നിർമലമായൊരു അരുവിയിൽ നിന്ന് ഊറിയെത്തുന്ന ജലംപോലെയാണ് മലയാളികൾ മോഹൻലാലിലെ പ്രതിഭയെ നുകർന്നത്. ഓരോ മലയാളിയും അവരവരുടെ പ്രതിബിംബത്തെ ദർശിച്ച കണ്ണാടിയായി ഒരു നടൻ മാറുകയായിരുന്നു. തോൽക്കുമ്പോഴും ജയിക്കുമ്പോഴും അകലുമ്പോഴും അടുക്കുമ്പോഴും മറക്കുമ്പോഴും ഓർക്കുമ്പോഴും നാമെന്തറിയുന്നു, അനുഭവിക്കുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങളായി മോഹൻലാലിന്റെ കഥാപാത്രങ്ങൾ.

To advertise here,

ലാലിനെപ്പോലെ ചിരിക്കാൻ, തോളൊന്ന് ചരിക്കാൻ, അതേ കുസൃതിയോടെ പ്രണയിക്കാൻ ഇതൊന്നുമായില്ലെങ്കിൽ അങ്ങനെയൊരാളെ ഒപ്പംചേർക്കാൻ നടത്തിയ പരിശ്രമങ്ങളുടെ കഥ പറയാനില്ലാത്തവർ കുറവായിരിക്കും.

ആ പാരസ്പര്യത്തിന്റെ നിറവിലാണ് 'ഉള്ളംതൊട്ട ഉറവ' എന്ന പംക്തിയിലൂടെ കഴിഞ്ഞ കുറച്ചുമാസങ്ങളായി മോഹൻലാൽ ഗൃഹലക്ഷ്മി ദ്വൈവാരികയുടെ വായനക്കാരുമായി സംവദിച്ചത്. ഓഷോയുടെ ദർശനങ്ങളിലൂടെ ലാൽ സത്തയുമായി ചേർന്നുകിടക്കുന്ന സ്വാദിനെ അനാവരണംചെയ്തു.

ഇന്ത്യയെന്ന അദ്ഭുതത്തിന്റെ ആകാശത്തെയും ഭൂമിയെയും കുറിച്ച്, എല്ലാ കലകളുടെയും അസ്തിത്വത്തെ പ്രതിനിധീകരിക്കുന്ന കൃഷ്ണസങ്കല്പത്തെക്കുറിച്ച്, അഭിനയം എന്ന ലോകത്തിലെ ഏറ്റവും ആത്മീയമായ തൊഴിലിനെക്കുറിച്ച്, ഒറ്റയ്ക്കെരിയുന്ന വിളക്കിൻതിരിപോലെ വന്നുതൊടുന്ന ജിബ്രാന്റെ വരികളെക്കുറിച്ച്, അചുംബിതനായ ബുദ്ധനെക്കുറിച്ച്, ജയപരാജയങ്ങൾക്കിടയിലെ ജീവിതത്തെക്കുറിച്ച്, മറുകരയിലേക്ക് നീങ്ങുന്ന മരണമെന്ന പ്രകാശത്തെക്കുറിച്ച്, അഹംഭാവത്തിന്റെ കൊഴിഞ്ഞുപോക്കായ ചിരിയെക്കുറിച്ച്, മേഘങ്ങളൊഴിഞ്ഞ ധ്യാനാകാശത്തെക്കുറിച്ച്, മനുഷ്യബന്ധങ്ങളിലെ പിടിതരാത്ത രസതന്ത്രത്തെക്കുറിച്ച്, സ്ത്രൈണതയുടെ നിഗൂഢാനന്ദങ്ങളെക്കുറിച്ച്.

ഏകാന്തതയുടെ തീരാമധുരത്തെക്കുറിച്ച് ഒക്കെയും അദ്ദേഹമെഴുതി. 'ഉള്ളംതൊട്ട ഉറവ' അവസാന അധ്യായത്തിലേക്ക് കടക്കുമ്പോൾ ജീവിതത്തെയും കഥാപാത്രങ്ങളെയും അനുഭവങ്ങളെയും മുൻനിർത്തി മോഹൻലാലുമൊത്തൊരു വർത്തമാനം ഇതാ...

കഥാപാത്രങ്ങളായി സിനിമയിൽ ജീവിക്കുമ്പോൾ അവരുടെയൊക്കെ ആനന്ദവും സങ്കടങ്ങളുമെല്ലാം അല്പനേരത്തേക്കെങ്കിലും ഹൃദയത്തിൽ സൂക്ഷിക്കാൻ ഇടവരുമല്ലോ? ഫിലോസഫിക്കലായി ജീവിതത്തെ കാണുന്നതിന് ഈ അവസ്ഥ നിമിത്തമാകാറുണ്ടോ?
എല്ലാ മനുഷ്യനും ഒരു ഫിലോസഫിയുണ്ടാവും. എല്ലാവരും അത് പരസ്യമായി പറയുന്നുണ്ടാവില്ല. സന്ദർഭവശാൽ പലപ്പോഴായി എനിക്കത് പറയേണ്ടിവരുന്നു, അപ്പോൾ നിങ്ങളത് അറിയുന്നു എന്നുമാത്രം. പ്രായമേറിവരുകയും അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ നമ്മളെല്ലാവരും ഏതൊക്കെയോ നിമിഷങ്ങളിൽ ജീവിതത്തിലേക്ക് ആഴത്തിൽ നോക്കുന്നു. ചില ചോദ്യങ്ങൾക്ക് സ്വയം ഉത്തരം തേടുന്നു.

സാധാരണ മനുഷ്യർപോലും കടുത്ത അനുഭവങ്ങളുണ്ടാവുമ്പോൾ നാടൻ ഫിലോസഫികളിൽ തല ചായ്ച്ച് ആശ്വാസം കണ്ടെത്താറുണ്ടല്ലോ. മറ്റൊരു കാര്യം, എനിക്ക് അല്പം ഫിലോസഫിക്കലായുള്ള പുസ്തകങ്ങൾ വായിക്കാനും ആത്മീയമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുമാണ് കൂടുതൽ ഇഷ്ടം. അതിന് കാരണമെന്താണ് എന്ന് ചോദിക്കരുത്. മനുഷ്യന്റെ സത്തയുമായി ചേർന്നുകിടക്കുന്ന സ്വാദുകളാണ് അവ. പലപ്പോഴും എന്റെ ഫിലോസഫികൾ ആത്മഗതങ്ങളാണ്; എന്നിലേക്കുതന്നെയുള്ള സഞ്ചാരങ്ങളും.

അദ്വൈതമാണ് ഇന്ത്യൻ ഫിലോസഫിയുടെ ആണിക്കല്ല്. നിരന്തരം വ്യത്യസ്ത കഥാപാത്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന നടന്റെ അനുഭവത്തിന് അദ്വൈതത്തിന്റെ സ്പർശമുണ്ടാവുമല്ലോ?

കഥാപാത്രങ്ങൾ വസ്ത്രങ്ങൾ പോലെയാണ്. ആവശ്യം കഴിഞ്ഞാൽ അവ തനിയേ അഴിഞ്ഞുപോവുന്നു. ഒരു കഥാപാത്രത്തെ മാത്രം ചുമന്നുകൊണ്ട് നടക്കാൻ എന്നെപ്പോലെ ഒരഭിനേതാവിന് സാധിക്കില്ല. തീർച്ചയായും കൂടുതൽ ഇഷ്ടമുള്ളവയും അഭിനയിക്കുമ്പോൾ അപാരമായ അനുഭൂതി നൽകിയതുമായ കഥാപാത്രങ്ങളുണ്ട്. അതെല്ലാം എന്റെ ഓർമ്മകളുടെ ഭാഗമാണ്.

തനിച്ചിരിക്കുമ്പോൾ പലപ്പോഴും അവയിലേക്ക് ഞാൻ തിരിച്ചുനടക്കാറുണ്ട്. അപ്പോൾ ആ കാലം, ഒപ്പമുണ്ടായിരുന്നവർ എല്ലാം ഓർമ്മയിലെത്തും. അത് സ്വകാര്യമായ ഒരു സുഖമാണ്; ദു:ഖവും. അദ്വൈതം എന്നത് ഏറ്റവും ഉന്നതമായ ഒരവസ്ഥയാണ്. അചുംബിതമായ ബോധോദയത്തിൽനിന്ന് മാത്രമേ അതുണ്ടാവൂ. ഋഷികൾക്ക് മാത്രം സാധ്യമാവുന്നവ. നമ്മളെല്ലാം സാധാരണ മനുഷ്യരല്ലേ.

ഈയിടെ പറയുന്നതു കേട്ടു. പഴയ സിനിമകളിലെ ചില സീനുകൾ കാണുമ്പോൾ സങ്കടം തോന്നും. കാരണം അതിൽ ഒപ്പമഭിനയിച്ച താരങ്ങൾ പലരും ഇന്നു ജീവിച്ചിരിപ്പില്ലെന്ന്. മരണം നമ്മുടെയൊക്കെ സഹയാത്രികനാണെന്ന തോന്നലുണ്ടാക്കുന്ന അവസ്ഥയാണല്ലേ അത് ?

തീർച്ചയായും സങ്കടം വരാറുണ്ട്. സങ്കടപ്പെട്ടിട്ടെന്ത് കാര്യം? നാളെ ഞാനും മറയും. അതൊരു യാഥാർഥ്യമാണ്. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് സങ്കടപ്പെടുന്നത്. ഫിലോസഫിയ്ക്കുമപ്പുറത്തുനിന്നാണ് കണ്ണീർ ഉറവയെടുക്കുന്നത്. ലോകത്ത് എത്രയെത്ര ഫിലോസഫികളുണ്ടായി? എന്നിട്ടും മനുഷ്യൻ പലപ്പോഴും കരഞ്ഞുപോവുന്നു. ഞാൻ ഒരു സാധാരണ മനുഷ്യനാണ്.

ചിലർക്ക് ദൈവം രക്ഷകനാണ്. മറ്റു ചിലർക്ക് നേർവഴിക്ക് നടത്തുന്നതിനായി ശിക്ഷ നൽകുന്നയാളും. ദൈവത്തോടുള്ള സ്നേഹമാണോ ദൈവഭയമാണോ ഉയർന്നു നിൽക്കുന്നത് ?

ദൈവത്തെ എനിക്ക് ഭയമില്ല. പ്രേമമാണ്. സപ്രേമരൂപാ... എന്നാണ് പറയാറുള്ളത്. ഭയപ്പെടുന്ന ഒരാളെ നമുക്ക് പ്രണയിക്കാൻ സാധിക്കില്ലല്ലോ. ദൈവത്തിനുമപ്പുറം ധ്യാനത്തിലേക്ക് ഞാൻ പോവാറുണ്ട്. ദൈവസങ്കല്പം നമ്മുടെ ബോധവികാസത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. പ്രാർഥനയല്ല, ധ്യാനമാണ് ഇപ്പോൾ എന്നിൽ കൂടുതലുള്ളത്.

അച്ഛൻ, അമ്മ, സഹോദരൻ ഇവരെല്ലാം വിട്ടു പോവുമ്പോൾ ലോകത്ത് ഒറ്റയ്ക്കായിപ്പോയ ഒരു കുഞ്ഞിന്റെ മാനസികാവസ്ഥ അനുഭവിക്കുന്നുവോ?

അവരെല്ലാം വിടപറഞ്ഞതിൽ അതിയായ ദു:ഖമുണ്ട്. ഒറ്റപ്പെട്ടുപോയതായി തോന്നിയിട്ടില്ല. കാരണം, അത് പ്രപഞ്ചനിയമമാണ്. ഇതെന്റെ മാത്രം അനുഭവമല്ല, എത്രയോ പേർ ഇതിനേക്കാൾ ദു:ഖകരമായ അവസ്ഥയിൽ ജീവിക്കുന്നു. അച്ഛനും അമ്മയും സഹോദരനുമൊന്നും എന്നെ വിട്ടുപോയതായി പലപ്പോഴും തോന്നാറില്ല. കണ്ണടച്ചാൽ ഉള്ളിൽ അവരുണ്ട്. തൊടാനോ കാണാനോ പറ്റുന്നില്ല എന്നുമാത്രം.

ഭഗവദ് ഗീതയെ കുറിച്ചാണ് 'ഉള്ളം തൊട്ട ഉറവ'യിലെ ഒരു അധ്യായം. ആ മഹദ്ഗ്രന്ഥം എത്രത്തോളം സ്വാധീനിച്ചു. ഏതുപ്രായത്തിലാണ് ആദ്യമായി ആ ഗ്രന്ഥത്തെ പരിചയപ്പെടുന്നത് ?

ഭഗവദ്ഗീത ആഴത്തിൽ പഠിച്ചയാളല്ല ഞാൻ. ഓഷോയുടെയും ചിന്മയാനന്ദന്റെയും വ്യഖ്യാനങ്ങൾ നോക്കിയിട്ടുണ്ട്. തിരിച്ചടികളിൽ നിരാശപ്പെടാതെ മുന്നേറാനുള്ള ഊർജ്ജം ഭഗവദ്ഗീത പ്രസരിപ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് യുവജനതയ്ക്കുള്ളതാണ് ഗീത എന്ന് ഞാൻ പറഞ്ഞത്. മന:ശ്ശാസ്ത്രപരമാണ് ഗീത എന്ന് ഓഷോ പറയുന്നുണ്ട്. അത് ശരിയാണ്. മനസ്സാണ് മനുഷ്യന്റെ ദൗർബല്യവും ശക്തിയും. വലിയ വീഴ്ചകൾ ജീവിതത്തിലുണ്ടായപ്പോഴെല്ലാം ഭഗവദ്ഗീതയുടെ സന്ദേശം ഞാൻ ഓർത്തിട്ടുണ്ട്.

മക്കൾ അപ്പുവും മായയും ആ പ്രായത്തിലുള്ളവരിൽ നിന്ന് ഭിന്നരായി ജീവിക്കുന്ന കുട്ടികളാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ കാഴ്ച്ചപ്പാടുകളെ കുറിച്ച് എന്തു തോന്നുന്നു?

എനിക്കാണ് അവർ കുട്ടികൾ, അവരെ സംബന്ധിച്ചിടത്തോളം അവർ മുതിർന്നവരാണ്. സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയുള്ളവർ. വ്യത്യസ്തമായ ജീവിതങ്ങൾക്ക് എപ്പോഴുമൊരു ഭംഗിയുണ്ടാവും. അവർ സ്വതന്ത്രരായും വ്യത്യസ്തമായും ജീവിക്കുന്നതിൽ അച്ഛൻ എന്ന നിലയിൽ ഞാൻ സന്തോഷവാനാണ്; സംതൃപ്തനും. അപ്പുവും മായയും നിശ്ശബ്ദരായി, സാധാരണക്കാരായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ആ സുഖം അവർ അനുഭവിക്കട്ടെ. അതിൽ നന്മയുമുണ്ട്.

ഈ ഭൂമിയിൽ ആറ് പതിറ്റാണ്ടുകൾ പിന്നിട്ട വ്യക്തിയെന്ന നിലയിൽ താങ്കൾക്കും സമീപനങ്ങൾക്കും സംഭവിച്ച മാറ്റങ്ങളെ കുറിച്ച് എന്തു തോന്നുന്നു ?

വ്യക്തിയും സമൂഹവുമെല്ലാം പുഴപോലെയാണ്, ആവണം. ഒഴുകിക്കൊണ്ടേയിരിക്കുന്നതാണ് അതിന്റെ ഭംഗി. മാറ്റങ്ങളെക്കുറിച്ച് ഞാനല്ല എനിക്ക് ചുറ്റുമുള്ളവരാണ് വിലയിരുത്തേണ്ടത്. അവരത് ചെയ്യുന്നുണ്ടാവും. ഞാൻ അന്വേഷിക്കാറില്ല. എപ്പോഴും ഒഴുകുകയും ഒടുവിൽ കടലിൽ പതിച്ച് നിശ്ശബ്ദമായി അപ്രത്യക്ഷമാവുകയും ചെയ്യുന്ന പുഴയാവാനാണ് എനിക്കിഷ്ടം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi