വളരെ ചെറിയ പ്രായത്തിൽ തന്നെ അമ്മ എനിക്ക് നാട്ടിലെ പബ്ലിക് ലൈബ്രറിയിൽ അംഗത്വം എടുത്തിരുന്നു. അവിടെവച്ചാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്. എന്റെ പതിനാലാമത്തെ വയസ്സിൽ. അന്ന് അയാൾക്ക് ഇരുപത്തിയേഴ് വയസ്സാണ്. ഹാഫ് കൈ ഷർട്ടും ചേരുന്ന കരയുള്ള മുണ്ടുമാണ് എപ്പോഴും വേഷം. പ്രണയം തുടങ്ങിയതിനുശേഷം അയാളാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരൻ എന്ന് എനിക്ക് തോന്നി. ആദ്യമായി ഒരു ഓമനപ്പേരിൽ എന്നെ വിളിച്ചത് അയാളാണ്. എന്തൊക്കെയോ വായിച്ച് പതിയെ നിന്നു പോകുമായിരുന്ന എന്റെ വായനയെ വേണ്ടരീതിയിൽ വളരാൻ സഹായിച്ചതും അയാളാണ്. എന്നേക്കാൾ പതിമൂന്ന് വയസ്സ് കൂടുതലുണ്ടായിരുന്നവന് എന്നോട് തോന്നിയത് പ്രേമമാണ് വാത്സല്യമാണോ എന്ന് പോലും എനിക്ക് സംശയമുണ്ട്.

To advertise here,

ലൈബ്രറിയിലും അമ്പലമുറ്റത്തും ഞങ്ങൾ സ്ഥിരമായി കണ്ടു. പേരിന്റെ കൂടെ ഏട്ടൻ എന്ന് ചേർത്ത് കൂട്ടുകാരികളോട് ഞാൻ എന്റെ കാമുകനെ കുറിച്ച് നിർത്താതെ സംസാരിച്ചു. പട്ടുപാവാടയിൽ എന്റെ കുട്ടിയെ കാണാൻ നല്ല ചന്തമാണ് എന്ന് കേട്ടതോടെ അമ്മയുടെ സകലസാരികളും വെട്ടി പാവാട തയ്പ്പിച്ചു. വീട്ടിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാലോ കൂട്ടുകാരികൾ പിണങ്ങിയാലോ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാലോ ഒക്കെ ഞാൻ അയാളെ തിരഞ്ഞു ചെന്നു. ആ സാന്നിധ്യം കുറെ നാളത്തേക്ക് എനിക്ക് അഭയമായിട്ടുണ്ട്.

പ്രായവ്യത്യാസം ഞങ്ങളെ പേടിപ്പിച്ചിരുന്നു. അയാൾക്ക് വീട്ടിൽ കല്യാണാലോചനകൾ നടക്കുന്ന സമയമായിരുന്നു. എല്ലാ പ്രണയങ്ങളുടെ പരിസമാപ്തി കല്യാണമല്ല എന്ന് ഞങ്ങൾ ആശ്വസിക്കാൻ ശ്രമിച്ചു. ഒരുമിച്ചുണ്ടാവുന്ന നേരങ്ങളിൽ ദീർഘനേരം പുസ്തകങ്ങളെ കുറിച്ച് സംസാരിച്ചു. നിർബന്ധമായും വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് എനിക്ക് തന്നു. ഓരോന്നും വായിച്ചു തീരുമ്പോൾ അഭിപ്രായം ചോദിച്ചു, വായനക്കുറിപ്പുകൾ എഴുതി സൂക്ഷിക്കാൻ നിർബന്ധിച്ചു. അതൊക്കെയാണ് പിന്നീട് എഴുത്തിലേക്ക് നീക്കി നിർത്തിയത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ആ ലൈബ്രറിയിലെ സ്ഥിരം സന്ദർശകർക്ക് മുഴുവൻ ഞങ്ങളുടെ പ്രണയം പരിചിതമായിരുന്നു. എന്നിട്ടും അതിനു പുറത്തേക്ക് ആരും ആ കഥ കൊണ്ടുപോയില്ല. ഒരാളും അതിന്റെ പേരിൽ ഞങ്ങളെ കുറ്റവാളികളെ പോലെ കണ്ടില്ല. ഏതെങ്കിലും ഒരു മൂലയിൽ ഒരു മേശയുടെ ഇരുപുറം നീണ്ട നേരം ഞങ്ങൾ പരസ്പരം നോക്കിയിരുന്നു. ചിലപ്പോൾ എന്റെ മുൻപിൽ മേശയിലേക്ക് തലചായ്ച്ച് അയാൾ ഉറങ്ങി. ഉണർത്താതെ, ആരെയും അടുപ്പിക്കാതെ ഞാനാ ഉറക്കത്തിന് കാവലിരുന്നു.

എന്തെങ്കിലും എഴുതിയാൽ ആവേശത്തോടെ ഞാൻ അയാളെ കാണിക്കാൻ ഓടിച്ചെന്നു. പലതും തിരുത്തിയും വെട്ടിയും അയാളെന്റെ അക്ഷരങ്ങൾക്ക് കൂട്ടിരുന്നു. ഞാൻ ഏറ്റവും സമാധാനം അനുഭവിച്ച നാളുകളാണത്. കാണുമ്പോഴൊക്കെ നെഞ്ചിടിപ്പ് കൂടിയ, വീണ്ടും വീണ്ടും കാണാൻ കൊതിയുണ്ടായ, കണ്ടാൽ മാത്രം മതി എന്ന് തോന്നിപ്പിച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയം.

ഒരിക്കൽ തൊട്ടപ്പുറത്തെ വീട്ടിലേക്ക് എനിക്കൊരു ഫോൺ കോൾ വന്നു. അപ്പുറത്ത് അയാളായിരുന്നു. അത്യാവശ്യമായി കാണണം, വൈകിട്ട് അമ്പലത്തിലേക്ക് വരണമെന്ന് മാത്രം പറഞ്ഞ് അത് കട്ടായി. എനിക്ക് അപകടം മണത്തു. അത്യാവശ്യമായി പറയാനുള്ളത് എന്തായിരിക്കും എന്ന് ഊഹിക്കാനായി. സന്ധ്യയ്ക്ക് അമ്പലത്തിൽ വച്ച് കാണുമ്പോൾ സ്വാഭാവികമായി പെരുമാറാൻ ഞാൻ ശ്രദ്ധിച്ചു. ഒരു കാരണവശാലും എന്റെ സങ്കടം അയാളെ ബാധിക്കരുത്. ഇരുട്ടിൽ ആൽത്തറയുടെ സമീപത്ത് വച്ച് പതിയെ കൈപിടിച്ച് തലോടി അയാൾ പറഞ്ഞു, 'വീണക്കുട്ടീ, കല്യാണം ഉറച്ചു. രണ്ടുമാസത്തിനുള്ളിൽ കാണും.'

ഇരുട്ടിയത് നന്നായി എന്ന് എനിക്ക് തോന്നി. കണ്ണുനിറഞ്ഞതും മുഖം വാടിയതും ഏട്ടൻ കാണില്ല. 'എന്നായാലും വേണ്ടതല്ലേ, സാരമില്ല. എനിക്ക് സങ്കടം ഒന്നുമില്ല.'

ആ നുണ അയാളെ സമാധാനിപ്പിച്ചു കാണണം. തൊട്ടടുത്ത ആഴ്ചകളിൽ ഒന്നിൽ കല്യാണക്കുറിയുമായി അയാൾ വീട്ടിലേക്ക് വന്നു. ഞാൻ മുറിയിലേക്ക് കയറിപ്പോയി. അയാളും അമ്മയും കുറച്ചുനേരം സംസാരിച്ചു. പോട്ടെ, കാണാം എന്ന് യാത്ര പറയുന്നത് കേട്ടു. വേലിയരികിലേക്ക് ഞാൻ ഓടിച്ചെന്നു. അയാൾ കാണാതെ നടന്നുമറയുന്നത് നോക്കിനിന്നു. അമ്മ അറിയാതെ കുറെ നേരം കരഞ്ഞു.

കല്യാണത്തിന് ഒരാഴ്ച മുൻപ് ഞാൻ അയാളുടെ ഓഫീസിലേക്ക് ചെന്നു. കല്യാണ ചെക്കൻ ഇരുപത് ദിവസം ലീവ് ആണല്ലോ എന്ന് കേട്ടു. കല്യാണത്തിന് മുൻപ് ഒരിക്കൽ കൂടി അയാളെ കാണണമെന്ന് തോന്നി. എന്നെ മറക്കുമോ എന്ന് ചോദിക്കണമെന്നും. പക്ഷേ നടന്നില്ല. അന്ന് സോഷ്യൽ മീഡിയയോ മൊബൈൽ ഫോണോ ഇല്ല. അതുകൊണ്ട് കല്യാണ ഫോട്ടോയോ താലികെട്ടോ കാണേണ്ടിവന്നില്ല. ഏട്ടന്റെ ഭാര്യ എന്നെക്കാൾ മിടുക്കി ആയിരിക്കുമോ എന്നൊക്കെയുള്ള വേവലാതികൾ എനിക്ക് ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ആരും അറിയാതെ സൂക്ഷിക്കാൻ അതിനകം ഞാൻ ശീലിച്ചിരുന്നു

അകത്തു കടന്നാൽ രക്ഷപ്പെടാൻ മാർഗ്ഗമില്ലാത്ത പ്രേമക്കുഴിയിലേക്ക് ഞാൻ വീണുപോയത് ആ പ്രണയത്തോടെയാണ്. സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാക്കിയത്, ജീവിച്ചിരിക്കാൻ ധൈര്യം തന്നത്, മിടുക്കിയാണ് എന്ന് ഉറപ്പിച്ച് തന്നതൊക്കെ ആ ചെറിയ കാലമാണ്. പിന്നീട് പലപ്പോഴും അയാളെയും ഭാര്യയെയും പലയിടത്തും വച്ചു കണ്ടു. വെറും പരിചയക്കാരെ പോലെ ഞങ്ങൾ മിണ്ടി. പിന്നീട് ഞാൻ അധികം ലൈബ്രറിയിലേക്ക് പോയില്ല. അവിടം മുഴുവൻ ഞങ്ങളുടെ പ്രേമത്തിന്റെ അടയാളങ്ങൾ ആയിരുന്നു. പിന്നീട് പലപ്പോഴും അപ്രതീക്ഷിതമായി ഞങ്ങൾ കണ്ടു. പക്ഷേ പഴയ അടുപ്പത്തോടെ മിണ്ടാൻ സാധിക്കാത്ത തരം എന്തോ വിടവ് ഞങ്ങൾക്കിടയിൽ ഉണ്ടായി.

അപ്പോഴേക്കും ഞാൻ പ്ലസ്ടുവിൽ എത്തിയിരുന്നു. ദാരിദ്ര്യവും വീട്ടിലെ വഴക്കുകളും അതിനകം എന്ന ഭീകരമായി ബാധിച്ചിരുന്നു. പതിയെ ഞാൻ അയാളെ മറന്നു. ജീവിതം ക്രൂരമായി പരീക്ഷിച്ചു കൊണ്ടിരുന്ന കാലമാണ്. തരളവികാരങ്ങൾക്ക് ഒന്നും അവിടെ സ്ഥാനം ഉണ്ടായിരുന്നില്ല. എഴുത്തും വായനയും സ്വപ്നം കാണലും ഒക്കെ നിന്നുപോയി. സ്‌കൂളും വീടുമായി ലോകം ചുരുങ്ങി. ആധികളൊഴിഞ്ഞ നേരം ഉണ്ടായിരുന്നില്ല. അതിനു ശേഷം എനിക്കൊരാളെ പ്രേമിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയതല്ല. പക്ഷേ പിന്നീട് ഉണ്ടായ പ്രണയമാണ് എനിക്ക് വീടായത്. പത്ത് വർഷം നീണ്ടുനിന്ന, കല്യാണത്തിൽ എത്തിയ പ്രണയം. അതിനെക്കുറിച്ച് ഇനി എഴുതാം.

(തുടരും )

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi