
യുദ്ധത്തിന്റെ ഭീകരതയും സൈനികജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളും വിവരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പട്ടാളക്കഥകൾക്ക് ഒരു പുതുഭാഷ്യം ചമയ്ക്കുകയാണ് പ്രണയവും തീവ്രസ്നേഹവും പലായനത്തിന്റെ ദുരന്തവും ദാർശനികതയും കോർത്തിണക്കി രചിച്ച സോണിയാ ചെറിയാന്റെ 'സ്നോ ലോട്ടസ് 'എന്ന പുസ്തകം. അപരിചിതമായ ഭൂമികയിലൂടെയും അറിവുകളിലൂടെയും അഭൗമികമായ അനുഭവതലങ്ങളിലേക്ക് ഈ നോവൽ വായനക്കാരനെ നയിക്കുന്നു.
മലകളിൽ പുതുമഞ്ഞ് വീഴുന്ന നവംബർ മാസത്തിലെ ഒരു മെഡിക്കൽ ക്യാമ്പിൽ നിന്നും മിലിറ്ററി ഹോസ്പിറ്റലിലേക്കുള്ള യാത്രയോട് കൂടി ആരംഭിക്കുന്ന നോവൽ ഗോപ എന്ന മിലിട്ടറി ഓഫീസറുടെ അച്ഛന്റെ തിരോധാനത്തെക്കുറിച്ചും അതിന്റെ അന്വേഷണത്തിനായി നടത്തുന്ന കഠിനമായ ശ്രമങ്ങളും പ്രമേയമായി അവതരിപ്പിക്കുന്നു. ക്യാപ്റ്റൻ ഗോപ മുകുന്ദൻ മിലിട്ടറി ഹോസ്പിറ്റലിലെ ഡോക്ടറും ഒപ്പം തന്നെ മൗണ്ടനീയറും ആണ്. അവളുടെ അച്ഛനോടൊപ്പം ജോലി ചെയ്തിരുന്ന ധാരാളം പേർ ഇപ്പോഴും അവിടെയുണ്ട്. അവരെല്ലാവരും വളരെ സ്‌നേഹത്തോടെയാണ് ഗോപയോട് പെരുമാറുന്നത്. പല പഴയകാല അനുഭവങ്ങളും അവളുടെ അച്ഛന്റെ പ്രാഗത്ഭ്യത്തെക്കുറിച്ചുമെല്ലാം അവർ പറയുന്നുണ്ട്. എന്നാൽ അച്ഛനെ കണ്ടെത്തുക എന്ന രഹസ്യമായ അജണ്ടയുമായാണ് താൻ അവിടെ എത്തിയിരിക്കുന്നത് എന്നതിനെക്കുറിച്ച് അവളുടെ അമ്മയ്ക്ക് പോലും അറിയില്ല. അച്ഛന്റെ ബാച്ചിന്റെ ഇരുപത്തിയഞ്ചാം വാർഷിക ഗെറ്റുഗദറിൽ ആക്ഷന് ഇടയിൽ മരിച്ചുപോയ ഹെലികോപ്റ്റർ പൈലറ്റുമാരുടെ കുടുംബങ്ങളും പരിപാടിക്ക് ഉണ്ടാവണമെന്ന് മറ്റുള്ളവർക്ക് നിർബന്ധമായിരുന്നു. അങ്ങനെയാണ് ക്ഷണക്കത്തുമായി അദ്ദേഹത്തിന്റെ ഒരു സഹപ്രവർത്തകൻ കേരളത്തിലേക്ക് നേരിട്ടു വന്ന് ഗോപയേയും അമ്മയേയും ക്ഷണിക്കുന്നത്. ചൗധരി എന്ന മേജർ മുകുന്ദന്റെ സുഹൃത്തിന് ഇവരുടെ കുടുംബവുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. മേജർ മുകുന്ദനെ കാണാതാവുന്ന ദിവസം യഥാർത്ഥത്തിൽ ചൗധരിക്കായിരുന്നു ഡ്യൂട്ടി ഉണ്ടായിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പ്രസവവേദന തുടങ്ങിയതിനാൽ മുകുന്ദൻ ചൗധരിയുടെ ഡ്യൂട്ടി മാറ്റിയെടുത്തതായിരുന്നു. കേണൽ ചൗധരിയാണ് മുകുന്ദനെ കാണാതായ സീക്രട്ട് മിഷനെക്കുറിച്ച് ഗോപയോട് പറയുന്നത്. 'ഓപ്പറേഷൻ സ്നോലോട്ടസ്' എന്നായിരുന്നു അതിന്റെ പേര്. ഹൈ ആൾട്ടിറ്റിയൂഡിലും കൊടുംതണുപ്പിലും പൂക്കുന്ന അപൂർവമായ ഒരു പൂവിന്റെ പേരാണ് സ്നോലോട്ടസ്. താമരപ്പൂവുമായി സാമ്യമുണ്ടെങ്കിലും അത് താമരയുടെ കുടുംബമല്ല. ജലപുഷ്പവും അല്ല. മണ്ണിലും വിരിയുന്ന ഒരു കാട്ടുപൂവ്. ആ പൂവിനോട് മുകുന്ദന് വല്ലാത്ത ആകർഷണം തോന്നുന്നുവെങ്കിലും മാന്ത്രികവിദ്യകളിൽ വിശ്വസിക്കുന്നതിനാൽ ചൈനീസ് ആർമിയുടെ വിമാനങ്ങൾ അതിലേ പറക്കാറില്ല. ആ ഏരിയയിൽ പറക്കുന്നവർ തിരിച്ചുവരാറില്ല എന്നാണ് അവരുടെ വിശ്വാസം. കേണൽ മുകുന്ദന് ഈ പൂക്കളോട് തോന്നിയ ആകർഷണത്തെറിച്ചും താൻ അത് വിലക്കിയ കാര്യവും ചൗധരി ഗോപയോട് പറയുന്നു. കേണൽ മുകുന്ദൻ രക്ഷപ്പെട്ടിട്ടുണ്ടാകും എന്ന് തന്നെയാണ് ചൗധരി ഉറച്ച് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഗോപയെ മിലിട്ടറിയിൽ ചേരാൻ പ്രേരിപ്പിക്കുന്നത്. മിലിട്ടറിയിൽ ചേർന്ന് അച്ഛന്റെ തിരോധാനം അന്വേഷിക്കാൻ വേണ്ടിയാണ് മെഡിസിൻ പാസായ ശേഷം ആർമിയിൽ ചേരാനുള്ള എല്ലാ കടമ്പകളും അവൾ കടന്നത്.
ഫീൽഡ് ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നതിനിടയിൽ ചെറിയ കുട്ടികളുടെ തലയിൽ ബ്ലേഡ് കൊണ്ട് മുടി വടിച്ചതിന്റെ പാടുകളും മുറിവ് അടയാളങ്ങൾ പഴുത്ത് നിന്നതും കണ്ട ഗോപ വഴക്ക് പറയുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ ഇടപെടരുതെന്ന് പട്ടാളത്തിൽ സീനിയർ ക്യാമ്പ് ഓഫീസറും ഗോപയുടെ സുഹൃത്തും സഹപാഠിയുമായ സുനു ഗോപയെ വിലക്കുന്നു. അടുത്ത ദിവസം കുട്ടികളുടെ ചാർജുള്ള ബുദ്ധസന്യാസി ഇവരെ കാണാനായി വരുന്നു. തന്റെ പേര് സാക്കാ ദാവ എന്നാണെന്നും തന്നെ ലാമയെന്നോ ദാവ എന്നോ വിളിക്കാമെന്നും പറയുന്നു. ഇതിനിടയിൽ ലാമയുടെ അഭ്യർത്ഥന പ്രകാരം ഗോപ മൊണാസ്ട്രിയിലെത്തുന്നു. അവിടെയുള്ള ബുദ്ധവിഹാരങ്ങളും ദേവദാരു വൃക്ഷങ്ങളും ഒക്കെ അതിമനോഹരമായ കാഴ്ചകളാണ് അവൾക്ക് സമ്മാനിക്കുന്നത്. അവിടെവച്ച് ഭിക്ഷുണിയായ സുമേധയെ അഥവാ ഗെലോങ് മായെ പരിചയപ്പെടുന്നു. അവർ തങ്ങളുടെ ആശ്രമം ഡോക്ടറെ കാണിക്കാനായി മലയിറങ്ങി വന്നതാണ്. അവൾക്കും തന്റെ അച്ഛനെ നഷ്ടപ്പെട്ട് പോയത് പത്താം വയസ്സിലായിരുന്നു. അച്ഛനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കിട്ടിയാൽ അന്വേഷിക്കാനായി ഗോപ അവരെ ഏർപ്പാടാക്കുന്നു.
പഴയ ഗ്രന്ഥപ്പുരയിൽ നിന്ന് ലാമ ഗോപയ്ക്കിഷ്ടമുള്ള പുസ്തകങ്ങൾ എത്തിക്കുന്നു. ലൈബ്രറിയുടെ കാവൽക്കാരൻ താനാണെന്ന് ലാമ പറയുന്നു. ലാമയുടെ ഹൃദ്യമായ പെരുമാറ്റരീതികൾ അവളെ ആകർഷിക്കുകയും മറ്റാരോടും തോന്നാത്ത ഒരു ഹൃദയബന്ധം അവനോട് തോന്നുകയും ചെയ്യുന്നു. വിശുദ്ധ നഗരമായിരുന്ന ഭൂമിയുടെ പുണ്യമായിരുന്നു സ്വന്തം നാടിനെ ( ടിബറ്റ്) വർണ്ണിക്കുമ്പോൾ അവന്റെ 'നാവിലൂടെ തേൻ ഒഴുകി. 'അഹിംസയിൽ വിശ്വസിച്ചിരുന്ന ശാന്തമായും സമാധാനമായും ജീവിച്ചിരുന്ന അവരിലേക്ക് ക്രമേണ ആക്രമണവും അധിനിവേശവും വന്നു. മെഷീൻ ഗണ്ണുകളെ പഴഞ്ചൻ തോക്കുകളും കല്ലുകളും മരത്തടികളും വാരിക്കുന്തങ്ങളും ഉപയോഗിച്ച് നേരിട്ട നിഷ്‌ക്കളങ്കരായ മനുഷ്യരുടെ ജീവിതമായിരുന്നു അവൻ വെളിപ്പെടുത്തിയത്. ഭൂമിയില്ലാത്തവന്റെ സങ്കടവും ബന്ധങ്ങളുടെ നഷ്ടവും പലായനത്തിന്റെ ദുരിതങ്ങളുമായിരുന്നു വലിയ ലാമ മുതൽ എല്ലാവരും അവളോട് പറഞ്ഞത്.
നെറ്റിയിൽ ചന്ദ്രക്കലയുണ്ടായിരുന്നതിനാൽ ലാമയെ പുനർജൻമത്തിന്റെ അടയാളമായി കണക്കാക്കി അടുത്ത ലാമയാക്കി അഭിഷിക്തനാക്കി. ലാമയുമായുള്ള ബന്ധത്തെ സുനു ചോദ്യം ചെയ്യുന്നു . വലിയ ലാമ തന്റെ മരണത്തിന് തൊട്ടു മുമ്പ് ഗോപയെ കാണണമെന്ന് പറയുന്നു. അദ്ദേഹം മരണത്തിനു മുമ്പ് അവളുടെ അച്ഛൻ 'ഷംബാല' എന്ന സ്ഥലത്തുണ്ടെന്ന് വെളിപ്പെടുത്തുന്നു. ആ വെളിപ്പെടുത്തലിന് ശേഷം വലിയ ലാമ മരിക്കുന്നു. ദാവയും ഗോപയും ഷംബാലയിലേക്ക് പോകാനായി ഒരുക്കങ്ങൾ നടത്തുന്നു. നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയുള്ള ഈ യാത്രക്കിടയിൽ ഇവർ കടന്നു പോകുന്ന ഹിമാലയൻ പർവ്വതങ്ങളും തണുപ്പിലെ മഞ്ഞുമലനിരകളെ താണ്ടിയുള്ള യാത്രയും അതീവ സാഹസികവും അതേ സമയം സുന്ദരവുമാണ്. ഒരു ഘട്ടത്തിൽ തേനീച്ചകളുടെ കുത്തേറ്റ് ദാവയുടെ ജീവൻ പോലും അപകടത്തിലാകുന്നു. എന്നാൽ അപ്പോഴും നിറഞ്ഞു കത്തുന്ന പ്രണയം അവരെ ശക്തമായി മുന്നോട്ട് നയിക്കുന്നു. ടിബറ്റിൽ പട്ടാളം ഭരണ ഏറ്റെടുത്തെങ്കിലും അവർ അതിക്രൂരമായാണ് ജനങ്ങളോട് പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ മാതാപിതാക്കൾ ചെറിയ കുട്ടികളെങ്കിലും വിദ്യാഭ്യാസ ചെയ്ത് വളരട്ടേ എന്ന് കരുതി മുപ്പതും നാൽപ്പതും ദിവസങ്ങൾ വരെ മഞ്ഞുമലകളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തിക്കും. ഈ യാത്രക്കിടയിൽ മനുഷ്യജീവിതത്തിലെ ദുരിതങ്ങളെ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങൾ ഇവർക്ക് ഉണ്ടാകുന്നു. നിറയെ പൂത്തുനിൽക്കുന്ന സ്നോലോട്ടസുകൾ ഉൾപ്പെടെ. അവാച്യമായ അനുഭൂതിയുണർത്തുന്ന നിരവധി രംഗങ്ങൾ ഈ യാത്രയ്ക്കിടയിൽ വരുന്നുണ്ട്. ഒടുവിൽ ഷംബാലയിലെത്തുമ്പോൾ അവൾ ചതുപ്പിൽ പെട്ടുപോകുന്നു. അവിടെ നിന്ന് രക്ഷിക്കുന്നത് അവളുടെ അച്ഛനാണ്. ദാവയോടും അച്ഛനോടുമൊപ്പം അവൾ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നുണ്ടെങ്കിലും പ്രിയപ്പെട്ട അച്ഛനെ തിരിച്ചു കിട്ടുമ്പോൾ പ്രിയപ്പെട്ടവനെ അവൾക്ക് നഷ്ടമാകുന്നു. വേർപാടിന്റെ വേദനയും നഷ്ട പ്രണയത്തിന്റെ തീവ്രമായ ഓർമ്മകളും ആർദ്രമായി അവതരിപ്പിച്ചു കൊണ്ടാണ് നോവൽ അവസാനിക്കുന്നത്.
കാവ്യാത്മക ഭാഷ ഈ നോവലിനെ മികവുറ്റതാക്കുന്നു. ഫ്‌ലാഷ് ബാക് ടെക്‌നിക് പോലുള്ള സവിശേഷമായ നിരവധി ടെക്‌നിക്കുകൾ കഥാകൃത്ത് ഉപയോഗിച്ചിട്ടുണ്ട്. പൂർവ്വകാല സ്മരണകൾ, ഗോപയുടെ ബാല്യകാല ഓർമ്മകൾ ഇവയെല്ലാം ഇടയ്ക്കിടെ ഓർമ്മകളിലൂടെ അവതരിപ്പിക്കുന്നു. കാണാതായ അച്ഛനെ തേടിയുള്ള ഗോപയുടെ യാത്രയിലൂടെ അവതരിപ്പിക്കുന്നതിനാൽ അന്വേഷണ വ്യാഖ്യാന രീതിയാണ് നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. സാഹസികമായ ആഖ്യാന രീതിയിലൂടെ ഹിമാലയവും ടിബറ്റൻ അതിർത്തിയും കടന്നുള്ള യാത്രകളിലൂടെയും യാത്രക്കിടയിൽ നേരിടേണ്ടി വരുന്ന അപകടങ്ങളിലൂടെയും വായനക്കാരിൽ ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്നു. ഹിമാലയവും ആത്മീയ അന്വേഷണത്തിന്റെ പ്രതീകമായാണ് നിലകൊള്ളുന്നത്. ദൃശ്യബിംബങ്ങൾ, മഞ്ഞുമലകൾ, ഭൂപ്രകൃതി, പ്രകൃതി ദൃശ്യങ്ങൾ എന്നിവ വളരെ ജീവസ്സുറ്റ രീതിയിൽ വരച്ചു കാട്ടുന്നതിലൂടെ വായനക്കാർക്ക് ആ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന അനുഭവം പ്രദാനം ചെയ്യുന്നു. അച്ഛനെ കണ്ടെത്താനുള്ള ഗോപയുടെ അന്വേഷണത്തോടൊപ്പം തന്നെ ഗോപയും ദാവയുമായുള്ള പ്രണയം, ടിബറ്റൻ അഭയാർത്ഥികളുടെ ദുരിത പൂർണമായ ജീവിതം ഇതെല്ലാം സമാന്തര വ്യാഖ്യാന രീതിയിലൂടെ (പാരലൽ നറേറ്റീവിലൂടെ) അവതരിപ്പിക്കുന്നു. മിത്തും യാഥാർത്ഥ്യവും ഇഴചേർത്തുള്ള വിവരണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഷംബാല ഒരു മിത്തിക്കൻ ഭൂമികയാണ് എന്നാൽ അതൊരു യഥാർത്ഥ സ്ഥലമായാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. തെയ്യവും മറ്റ് പല ഭാഷകളിലെ കവിതകളും ഉൾപ്പെടുത്തുന്നതിലൂടെ ഇന്റർടെക്‌സ്ച്വാലിറ്റി എന്ന സാങ്കേതിക വിദ്യയുടെ ശക്തമായ ഉപയോഗവും നോവലിലുടനീളം കാണാവുന്നതാണ്.
പൂർണമായും ഒരു ഫെമിനിസ്റ്റ് നോവൽ അല്ലെങ്കിൽ പോലും നിരവധി ഫെമിനിസ്റ്റ് ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു നോവലാണിത്. ഗോപ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുകയും തന്റെ ലക്ഷ്യത്തിനായി ധൈര്യത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്ന കഥാപാത്രമാണ്. പുരുഷന്മാർക്ക് മാത്രം അനുയോജ്യമായതെന്ന് സമൂഹം കരുതുന്ന പല സാഹസിക മേഖലകളിലും അവൾ മുന്നേറുന്നുണ്ട്. മാത്രമല്ല പരമ്പരാഗതമായ ലിംഗധാരണകളെ ചോദ്യം ചെയ്യുകയും പുരുഷന് സാധ്യമാകുന്നതിനേക്കാൾ മികച്ച രീതിയിൽ സ്ത്രീക്കും പുരുഷൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയും ചെയ്യുന്നു. അതിനാൽ ഫെമിനിസ്റ്റ് വായനയ്ക്കുള്ള സാധ്യതകളും ഈ നോവൽ തുറന്നിടുന്നു. അതോടൊപ്പം ബുദ്ധതത്വചിന്ത, ആത്മാന്വേഷണം, ബുദ്ധസംസ്‌കാരവും ജീവിതരീതിയും എല്ലാം കഥയുടെ പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നു. പലായന നോവൽ എന്ന വിശേഷണത്തോടൊപ്പം ഇതൊരു ആത്മാന്വേഷണ നോവലും കൂടിയാണ്. നായികയുടെ സത്യാന്വേഷണവും ആത്മീയ അന്വേഷണവും മാത്രമല്ല വിവിധ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരവും അനുഭവങ്ങളും കഥയുടെ പ്രധാന ഘടകമായ ഈ നോവൽ ഒരു യാത്രാ നോവലെന്ന വിശേഷണവും അർഹിക്കുന്നു. പരമ്പരാഗതമായ ചിന്താരീതികളെ തകർത്തുകൊണ്ടാണ് നോവൽ മുന്നേറുന്നത്. കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും മാനസികാവസ്ഥകളും ആഴത്തിൽ ചിത്രീകരിക്കുന്നതിനാൽ ഇതിനെ ഒരു മനഃശാസ്ത്ര നോവലിന്റെ ഗണത്തിലും ഉൾപ്പെടുത്താവുന്നതാണ്. പ്രകൃതിയുമായുള്ള ഇണങ്ങി ചേരലും ആത്മാന്വേഷണവും ബുദ്ധിസവും മഞ്ഞുപോലെ ഉരുക്കുന്ന പ്രണയവുമെല്ലാം ഈ നോവലിന് പുതിയൊരു തലം നൽകുന്നു. ഇതെല്ലാം ഉൾചേർത്ത് എഴുതപ്പെട്ട ഈ നോവൽ അസാധാരണമായ ഒരു വായന അനുഭവം സമ്മാനിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A compelling quest narrative following Captain Gopa's search for her missing father., Explores the intersection of Tibetan spirituality, military life, and the legend of Shambhala., Features a unique parallel narrative of love, loss, and the struggle of Tibetan refugees., Rich in descriptive imagery of Himalayan landscapes and Buddhist philosophy., Highlights feminist elements through the protagonist's independent and adventurous spirit.
Published: 26 Jul 2026, 10:55 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented