മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള അഭിനേത്രിയാണ് ഉമ ശങ്കരി. ദിലീപിന്റെ നായികയായി 'കുബേരൻ' എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ താരം പരിചിതയാകുന്നത്. 'തിലകം', 'വസന്തമാളിക', 'സഫലം', 'ഈ സ്നേഹതീരത്ത്' തുടങ്ങിയ മലയാള സിനിമകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും താരം സജീവമായിരുന്നു. വർഷങ്ങളായി സിനിമയിൽനിന്ന് വിട്ടുനിൽക്കുന്ന ഉമ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത് തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള തുറന്നുപറച്ചിലിലൂടെയാണ്. സ്തനാർബുദത്തിനെതിരായ പോരാട്ടത്തിനിടെ കീമോതെറാപ്പിയുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും അതിജീവനത്തിലുള്ള ആത്മവിശ്വാസത്തെക്കുറിച്ചുമാണ് താരം പങ്കുവച്ചിരിക്കുന്നത്. കീമോതെറാപ്പിയുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ചികിത്സയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 'കീമോതെറാപ്പി കഠിനമാണ്, പക്ഷേ അതിനേക്കാൾ കരുത്തുള്ളവളാണ് ഞാൻ' എന്ന കുറിപ്പിനൊപ്പം ചിത്രവും പങ്കുവച്ചിട്ടുണ്ട്. താരത്തിന് സ്നേഹവും പിന്തുണയുമറിയിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
ജൂലൈയിലാണ് ഉമ ശങ്കരിക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. നിലവിൽ കീമോതെറാപ്പിയും ഇമ്മ്യൂണോതെറാപ്പിയും ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുകയാണ്. ചികിത്സയുടെ ഭാഗമായി നേരിടുന്ന ബുദ്ധിമുട്ടുകൾ ഏറെയാണെങ്കിലും രോഗത്തെ അതിജീവിക്കുമെന്ന ആത്മവിശ്വാസത്തിലാണ് താരം. ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ചികിത്സയെക്കുറിച്ചുള്ള തന്റെ മനസ്സുതുറക്കൽ. 'കീമോതെറാപ്പി കഠിനമാണ്, പക്ഷേ അതിനേക്കാൾ കരുത്തുള്ളവളാണ് ഞാൻ. അവസാനത്തെ ഏതാനും ചികിത്സാ സെഷനുകൾ എന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്,' എന്നാണ് ഉമ കുറിച്ചത്.
Also Read
ഉമ ശങ്കരിയുടെ കുറിപ്പ് പുറത്തുവന്നതോടെ നിരവധി പേരാണ് ആശംസകളും പ്രാർഥനകളുമായി എത്തിയത്. രോഗത്തോടുള്ള പോരാട്ടത്തിൽ കാണിക്കുന്ന ധൈര്യത്തെയും ആത്മവിശ്വാസത്തെയും പലരും അഭിനന്ദിച്ചു. ചികിത്സയിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്കും താരത്തിന്റെ വാക്കുകൾ പ്രതീക്ഷയും പ്രചോദനവുമാകുന്നുണ്ട്. അവശേഷിക്കുന്ന ചികിത്സാ സെഷനുകൾ പൂർത്തിയാക്കാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും എത്രയും വേഗം പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തട്ടെയെന്നും ആരാധകർ ആശംസിച്ചു.
തമിഴ് സിനിമയിലൂടെയാണ് ഉമ ശങ്കരി അഭിനയരംഗത്തെത്തിയത്. സത്യരാജിനൊപ്പം അഭിനയിച്ച 'വീരനടൈ'യായിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീട് വിജയകാന്തിന്റെ സഹോദരിയായി വേഷമിട്ട 'ചൊക്കത്തങ്കം' എന്ന സിനിമയിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി മുപ്പതിലേറെ സിനിമകളിൽ ഉമ അഭിനയിച്ചിട്ടുണ്ട്. 2006-ലായിരുന്നു ദുഷ്യന്തുമായുള്ള വിവാഹം. ഇരുവർക്കും ഒരു മകനുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സിനിമാരംഗത്തുനിന്നും പൊതുവേദികളിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ ആരോഗ്യവിവരത്തിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് ഉമ ശങ്കരി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 21 Nov 2026, 02:50 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented