പ്രണയത്തിനും സൗഹൃദത്തിനുമപ്പുറം പ്രേക്ഷകഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ചില കഥാപാത്രങ്ങളിലൂടെ...

ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിലർ വാചാലരാകും. എന്തുകൊണ്ടാണെന്നോ, അവർക്ക് ബന്ധങ്ങൾ ജീവൻ നൽകിയിട്ടുണ്ട്. രക്തബന്ധമെന്നും ജന്മാന്തരബന്ധമെന്നും മറ്റുചിലപ്പോൾ പ്രണയമെന്നുപോലും തോന്നിപ്പിക്കുന്ന ചില ബന്ധങ്ങളുണ്ട്. ഇവയ്‌ക്കൊന്നും എഴുതപ്പെട്ടൊരു പേരോ നിർവചനങ്ങളോ ഇല്ല. വാക്കുകൾക്കതീതമായി മാറിയ അതുപോലൊരു ചരട് അല്ലെങ്കിൽ അതുപോലൊരാൾ നമുക്കുമുണ്ടായിരുന്നെങ്കിലെന്ന് ഒരുവേളയെങ്കിലും ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല. ബന്ധങ്ങൾ രക്തസംബന്ധം മാത്രമല്ലെന്ന് കാണിച്ചുതന്ന കഥാപാത്രങ്ങൾ. അവ ഹൃദയത്തിന്റെ നിശ്ശബ്ദമായ തന്ത്രികളാണ്. ഒരു നോക്കിൽ, ഒരു പുഞ്ചിരിയിൽ, അല്ലെങ്കിൽ ഒരു നിമിഷത്തിന്റെ മൗനത്തിൽപോലും പിറവിയെടുക്കുന്നവ. അവയ്ക്ക് വാക്കുകൾക്കപ്പുറമൊരു ഭാഷയുണ്ട്. അത് ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക് ഒഴുകുന്നു. ഇത്തരം ബന്ധങ്ങളെ ഹൃദയഹാരിയായി വരച്ചിട്ടിട്ടുണ്ട് പലപ്പോഴും മലയാള സിനിമ. ആദ്യം മനസ്സിലേക്കോടിയെത്തുന്നവർ ഇവരാണ്. എഴുത്തുകാരി നന്ദിതാമേനോനും വക്കീലായ രാജീവും.
നന്ദിതയും രാജീവും
കമൽ തിരക്കഥയെഴുതി സംവിധാനംചെയ്ത് 2002-ൽ പുറത്തിറങ്ങിയ 'മേഘമൽഹാറി'ലെ നായികയും നായകനും. ബിജുമേനോനും സംയുക്താവർമയും അനശ്വരരാക്കിയ കഥാപാത്രങ്ങൾ. വേണ്ടെന്നുവെച്ചിട്ടും പിന്നെയും വേണമെന്ന് തോന്നുന്ന ഒരിഷ്ടമാണിതെന്ന് രാജീവൻതന്നെ നന്ദിതയോട് പറയുന്നുണ്ട്. ആ ഇഷ്ടത്തിന് ഒരു പേരോ മാനമോ അവർ കല്പിക്കുന്നില്ല. എം.ടി. മഞ്ഞിൽ പറഞ്ഞുവെച്ചതുപോലെ!
Also Read
എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല. വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ... വെറുതേ...എനിക്ക് നിങ്ങളെ ഇഷ്ടമാണ്.
യഥാർഥത്തിൽ നന്ദിതയും രാജീവും ഇതുതന്നെയാണ്. തങ്ങളുടെ യാഥാർഥ്യത്തെ മറക്കാതെ അവയെ മുറുകെപ്പിടിച്ച് മനസ്സിൽ സൂക്ഷിച്ച പരിശുദ്ധമായൊരിഷ്ടം.
ജയകൃഷ്ണനും ക്ലാരയും
പത്മരാജൻ സംവിധാനംചെയ്ത 'തൂവാനത്തുമ്പികൾ' എന്ന ചിത്രത്തിലേതും ഇതുപോലൊരിഷ്ടമാണ്. ജയകൃഷ്ണൻ (മോഹൻലാൽ) ക്ലാര (സുമലത) ബന്ധത്തിന്റെ സങ്കീർണതതന്നെയാണ് അതിനെ എക്കാലത്തും മനോഹരമാക്കുന്നത്. കേവലം താത്കാലിക കാമാസക്തി മാത്രമായി നിർവചിക്കാവുന്ന ഒന്നല്ല അത്. പരമ്പരാഗത പ്രണയത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചുള്ള ഒരു വൈകാരിക യാത്ര. ഇവർ കണ്ടുമുട്ടുന്ന ഓരോ നിമിഷവും മഴയുടെ സാന്നിധ്യത്താൽ അടയാളപ്പെടുത്തുന്നു. മഴയും ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പലപ്പോഴും കഥാപാത്രമായി മാറുന്നു.
'നിന്റെ മനസ്സിന്റെ ഒരു ഭാഗം എന്റെ മനസ്സിന്റെ ഒരു ഭാഗവുമായി ഒന്നിച്ചുചേർന്നിരിക്കുന്നു' എന്ന ജയകൃഷ്ണന്റെ വാക്കുകൾ ഈ ബന്ധത്തിന്റെ ആത്മാവിനെ സംഗ്രഹിക്കുന്നു. മഴയുടെ താളത്തിൽ, മൗനങ്ങളിൽ, അർധവാക്യങ്ങളിൽ, അവ്യക്തമായ വികാരങ്ങളിൽ സംവിധായകൻ ബന്ധത്തിന്റെ ആഴവും പരപ്പും വരച്ചുവെച്ചിരിക്കുന്നു. അതുതന്നെയാണ് കഥാപാത്രങ്ങൾക്ക് ഇന്നും പ്രേക്ഷകമനസ്സിൽ സവിശേഷമായ ആ സ്ഥാനം. സ്വന്തമാക്കാതിരിക്കലും ഒരുതരത്തിൽ സ്‌നേഹം തന്നെയാവുന്നു.
മഞ്ഞുമ്മലിലെ കൂട്ടുകാർ
രണ്ട് വ്യക്തികൾ തമ്മിൽ മാത്രമല്ല ഇത്തരം ബന്ധങ്ങൾ ഉടലെടുക്കുകയെന്ന് കാണിച്ചുതന്ന സിനിമയാണ് 2024-ൽ പുറത്തിറങ്ങിയ 'മഞ്ഞുമ്മൽ ബോയ്സ്'. യഥാർഥ ജീവിതത്തിൽ നടന്ന ഒരു സംഭവമാണിതെന്നതാണ് ചിത്രത്തിനെ കൂടുതൽ സ്വീകാര്യമാക്കുന്നത്. ഒരുകൂട്ടം സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നുണ്ട് സിനിമ. മറ്റൊരാളുടെ ജീവനുവേണ്ടി സ്വന്തം ജീവൻ സമർപ്പിക്കുന്ന അത്യപൂർവമായ കാഴ്ചയാണ് ഇവിടെ കാണാവുന്നത്. ചതിയും വഞ്ചനയും സൗഹൃദങ്ങളുടെ അർഥതലങ്ങളെ സംശയത്തിന്റെ നിഴലിലാഴ്ത്തുമ്പോൾ അവരിൽനിന്ന് തികച്ചും വ്യത്യസ്തരാണ് മഞ്ഞുമ്മലിലെ കൂട്ടുകാർ. കാഴ്ചക്കാരെ പിടിച്ചിരുത്താനും ചിന്തിപ്പിക്കാനും ഇത്തരം ചിത്രീകരണങ്ങൾക്ക് സാധിക്കുന്നു എന്നതുതന്നെയാണ് അതിന്റെ വിജയവും.
ബീയുമ്മാന്റേം ജമീലയുടെയും സുഡു
പ്രതിഫലം പ്രതീക്ഷിക്കാത്ത സ്‌നേഹത്തിന്റെയും പരിഗണനയുടെയും നേർച്ചിത്രമായി പ്രേക്ഷകർ മനസ്സിൽ കൊണ്ടുനടക്കുന്നൊരു ചിത്രമുണ്ട്. സക്കറിയ സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ മജീദ് എന്ന നായകനായെത്തിയ 'സുഡാനി ഫ്രം നൈജീരിയ'. സെവൻസ് കളിക്കാൻ മലപ്പുറത്തെത്തുന്ന നൈജീരിയക്കാരൻ സാമുവൽ, മജീദിന്റെയും കൂട്ടുകാരുടെയും 'സുഡു'വായി മാറുന്നു. വംശീയതയുടെ നേരിയ ലാഞ്ഛനപോലുമില്ലാത്ത അവർ തമ്മിലുള്ള ഹൃദയബന്ധം കണ്ണീരണിയിക്കുന്നതാണ്. കേവലം സുഡുവിലും മജീദിലും മാത്രം ഒതുങ്ങുന്നതല്ല ഈ സിനിമയിലെ ഹൃദയഹാരിയായ ബന്ധത്തിന്റെ കണ്ണികൾ. ബന്ധങ്ങൾക്ക് ജാതി മത ദേശ ഭാഷാ അതിർവരമ്പുകളില്ലെന്നതും ഇതിൽ വ്യക്തമാകുന്നു. 'അനക്കു വിശക്കുന്നുണ്ടോ മോനേ'യെന്ന് മജിയുടെ പാവം ഉമ്മ മലയാളമറിയാത്ത സുഡുവിനോട് ചോദിക്കുന്നത്, അവന്റെ പനിക്ക് കാവലിരിക്കുന്നത് ഒക്കെ എടുത്തുപറയാതെ വയ്യ. അതുകൊണ്ടുതന്നെയാണ് ഈ ചിത്രം പ്രേക്ഷകരെ കണ്ണീരണിയിക്കുന്നതും.
പ്രണയം
കണ്ണീരോടെയല്ലാതെ കണ്ടുതീർക്കാൻ സാധിക്കാത്ത മറ്റൊരുചിത്രമാണ് 'പ്രണയം'. ബ്ലെസിയുടെ സംവിധാനത്തിൽ അനുപം ഖേർ (അച്യുതമേനോൻ) നായകനും ജയപ്രദ (ഗ്രേസ്) നായികയുമായി 2011-ൽ പുറത്തിറങ്ങിയത്. ഗ്രേസ്-അച്യുതമേനോൻ ബന്ധം കേവലം വിവാഹേതര ബന്ധത്തിലേക്ക് തരംതാഴ്ത്താൻ പലരും ശ്രമിക്കുമ്പോഴും അത് അതിന്റെ പരിശുദ്ധിയുടെ മൂർത്തിമദ്ഭാവത്തിൽ തെളിഞ്ഞുനിൽക്കുന്നു. ഒരുകാലത്ത് പ്രണയികളായിരുന്നവർ, ഒരുമിച്ച് ജീവിച്ചവർ, പ്രണയത്തിന്റെ അകാലചരമത്തിൽ വീണുടയുന്നവർ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ അവിടെ ഉടലെടുക്കുന്നത് വാക്കുകൾക്കതീതമായ എന്തോ ഒന്നാണ്. അത് പ്രണയത്തിന്റെതന്നെ മറ്റൊരു തലമാണോ? അറിയില്ല! എങ്കിലും ആ ബന്ധത്തിന് നിഷ്‌കളങ്കതയുടെതല്ലാത്ത മറ്റൊരു ഭാവവും കല്പിക്കാനാവില്ല. ഗ്രേസിന്റെ ലാളിത്യവും അച്യുതമേനോന്റെ ആത്മാർഥതയും അവരുടെ ബന്ധത്തെ സവിശേഷമാക്കുന്നു. സ്‌നേഹത്തിന്റെ യഥാർഥ സത്തയാണിത്.
അദ്ഭുതപ്പെടുത്തിയ മീരയും രഘുനന്ദനും
ഒരിക്കൽ വിവാഹബന്ധം വേർപെടുത്തിയവർ പിന്നീട് തമ്മിൽ കാണുന്നതുപോലും ശരിയല്ലെന്ന് വാദിക്കുന്നവർക്ക് ബന്ധങ്ങളെ ഒരു താലിച്ചരടിലോ കൈയൊപ്പിലോ മാത്രം ഒതുക്കാവുന്നവയല്ല എന്ന് കാട്ടിത്തരുന്ന സിനിമയാണ് 'സ്പിരിറ്റ്'. രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം. രഘുനന്ദനും മീരയുമായി മോഹൻലാലും കനിഹയും അതിൽ ജീവിക്കുകതന്നെയായിരുന്നു. ''ഗുഡ്‌നൈറ്റ്... ഒരുകാലത്ത് എന്റെ ഭാര്യ ആയിരുന്നവളേ നമുക്കിനി വരുംജന്മത്തിൽ കണ്ടുമുട്ടാം. പഴയ റോളിൽ.'' രഘുനന്ദന്റെ വാക്കുകൾ പ്രേക്ഷകരെ കൊണ്ടുപോവുന്നത് ഒരുതരത്തിൽ യാഥാർഥ്യ ബോധത്തിലേക്കുതന്നെയാണെന്നുപറയാം. ഡിവോഴ്സ് അങ്ങേയറ്റം നികൃഷ്ടമാണെന്നും നീചമാണെന്നും പറഞ്ഞുവയ്ക്കുന്ന സമൂഹത്തിലേക്കുള്ള തുറന്നുകാട്ടൽ. ഡിവോഴ്സ് എന്നതിന് വേറൊരു മാനമാണ് ഇവർ നൽകിയത്. മീരയും രഘുനന്ദനും മുൻ ഭാര്യാഭർത്താക്കന്മാർ മാത്രമല്ല, പരസ്പരം ബഹുമാനിക്കുന്ന രണ്ട് മനുഷ്യർകൂടിയാണ്. ചിന്താഗതിയിലും ജീവിതത്തിലും സ്വതന്ത്രരായ രണ്ടുപേർ. തങ്ങളുടെ അടുപ്പത്തിന് യാതൊരു അർഥവും നിഷ്‌കർഷിക്കാതെതന്നെ ജീവിത പ്രതിസന്ധികളിൽ അവർ വീണ്ടും താങ്ങാവുന്നുണ്ട്. എത്ര മനോഹരമാണത്. വീണ്ടും വീണ്ടും അവർ നമ്മെ ചിന്തിപ്പിക്കുകയാണ്, അദ്ഭുതപ്പെടുത്തുകയാണ്.
ചേട്ടച്ഛനും കുമ്പളങ്ങിയിലെ സഹോദരങ്ങളും
രക്തബന്ധങ്ങൾക്കുപരി ആത്മബന്ധങ്ങളുടെയും അവയിലുരുത്തിരിയുന്ന സംഘർഷങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് സിബി മലയിൽ സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ 'ദശരഥം'. രാജീവ് മേനോൻ (മോഹൻലാൽ) എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ചന്ദ്രദാസ് (മുരളി), ആനി (രേഖ) എന്നിവരുമായുള്ള ആത്മബന്ധത്തിന്റെ കഥ പറയുകയാണിവിടെ. രാജീവിന്റെ വാടകവീടിന്റെ ഉടമയായ സേതുമാധവൻ തുടക്കത്തിൽ ഒരു സാധാരണ വാടകക്കാരനും വീട്ടുടമയും എന്ന രീതിയിൽ പെറുമാറുന്നു. എന്നാൽ പിന്നീട് രാജീവിന്റെ മാനസിക സംഘർഷങ്ങൾ തിരിച്ചറിഞ്ഞ് ഇയാൾ പിതൃതുല്യമായ സ്‌നേഹത്തോടെ രാജീവിന് താങ്ങുംതണലുമാവുന്നു. രാജീവിന് ഒരു കുഞ്ഞിനായി ഗർഭപാത്രം വാടകയ്ക്കുനൽകുന്ന ആനിയുമായുള്ള ബന്ധവും ഇവിടെ സങ്കീർണമാണ്. സ്‌നേഹം, വാത്സല്യം, ത്യാഗം, ഒറ്റപ്പെടൽ തുടങ്ങിയ മാനുഷികവികാരങ്ങളെ ചിത്രം മനോഹരമായി ആവിഷ്‌കരിക്കുന്നുണ്ട്.
ഒരു കുഞ്ഞെന്ന തന്റെ സ്വപ്നം ഉള്ളിലൊതുക്കി സ്വയം നിയന്ത്രിച്ച് പൂർണമായി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന രാജീവിന്റെ രംഗങ്ങളൊന്നും കണ്ടിരിക്കാനാവില്ല. 'പവിത്രം' എന്ന ചിത്രത്തിന്റെ അവസാനത്തിൽ സ്‌നേഹാധിക്യത്താൽ മനോനില തെറ്റിയ ചേട്ടച്ഛനെ കാണുംപോലെ. സഹോദരബന്ധങ്ങൾക്കിടയിലും അത്രമേൽ ആഴമേറിയ ഒരു കണ്ണിയുണ്ട്. കുമ്പളങ്ങി എന്ന ദ്വീപിൽ ജീവിക്കുന്ന നാല് സഹോദരങ്ങളുടെ കഥപറയുന്ന 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയിൽ അത് വ്യക്തമാവും. പരസ്പരം അകന്ന് ഒരു വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അപരിചിതരെപ്പോലെ ജീവിക്കുന്ന ഈ സഹോദരങ്ങൾക്കിടയിൽ കാലക്രമേണ വളരുന്ന ആത്മബന്ധങ്ങളാണ് ചിത്രത്തിന്റെ കാതൽ. ഓരോ കാഴ്ചക്കാരനെയും അവനവന്റെ ബന്ധങ്ങളെക്കുറിച്ച് പുനർവിചിന്തനം നടത്താൻ പ്രേരിപ്പിക്കുന്ന കഥകൂടിയാണിത്.
മതിലുകൾ ഭേദിച്ച ബഷീറും നാരായണിയും
ബഷീറിന്റെ മതിലുകൾ എന്ന നോവലിനെ ആസ്പദമായി നിർമിച്ച സിനിമയാണ് 'മതിലുകൾ'. കൂറ്റൻ മതിലുകൾക്കിരുവശവും വളരുന്ന സ്‌നേഹമാണ് ഇതിലെ പ്രതിപാദ്യം. ജയിലറകളുടെ ഭീതിദമായ അന്തരീക്ഷത്തിനപ്പുറത്തേക്ക് അവിടെ നിർമലസ്‌നേഹത്തിന്റെ വിത്തുപാകുന്നവർ. ഒരു വേളപോലും നേരിൽ കാണാതെ പരസ്പരം സ്‌നേഹം കൈമാറുന്നവർ. സമൂഹത്തിന്റെ മതിലുകൾ തകർത്ത് മനുഷ്യരുടെ ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്കുള്ള പാലമാകുന്നു ചിത്രം. കേവലം ഒരു പ്രണയകഥ എന്നതിനപ്പുറം മനുഷ്യബന്ധങ്ങളുടെ സങ്കീർണതയും സ്വാതന്ത്ര്യത്തിനായുള്ള അടങ്ങാത്ത ദാഹവും അതിലോലമായി ഇതൾവിരിയുന്ന കാവ്യമാണിത്. ശബ്ദങ്ങളുടെ ലോകത്തെ കൂട്ടിയിണക്കുകയാണിവിടെ. മതിലുകൾ എന്ന തലക്കെട്ട് കേവലം ജയിലിന്റെ ഭൗതികമതിലുകളെ മാത്രമല്ല സൂചിപ്പിക്കുന്നത്. ലിംഗപരമായ വേർതിരിവുകൾ, മനുഷ്യർക്കിടയിലുള്ള മാനസികമായ അകലങ്ങൾ എന്നിവയെല്ലാം ഈ മതിലുകൾ പ്രതീകവത്കരിക്കുന്നു. ഈ മതിലുകളെല്ലാം ഭേദിച്ച് സ്‌നേഹത്തിന്റെ പുതിയലോകം സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഇവിടെ ബഷീറും നാരായണിയും നമുക്ക് കാട്ടിത്തരുന്നത്.
അതെ, ഇവരൊക്കെ മനുഷ്യരാണ്. ബന്ധങ്ങളെ ബന്ധനങ്ങളാക്കാത്ത, അതിർവരമ്പുകൾ സൃഷ്ടിക്കാത്ത, പച്ചയായ മനുഷ്യർ. ഇവരിലൊതുങ്ങുന്നതല്ല ഇത്തരം സ്‌നേഹബന്ധങ്ങളുടെ നിര. ഒരുപാടുണ്ട്. ഒരുപക്ഷേ, സിനിമയിലും ജീവിതത്തിലുമായി ഇവരെക്കൂടാതെയുള്ള നിരവധി മനുഷ്യർ നിങ്ങളുടെ ഉള്ളിലൂടെ ഇപ്പോൾ കൊള്ളിയാൻപോലെ മിന്നിമായുന്നുണ്ടാവാം. ഇത്തരം ബന്ധങ്ങളുടെ ആത്മാവ് പരിശുദ്ധമാണ്. കാരണം അവ സ്വാർഥതയിൽനിന്ന് മുക്തമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: iconic-relationships-malayalam-cinema-analysis
Published: 12 May 2026, 02:48 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented