നാലഞ്ച് ലക്കം മുൻപ് 'കഥയിലെ നായികമാരി'ൽ നടനമികവിനേക്കാൾ സൗന്ദര്യപരവും രൂപപരവുമായി എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളത് രണ്ടേ രണ്ടു നായികാ ലാവണ്യങ്ങളാണെന്ന് ഞാൻ ഈ കോളത്തിൽ കുറിക്കുകയുണ്ടായല്ലോ...എന്നാൽ ഒന്നാം റാങ്കുകാരിയുടെ പേരുപോലും പറയാതെ സസ്‌പെൻസിൽ നിർത്തിക്കൊണ്ട് രണ്ടാംറാങ്കുകാരിയായ താരസാന്നിധ്യത്തെക്കുറിച്ചു മാത്രമേ ഞാൻ പ്രതിപാദിച്ചിരുന്നുള്ളൂ. തൊട്ടടുത്ത ആഴ്ചയിൽ തന്നെ ഒന്നാം റാങ്കുകാരിയായ താരവസന്തത്തെക്കുറിച്ചുള്ള കുറിമാനം വരേണ്ടതായിരുന്നെങ്കിലും എന്തുകൊണ്ടോ അതിലേക്കു പോകാനായില്ല. തെല്ലുവൈകിയാണെങ്കിലും എന്റെ ഒരു സിനിമയിൽ മാത്രം അഭിനയിച്ച ആ അഭിനേത്രിയെ ഞാൻ ഇവിടെ പരിചയപ്പെടുത്തുകയാണ്.
ഇന്ത്യൻ സിനിമയിലെ സവിശേഷ താരമുഖവും ജനമനസ്സുകളുടെ സ്വപ്‌നസുന്ദരിയുമായിരുന്ന ജയപ്രദയാണ് ആ നടനവിസ്മയം.

1980-ന്റെ തുടക്കത്തിൽ ഒരു തെലുങ്കുചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ജയപ്രദ സിനിമയെന്ന മായികലോകത്തേക്ക് കടന്നുവന്നത്. പ്രഥമചിത്രത്തിലൂടെ തന്നെ മെയ്യഴകും മിഴിയഴകുമുള്ള ജയപ്രദ യുവമനസ്സുകളുടെ ആരാധനാപാത്രമായി മാറുകയായിരുന്നു. തെലുങ്കിലെ സംവിധായക പ്രതിഭയായിരുന്ന കെ.വിശ്വനാഥിന്റെ 'സാഗരസംഗമം' എന്ന ചിത്രത്തിൽ കമലഹാസന്റെ നായികയായി വന്നതോടെയാണ് ജയപ്രദ എന്ന നാമം ഇന്ത്യ മുഴുവനും അറിയപ്പെടാൻ തുടങ്ങിയത്. തമിഴ്, കന്നട, ഹിന്ദി, മലയാളം തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മൊഴിമാറ്റം നടന്നിട്ടുള്ള ആദ്യത്തെ തെലുങ്കു സിനിമയാണിത്. നല്ലൊരു നർത്തകി കൂടിയായ ജയപ്രദയും കമലഹാസനും തമ്മിൽ അഭിനയത്തിലും നൃത്തരംഗങ്ങളിലും മത്സരിച്ചുള്ള പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സാഗരസംഗമം കേരളത്തിൽ മൊഴിമാറ്റം ചെയ്തുവന്നപ്പോൾ അന്ന് വലിയ പ്രദർശനവിജയവും നേടി.
സാഗരസംഗമം കണ്ടപ്പോഴാണ് എന്റെ മനസ്സിലേക്ക് പെട്ടെന്നൊരു മോഹം കയറിവന്നത്. മറ്റു നായികമാരിൽ നിന്നും തികച്ചും വ്യത്യസ്തമായ ആകാരഭംഗിയും വശ്യമായ കണ്ണുകളും നടനരീതികളുമൊക്കെയുള്ള ജയപ്രദയെ ഞാൻ തിരക്കഥയെഴുതുന്ന ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിപ്പിക്കണമെന്ന്. എല്ലാ ഭാഷയിലും ഓടിനടന്ന് അഭിനയിച്ചിരുന്ന ജയപ്രദയുടെ പ്രതിഫലം താങ്ങാനാവില്ലെന്നാണ് എന്റെ പല നിർമാതാക്കളും പറഞ്ഞത്.
ആ സമയത്താണ് തമിഴിലെ പ്രശസ്ത നിർമാതാവായ പൂർണ്ണേന്ദ്രറാവു ഒരു മലയാള സിനിമ എടുക്കണമെന്ന ആഗ്രഹവുമായി ജോഷിയെ വന്നു കാണുന്നത്. കൂടെ കമലഹാസന്റെ മാനേജരായ ഒരു കക്ഷിയുമുണ്ട്. അവർക്ക് പടത്തിന്റെ കോസ്‌റ്റൊന്നും ഒരു പ്രശ്‌നമല്ല. നല്ല കളർഫുള്ളായ കൊമേഴ്‌സ്യൽ സിനിമയായിരിക്കണം. ഏത് ഭാഷയിലുള്ള നടിയെ വേണമെങ്കിലും കൊണ്ടുവരാം.
ജോഷി, കലൂർ ഡെന്നിസ്, മമ്മൂട്ടി ടീം കത്തിനിൽക്കുന്ന സമയമായതുകൊണ്ട് കോട്ടയത്തെ സെൻട്രൽ പിക്‌ചേഴ്‌സ് ചിത്രം വിതരണത്തിനെടുക്കാനും തയ്യാറായി വന്നു. ഞാൻ ജോഷിയുടെ സ്ഥിരം എഴുത്തുകാരനാണെങ്കിലും ഈ സിനിമയിൽ തിരക്കഥാകാരനായി ജോൺപോളിനെയും കൂടി പങ്കെടുപ്പിക്കണമെന്ന് തോന്നി. ജോഷിക്കും അത് സമ്മതമായിരുന്നു. ഞങ്ങൾ കലൂർ ഡെന്നിസ്, ജോൺ പോൾ, ആർട്ടിസ്റ്റ് കിത്തോ, ആന്റണി ഈസ്റ്റുമാൻ എന്നിവർ നാൽവർസംഘം പോലെ നടന്ന ആ കാലത്തിന്റെ ഓർമപുതുക്കൽ പോലെയാണ് ജോൺ പോളിനെയും ഞാൻ കൂടെ കൂട്ടിയത്. ജോൺ അന്ന് ഭരതന്റെയും മോഹന്റെയുമൊക്കെ സിനിമകളുടെ തിരക്കിൽ ഓടിനടക്കുന്ന സമയമാണ്. എങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ജോണും ഈ പ്രോജക്ടിന്റെ ഭാഗമായി വന്നത്.
ഇനിയും കഥ തുടരും എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്. മമ്മൂട്ടിയുടെ നായികയായി ജയപ്രദയെ ഇടാമെന്ന് ഞാൻ ആദ്യമേ തന്നെ ജോഷിയോട് പറഞ്ഞിരുന്നു. നിർമ്മാതാക്കൾതന്നെയാണ് ജയപ്രദ ചോദിച്ച പ്രതിഫലം കൊടുത്തുകൊണ്ട് അവരുടെ കോൾഷീറ്റ് വാങ്ങിയത്. മമ്മൂട്ടിയെ കൂടാതെ തിലകൻ, സോമൻ, ക്യാപ്റ്റൻ രാജു, ലാലു അലക്‌സ്, നെടുമുടി വേണു, ജയപ്രദ, അംബിക, ഗീത തുടങ്ങിയ താരങ്ങളാണ് ഇതിൽ അണിനിരന്നത്.

'ഇനിയും കഥ തുടരു'മിന്റെ ലൊക്കേഷൻ എറണാകുളമായിരുന്നു. ഷൂട്ടിങ് തുടങ്ങി മൂന്നാം ദിവസമാണെന്ന് തോന്നുന്നു ജയപ്രദ വന്നത്. അവരുടെ ആദ്യ ദിവസത്തെ ഷൂട്ടിങ് ഫോർട്ട്‌കൊച്ചി കടപ്പുറത്തുള്ള ഏകാന്തമായ ഒരിടത്തുവച്ചായിരുന്നു. ഞാൻ ലൊക്കേഷനിൽ ചെല്ലുമ്പോൾ ജോഷി ജയപ്രദയുടെ ആദ്യത്തെ ഷോട്ട് എടുക്കാൻ പോവുകയായിരുന്നു. ഞാൻ ജോഷിയുടെ അടുത്തേക്ക് ചെന്നപ്പോൾ എന്നെ ജയപ്രദയ്ക്ക് പരിചയപ്പെടുത്തി. ഷൂട്ടിങ് തുടങ്ങിയതുകൊണ്ട് ഞാൻ കൂടുതൽ സംസാരിക്കാനൊന്നും നിന്നില്ല.
ഒരു കാർ അപകടത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം ജയപ്രദയോട് ചൂടായി പിണങ്ങിപ്പോകുന്ന സീൻ കഴിഞ്ഞ്, പിറ്റേന്ന് അവർ തമ്മിൽ വീണ്ടും കാണുന്ന ഒരു സീനായിരുന്നു എടുത്തുകൊണ്ടിരുന്നത്. ആ സീനിൽ മമ്മൂട്ടി മാത്രമേ സംഭാഷണം ഉരുവിടുന്നുള്ളൂ. ജയപ്രദയ്ക്ക് ഒരു ഡയലോഗുമില്ല. വിഷാദവതിയായി അവൾ പതുക്കെ നടന്നുവരുമ്പോൾ മമ്മൂട്ടി അവിചാരിതമായാണ് അവളെ കാണുന്നത്. മമ്മൂട്ടി പിണക്കം മാറ്റാനായി ജയപ്രദയുടെ കഥാപാത്രമായ നിമ്മിയുടെ അടുത്തേക്ക് ചെല്ലുന്നു, അവൾ അയാളെ കണ്ടെങ്കിലും നേരെ ഒന്നു നോക്കാൻപോലും കൂട്ടാക്കാതെ വേഗം നടന്നുനീങ്ങുന്നത് കണ്ട് മമ്മൂട്ടി അടുത്തേക്ക് ചെന്ന് നിമ്മീ എന്ന് വിളിക്കുന്നു. അവൾ വിളി കേട്ടെങ്കിലും ഒന്നും പ്രതികരിക്കാതെ മുന്നോട്ടുനടക്കുമ്പോൾ മമ്മൂട്ടി പുറകെ നടന്ന് സരസമായി പറയുന്നു:
“ഹാ, എന്താ സാറേ ഇത്. ആലുവാ മണപ്പുറത്തുവെച്ച് പോലും കാണാത്ത മട്ടിൽ പോകുന്നത്?”
അവൾ മൗനംമൂടി നടക്കുകയാണ്.
“ഒന്നുമില്ലെങ്കിലും നമ്മൾ തമ്മിൽ ഒരു ആക്‌സിഡന്റിന്റെ ബന്ധമെങ്കിലുമില്ലേ?”
നിമ്മി വാക്കുകൾ പുറത്തേക്ക് വിടാതെ മൗനം പേറി നടന്നുകൊണ്ടുള്ള ഭാവാഭിനയമായിരുന്നു.
“ഹാ, ഒന്നു തിരിഞ്ഞുനോക്കെടോ. ഒന്നുമില്ലെങ്കിലും ഹലോ പറഞ്ഞ് ഐശ്വര്യമായി ഒന്നു ചിരിച്ചിട്ട് പോടോ, നഷ്ടമൊന്നും വരാനില്ലല്ലോ.”
അതിനുള്ള അവളുടെ മറുപടിയും കണ്ണുകൾകൊണ്ടായിരുന്നു.
“ഓ, ഭയങ്കര ഡിമാൻഡാണല്ലോ?”
“ഒന്നുമല്ലെങ്കിലും ഈ തിരുമുഖം കണ്ട് നല്ലൊരു പുഞ്ചിരിപ്പൂവ് പിടിച്ചുവാങ്ങിയിട്ടേ ഞാൻ തന്നെ വിടത്തുള്ളൂ.”
അതുകേട്ട് അവളുടെ കവിൾത്തടത്തിൽ ചെറിയ ഈർപ്പം പടരുന്നതുകണ്ടപ്പോൾ അയാളും അല്പം സീരിയസ്സായി.
“എന്താണിത്? എന്തിനാണ് താൻ കരയുന്നത്? അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ.”
എന്താണ് പറയേണ്ടതെന്നറിയാതെ അവൾ വിങ്ങിപ്പൊട്ടിനിന്നു. അതുകണ്ടപ്പോൾ അയാൾ പറഞ്ഞു,
“ഞാൻ വിളിച്ചതും സംസാരിച്ചതുമൊന്നും ഇഷ്ടമായില്ലല്ലേ. ഐ ആം സോറി. ഞാൻ...ഞാൻ പോയേക്കാം.”
അയാൾ തിരിഞ്ഞുനടക്കുമ്പോൾ നിമ്മി പതുക്കെ അയാളുടെ കൈത്തണ്ടയിൽ തൊടുന്നു. അയാൾ ആശ്ചര്യത്തോടെ അവളെ നോക്കുന്നു. അവൾ പതുക്കെ അയാളുടെ കൈത്തണ്ടയിൽ പിടിക്കുന്നു. അറിയാതെ അയാളുടെ വിരലുകളും അവളെ സ്പർശിക്കുന്നു.
ജയപ്രദ മൗനത്തിന്റെ ഭാഷയിൽ കണ്ണുകൾകൊണ്ട് സംവദിക്കുന്നതുകണ്ടപ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് എഴുതിച്ചേർത്താലോ എന്നെനിക്ക് തോന്നി. ഞാൻ ജോൺപോളിനോട് ഈ വിവരം പറഞ്ഞു. ജോൺ അപ്പോൾ ദ്വാരകാ ഹോട്ടലിൽ സംവിധായകൻ മോഹന്റെ പടത്തിന്റെ ചർച്ചയിലായിരുന്നു.
“നീ ഒന്ന് എഴുതിനോക്ക്. എനിക്കിപ്പോൾ വരാൻ പറ്റില്ല.”
ഞാൻ അപ്പോൾതന്നെ ജോഷിയോടുകൂടി ആലോചിച്ചിട്ട് ജയപ്രദയുടെ കണ്ണുകളെ വർണ്ണിച്ചുകൊണ്ട് ഒരു സംഭാഷണമെഴുതി.
“എല്ലാ കണ്ണുകളും മനോഹരമാണ്. പ്രകൃതിയുടെ മഹത്തായ ഒരു വരദാനമാണ് കണ്ണുകൾ. ദേശാന്തരത്തിന് അനുസൃതമായി അതിന് നിറംമാറുന്നത് കാണാം. തൊട്ടാവാടി പൂവിന്റെ നേർത്തനിറം തൊട്ട് ഞാവൽപ്പഴത്തിന്റെ കടുംനിറം വരെ...”
ഞാൻ എഴുതിയ സംഭാഷണം ജോഷിയെയും ജോണിനെയും വായിച്ചുകേൾപ്പിച്ചു.
“സംഭവം കൊള്ളാം, പക്ഷേ മമ്മൂട്ടിയെപ്പോലൊരു നടൻ ഇങ്ങനെയുള്ള പൈങ്കിളി ഡയലോഗ് പറയുന്നതാണ് പ്രശ്‌നം. ഇതുവേണ്ടടാ. നിനക്ക് ജയപ്രദയുടെ കണ്ണുമാഹാത്മ്യത്തെക്കുറിച്ച് എന്തെങ്കിലും പറയണമെങ്കിൽ അവരോട് നേരിട്ട് തന്നെ പറഞ്ഞോളൂ.”
ഞാൻ ചമ്മി ചിരിച്ചുനിന്നു. എന്നാലും കണ്ണുകളെക്കുറിച്ചുള്ള എന്റെ വർണന ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ തിരക്കഥ എഴുതിയ 'മാന്ത്രിക്കുതിര' എന്ന ചിത്രത്തിൽ മനോജ് കെ. ജയന്റെ കഥാപാത്രം അഡ്വക്കേറ്റും നോവലിസ്റ്റുമായിരുന്നു. നോവലിലാകുമ്പോൾ വാക്കുകൾക്ക് വിലക്കുണ്ടാവില്ലല്ലോ.

1985-ലാണ് 'ഇനിയും കഥ തുടരും' റിലീസായത്. ചിത്രം വൻ വിജയമായിമാറുകയും ചെയ്തു. ഈ ചിത്രത്തിനുശേഷം പിന്നെ രണ്ടായിരത്തിലാണ് ജയപ്രദ സിബിമലയിലിന്റെ ദേവദൂതനിലും ബ്ലെസിയുടെ പ്രണയത്തിലും കുഞ്ചാക്കോബോബന്റെ അമ്മയായി ഈ സ്‌നേഹതീരത്തിലുമൊക്കെ അഭിനയിച്ചത്.
ഈകാലയളവിൽതന്നെയാണ് 1996-ൽ തെലുങ്ക് ദേശത്തെ ചന്ദ്രബാബുനായിഡുവിന്റെ രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് രാജ്യസഭാംഗമായി ജയപ്രദ പ്രവർത്തിച്ചത്. 2004-ൽ ചന്ദ്രബാബുനായിഡുവിന്റെ പാർട്ടിയിൽനിന്നുംമാറി സമാജ് പാർട്ടിയിൽ ചേർന്ന് ജയപ്രദ പാർലമെന്ററി അംഗവുമായി.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kaloor Dennis recalls Jayaprada’s timeless beauty and their first meeting
Published: 12 Apr 2026, 10:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented