
തുറന്നുകിടന്ന അടുക്കള ജനലിലൂടെ തടാകം ഇളകുന്നതും കണ്ടു നിന്നു. ലക്ഷങ്ങൾ മതിപ്പുള്ള കാഴ്ചയാണത്. വനിതാവക്കീൽ ആവശ്യപ്പെട്ടതനുസരിച്ചു വീടിന്റെ മൂല്യനിർണയം നടത്തിയതുകൊണ്ട് അത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് എനിക്കറിയാമായിരുന്നു. സ്വത്തുവിവരങ്ങളൊന്നും അർജുൻ എന്നോടു പറയാറുണ്ടായിരുന്നില്ല. പകരം അതു മനസ്സിലാവാനുള്ള തലമണ്ട എനിക്കില്ലെന്നു പറയും. 45 വർഷം മുൻപാണ് തടാകക്കരയിലുള്ള ഈ വീട് അയാൾ വാങ്ങിയത്. അന്നുമുതൽ വലിയ ജനലുകളിലൂടെ ഞാനീ വെള്ളം കണ്ടുകൊണ്ടിരിക്കുകയാണ്. പകലത് നീലയും, രാത്രി കറുപ്പും, സൂര്യാസ്തമയ സമയത്തു ചിലപ്പോൾ വയലറ്റും, ചുവപ്പും, മഞ്ഞയുമായി തിളങ്ങും. തടാകം ഒരു ചതവാണ്; എന്റെ തൊലിയുടെ പ്രതിബിംബം. അക്രമാസക്തിയുള്ളൊരു നിരന്തരാശ്വാസവുമാണത്. പൊട്ടിച്ചിതറി, തിളങ്ങി വിലസുന്ന തിരകൾ, ഭംഗിയുള്ള ഈ വീടിന്റെ അടിത്തറ അത് ഓരോ വർഷവും കാർന്നു തിന്നുകൊണ്ടിരിക്കുന്നു. ഒരിക്കൽ അതെന്നെ വിഴുങ്ങുമെന്ന് എനിക്കെപ്പോഴും തോന്നാറുണ്ടായിരുന്നു. പക്ഷേ അതുമായി ഞാൻ പൊരുത്തപ്പെട്ടു.
'അമ്മ റെഡിയാണോ?' മകന്റെ ശബ്ദം മൃദുലമായിരുന്നെങ്കിലും എന്റെ കൈയിലെ അവന്റെ പിടുത്തം വളരെ ദൃഢമായിരുന്നു. അവൻ ശരിക്കും അവന്റെ അച്ഛനെപ്പോലെ തന്നെയാണ്. സുന്ദരിയായ അവന്റെ ഭാര്യ അവൻ തൊടുമ്പോൾ ചൂളുന്നത് കണ്ടും, തടാകത്തിലേക്കുറ്റു നോക്കി അവൾ സ്വന്തം ശരീരത്തെ തിരിച്ചറിയുന്നത് കണ്ടും ഞാനത് മനസ്സിലാക്കി.
ഇറുകെ പിടിച്ചിരുന്ന ചിതാഭസ്മകലശത്തിൽ നിന്നും ഞാൻ കൈവിട്ടപ്പോൾ മകൻ എന്റെ കൈയിലെ പിടുത്തവും വിട്ടു. ആദം എന്നാണ് ഞങ്ങൾ അവന് പേരിട്ടത്. ഞങ്ങളുടെ ആദ്യജാതൻ. പിന്നെ, പല പരാജയങ്ങൾക്കു ശേഷം, ഞങ്ങളുടെ ഏകജാതൻ. അവന്റെ വിജയം (മിടുമിടുക്കനാണ് അവൻ) ഞങ്ങളുടെയും വിജയമാണ്; അതെല്ലാവർക്കും അറിയുന്നതല്ലേ! ഇത്രയേറെ അനുഗ്രഹം കിട്ടിയ ഞങ്ങൾക്ക് പരാതിപ്പെടാൻ എന്താണുള്ളത്? ഇനി എന്താഗ്രഹമാണ് ബാക്കിയുള്ളത്? എന്തിനെയാണ് ഭയക്കേണ്ടത്?
മരുമകൾ കാത്തു നിന്നിരുന്ന ഡോക്കിലേക്ക് ആദത്തിനു പിന്നാലെ ഞാൻ നടന്നു. ഞങ്ങൾക്ക് പിന്നാലെ സ്‌ക്രീൻഡോർ ശക്തമായി വലിച്ചടച്ചുകൊണ്ട് എന്റെ പേരമകളും കുന്നിറങ്ങി ഡോക്കിലേക്ക് വന്നു. തുളകളുള്ള ജീൻസും, അമിതവലിപ്പമുള്ള ഷർട്ടും, വീതികൂടിയ ഒരു ബെൽറ്റുമായിരുന്നു അവളുടെ വേഷം. എന്റെ ഡ്രെസ്സറിൽ നിന്നും അടിച്ചുമാറ്റിയ ഒരു ജോഡി സ്വർണവളകൾ അവളുടെ കൈയിൽ മിന്നുന്നത് ഞാൻ കണ്ടു. ചുണ്ടിൽ പിങ്ക് ഗ്ലോസിന്റെ തിളക്കവും, നനുത്ത ഐഷാഡോയിൽ പ്രകാശിക്കുന്ന കണ്ണുകളുമായി, മടുപ്പും പ്രതിഷേധവും കൂട്ടിപ്പിടിച്ചു കുനിഞ്ഞാണവൾ നിന്നിരുന്നത്, മുഖത്ത് ഒരു തരി സങ്കടമുണ്ടായിരുന്നില്ല.
ആദത്തിന്റെ താടിയെല്ലുകൾ വലിഞ്ഞു മുറുകുന്നതു ഞാൻ ശ്രദ്ധിച്ചു. ഈ കുട്ടിയെ എന്താണ് ചെയ്യേണ്ടതെന്ന് അവനറിയില്ല. അവന്റെ ഏകമകൻ, ഏകസന്താനം. ആശയക്കുഴപ്പം അവനെ കോപാകുലനാക്കുന്നു. കോപം അവനെ ഉരുക്കി - മുരട്ടുമുഖം, അപകടത്തിലേക്കുള്ള മാറ്റം! അവന്റെ ഉള്ളിൽ അലയടിച്ചുയരുന്ന തിരമാലകളെ എനിക്കു കാണാമായിരുന്നു. അത് വായിലൂടെ പൊട്ടിച്ചിതറുന്നതിനു മുന്നേ ഞാൻ ശാന്തമായി പറഞ്ഞു. ''വരൂ, മഴ പെയ്യുന്നതിനു മുമ്പേ നമുക്ക് തുടങ്ങാം.'
ഒന്നു കിതച്ചിട്ട് ശാന്തനായി, സമചിത്തതയോടെ അവൻ അച്ഛന് അന്തിമാശംസ പറയാൻ തുടങ്ങി. പെട്ടെന്ന് കാറ്റ് ശക്തമായി, തടാകം പാറകളിൽ പൊട്ടിച്ചിതറി അവന്റെ ശബ്ദത്തെ മുക്കിക്കളയാൻ ശ്രമിച്ചു. വർഷങ്ങളായി അത് ഒരുപാടു കാര്യങ്ങൾ മൂടിവെച്ചിട്ടുണ്ട് - രഹസ്യങ്ങൾ, അലർച്ച, നിലവിളി, ഭിത്തിയിൽ തല ഊക്കോടെ ഇടിക്കുന്ന ശബ്ദം; അങ്ങനെ പലതും. അതുപോലെ തന്നെ, ഷാൻഗ്രിയ നുണഞ്ഞുകൊണ്ട് പെണ്ണുങ്ങൾ ഡോക്കിനറ്റത്തുനിന്ന് പരസ്പരം പറയാറുള്ള കഥയില്ലായ്മകളും, പാചകവിധികളും, നാട്ടു വിശേഷങ്ങളും, പെൺവക്കീലിന്റെ പേരും, മറ്റുള്ളവരുടെ മക്കളുടെ കല്യാണ വിശേഷങ്ങളുമൊക്കെ.
മകൻ ഭസ്മകുംഭത്തിലുള്ളതെല്ലാം തടാകത്തിലേക്ക് കുടഞ്ഞിട്ടു. അർജ്ജുനന്റെ ചാരം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് നോക്കി ഞങ്ങൾ നിന്നു. ആദ്യമത് വെള്ളത്തിനു പുറത്തു മാലിന്യം പോലെ തോന്നി, പിന്നെ പതിയെ വെള്ളത്തിൽ മുങ്ങി, തടാകം വിഴുങ്ങിയതുപോലെ മറഞ്ഞു. മറ്റുപലതും പോലെ അതുമായും അയാൾക്ക് സന്ധിപ്പെട്ടേ പറ്റുകയുള്ളല്ലോന്ന് ഞാനോർത്തു.
ആദത്തിന് നാളെ നഗരത്തിലേക്ക്, അവന്റെ ജോലിയിലേക്ക് തിരിച്ചു പോകണം, പക്ഷെ മറ്റു രണ്ടുപേരും കുറച്ചു ദിവസം കൂടി എന്റെകൂടെ ഇവിടെയുണ്ടാവും. ഈ വീട്ടുസാധനങ്ങളെല്ലാം പൊതികെട്ടാൻ എന്നെ സഹായിക്കാൻ വേണ്ടിയാണത്. അവൻ വിചാരിക്കുന്നത് തലമണ്ടയില്ലാത്ത ഈ വയസ്സിക്ക് ഇവിടെ ഒറ്റക്ക് താമസിക്കാൻ പറ്റില്ലെന്നാണ്. നല്ല ഒന്നാന്തരമൊരു വയോജനകേന്ദ്രം എനിക്കുവേണ്ടി അവൻ കണ്ടുവെച്ചിട്ടുണ്ട്. വീട് തന്റെ പേരിലാണ് അർജുൻ എഴുതിവെച്ചിരിക്കുന്നതെന്ന് അവനുറപ്പുണ്ട്. പക്ഷേ അത് സത്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും ആ പെൺവക്കീലിനോട് ഞാൻ അങ്ങനെയല്ല പറഞ്ഞത്. പാവം അർജുൻ, അവസാനകാലമായപ്പോഴേക്കും അയാൾ വല്ലാത്തൊരു മനോവിഭ്രമത്തിൽ പെട്ടുപോയി. എന്തായാലും അർജുനുവേണ്ടി സംസാരിക്കാനും, അയാളുടെ അവസാന ആഗ്രഹങ്ങൾ പറയാനും ഞാനവിടെ ഉണ്ടായിരുന്നത് നന്നായി.
മഴപെയ്യാൻ തുടങ്ങിയപ്പോൾ ആദം വീട്ടിലേക്ക് തിരിച്ചു നടന്നു. വരാനിരിക്കുന്ന കാര്യങ്ങളുടെ വലിയ ഭാരവും, അപരാധബോധവും പങ്കിട്ട് ഡോക്കിൽ ഞങ്ങൾ മൂന്നുപേരും ബാക്കിയായി. എന്നാൽ കഴിഞ്ഞ 45 വർഷമായി അറിഞ്ഞിട്ടില്ലാത്തൊരു സ്വാതന്ത്ര്യത്തിന്റെ ലഹരി എന്റെയുള്ളിലുണ്ടായിരുന്നു. ജീവിതകാലം മുഴുവൻ ഞാൻ ധൈര്യമില്ലാത്തവളായിരുന്നു, അമ്പരപ്പിക്കുന്നതൊന്നും ഇതേവരെ ചെയ്തിട്ടുമില്ല. പക്ഷെ പുതിയൊരാളായി മാറാൻ സമയപരിധിയൊന്നുമില്ല. ഞാനെന്റെ പേരക്കുട്ടിയുടെ കൈപിടിച്ചു തടാകത്തിനു പുറം തിരിഞ്ഞു. അല്ലെങ്കിൽത്തന്നെ ആ ദൃശ്യം എനിക്കൊരിക്കലും അത്രക്കിഷ്ടമായിരുന്നില്ല.
തർജ്ജമ: നിർമ്മല
(കനേഡിയൻ എഴുത്തുകാരിയായ അനുജ വർഗീസിന്റെ ആദ്യത്തെ കഥാസമാഹാരമാണ് Chrysalis. പല അവാർഡുകൾ നേടിയ ഈ കൃതി 2023-ലെ കാനഡയുടെ ഗവർണർ ജനറൽ അവാർഡിനും അർഹമായി. അനുജ വർഗീസിന്റെ നോവൽ A Kiss of Crimson Ash പെൻഗ്വിൻ ബുക്ക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 25 Jun 2026, 02:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented