'സ്‌കൂട്ടറില്‍ പോകുന്ന പഴയനടി ഉഷയെ കണ്ടോ?' കുറച്ച് മാസങ്ങള്‍ക്കുമുന്‍പ് ആലപ്പുഴ പട്ടണത്തിലൂടെ ടൂ വീലറില്‍ സഞ്ചരിച്ച ഉഷയുടെ വീഡിയോ വൈറലായത് ഇങ്ങനെയാണ്. തൊട്ട് പിന്നാലെ വന്ന ചില അഭിമുഖങ്ങളില്‍ അവര്‍ തന്റെ സിനിമാ-രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതും കമന്റ് ബോക്‌സുകളില്‍ വിമര്‍ശനങ്ങളുടെ പെരുമഴയായി. എന്നാല്‍, ഒന്നിനെപ്പറ്റിയും ആകുലപ്പെടാതെ ആലപ്പുഴ സക്കറിയ ബസാറിലുണ്ട് നടി ഉഷാ ഹസീന.

''തുറന്ന പുസ്തകമാണ് എന്റെ ജീവിതം. വിമര്‍ശനങ്ങളും പ്രതിസന്ധികളും എത്രയോ തരണംചെയ്തിരിക്കുന്നു? അനുഭവിച്ചുതീര്‍ത്ത ജീവിതത്തില്‍ എത്രയോ സിനിമകള്‍ക്കുള്ള കഥകളുണ്ട്? ആരെന്തുപറഞ്ഞാലും എന്നെ അത് ബാധിക്കുകയില്ല. പ്രത്യേകിച്ച് സ്വപ്‌നങ്ങളോ ആഗ്രഹങ്ങളോ ഒന്നുമില്ല. പടച്ചോന്റെ കൃപയാല്‍ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.'' ജീവിതവഴിയില്‍ തട്ടിത്തടഞ്ഞ് വീണുപോയ ചില നിമിഷങ്ങള്‍ വീണ്ടും ഓര്‍ക്കാന്‍ ഉഷ ഇഷ്ടപ്പെടുന്നില്ല. ഇന്നലെകളെ ഒരു ചെറുചിരിയിലൊതുക്കി അവര്‍.

രാഷ്ട്രീയം, അഭിനയം, ഡാന്‍സ് സ്‌കൂള്‍... എപ്പോഴും തിരക്കാണല്ലോ?
ആലപ്പുഴയിലെ ഒരു സാധാരണക്കാരിയാണ് ഞാന്‍. ബാലസംഘത്തിന്റെ ചുമതലയുണ്ട്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഏരിയാ പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമാണ്. കൂടാതെ, മഹിളാ അസോസിയേഷന്റെ ഏരിയാ കമ്മിറ്റി അംഗവുമാണ്. ചെറുപ്പംമുതലേ ചെറുതും വലുതുമായ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. സിനിമയില്‍ വന്നപ്പോഴും അത് തുടര്‍ന്നു. ബാപ്പ ഹനീഫ പോലീസുകാരനായിരുന്നു. കലാകാരനും നാട്ടുകാര്‍ക്ക് സമ്മതനുമായ മനുഷ്യന്‍. അദ്ദേഹം പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ബാപ്പയുടെ കാലം കഴിഞ്ഞപ്പോള്‍ എല്ലാവരും എന്റടുത്തേക്ക് വന്നുതുടങ്ങി. പഠിക്കുന്ന കാലംതൊട്ട് ഇടത് അനുഭാവിയാണ്. പക്ഷേ, മത്സരിക്കാനൊന്നും താത്പര്യമില്ല.

പ്രതിസന്ധികളാണോ കരുത്തയാക്കിയത്?
പുറത്തുപറയാന്‍ പറ്റാത്ത, ഉള്ളിലൊതുക്കിവയ്‌ക്കേണ്ട പ്രയാസങ്ങളുണ്ട്. തുറന്നുപറയുമ്പോള്‍ പലര്‍ക്കും വേദനയാവും. അതിന് ഞാന്‍ തയ്യാറല്ല. അതുകൊണ്ടാണ്, ബിഗ് ബോസില്‍ പോവാത്തത്. എന്നെ ഇത്തവണ വിളിച്ചിരുന്നു. 

'കോട്ടയം കുഞ്ഞച്ചന്റെ' സംവിധായകന്‍ സുരേഷ് ബാബുവായിരുന്നു ആദ്യഭര്‍ത്താവ്. എന്നാല്‍, ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. വിവാഹമോചനവും ബാപ്പയുടെ മരണവും ഉമ്മച്ചിയുടെ അസുഖവും. അങ്ങനെ, തുടരെ പ്രശ്‌നങ്ങളായിരുന്നു. ബാപ്പയും ഉമ്മയും ആയിരുന്നു താങ്ങും തണലും. രണ്ടാമതൊരു വിവാഹത്തിന് ഞാന്‍ തയ്യാറല്ലായിരുന്നു. അത് ബാപ്പയ്ക്കും ഉമ്മയ്ക്കും വലിയ വിഷമമുണ്ടാക്കി. ബെംഗളൂരുവില്‍വെച്ചാണ് ബാപ്പ മരിക്കുന്നത്. മയ്യത്തുംകൊണ്ട് ഞാന്‍ നാട്ടിലേക്ക് വന്നു. ഓര്‍ക്കുമ്പോള്‍ ഉള്ള് നീറുന്നു. അഭിനയിച്ച് കിട്ടുന്ന പൈസയൊക്കെ കൈകാര്യംചെയ്തിരുന്നത് ബാപ്പയായിരുന്നു. എനിക്ക് എ.ടി.എമ്മില്‍നിന്ന് പൈസ എടുക്കാനറിയില്ല. ബാങ്ക് ഇടപാടുകള്‍ നടത്താനറിയില്ല. പെട്ടെന്ന് ഒറ്റപ്പെട്ടതുപോലെ തോന്നി. സഹോദരന്മാര്‍ അവരുടെ ജീവിതത്തിരക്കുകളിലും. ഞാനും ഉമ്മയും മാത്രമായി. വീണ്ടും ഒന്നില്‍നിന്ന് പഠിക്കാന്‍ തുടങ്ങി. 

പിന്നീടെപ്പോഴാണ് പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്?
സഹോദരന്മാരുടെ കൂട്ടുകാരനാണ് നാസര്‍ അബ്ദുള്‍ ഖാദര്‍. ബാപ്പയ്ക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. മുന്‍പ് കല്യാണമുറപ്പിച്ചിട്ട് അവസാനനിമിഷം ഞാന്‍ പിന്മാറിയതാണ്. പക്ഷേ, അദ്ദേഹം എന്നെ കാത്തിരുന്നു. ബാപ്പ മരിക്കുന്നതിന്റെ തലേദിവസവും വിവാഹത്തെക്കുറിച്ചാണ് സംസാരിച്ചത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ സംസാരിക്കുമ്പോഴും വിവാഹംകഴിക്കേണ്ടത് ആവശ്യമാണെന്ന് ഒരു ഘട്ടമെത്തിയപ്പോള്‍ എനിക്ക് മനസ്സിലായി. നമ്മുടെ മുഖത്ത് നോക്കി ഒരുത്തനും മോശമായി സംസാരിക്കരുത്. അങ്ങനെ, നാസറിനെ വിവാഹംചെയ്തു. മലയാളം-തമിഴ് സിനിമകളില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരുന്നു അദ്ദേഹം. എന്റെ സഹോദരന്റെ പടങ്ങളും കോഡിനേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങാനിരിക്കുന്നു. അദ്ദേഹമാണ് എന്റെ സന്തോഷവും കരുത്തും.

placeholder
ഉഷ ഭര്‍ത്താവ് നാസറിനൊപ്പം

ജീവിതം മനോഹരമാക്കിയത് സിനിമാക്കാലമാണോ?
ഒരിക്കലുമല്ല. ഏറ്റവും മനോഹരം എന്റെ ചെറുപ്പകാലമാണ്. പാട്ടും നൃത്തവുമൊക്കെയായി ഒരു ടെന്‍ഷനുമില്ലാതിരുന്ന നാളുകള്‍. പത്താംക്ലാസിലെത്തുംമുന്നേയുള്ള വെക്കേഷന്‍ സമയത്ത് തോപ്പില്‍ ഭാസിയുടെ നാടകത്തിന്റെ ഭാഗമായി. അഭിനയിക്കാനും ഡയലോഗ് പറയാനും ഗ്ലിസറിനില്ലാതെ കരയാനുമൊക്കെ അവിടന്ന് പഠിച്ചു. തോപ്പില്‍ ഭാസിസാര്‍ അഭിനയകലയുടെ  യൂണിവേഴ്സിറ്റിയായിരുന്നു. 

ഫാസില്‍ സാര്‍ സംവിധാനം ചെയ്ത 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. പിന്നീട്, ബാലചന്ദ്രമേനോന്‍ സാറിന്റെ 'കണ്ടതും കേട്ടതും' എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ നായികയായി. അപ്പോഴേക്കും കുടുംബത്തിന്റെ ഉത്തരവാദിത്വം എന്റെ തലയിലായി. പക്ഷേ, അതൊരിക്കലും എനിക്ക് ബാധ്യതയായിരുന്നില്ല. ഇപ്പോഴും ആസ്വദിച്ചാണ് എല്ലാം ചെയ്യുന്നത്.

ബാലചന്ദ്രമേനോന്‍ സാറാണ് ഹസീന എന്ന പേര് മാറ്റി ഉഷയാക്കിയത്. പേര് മാറ്റുന്നതിനോട് ബാപ്പയ്ക്ക് താത്പര്യക്കുറവുണ്ടായിരുന്നു. ബന്ധുക്കളും സമുദായവും എതിര്‍ത്തു. പക്ഷേ, അതൊക്കെ പതിയെ മാറിവന്നു. ഉഷാ ഹസീന എന്നാണ് എല്ലാവരും വിളിക്കുന്നത്. വീട്ടില്‍ അച്ചപ്പു എന്നും. അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍വെച്ച് വാണീ വിശ്വനാഥ് എന്നെ കണ്ടപ്പോള്‍ 'അച്ചപ്പു' എന്ന് വിളിച്ച് അടുത്തേക്ക് വന്നു. പന്ത്രണ്ടുവര്‍ഷത്തിനുശേഷമാണ് വാണിയെ ഞാന്‍ കാണുന്നത്. ഇന്‍ഡസ്ട്രിയില്‍ ഉര്‍വശിയും വാണിയും മാത്രമാണ് ആ പേര് വിളിക്കുക.

ആ പഴയ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടോ?
മുന്‍പ് ഇവര്‍ക്കൊക്കെ ഞാനുമായും എന്റെ വീടുമായും നിരന്തരം ബന്ധമുണ്ടായിരുന്നു. പക്ഷേ, പ്രയാസങ്ങളില്‍ സുഹൃത്തുക്കള്‍ ആരുമുണ്ടായിരുന്നില്ല കൂടെ. ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് 'പുലികള്‍' എന്നപേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നു. എന്നെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഗ്രൂപ്പില്‍ കാണാതായി. എന്തുപറ്റി എന്നറിയാന്‍ തെസ്നി ഖാന്‍ വിളിച്ചു. ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തെസ്നിയോട് സങ്കടങ്ങള്‍ പറഞ്ഞു. ആ സമയത്ത് കൂടുതല്‍ സഹായിച്ചത് തെസ്നിയും സീമ ജി. നായരുമാണ്. ഉറ്റസുഹൃത്തുക്കള്‍ അവരാണെന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു.

മാറിനിന്നപ്പോഴൊന്നും സിനിമയെക്കുറിച്ച് ചിന്തിച്ചില്ലേ?
ഇനി സിനിമയിലേക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്, പലവട്ടം. അപ്പോഴൊക്കെ എനിക്ക് പിന്തുണ നല്‍കിയത് ഗണേഷേട്ടനാണ്. ഒരു സഹോദരനെപ്പോലെ അദ്ദേഹം കൂടെനിന്നു. അഭിനയിക്കാതിരുന്ന കാലത്തും സിനിമയില്‍നിന്ന് വിളിക്കുന്നുണ്ടായിരുന്നു. തമിഴ് സീരിയലുകളില്‍നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നു. എല്ലാം ചെറിയ വേഷങ്ങള്‍. ഒരിടവേളയ്ക്കുശേഷം ചെയ്യുമ്പോള്‍ നല്ല കഥാപാത്രമായിട്ടേ കാര്യമുള്ളൂ. അങ്ങനെ കിട്ടിയതായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ 'ചീനാ ട്രോഫി'.

placeholder
ചെങ്കോല്‍ എന്ന സിനിമയില്‍നിന്നൊരു രംഗം

ശരിക്കും മാറിനിന്നതോ അതോ മാറ്റിനിര്‍ത്തപ്പെട്ടതോ?
മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. ഒരു സൂപ്പര്‍താരത്തിന്റെ പേരും അതിനൊപ്പം കേട്ടിരുന്നു. സത്യമാണോ എന്നൊന്നും അറിയില്ല. ഞാനാരോടും ചോദിച്ചിട്ടുമില്ല. 

വെട്ടിത്തുറന്നുള്ള സംസാരം വിനയായി മാറിയിട്ടുണ്ടോ?
ഞാനെന്തിന് പേടിക്കണം. ഞാനാരെയും ദ്രോഹിച്ചിട്ടില്ല. എനിക്കുള്ളത് എന്നെ തേടിവരും. പുകഴ്ത്തിയവരാണ് പിന്നീട് വിമര്‍ശനങ്ങളുമായെത്തിയത്. അതൊന്നും നോക്കേണ്ട കാര്യമില്ല. മനസ്സാക്ഷിക്കെതിരായി ഒന്നും ചെയ്യരുത്. സത്യസന്ധമായി നില്‍ക്കുക. പിന്നെ, അപ്രിയസത്യങ്ങള്‍ പറയാതിരിക്കുക.

ഇതെല്ലാം സിനിമ പഠിപ്പിച്ച പാഠങ്ങളാണോ?
അഭിനയിക്കുക, തിരിച്ചുപോരുക. അവിടെ ഒരു ബന്ധത്തിനും സ്ഥാനമില്ല. ഇതാണ് സിനിമ പഠിപ്പിച്ച പാഠം. ആവശ്യമുള്ളിടത്ത് മതി ആത്മാര്‍ഥത.

സിനിമയിലേക്ക് തിരിച്ചുവരണമെന്ന് തോന്നിയപ്പോള്‍ അടുപ്പമുള്ളവരോട് ചാന്‍സ് ചോദിച്ചിരുന്നോ?
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ വഴിയാണ് 'ചീനാ ട്രോഫി'യില്‍ അവസരം ലഭിച്ചത്. എനിക്ക് സഹോദരനെപ്പോലെയാണ് ബാദുഷ. പെപ്പെയുടെകൂടെ 'കൊണ്ടല്‍' എന്ന സിനിമ ചെയ്തു. സോഫിയാ പോളാണ് നിര്‍മാതാവ്. വളരെ ശക്തമായ വേഷമാണ്. മനസ്സിന് തൃപ്തിതോന്നിയ കഥാപാത്രം. ശ്രീനാഥ് ഭാസിക്കൊപ്പം ഒരു സിനിമയും 'വസുധ' എന്ന സീരിയലുമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഭര്‍ത്താവിന്റെ പ്രൊഡക്ഷനില്‍ ഒരു സിനിമ അണിയറയിലൊരുങ്ങുന്നുണ്ട്. പുതിയകാലത്തെ വ്യത്യസ്തമായ സിനിമകളില്‍ അഭിനയിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടമുണ്ട്.

ദൈവവിശ്വാസം കാത്തുരക്ഷിച്ചിട്ടുണ്ടോ?
പടച്ചോനെ പേടിയുള്ള ആളാണ്. എല്ലാ ചിട്ടകളും പാലിക്കാറുണ്ട്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. പശ്ചാത്തപിച്ചിട്ടുമുണ്ട്. കുറെ സിനിമകളില്‍ അഭിനയിച്ച്, കുറെ പണമുണ്ടാക്കിയിട്ട് കാര്യമില്ല. എന്റെ മാതാപിതാക്കളെ മരണംവരെ സംരക്ഷിക്കാന്‍ പറ്റി. സഹോദരന്മാരെ നല്ല നിലയിലെത്തിച്ചു. അവരുടെ മക്കളെ നന്നായി നോക്കി. ഭര്‍ത്താവിനും കുടുംബത്തിനും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവളായി.

എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് തോന്നിയ നിമിഷങ്ങള്‍?
തെറ്റായ തീരുമാനമെടുത്തിട്ടുണ്ട്. ആദ്യപടം കഴിഞ്ഞപ്പോള്‍ ശ്രീനിവാസന്റെ 'വടക്കുനോക്കിയന്ത്ര'ത്തിലേക്ക് അവസരം വന്നു. അനിയത്തിവേഷമായിരുന്നു. 'അല്പം കാത്തിരുന്നശേഷം ചെയ്യാം' എന്ന് അന്ന് ബാലചന്ദ്രമേനോന്‍ സാറ് പറഞ്ഞു. പക്ഷേ, ബാപ്പ പറഞ്ഞതനുസരിച്ച് ഞാന്‍ ആ സിനിമ ചെയ്തു. പിന്നീട് വന്നതെല്ലാം സഹോദരിയുടെയും സുഹൃത്തിന്റെയും വേഷങ്ങളായിരുന്നു. എന്നാല്‍, അതുകൊണ്ടുണ്ടായ നേട്ടമാണ് 'കിരീട'ത്തിലെയും 'ചെങ്കോലി'ലെയും സഹോദരീവേഷങ്ങള്‍.

സിനിമാതിരഞ്ഞെടുപ്പുകളില്‍ പിന്നെയും പാളിച്ചകള്‍ പറ്റിയിരുന്നോ?
'പൊന്നരഞ്ഞാണം' എന്ന സിനിമ വലിയൊരു വഞ്ചനയായിരുന്നു. സംവിധായകന്‍ ബാബു നാരായണന്റെ സിനിമയായിരുന്നു അത്. തിരക്കഥ കലൂര്‍ ഡെന്നിസ്. രണ്ട് സ്ത്രീകളുടെ കഥയാണ് എന്നൊക്കെ പറഞ്ഞിട്ടാണ് ഞാനതില്‍ അഭിനയിക്കുന്നത്. പറഞ്ഞ രീതിയിലല്ല സിനിമ പോകുന്നതെന്ന് തോന്നിയപ്പോള്‍ തിരിച്ചുപോന്നു. പക്ഷേ, ഡെന്നിസ് സാറ് വന്ന് സംസാരിച്ചു. എന്നിട്ടും ക്ലൈമാക്‌സ് സീനഭിനയിക്കാതെ ഞാന്‍ പോന്നു. മഹേഷും ഞാനും ഒരു മരത്തിനടിയില്‍ കെട്ടിപ്പിടിച്ചുകിടക്കുന്ന സീനായിരുന്നു. ക്യാമറ പാന്‍ ചെയ്തുപോകുമ്പോള്‍ ശാരീരികബന്ധമുണ്ടായതുപോലെയാണ് തോന്നുക. അതൊന്നും അന്നെനിക്ക് മനസ്സിലായില്ല. അസോസിയേറ്റ് ഡയറക്ടറെ എന്റെ വസ്ത്രമണിയിച്ച് കിടത്തിയാണ് അത് ഷൂട്ട് ചെയ്തതെന്നാണ് പറഞ്ഞത്. അങ്ങനെ ഒരു ഷോട്ടേയുള്ളൂ. പക്ഷേ, പടം സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയപ്പോള്‍ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ലെസ്ബിയന്‍സിന്റെ കഥയാണെന്നാണ് പറഞ്ഞത്. അക്കാലത്ത് ലെസ്ബിയന്‍സ് എന്താണെന്നുപോലുമറിയില്ല. 

അന്നെനിക്ക് പറ്റിയ വലിയൊരു അബദ്ധമായിരുന്നു ആ സിനിമ. അച്ഛനായി അഭിനയിച്ചത് ഇന്നസെന്റേട്ടനായിരുന്നു. മാമുക്കോയ, ഗണേഷേട്ടന്‍, മഹേഷേട്ടന്‍ അങ്ങനെ നല്ല ആര്‍ട്ടിസ്റ്റുകളാണുണ്ടായിരുന്നത്. സിനിമയെടുക്കുമ്പോള്‍ നമ്മുടെ സീന്‍ അഭിനയിച്ച് തിരിച്ചുപോരുന്നതല്ലാതെ, ബാക്കിയുള്ള സീനുകളെന്താണെന്ന് അറിയണമായിരുന്നു. അതല്ലാതെ, മറ്റൊരു മോശം അനുഭവവും സിനിമയില്‍നിന്നുണ്ടായിട്ടില്ല. ഇന്ന് എന്റെ കാര്യങ്ങള്‍ കൃത്യമായി തുറന്നുപറയാറുണ്ട്. സംഘടനകളുണ്ട്. ആവശ്യങ്ങളുന്നയിക്കാറുണ്ട്.

അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗവും തിരഞ്ഞെടുപ്പും വലിയ ചര്‍ച്ചയായല്ലോ?
സംഘടനയുടെ ജനറല്‍സെക്രട്ടറിസ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍ മത്സരിച്ചിരുന്നു. സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ് കുക്കു നിന്നത്. സ്ത്രീകളെല്ലാം ഒറ്റക്കെട്ടായി അവരെ പിന്തുണയ്ക്കുകയും ചെയ്തു. പക്ഷേ, വളരെ തുച്ഛമായ വോട്ടിന് കുക്കു തോറ്റു. ഞങ്ങളെ സംബന്ധിച്ച് കുക്കു വിജയിച്ചു. കാരണം ഞങ്ങള്‍ നടത്തിയ വലിയ പോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്. നൂറുവോട്ട് തികച്ച് കിട്ടുമോ എന്നുപോലും ഭയമുണ്ടായിരുന്നു. അത്രയും വലിയ അതികായന്മാര്‍ക്കൊപ്പമല്ലേ മത്സരിക്കുന്നത്. പുരുഷമേധാവിത്വമുള്ള ഒരു സ്ഥലത്ത്, അതും ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് ഒരു സ്ത്രീ ആദ്യമായിട്ട് മത്സരിക്കുകയായിരുന്നു. എന്നാല്‍ അതിനെക്കുറിച്ചൊന്നും ഒരു മാധ്യമത്തിലും എഴുതിക്കണ്ടില്ല. ഒരൊഴുക്കന്‍മട്ടില്‍ കുക്കുവിന്റെ തോല്‍വി പരാമര്‍ശിച്ചതല്ലാതെ. മാത്രമല്ല, പതിവിലും വിപരീതമായി ഇത്തവണ ശക്തമായ അഭിപ്രായം പറയാന്‍ സ്ത്രീകള്‍ മുന്നോട്ടുവന്നു. പുതിയ അംഗത്തെ തിരഞ്ഞെടുക്കുന്ന വിഷയം വന്നപ്പോള്‍ എന്റെ അഭിപ്രായം തുറന്നുപറയുകയും എന്നെ പിന്തുണച്ചുകൊണ്ട് ഒരുവിഭാഗം സ്ത്രീകളും പുരുഷന്മാരും ഒപ്പം നില്‍ക്കുകയും ചെയ്തു. മുന്‍പൊക്കെ എല്ലാവരും മിണ്ടാതിരിക്കുമായിരുന്നു. 

placeholder
സിനിമ: ആധാരം

സംഘടനയിലെ വേര്‍തിരിവുകള്‍ക്കെതിരേ സ്ത്രീകള്‍ പ്രതികരിക്കാറുണ്ടോ?
പണ്ട് സംഘടനയില്‍ സ്ത്രീകള്‍ക്ക് തീരേ പ്രാധാന്യമുണ്ടായിരുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറേ വിഷയങ്ങള്‍ ചര്‍ച്ചയായപ്പോഴാണ് സ്ത്രീകള്‍ക്ക് കുറച്ചെങ്കിലും പരിഗണന കിട്ടിയത്. 
ഡബ്ല്യു.സി.സി. എന്ന സംഘടന 'അമ്മ'യില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. പരാതി സെല്‍ വേണമെന്ന കോടതിപരാമര്‍ശവുംകൂടി വന്നപ്പോള്‍ സംഘടനയില്‍ കുറേ മാറ്റങ്ങളുണ്ടായി. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ 'അമ്മ'യിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ രാജിവെച്ചുപോവാന്‍ പാടില്ലായിരുന്നു. 'അമ്മ'യില്‍ നിന്നുകൊണ്ട് അവര്‍ പോരാടണമായിരുന്നു. ഇപ്പോള്‍ ഞങ്ങളൊക്കെ അഭിപ്രായം പറയുന്നില്ലേ. അവസരം വരുമ്പോള്‍ എല്ലാവരും പറയും. അതുപോലെ അവരും ചെയ്യണമായിരുന്നു. ഒരു പ്രത്യേക വ്യക്തിയെ മാത്രം കേന്ദ്രീകരിക്കുകയും അവരുടെ സൗഹൃദവലയത്തിലുള്ളവര്‍ക്ക് പ്രശ്‌നം വന്നാല്‍മാത്രം അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണ് മറ്റൊരു കുഴപ്പം.  

അഭിനേത്രികളെന്ന് പറയുമ്പോള്‍ എല്ലാവരും ഉള്‍പ്പെടും. സംഘടനയില്‍ ഇല്ലാത്ത അഭിനേത്രിക്ക് പ്രശ്‌നം വന്നാലും ഞങ്ങള്‍ ഓടിച്ചെല്ലും. അതുപോലെ ഒരിടപെടല്‍ ഡബ്ല്യു.സി.സി.യില്‍ നിന്നുണ്ടായില്ല.  സംഘടനയുടെ കാര്യങ്ങള്‍ പോലും ഞങ്ങളെ ആരും അറിയിച്ചിരുന്നില്ല. ഇപ്പോള്‍ ഡബ്ല്യു.സി.സി.യെക്കുറിച്ച് കേള്‍ക്കുന്നുമില്ല. ഇന്ന് 'അമ്മ' സംഘടനയില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള സ്പേസുണ്ട്. പക്ഷേ, ഞാനോ കുക്കുവോ ഒരഭിപ്രായം പറഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് അത് കേള്‍ക്കണ്ട. അവര്‍ക്ക് സൂപ്പര്‍താരങ്ങളും നിലവില്‍ മാര്‍ക്കറ്റ് വാല്യൂ ഉള്ള ആര്‍ട്ടിസ്റ്റും എന്ത് പറഞ്ഞു എന്ന് മാത്രം അറിഞ്ഞാല്‍ മതി. നല്ലൊരു സംഘടനയാണ് അമ്മ. ഒരുപാട് കലാകാരന്മാര്‍ക്ക് വീടുവെച്ചുകൊടുക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സുണ്ട്. ഏറ്റവും നല്ല ഹോസ്പിറ്റലില്‍തന്നെ ചികിത്സയും ലഭിക്കുന്നു. സംഘടനയ്ക്കല്ല കുഴപ്പം, അതിലെ ചില ആളുകളുടെ കുഴപ്പമാണ്. അവര്‍ക്കെതിരേയാണ് സംസാരിക്കുന്നത്. അമ്മ എന്ന സംഘടന നിലനില്‍ക്കുകതന്നെവേണം.    

ജീവിതം തിരിച്ചുപിടിച്ച സന്തോഷമില്ലേ ഇപ്പോള്‍?
സന്തോഷമുണ്ട്. ഇനി ദൈവം വിധിച്ചതുപോലെ ജീവിക്കുക. ചെറുപ്പത്തിലേ നൃത്തംചെയ്യുന്നതുകൊണ്ട് നൃത്തത്തിന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യണമെന്ന് ഉമ്മ പറയുമായിരുന്നു. രാഷ്ട്രീയത്തില്‍ സജീവപ്രവര്‍ത്തകയായത് യാദൃച്ഛികമായിട്ടാണ്. അതിലും സ്വപ്‌നങ്ങളൊന്നുമില്ല. ബാപ്പയുടെ പേരിലൊരു സംഗീത കൂട്ടായ്മയുണ്ട്. ആലപ്പുഴയിലെ അന്‍പതോളം പാട്ടുകാര്‍  ഉള്‍പ്പെട്ട  ആ കൂട്ടായ്മയും 'തിമിര്‍പ്പ്' എന്ന നൃത്തസ്ഥാപനവും ഞാന്‍ മരിച്ചാലും നല്ലരീതിയില്‍ മുന്നോട്ടുപോകണം എന്നതുമാത്രമാണ് ഒരു മോഹം. നഷ്ടപ്പെട്ടതിനെപ്പറ്റിയൊന്നും ഇനി ഓര്‍ക്കുന്നില്ല...