
കഠിന കാലങ്ങളോട് ഞാൻ സമരസപ്പെടുന്നത് ആ കാലം എനിക്ക് തന്ന മനുഷ്യരെ ഓർത്താണ്. വളരെ കുറച്ചു കാലമേ ആയുള്ളൂ സമാധാനമായിരിക്കാൻ തുടങ്ങിയിട്ട്. കാലു വെന്ത നായയെ പോലെ ഓട്ടമായിരുന്നു ബാക്കി ജീവിതം. എവിടെയാണ് അഭയം എന്ന അന്വേഷണം മാത്രമായിരുന്നു ജീവിതം എന്നും പറയാം.
പ്ലസ്ടുവിനും അത്യാവശ്യം മാർക്കുണ്ടായിരുന്നു. ചിലപ്പോഴൊക്കെ എനിക്ക് തോന്നും പഠനമാണ് ലോകത്തിൽ നിന്നും പറഞ്ഞു പോകാതെ പിടിച്ചുനിർത്തിയ ഏക കാരണം എന്ന്. ബാക്കി ഒരു കാര്യത്തിലും ലോകത്തിന് എന്നെ അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒറ്റയ്ക്കുള്ള യാത്രകൾ, വസ്ത്രധാരണം, പ്രേമം, കൂട്ടുകാർ, നിലപാടുകൾ എന്നിങ്ങനെ എന്റെ ബാക്കി എല്ലാ തെരഞ്ഞെടുപ്പുകളും നിരന്തരം വിമർശിക്കപ്പെട്ടു. അങ്ങനെ ഒരു ചുറ്റുപാടിൽ ജീവിക്കുന്നത് തന്നെ സമരമായിരുന്നു. എഴുതുന്ന പരീക്ഷകളിൽ മുഴുവൻ ജയിച്ചു. എൺപത് ശതമാനത്തിൽ കൂടുതൽ മാർക്കും ഉണ്ടായി. ആ ഒരൊറ്റ കാര്യത്തിലാണ് ലോകം എന്നെ അംഗീകരിച്ചത്. ഇവിടെ തുടരണമെങ്കിൽ പഠിക്കണം എന്ന് എങ്ങനെയോ ഞാൻ മനസ്സിലാക്കി. ആളും ആരവവുമില്ലാത്ത ഒറ്റത്തുരുത്തിൽ കഴിയുന്നവർക്ക് അത് എളുപ്പമാണ്.
അങ്ങനെ ഡിഗ്രിക്കും ഇഷ്ടമെന്താണെന്ന് ആലോചിക്കാതെ നല്ല മാർക്ക് ഉള്ളവർ ചേരുന്ന ബിഎസ്സി ഫിസിക്‌സിന് ചുങ്കത്തറ മാർത്തോമാ കോളേജിൽ അഡ്മിഷൻ എടുത്തു. എന്ത് പഠിക്കാനാണ് ഇഷ്ടം, അതിനുവേണ്ട കാര്യങ്ങൾ ചെയ്തു തരാം എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഞാൻ ബി.എ. മലയാളത്തിനേ ചേരുമായിരുന്നുള്ളൂ. ഹോസ്റ്റലിൽ താമസിച്ചുള്ള പഠനം അന്ന് ഞങ്ങൾക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് മാത്രം ഞാൻ ഫിസിക്‌സ് ക്ലാസിൽ ഇരുന്നു. ഇഷ്ടമില്ലാത്തത് പഠിക്കാൻ നിർബന്ധിതയായി എന്നതൊഴിച്ചാൽ ആ മൂന്നുവർഷം ജീവിതത്തിലെ തരക്കേടില്ലാത്ത കാലമായിരുന്നു. എന്ന് പറയുമ്പോൾ വളരെ സന്തോഷമായിരുന്നു എന്ന് തെറ്റിദ്ധരിക്കരുത്. ദിവസങ്ങളോളം കോളേജിൽ പോകാതിരുന്നിട്ടുണ്ട്, ആരോടും മിണ്ടാതെ നടന്നിട്ടുണ്ട്, ആ കാലത്ത് തന്നെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതും. അത് പിന്നീട് പറയാം.
ആ കാലം എനിക്ക് കുറച്ചു മനുഷ്യരെ തന്നു. മൂന്നുവർഷത്തെ ബിരുദ ജീവിതം ബാക്കിയാക്കിയത് ആ സർട്ടിഫിക്കറ്റും ഒന്ന് രണ്ട് അധ്യാപകരും കൂട്ടുകാരും ആണ്. പലതവണ നിർത്തി പോകാൻ ഒരുങ്ങിയ എന്നെ പിടിച്ചു നിർത്തിയത് അവരാണ്. പരീക്ഷ എഴുതിയാൽ തോറ്റു പോകുമെന്ന് കരഞ്ഞ എന്നോട് ജിജി ടീച്ചർ വെറുതെ വന്നിരുന്ന് എഴുതിയാലും ജയിക്കും, അതുകൊണ്ട് മണ്ടത്തരം കാണിക്കരുത് എന്ന് പറഞ്ഞു. ആ വാക്കിന്റെ ബലത്തിലാണ് ഡിഗ്രി ഫൈനൽ പരീക്ഷ എഴുതുന്നത്.
വീട്ടിലേക്ക് കൊണ്ടുപോയും കോളേജിന്റെ മരച്ചുവട്ടിൽ മണിക്കൂറുകൾ കുത്തിയിരുന്നും ടീഷ എന്നെ പഠിപ്പിച്ചു. പഠിക്കാതെ ഈ പ്രായത്തിൽ നമുക്ക് ഒന്നും ചെയ്യാനില്ല എന്ന് സുനീഷ് സദാ ഓർമിപ്പിച്ചു. വീട്ടിലിരുന്നു പഠിക്കാൻ പറ്റുന്നില്ലെങ്കിൽ നീ ഇങ്ങോട്ട് വാ എന്ന് മണിക്കുട്ടി അവളുടെ മുറി എനിക്ക് വേണ്ടി തുറന്നിട്ടു. അങ്ങനെ ചിലർ സദാ കൂട്ടിരുന്നപ്പോൾ, ചിലർ അവൾ ഉണ്ടെങ്കിൽ കമ്പയിൻഡ് സ്റ്റഡി നടക്കില്ല, അവളോട് പറയേണ്ട എന്നും മാറ്റി നിർത്തി. ഞാൻ അറിയാതെ അവർ ദിവസങ്ങളോളം ഒരു വീട്ടിൽ നിന്ന് പഠിച്ചു. എങ്ങനെയോ അത് അറിഞ്ഞപ്പോൾ വലിയ വേദന തോന്നി. മുൻപ് പറഞ്ഞത് വീണ്ടും പറയട്ടെ, മാറിനിൽക്കുന്നതും മാറ്റിനിർത്തുന്നതും രണ്ടാണ്. രണ്ടാമത്തേത് വലിയ മുറിവുകൾ ഉണ്ടാക്കും. പിന്നീട് ഒരിക്കലും ഒരു കൂട്ടത്തിന്റെ ഭാഗമാകാൻ പറ്റാത്ത വിധം മനുഷ്യരെ അരക്ഷിതരാക്കും. മാറ്റിനിർത്തപ്പെട്ടവർ ഉണ്ടെങ്കിൽ ഈ പറഞ്ഞത് മനസ്സിലാവും. പക്ഷേ കാലം കൃത്യമായി ഇടപെട്ടു എന്ന കാര്യത്തിൽ സംശയമില്ല. എന്നെ മാറ്റിനിർത്താൻ മുന്നിൽ നിന്ന ഒരാൾ ഇപ്പോൾ ആ കൂട്ടത്തിൽ എവിടെയുമില്ല. സൗഹൃദത്തിന്റെ സന്തോഷങ്ങളിൽ കാണാറില്ല. പക്ഷേ ആരും മാറ്റി നിർത്തിയതല്ല, മാറിനിൽക്കുക എന്നത് അവളുടെ ചോയ്‌സ് ആയിരുന്നു. അതുകൊണ്ട് ഞാൻ അനുഭവിച്ച വേദന അവൾക്കുണ്ടായി കാണില്ല.
അവസാനവർഷ പരീക്ഷ ഭംഗിയായി എഴുതി അവസാനിപ്പിച്ച് ആ പടി ഇറങ്ങിയതാണ്. പിന്നീട് എത്രയോ തവണ പൂർവ്വവിദ്യാർത്ഥി സംഗമം, യാത്രയപ്പ് എന്നിങ്ങനെ പല പരിപാടികളുടെ അറിയിപ്പുണ്ടായി. ഒരേയൊരു തവണയാണ് പോയത്. അതും പരിപാടികൾ കഴിഞ്ഞ് ആളുകൾ പോയതിനുശേഷം. സന്തോഷമുള്ള അനുഭവങ്ങൾ ഓർത്തെടുക്കാനുള്ളവർ മാത്രമേ ഭൂതകാലം അന്വേഷിച്ചു പോകാവൂ. അല്ലാത്തവർക്ക് അതൊരു മറ്റൊരു പകപ്പായിരിക്കും.
ഇഷ്ടമില്ലാത്ത വിവാഹം,ജോലി എന്നൊക്കെ നമ്മൾ ധാരാളം സംസാരിക്കുന്ന വിഷയമാണ്. അതിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ബോധവൽക്കരണം വരെ നടത്തും. പക്ഷേ ഇഷ്ടമില്ലാത്ത കോഴ്‌സ് പഠിക്കേണ്ടി വരുന്നതിനെക്കുറിച്ച് അധികം ചർച്ചകൾ ഒന്നും കേട്ടിട്ടില്ല. കാരണം നമ്മുടെ നാട്ടിൽ മുക്കാൽഭാഗം കുട്ടികളും പഠിക്കുന്നത് അവർക്ക് ഇഷ്ടമുള്ളതല്ല. ജോലിസാധ്യത, സമൂഹത്തിൽ കിട്ടാൻ പോകുന്ന അന്തസ്സ്, വീട്ടുകാരുടെ താൽപര്യം, മാർക്ക്, കാശ് അങ്ങനെ താൽപര്യം ഒഴിച്ച് ബാക്കിയെല്ലാം കോഴ്‌സ് തിരഞ്ഞെടുക്കുന്നതിൽ പരിഗണിക്കും. കൂടെ കുറച്ച് മനുഷ്യർ ഉണ്ടായതുകൊണ്ട് മാത്രമാണ് ഞാൻ ഡിഗ്രി പൂർത്തിയാക്കിയത്. അതിന് സാധിക്കാത്തവർ എന്ത് ചെയ്യും? അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ളവർ പാതിയിൽ നിർത്തി പോകും. അതില്ലാത്തവർ എങ്ങനെയെങ്കിലും കോഴ്‌സ് പൂർത്തിയാക്കും. ചിലർ തോൽക്കും. പോകുന്നത് കുറച്ചു വർഷങ്ങൾ മാത്രമല്ല മാനസികാരോഗ്യം കൂടിയാണ്. ചിലർ അതോടെ സാമൂഹികമായ ഒറ്റപ്പെടും. ചിലപ്പോൾ മുന്നോട്ടു ഒരു വഴിയും കാണാതെ ജീവിതം അവസാനിപ്പിച്ചു എന്നും വരാം. ചുരുക്കം ചിലർ വേറെ വഴിയൊന്നും ഇല്ലാതെ വളരെ ബുദ്ധിമുട്ടി അതേ വഴിയിൽ തുടരും. പല വഴികൾ മാറിനടന്നാണ് ഞാൻ എനിക്കിഷ്ടമുള്ള ഒരു മേഖലയിൽ എത്തിയത്. അതിനും പഴികൾ ഒരുപാട് കേട്ടു.
ഇഷ്ടമുള്ളത് പഠിക്കാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടണം അതിനെക്കുറിച്ചും ചർച്ചകൾ ഉണ്ടാവണം.അവിടെ ബോധവൽക്കരണം നടക്കേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഇടയിലാണ് എന്നതും ശ്രദ്ധിക്കണം.
Published: 13 Oct 2026, 04:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented