പ്രധാനമായും ശ്രദ്ധിക്കുന്നത് അച്ഛനെയും അമ്മയെയും കഴിയുന്നത്ര പുതിയ സ്ഥലങ്ങൾ കാണിക്കുക എന്നതാണ്. അതിനുവേണ്ടിയാണ് ഞങ്ങൾ യാത്രകൾ പ്ലാൻ ചെയ്യുന്നത്. അവസാനമായി കുടുംബത്തോടൊപ്പം പോയത് ജപ്പാനിലേക്കാണ്. അതിനുമുമ്പ് തായ്‌ലൻഡ്‌, തുർക്കി, കശ്മീർ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്. ഈ വർഷവും ഒരു യാത്ര പ്ലാൻ ചെയ്തിരുന്നു. പക്ഷേ, എന്റെ തിരക്കുകൾ കാരണം അതിന് കഴിഞ്ഞില്ല. അനിയനും പുതിയൊരു സ്ഥലത്ത് ജോലിക്ക് കയറിയതേയുള്ളൂ. അതുകൊണ്ട് അവനും പെട്ടെന്ന് ലീവെടുക്കാൻ കഴിയുമായിരുന്നില്ല. അടുത്തവർഷം എല്ലാവരുമൊന്നിച്ച് നല്ലൊരിടത്തേക്ക് യാത്ര പോകണം. സിനിമയ്ക്കപ്പുറം ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഇത്തരം യാത്രകളാണ്.

പുതിയ സിനിമകൾ?
മലയാളത്തിലും തമിഴിലുമൊക്കെയായി ചില സിനിമകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഡിസ്‌കോയ്ക്ക് ശേഷം പുതിയ നല്ല പ്രോജക്ടുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi