സമകാലികവിഷയങ്ങളെ സ്വതന്ത്രവും പുതുരീതികളിലും ആവിഷ്‌ക്കരിക്കാനുള്ള കഴിവാണ് എസ്. സിതാരയുടെ എഴുത്തുരീതിയെ വ്യത്യസ്തമാക്കുന്നത്. ധീരമായ എഴുത്ത് രീതികളിലൂടെ, പ്രതിപാദ്യ വിഷയങ്ങളിലൂടെ പലപ്പോഴും മലയാളിയുടെ കപട സദാചാരത്തിന്റെ നേർക്ക് വാളേന്തുന്ന ഒരു പ്രക്രിയ തന്നെ ഈ കഥകളിൽ കാണാം. 'വെയിലിൽ ഒരു കളിയെഴുത്തുകാരി' എന്ന പുസ്തകത്തിലൂടെ പെൺജീവിതത്തെക്കുറിച്ചുള്ള തന്റെ ശക്തമായ നിലപാടുകൾ അവതരിപ്പിക്കാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്.

To advertise here,

'രതിനിർവേദം 'എന്ന കഥ മലയാളിയുടെ സ്ത്രീവിരുദ്ധതയിലേക്കും, ലൈംഗികദാരിദ്ര്യത്തിലേക്കും ആണി അടിക്കുന്ന ഒരു കഥയാണെന്ന് നിസ്സംശയം പറയാം. മൂന്നു പെൺകുട്ടികൾ 'രതിനിർവേദം' എന്ന സിനിമ കാണാൻ തിയേറ്ററിൽ എത്തുന്നതാണ് പ്രമേയം. പെൺകുട്ടികൾ 'A 'പടം കാണാൻ വരുന്നതിനെ ആൺലോകം അത്ഭുതത്തോടെയും സംശയത്തോടെയും ആണ് നോക്കുന്നത്. പെൺകുട്ടികൾ കയറിവരുമ്പോൾ പുരുഷൻമാരുടെ സംസാരത്തിലും സ്വഭാവരീതിയിലും വളരെ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ എഴുത്തുകാരി രസകരമായി വർണ്ണിക്കുന്നുണ്ട്. 'പെൺകുട്ടികൾ കയറി വന്നതും ചുറ്റുമുള്ള പുരുഷന്മാർ ജാഗരൂകരായി.... ചിലരൊക്കെ നല്ല ചില ചീത്ത കമന്റുകൾക്കായി മനസ്സിനെ വിയർപ്പിച്ചു. ചിലർ തുറിച്ചു നോക്കണോ ശൃംഗാര നോട്ടം നോക്കണോ എന്ന സന്ദേഹത്തിലായി.... ഇത്തരം സന്ദർഭങ്ങളെ മുൻപധികം നേരിടേണ്ടി വന്നിട്ടില്ലാത്തതിനാലാണ് എല്ലാവർക്കും തുടക്കത്തിൽ ഒരു ഉൾവലി ഉണ്ടായത്,' വഴിവക്കിലോ ട്രെയിനിലോ ഉള്ള പെൺകുട്ടികളെ കമന്റടിക്കുന്നതിലും തുറിച്ചു നോക്കുന്നതിലും ഒന്ന് കൈവയ്ക്കുന്നതിലും ഒരു മിനിമം ഗ്യാരണ്ടി ഒക്കെ ഉണ്ട്.' 

പുരുഷൻമാർ സിനിമ കാണാൻ വന്നിരിക്കുന്നത് അതിലെ ശ്വേത എന്ന സിനിമാനടിയുടെ ശരീരം കണ്ടാസ്വദിക്കാൻ മാത്രമാണ്. അവരെ സംബന്ധിച്ചിടത്തോളം ശ്വേതയുടെ ശരീരം ഒരു ലൈംഗികവസ്തു മാത്രമാണ്. എന്നാൽ പെൺകുട്ടികൾ അതിനെക്കുറിച്ച് പറയുന്നത് ' ഇത്രയും ഫെമിനിൻ അല്ലാത്ത ഒരു പെണ്ണിനെയും അവളുടെ വയറിനെയും മണ്ടനാണുങ്ങൾ ഇങ്ങനെ പൊക്കി നടക്കുന്നുണ്ടല്ലോ' എന്നാണ്. കുറച്ചു കഴിയുമ്പോഴേയും പുരുഷൻമാർ അവരുടെ തനത് സ്വഭാവം മറച്ച് വയ്ക്കാനാകാതെ പെൺകുട്ടികൾക്ക് നേരേ 'ചില്ലറ കമന്റുകളും നോട്ടങ്ങളും എയ്തുവിടാൻ തുടങ്ങി.' ടിക്കറ്റെടുക്കാൻ ക്യൂവിൽ നിൽക്കുമ്പോഴും അശ്ശീല കമന്റുകൾ അവർക്ക് നേര ഉതിർക്കുന്നു. ആദ്യത്തെ രണ്ട് പെൺകുട്ടികളും പ്രത്യേകിച്ച് യാതൊരു താൽപ്പര്യവും സിനിമയോട് കാണിക്കുന്നില്ല. മൂന്നാമത്തെ പെൺകുട്ടിയാണ് ഒരല്പമെങ്കിലും സിനിമയിലേക്ക് ശ്രദ്ധിക്കുന്നത്. അപ്പോഴാണ് അറുപതിനോടടുത്ത പ്രായമുള്ള ഒരു സ്ത്രീ തിയേറ്ററിലേക്ക് കയറി വന്നത്. അവർ വളരെ സന്തോഷത്തോടെ പെൺകുട്ടികളുടെ അടുത്ത് ചെന്നിരുന്നു. അവരുടെ വരവ് കണ്ട് ആണുങ്ങൾ ഇടിവെട്ടേറ്റ പോലെയായി. സദാചാരവാദികൾ വിമ്മിട്ടപ്പെട്ടു. സിനിമ കണ്ട് മൂന്നാമത്തെ പെൺകുട്ടി അമ്മുമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവരുടെ മുഖത്ത് 'സുരതാനന്തര പ്രണയത്തിന്റെ വിശുദ്ധിയും അവിശുദ്ധിയും സ്ഖലിച്ചു കിടന്നിരുന്നു' ഈ സിനിമയെ ഒരു തരം ആർട്ട് ഫിലിം മാത്രമായാണ് പെൺകുട്ടികൾ കണക്കാക്കുന്നത്.

ഇടവേളയിൽ മൂന്നാമത്തെ പെൺകുട്ടിയോട് അവർ സംസാരിക്കുന്നു. ആദ്യത്തെ 'രതിനിർവേദം' കണ്ടിട്ടുണ്ടോ എന്നവർ ചോദിക്കുന്നു. പിന്നീട് താൻ അത് കാണാൻ പോയതും അന്ന് കൂടെയുണ്ടായിരുന്ന പുരുഷനെക്കുറിച്ചും അയാൾക്ക് തന്നെക്കാൾ പേടിയായിരുന്നു എന്നും വീട്ടുകാരുടെ കണ്ണുവെട്ടിച്ച് നാട്ടിലെ ഒരു കൊച്ചു തീയേറ്ററിൽ വച്ച് നാട്ടുകാരുടെ മുറിമുറുപ്പുകൾ കണ്ടില്ല എന്ന് നടിച്ചാണ് കണ്ടതെന്നും പറയുന്നു. എന്നിട്ട് തന്റെ പരിശുദ്ധ പ്രണയത്തെക്കുറിച്ചും അയാളുമായിട്ടുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും കൈകളിൽ തൊട്ടപ്പോൾ ഉണ്ടായ വികാര പാരവശ്യത്തെക്കുറിച്ചുമൊക്കെ വിവരിക്കുന്നത് പരിഹാസത്തോടെയാണ് പെൺകുട്ടികൾ കേട്ടിരിക്കുന്നത്. പല കാലഘട്ടങ്ങളിലെ പെൺ ജീവിതത്തെയും പ്രണയത്തിൽ വന്ന മാറ്റത്തെയുമാണ് വയസ്സായ സ്ത്രീയിലൂടെയും പെൺകുട്ടികളിലൂടെയും അവതരിപ്പിക്കുന്നത്. പ്രായമായ സ്ത്രീക്ക് സിനിമ കാണുന്നതിലൂടെ പോലും വൈകാരികമായ അനുഭൂതി ഉണ്ടാകുന്നു. എന്നാൽ ഈ കാലഘട്ടത്തിലെ പെൺകുട്ടികൾക്ക് ഇത് വെറും ഒരു ആർട്ട് ഫിലിം മാത്രമാണ്. എന്നാൽ ആൺസ്വഭാവത്തിനും പെൺ സ്വാതന്ത്ര്യത്തോടുള്ള സമൂഹരീതികൾക്കും കാലങ്ങൾക്കിപ്പുറവും വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്ന് ഈ കഥ സൂചിപ്പിക്കുന്നുണ്ട്. സിനിമ തീർന്ന ശേഷം വൃദ്ധ അവശയായി കണ്ണടച്ച് കസേരയിൽ ചാരി കിടക്കുകയായിരുന്നു. പെൺകുട്ടി പതുക്കെ അവരെ തൊട്ടുവിളിച്ചപ്പോൾ നനഞ്ഞ മുഖം അവർ കൈപ്പടം കൊണ്ട് തുടയ്ക്കുന്നു. പുരുഷൻമാർക്ക് സിനിമ യാതൊരു വൈകാരിക സംതൃപ്തിയും നൽകുന്നില്ല. ശ്വേതാ മേനോന്റെ പോസ്റ്ററിൽ നോക്കി അശ്ലീലം പറഞ്ഞ് അവർ ആശ്വസിക്കുന്നു. കഥയുടെ അവസാനമാണ് തങ്ങളുടെ കൂട്ടുകാരായ ആൺകുട്ടികളുമായി, രണ്ടായിരം രൂപയ്ക്ക് ബെറ്റ് വച്ചതു കൊണ്ടാണ് ഈ പെൺകുട്ടികൾ സിനിമകാണാൻ വരുന്നത് എന്ന് വായനക്കാർക്ക് മനസ്സിലാകുന്നത്.

ലോറാ മൽവിയുടെ 'മെയിൽ ഗെയ്‌സ്' തിയറിയനുസരിച്ച് സ്ത്രീ ശരീരത്തെ കാഴ്ചക്കാരന് ആനന്ദം നൽകുന്നതിനുള്ള വസ്തുവായി(object) കാണാൻ ശ്രമിക്കുന്നു. സിനിമകൾ പലപ്പോഴും പുരുഷാധിപത്യ ഫാന്റസികളെ പിന്തുണയ്ക്കുകയും സ്ത്രീകളെ നിഷ്‌ക്രിയമായ വെറുമൊരു വസ്തു മാത്രമായി കണക്കാക്കുകയും ആണ് ചെയ്യുന്നത്. സിനിമയുടെ വിഷയമാണെങ്കിലും കഥാപാത്ര വിവരണമാണെങ്കിലും അത് സ്ത്രീകളെ മോശപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഇവിടെ ശ്വേതാമേനോന്റെ പോസ്റ്ററിലെ ദൃശ്യങ്ങളെ എല്ലാം ഒരു object ആയി മാത്രമായാണ് കണക്കാക്കിയിരിക്കുന്നത്. സ്‌കോപ്പോഫീലിയ എന്ന മാനസിക പ്രശ്‌നമുള്ള (Scopophilia)(മറ്റു മനുഷ്യരെ കാണുമ്പോൾ സെക്ഷ്വൽ ഒബ്ജക്റ്റായി കണക്കാക്കുന്ന മാനസിക വൈകല്യം ) പുരുഷൻമാരാണ് ഈ കഥയിലുള്ളത്. സ്ത്രീകളെ സെക്കന്റ് സെക്‌സ് ആയി കണക്കാക്കുന്ന ലിംഗാധിഷ്ഠിത സമീപനത്തെ തുറന്നുകാട്ടുകയാണ് ഈ കഥയിലൂടെ എഴുത്തുകാരി ചെയ്യുന്നത്. കൂടാതെ സ്ത്രീകളോടും പുരുഷൻമാരോടുമുള്ള സമൂഹനിയമങ്ങളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്ന ഈ കഥ സ്ത്രീ ലൈംഗികതയെ അടിച്ചമർത്തേണണ്ടതാണെന്ന ചിന്താഗതിയെ പരിഹസിക്കുന്നു. ഫ്‌ലാഷ്ബാക്ക് ടെക്‌നിക്കിലൂടെയും സൈക്കോളജിക്കൽ റിയലിസത്തിലൂടെയും മനുഷ്യ മനസ്സിലുള്ള വികാരങ്ങളേയും ചിന്തകളേയും ആഴത്തിൽ അവതരിപ്പിക്കുന്നു.

'ഗോസ്റ്റ് റൈറ്റർ 'എന്ന കഥ വളരെ സുഖകരമായ ജീവിതം നയിച്ചിരുന്ന ഒരു സ്ത്രീ ഗോസ്റ്റ് റൈറ്ററായി മാറുമ്പോൾ കടന്നുപോകുന്ന മാനസികസംഘർഷങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്നു അവർക്ക് ഭർത്താവിനെ കൊണ്ടോ മകളെ കൊണ്ടോ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എഴുത്തുകാരി എന്ന നിലയിൽ തന്നെ അടയാളപ്പെടുത്തണമെന്ന് അവൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനിടയിലാണ് ഭർത്താവ് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ചേട്ടൻ എഴുത്തുകാരനാണെന്നും അയാൾക്ക് വേണ്ടി ഗോസ്റ്റ് റൈറ്ററാകാൻ താല്പര്യമുണ്ടോ എന്നും അവളോട് ചോദിക്കുന്നത്. എഴുത്തുകാരൻ ഉദ്യോഗസ്ഥനും താന്തോന്നിയും സർവോപരി അഹങ്കാരിയും ആണെന്ന് അവർ കേട്ടിട്ടുണ്ട്. അയാളുടെ പുതിയ നോവൽ അനൗൺസ് ചെയ്തിരിക്കുന്നു, ഒന്നു രണ്ടു ഭാഗങ്ങൾ അച്ചടിച്ച് വരികയും ചെയ്തു. എഴുതിയ വരികൾക്ക് മേൽ മറ്റൊരാൾ അവകാശം സ്ഥാപിക്കുന്നതിൽ ഉള്ള സങ്കടം മനസ്സിൽ നിറഞ്ഞ് നിൽക്കുമ്പോൾത്തന്നെ ആദ്യ അധ്യായം എഴുതി കൊടുക്കാമെന്നും അത് ഇഷ്ടമാണെങ്കിൽ തുടർന്ന് എഴുതാം എന്നുമുള്ള തീരുമാനത്തിൽ അവൾ എത്തുന്നു. അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിൽ എഴുതാനുണ്ട് എന്ന കാര്യം പറഞ്ഞ് അവൾ അടുക്കളയിൽ കയറാതിരുന്നു. സ്വന്തം മുറിയിൽ ചാരിയിരുന്നും കിടക്കയിൽ കമിഴ്ന്ന് കിടന്നും വരാന്തയിൽ നടന്നും ഒക്കെ അവൾ എഴുത്തുകാരന്റെ നോവലിന്റെ ആദ്യ അധ്യായങ്ങൾ വായിച്ചു. വായനയിൽ നിന്നും ആ കഥയിൽ കുറേ തരികിട കഥാപാത്രങ്ങളും അവരുടെ കുറെ ബുദ്ധിജീവി ഡയലോഗുകളുമാണ് ഉള്ളതെന്നും അവൾ മനസ്സിലാക്കുന്നു. ഉണ്ണാതെയും ഉറങ്ങാതെയും ഒരു അധ്യായം പൂർത്തിയാക്കിയപ്പോൾത്തന്നെ അവൾക്ക് വല്ലാത്ത മടുപ്പ് തുടങ്ങിയിരുന്നു. ആദ്യ അധ്യായങ്ങൾ വായിച്ചു കഴിഞ്ഞ് എഴുത്തുകാരൻ വിളിച്ചു. 'കുഴപ്പമില്ല അയാൾ ആവശ്യമില്ലാത്ത ഒരു അകൽച്ചയോടെ പറഞ്ഞു. ഇതേ രീതിയിൽ തുടർന്നാൽ മതി. നിങ്ങളുടെ പ്രതിഫലം അവിടെ എത്തിക്കും 'അഹങ്കാരത്തോടെയുള്ള അയാളുടെ ഈ പെരുമാറ്റത്തിന് ശേഷം അവൾക്ക് എഴുതാനായി യാതൊരു താൽപര്യവും തോന്നുന്നില്ല. ഭർത്താവ് പലപ്രാവശ്യം അന്വേഷിച്ചിട്ടും അവൾ എഴുതാൻ ശ്രമിക്കുന്നില്ല. അവസാനം എഴുത്തുകാരന്റെ വിളിയെത്തി. 'നിങ്ങൾ അത് എഴുതിയില്ലേ? എന്നന്വേഷിക്കുന്നു. ' പുസ്തകത്തിനെക്കുറിച്ചുള്ള പ്രതികരണത്തെക്കുറിച്ച് ചോദിക്കുമ്പോൾ 'കുഴപ്പമില്ല ' എന്നയാൾ പറയുന്നത് അവൾക്ക് ഇഷ്ടപ്പെടുന്നില്ല. ഒടുവിൽ എത്രയും വേഗം അത് അയച്ചുതരണമെന്ന് അയാൾ ആധിപത്യത്തോടെ പറയുമ്പോൾ പെട്ടെന്ന് അയയ്ക്കാൻ പറ്റില്ല എന്നവൾ മറുപടി നൽകുന്നു. ഒടുവിൽ അയാൾ തന്റെ ഈഗോ മാറ്റി വച്ച് അവളോട് യാചിക്കുന്നു. തന്റെ വാക്കുകൾക്ക് വേണ്ടി മറ്റൊരാൾ നെഞ്ചിടിപ്പോടെ കാത്തുനിൽക്കുന്നതിന് വേണ്ടിയാണ് താൻ എഴുത്തുകാരിയാകാനായി ആഗ്രഹിച്ചത്. ആ സംതൃപ്തി ലഭിച്ചതോടെ താൻ എഴുത്ത് നിർത്തി എന്നവൾ പറയുന്നിടത്താണ് കഥാവസാനം.

മറ്റൊരാൾക്ക് വേണ്ടി പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവ എഴുതിക്കൊടുക്കുന്നതിനാണ് ഗോസ്റ്റ് റൈറ്റിംഗ് എന്നു പറയുന്നത്.ഗോസ്റ്റ് (പ്രേതം) നെ ആർക്കും കാണാൻ കഴിയാത്തത് പോലെ ഗോസ്റ്റ് റൈറ്റർക്കും ഒരിക്കലും പുറം ലോകത്ത് അംഗീകാരം ലഭിക്കുന്നില്ല. ആ അവസ്ഥയെ അടയാളപ്പെടുത്തുന്നതോടൊപ്പം മനുഷ്യർക്ക് മനസ്സിലാകാത്ത ബുദ്ധി ജീവി സാഹിത്യത്തെ പരിഹസിക്കുകയും റൊളാണ്ട് ബാർത്ത്‌സിന്റെ The Death of the Author ൽ പറയുന്നത് പോലെ എഴുത്തുകാരൻ എന്ന സങ്കൽപ്പത്തെ അപനിർമ്മിക്കുകയുമാണ് ഈ കഥ ചെയ്യുന്നത്. കഥയുടെ അവസാനവും എഴുത്തുകാരന്റെ അഹങ്കാരത്തിന് മുന്നിൽ വഴങ്ങിക്കൊടുക്കാതെ സ്വന്തം അഭിപ്രായം വ്യക്തമായി രേഖപ്പെടുത്തുന്നുകയാണ് ഗോസ്റ്റ് റൈറ്റർ ചെയ്യുന്നത്. ഗോസ്റ്റ് റൈറ്റർ അദൃശ്യയാണെന്നതിലായിരിക്കണം ഗോസ്റ്റ് റൈറ്ററുടെ പേരും കഥയിൽ വെളിപ്പെടുത്തുന്നില്ല. പോസ്റ്റ് കൊളോണിയൽ തിയറിയിൽ കാണുന്ന othering (മാറ്റി നിർത്തൽ ,പാർശ്വവത്ക്കരണം ) ഗോസ്റ്റ് റൈറ്ററും നേരിടുന്നുണ്ട്. ഫെമിനിസ്റ്റ് ലിറ്റററി ക്രിട്ടിസിസത്തിലും അവഗണിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദം പുറത്ത് വരാനാണ് ശ്രമിക്കുന്നത്. ഈ കഥയിലെ ഗോസ്റ്റ് റൈറ്ററും തന്റെ സ്വത്വവും സൃഷ്ടിപരമായ സ്വാതന്ത്ര്യവും (creative freedom) നഷ്ടപ്പെട്ട വ്യക്തിയാണ് കൂടാതെ അയാളുടെ അഹന്തകലർന്ന പെരുമാറ്റവും അവൾക്ക് അസഹനീയമാകുന്നു. സ്ത്രീയെന്ന രീതിയിൽ ലഭിക്കുന്ന സ്ഥാനത്തോടൊപ്പം എഴുത്തുകാരിയെന്ന രീതിയിലുള്ള പരിഗണനയും അവർ ആഗ്രഹിക്കുന്നുണ്ട്.

പുരുഷ ഈഗോയെ 'അവഗണിക്കാനും, കാല്പനിക സ്ത്രീസങ്കല്പങ്ങളിൽ നിന്ന് മോചനം നേടിയ, കരുത്തരായ, തന്റെ ഇടത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള ഒരു കൂട്ടം സ്ത്രീകളെ സൃഷ്ടിച്ചു എന്നതിൽ എഴുത്തുകാരിയ്ക്ക് അഭിമാനിക്കാം. അനുപമമായ ശൈലിയിലൂടെയും വൈകാരികഅനുഭവങ്ങളുടെ സൂക്ഷ്മമായ അവതരണത്തിലൂടെയും സ്ത്രീകേന്ദ്രീകൃതമായ വിഷയങ്ങളെ പുതിയൊരു തലത്തിലേക്ക് നയിക്കുന്നതിൽ എഴുത്തുകാരി വിജയിച്ചിരിക്കുന്നു. ചുറ്റുമുള്ള ഗൗരവതരമായ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പര്യാപ്തമായ ലിറ്റററി തെറാപ്പി പോലെയാണ് ഈ കഥകൾ വായനക്കാരിൽ പ്രവർത്തിക്കുന്നത്. 

(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi