ബിജുമേനോന്റെ പ്രണയം ശ്രദ്ധിച്ചിട്ടുണ്ടോ? സിനിമയിൽ ഒരസാധ്യ കാമുകനാണയാൾ. കണ്ണുകളിൽ പ്രണയം കത്തിനിൽക്കുന്ന, കട്ടിമീശയ്ക്കുചുറ്റും സ്നേഹത്തിന്റെ ചിത്രശലഭങ്ങൾ ചിറകടിക്കുന്ന, കാമുകിയെ നോക്കി നിലാവുപോലെ പുഞ്ചിരിക്കുന്ന ബിജുമേനോൻ. ബിജുമേനോനെക്കുറിച്ചോർക്കുമ്പോൾ ഒരു പക്ഷേ, കൂടുതൽ പേരും 'മേഘമൽഹാറി'ലെ രാജീവിനെയാകും ഓർക്കുന്നുണ്ടാകുക. എന്നാൽ എനിക്കിഷ്ടം 'ചന്ദ്രനുദിക്കുന്ന ദിക്കി'ലെ ബിജുമേനോനെയാണ്. സ്നേഹിച്ച പെൺകുട്ടിയുടെ ഭർത്താവായശേഷവും കാമുകനായി വൺവേ ട്രാക്കിലൂടെ സഞ്ചരിക്കുന്ന നല്ലവനായ ബിജുമേനോനെ.
ബിജുമേനോന്റെ കഥാപാത്രത്തെക്കുറിച്ച് സിനിമയിൽ ആദ്യം പരാമർശിക്കുന്നത് നായികയായ രാധയാണ് (കാവ്യാ മാധവൻ). അവളുടെ കോളേജിൽ പുതിയൊരു സാറ് വന്നിട്ടുണ്ടെന്നും ക്ലാസെടുക്കുമ്പോൾ അവളെത്തന്നെ നോക്കി നിൽക്കുമെന്നുമാണ് രാധ പറയുന്നത്. ആറടി പൊക്കവും കട്ടിമീശയും നല്ല ശബ്ദവുമുള്ള ആ സുന്ദരനായ സാറ് തന്റെ വീടും നാടുമൊക്കെ അന്വേഷിച്ചെന്നു പറയുമ്പോൾ കാമുകനായ മുകുന്ദന് (ദിലീപ്) ദേഷ്യം വരുന്നു.
എന്നാൽ പിന്നീട് കഥയിൽ രാധ ആ കോളേജ് പ്രൊഫസറെ തന്നെ കല്യാണം കഴിക്കുന്നു. പഴയ കാമുകന്റെ ഓർമകളിൽനിന്ന് മുക്തയായി നല്ലൊരു ഭാര്യയായിത്തീരാൻ തനിക്ക് കുറച്ച് സമയം വേണമെന്ന് അവൾ ആവശ്യപ്പെടുന്നു. അവളോട് അഗാധമായ പ്രണയമുള്ള അയാൾ അത് സമ്മതിക്കുന്നു. പിന്നീട് ഒരു കട്ടിലിൽ ഒരുമിച്ച് കിടക്കാതെ സോഫയിലേക്ക് മാറിക്കിടന്നും അവളെ ശല്യപ്പെടുത്താതെയും അയാൾ അവൾക്കൊപ്പം ജീവിതം മുന്നോട്ടു നീക്കുന്നു. ഇടയ്ക്ക് അവർ രണ്ടുപേരും അയാളുടെ അമ്മയും കൂടെ ദൂരെയൊരു അമ്പലത്തിലേക്ക് യാത്രതിരിച്ചു. ഹോട്ടലിൽ ഉറക്കമുണർന്ന രാധ മാറിക്കിടന്നുറങ്ങുന്ന അയാൾക്കരികെ എഴുതിവച്ച കവിത കാണുന്നു. അതിലെ വരികൾ ഇങ്ങനെയായിരുന്നു...
ഒരു കുഞ്ഞുപൂവിന്റെ ഇതളിൽ നിന്നൊരു തുള്ളി
മധുരമെൻ ചുണ്ടിൽ പൊഴിഞ്ഞുവെങ്കിൽ..
തനിയെ ഉറങ്ങുന്ന രാവിൽ നിലാവിന്റെ
തളിർമെത്ത നീയും വിരിച്ചുവെങ്കിൽ.. എന്റെ
തപസ്സിന്റെ പുണ്യം തളിർത്തുവെങ്കിൽ..എന്റെ
തപസ്സിന്റെ പുണ്യം തളിർത്തുവെങ്കിൽ..
ആ പാട്ട് തുടങ്ങും മുൻപ് അത് നമ്മൾ കേൾക്കുന്നത് ബിജുമേനോന്റെ ശബ്ദത്തിലൂടെയാണ്. അയാൾക്ക് രാധയോടുള്ള പ്രേമത്തിന്റെ തീവ്രത മുഴുവൻ ആ വരികളിൽ, ശബ്ദത്തിൽ നിറഞ്ഞുനിൽക്കുന്നു. പിന്നീട് പതിയെ പതിയെ രാധ അയാളോട് അടുക്കുന്നു. ഇളനീർ കുടിച്ചപ്പോൾ മുഖത്തുപറ്റിയ കാമ്പ് രാധ അയാളുടെ മുഖത്തുനിന്ന് തുടച്ചുകളയുമ്പോൾ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷമാണ് അയാൾക്ക്. സന്തോഷം കൊണ്ട് അപ്പോൾ അയാളുടെ കണ്ണ് നിറയുന്നു. കാറിന്റെ, തുറന്നുകൊടുത്ത പിൻസീറ്റിലെ ഡോർ അടച്ച് രാധ മുൻസീറ്റിൽ അയാൾക്കൊപ്പമിരിക്കുമ്പോൾ ബിജുമേനോന്റെ സന്തോഷത്തോടെയുള്ള ഒരു അടക്കിപ്പിടിച്ച ചിരിയുണ്ട്. ആ കഥാപാത്രത്തിന്റെ ഉള്ളിലെ പ്രേമം മുഴുവൻ നിറഞ്ഞുകവിഞ്ഞ് ഒഴുകുന്ന പോലെ. ദൈവത്തെ പ്രാർത്ഥിച്ച് സിന്ദൂരമണിയുന്ന രാധയെ അയാൾ അത്രമേൽ പ്രേമത്തോടെ കൺകുളിർക്കെ കാണുകയാണ്.
ബിജുമേനോനും കാവ്യയുമൊത്തുള്ള ആ പാട്ടുസീനാണ് സിനിമയിൽ ഏറ്റവും ഇഷ്ടം. തിരിച്ചുകിട്ടിയെന്നു കരുതിയ ജീവിതം വീണ്ടും കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോൾ ആത്മഹത്യയ്ക്കുവരെ ശ്രമിച്ച അയാൾ. ഏറ്റവും ഒടുവിൽ മുകുന്ദൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് കണ്ട് തകർന്ന് പൊട്ടിക്കരയുന്ന രാധയെ നെഞ്ചോടുചേർത്തുനിർത്തുന്ന ബിജുമേനോൻ. അവിടെ അയാൾ വെണ്ണപോലത്തെ കാമുകനാണ്. ഒരു മിഠായിത്തുണ്ടുപോലെ മധുരത്തിന്റെ കൂട്ടാണ്. അവളോടുള്ള അയാളുടെ പ്രേമം കവിതയിൽ പറയുംപോലെ ഒരു തപസ്സാണ്. ഒരിക്കലും അവസാനിക്കാത്ത തപസ്സ്. പൗരുഷം നിറഞ്ഞ ബിജുമേനോന്റെ മുഖത്ത് പ്രണയം പൂത്തിറങ്ങുന്നതുകാണാൻ തന്നെ എന്തൊരു ചേലാണ്. വെറുതെയല്ല സംയുക്താവർമ ബിജുമേനോനെ പ്രണയിച്ചത്.
Content Highlights: column on evergreen heroes in malayalam cinema-4
Published: 17 Apr 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented