സൂര്യയും തൃഷയും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയാണ് 'കറുപ്പ്'. ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സ്വാസിക, ശിവദ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.

രണ്ട് പതിറ്റാണ്ടുകൾക്കുശേഷം സൂര്യയും തൃഷയും ഒരുമിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. മെയ് 14-നാണ് ചിത്രത്തിന്റെ റിലീസ്.

അതിനിടെ ചിത്രത്തിന്റെ സ്‌പെഷൽ ഷോയ്ക്ക് അനുമതി നൽകിയ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് നന്ദിയറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് നന്ദിപറഞ്ഞുകൊണ്ടുള്ള കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മെയ് 14-ന് രാവിലെ 9 മണിക്കാണ് തുടങ്ങുക.

പല സംസ്ഥാനങ്ങളിലും അതിരാവിലെ സിനിമയുടെ പ്രദർശനം സാധാരണമാണ്. തമിഴ്‌നാട്ടിലും അതിരാവിലെയുള്ള പ്രദർശനങ്ങൾ മുമ്പുണ്ടായിരുന്നു. ഒരു മണിക്കും നാലുമണിക്കുമൊക്കെ ആദ്യഷോയ്ക്ക് അനുമതിയുമുണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രദർശനങ്ങളേറെയും പ്രശ്‌നങ്ങളിലാണ് അവസാനിക്കാറുള്ളത്. സൂപ്പർസ്റ്റാറുകളുടെ റിലീസുകളിൽ ആരാധകരുടെ ആരാധന നിയന്ത്രണം വിട്ട് ദുരന്തങ്ങളിൽ അവസാനിക്കാറുമുണ്ട്. അങ്ങനെയൊരു ദുരന്തത്തിനുശേഷമാണ് സർക്കാർ ഇതിനെതിരെ രംഗത്തെത്തിയത്. 'ഏർളി മോണിങ് ഷോ' നിർത്തിവെക്കുകയും ചെയ്തു.

2023-ലെ പൊങ്കലിനോടനുബന്ധിച്ച് രണ്ട് ചിത്രങ്ങളാണ് റിലീസിനെത്തിയത്. വിജയ്-രശ്മിക മന്ദാന ഒരുമിച്ച 'വരിശ്', അജിത് കുമാർ-മഞ്ജു വാര്യർ എന്നിവരുടെ 'തുനിവ്' എന്നീ ചിത്രങ്ങളാണ് അന്ന് തിയേറ്ററുകളിലെത്തിയത്. 'തുനിവി'ന്റെ ഫസ്റ്റ് ഷോ അതിരാവിലെ ഒരുമണിക്കായിരുന്നു. ആരാധകരുടെ തിക്കിനും തിരക്കിനുമിടയിൽ ഒരാൾ ലോറിയുടെ മുകളിൽനിന്ന് താഴെവീണ് മരിക്കുകയും ചെയ്തു. ഈ ദുരന്തത്തിനുശേഷം സർക്കാർ സിനിമയുടെ സ്‌ക്രീനിങ്ങുകളിൽ കർശനനിയന്ത്രണങ്ങൾ കൊണ്ടുവന്നു. അതിരാവിലെയുള്ള ഷോ നിരോധിക്കുകയും ചെയ്തു. 9 മണിക്കുള്ള ഷോയ്ക്കും പ്രത്യേക അനുമതി ആവശ്യമാണ്. അല്ലാത്തപക്ഷം പത്തുമണിക്കാണ് ആദ്യഷോ ഉണ്ടാവുക. അതേ സമയം 'കറുപ്പ്' സിനിമയുടെ ഇന്ത്യയിലുടനീളമുള്ള ആദ്യദിവസത്തെ അഡ്വാൻസ് ബുക്കിങ് 4 കോടി കടന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi