ദുൽഖർ സൽമാനെ നായകനാക്കി പവൻ സദിനേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആകാശംലോ ഒരു താര'. കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ നടൻ അല്ലു അർജുൻ അതിഥിയായി പങ്കെടുത്തിരുന്നു. ചടങ്ങിൽ ദുൽഖറിന്റെ സിനിമാ തിരഞ്ഞെടുപ്പുകളെയും അഭിനയമികവിനെയും വ്യക്തിത്വത്തെയും പ്രശംസിച്ച താരം ചിത്രത്തിന് ആശംസകൾ നേരുകയുംചെയ്തു.
“ദുൽഖറിനോട് എനിക്ക് എപ്പോഴും വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ആദ്യകാല മലയാള സിനിമകൾ മുതൽ കരിയറിലെ വളർച്ച ഞാൻ കണ്ടിട്ടുണ്ട്. സിനിമകൾ തിരഞ്ഞെടുക്കുന്ന രീതി എനിക്ക് ഏറെ ഇഷ്ടമാണ്. വളരെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന, സ്നേഹമുള്ള വ്യക്തിയാണ് അദ്ദേഹം. കാണുമ്പോഴെല്ലാം നേരത്തേ പരിചയമുള്ള ഒരാളെപ്പോലെയാണ് തോന്നുക. താരകുടുംബത്തിൽനിന്ന് വന്നയാളാണെങ്കിലും ഒരിക്കലും ആ താരപരിവേഷം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാത്തത്ര വിനയമുള്ള വ്യക്തിയാണ് ദുൽഖർ”, അല്ലു അർജുൻ പറഞ്ഞു.
Also Read
ചിത്രത്തിലൂടെ സിനിമയിലെത്തുന്ന സാത്വികയ്ക്കും താരം ആശംസകൾ നേർന്നു. ശ്രുതി ഹാസൻ പ്രത്യേക വേഷത്തിലെത്താൻ തയ്യാറായതും ചിത്രത്തെ പിന്തുണച്ചതും അഭിനന്ദിച്ചു. ശ്രുതിയെപ്പോലൊരു വാണിജ്യ സിനിമയിലെ നായിക ഇത്തരമൊരു കഥാപാത്രം ഏറ്റെടുക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ പവൻ സദിനേനിയെ പത്തുവർഷം മുൻപ് പരിചയപ്പെട്ട അനുഭവവും അല്ലു അർജുൻ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനത്തെയും സിനിമയോടുള്ള വ്യക്തമായ കാഴ്ചപ്പാടിനെയും അഭിനന്ദിക്കുകയായിരുന്നു. നിർമാതാക്കളായ സ്വപ്ന ദത്ത, സന്ദീപ് ഗുന്നം എന്നിവരെയും കുടുംബത്തിന്റെ സിനിമാപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്ന പുതിയ തലമുറയെയും താരം പ്രശംസിക്കുകയുണ്ടായി.
'ആകാശംലോ ഒരു താര'യുടെ പ്രമേയം ഏറെ മനോഹരമാണെന്നും പറഞ്ഞു. “ഈ സിനിമയുടെ അടിസ്ഥാന ആശയം വളരെ മനോഹരമാണ്. ഓരോ സ്ത്രീയുടെയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ടീസർ കണ്ടപ്പോൾ തന്നെ അതിലെ പോസിറ്റീവ് ഊർജവും ആത്മാവും എനിക്ക് അനുഭവിക്കാനായി. ചിത്രം വലിയ വിജയമാകട്ടെ”, താരം ആശംസിച്ചു.
കേരളത്തിൽ അല്ലുവിനുള്ള ആരാധകപിന്തുണ നേരിട്ടറിഞ്ഞ അനുഭവം ദുൽഖറും പങ്കുവച്ചു. അന്ന് ഒരു മുറിയിൽ അല്ലു അർജുന്റെ ചിത്രങ്ങളടങ്ങിയ പത്രക്കട്ടിങ്ങുകൾ കണ്ടത് ഓർക്കുന്നുവെന്നും കുട്ടികൾക്കിടയിൽ പോലും അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ടായിരുന്നുവെന്നും ദുൽഖർ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് 'ആകാശംലോ ഒരു താര'യെന്നും താരം വെളിപ്പെടുത്തി. 'ലക്കി ഭാസ്കർ' റിലീസ് ചെയ്യുന്നതുവരെ ഈ സിനിമ നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു താനെന്നും ദുൽഖർ പറഞ്ഞു. “നമുക്ക് ഏറെ പ്രിയപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെടാൻ പോകുന്നുവെന്ന് തോന്നുമ്പോഴാണ് അതിന്റെ യഥാർഥ മൂല്യം തിരിച്ചറിയുന്നത്”, ദുൽഖർ പറഞ്ഞു.
നിർമാതാക്കളായ സന്ദീപ് ഗുന്നം, സ്വപ്ന ദത്ത്, അല്ലു അരവിന്ദ് എന്നിവരോടും ദുൽഖർ നന്ദി അറിയിച്ചു. ചിത്രത്തിന്റെ ഓരോ ദിവസത്തെയും ചിത്രീകരണത്തിൽ സ്വന്തം കുഞ്ഞിനെപ്പോലെ കരുതലോടെ ഇടപെട്ട അല്ലു അരവിന്ദിന്റെ ആത്മാർഥമായ പങ്കാളിത്തത്തെയും അദ്ദേഹം പരാമർശിച്ചു. അമേരിക്കയിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന സാത്വിക വീരവല്ലിയെ സോഷ്യൽ മീഡിയയിലൂടെയാണ് സിനിമയുടെ അണിയറപ്രവർത്തകർ കണ്ടെത്തിയതെന്നും ദുൽഖർ പറഞ്ഞു. കഴിവുകൾ പ്രകടിപ്പിക്കാൻ ഇന്ന് സോഷ്യൽ മീഡിയ വലിയ അവസരമാണെന്നും അതിലൂടെ സാത്വികയെപ്പോലെ പുതിയ പ്രതിഭകൾക്ക് സിനിമയിലെത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ആകാശംലോ ഒരു താര'യിലെ കൽപനയെപ്പോലെ വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാൻ പരിശ്രമിക്കാനും ദുൽഖർ യുവാക്കളോട് ആഹ്വാനം ചെയ്തു. സാത്വിക അവതരിപ്പിക്കുന്ന അമ്മുലു എന്ന കഥാപാത്രത്തിന്റെ സ്വപ്നങ്ങളും അവ സാക്ഷാത്കരിക്കാനുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. വൈകാരികതയ്ക്കും പ്രചോദനാത്മകമായ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം നവംബർ 20ന് തിയറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 16 Nov 2026, 12:21 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented