നടനും രാഷ്ട്രീയനേതാവുമായ വിജയ് തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ 100-ലേറെ സീറ്റുകളിൽ വിജയിച്ചപ്പോൾ പ്രതികരണത്തിനായി മാധ്യമങ്ങൾ വിജയ്‌യുടെ മാതാപിതാക്കളുടെ അടുത്തെത്തി. സംസാരത്തിനിടെ താരത്തിന്റെ അച്ഛൻ എസ്.എ.ചന്ദ്രശേഖർ വിജയ്‌യുടെ അമ്മയെ ശോഭയെക്കുറിച്ച് പറഞ്ഞതിങ്ങനെ, ''അവൾ അവന്റെ അമ്മ മാത്രമല്ല, അവന്റെ ഏറ്റവും വലിയ ആരാധിക കൂടിയാണ്''.

തന്റെ ജീവിതയാത്രയിലുടനീളം താങ്ങും തണലുമായി നിന്ന നെടുംതൂൺ എന്നാണ് വിജയ് അമ്മയെ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ വിജയത്തിലും ജനപ്രീതിയിലും അവർ എപ്പോഴും അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചിട്ടുമുണ്ട്.

2021-ൽ ചന്ദ്രശേഖർ ഒരു രാഷ്ട്രീയപാർട്ടി രൂപീകരിച്ചപ്പോഴും അതിനെതിരെ വിജയ് രംഗത്തുവന്നപ്പോഴും അമ്മ വിജയ്‌ക്കൊപ്പം തന്നെയാണ് നിന്നത്. വിജയ്‌യുടെ ഫാൻക്ലബാണ് അച്ഛൻ രാഷ്ട്രീയപ്പാർട്ടിയായി മാറ്റിയത്. താരത്തിന്റെ അനുമതി വാങ്ങാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അന്ന് ശോഭ പറഞ്ഞത്. അമ്മയുടെ പേരായിരുന്നു പാർട്ടിയുടെ ട്രഷറർ സ്ഥാനത്ത്. താനിതൊന്നും അറിഞ്ഞിട്ടില്ലെന്നും ശോഭ വെളിപ്പെടുത്തി.

ഒരു അസോസിയേഷൻ രൂപീകരിക്കാനാണെന്നുപറഞ്ഞ് ചന്ദ്രശേഖർ ഒരു ഡോക്യുമെന്റിൽ തന്നെക്കൊണ്ട് ഒപ്പിടുവിച്ചുവെന്നാണ് അവർ ആരോപിച്ചത്. രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കാനാണെന്നു പറഞ്ഞപ്പോൾ താനതിനെ എതിർത്തുവെന്നും ശോഭ പറഞ്ഞു. വിജയ്‌യുടെ അറിവില്ലാതെ അത്തരമൊന്നിന്റെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ആദ്യമേ താൻ തുറന്നുപറഞ്ഞതായും ശോഭ അവകാശപ്പെട്ടു.

അക്കാലത്ത് മാതാപിതാക്കളുമായി അകൽച്ചയിലായിരുന്നു വിജയ്. പിന്നീട് അമ്മയുടെ കാൽച്ചുവട്ടിലിരിക്കുന്ന ഒരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് പ്രശ്‌നങ്ങൾ കഴിഞ്ഞുവെന്ന സൂചന വിജയ് നൽകിയത്.

അതിനിടെ 2024-ലാണ് അമ്മയ്ക്കായി വിജയ് ഒരു ക്ഷേത്രം നിർമിച്ചെന്ന വാർത്തകൾ പുറത്തുവന്നത്. സായ് ബാബയുടെ വലിയ ഭക്തയാണ് ശോഭ. അതുകൊണ്ട് ചെന്നൈയിലെ കൊരട്ടൂരിൽ സ്ഥലം വാങ്ങി, അവിടെയൊരു സായ് ക്ഷേത്രമാണ് അദ്ദേഹം നിർമിച്ചത്. ഇക്കാര്യം പിന്നീട് ശോഭ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. തന്റെ ഏറെക്കാലമായുള്ള ആഗ്രഹം വിജയ് സാധിച്ചുതന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് അവരന്ന് പ്രതികരിച്ചത്.

ഭക്ഷണകാര്യത്തിൽ അതീവശ്രദ്ധാലുവായ വിജയ്, അമ്മയുടെ ഒരു പ്രത്യേകവിഭവത്തോട് ഒരിക്കലും 'നോ' പറയാറില്ല. അമ്മ തന്നെ ഉണ്ടാക്കിനൽകുന്ന 'സക്കരൈ പൊങ്കൽ' ആണത്. ചെന്നൈയിലാണ് ഷൂട്ടിങ് നടക്കുന്നതെങ്കിൽ, ശോഭ അതുണ്ടാക്കി വിജയ്ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യും. വിജയ്ക്ക് അമ്മയുണ്ടാക്കുന്ന ഈ വിഭവത്തോടുള്ള പ്രിയം ശോഭ തന്നെയാണ് ഒരു കുക്കറി ഷോയിൽ വെളിപ്പെടുത്തിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi