സുസ്മിത സെന്നും ഐശ്വര്യ റായിയും യഥാക്രമം മിസ് യൂണിവേഴ്സ്, മിസ് വേള്‍ഡ് കിരീടങ്ങള്‍ ചൂടി ആഗോളവേദിയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ വര്‍ഷമാണ് 1994. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ (AMMA) ആദ്യ വനിതാപ്രസിഡന്റായി നിയമിതയായ ശ്വേതാ മേനോനും അതേ മത്സരത്തില്‍ പങ്കെടുത്തിരുന്നുവെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. മത്സരത്തിനിടെ ഐശ്വര്യയ്ക്കൊപ്പം ഒരേ മുറിയിലായിരുന്നു ശ്വേത താമസിച്ചിരുന്നത്.
'ഞാന്‍ ഐശ്വര്യ റായിയുടെ റൂംമേറ്റായിരുന്നു, സുസ്മിത സെന്‍ ആണ് ആ മത്സരം ജയിച്ചത്. ഫ്രാന്‍സെസ്‌ക ഹാര്‍ട്ട് ആയിരുന്നു മൂന്നാം റണ്ണറപ്പ്.' പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ശ്വേത പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2025-ലാണ് ശ്വേത മേനോന്‍ സംസാരിച്ചത്. താന്‍ മിസ് ഇന്ത്യ ഏഷ്യാ പസഫിക്കില്‍ പങ്കെടുക്കുകയും മൂന്നാം റണ്ണറപ്പാവുകയും ചെയ്തുവെന്നും ശ്വേത പറഞ്ഞു.
'ഞാന്‍ മിസ് ഇന്ത്യ ഏഷ്യാ പസഫിക്കില്‍ പങ്കെടുത്തു. മൂന്നാം റണ്ണറപ്പാകാന്‍ സാധിച്ചു. അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്ന ആവേശം ഇന്നെല്ലാവരിലും എന്റെ മകളിലും കാണാന്‍ കഴിയുന്നുണ്ട്. ഇന്ന് എല്ലാവരും ഒരു മോഡലാണെന്നാണ് ഞാന്‍ കരുതുന്നത്' അവര്‍ പറഞ്ഞു.
'ഒരു ദിവസം സ്‌കൂള്‍ വിട്ടു വന്നപ്പോള്‍, മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരില്‍ നിന്ന് ഒരു കത്ത് വന്നിട്ടുണ്ടെന്ന് അച്ഛന്‍ എന്നോട് പറഞ്ഞു. അദ്ദേഹത്തോട് ചോദിക്കാതെ അപേക്ഷ അയച്ചതില്‍ അച്ഛന് അത്ര സന്തോഷമില്ലായിരുന്നെങ്കിലും, മത്സരത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എനിക്ക് അനുവാദം നല്‍കുകയും കോയമ്പത്തൂരിലേക്ക് എന്റെ കൂടെ വരികയും ചെയ്തു. മത്സരത്തില്‍ ഞാന്‍ ഫസ്റ്റ് റണ്ണറപ്പായി. എന്റെ ഫോട്ടോകള്‍ കേരളത്തിലെ പത്രങ്ങളില്‍ വന്നു. ഫസ്റ്റ് റണ്ണറപ്പായതുകൊണ്ട് ഫൈനലില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിരുന്നെങ്കിലും, 18 വയസ്സിന് താഴെയായിരുന്നതിനാല്‍ എന്നെ അനുവദിച്ചില്ല.' അവര്‍ ഓര്‍ത്തു.
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് നിശ്ചിതവും ഘടനാപരവുമായ ജോലി സമയം വേണമെന്നും കോണ്‍ക്ലേവില്‍ അവര്‍ വാദിച്ചു. തന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതും ആശയവിനിമയം നടത്തുന്നതുമായ ഒരു തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു.
അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയം കാരണം എത്ര സ്ത്രീകള്‍ തങ്ങളുടെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്നുണ്ടെന്നും വ്യക്തമാക്കി. 'ഞാന്‍ ഗര്‍ഭിണിയായിരിക്കെ നാല് സിനിമകള്‍ ചെയ്തു. അതിരാവിലെയുള്ള ഷൂട്ടിംഗുകള്‍ എനിക്ക് സുഖകരമല്ലെന്ന് ഞാന്‍ എന്റെ സംവിധായകരോട് പറഞ്ഞു, അവര്‍ അത് മനസ്സിലാക്കി.' ഗര്‍ഭകാലത്ത് ജോലി ചെയ്തതിന്റെ അനുഭവം ശ്വേത ഓര്‍ത്തുപറഞ്ഞു.
'മിക്ക പ്രശ്നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കാന്‍ കഴിയും. പക്ഷേ ആളുകള്‍ പലപ്പോഴും അത് ഒഴിവാക്കാറുണ്ട്. ഞാന്‍ 'അമ്മ'യുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ പോലും സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ പങ്കുവെക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ അവരാരും അങ്ങനെ ചെയ്തില്ല.
പിന്തുണാ സംവിധാനങ്ങളുടെ അഭാവവും ജോലി നഷ്ടപ്പെടുമോ എന്ന ഭയവും കാരണം നിരവധി സ്ത്രീകള്‍ നിശബ്ദമായി സ്വന്തം പോരാടുന്നുണ്ട്. ഞാന്‍ അവരെ കുറ്റപ്പെടുത്തില്ല. എല്ലാവരും അവരുടെ കരിയറിനെക്കുറിച്ച് ആശങ്കാകുലരാണ്. എന്നാല്‍ പതുക്കെ, ഞങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ വെളിച്ചത്തു കൊണ്ടുവരും' ശ്വേത ഉറപ്പുനല്‍കി.
മമ്മൂട്ടി നായകനായ 1991-ലെ 'അനശ്വരം' എന്ന ചിത്രത്തിലൂടെയാണ് ശ്വേത സിനിമയിലേക്ക് ചുവടുവെച്ചത്. സുനില്‍ ഷെട്ടിയും ശില്‍പ ഷെട്ടിയും അഭിനയിച്ച 1997-ലെ 'പൃഥ്വി' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: shwetha menon reveals she was aishwarya rai`s roommate during miss India and discusses her career, motherhood, and advocating for women in cinema.
Published: 10 Sept 2025, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented