ലളിതമായ ഭാഷയിലൂടെയും വ്യത്യസ്തമായ അവതരണശൈലിയിലൂടെയും കഥ വികസിപ്പിക്കാനുള്ള കഴിവാണ് തനുജാ ഭട്ടതിരിയുടെ എഴുത്തു രീതിക്കുള്ളത്. കുലസ്ത്രീ എന്ന സാമൂഹിക സങ്കല്പത്തെ പൊളിച്ചെഴുതാനും സമൂഹം, മതം, പരമ്പരാഗത സങ്കല്പങ്ങൾ ഇതെല്ലാം കൽപ്പിച്ചു നൽകിയ മുഖംമൂടികളെ ശക്തമായി നിരാകരിച്ച് സ്വത്വത്തിലേക്ക് സഞ്ചരിക്കാനും പ്രാപ്തരായ സ്ത്രീകളെ അവതരിപ്പിക്കുകയാണ് തനുജാ ഭട്ടതിരിയുടെ' മൺ ചായയും മറ്റു കഥകളും'എന്ന കഥാസമാഹാരം.

ഗ്രാമീണജീവിതത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന 'മൺചായ 'എന്ന കഥയിൽ പക്ഷികളും മരങ്ങളും പ്രകൃതിയുമെല്ലാം കഥാപാത്രങ്ങളാകുന്നു. സ്ത്രീ ജീവിതത്തെ യാഥാർത്ഥ്യബോധത്തോടെയും സൂക്ഷ്മമായും അവതരിപ്പിക്കുന്ന ഈ കഥയിൽ കുടുംബത്തെ ചേർത്ത് നിർത്തുന്ന, സ്‌നേഹത്തിന്റെയും കരുതലിന്റെയും ഉറവിടമായാണ് സ്ത്രീയെ അവതരിപ്പിക്കുന്നത്. സാധാരണ സ്ത്രീയുടെ അനുഭവങ്ങളോടെ ആരംഭിക്കുന്ന കഥ ക്രമേണ സാർവത്രികമായ വിഷയങ്ങളിലേക്ക് കടക്കുന്നു. ഒരു വീട്ടമ്മയുടെ ജീവിതം എത്ര വിരസമാണെന്ന് ഈ കഥ വരച്ചുകാട്ടുന്നു. രാവിലെ എണീറ്റ് മുഖം കഴുകിയശേഷം ആദ്യം അരിയിടാൻ സ്റ്റൗവിൽ വെള്ളം വയ്ക്കുകയാണ് കഥയിലെ നായികയും ആ നാട്ടിലെ എല്ലാ സ്ത്രീകളും ചെയ്യാറുള്ളത്. ആദ്യം ഭർത്താവിന്റെ ചായ തയ്യാറാക്കിയ ശേഷo വീട്ടിലെ മറ്റ് അംഗങ്ങളുടെയെല്ലാo ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലതരം ചായ അവൾ ഉണ്ടാക്കേണ്ടതുണ്ട്. 'രാവിലത്തെ ചായ ഒരു യന്ത്രം പോലെയാണ് അവൾ കുടിക്കുന്നത്. വൈകിട്ടത്തെ ചായ മാത്രമാണ് അവൾക്ക് ആസ്വദിച്ചു കുടിക്കാൻ കഴിയുന്നത്. ഈ നാട്ടിൽ വന്നു കഴിഞ്ഞാൽ ഇവിടത്തെ തണുത്ത കാലാവസ്ഥയിലേക്ക് ഇഴുകി ചേർന്ന് ജീവിക്കാൻ ശരീരവും മനസ്സും പാകപ്പെടുത്തപ്പെടും. അതുകൊണ്ടുതന്നെ ശരീരത്തിനകത്തും പുറത്തും സംഭവിക്കുന്ന സ്‌ഫോടനാത്മകമായ കാര്യങ്ങളൊന്നും അവരെ ബാധിക്കാറില്ല.' ആസ്വാദ്യകരമല്ലാത്ത പെൺജീവിതത്തെ ഈ വരികൾ കൃത്യമായി രേഖപ്പെടുത്തുന്നു.

ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ ഒരു അന്യമതക്കാരനോട് മകൾക്ക് പ്രേമം ഉണ്ടോ എന്ന് സംശയിച്ച് ആദ്യം വന്ന ആലോചന വീട്ടുകാർ നിർബന്ധിച്ചു നടത്തിയതോടെയാണ് അവൾ ഈ നാട്ടിലെത്തിയത്. കല്യാണം കഴിഞ്ഞു വന്നപ്പോൾ ആദ്യം ഈ നാടിനോട് ചേരാനേ പറ്റുന്നുണ്ടായിരുന്നില്ല. പിന്നെപ്പിന്നെ ഏതൊരു പെൺ ജീവിതത്തെയും പോലെ അവളും അതിനോട് യോജിക്കാൻ തുടങ്ങി. അവളുടെ ചായ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അവളുടെ അനിയന്റെ കൂട്ടുകാരനാണ്. ധ്യാനിക്കുന്നത് പോലെ ആണ് അവൾ ചായ ഉണ്ടാക്കുന്നത്. അനിയന്റെ കൂട്ടുകാരന് അവൾ ഉണ്ടാക്കിക്കൊടുത്ത ചായ കുടിച്ചിട്ട് ചേച്ചിയുടെ ചായ വേറെ ലെവൽ ആണെന്ന് പറയുന്നു. ആ അംഗീകാരത്തിന് ശേഷം അവനു വേണ്ടി ഇഞ്ചിച്ചായ, തിളച്ച ചായ, മസാല ചായ, ജീരക ചായ അങ്ങനെ പലതരം ചായകൾ അവൾ ഉണ്ടാക്കി കൊടുത്തു.പിന്നെ പിന്നെ അവന്റെ വരവിനായി കാത്തിരിക്കാൻ തുടങ്ങി. ചായ ഉണ്ടാക്കുന്നത് മാത്രമാണ് മടുപ്പുളവാക്കുന്ന ജീവിതത്തിൽ അവൾ ഏറ്റവും സന്തോഷത്തോടെ ചെയ്യുന്ന ഒരു ജോലി. പലതരത്തിൽ ചായ എടുത്തു തുടങ്ങിയപ്പോൾ ചായയിൽ താനൊരു കവിത എഴുതുകയാണോ എന്ന് അവൾക്ക് സംശയം തോന്നി. ആ ചിന്ത അവൾ പണ്ട് എഴുതിയിരുന്ന കവിതകളെ ഓർമ്മിപ്പിക്കുകയും അവളാ കവിതകളെടുത്ത് വായിച്ചു രസിക്കുകയും ചെയ്തു. അങ്ങനെ ഒരു കാലം തനിക്ക് ഉണ്ടായിരുന്നു എന്ന് അവർക്ക് തന്നെ വിശ്വസിക്കാനായില്ല. അവളുണ്ടാക്കിയ ശംഖുപുഷ്പത്തിന്റെ ചായ അവളുടെ എഴുത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു. ഒരു ദിവസം രാവിലെ അവൾ നാല് മണിക്കുണർന്നു. അനിയന്റെ കൂട്ടുകാരൻ പറഞ്ഞ ചെമ്പരത്തിച്ചായ കുടിക്കാൻ അവൾക്ക് കൊതി തോന്നി. പാത്രത്തിനുള്ളിൽ ചെമ്പരത്തിച്ചായ തിളച്ച് മറിയുമ്പോൾ ഭൂമി ഒരു ചുവന്ന് കൊഴുത്ത ദ്രാവകം പുറത്തേക്ക് തുപ്പി. ഈ ചുവന്ന ദ്രാവകത്തിലൂടെ പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുമ്പോഴുള്ള ഭൂമിയുടെ രോഷവും പ്രതിരോധവും വേദനയും പ്രതിഷേധവും പ്രതീകാത്മകമായി അവതരിപ്പിക്കുന്നു.

മനശ്ശാസ്ത്ര വിമർശനത്തിന്റെ സ്വാധീനം ദൃശ്യമാകുന്ന ഈ കഥയിൽ സ്ത്രീയുടെ ആന്തരിക സംഘർഷങ്ങളെയും മാനസികാവസ്ഥയേയും പ്രകൃതിയുടെ പ്രതീകങ്ങളിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ ഇക്കോ ഫെമിനിസ്റ്റ് വീക്ഷണത്തിലും ഈ കഥയെ വായിക്കാവുന്നതാണ്. കഥാപാത്രത്തിന് പേര് നൽകാതെ അവൾ എന്നാണ് സൂചിപ്പിക്കുന്നത്. എല്ലാ സ്ത്രീകളുടേയും പ്രതീകമാണ് അവൾ കഥയുടെ അവസാനത്തിൽ മാജിക്കൽ റിയലിസത്തിന്റെ പ്രത്യേകതകൾ ദൃശ്യമാണ്. സ്ത്രീ ജീവിതത്തെ സൂക്ഷ്മമായി അനാവരണം ചെയ്യുന്നതോടൊപ്പം സ്ത്രീകൾ കടന്നുപോകുന്ന മാനസികാവസ്ഥകൾ, പട്ടണത്തിൽ വളർന്ന ഒരു പെൺകുട്ടി നാട്ടിൻപുറജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങൾ, ഉത്തരവാദിത്വങ്ങൾ, ജീവിതത്തിലെ നിയന്ത്രണങ്ങൾ ഇതെല്ലാം പെൺ മനസ്സിന്റെ സൈക്കോളജിക്കൽ അനാലിസിസിലൂടെ അവതരിപ്പിക്കുന്നു. ഒരു സാധാരണ പ്രകൃതിദുരന്തം എന്നതിനേക്കാൾ ഉപരിയായി സ്ത്രീകൾ ഉള്ളിലടക്കി വച്ച വികാരങ്ങളുടെ പൊട്ടിത്തെറിയാണ് കഥയുടെ അവസാനഭാഗത്ത് പ്രതിപാദിക്കുന്നത്. അനീതിക്കെതിരായ സ്ത്രീകളുടെ ആത്മബോധം പഴയ ബന്ധങ്ങളുടെയും മൂല്യങ്ങളുടെയും തകർച്ച, പുതിയ ജീവിത തുടക്കം, സ്വാതന്ത്ര്യം, സ്വയം തിരിച്ചറിവ് ഇതെല്ലാം ഉൾക്കൊള്ളുന്നത് കൊണ്ട് തന്നെ മൺചായയെ സ്ത്രീവാദ കഥകളുടെ ശ്രണിയിൽ ഉൾപ്പെടുത്താം. സാമൂഹികമായി നിർമ്മിക്കപ്പെട്ട ത്യാഗം, സഹനം, കുടുംബ ബാധ്യതകൾ എന്നിവ പുരുഷാധിപത്യ സമൂഹത്തിന്റെ സൃഷ്ടിമാത്രമാണെന്നും (oscial construction) ഈ സാമൂഹിക പ്രതീക്ഷകളുടെ ആഘാതം പെൺ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ എന്നും ഈ കഥ കൃത്യമായി തുറന്നു കാട്ടുന്നു.

ചായയിലേക്ക് സ്വയം മുഴുകുമ്പോൾ ആവർത്തിതമാകുന്ന ഗാർഹിക അധ്വാനവും സ്വന്തം ആഗ്രഹങ്ങളെ ത്യജിച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതും (Repressed emotions ) അവരെ വൈകാരികമായി അസ്വസ്ഥയാക്കുന്നു. സ്വന്തം ഇഷ്ടങ്ങളെ തുറന്ന് പ്രകടിപ്പിക്കാൻ കഴിയാത്ത പെണ്ണവസ്ഥ, വൈകാരിക ശൂന്യത, ഇതെല്ലാം നിരവധി ബിംബങ്ങളിലൂടെ അവതരിപ്പിക്കുന്നു. ദിവസവും ചായയുണ്ടാക്കുന്നത് ഒരു Emotional Conditioning ൽ അവരെ കൊണ്ടെത്തിക്കുകയും സ്വന്തം സ്വത്വം പോലും മറന്ന് അവർ ഉത്തരവാദിത്വത്തിൽ ലയിച്ചു പോവുകയും ചെയ്യുന്നത് കാണാം. മെമ്മറി സൈക്കോളജിയനുസരിച്ച് നിരന്തരമായി ചെയ്യുന്ന പ്രവർത്തികൾ അബോധപരമായി ഓർമ്മയിൽത്തന്നെ കോഡ് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളുടെ പുറം ജീവിതമാണ് അവതരിപ്പിക്കുന്നത് എന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും അവരുടെ ആന്തരിക ലോകത്തിനാണ് പ്രാധാന്യം. മറ്റുള്ളവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ആഗ്രഹങ്ങൾ മാറ്റി വയ്ക്കപ്പെടേണ്ടി വരുന്ന സ്ത്രീത്വത്തെ പ്രതിപാദിക്കുന്ന മൺചായ എന്ന ശീർഷകം ചൂഷണം ചെയ്യപ്പെടുന്ന മണ്ണിന്റെയും പെണ്ണിന്റെയും പ്രതീകമാണ്.

'അപര ' എന്ന കഥ ഒരു കുറ്റാന്വഷണ കഥയുടെ സവിശേഷതകൾ ഉൾച്ചേർത്താണ് എഴുതിയിരിക്കുന്നത്. രണ്ട് സ്ത്രീകളുടെ സൗഹൃദമാണ് ഇതിൽ മുഖ്യപ്രമേയമായി വരുന്നത്. ഷീല എന്ന കൂട്ടുകാരി വർഷങ്ങൾക്ക് ശേഷം സുഹൃത്തും ടീച്ചറുമായ പൂജയെ വിളിക്കുകയും താൻ പൂജയുടെ നാട്ടിലേക്ക് വരുന്നുണ്ടെന്നും കാണാമെന്നും പറയുന്നു. തുടർന്ന് ഫ്‌ളാഷ് ബാക്കിലേക്ക് കഥ സഞ്ചരിക്കുന്നു. ഷീലയ്ക്ക് ഭർത്താവിനോടൊപ്പമുള്ള ജീവിതം നരകതുല്യമാണ്. ഭർത്താവ് പലപ്പോഴും ദേഹോപദ്രവമേൽപ്പിക്കുമ്പോഴുo അതെല്ലാം സഹിച്ച് കഴിയാൻ അവൾ ശ്രമിക്കുന്നു. ഇതൊക്കെ കാണുമ്പോൾ പൂജയ്ക്ക് തന്റെ ഭർത്താവും ബാങ്കുദ്യോഗസ്ഥനുമായ ബാബുവേട്ടനോട് കൂടുതൽ സ്‌നേഹം തോന്നുന്നു. കുറേ നാളുകൾക്ക് ശേഷം പൂജ മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ കിട്ടി പോകുന്നതോടെ അവരുടെ ബന്ധം മുറിയുന്നു. അതിനു ശേഷം ഇപ്പോഴാണ് ഷീല വിളിക്കുന്നത്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നും ഹെൽത്ത് ചെക്കപ്പിന് ഒരു ബൈസ്റ്റാൻഡർ വേണമെന്നും ഇന്നത്തേക്ക് ഒരു സുഹൃത്ത് ഉണ്ടെന്നും നാളെ അയാൾക്ക് ഒരു എൻഗേജ്‌മെന്റ് ഉള്ളതു കൊണ്ടാണ് പൂജയുടെ സഹായം അഭ്യർത്ഥിക്കുന്നതെന്നും പറയുന്നു. ഭർത്താവിനോട് അനുവാദം ചോദിച്ചാൽ അദ്ദേഹത്തിന് ഇഷ്ടമാകില്ലെന്ന് കരുതി മോനെ സുഹൃത്തിന്റെ വീട്ടിൽ ആക്കി ഭർത്താവിനോട് പറയാതെ പൂജ പോകുന്നു. എന്നാൽ പൂജ എത്തിയപ്പോൾ ഒരു പുരുഷൻ അവളോടൊപ്പം കിടക്കയിൽ ഇരിക്കുകയായിരുന്നു. ബിനോയ് എന്നാണ് അയാളുടെ പേരെന്നും താൻ പഴയ ജോലി ഉപേക്ഷിച്ചുവെന്നും ഇയാളെ പുതിയ ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ടതാണെന്നും പിന്നീട് അയാൾക്ക് ദുബായിൽ ജോലി കിട്ടി പോയെന്നും പറയുന്നു. അതിനിടയിൽ അവർ തമ്മിൽ അടുപ്പത്തിലായി. അയാൾ നാട്ടിൽ എല്ലാ വർഷവും വരാറുണ്ട്. വരുന്ന സമയത്ത് ഒരു ദിവസം ഷീലയുടെ കൂടെ ചെലവഴിക്കും. മറ്റാരുടെയും സംശയമില്ലാതെ ഒരു ദിവസം തന്റെ കൂടെ നിൽക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് കംപ്ലീറ്റ് ബോഡി ചെക്കപ്പ് എന്നും പറയുന്നു. സംസാരത്തിനിടയിൽ ചെസ്റ്റ് എക്‌സ്‌റേ എടുക്കാനായി നേഴ്‌സ് വരുന്നു. പൂജയോട് റെസ്റ്റ് എടുക്കാൻ പറഞ്ഞ ശേഷം ഷീല കൂടെ പോകുന്നു. ക്ഷീണിതയായ പൂജ ഉറങ്ങിപ്പോകുന്നു. ഉണർന്നെണീറ്റപ്പോൾ മുറിയുടെ വാതിൽ പൂട്ടിയിരുന്നു. കറണ്ടും പോയിരുന്നു. ഫോണിൽ ചാർജ് ഇല്ലായിരുന്നു. ഉറക്കെ വാതിലിൽ മുട്ടിയപ്പോൾ മുറി വൃത്തിയാക്കാൻ വന്ന സ്ത്രീ വാതിൽ തള്ളിത്തുറന്നു. ഇങ്ങനെയുള്ള സമയത്ത് ബഹളം വയ്ക്കാൻ പാടില്ലായെന്ന് പറഞ്ഞു. പൂജയ്‌ക്കൊന്നും മനസ്സിലായില്ല. പൂജയാണ് രോഗിയെന്നാണ് അവർ കരുതിയത്. എന്നാൽ താനല്ല രോഗി ഷീലയാണെന്ന് പറയുമ്പോൾ വാതിലിലെ നെയിം ബോർഡിൽ പൂജയെന്ന പേര് എഴുതിയിരിക്കുന്നത് അവർ കാണിച്ചു കൊടുക്കുന്നു. അവിടെയൊരു ആത്മഹത്യയോ കൊലപാതകമോ നടന്നിട്ടുണ്ടെന്നും അവർ സൂചന നൽകി. റിസപ്ഷനിൽ വിളിച്ചപ്പോൾ ഒരു രോഗിയുടെ ബൈസ്റ്റാൻഡർ ആയിരുന്ന പുരുഷനാണ് മരിച്ചതെന്ന് പറയുന്നു. രാവിലെ ഷീലയും തിരികെ വന്നിട്ടില്ല. ഫോൺ ചാർജ്ജ് ചെയ്ത് പൂജ ഭർത്താവിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. പോലീസ് വന്നപ്പോൾ അവിടെ നടന്നത് ഒരു കൊലപാതകമാണെന്ന് മനസ്സിലാകുന്നു. പൂജയുടെ അഡ്രസ് ആണ് ഷീല അവിടെ കൊടുത്തിരുന്നത്. വല്ല വിധേനയും ഭർത്താവിന്റെ സ്വാധീനത്തിലാണ് പോലീസുകാർ പൂജയെ വിട്ടയയ്ക്കുന്നത്. വീട്ടിലെത്തിയപ്പോൾ മോൻ വളരെ മോശമായി പെരുമാറുന്നു. തന്നിൽ സംതൃപതയല്ലാത്തത് കൊണ്ടാണോ പരപുരുഷനോടൊപ്പം ഹോസ്പിറ്റലിൽ റൂമെടുത്തത് എന്ന ഭർത്താവിന്റെ ചോദ്യം അവളെ ഞെട്ടിക്കുന്നു. ഒരു പുരുഷാധിപത്യ സമൂഹം സ്ത്രീയെ തന്റെ അധികാര പരിധിയിലുള്ള ഒരു വസ്തു മാത്രമായി കണക്കാക്കുന്നത് (objectification) അതിനാലാണ് ഭർത്താവ് പൂജയെ സ്വതന്ത്ര വ്യക്തിയായി പരിഗണിക്കാതെ തന്റെ നിയന്ത്രണത്തിലുള്ള ഒരു വ്യക്തിയായി കരുതുന്നതും അധിക്ഷേപിക്കുന്നതും.

കാൾ യുങ്ങിന്റെ മനഃശാസ്ത്ര സമീപന പ്രകാരം മനുഷ്യന്റെ മനസ്സിനെ മനസ്സിലാക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന ഭാഗങ്ങൾ ആണുള്ളത്. അതിൽ ആദ്യം വരുന്നത് പെഴ്സോണയാണ്. കഥാപാത്രം സമൂഹത്തിൽ ജീവിക്കുമ്പോൾ സാമൂഹിക അംഗീകാരത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് പെഴ്സോണയിൽ വരുന്നത്. എന്നാൽ ഇതേ മനുഷ്യന്റെ ഉള്ളിൽ തന്നെ മറച്ചുവയ്ക്കപ്പെട്ട കഴിവുകളും ആഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഭാഗമാണ് ഷാഡോ. മൺചായയിലെ കഥാപാത്രത്തിന്റെ ഉള്ളിലുള്ള കവിതയെഴുത്തും ആത്മാന്വേഷണവും അത്തരത്തിലുള്ളതാണ്. എന്നാൽ കഥയുടെ അവസാന ഭാഗം എത്തുമ്പോൾ തനിക്ക് ആത്മസംതൃപ്തി നൽകുന്ന ഒരു അവസ്ഥയിലേക്ക് അഥവാ സെൽഫിലേക്ക് കഥാപാത്രം വളരുന്നുണ്ട്. അതുപോലെതന്നെ 'അപര' യിലെ ഷീല എന്ന കഥാപാത്രവും തുടക്കത്തിൽ വിധേയയായി ജീവിക്കുന്നുണ്ടെങ്കിലും ക്രമേണ തന്റെ ഉള്ളിൽ അമർത്തി വയ്ക്കപ്പെട്ടിരുന്ന പക, പ്രതികാരം, ലൈംഗികത ഇതെല്ലാം പുറത്തു വരുന്നു. ഇതിൽ നടക്കുന്ന കൊലപാതകം തന്നെ പ്രതീകാത്മകമാണ്. തന്റെ തന്നെ ഉള്ളിലുള്ള ,നല്ല സ്ത്രീയായി ജീവിക്കാൻ ശ്രമിക്കുന്ന സാമൂഹിക മുഖംമൂടിയെ കൊലപ്പെടുത്തി അവളിലുള്ള സെൽഫിനെ അല്ലെങ്കിൽ അപര വ്യക്തിത്വത്തെ തിരിച്ചറിയുകയും തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. അപര എന്ന വാക്കിനർത്ഥം Othering മാറ്റി നിർത്തപ്പെട്ടവൾ എന്നാണ്. സ്വന്തം സെൽഫിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരാണ് പൂജയും ഷീലയും മൺ ചായയിലെ അവളുമെല്ലാം. എന്നാൽ അത് തിരിച്ചറിയുകയും തിരിച്ചുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കഥയിൽ വഴിത്തിരിവ് സൃഷ്ടിക്കപ്പെടുന്നത്.

'പെണ്ണ് ' എന്ന കഥ പെണ്ണിന്റെ പരിണാമത്തെ കവിതാത്മകമായി അവതരിപ്പിക്കുന്നു. സ്വതന്ത്രമായ ജീവിതത്തിൽ നിന്നും ജീവിതമേൽപ്പിച്ച ആഘാതങ്ങൾ ഒരു പെണ്ണിൽ വരുത്തുന്ന മാറ്റങ്ങളാണ് ഈ കഥയിലെ പ്രമേയം. ഒരു ചെറിയ കഥയിലുടെ പെൺജീവിതമെന്ന പ്രഹേളികയെ ശക്തമായി വരച്ചുകാട്ടാനാണ് കഥാകാരി ശ്രമിക്കുന്നത്.

പെൺമനസ്സിലെ സംഘർഷവും ആഗ്രഹങ്ങളും വേദനകളും സ്വത്വ നഷ്ടവും എല്ലാം തുറന്നു കാട്ടുന്നതോടൊപ്പം ഒരു സമൂഹം സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളും അതിൽ നിന്ന് രക്ഷനേടാനുള്ള അവളുടെ സ്വതന്ത്ര അന്വേഷണവുമെല്ലാം പ്രതിഫലിപ്പിക്കുന്നത് കൊണ്ടു തന്നെ ഈ കഥകൾ വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്ക് വളരുന്നുണ്ട്. മാത്രമല്ല സമകാലികമായ പെൺ അവസ്ഥകളുടെ യഥാതഥമായ ആവിഷ്‌കരണമാണ് ഈ കഥകളിൽ കാണാൻ കഴിയുന്നത്. വ്യവസ്ഥാപിത സാമൂഹിക നിർമ്മിതികളെ പൊളിച്ചു കളയുകയും സ്വാതന്ത്ര്യത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന ഈ കഥയിലെ സ്ത്രീകൾ പുരുഷാധിപത്യ സമൂഹം നിർമ്മിച്ച ചട്ടക്കൂടുകളെ തകർത്ത് പുതുകാലത്തിന് അനുയോജ്യമായി സ്ത്രീത്വത്തെ പുനർനിർമ്മിക്കാൻ ശ്രമിക്കുന്നവരും അടുക്കളയിൽ ജീവിതകാലം മുഴുവൻ വെന്തുരുകാതെ പുതിയ ലോകത്തിലേക്ക് കരുത്തോടെ മുന്നേറുന്നവരുമാണ്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi