'ധുരന്ധർ: ദ റിവഞ്ച്' (Dhurandhar: The Revenge) കുതിപ്പ് തുടരുകയാണ്. രണ്ടാഴ്ച കഴിഞ്ഞു സിനിമ റിലീസായിട്ട്. നിലവിൽ ഷോകളുടെ എണ്ണം കുറഞ്ഞിട്ടും, പടം മുന്നോട്ടുതന്നെ. ആഗോളതലത്തിൽ സിനിമ നേടിയത് 1460 കോടി രൂപയാണ്. ഇന്ത്യയിൽനിന്ന് മാത്രം സിനിമ കളക്ട് ചെയ്തത് 920 കോടി രൂപയും.
അതിനിടെ ധുരന്ധറിനെ ചുറ്റിപ്പറ്റിയാണ് ബോളിവുഡിൽ നടക്കുന്ന ചർച്ചകളെല്ലാം. സിനിമ പ്രൊപഗാണ്ട ഒളിച്ചുകടത്തുന്നുവെന്ന് ചിലർ ആരോപിക്കുമ്പോൾ, മറ്റു ചിലർ സിനിമയുടെ മേക്കിങ്ങിനെ പ്രശംസിക്കുകയാണ്.
Also Read
അതിനിടെ സിനിമയ്‌ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സന്തോഷ് കുമാർ ആർ.എസ്. 'ധുരന്ധർ' 2023-ലെ തന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തന്റെ പക്കൽ അതിനുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ സ്‌ക്രീൻറൈറ്റേഴ്സ് അസോസിയേഷൻ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള തെളിവുകളാണ് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ പദ്ധതിയുണ്ടെന്നും സന്തോഷ് പറയുന്നു.
ധുരന്ധർ കണ്ടശേഷമാണ് തനിക്ക് സമാനതകൾ തോന്നിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ''നിങ്ങൾ എല്ലാവരും ധുരന്ധർ 2 കണ്ടിരിക്കാം. അത് എല്ലായിടത്തും വളരെ നന്നായി സ്വീകരിക്കപ്പെടുന്നു. സിനിമ കണ്ടതിനുശേഷം, ഇതെന്റെ തിരക്കഥയും കഥയുമാണെന്ന് ഞാൻ മനസ്സിലാക്കി. 2023-ൽ ഞാൻ വളരെയധികം കഠിനാധ്വാനം ചെയ്താണ് ഇത് എഴുതിയത്.
ഈ കഥ ഞാൻ പല കമ്പനികളോടും വിവരിച്ചിരുന്നു. വലിയ അഭിനേതാക്കളെ സിനിമയിൽ ഉൾപ്പെടുത്തണമെങ്കിൽ, അതിനെ പിന്തുണയ്ക്കുന്ന ഒരു കോർപ്പറേറ്റ് സംഘടന ഉണ്ടായിരിക്കണമെന്ന് എന്നോട് പലരും പറഞ്ഞിരുന്നു''.
സോണി പിക്ചേഴ്സ്, സീ സ്റ്റുഡിയോസ്, ടി-സീരീസ്, ധർമ്മ പ്രൊഡക്ഷൻസ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ നിർമാണക്കമ്പനികൾക്ക് തിരക്കഥ കൈമാറിയതായും, കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തി സിനിമ തുടങ്ങാൻ ശ്രമിച്ചതായും സന്തോഷ് പറയുന്നു. ആദിത്യ റോയ് കപൂറിനെയാണ് നായകവേഷത്തിൽ താൻ സങ്കൽപ്പിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 നവംബറിൽ ആ തിരക്കഥ സ്‌ക്രീൻ റൈറ്റേഴ്‌സ് അസോസിയേഷനിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതായും തെളിവായി ഇമെയിൽ രേഖകളും മറ്റും തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''ഞാൻ ഒരുപാട് ശ്രമിച്ചു, എന്റെ കഥ പലർക്കും അയച്ചുകൊടുത്തിരുന്നു. ഞാൻ സ്‌ക്രീൻ റൈറ്റേഴ്‌സ് അസോസിയേഷനിലെ അംഗമാണ്, 2023 നവംബറിൽ ഞാൻ എന്റെ കഥ അവിടെ രജിസ്റ്റർ ചെയ്തു,'' സന്തോഷ് പറയുന്നു.
നിയമപരമായി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നതായും സന്തോഷ് വെളിപ്പെടുത്തി, ''അവർ സിനിമ നന്നായിട്ടാണ് നിർമിച്ചതെങ്കിലും, എന്റെ കഥ ചൂഷണം ചെയ്യപ്പെട്ടതിനാലാണ് ഞാൻ കേസ് കൊടുക്കാൻ ഉദ്ദേശിക്കുന്നത്. സിനിമയ്ക്കും വിനോദത്തിനും വേണ്ടിയാണ് ഞാൻ സിനിമ എഴുതിയത്. പക്ഷേ അവരിത് രാഷ്ട്രീയ പ്രചാരണത്തിനായി (political propaganda) ഉപയോഗിച്ചു. അതെന്നെ വേദനിപ്പിക്കുന്നു.'' തനിക്ക് സംഭവിച്ചത് ആർക്കും സംഭവിക്കരുതെന്നും അതുകൊണ്ട് ഈ സംഭവിച്ചതിനെക്കുറിച്ച് പരമാവധി ആളുകളെ അറിയിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു.
കർണാടകയിൽനിന്നുള്ള സിനിമാപ്രവർത്തകനാണ് സന്തോഷ് കുമാർ. ക്യാമ്പസ് ക്രാന്തി (2023) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. അദ്ദേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണിത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Director Santhosh Kumar accuses the makers of Dhurandhar of stealing his 2023 script. Claims include evidence of Screenwriters Association registration from November 2023.
Published: 02 Apr 2026, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented