മലയാളം, തമിഴ്, ഹിന്ദി, തെലുഗുഭാഷകളിലൂടെ പ്രശസ്തയായ നടിയാണ് മീര വാസുദേവൻ. മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് താരം. കരിയറിൽ മികച്ച കഥാപാത്രങ്ങളുമായി മുന്നോട്ടുപോകുമ്പോഴും, മീരയുടെ വൈവാഹികജീവിതം അത്ര വിജയമായിരുന്നില്ല. പക്ഷേ, അതൊന്നും തന്നെ തളർത്തിയിട്ടില്ലെന്നും, ആകെ ഒരു ദുഃഖം മാത്രമേയുള്ളൂവെന്നും പറയുകയാണ് മീര. ഏകദേശം രണ്ട് പതിറ്റാണ്ടുകളോളം വിഷമകരമായ വിവാഹങ്ങളിൽ ജീവിതം മുന്നോട്ടുകൊണ്ടുപോയതാണ് അവരെ വിഷമിപ്പിക്കുന്നത്.

''ഞാൻ പലപ്പോഴും മകനോട് പറയാറുണ്ട്, എന്റെ ജീവിതത്തിലെ 17 വർഷം വർഷം മൂന്ന് സ്റ്റുപ്പിഡ് വിവാഹങ്ങളിൽ ചെലവഴിച്ചു. ആ സമയത്ത് ബുദ്ധിപൂർവ്വം പ്രവർത്തിച്ചിരുന്നെങ്കിൽ എനിക്ക് വളരെയധികം നേട്ടങ്ങൾ കൈവരിക്കാമായിരുന്നു. സിനിമ, ഫിറ്റ്‌നസ്, അല്ലെങ്കിൽ എനിക്കായി ഒരു വലിയ സാമൂഹികവലയം കെട്ടിപ്പടുക്കൽ തുടങ്ങിയ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു,'' മീര പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീര.

''എനിക്ക് എന്റെ ജീവിതത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു. പക്ഷേ അതിനു കഴിഞ്ഞില്ല. എന്റെ അച്ഛനും അമ്മയും സഹോദരിയുമൊത്ത് ധാരാളം സമയം ചെലവഴിക്കാമായിരുന്നു. പകരം, ഞാനാ സമയം മറ്റുള്ളവർക്കായി പാഴാക്കി. എന്നെ ഒരിക്കലും ഗൗരവമായി എടുക്കുകയോ ബഹുമാനിക്കുകയോ ചെയ്യാത്ത ആളുകളുമായുള്ള ബന്ധത്തിൽ ഞാൻ വളരെയധികം സമയം വെറുതെ കളഞ്ഞു'', മീര കൂട്ടിച്ചേർക്കുന്നു.

പ്രശസ്ത ഛായാഗ്രാഹകൻ അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളിനെയാണ് മീര ആദ്യം വിവാഹം കഴിച്ചത്. 2005-ലായിരുന്നു ആ വിവാഹം. മൂന്നുവർഷത്തിനുശേഷം അവർ പിരിഞ്ഞു. 2012-ൽ നടൻ ജോൺ കൊക്കനുമായുള്ള വിവാഹം, നാലുവർഷത്തിനുശേഷം വിവാഹമോചനത്തിൽ കലാശിച്ചു. അതിലൊരു മകനുമുണ്ട്. 2024-ൽ ക്യാമറാമാൻ വിപിൻ പുതിയങ്കത്തെ വിവാഹംം കഴിച്ചു. 2025-ൽ തങ്ങൾ പിരിഞ്ഞ കാര്യം മീര ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്, 'നൗ അയാം സിംഗിൾ' എന്നാണ് അന്നവർ കുറിച്ചത്.

'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യാണ് മീരയുടേതായി അവസാനമിറങ്ങിയ ചിത്രം. സൺ സൂര്യയിലെ 'അഞ്ചു സുന്ദരികൾ' എന്ന ചിത്രത്തിലാണ് അവരിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi