
ചെറിയൊരു നോട്ടംകൊണ്ടും സൂക്ഷ്മമായ ഭാവമാറ്റങ്ങൾകൊണ്ടുമൊക്കെ കഥാപാത്രങ്ങളുടെ ഉള്ളുലയ്ക്കുന്ന വികാരങ്ങൾ പ്രേക്ഷകരിലേക്ക് പകർത്തുന്ന അഭിനേത്രിയാണ് ലിജോമോൾ ജോസ്. കഥാപാത്രത്തിന്റെ സ്വഭാവവും സാഹചര്യങ്ങളും മനസ്സിലാക്കി അതിനുള്ളിൽ സ്വാഭാവികമായി ജീവിക്കുന്ന അഭിനയശൈലിയാണ് ലിജോമോളുടേത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലും ഈ സമീപനം പ്രകടമാണ്. വൈകാരികമായ, അഭിനയസാധ്യതകളുള്ള വേഷങ്ങളാണ് പലപ്പോഴും ലിജോമോളെ തേടിയെത്തിയിട്ടുള്ളത്.
2016-ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരമായിരുന്നു ആദ്യ സിനിമ. പത്തുവർഷം പിന്നിടുമ്പോൾ മലയാളത്തിലും തമിഴിലും സ്വന്തമായൊരു ഇടം കണ്ടെത്താൻ ലിജോമോൾക്ക് കഴിഞ്ഞു. സിനിമയിലേക്കെത്തിയത് വലിയ മുൻധാരണകളോ ആഗ്രഹങ്ങളോ കൊണ്ടായിരുന്നില്ലെങ്കിലും, ഓരോ ചിത്രവും ഓരോ സംവിധായകരും സഹപ്രവർത്തകരും അഭിനയത്തോടുള്ള സമീപനത്തിൽ പുതിയ പാഠങ്ങളാണ് നൽകിയതെന്ന് താരം പറയുന്നു.
കേരള-തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരമുൾപ്പെടെ നേട്ടങ്ങൾ സ്വന്തമാക്കിയ ലിജോമോൾ, ഏറ്റവും ഒടുവിൽ 'ബത്ത'യിൽ വിജയ് സേതുപതിക്കൊപ്പം ശ്രദ്ധേയമായ പ്രകടനത്തിലൂടെ വീണ്ടും കൈയടി നേടുകയാണ്. 'ബത്ത' ഒടിടിയിലെത്തി ചർച്ചയാകുമ്പോൾ സിനിമയുടെ വിശേഷങ്ങളും അഭിനയജീവിതത്തിലെ പത്തുവർഷത്തെ അനുഭവങ്ങളും പങ്കുവയ്ക്കുകയാണവർ.
തിയേറ്ററിൽ വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോയൊരു ചിത്രം ഇപ്പോൾ ഒടിടി റിലീസിനുശേഷം ചർച്ചയാകുന്നു, നിരൂപണങ്ങൾ വരുന്നു... എന്തുതോന്നുന്നു?
ഒരുപാടൊരുപാട് സന്തോഷമുണ്ട്. കാരണം അത്രത്തോളം വലിയൊരു പ്രതികരണവും അംഗീകാരവുമാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത സമയത്തുതന്നെ ഈ സ്വീകാര്യത ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, പലപല കാരണങ്ങൾകൊണ്ട് പലർക്കും ‘ബത്ത’ തിയേറ്ററിൽ മിസ്സായി. ആ സമയത്തും ഞങ്ങൾ പറഞ്ഞിരുന്നു, ഇത് ഒടിടിയിൽ വരുമ്പോൾ തീർച്ചയായിട്ടും ചർച്ചയാകുമെന്ന്. ഈ ഒരു സ്വീകാര്യത തിയേറ്റർ റിലീസിൽ അനുഭവിക്കാൻ കഴിഞ്ഞില്ല എന്നുള്ളതിൽ നിരാശയുണ്ട്. വൈകിയാണെങ്കിലും സിനിമയ്ക്ക് അർഹിക്കുന്ന അംഗീകാരം കിട്ടി. അതിൽ ഒരുപാട് സന്തോഷമുണ്ട്. ‘ജയ് ഭീ’മിനും ‘പൊൻമാനി’നും ശേഷം എനിക്ക് കിട്ടുന്ന ഏറ്റവും വലിയൊരു അംഗീകാരമാണിത്.
‘ബത്ത’യിൽ അവസാനം കാസ്റ്റ് ചെയ്യപ്പെട്ട താരമാണെന്ന് കേട്ടിരുന്നു…
അതെ, ബത്തയിൽ ഏറ്റവും അവസാനം ജോയിൻ ചെയ്ത ആളാണ് ഞാൻ. സിനിമയുടെ ആദ്യത്തെ ഷെഡ്യൂൾ പൂർത്തിയായതിനു ശേഷമാണ് എന്നെ വിളിക്കുന്നത്. കഥ കേട്ട്, നാല് ദിവസത്തിനുള്ളിൽതന്നെ ഞാൻ ടീമിനൊപ്പം ചേരുകയായിരുന്നു. എന്റെ സീനുകൾ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ജോയിൻ ചെയ്യുന്നത്. എനിക്ക് ഇതിന്റെ തിരക്കഥ പൂർണമായും വായിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. ഒന്നൊന്നര മണിക്കൂർ കൊണ്ട് സംവിധായകൻ ബാലാജി സാർ കഥ എന്നോട് പറയുകയായിരുന്നു. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു.
ബത്ത എന്ന വലിയൊരു മനുഷ്യന് ഒരു ചെറിയ കുട്ടി എതിരാളിയായി വരുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ. കഥ കേട്ടപ്പോൾ ആ ഒരു ഘടകം എനിക്ക് വളരെ ആവേശകരമായി തോന്നി. പിന്നെ തീർച്ചയായിട്ടും ബാലാജി തരണീധരൻ എന്ന സംവിധായകനൊപ്പം പ്രവർത്തിക്കാനുള്ള ഒരു അവസരവും. സാറിന്റെ വർക്കുകളൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. അദ്ദേഹത്തോടുള്ള ബഹുമാനവും വിശ്വാസവും കൂടിയാണ് എന്നെ ഈ സിനിമയുടെ ഭാഗമാക്കിയത്.
കന്നിമ എന്ന കഥാപാത്രമായി മാറുക എളുപ്പമായിരുന്നോ?
ബത്ത എന്ന കഥാപാത്രത്തെ, അല്ലെങ്കിൽ ആ വ്യക്തിയെ ഏറ്റവും നന്നായി മനസ്സിലാക്കിയ ഒരാളാണ് കന്നിമ. അയാളുടെ നല്ലതും ചീത്തയുമായ രണ്ടു വശങ്ങളും നേരിട്ട് കണ്ടും അനുഭവിച്ചും അറിഞ്ഞവൾ. അയാളിലുണ്ടാകുന്ന മാറ്റങ്ങൾ ഏറ്റവുമാദ്യം തിരിച്ചറിയുന്നതും ഭാര്യയായ കന്നിമയാണ്. അങ്ങനെ അയാളുടെ ജീവിതത്തിനൊപ്പം സഞ്ചരിക്കുന്ന കഥാപാത്രമാണത്. കന്നിമയോട് അങ്ങേയറ്റം നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
ആ കഥാപാത്രത്തിലേക്കുള്ള മാറ്റം എന്നിൽ വളരെ സ്വാഭാവികമായാണ് സംഭവിച്ചത്. പക്ഷേ, അവിടെ ചെറിയൊരു വെല്ലുവിളി നേരിട്ടിരുന്നു. സിനിമയിലെ എന്റെ ആദ്യത്തെ സീൻ എന്നുപറയുന്നത്, കുറച്ചുദിവസങ്ങൾക്കുശേഷം ബത്തയെ ജീവനോടെ തിരിച്ചുകിട്ടുന്ന ആശുപത്രി രംഗങ്ങളായിരുന്നു. ആ സമയത്ത് എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. കാരണം, അതിനുമുമ്പും ശേഷവുമുള്ള സംഭവങ്ങളെക്കുറിച്ച് കഥ പറഞ്ഞുകേട്ട അറിവ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. കുടുംബരംഗങ്ങളൊന്നും അപ്പോഴേക്കും ചിത്രീകരിച്ചിരുന്നില്ല.
ആദ്യ സീനിൽത്തന്നെ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധവും ആ കുടുംബത്തിന്റെ അടുപ്പവും പ്രേക്ഷകർക്ക് വിശ്വസനീയമായി അനുഭവപ്പെടണം. അതായിരുന്നു വലിയ വെല്ലുവിളി. ഒരുപാട് ദിവസങ്ങൾക്കുശേഷം ഭർത്താവിനെ ജീവനോടെ തിരിച്ചുകിട്ടുമ്പോഴുള്ള ആശ്വാസത്തിനൊപ്പം, അയാൾ ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന അനിശ്ചിതത്വവും കന്നിമയിലുണ്ട്. കണ്ണുതുറക്കുമ്പോൾ അയാൾ ആദ്യം കാണുന്നത് അവളെയാണ്. അത്രയും ദിവസത്തെ കാത്തിരിപ്പും പരസ്പരമുള്ള സ്നേഹവും അടുപ്പവുമെല്ലാം ആ ഒരൊറ്റ സീനിൽ പ്രകടമാകണമായിരുന്നു. അതെങ്ങനെ സാധ്യമാക്കുമെന്ന ആശങ്കയായിരുന്നു എനിക്ക്.
അത്തരം സന്ദർഭങ്ങളിൽ ഞാൻ എപ്പോഴും സംവിധായകനെ വിശ്വസിക്കുകയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്യുന്ന ആളാണ്. ഈ ഷെഡ്യൂളിലുടനീളം ബാലാജി സാർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആ ഷെഡ്യൂൾ കഴിഞ്ഞതിനുശേഷമാണ് സ്ക്രിപ്റ്റ് വായിച്ച് ഓരോ സീനിനെക്കുറിച്ചും, പ്രത്യേകിച്ച് സംഭാഷണങ്ങളെക്കുറിച്ചും, കൂടുതൽ വ്യക്തത ലഭിച്ചത്. അതുവരെ വലിയ ടെൻഷനായിരുന്നു.
മറ്റൊരു കാര്യം, വിജയ് സേതുപതിക്കൊപ്പമായിരുന്നു ആദ്യ ഷെഡ്യൂളിലെ എന്റെ രംഗങ്ങളെല്ലാം. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ എങ്ങനെയായിരിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ അഭിനയരീതിയിൽ ശ്രദ്ധിച്ച പ്രത്യേകതകൾ എന്തൊക്കെയാണ്?
വിജയ് സേതുപതിയെപ്പോലൊരു അഭിനേതാവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു പഠനാനുഭവമായിരുന്നു. ഓരോ നിമിഷത്തിലും അദ്ദേഹം എങ്ങനെയാണ് കഥാപാത്രമായി മാറുന്നതെന്നും വികാരങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കുന്നതെന്നും നേരിട്ട് കണ്ടുപഠിക്കാൻ സാധിച്ചു. ഒരുപാട് ടേക്കുകൾ എടുക്കാൻ ഇഷ്ടമുള്ള നടനാണ് അദ്ദേഹം. എന്നാൽ ടേക്കുകൾ കൂടുന്നതിൽ ഒരിക്കലും അസ്വസ്ഥനാകുന്നതായി കണ്ടിട്ടില്ല. ഓരോ ടേക്കിലും പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും വ്യത്യസ്തമാക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്.
മറ്റൊരു പ്രത്യേകത, അദ്ദേഹം ഒരുപാട് ചോദ്യങ്ങൾ ചോദിക്കുമെന്നതാണ്. കഥാപാത്രത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. ഓരോ സീനും തുടങ്ങുന്നതിനുമുമ്പ് അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിയും. ഈ കഥാപാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്, ഈ സന്ദർഭത്തിൽ ഇങ്ങനെ സംസാരിക്കുന്നത് ശരിയാകുമോ, മറ്റൊരു രീതിയിൽ അവതരിപ്പിച്ചാൽ എങ്ങനെയിരിക്കും എന്നൊക്കെ അന്വേഷിക്കും. ആവശ്യമെങ്കിൽ മറ്റുള്ളവരോട് അഭിപ്രായങ്ങളും നിർദേശങ്ങളും ചോദിക്കും. ഞാനും കഥാപാത്രത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാറുണ്ടെങ്കിലും അദ്ദേഹത്തെ അപേക്ഷിച്ച് വളരെ കുറവാണ്. ഒരു സീനിൽ അഭിനയിക്കുന്ന മറ്റുള്ളവരുടെ പ്രകടനവും നന്നാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. സഹതാരങ്ങളോട് ചില രംഗങ്ങൾ മറ്റൊരു രീതിയിൽ അവതരിപ്പിച്ചുനോക്കാൻ നിർദേശിക്കുകയും ചെയ്യും. എല്ലാവർക്കും അവരവരുടെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഇടം നൽകുന്നയാളാണ്.
നിർമാണം അറ്റ്ലി, സംവിധാനം ബാലാജി തരണീധരൻ… ബത്ത ടീമിനെപ്പറ്റി?
വളരെ നല്ലൊരു ടീമിനൊപ്പമാണ് പ്രവർത്തിച്ചത്. ബാലാജി സാറിന്റെ പ്രവർത്തനരീതി വ്യത്യസ്തമാണ്. ഓരോ സീനും ചിത്രീകരിക്കുന്നതിനുമുമ്പ് റിഹേഴ്സൽ ചെയ്യും. ഇതിനുമുമ്പ് എനിക്ക് അധികം പരിചയമില്ലാത്ത അനുഭവമായിരുന്നു അത്. വിജയ് സേതുപതി ഉൾപ്പെടെ എല്ലാ അഭിനേതാക്കളും ഒന്നിച്ചിരുന്ന് റിഹേഴ്സൽ ചെയ്യും. സീനിനെക്കുറിച്ച് ബാലാജി സാർ വിശദീകരിച്ചുതരും. അതിനുശേഷം ആവശ്യമെങ്കിൽ ഇംപ്രൊവൈസ് ചെയ്യാനും നിർദേശങ്ങൾ മുന്നോട്ടുവെക്കാനുമുള്ള അവസരവുമുണ്ടായിരുന്നു. അഭിനയിക്കുന്ന സമയത്തും ആ സ്വാതന്ത്ര്യം കിട്ടും. അതേസമയം, സംഭാഷണങ്ങളുൾപ്പെടെ ഓരോ കാര്യത്തിലും വ്യക്തതയോടെയാണ് നമ്മൾ ഷൂട്ടിങ്ങിലേക്ക് കടക്കുന്നത്. ഓരോ സീനിലും ആരൊക്കെ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന കാര്യത്തിൽ എല്ലാവർക്കും ധാരണയുണ്ടാകും. ഈ റിഹേഴ്സലുകൾ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.
അറ്റ്ലി എന്ന വലിയൊരു സംവിധായകന്റെ, നിർമാതാവിന്റെ ബാനറിൽ വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ കൂടെ അഭിനയിച്ച ശാന്തി ബാലചന്ദ്രൻ... ശാന്തിയെ ഞാൻ ആദ്യമായി കാണുന്നതും ഒരുമിച്ച് ജോലി ചെയ്യുന്നതും ഈ സിനിമയിലാണ്. മലയാള നടനായ വിഷ്ണു ഗോവിന്ദനും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ശബരിയുടെ അച്ഛന്റെ വേഷം ചെയ്ത ഹരികൃഷ്ണനൊപ്പം മുമ്പ് ഞാൻ സിനിമ ചെയ്തിട്ടുണ്ട്. അങ്ങനെ നേരത്തേ പരിചയമുള്ളവർക്കൊപ്പവും പുതിയ ആളുകൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.
സിനിമയിൽ വിജയ് സേതുപതി പാടിയ 'ചെല്ലമേ മകളേ' എന്ന പാട്ട് വലിയ ഹിറ്റായല്ലോ…
'ചെല്ലമേ മകളേ' എന്ന പാട്ടിന്റെ ഒരു ബേസ് വേർഷൻ ഷൂട്ടിങ് സമയത്തുതന്നെ ഞങ്ങൾ കേട്ടിരുന്നു. ആ വേർഷൻ വെച്ചാണ് സിനിമയിലെ സന്തോഷകരമായ നിമിഷങ്ങളുടെ മൊണ്ടാഷുകളെല്ലാം ചിത്രീകരിച്ചത്. അന്നുതന്നെ ആ പാട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ, ഇപ്പോൾ അതിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിനുമപ്പുറമാണ്. നൂറിരട്ടി സന്തോഷം തരുന്ന പ്രതികരണമാണ് ലഭിക്കുന്നത്. റീൽസിലൊക്കെ പാട്ട് ട്രെൻഡിങ്ങാണ്.
വിജയ് സേതുപതി ആ പാട്ട് പാടുന്ന രംഗം ചിത്രീകരിച്ചത് മറക്കാനാവില്ല. കാരണം അതൊരു വൈകാരികമായ സീനാണ്. അദ്ദേഹം പാട്ട് എഴുതിപ്പാടുന്നതുപോലെയാണ് നമുക്ക് തോന്നുക. അങ്ങനെ അല്ലെങ്കിലും, മകളോടുള്ള ബത്തയുടെ സ്നേഹം മുഴുവൻ ആ പാട്ടിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അദ്ദേഹം അത് പാടുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആ രംഗം നേരിട്ട് കണ്ടുനിൽക്കുമ്പോൾ ഞങ്ങൾക്കും അതേ വികാരമായിരുന്നു.
വിജയ് സേതുപതി പാട്ട് പാടിക്കഴിയുമ്പോൾ, സിനിമയിൽ ശബരി കൈയടിക്കുന്നതിനുമുമ്പുതന്നെ തിയേറ്ററിൽ ആളുകൾ കൈയടിക്കുന്നുണ്ടായിരുന്നു. ബത്ത എന്ന കഥാപാത്രം പാടാൻ അറിയാവുന്ന ഒരാളല്ല. അയാൾ പാടിയത് അത്ര മനോഹരമായിട്ടാണെന്ന് കരുതിയല്ല പ്രേക്ഷകർ കൈയടിക്കുന്നത്. മകളോടുള്ള അയാളുടെ സ്നേഹം ആ വരികളിലൂടെ അവർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. ആ വൈകാരികതയാണ് അവരെ സ്പർശിക്കുന്നത്.
രസകരമായ മറ്റൊരു കാര്യം, സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് ഷൂട്ടിങ് സമയത്ത് വിജയ് സേതുപതി പാടിയ അതേ പൈലറ്റ് വേർഷനാണ്. ഡബ്ബിങ്ങിന്റെ സമയത്ത് അതിനേക്കാൾ നന്നായി, കൂടുതൽ വൈകാരികമായി പാടിയ വേർഷൻ ലഭിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാൽ ആ രംഗത്ത് ബത്ത എന്ന കഥാപാത്രത്തിന്റെ പാട്ടിന് വേണ്ടത് ഒരു പെർഫെക്ഷനല്ലല്ലോ. അതുകൊണ്ട് അദ്ദേഹം ആദ്യമായി പാടിയപ്പോഴുള്ള ആ സ്വാഭാവികതയും വൈകാരികതയും നിലനിർത്താനാണ് തീരുമാനിച്ചത്. ആ പൈലറ്റ് വേർഷൻ ക്ലീൻ ചെയ്ത് അതുതന്നെ സിനിമയിൽ ഉപയോഗിക്കുകയായിരുന്നു.
പിന്നെ ആ പാട്ടിന്റെ വരികളും എടുത്തുപറയണം. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരുപാട് പേർ ആ പാട്ട് കേട്ടശേഷം എഴുതിയതും പറയുന്നതുമെല്ലാം ഞാൻ കണ്ടിരുന്നു. കാർത്തിക് നേത വളരെ മനോഹരമായാണ് വരികൾ എഴുതിയിരിക്കുന്നത്. സായി അഭ്യങ്കറാണ് ശരിക്കും ആ പാട്ട് പാടിയത്.
കഥകളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാനും ശ്രദ്ധിക്കാറുണ്ടോ?
തീർച്ചയായും. ഞാൻ എപ്പോഴും പറയുന്നതുപോലെ, എന്റെയടുത്തേക്ക് വരുന്ന കഥകളിൽ എനിക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്നതും ഇഷ്ടപ്പെടുന്നതുമായ കഥകളും കഥാപാത്രങ്ങളുമാണ് തിരഞ്ഞെടുക്കാറുള്ളത്. മലയാളത്തിൽനിന്നായാലും തമിഴിൽനിന്നായാലും എനിക്ക് കൂടുതലായും ലഭിക്കുന്നത് വൈകാരികമായ ആഴമുള്ള കഥാപാത്രങ്ങളാണ്. അതിൽനിന്ന് ഒരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ട്.
ഒരു ഫീൽ ഗുഡ് സിനിമയാണ് 'ബത്ത'. പക്ഷേ അതിൽപ്പോലും കന്നിമയ്ക്ക് വൈകാരികമായി കടന്നുപോകേണ്ട ഒരുപാട് സന്ദർഭങ്ങളുണ്ട്. കണ്ണുനിറയുന്ന നിമിഷങ്ങളില്ലാത്ത, കുറച്ചുകൂടി ലൈറ്ററായ സിനിമകളും കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. എന്നാൽ എന്റെയടുത്തേക്ക് വരുന്ന കഥകളിൽനിന്ന് ഏറ്റവും മികച്ചതെന്ന് തോന്നുന്നവ തിരഞ്ഞെടുക്കാനാണ് ശ്രമിക്കാറുള്ളത്. അഭിനയിക്കുമ്പോൾ എന്തെങ്കിലും പുതുതായി ചെയ്യാനും കഴിവുകൾ പ്രകടിപ്പിക്കാനും ആവശ്യത്തിന് സ്പേസും സ്കോപ്പുമുള്ള കഥാപാത്രങ്ങളാണോ എന്നും നോക്കാറുണ്ട്.
പക്വതയുള്ള വേഷങ്ങൾ, അതിൽ കൂടുതലും അമ്മവേഷങ്ങളാണല്ലോ…കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്ന രീതിയും അവയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളും എന്തൊക്കെയാണ്?
ഞാൻ നേരത്തേ പറഞ്ഞതുപോലെ, കൂടുതലും പെർഫോമൻസ് ഓറിയന്റഡ് ആയിട്ടുള്ള കഥാപാത്രങ്ങളാണ് എനിക്ക് ലഭിക്കുന്നത്. അതുകൊണ്ടായിരിക്കാം പക്വതയുള്ള കഥാപാത്രങ്ങളാണ് ഞാൻ തിരഞ്ഞെടുക്കുന്നത് എന്നൊരു ധാരണയുണ്ടാകുന്നത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായ, കുറച്ചുകൂടി ലൈറ്റായ, ലൈറ്റ് ഹാർട്ടഡ് സിനിമകളും കഥാപാത്രങ്ങളും ചെയ്യാൻ കാത്തിരിക്കുകയാണ്.
പിന്നെ, അമ്മവേഷങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് ഒരിക്കലും ആശങ്കയുണ്ടായിട്ടില്ല. ഞാൻ നോക്കുന്നത് കഥാപാത്രത്തെയാണ്. ആ കഥാപാത്രത്തിന് ഒരു കുട്ടിയാണോ രണ്ടുകുട്ടികളാണോ എന്നതൊന്നും എനിക്ക് പ്രശ്നമല്ല. കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ ആദ്യം ശ്രമിക്കുന്നത് ആ വ്യക്തി ആരാണെന്നും എന്താണ് അയാളുടെ സ്വഭാവമെന്നും മനസ്സിലാക്കാനാണ്. ഓരോ സന്ദർഭത്തിലും ആ കഥാപാത്രം അങ്ങനെ പെരുമാറുന്നതിന് എന്താണ് കാരണം? എന്തുകൊണ്ടാണ് ഒരു പ്രത്യേക നിമിഷത്തിൽ അത്തരമൊരു പ്രതികരണം ഉണ്ടാകുന്നത്? എന്തുകൊണ്ടാണ് ആ സംഭാഷണം പറയുന്നത്? ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ചിന്തിക്കാറുണ്ട്. കഥാപാത്രത്തെ മനസ്സിലാക്കുക എന്നതാണ് എന്റെ പ്രധാന തയ്യാറെടുപ്പ്തന്നെ.
'ജയ് ഭീം' ഒഴിച്ചുനിർത്തിയാൽ, ഒരുപാട് തയ്യാറെടുപ്പുകൾ ആവശ്യമായി വന്ന കഥാപാത്രങ്ങൾ എനിക്ക് അധികമുണ്ടായിട്ടില്ലെന്നാണ് തോന്നുന്നത്. ചില കഥാപാത്രങ്ങൾക്കുവേണ്ടി ശരീരഭാരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ടാകാം. അതല്ലാതെ മാനസികമായി പ്രത്യേക പരിശീലനമോ തയ്യാറെടുപ്പുകളോ നടത്തിയിട്ടില്ല. കഥാപാത്രത്തെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ് എന്റെ രീതിയെന്ന് പറയാം.
ഓരോ ദിവസത്തെയും ഷൂട്ടിങ് കഴിഞ്ഞ് പിറ്റേന്ന് ചിത്രീകരിക്കാനുള്ള സീനുകൾ വായിച്ചുനോക്കുന്നത് എനിക്ക് ഇഷ്ടമാണ്. നാളത്തെ സീൻ എന്താണെന്ന് നേരത്തേ അറിഞ്ഞിരുന്നാൽ കുറച്ചുകൂടി എളുപ്പമാണ്. മുറിയിലെത്തി റിലാക്സ് ചെയ്തശേഷം ആ സീൻ വായിക്കും. ആ സന്ദർഭത്തിൽ എന്തുകൊണ്ടാണ് കഥാപാത്രം അങ്ങനെ പെരുമാറുന്നതെന്നും സംസാരിക്കുന്നതെന്നും മനസ്സിലാക്കാൻ ശ്രമിക്കും. അതിനെക്കുറിച്ച് ഒരു ധാരണയുണ്ടായാൽത്തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കുറച്ചുകൂടി എളുപ്പമാകുമെന്നാണ് വിശ്വാസം.
പിന്നെ, അഭിനയിക്കുന്ന ആ നിമിഷത്തിൽ സംഭവിക്കുന്ന ഒരു മാജിക്കുണ്ട്, അതിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. ആക്ഷൻ പറഞ്ഞുകഴിഞ്ഞാൽ അവിടെ നമുക്കുവേണ്ടി ഒരു പ്രത്യേക മൊമെന്റ് രൂപപ്പെടും. അതിൽ കൂടെ അഭിനയിക്കുന്നവർക്കും വലിയ പങ്കുണ്ട്. നമ്മുടെ പ്രകടനത്തെ സ്വാധീനിക്കുന്നത് എതിർവശത്ത് നിൽക്കുന്ന അഭിനേതാവിന്റെ പ്രകടനം കൂടിയാണ്. അവർ അത്ര നന്നായി അഭിനയിക്കുമ്പോൾ നമുക്കും അതിനനുസരിച്ച് മികച്ച രീതിയിൽ പ്രതികരിക്കാൻ കഴിയും. അങ്ങനെ പരസ്പരം സ്വാധീനിക്കുന്ന ഒരു ഗിവ് ആൻഡ് ടേക്ക് അഭിനയത്തിലുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനപ്പുറം വലിയ തയ്യാറെടുപ്പുകളൊന്നുമില്ല.
സിനിമയിലെത്തിയിട്ട് പത്തുവർഷം പൂർത്തിയാകുന്നു. തെന്നിന്ത്യയിലെ മികച്ച നടിമാരിലൊരാളായി വളർന്നു. ഈ കാലയളവിൽ ജീവിതത്തിലും കരിയറിലും സിനിമയോടുള്ള സമീപനത്തിലുമൊക്കെ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായത്?
തെന്നിന്ത്യയിലെ മികച്ച നടിമാരിലൊരാളായി എന്നൊക്കെ പറയാനായിട്ടുണ്ടോ എന്നെനിക്കറിയില്ല. ഞാനങ്ങനെ വിശ്വസിക്കുന്നുമില്ല. പക്ഷേ, ഈ പത്തുവർഷത്തെ യാത്രയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനും അനുഭവിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷവും നന്ദിയുമുണ്ട്. സിനിമയോടുള്ള എന്റെ സമീപനത്തിൽത്തന്നെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സിനിമയിലെത്തിയ കാലത്ത് വലിയ ആഗ്രഹത്തോടെ, ഒരു പാഷനോടെയൊന്നും വന്നയാളല്ല ഞാൻ. അന്ന് സിനിമകൾ വന്നുചേരുന്നു, ചെയ്യുന്നു എന്നതായിരുന്നു. സിനിമയെ ഇത്രത്തോളം ആഗ്രഹിച്ചും പാഷനോടെയും സമീപിക്കാൻ തുടങ്ങിയത് സിനിമയിലെത്തി ഏകദേശം അഞ്ചുവർഷം കഴിഞ്ഞിട്ടായിരിക്കും. ഇപ്പോൾ ഓരോ സിനിമയും വലിയ ആഗ്രഹത്തോടെയും ഗൗരവത്തോടെയുമാണ് ഏറ്റെടുക്കുന്നത്. അത്രത്തോളം പാഷനോടെയാണ് ഓരോ സിനിമയ്ക്കുവേണ്ടിയും പ്രവർത്തിക്കുന്നത്. ആ അർഥത്തിൽ സിനിമയോടുള്ള സമീപനത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ആത്മവിശ്വാസത്തിലും വലിയ വ്യത്യാസം വന്നിട്ടുണ്ട്. പത്തുവർഷം മുമ്പുള്ള ലിജോമോളല്ല ഇപ്പോൾ.

ഓരോ സിനിമയും ഓരോ പുതിയ അനുഭവമാണ് നൽകുന്നത്. മറ്റൊരു പ്രൊഫഷനിൽ ജോലി ചെയ്യുന്നതുപോലെയല്ല നമ്മുടെ പ്രവർത്തനരീതി. ഒരു ടീമിനൊപ്പം പരമാവധി ഒന്നോ രണ്ടോ മാസം, ചിലപ്പോൾ മൂന്നോ നാലോ മാസം മാത്രമായിരിക്കും ജോലി ചെയ്യുക. അതുകഴിഞ്ഞാൽ തികച്ചും വ്യത്യസ്തമായ മറ്റൊരു ടീമിനൊപ്പം പ്രവർത്തിക്കേണ്ടിവരും. ഓരോ സംവിധായകന്റെയും പ്രവർത്തനരീതി വ്യത്യസ്തമാണ്. അങ്ങനെ പലതരം ആളുകൾക്കൊപ്പം ജോലി ചെയ്യുമ്പോൾ ഓരോ സിനിമയിൽനിന്നും പുതിയ കാര്യങ്ങൾ പഠിക്കാനാകും. ഈ സിനിമയിൽനിന്നാണ് റിഹേഴ്സൽ എന്ന രീതിയെക്കുറിച്ച് അടുത്തറിയാൻ കഴിഞ്ഞതെന്ന് ഞാൻ നേരത്തേ പറഞ്ഞല്ലോ. എന്റെ ആദ്യ സിനിമയിൽനിന്നുതന്നെ പഠിച്ച ഒരു കാര്യമുണ്ട്. നമ്മൾ അഭിനയിക്കുകയല്ല, കഥാപാത്രമായി പെരുമാറാനാണ് ശ്രമിക്കേണ്ടത് എന്നതായിരുന്നു അത്. അതുപോലെ ഓരോ അഭിനേതാക്കളും ഒരു കഥാപാത്രമായി മാറാൻ അവർ സ്വീകരിക്കുന്ന ടെക്നിക്കുകൾ കണ്ട് മനസ്സിലാക്കാറുണ്ട്. അങ്ങനെ ഓരോ സിനിമയും ഓരോ പുതിയ പാഠങ്ങളാണ് നൽകുന്നത്.
വ്യക്തിജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായതായി തോന്നുന്നില്ല. പക്ഷേ, കരിയറിൽ തീർച്ചയായും ചില സിനിമകൾ നാഴികക്കല്ലുകളായിട്ടുണ്ട്. 'ജയ് ഭീം', 'പൊൻമാൻ', 'ഉന്മാദം', ഇപ്പോൾ 'ബത്ത'... അങ്ങനെയുള്ള സിനിമകൾ കരിയറിൽ ഓരോ ഘട്ടത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്.
വ്യക്തി എന്ന നിലയിൽ നോക്കിയാൽ എനിക്ക് ഇപ്പോഴും വലിയ സ്റ്റേജ് ഫിയറുണ്ട്. ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാൻ കുറച്ചൊക്കെ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. അതിലൊക്കെ ചെറിയ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. എന്നെ ആരെങ്കിലും നേരിട്ട് കണ്ട് അഭിനന്ദിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണം, എന്താണ് തിരിച്ചുപറയേണ്ടത് എന്നുപോലും അറിയാത്ത ഒരാളാണ് ഞാൻ. അത്തരത്തിലുള്ള കുറേ അസ്വസ്ഥമായ നിമിഷങ്ങൾ ഇപ്പോഴുമുണ്ട്. അതിലൊക്കെ പതുക്കെ മാറ്റം വന്നുതുടങ്ങിയിരിക്കുന്നു.
തമിഴിലും മലയാളത്തിലുമുള്ള പുതിയ ചിത്രങ്ങൾ?
മലയാളത്തിൽ ഇനി ഇറങ്ങാനുള്ളത് ‘അജസുന്ദരി’യാണ്. അത് തീർച്ചയായിട്ടും ഞാൻ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. നമ്മൾ ‘ബത്ത’യൊക്കെ സെലിബ്രേറ്റ് ചെയ്യുന്ന പോലെ മലയാളത്തിൽ ആഘോഷിക്കപ്പെടുന്ന ഒരു സിനിമയായിരിക്കും എന്നൊരു പ്രതീക്ഷയുണ്ട് എനിക്ക്. ജോജു ചേട്ടനാണ് മെയിൽ ലീഡ് ചെയ്യുന്നത്. മറ്റൊന്ന്, ആട് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. എഡിറ്റർ മനു ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആഷിക്ക് അബു ചേട്ടനാണ് നിർമാതാവും ഛായാഗ്രാഹകനുമൊക്കെ. നല്ലൊരു ടീമിന്റെ കൂടെ നല്ലൊരു സിനിമ ചെയ്യാൻ പറ്റി എന്നുള്ള തൃപ്തിയും സന്തോഷവുമുണ്ട്.
തമിഴിൽ ഇനിയിപ്പോൾ ഉടനെ റിലീസുകൾ ഇല്ല. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഒന്ന് രണ്ട് സിനിമകളുണ്ട്. പക്ഷേ, അതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനായിട്ടില്ല. നല്ല ടീമിനൊപ്പം നല്ല കഥാപാത്രങ്ങളും സിനിമകളുമായി ഈ യാത്ര തുടരണമെന്നാണ് ആഗ്രഹം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 06 Nov 2026, 04:42 pm IST
ABOUT THE AUTHOR
Related Topics
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented