
പ്ലസ് വണ്ണിന് എവിടെ വേണമെങ്കിലും അഡ്മിഷൻ കിട്ടുമായിരുന്നു. കാലത്തിന് ചില ഉദ്ദേശങ്ങൾ ഉണ്ടായിരിക്കണം, എനിക്ക് തിരഞ്ഞെടുക്കാൻ തോന്നിയത് വീട്ടിൽ നിന്ന് ഇരുപത് കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള ഒരു സ്‌കൂളാണ്. അവിടെ വച്ചാണ് എന്റെ അടുത്ത പ്രണയം. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടുന്നത് കണ്ടാൽ പോലും ചോദ്യം ചെയ്യപ്പെടുന്ന സ്‌കൂളായിരുന്നു അത്. എന്നിട്ടും ഞങ്ങൾ സുന്ദരമായി പ്രണയിച്ചു. ആ പ്രണയമാണ് പത്തു വർഷങ്ങൾക്ക് ശേഷം എന്റെ വീടായത്. ഞാനും അവനും ഒരുമിച്ചു കണ്ട സ്വപ്നമാണ് ഇപ്പോൾ ഞാൻ ഇരുന്ന് എഴുതുന്ന ഈ വീട്. ഇവിടേക്ക് ഞങ്ങൾ സ്വപ്നത്തിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന ഞങ്ങളുടെ മഞ്ചാടിയും ചേർന്ന് ഇതിപ്പോൾ സ്വപ്നം കണ്ടതിലും മനോഹരമായ വീടായിട്ടുണ്ട്.
അവനിപ്പോഴും പറയും എന്ത് അത്ഭുതമാണെന്നറിയില്ല, ആദ്യമായി ക്ലാസ്സിലേക്ക് നീ കയറിവന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട് എന്ന്. ക്ലാസ്സിൽ മുപ്പതിലധികം കുട്ടികളുണ്ട്. അതിൽ എന്നെ ആദ്യമായി കണ്ടത് മാത്രം അവൻ ഓർത്തിരിക്കുന്നു എന്ന് കേൾക്കുന്നത് സുഖമുള്ള കാര്യമല്ലേ? മഞ്ഞക്കള്ളികളുള്ള പട്ടുപാവാടയിട്ട് ആരെയോ തല്ലാൻ വരുന്നതുപോലെയുള്ള എന്റെ നടത്തം എല്ലാകാലത്തേക്കുമായി അവന്റെ ഉള്ളിൽ പതിച്ചത് കാലമല്ലാതെ മറ്റാരാണ്?
ദൂരം കൂടുതലുള്ളതുകൊണ്ടുതന്നെ ചെലവ് കൂടി. അധികം വൈകാതെ സ്‌കൂൾ ബസിന്റെ ഫീസ് അടയ്ക്കാൻ പറ്റാതെയായി. മൂന്ന് സ്വകാര്യ ബസ്സുകൾ മാറി കയറി സ്‌കൂളിൽ പോകാൻ ഞാൻ നിർബന്ധിതയായി. പെരുമഴയെത്തും പൊരിവെയിലിലും ആ യാത്ര വല്ലാത്ത ദുരിതമായിരുന്നു. മലയാളം മീഡിയത്തിൽനിന്ന് പെട്ടെന്ന് എല്ലാം ഇംഗ്ലീഷിൽ പഠിക്കേണ്ടി വരുന്ന പ്രയാസം കൂടി ആയതോടെ പ്ലസ് വൺ പഠനം കഠിനമായി. പക്ഷേ എല്ലാ ഭാരങ്ങൾക്കിടയിലും ക്ലാസ്സിൽ എത്തിയാൽ ഒരാൾ കാത്തിരിക്കുന്നു എന്ന ചിന്ത എന്നെ മുടങ്ങാതെ സ്‌കൂളിൽ എത്തിച്ചു. സ്‌കൂളിലെ താരമായിരുന്നു അവൻ. പാട്ടും ഡാൻസും മിമിക്രിയും ഒക്കെയായി വർഷത്തിന്റെ പകുതിയും ക്ലാസ്സിൽ കാണില്ല. ക്ലാസ്സിൽ വന്നാലോ, മുൻ ബെഞ്ചിൽ ഇരിക്കുന്ന എന്നെ നാക്ക് കവിളിൽ മുട്ടിച്ച് പ്രത്യേക ശബ്ദം ഉണ്ടാക്കി വിളിക്കും. തിരിഞ്ഞുനോക്കുന്നത് വരെ അത് തുടരും. പഠനം അവന്റെ മേഖല ആയിരുന്നില്ല. എന്നിട്ടും അവൻ അധ്യാപകരുടെ പ്രിയപ്പെട്ട കുട്ടിയായിരുന്നു. പഠിക്കാത്തതിനും ഹോംവർക്ക് ചെയ്യാത്തതിനും അവനെ അടിക്കേണ്ടി വരുമ്പോൾ അവർ സങ്കടത്തിലായി. ചിരിപ്പിക്കാനുള്ള അവന്റെ കഴിവായിരിക്കണം എന്നെ ആകർഷിച്ചത്. ചിരിക്കാൻ വലിയ അവസരങ്ങൾ ഒന്നും ജീവിതത്തിൽ കിട്ടിയിട്ടില്ലാത്ത ഒരു പെൺകുട്ടി അവനെ ഇഷ്ടപ്പെട്ടതിൽ തെറ്റ് പറയാൻ കഴിയില്ല. മിനിറ്റുകൾ മാത്രമുള്ള ഞങ്ങളുടെ ഇന്റർവെൽ സമയം മുഴുവൻ ഞങ്ങൾ ഒരുമിച്ചിരുന്നു. എന്തായിരുന്നു അന്ന് ഇതിനുമാത്രം സംസാരിക്കാൻ ഉണ്ടായിരുന്നത്? അറിയില്ല. അല്ലെങ്കിലും പ്രണയികൾക്ക് എന്നാണ് വിഷയ ദാരിദ്ര്യം ഉണ്ടായിട്ടുള്ളത്.
കമ്പ്യൂട്ടർ സയൻസിലെ അർപ്പിത് അരവിന്ദിന് ധാരാളം ആരാധികമാർ ഉണ്ടായിരുന്നു. എത്ര രഹസ്യമായി സൂക്ഷിച്ചിട്ടും പ്രേമം സ്‌കൂൾ മുഴുവൻ അറിഞ്ഞു. ഞങ്ങൾ തമ്മിൽ പ്രണയം തുടങ്ങിയതിനുശേഷം പല കുഞ്ഞുസുന്ദരികളും അവനെ ഇഷ്ടമാണെന്ന് ദൂതയച്ചു. വൈകിപ്പോയി എന്ന് മറുപടി കൊണ്ട് അവൻ അവരെയെല്ലാം നിരാശരാക്കി. ആർക്കും അറിയില്ല എന്ന് ഞങ്ങൾ അഹങ്കരിച്ചിരുന്ന പ്രണയവിശേഷം എങ്ങനെയോ അധ്യാപകരും അറിഞ്ഞു. മലയാളം പഠിപ്പിച്ചിരുന്ന ബിന്ദു ടീച്ചർ എന്നെ മാറ്റി നിർത്തി പഠിത്തത്തിൽ ശ്രദ്ധ കുറയുന്നുണ്ടോ എന്ന് ചോദിച്ചു. എനിക്ക് കാര്യം മനസ്സിലായി, ഇനി ശ്രദ്ധിക്കണം എന്ന് ഞാനവനെ താക്കീത് ചെയ്തു. ഇനിയെന്ത് ശ്രദ്ധിക്കാൻ, രണ്ടടി കൂടുതൽ കിട്ടുമായിരിക്കും, അത് സാരമില്ല എന്നവൻ വലിയ പുരുഷനായി. അർപ്പിതും പ്രവീണയും ഇഷ്ടത്തിലാണ് എന്ന് എല്ലാവരും തമ്മിൽ പറഞ്ഞു തുടങ്ങിയിരുന്നു. കൂട്ടുകാരുടെ കളിയാക്കലുകൾ പോലും ഞങ്ങളെ സന്തോഷിപ്പിച്ചു. പക്ഷേ ഞങ്ങൾ സദാ അധ്യാപകരുടെ നിരീക്ഷണത്തിലായി. ആ പ്രായത്തിൽ അത് സ്വാഭാവികമാണെന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്. അന്ന് ഇവർ എന്തിനാണ് എപ്പോഴും പുറകെ നടക്കുന്നത് എന്ന് ദേഷ്യം തോന്നിയിട്ടുണ്ട്. കാണുന്നതെല്ലാം ഉള്ളിൽ തൊടുന്ന പ്രായമാണ്, നല്ലതുമാത്രം നീക്കിവെച്ചുതരാൻ അവർ പെട്ട പാട് ഇന്നാലോചിക്കുമ്പോൾ മനസ്സിലാവുന്നുണ്ട്.
രണ്ടുവർഷം രണ്ടുദിവസം പോലെ പോയി. എല്ലാ കാലത്തേക്കുമായി ഒരു സ്‌നേഹവും കുറച്ചു മനുഷ്യരെയും തന്നതുകൊണ്ട് ആ കാലത്തെ ദുരിതങ്ങളെ ഞാൻ മറന്നു കളയുന്നു. ഇവനാണ് ജീവിതം പങ്കിടാൻ കൂട്ടു വരുന്നതെന്ന് അന്ന് അറിഞ്ഞില്ല. കാണാതാവുമ്പോൾ പതിയെ അകന്നു പോകും എന്ന് തന്നെയാണ് കരുതിയത്. പക്ഷേ, ഉള്ളിൽ കൊത്തിയതുപോലെ പ്രണയം നാൾക്കുനാൾ ഉറച്ചുവന്നു. മാസങ്ങളോളം കാണാതിരുന്നിട്ടും തമ്മിൽ അകന്നില്ല. ദിവസവും ഓർത്തുകൊണ്ടിരുന്നവർ എങ്ങനെ അകലാനാണ്!
ഡിഗ്രിക്ക് ചുങ്കത്തറ മാർത്തമാ കോളേജിൽ ചേർന്നു. ക്ലാസ്സ് തീരുമ്പോൾ അവൻ വഴിയിൽ കാത്തു നിന്നു. അങ്ങനെ കോളേജിലും എല്ലാവരും അറിഞ്ഞു. സജീവമാകേണ്ടിയിരുന്ന ചില ക്യാമ്പസ് പ്രണയങ്ങൾ അതോടെ എന്റെ അടുത്ത് പോലും വരാതെ തകർന്നുപോയി. എപ്പോഴും എന്നെ ഓർക്കുന്ന ഒരാളുണ്ട് എന്നത് ആ കാലത്ത് എന്നെ ജീവിച്ചിരിക്കാൻ പ്രേരിപ്പിച്ചു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ജീവിച്ചിരിക്കാനുള്ള എന്റെ ഏക കാരണം ആ പ്രണയമായിരുന്നു. അവന്റെ കൂടെയുള്ള സ്വർഗ്ഗം പോലെയുള്ള ജീവിതം സ്വപ്നം കണ്ടാണ് ആ ദുരിതക്കടൽ ഞാൻ താണ്ടിയത്. പ്രേമിച്ചതിന് കൈവെള്ള അടിച്ചു പൊളിച്ച അധ്യാപകരെ പത്ത് വർഷങ്ങൾക്ക് ശേഷം ഒരുമിച്ചു പോയി ഞങ്ങൾ കല്യാണത്തിന് ക്ഷണിച്ചു. നീണ്ടനാൾ കണ്ട സ്വപ്നം പതിനൊന്ന് വർഷം മുൻപ് സഫലമായി. കുറേ തടസങ്ങൾ വന്നു, രണ്ട് വീട്ടുകാരും തമ്മിൽ അനാവശ്യ സംഘർഷങ്ങൾ ഉണ്ടായി. ക്ഷമയോടെ ഞങ്ങൾ കാത്തിരുന്നു, മറ്റൊരാളെ പങ്കാളിയാക്കാൻ സാധിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. ഒടുവിൽ ഏറ്റവും ലളിതമായി അത് നടന്നു. ആദ്യരാത്രിയിൽ കടന്നുപോന്ന ദിവസങ്ങളെ ഓർത്ത് ഞങ്ങൾ കെട്ടിപ്പിടിച്ചു കരഞ്ഞു.
എനിക്ക് കാത്തുവെച്ച ജീവിതത്തെ പ്രതി ഞാൻ കാലത്തോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ മൂന്ന് പേർ സ്‌നേഹത്തോടെ കഴിയുന്ന ഒരു വീട് മാത്രമേ ഞാൻ തീവ്രമായി സ്വപ്നം കണ്ടിട്ടുള്ളൂ. അത് മാത്രമേ ഇനിയങ്ങോട്ടുള്ള സ്വപ്നങ്ങളിലുമുള്ളൂ. ജീവിതം എന്തൊക്കെ തട്ടിപ്പറിച്ചിട്ടും ഞാൻ വീണുപോകാത്തത് അതുകൊണ്ടാണ്.
(തുടരും )
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 16 Sept 2026, 12:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented