
നൂറിൽപരം തിരക്കഥകൾ എഴുതിയിട്ടുള്ള എന്റെ സിനിമകളിൽ നാൽപതോളം അഭിനേത്രികളാണ് നായികമാരായി വന്നിട്ടുള്ളത്. ഇവരിൽ നടനമികവിനേക്കാൾ സൗന്ദര്യപരവും രൂപപരവുമായി എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളത് രണ്ടേ രണ്ട് നായികാസ്വരൂപങ്ങൾ മാത്രമാണ്. അവർ രണ്ടുപേരും മലയാളഭാഷ എന്താണെന്ന് അറിയാത്തവരുമാണ്. അവരിൽ ആദ്യത്തെ താരമുഖത്തിന്റെ പേര് വെളിപ്പെടുത്താൻ സമയമാവാത്തതുകൊണ്ട് അടുത്ത ലാവണ്യമുഖമായ സുമലത എന്ന അഭിനേത്രിയെക്കുറിച്ചാണ് ഇക്കുറി ഞാൻ കഥയിലെ നായികമാരിലേക്ക് കടക്കുന്നത്.
തമിഴ്‌നാട്ടിലാണ് ജനിച്ചുവളർന്നതെങ്കിലും സുമലതയുടെ മലയാളിത്തമുള്ള നിഷ്‌കളങ്കമായ മുഖശ്രീയും മനംമയക്കുന്ന തെളി മന്ദഹാസവുമുള്ള മറ്റൊരു ഭാഷാ നായികതാരത്തെയും ഇതുവരെ എനിക്ക് കാണാനായിട്ടില്ല. സുമലതയെക്കുറിച്ച് പഴയകാലത്തും പുതിയകാലത്തുമുള്ള പലരും പലപ്പോഴും പറഞ്ഞുകേട്ടിട്ടുള്ള ഒരു അക്ഷരമൊഴിയുണ്ട്. പത്മരാജന്റെ തൂവാനത്തുമ്പികളിലെ നിറയൗവനവും പേറി പ്രണയം മനസ്സിലൊതുക്കിക്കഴിയുന്ന ക്ലാരയെയും ഭരതന്റെ താഴ്‌വാരത്തിലെ ഗ്രാമീണ പെൺകുട്ടിയായ അമ്മൂട്ടിയേയും സുമലതയ്ക്കല്ലാതെ മറ്റൊരു നടിക്കും ഇത്രയും മനോഹരമായി വേഷപ്പകർച്ചനടത്താൻ കഴിയുകയില്ലത്രേ! പലർക്കും ഈ അഭിപ്രായത്തോട് യോജിക്കാനാവില്ലെങ്കിലും ഭൂരിഭാഗം പ്രേക്ഷകരും ഈ വിശേഷണത്തോട് ചേർന്നുനിൽക്കുന്നവരായിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഒരു വ്യാഴവട്ടക്കാലം തെന്നിന്ത്യൻ സിനിമയുടെ നിറസാന്നിധ്യമായിരുന്ന സുമലത അറുപതോളം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. അവർ ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായിട്ടുള്ളത് ജോഷിയുടെ സംവിധാനത്തിലാണ്. നടൻ അംബരീഷിന്റെ ഭാര്യാപദം അലങ്കരിച്ചശേഷം കലയും സിനിമയുമൊക്കെ അവസാനിപ്പിച്ച് സുമലത ജനസേവനവുമായി രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയിരിക്കുകയാണ്. ഇനി ഞാനും സുമലതയുമായുള്ള സിനിമാ അനുഭവങ്ങളിലേക്ക് വരാം.
1980-ൽ ജോൺപോളും ഞാനും ചേർന്നെഴുതിയ 'അകലങ്ങളിൽ അഭയ'ത്തിന്റെ ഡബ്ബിങ് ജോലികളുമായി സംവിധായകൻ ജേസിയും ഞാനുംകൂടി മദ്രാസിലെ പാംഗ്രോവ് ഹോട്ടലിൽ താമസിച്ചിരുന്ന കാലം.
ഒരുദിവസം ജേസിക്ക് ഒരു കല്യാണപ്പാർട്ടിക്ക് പോകാനുള്ളതുകൊണ്ട് സന്ധ്യക്ക് മുൻപേതന്നെ ഡബ്ബിങ് തിയേറ്ററിൽനിന്ന് ഞങ്ങൾ ഹോട്ടലിലേക്ക് പോന്നു.
ഞങ്ങൾ പാംഗ്രോവ് ഹോട്ടലിന്റെ മുന്നിൽ കാറിൽ വന്നിറങ്ങിയപ്പോൾ ആദ്യംകണ്ട കാഴ്ച നമ്മുടെയെല്ലാം പ്രിയപ്പെട്ട നടനായിരുന്ന ജയൻ റിസപ്ഷനിസ്റ്റുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നതാണ്. ജയനെ കണ്ടമാത്രയിൽതന്നെ ജേസിയുടെ മുഖം വല്ലാതെ മുഷിയുന്നത് കണ്ടു. ജേസിയും ജയനും തമ്മിൽ പിണങ്ങിപ്പിരിഞ്ഞിരിക്കുന്ന സമയമായിരുന്നത്.
ഞങ്ങൾ കാറിൽ നിന്നിറങ്ങി റിസപ്ഷനിലേക്ക് നടക്കുമ്പോഴാണ് തെല്ലുമാറി മലയാളസിനിമയിലെ നടന ലാവണ്യമായ സുമലത നിൽക്കുന്നത് ഞാൻ കണ്ടത്. റിസപ്ഷനിൽ നിൽക്കുന്ന ജയനെയും കാത്ത് മൗനംപേറി നിൽക്കുകയാണവർ.
ജേസി റൂംകീ വാങ്ങാനായി റിസപ്ഷനിലേക്ക് ചെന്നപ്പോൾ പെട്ടെന്നാണ് ജയൻ ജേസിയെ കണ്ടത്. ജേസിക്ക് മുഖം കൊടുക്കാതെ അപരിചിതഭാവത്തോടെ സുമലത നിൽക്കുന്നിടത്തേക്ക് നടക്കുമ്പോഴാണ് ജയൻ എന്നെ കണ്ടത്.
ഒട്ടും പ്രതീക്ഷിക്കാതെ എന്നെ ഇവിടെ കണ്ടതിലുള്ള കൗതുകത്തോടെ ജയൻ വേഗംതന്നെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു. ''ങ്ഹാ ഡെന്നിസ് ഇവിടെ ഉണ്ടായിരുന്നോ. ജേസിസാറിന്റെ കൂടെ വന്നതായിരിക്കുമല്ലേ?''
ഞാൻ ചിരിച്ചുകൊണ്ട് അതെ എന്ന് തലയനക്കി.
അല്പം തിടുക്കം കാണിച്ചുകൊണ്ട് ജയൻ തുടർന്നു: ''ഷോളയാറിൽ കോളിളക്കത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. ഞാനും സുമലതയുംകൂടി അങ്ങോട്ട് പോകാൻ നിൽക്കുകയാണ്.''
കോളിളക്കമെന്ന് കേട്ടപ്പോൾ എനിക്ക് ജിജ്ഞാസയായി.
''കോളിളക്കത്തിന്റെ ഷൂട്ടിങ് തീരാറായോ?''
''ഇല്ല, ഇനിയും ഒരാഴ്ചത്തെ ഷൂട്ടുകൂടിയുണ്ട്. ഇതിന്റെ ക്ലൈമാക്‌സ് ഇതുവരെ മലയാളത്തിൽ വരാത്ത ഒരു ത്രില്ലിങ് സംഭവമായിരിക്കും. ഹെലികോപ്റ്ററിൽവെച്ചാണ് ക്ലൈമാക്‌സ് സ്വീക്വൻസ് എടുക്കുന്നത്.
നന്നായി വരട്ടെ. ഓൾ ദ ബെസ്റ്റ് എന്നുപറഞ്ഞുകൊണ്ട് ഞാൻ ജയന് കൈകൊടുത്തു. പെട്ടെന്ന് എന്തോ ഓർത്തതുപോലെ ജയൻ ചോദിച്ചു: ''ഡെന്നിസിന് സുമലതയെ പരിചയമില്ലേ?''
''ഇല്ല. ഞങ്ങളുടെ ചിത്രപൗർണമിയിൽ ജോഷിയുടെ 'മൂർഖനി'ലെ സുമലതയുടെ സ്റ്റില്ലും ന്യൂസുമൊക്കെ കൊടുത്തിട്ടുണ്ടെന്നല്ലാതെ നേരിട്ട് പരിചയപ്പെട്ടിട്ടില്ല.''
എന്നാൽ വരൂ എന്നു പറഞ്ഞ് ജയൻ എന്നെ സുമലതയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
എന്നെക്കണ്ട് അപരിചിതഭാവത്തിൽ സുമലത നോക്കുന്നതുകണ്ട് ജയൻ ചോദിച്ചു: ''സുമലത കലൂർ ഡെന്നിസിനെ അറിയില്ലേ? ചിത്രപൗർണമി സിനിമാവാരികയുടെ പത്രാധിപരും പുതുമുഖ തിരക്കഥാകാരനുമാണ്.''
സുമലത ഹൃദ്യമായി ചിരിച്ചുകൊണ്ട് ചെറിയ സ്വരത്തിൽ ഹലോ പറഞ്ഞു. ഞാനും തിരിച്ചൊരു വലിയ ഹലോയും പറഞ്ഞു.
''പിന്നെ ഐ.വി. ശശിസാറിന്റെ ഈ മനോഹരതീരത്തിലെ ഗ്ലാമർ വില്ലൻവേഷം എനിക്ക് വാങ്ങിത്തന്നത് ഡെന്നിസാണ്.'' അതുകേട്ട് ഞാൻ വിനീത മനസ്‌കനായി ചിരിച്ചുകൊണ്ട് സുമലതയുടെ ചിരിപ്രസാദവും വീക്ഷിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ സുമലതയുടെ സവിശേഷ സാന്നിധ്യമായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ ഇളം റോസ് നിറത്തിലുള്ള സാരിയും ബ്ലൗസുമണിഞ്ഞ് ഇളംറോസ് മുഖവുമായി നിൽക്കുന്ന സുമലതയ്ക്ക് ഏറ്റവും ഇണങ്ങുന്ന വേഷം സാരിയും ബ്ലൗസുമാണെന്ന് എന്റെ മനസ്സ് പറയുകയും ചെയ്തു. പിന്നെ കൂടുതലൊന്നും പറയാൻ നിൽക്കാതെ നാളെ കാണാമെന്ന് പറഞ്ഞ് ജയൻ തിരക്കുപിടിച്ച് സുമലതയുമായി കാറിൽ കയറി ലൊക്കേഷനിലേക്ക് പോവുകയും ചെയ്തു.
പിന്നീട് ഒരുവർഷം കഴിഞ്ഞാണ് ഞാൻ തിരക്കഥ എഴുതിയ രക്തത്തിൽ സുമലത അഭിനയിക്കുന്നത്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രണ്ട് നായികമാരാണുള്ളത്. നസീർ, മധു, സോമൻ തുടങ്ങിയവർ വൻതാരനിരയുള്ള ഒരു മൾട്ടിസ്റ്റാർ ചിത്രമാണ്. മധുസാറിന്റെ ജോഡിയായി ശ്രീവിദ്യയും നസീർസാറിന്റെ ജോഡിയായി ജയഭാരതിയെയും അഭിനയിപ്പിക്കണമെന്നായിരുന്നു നിർമാതാവായ സാഗാ അപ്പച്ചന്റെയും പ്രൊഡക്ഷൻ കൺട്രോളറായ ഷണ്മുഖണ്ണന്റെയും ആഗ്രഹം. എന്നാൽ എന്റെ ആഗ്രഹം ഇവരിൽ ആരുടെയെങ്കിലും കാമുകിയായിട്ട് സുമലതയെ അഭിനയിപ്പിക്കണമെന്നായിരുന്നു. ഞാൻ ഈ വിവരം ജോഷിയോട് പറയുകയും ചെയ്തു. അതിന് അപ്പച്ചന്റെ മുൻപിൽ സുമലതാ വിശേഷം അവതരിപ്പിക്കാനായി ഞാൻ ഒരു നിഷ്‌കളങ്കമായ സൂത്രം കണ്ടുപിടിക്കുകയും ചെയ്തു.
അപ്പച്ചനും ഷണ്മുഖണ്ണനുംകൂടി ഇരിക്കുമ്പോൾ ഞാൻ വളരെ ആധികാരികമായ ഒരു വിഷയം അവതരിപ്പിക്കുന്നതുപോലെ പറഞ്ഞു:
''ശ്രീവിദ്യ ഒട്ടുമിക്ക ചിത്രങ്ങളിലും മധുസാറിന്റെ കാമുകിയും ഭാര്യയുമൊക്കെയായി വന്ന് ക്ലീഷേ ആയിരിക്കുകയാണ്. നമുക്കൊന്ന് മാറ്റിച്ചിന്തിച്ചാലോ? നസീർസാറിന്റെ ഭാര്യയായി ശ്രീവിദ്യയെയും മധുസാറിന്റെ നായികയായി സുമലതയെയും ഇടാം? പ്രത്യേകിച്ച്, യുവമനസ്സുകൾക്ക് സുമലതയെ വലിയ ഇഷ്ടവുമാണ്.''
എന്റെ അഭിപ്രായം കേട്ടപ്പോൾ അപ്പച്ചൻ ഒരുനിമിഷം ഇരുന്നാലോചിച്ചശേഷംപറഞ്ഞു:
''ഡെന്നി പറഞ്ഞത് ശരിയാണ്. നമുക്ക് സുമലതയെ ഇടാം.''
അപ്പച്ചനെന്ന നിർമാതാവിന്റെ ഒരു പ്രത്യേകത, സിനിമയുടെ വിജയത്തിനുവേണ്ടി ആര്, എന്ത് പറഞ്ഞാലും അത് കേൾക്കാനുള്ള സന്മനസ്സ് കാണിക്കും എന്നതാണ്. അതാണ് അപ്പച്ചൻ നിർമിച്ചിട്ടുള്ള എല്ലാ സിനിമകളുടെയും വിജയരഹസ്യം. അങ്ങനെയാണ്, എന്റെ ആഗ്രഹംപോലെ മധുസാറിന്റെ നായികയായി 'രക്ത'ത്തിൽ സുമലത വരുന്നത്. രക്തത്തിലെ മധുസാറും സുമലതയും ചേർന്നുള്ള 'സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ' എന്ന പാട്ടും രണ്ടുമൂന്ന് സീനും ഷൂട്ടുചെയ്തത് മദ്രാസിൽവെച്ചായിരുന്നു. ഒരുവർഷംമുൻപ് ജയന്റെകൂടെ പാംഗ്രോവ് ഹോട്ടലിന്റെ റിസെപ്ഷനിൽവെച്ച് കണ്ടതിനുശേഷം പിന്നെ സുമലത എന്നെ കാണുന്നത് അവിടെവെച്ചാണ്. സുമലതയും അമ്മയും കൂടിയിരുന്ന് എന്തോ കുശലം പറയുന്നതിനിടയിലാണ് ഞാനങ്ങോട്ട് കടന്നുചെന്നത്. പെട്ടെന്ന് കണ്ടപ്പോൾ സുമലതയ്ക്ക് എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു. ഞാൻ ഓർമ്മിപ്പിച്ചപ്പോൾ അവർ വേഗം എഴുന്നേറ്റുകൊണ്ട് വിനയപുരസ്സരം എന്നോട് സോറി പറയുകയും ചെയ്തു.
''രണ്ടുദിവസം ഞാൻ ലെക്കേഷനിൽ ഉണ്ടായിരുന്നതുകൊണ്ട്, ഇനി എന്നെ എവിടെവെച്ച് കണ്ടാലും മനസ്സിലാകാതെ വരില്ലല്ലോ'' എന്നുള്ള എന്റെ ചെറിയ കുസൃതിനമ്പർ കേട്ട് ''ഇല്ല... ഇല്ല സാർ...'' എന്നുപറഞ്ഞ് ചുണ്ടിൽ ആ ക്യൂട്ടായ ചിരി സുഗന്ധം വിടർത്തുകയും ചെയ്തു.
'രക്തം' റിലീസായപ്പോൾ വൻവിജയം നേടുകയും സുമലതയുടെ സ്വാഭാവികമായ അഭിനയത്തിന് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രത്യേക പ്രശംസയും അഭിനന്ദനവും നേടാനും കഴിഞ്ഞു. പിന്നീട് നാലുകൊല്ലം കഴിഞ്ഞാണ് സുമലത ഞങ്ങളുടെ സിനിമയിലഭിനയിക്കുന്നത്. ജോഷിയും ഞാനും കൂടി ചെയ്ത എവർഷൈന്റെ 'ഇടവേളയ്ക്കുശേഷം' എന്ന ചിത്രത്തിൽ, മമ്മൂട്ടിയുടെ നായികയുടെ വേഷമായിരുന്നു സുമലതയ്ക്ക്. ഒരു ചിത്രത്തിനുവേണ്ടി വന്നിട്ട് ഞങ്ങളുടെ 'അലകടലിനക്കരെ' എന്ന ചിത്രത്തിലുംകൂടി അഭിനയിപ്പിച്ചിട്ടേ സുമലതയെ ഞങ്ങൾ വിട്ടുള്ളൂ. 'അലകടലിനക്കരെ'യിൽ സോമന്റെ ജോഡിയായാണ് അവരഭിനയിച്ചത്. രണ്ട് ചിത്രവും വിജയിച്ചു. ഈ രണ്ട് ലൊക്കേഷനുകളിൽവെച്ചാണ് ഞങ്ങൾതമ്മിലുള്ള ഇഴയടുപ്പം വളരുന്നത്.
1988-ലാണ് ഞാനും കിത്തോയും കൂടി സ്വന്തമായി ഒരു സിനിമ നിർമിക്കാനിറങ്ങിത്തിരിച്ചത്. ചിത്രം കമൽ സംവിധാനം ചെയ്ത 'ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്'. ജയറാം, സുരേഷ് ഗോപി, സുകുമാരൻ, സുമലത തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കളായി വന്നത്. സുമലതയുമായുള്ള കല്മഷമില്ലാത്ത സൗഹൃദമാണ് 'ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസി'ൽ സുമലത നായികയായി വരാൻ കാരണം. ഡിസ്ട്രിബ്യൂട്ടറായ കെ.ടി. കുഞ്ഞുമോൻ മറ്റൊരു നായികയെയാണ് സജസ്റ്റ് ചെയ്തതതെങ്കിലും ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായി ഞങ്ങൾക്ക് തോന്നിയത് സുമലതയെയാണ്. എറണാകുളത്തുവെച്ചായിരുന്നു ഷൂട്ടിങ്. ഞങ്ങളുടെ സ്വന്തം പടമായതുകൊണ്ട്, പ്രതിഫലത്തിന്റെ കാര്യത്തിൽ സുമലത വളരെ വിട്ടുവീഴ്ച ചെയ്തു. ചിത്രം പുറത്തുവന്നപ്പോൾ, കലാപരമായി മികവ് നേടിയെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടു.
ഈ സമയത്തുതന്നെയാണ് എന്റെ അടുത്ത സുഹൃത്തും നിർമാതാവുമായ ഈരാളിയുടെ 'അഥർവ്വം' ചിത്രത്തിന്റെ ഷൂട്ടിങ് മദ്രാസിൽ തുടങ്ങിയത്.
ഡെന്നീസ് ജോസഫിന്റെതാണ് രചനയും സംവിധാനവും. മമ്മൂട്ടിയും സുമലതയുമാണ് നായികാനായകന്മാർ. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ കുറേയധികം ചിത്രങ്ങളിലെ നായികയായി സുമലത അഭിനയിച്ചിരുന്നുവെങ്കിലും അവസാനനിമിഷത്തിൽ അഥർവ്വത്തിൽനിന്ന് അവർ പിന്മാറി. പെട്ടെന്നുള്ള സുമലതയുടെ ഈ പിന്മാറ്റം ഈരാളിയെ വല്ലാതെ തളർത്തി. ഡെന്നീസ് ജോസഫുമായി വളരെ അടുപ്പമുണ്ടായിട്ടും അഥർവ്വത്തിൽനിന്ന് ഒഴിഞ്ഞുമാറിയതിനു പിന്നിലെ രഹസ്യം തുറന്നുപറയാൻ സുമലതയ്ക്കും അമ്മയ്ക്കും കഴിഞ്ഞതുമില്ല.
പിന്നീടാണ് അഥർവ്വത്തിൽനിന്നുള്ള പിന്മാറ്റത്തിന്റെ കഥ പുറത്തുവരുന്നത്. അഥർവ്വത്തിലെ സുമലതയ്ക്കായി പറഞ്ഞുവെച്ച കഥാപാത്രം അല്പം ഗ്ലാമർ പരിവേഷമുള്ളതാണ്. അങ്ങനെയുള്ള വേഷങ്ങൾ ചെയ്യുന്നതിനോട് സുമലതയ്ക്കും അമ്മയ്ക്കും ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഈ വിവരം ഡെന്നീസിനോട് തുറന്നുപറയാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് മറ്റെന്തോ അസൗകര്യം പറഞ്ഞ് അവരൊഴിഞ്ഞുമാറിയത്. പിന്നെ ആ വേഷം ചെയ്തത് സിൽക്ക് സ്മിതയാണ്. സിൽക്കിന്റെ ശരീരപ്രകൃതിക്കും ഗ്ലാമറിനും പറ്റിയ വേഷമായിരുന്നത്. പണം കിട്ടുമെന്ന് കരുതി, അങ്ങനെ എന്ത് വേഷവും ചെയ്യുന്ന പ്രകൃതമല്ലായിരുന്നു സുമലതയുടെത്.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kaloor Dennis fondly recalls Sumalatha’s acting style and timeless beauty through his memories
Published: 14 Feb 2026, 03:29 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented