തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ മാനസിക സമ്മർദം പലരെയും അലട്ടാറുണ്ട്. ഇത്തരം സമയങ്ങളിൽ ആദ്യം ഉപേക്ഷിക്കപ്പെടുന്നത് പലപ്പോഴും വ്യായാമമായിരിക്കും. മനസ്സ് അസ്വസ്ഥമായിരിക്കുമ്പോൾ വ്യായാമം ചെയ്യുക എന്നത് വലിയൊരു ജോലിയായി തോന്നാം. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ വ്യായാമം പൂർണമായി ഒഴിവാക്കുകയാണോ വേണ്ടത്? അതോ വ്യായാമത്തിന്റെ തീവ്രത കുറച്ച് തുടരാമോ?
വ്യായാമം പൂർണമായി ഒഴിവാക്കുന്നതിനേക്കാൾ ശീലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതാണ് നല്ലതെന്നാണ് ഫിറ്റ്‌നസ് വിദഗ്ധൻ പറയുന്നത്. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ സന്തോഷവും ഉന്മേഷവും നൽകുന്ന രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ മാനസിക സമ്മർദമുള്ള ദിവസങ്ങളിലും ശരീരത്തെ ചലിപ്പിക്കുന്നത് പ്രധാനമാണ്.
ജോലിത്തിരക്ക്, ഉറക്കക്കുറവ്, പലതരം ആശങ്കകൾ എന്നിവ കാരണം ചില ദിവസങ്ങളിൽ പതിവുപോലെ വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകാം. അത്തരം ദിവസങ്ങളിൽ സ്വയം നിർബന്ധിച്ച് കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതല്ല. ശരീരത്തിന് കൂടുതൽ സമ്മർദം നൽകുന്നതിനേക്കാൾ പ്രധാനമാണ് അതിനെ ചലിപ്പിച്ചുകൊണ്ടിരിക്കുക എന്നത്. മാനസിക സമ്മർദമുള്ള ദിവസങ്ങളിൽ വ്യായാമരീതിയിൽ വരുത്താവുന്ന അഞ്ച് മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇഷ്ടമുള്ള ലഘുവ്യായാമങ്ങൾ തിരഞ്ഞെടുക്കാം
എല്ലാ ദിവസവും കഠിനമായ വ്യായാമങ്ങൾ ചെയ്യണമെന്നില്ല. ക്ഷീണം അനുഭവപ്പെടുന്ന ദിവസങ്ങളിൽ നടത്തം, സൈക്ലിങ്, ലളിതമായ സ്‌ട്രെച്ചിങ് എന്നിവ തിരഞ്ഞെടുക്കാം. 20 മിനിറ്റ് നടക്കുന്നതുപോലും ശരീരത്തെ സജീവമാക്കാനും മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കും.
Also Read
വ്യായാമം ലളിതമാക്കാം
വ്യായാമത്തിന്റെ സമയവും തീവ്രതയും കുറയ്ക്കാം. പതിവായി ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നവരാണെങ്കിൽ അത് 20-30 മിനിറ്റായി ചുരുക്കാം. കൂടുതൽ വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കാതെ കുറച്ച് ലളിതമായവ തിരഞ്ഞെടുക്കുക. ശരിയായ രീതിയിൽ ചെയ്യുന്നതിന് പ്രാധാന്യം നൽകാം.
വേഗവും ഭാരവും കുറയ്ക്കാം
ക്ഷീണമുള്ള ദിവസങ്ങളിൽ കനത്ത ഭാരം ഉയർത്തുകയോ കൂടുതൽ ആവർത്തനങ്ങൾ ചെയ്യുകയോ വേണ്ട. കുറഞ്ഞ സമയം വ്യായാമം ചെയ്ത് ഇടവേളകൾ എടുക്കാം. കാർഡിയോ വ്യായാമങ്ങൾ ചെയ്യുമ്പോൾ കിതയ്ക്കാതെ സംസാരിക്കാൻ കഴിയുന്ന വേഗം നിലനിർത്തുക. ശരീരത്തിന് അമിതഭാരം നൽകാതെ സജീവമായിരിക്കുക എന്നതായിരിക്കണം ലക്ഷ്യം.
ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കാം
ക്ഷീണം അനുഭവപ്പെടുമ്പോൾ നിർബന്ധിച്ച് വ്യായാമം ചെയ്യരുത്. അന്നത്തെ ഊർജവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ലളിതമായ വ്യായാമങ്ങൾ തിരഞ്ഞെടുക്കാം. ശരീരത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയുകയും അതിനനുസരിച്ച് വ്യായാമത്തിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.
വിശ്രമത്തിന് പ്രാധാന്യം നൽകാം
തുടർച്ചയായ ക്ഷീണം, ദിവസങ്ങളോളം മാറാത്ത പേശിവേദന, ശ്രദ്ധക്കുറവ്, പതിവിലും ബുദ്ധിമുട്ടായി തോന്നുന്ന വ്യായാമം എന്നിവ വിശ്രമം ആവശ്യമാണെന്നതിന്റെ സൂചനകളാകാം. ഇത്തരം സാഹചര്യങ്ങളിൽ ഒരു ദിവസം വ്യായാമത്തിൽനിന്ന് വിട്ടുനിൽക്കുന്നതിൽ തെറ്റില്ല. വിശ്രമവും ശരീരത്തിന്റെ വീണ്ടെടുക്കലിന്റെ ഭാഗമാണ്. പകരം ലഘുവായ നടത്തം, സ്‌ട്രെച്ചിങ് എന്നിവ ചെയ്യാം. അല്ലെങ്കിൽ അൽപസമയം ശാന്തമായി വെറുതെയിരിക്കാം.
മാനസിക സമ്മർദമുള്ള ദിവസങ്ങളിൽ ശരീരത്തെ അമിതമായി ബുദ്ധിമുട്ടിക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം. വ്യായാമം ചെയ്യാത്തതിന്റെ പേരിൽ കുറ്റബോധം തോന്നേണ്ടതില്ല. ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വ്യായാമം ക്രമീകരിക്കുന്നതാണ് പ്രധാനം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 10 Nov 2026, 04:40 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented