
സംഗീതം കൂട്ടിച്ചേര്‍ത്ത സൗഹൃദമാണ് ഔസേപ്പച്ചനും ഞാനും തമ്മില്‍. നാളുകളായുള്ള ഒരാത്മബന്ധം. ഞാന്‍ അസിസ്റ്റന്റായും അസോസിയേറ്റ് ഡയറക്ടറായുമൊക്കെ വര്‍ക്ക് ചെയ്യുന്ന കാലത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അതിനുംമുന്‍പ് ക്രൈസ്റ്റ് കോളേജില്‍ പഠിക്കുമ്പോള്‍ ഔസേപ്പച്ചനും ജോണ്‍സണുമൊക്കെ അവിടെ വയലിന്‍ വായിക്കാന്‍ വരാറുണ്ടായിരുന്നു. 'വോയ്‌സ് ഓഫ് ട്രിച്ചൂര്‍' ക്ലബ്ബിലെ പ്രധാന അംഗങ്ങളായിരുന്നു അവര്‍. അങ്ങനെ പലവട്ടം കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നീട് ഔസേപ്പച്ചന്‍ ചെന്നൈയിലെത്തി. അവിടെ ദേവരാജന്‍ മാഷിന്റെ കീഴില്‍ ജോണ്‍സണുമൊപ്പം ഔസേപ്പച്ചന്‍ വര്‍ക്ക് ചെയ്തുതുടങ്ങി. ആ സമയത്താണ് ഞാനും ചെന്നൈയിലെത്തുന്നത്.
വൈകുന്നേരങ്ങളില്‍ പ്രസാദ് സ്റ്റുഡിയോയില്‍നിന്ന് വയലിന്‍ വായിച്ച് ഇറങ്ങിവരുന്ന ഔസേപ്പച്ചനെ ഇപ്പോഴും ഓര്‍മയുണ്ട്. ഭരതേട്ടന്‍ സംവിധാനം ചെയ്ത 'ആരവം' എന്ന സിനിമയില്‍ ഔസേപ്പച്ചന്‍ അഭിനയിച്ചിരുന്നു. ഭരതേട്ടന്റെ 'കാതോട് കാതോര'ത്തിലാണ് ഔസേപ്പച്ചന്‍ ആദ്യമായി സംഗീതസംവിധാനം ചെയ്യുന്നത്. ആ സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഞാന്‍. അന്ന് തുടങ്ങിയ ഊഷ്മളമായ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നു. 'കാതോട് കാതോര'ത്തിലെ 'ദേവദൂതര്‍ പാടി' എന്ന പാട്ട് ഇപ്പോഴും ഹിറ്റാണ്. അന്ന് ആ പാട്ടിന്റെ റെക്കോഡിങ്ങൊക്കെ കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങിയ ശേഷം ഭരതേട്ടനും ഔസേപ്പച്ചനും തോന്നി പാട്ടില്‍ ഓര്‍ക്കസ്‌ട്രേഷന്‍ കുറച്ചുകൂടി കൂട്ടണമെന്ന്. അങ്ങനെ വീണ്ടും മനോഹരമായ ഓര്‍ക്കസ്‌ട്രേഷനോടുകൂടിയാണ് പാട്ട് ഇറക്കിയത്. 'കാതോട് കാതോര'ത്തിലെ എല്ലാ പാട്ടുകളും ഹിറ്റായതോടെ ഔസേപ്പച്ചന് തിരക്കായി. അപ്പോഴാണ് ഞാന്‍ ആദ്യമായിട്ട് സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നത്. ജോണ്‍സണുമായും ഔസേപ്പച്ചനുമായും എനിക്ക് നല്ല ബന്ധമായിരുന്നു. അവരില്‍ ആരെങ്കിലുമൊരാള്‍ എന്റെ ആദ്യസിനിമയ്ക്ക് സംഗീതം
നല്‍കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ നിര്‍മാതാവിന് അര്‍ജുനന്‍മാഷെക്കൊണ്ട് പാട്ട് ചെയ്യിക്കാനായിരുന്നു താത്പര്യം. അവര്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു. അന്ന് സിനിമ നിര്‍മിക്കാന്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് കിട്ടുക എന്നുപറഞ്ഞാല്‍തന്നെ ഭാഗ്യമാണല്ലോ. അപ്പോള്‍ അവര്‍ പറയുന്നത് നമ്മള്‍ അംഗീകരിച്ചുകൊടുക്കണം. മാത്രമല്ല, അര്‍ജുനന്‍ മാസ്റ്റര്‍ എന്ന മഹാപ്രതിഭ എന്റെ ആദ്യത്തെ സിനിമയില്‍ സംഗീതം ചെയ്യുന്നുവെന്നത് വലിയ സന്തോഷം തന്നെയായിരുന്നു. ആ സിനിമയുടെ റീറെക്കോഡിങ് ചെയ്തത് ജോണ്‍സണായിരുന്നു. വയലിന്‍ വായിക്കാന്‍ ഔസേപ്പച്ചനുമുണ്ടായിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, എന്റെ അടുത്ത പടത്തില്‍ നിങ്ങള്‍ എന്തായാലും സംഗീതം ചെയ്തുതരണമെന്ന്. അങ്ങനെയാണ് 'ഉണ്ണികളേ ഒരു കഥ പറയാം' എന്ന സിനിമയില്‍ ഔസേപ്പച്ചന്‍ എത്തുന്നത്.

കണ്ണാംതുമ്പീ പോരാമോ...
ഞങ്ങളൊന്നിച്ചപ്പോഴെല്ലാം മെലഡികളായിരുന്നു പിറന്നത്. ഞാനും ഔസേപ്പച്ചനും ലോല ഹൃദയരാണെന്ന് തോന്നിയിട്ടുണ്ട്. മനോഹരമായ സംഗീതം പെട്ടെന്ന് ഹൃദയത്തെ സ്പര്‍ശിക്കും. ഔസേപ്പച്ചന്റെ പല ഈണങ്ങള്‍ക്കുമുള്ള പ്രത്യേകതയാണത്. നമ്മുടെ ഉള്ളിലങ്ങനെ കിടക്കും. അക്കൂട്ടത്തില്‍പ്പെട്ട ഒരു പാട്ടാണ് കണ്ണാംതുമ്പി. ആലപ്പുഴയില്‍വെച്ചായിരുന്നു അതിന്റെ കമ്പോസിങ് നടന്നത്. പാച്ചിക്ക(ഫാസില്‍)യും സിദ്ദിഖ്-ലാലും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. സിദ്ദിഖ്-ലാല്‍ ആ സിനിമയില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്തിരുന്നു. എല്ലാവരും ഒന്നിച്ചിരുന്നാണ് പാട്ട് കമ്പോസ് ചെയ്തത്. താരാട്ടുപാട്ടുപോലെ തോന്നണം, എന്നാല്‍, സംഗീതസാന്ദ്രമായിരിക്കണം. കാക്കേ കാക്കേ കൂടെവിടെ പോലെ അത്രമാത്രം ലളിതമായ, കുട്ടികള്‍ക്കെല്ലാം പാടാന്‍ പറ്റുന്ന പാട്ടുവേണമെന്ന് പാച്ചിക്ക പറഞ്ഞു. അതേപോലെ ഔസേപ്പച്ചന്‍ ആ പാട്ട് തന്നു. ഇന്നും കുഞ്ഞുങ്ങളെ ഉറക്കാനും കളിപ്പിക്കാനുമൊക്കെ ആളുകള്‍ 'കണ്ണാംതുമ്പി'. പലതലമുറകളിലൂടെ കണ്ണാംതുമ്പി പാറിപ്പറന്നുകൊണ്ടിരിക്കുകയാണ്. ആ സിനിമയില്‍ ദാസേട്ടന്‍ പാടിയിട്ടില്ല. ഒരു പാട്ട് മലേഷ്യ വാസുദേവനും മറ്റൊന്ന് ജാനമ്മ ഡേവിഡുമാണ് പാടിയത്. 'നീലക്കുയിലി'ല്‍ എല്ലാരും ചൊല്ലണ് എന്ന പാട്ട് പാടിയ ഗായികയാണ് ജാനമ്മ. അതിനുശേഷം അമ്പത് വര്‍ഷമാവുമ്പോഴാണ് 'കാക്കോത്തിയമ്മയ്ക്ക്' എന്ന പാട്ട് അവര്‍ പാടുന്നത്. ഔസേപ്പച്ചനാണ് അവരെക്കുറിച്ച് പറഞ്ഞത്. ട്രാക്ക് എടുക്കുന്നതും പാടുന്നതുമൊക്കെ അദ്ഭുതത്തോടെയാണ് അവര്‍ കണ്ടിരുന്നത്. സാങ്കേതികവിദ്യകളൊക്കെ മാറിയത് അവര്‍ക്കറിയില്ലായിരുന്നു. വളരെ ആവേശവും സന്തോഷവും നിറഞ്ഞതായിരുന്നു ആ റെക്കോഡിങ്. പല സിനിമകളിലായി ഒരു കൂട്ടം പ്രതിഭകള്‍ക്കൊപ്പം ചെലവഴിക്കാനായത് നല്ലൊരു അനുഭവം തന്നെയാണ്.

പിന്നീട് ഞങ്ങള്‍ ഒന്നിച്ചത് 'ഓര്‍ക്കാപ്പുറത്ത്' എന്ന സിനിമയിലാണ്. അതില്‍ പാട്ടില്ലാത്തതിനാല്‍ ഔസേപ്പച്ചന് സങ്കടമായിരുന്നു. രഞ്ജിത്തായിരുന്നു കഥ. ഷിബു ചക്രവര്‍ത്തിയാണ് വരികളെഴുതിയത്. ഞങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ കഥയ്ക്കകത്ത് പാട്ട് കുത്തിക്കയറ്റിയാല്‍ രസമുണ്ടാവില്ലെന്ന് തോന്നി. അന്നത്തെ ന്യൂജന്‍ സിനിമയായിരുന്നു 'ഓര്‍ക്കാപ്പുറത്ത്'. റീറെക്കോഡിങ്ങില്‍ മ്യൂസിക് ഒക്കെ നിറച്ച് കാച്ചിക്കോ എന്ന് ഔസേപ്പച്ചനോട് പറഞ്ഞു. അതില്‍ വെസ്റ്റേണ്‍ മ്യൂസിക്കാണ് ഉപയോഗിച്ചത്. പിന്നെയങ്ങോട്ട് തൂവല്‍ സ്പര്‍ശം, പൂക്കാലം വരവായി, ആയുഷ്‌കാലം, ഉള്ളടക്കം...തുടങ്ങി കുറച്ചധികം ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു.
ദാസേട്ടനും ഔസേപ്പച്ചനും തമ്മില്‍ സൗന്ദര്യപ്പിണക്കമുണ്ടായിരുന്ന സമയത്താണ് ഞാന്‍ 'ഉള്ളടക്കം' ചെയ്യുന്നത്. അതിന്റെ പാട്ട് കമ്പോസിങ് ചെന്നൈയില്‍ സുരേഷ് ബാലാജിയുടെ ഫ്ളാറ്റില്‍വെച്ചായിരുന്നു. ഈണവും വരികളുമൊക്കെ റെഡിയായി. 'പാതിരാമഴ ഏതോ' എന്ന പാട്ട് ദാസേട്ടന്‍തന്നെ പാടണമെന്ന് എനിക്കും കൈതപ്രത്തിനും ഔസേപ്പച്ചനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഔസേപ്പച്ചന്‍ അത് തുറന്നുപറഞ്ഞില്ല. ഞങ്ങള്‍ തമ്മില്‍ ചെറിയൊരു പിണക്കമുണ്ട്. ദാസേട്ടനെ ഞാന്‍ വിളിക്കില്ല. കമലൊന്ന് വിളിക്കണമെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. നിങ്ങളാണ് സംഗീതസംവിധായകന്‍ എന്നറിയുമ്പോള്‍ ഞാന്‍ വിളിച്ചാലും ദാസേട്ടന്‍ വരില്ലല്ലോ എന്ന് പറഞ്ഞു. പിന്നീട് ദാസേട്ടന്റെ മാനേജരെ വിളിച്ച് ഞാന്‍ കാര്യങ്ങള്‍ സംസാരിച്ചു. അതൊക്കെ ദാസേട്ടന്‍ മറന്നുപോയിട്ടുണ്ടാവും. ഔസേപ്പച്ചന്‍ അദ്ദേഹത്തെ ഒന്നുപോയി കണ്ടാല്‍ ശരിയാവുമെന്ന് അദ്ദേഹം പറഞ്ഞു. ഔസേപ്പച്ചനാണെങ്കില്‍ ദാസേട്ടനെ കാണാനൊരു മടി. തിരുമേനി ഒപ്പം വരികയാണെങ്കില്‍ നമുക്ക് പോയി ദാസേട്ടനെ കാണാമെന്ന് ഞാന്‍ കൈതപ്രത്തോട് പറഞ്ഞു. അങ്ങനെ ഞാനും കൈതപ്രവും കൂടി എ.വി.എം സ്റ്റുഡിയോയില്‍ ചെന്ന് ദാസേട്ടനെ കണ്ടു. സിനിമയെക്കുറിച്ചൊക്കെ സംസാരിച്ചശേഷം പതിയെ കൈതപ്രം കാര്യം അവതരിപ്പിച്ചു. ''അവന് വേറെ കുഴപ്പമൊന്നുമില്ല, ചില സമയത്ത് തര്‍ക്കുത്തരം പറയും. അതാണ് എനിക്ക് ദേഷ്യം വരുന്നത്. അല്ലാതെ എനിക്ക് ഔസേപ്പച്ചനോട് ഒരു പ്രശ്നവുമില്ല. അവന്‍ നല്ല മ്യൂസിക് ഡയറക്ടറല്ലേ. ജോണ്‍സണും ആ കുഴപ്പമുണ്ട്. ചിലപ്പോള്‍ തൃശ്ശൂര്‍കാരുടെ കുഴപ്പമാവും, ഹാ നീയും തൃശ്ശൂരാണല്ലോ അല്ലേ'' എന്നുപറഞ്ഞ് എന്നെ നോക്കി അദ്ദേഹം ചിരിച്ചു. കാറില്‍ കയറാന്‍ നേരത്ത് ''തീയതി പറഞ്ഞാല്‍ മതി, ഞാന്‍ വരാമെന്ന്'' ദാസേട്ടന്‍ പറഞ്ഞു. പിന്നീട് ഔസേപ്പച്ചന്‍ ദാസേട്ടനെ നേരിട്ട് വിളിച്ച് സംസാരിക്കുകയും ചെയ്തു. 'ഉള്ളടക്ക'ത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. തന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് 'പാതിരാമഴ' എന്ന് ദാസേട്ടന്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ആയുഷ്‌കാലം സിനിമയില്‍ ആകെ ഒരു പാട്ടാണുണ്ടായിരുന്നത്. പക്ഷേ, അന്ന് അതത്ര ഹിറ്റായില്ല. മറ്റ് പാട്ടുകളുടെ കൂട്ടത്തില്‍ മങ്ങിപ്പോയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം എഫ്.എമ്മിലൂടെ ഈ പാട്ട് സ്ഥിരം കേള്‍ക്കാനിടയായി. ചില പാട്ടുകള്‍ അങ്ങനെയാണ്. കാലത്തെ അതിജീവിക്കും. ചിലത് ജനങ്ങളുടെ മനസ്സിലേക്ക് താനേ കയറിവരും. ഒറ്റയ്ക്കുപാടുന്ന 
(തയ്യാറാക്കിയത്: രേഖ നമ്പ്യാര്‍)
Content Highlights: director kamal writing about ouseppachan
Published: 12 Feb 2024, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented