ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ എന്ന വിശേഷണത്തിനപ്പുറം സംവിധായകൻ എന്ന നിലയിൽ സ്വന്തമായൊരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആര്യൻ ഖാൻ. ആദ്യ സംവിധാന സംരംഭമായ ‘ദ ബാ***ഡ്‌സ് ഓഫ് ബോളിവുഡ്’ എന്ന വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ ആര്യൻ, അച്ഛനുമായുള്ള താരതമ്യങ്ങളെക്കുറിച്ച് ഇപ്പോൾ മനസ്സുതുറന്നിരിക്കുകയാണ്. ഷാരൂഖ് ഖാനുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ പലപ്പോഴും താരതമ്യങ്ങൾ നേരിടേണ്ടിവരുന്നുണ്ടെങ്കിലും അതിനെ ഒരു അംഗീകാരമായാണ് കാണുന്നതെന്ന് ആര്യൻ പറഞ്ഞു. അച്ഛനെ വിശേഷിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ച വാക്ക് 'ബീസ്റ്റ്' എന്നാണ്. ടൈം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആര്യന്റെ പ്രതികരണം.
“എല്ലാവരും അദ്ദേഹവുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആ കൂട്ടത്തിൽ ഞാനും ഒരാളാണെങ്കിൽ അതിൽ പ്രശ്‌നമില്ല. ഒന്നാം നമ്പറിലുള്ള ആളുമായി താരതമ്യം ചെയ്യപ്പെടുന്നത് ഒരു അഭിനന്ദനമായാണ് ഞാൻ കാണുന്നത്. അദ്ദേഹം ഒരു ബീസ്റ്റാണ്”, ആര്യൻ പറഞ്ഞു.

To advertise here,

ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂത്ത മകനായ ആര്യൻ, സംവിധായകൻ എന്ന നിലയിൽ തന്റെ കഴിവുകളെക്കുറിച്ചും അഭിമുഖത്തിൽ സംസാരിച്ചു. ആശയങ്ങൾ രൂപപ്പെടുത്തുന്നതു മുതൽ അവയെ പ്രാവർത്തികമാക്കുന്നതുവരെ കൊണ്ടുപോകാൻ തനിക്ക് കഴിയുമെന്നാണ് ആര്യന്റെ വിലയിരുത്തൽ. “ആശയങ്ങൾ കടലാസിലേക്ക് പകർത്തുന്നതു മുതൽ അവ യാഥാർഥ്യമാക്കുന്നതുവരെ കൊണ്ടുപോകാൻ എനിക്ക് കഴിയും. അതാണ് എന്റെ ശക്തി” എന്നാണ് അദ്ദേഹം പറഞ്ഞത്. 

‘ദ ബാ***ഡ്‌സ് ഓഫ് ബോളിവുഡി’ന്റെ രണ്ടാം സീസണിന്റെ ജോലികളിലാണ് ആര്യൻ ഇപ്പോൾ. സിനിമാ നിർമാണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അദ്ദേഹം പങ്കുവച്ചു. “കഥ ഒന്നുതന്നെയായിരിക്കാം. എന്നാൽ അതിനെ എങ്ങനെ വ്യത്യസ്തമാക്കാം, അതിൽ എങ്ങനെ പുതിയൊരു മാനം കൊണ്ടുവരാം, എങ്ങനെ അവതരിപ്പിക്കാം എന്നതിലാണ് സിനിമാ നിർമാണത്തിന്റെ യഥാർഥ മികവ്,” ആര്യൻ പറഞ്ഞു.

ടൈം മാസിക ആദ്യമായി പുറത്തിറക്കിയ ടൈം100 നെക്സ്റ്റ് ഇന്ത്യ 2026 പട്ടികയിലും ആര്യൻ ഇടംപിടിച്ചിട്ടുണ്ട്. ബിസിനസ്, വിനോദം, ശാസ്ത്രം, കായികം, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന പുതുതലമുറയിലെ വ്യക്തികളെയാണ് പട്ടികയിലൂടെ ആദരിക്കുന്നത്. നടി ആലിയ ഭട്ട്, സംവിധായകരായ പായൽ കപാഡിയ, തേജ റിയോ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സംഗീതരംഗത്തുനിന്ന് ദിൽജിത് ദോസാഞ്ജ്, അനിരുദ്ധ് രവിചന്ദർ, അരിവ്, ഫഹീം അബ്ദുള്ള, ഇഷാൻ ഘോഷ്, ജസ്ലീൻ റോയൽ, പ്രതീക് കുഹാദ് എന്നിവരും അംഗീകാരം നേടി. ജിതേന്ദ്ര കുമാർ, സാമന്ത റൂത്ത് പ്രഭു, അലി ഫസൽ, സായ് പല്ലവി, അപർണ റോയ്, ഇഷാൻ ഖട്ടർ, നയൻതാര, പാ രഞ്ജിത്ത്, വികി കൗശൽ തുടങ്ങിയവരും പട്ടികയിലുണ്ട്.

ബോളിവുഡ് സിനിമാ ലോകത്തെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഏഴ് എപ്പിസോഡുകളുള്ള ആക്ഷേപഹാസ്യ പരമ്പരയാണ് ‘ദ ബാ***ഡ്‌സ് ഓഫ് ബോളിവുഡ്’. സിനിമാ മേഖലയിലെ പിന്നാമ്പുറ കാഴ്ചകളും താരങ്ങളുടെ ജീവിതവും വ്യവസായത്തിലെ പതിവ് രീതികളുമെല്ലാം നർമത്തിലൂടെ അവതരിപ്പിക്കുന്ന പരമ്പരയ്ക്ക് റിലീസിനു പിന്നാലെ പ്രേക്ഷകരിൽനിന്നും നിരൂപകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ലക്ഷ്യ, സഹർ ബാംബ, ബോബി ഡിയോൾ, രാഘവ് ജുയൽ, അന്യ സിങ്, മനീഷ് ചൗധരി, മോന സിങ്, മനോജ് പഹ്വ, ഗൗതമി കപൂർ, രജത് ബേദി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമാ ലോകത്ത് വലിയ താരമാകാൻ ആഗ്രഹിക്കുന്ന ആസ്മാൻ സിങ് എന്ന പുതുമുഖ നടന്റെ കഥയാണ് പരമ്പര പറയുന്നത്. ലക്ഷ്യയാണ് ആസ്മാനെ അവതരിപ്പിക്കുന്നത്. പ്രശസ്തിയുടെയും സിനിമാ ലോകത്തിന്റെയും അപ്രതീക്ഷിത വഴികളിലൂടെ ആസ്മാൻ നടത്തുന്ന യാത്രയാണ് പരമ്പരയുടെ പ്രമേയം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi