പച്ചപരവതാനി വിരിച്ച പശ്ചാത്തലം, അവിടെ യൂണിഫോമിൽ ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസർ. കാടിനിടയിലൂടെ അദ്ദേഹം നടന്നു നീങ്ങി. ഇടയ്ക്കെപ്പൊഴോ അദ്ദേഹം കൈകൾ ഉയർത്തിപ്പിടിച്ച് ഒരു സെൽഫി വീഡിയോ റെക്കോർഡ് ചെയ്തു. മനോഹരമായ ആരണ്യത്തിനിടയിൽ നിന്ന്, കാക്കി കുപ്പായക്കാരൻ ഒറ്റയ്ക്ക് പാടുകയാണ്. മനസ്സറിഞ്ഞ് പാടിയ ആ പാട്ടുകൾ ചെന്നു വീണത്, ഇൻസ്റ്റഗ്രാമിലെ (Instagram) ലക്ഷക്കണക്കിനാരാധകരിലേക്ക്. അവർ അദ്ദേഹത്തിനൊരു പേരുമിട്ടു. ഇൻസ്റ്റ കത്തിക്കുന്ന ചേട്ടൻ.

കൃത്യമായി പ്ലാൻ ചെയ്ത് ചിത്രീകരിച്ച ഒരു സിനിമാ രംഗം പോലെ മനോഹരമായിരുന്നു അത്. പ്രകൃതിയുടെ ശാന്തതയും വശ്യതയും ആ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. ആ നിശബ്ദതയിൽ അദ്ദേഹം പാടിത്തുടങ്ങി. 'അഖിൽ കോപ്പിക്യാറ്റ്' (Akhilcopycat) എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ. അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.

കാക്കിയിട്ട പാട്ടുകാരൻ

തൊടുപുഴക്കാരനാണ് അഖിൽ കെ ശങ്കർ എന്ന ഈ വനംവകുപ്പ് ഉദ്യോഗസ്ഥൻ. ചെറുപ്പം മുതലേ സംഗീതം ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. കുറച്ച് കാലം സംഗീതം പഠിച്ചിരുന്നുവെങ്കിലും ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ, ആ ഇഷ്ടം തുടരാനായില്ല. എങ്കിലും ഒഴിവ് സമയങ്ങളിൽ പാട്ടുകൾ പഠിച്ചും, ഗാനമേളകളിൽ പാടിയും സന്തോഷം കണ്ടെത്തി. അസാമാന്യമായ ശബ്ദമാണ് അദ്ദേഹത്തിന്റേത്. ഏതു തരം പാട്ടുകളും വഴങ്ങുന്ന സ്വരസിദ്ധമായ ആലാപനം. 

എട്ട് വർഷം മുമ്പാണ് കോട്ടയം-ഇടുക്കി മേഖലയിലെ നഗരംപാറ ഫോറസ്റ്റ് റേഞ്ചിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പതിവ് പട്രോളിങും കാട്ടിലേക്കുള്ള യാത്രകളും ഒരേ രീതിയിലുള്ള ജീവിതക്രമവും. വിരസത അദ്ദേഹത്തെ വേട്ടയാടി. ആ സമയത്താണ് ചന്ദനക്കാടുകൾക്ക് പേരു കേട്ട ഇടുക്കിയിലെ മറയൂർ റേഞ്ചിലേക്ക് അദ്ദേഹത്തിന് മാറ്റം ലഭിക്കുന്നത്. സ്ഥലം മാറിയെങ്കിലും ജോലിയുടെ സ്വഭാവത്തിന് വലിയ മാറ്റമൊന്നുമുണ്ടായില്ല. വിരസത അപ്പോഴും തുടർന്നു.

‘ആ ഘട്ടത്തിലാണ് എന്തുകൊണ്ട് കാട് പശ്ചാത്തലമാക്കി കണ്ടന്റ് ചെയ്തുകൂടാ എന്ന ചിന്ത വന്നത്. കാരണം, കാടിനുള്ളിലെ ജീവിതം എങ്ങനെയുള്ളതാണെന്ന് അറിയാൻ മിക്കവർക്കും ആകാംക്ഷയുണ്ട്. പൊതുജനങ്ങൾക്ക് അനുവാദമുള്ളിടങ്ങളിൽ നിന്നു തന്നെയാണ് ഞാൻ ഷൂട്ട് ചെയ്യാറ്,’ അഖിൽ പറയുന്നു. 

ഒഴിവ് സമയങ്ങളിൽ പാട്ടുകൾ പാടി അത് സോഷ്യൽ മീഡിയയിൽ ഇട്ടു തുടങ്ങി. മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്, ആലാപന ശൈലിയായിരുന്നു, പിന്നെ മൊട്ടത്തലയും ആ കട്ടിമീശയും. ഒപ്പം കാടിന്റെ വശ്യതയിൽ നിന്നുകൊണ്ട് പാടിയ ചില മനോഹര ഗാനങ്ങളും. ഒട്ടുമിക്ക വീഡീയോകളിലും പാടുന്നതിന് മുമ്പ് അഖിൽ എന്തെങ്കിലും ഒരു ഇൻട്രോ പറയും. അതിൽ നമുക്ക് ഇൻസ്റ്റ കത്തിച്ചാലോ എന്ന വാചകം ക്ലിക്കായി. അങ്ങനെ അത് അദ്ദേഹത്തിന്റെ സ്റ്റെലായി.

‘ആദ്യമൊക്കെ വല്ലപ്പോഴും മാത്രമാണ് പാടിയിരുന്നത്. കൂടുതലും മെലഡികളായിരുന്നു. എല്ലാവരെയും പോലെ എനിക്കും മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന ചില ആശങ്കകളുണ്ടായിരുന്നു. കുറച്ച് പെർഫക്ഷനിസ്റ്റുമായിരുന്നു. രാവണപ്രഭു റീ-റിലീസിന് ശേഷം അതിലെ തകിലു പുകിലു എന്ന ഫാസ്റ്റ് നമ്പർ പാടി. അതായിരുന്നു ആദ്യം റീച്ച് കിട്ടിയ വീഡിയോ’. വീഡിയോ ഹിറ്റായപ്പോൾ തന്നെ കൂടുതൽ വീഡിയോകൾക്കായി പ്രേക്ഷകർ കാത്തിരുന്നു. ‘നിങ്ങൾ എവിടെയാണ്? അടുത്ത വീഡിയോ കൂടി തരൂ’ എന്നിങ്ങനെയുള്ള കമന്റുകൾ കൊണ്ട് ഇൻബോക്സ് നിറഞ്ഞു. അധികം വൈകാതെ, അതേ ഊഷ്മളതയോടും ചിരിയോടും കൂടി കൂടുതൽ വീഡിയോകളെത്തി. കാടിന്റെ പശ്ചാത്തലത്തിൽ തന്നെ. ലൈക്കുകളും ഷെയറുകളും അഖിലിനെ സോഷ്യൽ മീഡിയയിലെ ഒരു വൈറൽ താരമാക്കി മാറ്റി.

ആളുകളുടെ സപ്പോർട്ടും സ്നേഹവും അഖിലിനെ കൂടുതൽ പാട്ടുകൾ പാടാൻ പ്രേരിപ്പിച്ചു. പതുക്കെ മെലഡികൾ വിട്ട്, പാടാൻ പ്രയാസമുള്ള ഫാസ്റ്റ് നമ്പറുകൾ, പുതിയ സിനിമകളിലെ വൈറൽ പാട്ടുകളൊക്കെയായി അദ്ദേഹത്തിന്റെ സംഗീതലോകം വളർന്നു.

എല്ലാ ഭാഷയും പെട്ടെന്നു വഴങ്ങുന്നയാളാണ് അഖിൽ. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, എന്തിനധികം അറബി വരെ, ഭാഷയേതായാലും, ഗാനം പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളിൽ തന്നെ അത് പഠിച്ച് പാടിയിരിക്കും. ജോലിത്തിരക്കിനിടയിലും ഇത്രയും ആത്മാർഥമായി ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നത് പാട്ടുകളോടുള്ള അഭിനിവേശമാണ്. കുടുംബവും കൂടെജോലിചെയ്യുന്നവരുമൊക്കെ അഖിലിന് ഫുൾ സപ്പോർട്ടുമായി കൂടെയുണ്ട്.

FA9LA

ധുരന്ധറിലെ ഹിറ്റ് ഗാനമായ FA9LA ആയിരുന്നു മറ്റൊരു വഴിത്തിരിവ്. ‘പാടാൻ വരികളൊന്നും ഇന്റർനെറ്റിൽ കിട്ടിയിരുന്നില്ല. ഒടുക്കം പാട്ടിലെ വരികൾ തന്നെ കേട്ട് പഠിച്ചു. നമുക്ക് പാൻ ഇന്ത്യ കത്തിച്ചാലോ എന്നു വീഡിയോയുടെ തുടക്കത്തിൽ ഇൻട്രോയുമിട്ടു’. പറഞ്ഞത് പൊന്നാക്കിക്കൊണ്ട് ആ വീഡിയോ വൈറലായി. പാൻ ഇന്ത്യ കത്തി. അങ്ങനെ അഖിൽ ഇൻസ്റ്റ കത്തിക്കുന്ന ചേട്ടനായി.

ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നതിന് പകരം സ്വന്തമായി ഒന്നു സൃഷ്ടിക്കാൻ അഖിൽ തീരുമാനിച്ചു. ‘എനിക്ക് എപ്പോഴും സംഗീതം ഇഷ്ടമായിരുന്നു, സംഗീതത്തിന് ഒരു ഔഷധഗുണമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.’ എ.ആർ. റഹ്മാന്റെയും അനിരുദ്ധിന്റെയും വലിയ ആരാധകനാണ് അഖിൽ.

'കോപ്പിക്യാറ്റ്' എന്ന പേര്

മറ്റൊരാളുടെ ശൈലിയോ പെരുമാറ്റമോ അനുകരിക്കുന്നവരെയാണ് സാധാരണയായി 'കോപ്പിക്യാറ്റ്' എന്ന് വിളിക്കാറുള്ളത്. സിനിമ ഗാനങ്ങൾ പുനരാവിഷ്കരിക്കുന്ന അഖിലിന് ഈ പേര് തികച്ചും അനുയോജ്യമായിരുന്നു. എന്നാൽ ഈ പേരിന് പിന്നിൽ തന്റെ വിദ്യാർത്ഥിക്കാലത്തെ ചില ഓർമ്മകളുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘സ്കൂൾ കാലം മുതൽ 'അഖിൽ' എന്നത് വളരെ സാധാരണമായ പേരായിരുന്നു. എന്റെ ബാച്ചിൽ തന്നെ ഒട്ടേറെ അഖിൽമാരുണ്ടായിരുന്നു. കോളേജ് കഴിഞ്ഞപ്പോൾ, ഞാൻ 'കോപ്പിക്യാറ്റ്' എന്ന പേരിൽ ഒരു എഡിറ്റിങ് സ്റ്റുഡിയോ തുടങ്ങുകയും ചെയ്തിരുന്നു. മറ്റ് അഖിൽമാരിൽ നിന്ന് വേർതിരിച്ചറിയാൻ സുഹൃത്തുക്കളും ഈ പേര് ഉപയോഗിച്ചു തുടങ്ങി. പതുക്കെ അത് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറി,’ അഖിൽ ഓർക്കുന്നു.

സിനിമയോ പ്രശസ്തിയോ ലക്ഷ്യം വെക്കുന്ന മലയാളികളുടെ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തനാണ് ഇദ്ദേഹം. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തേക്കാൾ, സ്വന്തം ഇഷ്ടങ്ങളെ മുൻനിർത്തി ജീവിക്കാനാണ് അഖിൽ ആഗ്രഹിക്കുന്നത്. ‘ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ സന്തോഷവാനാണ്. മാതാപിതാക്കളും ഭാര്യ അശ്വതിയും മക്കളായ ഋതുവും ഋഷിയും നൽകുന്ന പിന്തുണയാണ് എന്റെ കരുത്ത്.’ നിലവിൽ ഇടുക്കിയിലെ വൈരമണി ഫോറസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്യുകയാണ് അഖിൽ.

‘എല്ലാറ്റിലുമുപരി, വനംവകുപ്പിലെ എന്റെ മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും നൽകുന്ന പിന്തുണയ്ക്ക് ഞാൻ കടപ്പെട്ടിരിക്കുന്നു. അവർ ഒപ്പമില്ലായിരുന്നെങ്കിൽ എന്റെ ഈ സംഗീതയാത്ര തുടക്കത്തിലേ അവസാനിക്കുമായിരുന്നു.’

ഒരേയൊരു സ്വപ്നം
സംഗീതത്തിൽ വലിയ കരിയർ ലക്ഷ്യങ്ങളൊന്നുമില്ലെങ്കിലും ഒരു സ്വപ്നം അഖിലിന്റെ മനസ്സിലുണ്ട്. "ഒരു സംഗീത ആൽബം നിർമ്മിക്കണം. കുറച്ച് പാട്ടുകൾക്ക് ഈണം നൽകണം."
വനത്തിന്റെ നിശ്ചലതയെ ഭേദിച്ചുകൊണ്ട്, കാക്കിയണിഞ്ഞ് അഖിൽ വീണ്ടും പാടി... ആ സ്വരം വനാന്തരങ്ങൾ കടന്നൊഴുകി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi