ഹോളിവുഡ് നടി ആഞ്ജലീന ജോളി വിവാഹമോചനശേഷം ലോസ് ആഞ്ജലിസ് വിടുന്നുവെന്നും മറ്റൊരിടത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്നും മുമ്പ് സൂചന നൽകിയിരുന്നു. എന്നന്നേക്കുമായി താമസം മാറാനുള്ള സാധ്യത അവരുടെ അച്ഛൻ ജോൺ വോയിറ്റിനെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ആ വലിയ മാറ്റത്തിലേക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് മകൾ തന്നെ വന്നൊന്ന് കാണണമെന്ന് നിരന്തരം അഭ്യർഥിക്കുകയാണ് ജോൺ.

റിപ്പോർട്ടുകൾ പ്രകാരം, മകൾ ലോസ് ആഞ്ജലിസ് വിടുന്നത് ഉൾക്കൊള്ളാൻ ജോൺ വോയിറ്റിന് ബുദ്ധിമുട്ടുണ്ട്. അച്ഛനും മകളും തമ്മിലുള്ള ദീർഘകാലമായുള്ള അകൽച്ചയെ ഇത് കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് അദ്ദേഹം ഭയക്കുന്നതത്രേ. ഇവിടം വിട്ടുപോയാൽ പിന്നെ മകൾ തന്നെ കാണാൻ ഒരിക്കലും വരില്ലെന്നും 87 വയസ്സുള്ള ജോൺ ഭയക്കുന്നു.

2024-ൽ ആഞ്ജലീനയും ബ്രാഡ് പിറ്റും തമ്മിലുള്ള വിവാഹ മോചനത്തെക്കുറിച്ച് ജോൺ വോയിറ്റ് നടത്തിയ പരാമർശങ്ങൾക്ക് ശേഷം പിതാവും മകളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതായാണ് കരുതപ്പെടുന്നത്.

"ജോണും അഞ്ജലീനയും ഈ ദിവസങ്ങളിൽ വളരെ കുറച്ചേ സംസാരിക്കുകയോ കാണുകയോ ചെയ്യുന്നുള്ളൂ. എന്നാൽ ഇത് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള ശ്രമക്കുറവുകൊണ്ടല്ല. ജന്മദിനത്തിലും അവധി ദിവസങ്ങളിലും അദ്ദേഹം ഇപ്പോഴും കുട്ടികളെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് സന്ദേശങ്ങൾ അയക്കുകയും, ഒരു ദിവസം അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് സന്തോഷത്തോടെ അവർക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയുമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആഞ്ജിയെ അദ്ദേഹം തീവ്രമായി മിസ്സ് ചെയ്യുന്നു."-എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

2024 ഓഗസ്റ്റിൽ ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ ഒരു അഭിമുഖത്തിൽ, വിവാഹമോചനം പൂർത്തിയാക്കേണ്ടതുകൊണ്ടു മാത്രമാണ് താനിവിടെ നിൽക്കുന്നതെന്ന് ആഞ്ജലീന പറഞ്ഞതോടെയാണ് Los Angeles വിടുമെന്ന് അഭ്യൂഹമുണ്ടായത്.

ആഞ്ജലീനയുടെ അമ്മ, മാർസെലിൻ ബെർട്രാൻഡും ജോണും വളരെ നേരത്തേ വിവാഹബന്ധം വിച്ഛേദിച്ചവരാണ്. അച്ഛന്റെ മറ്റു ബന്ധങ്ങൾ അമ്മയേയും കുടുംബത്തേയും തകർത്തുവെന്ന് ആഞ്ജലീന നേരത്തേ തുറന്നുപറഞ്ഞിട്ടുണ്ട്. അവർ ചെറിയ കുട്ടിയായിരിക്കേയാണ് അച്ഛൻ കുടുംബത്തെ ഉപേക്ഷിക്കുന്നത്. മാർസെലിൻ 2017-ൽ 56-ാം വയസ്സിൽ മരിച്ചു, സ്തനാർബുദവും അണ്ഡാശയ അർബുദവുമായിരുന്നു മരണകാരണം. ചെറുപ്പത്തിൽ തന്നെ അച്ഛനുമായി ആഞ്ജലീന അകന്നതാണ്. 2010-ൽ മുൻ ഭർത്താവ് ബ്രാഡ് പിറ്റിന്റെ നിർബന്ധത്താൽ, ഇരുവരും സംസാരിച്ചുതുടങ്ങിയിരുന്നു. എങ്കിലും ബന്ധം വീണ്ടും വഷളായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi