കുഞ്ഞാണിയമ്മയുടെ പഴയ തറവാട് നിൽക്കുന്നിടത്ത് നിന്ന് രണ്ടടി മുന്നോട്ടായി, കവുങ്ങിൻതടിയും അതിനു മേലെ മാച്ചിപ്പട്ടയും വലിച്ചിട്ട ബേജാറ് മുക്കിൽ ഉദീശന്റെ വരവുംകാത്ത് ഞങ്ങൾ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. കാഞ്ഞങ്ങാട് ടൗണിൽ നിന്നും മുണ്ടോട്ടേക്ക് വരുന്ന ലാസ്റ്റ് ബസ്സിൽ കയറിയിട്ടുണ്ടെന്നാണ് കബീഷൻ ഫോൺ വിളിച്ചപ്പോൾ അവൻ പറഞ്ഞത്. നന്നാരത്തെ ഇറക്കമിറങ്ങുന്നതിനു മുൻപുള്ള കാരാക്കോട്ട് റോഡിൽ അവനെത്തിക്കാണുമെന്നും പോസ്റ്റ്മാൻ കുഞ്ഞിക്കണ്ണേട്ടന്റെ തോട്ടത്തിലൂടെയുള്ള ഷോർട്ട്കട്ട് വഴി ഇപ്പോൾ ഇവിടെയെത്തുമെന്നും വിചാരിച്ച് മാച്ചിപ്പട്ടയ്ക്ക് മേലെ ഞാൻ അമർന്നിരുന്നു. നന്നാരത്ത് ഇന്ന് കുറിയായതുകൊണ്ടാവണം, സുധീഷേട്ടനും പ്രജീഷേട്ടനും വരവു മുടക്കി. 'അക്കരമ്മ വിളക്ക് വെച്ചിട്ട് വേഗം വരാം..' എന്നു പറഞ്ഞുപോയ അർജുനെയും നേരമിതുവരെയായിട്ടും കാണാനില്ല.
ഇത്രയുമായപ്പോൾത്തന്നെ സനീഷിന് നട്ടപ്രാന്ത് തുടങ്ങി. കാരംബോർഡിൽ പലയാവർത്തി കോയിനുകൾ നിരത്തിയും അടുക്കിയും അവൻ തന്റെ ക്ഷമയ്ക്ക് ആക്കം കൂട്ടി. ഇതിനിടയിൽ അമ്പലത്തിൽ നിന്നും പാട്ടുവെച്ചതും, സനീഷ് തന്റെ ഫോൺ നോക്കി. കൃത്യം ആറര. ‘’അവര് പറ്റിച്ചു ഡാ.. ഇനി ആരും വരാനൊന്നും പോന്നില്ല...’’ കാരംബോർഡ്‌ വെച്ചിരിക്കുന്ന മേശയുടെ വലിപ്പിൽ നിന്നും ടോർച്ചെടുത്തുകൊണ്ട് സനീഷ് കുണ്ടിക്കത്തെ

പൊടിയുംതട്ടി പോവാനിറങ്ങി.
പഠിക്കുന്ന കാലംതൊട്ടേ സനീഷിൻ്റെ ദേഷ്യമറിയാവുന്നതുകൊണ്ട് ഞാനവന് നേരെ തിരിഞ്ഞിരുന്നു. ബോർഡിൽ പൊടിവിതറിയും സ്ട്രൈക്കർ തട്ടി പലകയിൽ ശബ്ദമുണ്ടാക്കിയും കബീഷനും അനുനയ ചർച്ചയ്ക്ക് ആക്കം കൂട്ടി.
‘അവർ ഇപ്പോ വരും. അതുവരെ നമുക്ക് ഒരു റൗണ്ട് സിംഗിൾ കളിക്കാ'മെന്ന് പറഞ്ഞ് സനീഷിനെ മേശയ്ക്ക് മുന്നിൽ ഞാൻ തളച്ചിട്ടു.
 

 

ബോർഡിന് ചുറ്റും മൂന്ന് കസേര സെറ്റാക്കി വലത്ത് നിന്നും ഇടത്തോട്ട് ഞങ്ങൾ കളിച്ചുതുടങ്ങി. കളിയിൽ ഹരംകേറി തുടങ്ങിയേതാടെ സനീഷിന്റെ ആച്ച് ശരിയായി. കറുപ്പും വെളളയും മാറിമാറി വരുതിയിലാക്കികൊണ്ട് ഞങ്ങൾ മെല്ലെ ട്രാക്കിൽ കയറവേ, ദെച്ചു അമ്മയുടെ മുറ്റത്തു നിന്ന് വന്ന ഒരൊച്ച കളിയിലേക്ക് കല്ലെറിഞ്ഞു.
അന്തിരിച്ചനാണതെന്ന് ശബ്ദം കേട്ടപ്പോൾ തന്നെ

മനസ്സിലായതിനാൽ, ഞാൻ സ്ട്രൈക്കറിൽ നിന്നും വിരെലടുത്തു. വഴുക്കലുള്ള ഒതുക്കുകൾ ഓരോന്നായി കയറി അന്തിരിച്ചൻ ഞങ്ങളടുത്തേക്ക് എത്തുംമുമ്പ് മൂപ്പരുടെ രൂപംകണ്ട് ഞങ്ങൾക്ക് പന്തികേട് മണത്തു.
ചവയ്ക്കാതെ വിഴുങ്ങിയ ചക്കക്കുരു പോലെ ശബ്ദം അയാളുടെ തൊണ്ടയിൽ നിന്നും വട്ടംചവിട്ടി. ഒടുക്കം ഞരങ്ങിയും മുക്കിയും കാര്യം പറഞ്ഞു. '’ഉദീശൻ കരുണൻ്റെ വളപ്പിലെ പൊട്ടക്കണറ്റിൽ വീണു. വലുതായി ഒന്നും പറ്റിയില്ല. ചെമ്മട്ടംവയലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.’’
വായയ്ക്ക് തോന്നിയതെന്തും കോതക്ക് പാട്ടാക്കുന്ന പലരും മുണ്ടോട്ട് നാട്ടിലുണ്ടെങ്കിലും അന്തിരിച്ചൻ അക്കൂട്ടത്തിൽ പെടാത്ത ഒരാളാണന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ, മൂന്നു പേർക്കുമിടയിൽ വെപ്രാളം വട്ടംതിരിഞ്ഞു. വന്നകാര്യം പറഞ്ഞുകഴിഞ്ഞതും നിരത്ത് ലക്ഷ്യമാക്കി അന്തിരിച്ചൻ നടന്നകന്നു. എന്തുവേണമെന്നറിയാതെ ഞാൻ ഉദീശനായി ഒഴിച്ചിട്ട കേസരയിലേക്ക് നോക്കവേ, കണ്ടം കേറി വരുന്ന ഇരുട്ട് ഞങ്ങളെ പരസ്പരം കാണാതാക്കി.

 

ii
ചാളക്കടവ് ചുറ്റി ചെമ്മട്ടംവയൽ വഴി പോകുന്ന വരദായിനി ബസ്സിൽ ഞങ്ങൾ മൂന്നുപേരും വെയില് വരും മുമ്പേ ജില്ലാശുപത്രിയിൽ എത്തി. നിന്നിടത്തും തിരിഞ്ഞിടത്തുമൊക്കെ പരിചയക്കാരായതുകൊണ്ടാവാം, ഗ്രൗണ്ട് ഫ്ലോറിലായിട്ടുകൂടി ഞങ്ങൾ അവന്റെയടുത്തെത്താൻ പിന്നെയും സമയമെടുത്തു. എ ബ്ലോക്കിലെ നാലാം വാർഡിൽ എത്തുമ്പോഴേക്കും കയ്യിലൊരു പന്തച്ചുറ്റുമായി ഉദീശനും തൊട്ടടുത്ത് അമ്മ പാർവതിയേട്ടിയുമിരിക്കുന്നു. കാൻ്റീനിൽ നിന്നും വാങ്ങിയ ചായ അവന് ഗ്ലാസിൽ പകർന്നു കൊടുക്കുകയായിരുന്നു പാർവതിയേട്ടി. എനിക്ക് അവന്റെ കിടപ്പുകണ്ടപ്പോൾ ആദ്യം ബേജാറും പിന്നാലെ ചിരിയും വന്നു. എന്നാൽ അവന്റെ അമ്മയുടെ നാവിന്റെ നീളമറിയാവുന്നതുകൊണ്ട്, ചിരിയടക്കി നിന്നു.
 

placeholder

 

കൈക്കും കാലിനും ഉറയും ചുറ്റി അനങ്ങാതിരിക്കുന്ന അവൻ അക്കരമ്മലെ ബോളൻ രാഘേവട്ടന്റെ തനിപ്പകർപ്പാണെന്ന് എനിക്ക് മാത്രമല്ല അവർക്ക് രണ്ടുപേർക്കും തോന്നിക്കാണും. വലത്തെ കൈയും ഇടത്തെ കൈയും ഇടവിട്ടിടവിട്ട് പ്ലാസ്റ്ററിനുള്ളിലാക്കുന്ന രാഘേവട്ടൻ പോലും ഇന്നേവരെ കിണറ്റിൽ വീണ് കൈയൊടിച്ചിട്ടില്ല. പിന്നെ ഇവന് മാത്രം ഇതെങ്ങനെ പറ്റിപ്പോയി എന്ന് ചോദിച്ചത് സനീഷാണ്. കാരാക്കോട്ടു നിന്നും റബ്ബറിന്റെ ഉള്ളിലൂടെയുള്ള വഴിയെക്കുറിച്ച് അതുവരെ പാർവതിയേട്ടിക്ക് നല്ല മതിപ്പായിരുന്നുവെങ്കിലും ഇതോടെ ആ ധാരണയിൽ വിള്ളൽവീണു . അവിടുത്തെ തെളിക്കാത്ത വഴിയെക്കുറിച്ചും മറകെട്ടാത്ത കിണറിനെക്കുറിച്ചും പലരും അവിടെ വന്ന് പറഞ്ഞ കഥകളൊക്കെയും ഒന്നുവിടാതെ അവർ ഞങ്ങൾക്കിരുത്തി പറഞ്ഞുതന്നു. പക്ഷേ, ഉദീശൻ ഇതിലൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് തോന്നി. സംഗതി മറ്റെന്തോ ആണെന്ന് തീർച്ചയായതും സനീശൻ ഇറങ്ങാം എന്ന് പറഞ്ഞിട്ടും ഞാൻ അവരെ ഉച്ചവരെ പിടിച്ചുനിർത്തി.
ഉച്ചയ്ക്ക് അമ്മ കാൻ്റീനിലേക്ക് ചോറ് വാങ്ങാൻ പോയ തക്കത്തിന് ഞങ്ങൾ അവനു മുന്നിൽ ഒരു പഞ്ചാത്തിക നടത്തി. ഇരുട്ടായതുകൊണ്ട് വഴിപ്പിടിയില്ലാതെ വീണതാവും എന്ന ഞങ്ങളുടെ ധാരണയെ അവൻ ആദ്യമേ തന്നെ പൊളിച്ചു കൈയിൽതന്നു.' ഞാൻ വീണതല്ല എന്നെ ആരോ തള്ളിയിട്ടതാ ' ഒരു പൊടി സംശയമില്ലാതെ അവൻ തറപ്പിച്ചു പറഞ്ഞു. എന്നാൽ എത്ര ചോദിച്ചിട്ടും അത് ആരാണെന്ന് പറയാതെ കൂമൻ കുത്തിയിരിക്കുന്ന പോലെ അവൻ നിശ്ശബ്ദനായപ്പോൾ ചൂടൻ സനീഷന് ഇളകേണ്ടതെല്ലാം ഇളകി. അക്കരമ്മലെ രോഹിണി ഏട്ടിയും മോൻ മോഹനനും ഉദീശനെ കാണാൻ അപ്പോൾ അവിടെയെത്തിയത് കൊണ്ട് സനീഷൻ കുറച്ചൊന്നടങ്ങി. എന്നാൽ മോഹനന്റെ മുന്നിലും അവൻ ഏത്തക്കുത്ത പറഞ്ഞതും സനീഷൻ ഉറഞ്ഞു തുള്ളി.'’അധികം പറയാണ്ട് നീ ഓൻ്റെ പേര് പറ ഒരിക്ക..’' സനീഷിന് കേറി വന്ന പൂച്ചപ്രാന്തിന്, ഉള്ളിൽ തേട്ടിവന്ന പേടി മറച്ചുവെക്കാതെ ഉദീശൻ മറുപടി കൊടുത്തു. ‘’എന്നെ ഉന്തിയിട്ടത് മനുഷനല്ല...’’

iii

ഞങ്ങൾ തിരിച്ച് മുണ്ടോട്ട് എത്തുന്നതിനുമുമ്പുതന്നെ ഉദീശന്റെ വീഴ്ചയെ പ്രതിയുള്ള പലതര കഥകളും നാടൊട്ടാകെ പരന്നു കഴിഞ്ഞിരുന്നു. ഞങ്ങൾക്ക് തൊട്ടുമുമ്പ് നാടുപിടിച്ച മോഹനനായിരിക്കുമോ അതിന് പിന്നിലെന്ന് ഞാനും സനീഷും സംശയിക്കാതിരുന്നില്ല. എന്നാൽ മറ്റാരു പറഞ്ഞാലും മോഹനൻ അങ്ങനെയൊരു കൊച്ചക്കെണിക്കും നിക്കൂലാന്ന് പറഞ്ഞ് കബീഷൻ മോഹനന് വക്കാലത്തൊപ്പിട്ടു.
ഒരുചായുടിക്കാമെന്നു കരുതി സൂപ്പിയുടെ പീടിക യിലേക്കിറങ്ങിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാകുന്നത്. കൊടിമരം കടന്ന് ഞങ്ങളുടെ വരവ് കണ്ടപ്പോഴേ, വലിച്ചു കൊണ്ടിരുന്ന ദിനേശ് ബീഡി താഴെയിട്ട് ദഹണക്കാരൻ അച്യുതേട്ടൻ കുറച്ചുറക്കെ മൂന്ന് സ്റ്റൂളുകൾ ബെഞ്ചിനു മുന്നിലേക്ക് വലിച്ചിട്ടു. തങ്ങൾക്ക് കിട്ടിയ വിവരങ്ങളെ പരമാവധി നിജപ്പെടുത്താൻ അച്ചുവേട്ടനും സംഘവും ഞങ്ങളുമായി ഒരു ബലാബലം നടത്തി. തങ്ങൾ ഉദ്ദേശിക്കുന്ന ദിശയിലേക്ക് കാറ്റടിക്കുന്നില്ലെന്ന് ഉറപ്പായപ്പോൾ അച്യുതേട്ടനെ തനിച്ചാക്കി ബാക്കിയുള്ളവർ കണ്ടംവഴി പിരിഞ്ഞു. ഒന്നും വിട്ടുപറയാത്തതിന്റെ ആനന്ദത്തിൽ ഞങ്ങൾ സുധീഷേട്ടന്റെ ബാർബർഷോപ്പിലേക്ക് തിരിയവേ, പിന്നിൽനിന്നും അച്യുതേട്ടൻ വിളിച്ചു ചോദിച്ചു. ‘’അല്ലടാ കബീഷാ ഓന കുളിയൻ തെയ്യം ഉന്തിയിട്ടതാന്നെല്ലാം കേക്കുന്നുണ്ടല്ലോ... നിങ്ങളും ഒന്ന് കരുതി ഇരുന്നോ. കുളിയന്റെ ആച്ചു തെറ്റിയാൽ പിന്നെ കുണ്ടിക്ക് തീപറ്റിയ പോലെയായിരിക്കും. അങ്കര ഒഴിഞ്ഞിറ്റ് നേരുണ്ടാവില്ല.’'
അത്രയും കേട്ടതും അതുവരെ കുഞ്ചിയിൽ കേറ്റിവച്ച കനം മൊത്തം ഒറ്റ നിമിഷം കൊണ്ട് എന്നിൽ നിന്നും ഊർന്നു പോയി. കുരങ്ങ് ചത്ത കൊറോനെപ്പോലെ അച്യുതേട്ടന്റെ ഓർമ്മപ്പെടുത്തലിന് മറുപടി പറയാതെ സനീഷിന്റെ കൂടെ റോഡിലേക്കിറങ്ങി.

iv

എരിക്കുളം തൊട്ട് മുണ്ടോട്ട് പാലം വരെ എല്ലാ ആഴ്ചയിലും പത്തിരുപത്തഞ്ച് നാടൻ മുട്ടയും കളർ കോഴി കുഞ്ഞുങ്ങളുമായി തലങ്ങും വിലങ്ങും ഓടുന്ന കുതിരക്കാലൻ കിട്ടൻ, പതിവുപോലെ കാഞ്ഞിരപ്പൊയിൽ വഴി മുണ്ടോട്ടേക്കെത്തി. മുട്ടയും കോഴിക്കുഞ്ഞിനെയും കൊണ്ട് വീട് തോറും കയറിയിറങ്ങുന്ന കിട്ടന്റെ നീളൻ കാലാണ് അവന് കുതിരക്കാലനെന്ന കുറ്റപ്പേര് വരുത്തിവെച്ചത്. അന്നത്തെ കച്ചവടം തീർത്ത്, കഴിഞ്ഞ ആഴ്ചത്തെ മുട്ടയുടെ പൈസ വാങ്ങാനായി കണ്ടത്താൾപ്പിലേക്ക് വണ്ടിയുരുട്ടുകയായിരുന്നു കിട്ടൻ. സ്ഥിരമായി പോകാറുള്ള ഇടങ്ങളായതുകൊണ്ട് കണ്ണുകെട്ടി വിട്ടാലും അവൻ വഴിതെറ്റാതെ ഏത് തൊണ്ടിലുമെത്തി ക്കൊള്ളും. എന്നാൽ അന്ന് നേരം സന്ധ്യയാവാറായപ്പോഴാണ് കിട്ടൻ കണ്ടത്താൾപ്പിലെത്തിയത്.


അണക്കെട്ടുംകാലിന്റെ ചാലിൻ കരയിലൂടെ മുണ്ടത്തൈകളെ തട്ടാതെ സ്കൂട്ടർ മുന്നോട്ടു നീങ്ങവേ, മുന്നിലൂടെ എന്തോ ശരം പോലെ പാഞ്ഞത് കണ്ട് കിട്ടൻ വണ്ടി ചവിട്ടി നിർത്തി. ചുറ്റും ആളനക്കമില്ലാത്ത നിശബ്ദത അട്ടിയിട്ടതും രണ്ടു തുള്ളി മൂത്രം അവന്റെ

ഉമ്മണിയിൽ വന്നു മുട്ടി.
കുരിപ്പന്മാരുടെ പോക്കുവരവുള്ള സ്ഥലമാണ് അണക്കെട്ടുംകാല് എന്നറിയാവുന്നതുകൊണ്ട് ഹെഡ് ലൈറ്റിന്റെ മുട്ടവെളിച്ചത്തിൽ പരമാവധി ആക്സിൽ കൊടുത്ത് അവൻ പാലം കടക്കാൻ ഒരുങ്ങി. ചാലിൻകരയിൽ നിന്ന് കവുങ്ങിൻ തോട്ടത്തിലേക്ക് വണ്ടി തിരിക്കേവ, മുന്നിലെ ടയർ ദിടീന്ന് നിന്നു. എത്തി നോക്കിയിട്ടും എവിടെയും തടസ്സം കാണാതായപ്പോൾ കിട്ടൻ വല്ലാതെ ആക്സിൽ കൊടുത്തു. വണ്ടി നിർത്താതെ ഇരയ്ക്കുന്നതല്ലാതെ ടയർ ഒരടി

മുന്നോട്ടുപോകാതായപ്പോൾ കിട്ടന് വെപ്രാളമായി. കാലുരണ്ടും കുത്തി വണ്ടി ഊക്കിൽ തുഴയവേ, പെട്ടെന്ന് മുന്നിലെ ടയർ ഒരാൾ പൊക്കത്തിൽ പൊന്തി. കിട്ടനടക്കം വണ്ടിയോടൊപ്പം മലർന്നടിച്ച് പിന്നോട്ട് വീണു. തലയിടിച്ച നൊമ്പരത്തിൽ കിട്ടന്റെ കിളികൾ കമുങ്ങിൻ മണ്ടകളിലേക്ക് പറന്നു പോയി.
പിറ്റേന്ന് രാവിലെ തോട്ടത്തിൽ വെള്ളമടിക്കാൻ മാധേവട്ടൻ കൂവലിലേക്ക് നടക്കുമ്പോൾ ബോധം

മറഞ്ഞുകിടക്കുന്ന കിട്ടനെ കണ്ട് കണ്ടത്താൾപ്പിലേക്ക് കൂക്കി വിളിച്ചു. മുടിക്കാനം രാജേട്ടന്റെ ജീപ്പിൽ ആശുപത്രിയിലേക്ക് പോകുമ്പോഴും കിട്ടന്റെ ബോധം തെളിഞ്ഞിരുന്നില്ല. കുതിരക്കാലൻ പിടിച്ച കണ്ടാമാല ഉദീശന്റതിനേക്കാൾ വേഗത്തിൽ മുണ്ടോട്ടാകമാനം ചർച്ചയായി.
വരുത്തനായ കിട്ടൻ കുരിപ്പന്മാരുടെ വഴി തടസ്സപ്പെടുത്തിയത് കൊണ്ടാണ് അപായമുണ്ടായതെന്ന് പലരും പറെഞ്ഞങ്കിലും നിത്യേന അതുവഴി രാത്രിസഞ്ചാരം നടത്തുന്ന മറ്റു പുറം ദേശക്കാർ അതിനെ തള്ളിപ്പറഞ്ഞു. അവസാനം, ചെമ്മട്ടംവയലിലേക്ക് കൊണ്ടുപോയന്ന് സന്ധ്യക്ക് കിട്ടന് ബോധം വന്നു. അങ്കര ഒഴിഞ്ഞതും അവൻ നാലാം വാർഡ് കീഴ്മേൽ മറിച്ചു. പച്ച ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നട്ടപ്രാണൻ കരയാൻ തുടങ്ങവേ, കമ്പൗണ്ടർമാർ വന്ന് അവന്റെ കയ്യും കാലും കിടക്കപ്പിടിയിൽ കെട്ടിയിട്ടു.
കണ്ടത്താൾപ്പിലൂടെ രാത്രി ഒറ്റയ്ക്ക് പോയതിന് തനിക്കുമേൽ അരിയിട്ടവരോട് കിട്ടൻ ഒന്നേ പറഞ്ഞുള്ളൂ. ‘’ഞാൻ വീണതല്ല എന്നെ ആരോ ഉന്തിയിട്ടതാന്ന്...’’
ഉദീശന്റെ നൂലാമാലയോടൊപ്പം കിട്ടൻ പിടിച്ച വള്ളി കൂടിയായപ്പോൾ നാട്ടിലുള്ളവർക്ക് നല്ല വിശേഷമായി. മോന്തിക്ക് ചായപ്പീടികയിൽ സൊറ പറയാൻ വരുന്നവർക്ക് ചായക്കൊപ്പം കാദറിച്ച, നാട്ടിലെക്കെത്തിയ പുതിയ കഥ കൂടി വിളമ്പാൻ തുടങ്ങിയേതാടെ സംഗതി മുണ്ടോട്ടും എരിക്കുളവും കടന്ന് തീയ്യർപ്പാലം ചുറ്റി മുടിക്കാനം വരെയെത്തി.
രാത്രിയിൽ ചോറുണ്ണാൻ കൂട്ടാക്കാത്ത കുരുട്ടുകളെ പേടിപ്പിച്ച് ആഹാരം കഴിപ്പിക്കാൻ വീട്ടുകാർ ഇത് തുറുപ്പു ചീട്ടാക്കി. മോരാംഗലത്തെ കൈത്തോട് കടന്ന് കളിമണ്ണുമായി എരിക്കുളം ഓട്ടുകമ്പനിയിൽ പോകുന്ന കമ്പനിപ്പണിക്കാരിൽ നിന്നും വിവരം ആലമ്പാടി ഇല്ലക്കാർ അറിഞ്ഞെങ്കിലും കളം നിരത്തിയപ്പോൾ കുരുപ്പന്മാരുടെ ഏത്തക്കുത്തയല്ലാതെ മറ്റൊന്നും കണ്ടില്ല.സംഗതി നല്ല ഉശിരുള്ള ഇനമാണെന്ന് ബോവിക്കാനത്ത് നിന്ന് വന്ന മഞ്ജുനാഥ ബൈരികൂടി പറഞ്ഞേതാടെ കാര്യത്തിന്റെ ആച്ച് മാറി. പൊതുവേ പേടിത്തൂറികളായ നാട്ടുകാർക്ക് വീണ്ടും ബേജാറാവാൻ ഒരു കാരണം കൂടിയായി.
കയ്യിള്ളകൊച്ചിക്ക് പോകുന്ന നാല് റോഡ് ജംഗ്ഷന്റെ പള്ളക്കാണ് എരുത്തിൻകാലെ ബാലകൃഷ്ണൻ മണിയാണിയുടെ വീട്. രാത്രിയായാൽ പൊതുവെ ആൾ സഞ്ചാരമധികമില്ലാത്ത ആ ജാഗയിലേക്ക് നാല് റോഡിലെ തെരുവ് വിളക്ക് കൂടി അടിച്ചു പോയതോടെ ആരും പോവാതെയായി. ബാലകൃഷ്ണന്റെ ഇളയ മോൾ ആതിരയ്ക്ക് ജന്മനാ കാലിന് നടക്കാൻ ആവതില്ല. അവം നിരങ്ങിയും എളമരം പിടിച്ചുമാണ് അവൾ നടക്കാറുള്ളത്. സന്ധ്യയ്ക്ക് വിളക്ക് വെച്ച് കഴിഞ്ഞാൽ പിന്നാമ്പുറത്തെ കാവിയടിച്ച നിലത്ത് പടിഞ്ഞിരുന്ന് കോമറായയുടെ കളത്തിലേക്ക് നോക്കി നേരം ഇരുട്ടിക്കുക അവളുടെ ശീലമാണ് . തീരെ ഒച്ചയുണ്ടാക്കാതെയും കണ്ണെടുക്കാതെയും ആതിര അവിടേക്ക് കണ്ണും നട്ടിരിക്കുമ്പോഴൊക്കെയും വീടിനോട് ചേർത്ത് കെട്ടിയ കരക്കയിൽ നിന്ന് കാലികൾ നിർത്താതെ കരയുന്നത് പതിവാണ്. അപ്പോഴൊക്കെയും ആതിര 'മുത്തപ്പൻ മുത്തപ്പൻ..'എന്ന് വിളിച്ച് ഏങ്ങുന്നത് ബാലകൃഷ്ണന്റെ ശ്രദ്ധയിൽപെട്ടു. ഈ പെണ്ണ് ഇങ്ങനെ കണ്ണും കൈയുമില്ലാതെ വിളിക്കുന്നത് പറശ്ശിനിക്കടവ് മുത്തപ്പനെയാണെന്ന് വിചാരിച്ച് ഒരു ദിവസം പുലർച്ചെ കാരിച്ചാലിലെ രാജേഷിന്റെ ജീപ്പ് വാടകയ്ക്ക് വിളിച്ച്, കുടുംബസേമതം അയാൾ പറശ്ശിനി മടപ്പുരയ്ക്ക് വിട്ടു.

എന്നാൽ മടപ്പുരയ്ക്ക് പോയിവന്നിട്ടും ആതിരയുടെ മുത്തപ്പൻ വിളി കുറഞ്ഞില്ല. കുതിരക്കാലൻ കിട്ടൻ ആശുപത്രിയിലായതിന് പിറ്റേന്ന് സന്ധ്യയ്ക്ക് പിന്നാമ്പുറത്തിരുന്ന് കോമറായയുടെ കളത്തിലേക്ക് ഉറ്റു നോക്കവെ, പൊടുന്നനെ ആതിര നില കിട്ടാതെ കരയാനും ഏക്കം വലിക്കാനും തുടങ്ങി. പെണ്ണിന് ശ്വാസംമുട്ടൽ കൂടിയതാണെന്ന് വിചാരിച്ച് സുമതി കുറെ ചൂടുപിടിച്ച് നോക്കിയെങ്കിലും രാത്രിയാവുമ്പോഴേക്കും വല്ലാതെ പനിച്ചുതുടങ്ങി. ജില്ലാ ആശുപത്രിയിൽ നിന്നും പിറ്റേന്ന് രാവിലെ ഷക്കീൽ അൻവർ പനിക്കുള്ള മരുന്നിന് ചീട്ടെഴുതിയെങ്കിലും അതൊരു നിമിത്തമാണെന്ന് ഡോക്ടറിന് മനസ്സിലായില്ല.
നാടൊട്ടാകെയുള്ള അനിഷ്ട സംഭവങ്ങൾ വല്ലാണ്ട് തുടർന്നപ്പോൾ, മുണ്ടോട്ടും മാടത്തിൻ കീഴിലും കോളിക്കുന്നുമ്മലും ജന്മക്കാരായ മലയന്മാർ മന്ത്രമൂർത്തികളെ വിളിച്ചിരുത്തി. രായ്ക്ക്രാമാനം നൂറുകലക്കി ചെമ്പ് നിറച്ച കുരിസി വെള്ളത്തിലും ദേശത്തെ പിന്തുടരുന്ന അല്ലലുകൾ അവ്യക്തമായി മാത്രം തെളിഞ്ഞപ്പോൾ ഇത് മന്ത്രമൂർത്തിക്കും മെരുങ്ങാത്ത എന്തോവാണെന്ന് മലയന്മാരും തീർപ്പുകൽപ്പിച്ചു. അങ്ങനെ എര്ത്തിനും നുകത്തിനും മുട്ടൂലാന്ന് ഉറപ്പായപ്പോഴാണ് ആലമ്പാടിക്കാർ മുന്നിട്ടിറങ്ങിയത്. നന്നാരത്ത് അമ്പലത്തിൽ സ്വർണ്ണപ്രശ്നത്തിന് കളമൊരുക്കി, മഞ്ജുനാഥ ബൈരിയെ വീണ്ടും ബോയ്ക്കാനയിൽ നിന്നും വിളിപ്പിച്ചു. മാടത്തിൻകീഴിൽ വേട്ടക്കൊരു മകൻ, ചുണ്ട കരിഞ്ചാമുണ്ഡിയമ്മ, കനത്താട് തുടങ്ങി ചുറ്റുവട്ടമുള്ള താനങ്ങളിൽ നിന്നെല്ലാം, കോയ്മമാരെയും വെളിച്ചപ്പാടന്മാരെയും പ്രത്യേകം ക്ഷണിച്ചു വരുത്തി. നാടിനൊട്ടാകെ ബാധിച്ച ഒരു പ്രാരാബ്ധമായതിനാൽ തന്നെ ദേശത്തെ എല്ലാവരും സഭയിൽ ഹാജരായി. നിറഞ്ഞ സദസ്സിലേക്ക് ബൈരി വന്നിരുന്നപ്പോൾ നക്ഷത്രം നിലം തൊട്ട പോലെയായി. പലകയൊരുക്കി അയാൾ പ്രശ്നം തുടങ്ങിയതും അമ്പലത്തിന്റെ അരികും മൂലയും പോലും കാതുകൂർപ്പിച്ചു. വാരിവെച്ചും ലക്ഷണം നോക്കിയും അയാൾ നിമിത്തങ്ങൾ അക്കമിടവേ, ഉദീശൻ തൊട്ട് ആതിര വരെ പട്ടിക നീണ്ടതും ആളുകൾ മൂക്കത്തും നെഞ്ചത്തും കൈവെച്ചു.
തെക്കോറയിൽ ജപിച്ചിരുത്തിയ കോമറായാണ് പ്രശ്നം. കോമറായ ഇപ്പോൾ അവിടെയില്ല. അത് ഇറങ്ങി നടക്കാൻ തുടങ്ങിയിട്ടുണ്ട്. കൂട്ടിന് കുളിയനും മാടത്തിൻകീഴിന്ന് വേട്ടെക്കൊരുമകനും മന്ത്രമൂർത്തികളും കുരുപ്പന്മാരുമുണ്ട്. അതുകൊണ്ട് അവർക്കിപ്പോൾ കൂടുതൽ ശക്തിയുണ്ട്. 
കോമറായക്കിരിക്കാൻ ഒരു ഇടംകൊടുക്കണം. എന്നാൽ ഒരു വിധമെല്ലാം അടങ്ങും. കൊണ്ടുവെച്ച നാരങ്ങാ വെള്ളത്തിൽ നിന്നും ഒരു ഇറക്ക് ബൈരി കുടിച്ചു.

മടിക്കൈയ്യപ്പനെയും കണ്ട് ആലമ്പാടി ഇല്ലത്ത് ഒന്ന് തല കാട്ടി അന്നുതന്നെ അയാൾ ബോയ്ക്കാനയിലേക്ക് മടങ്ങിയെങ്കിലും ബൈരി വാരിവെച്ചതൊക്കെ മുണ്ടോട്ടുകാർക്കിടയിൽ തീവാണം പോലെ ഓടി നടന്നു. പലയിടത്തും ജഗപൊകയുണ്ടായി. വരുത്തന്മാരാണിപ്പോൾ ഈ അനുഭവിക്കുന്നതിനൊക്കെ കാരണക്കാരെന്ന് പറഞ്ഞു ഏഷണിക്കോരൻ നാടുനീളെ പഞ്ചാത്തിക നടത്തിയപ്പോൾ വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ഒരു കൂട്ടം മണ്ടൻമാർ അയാളെ താങ്ങി നടന്നു. പിറ്റേദിവസം മുതൽ മുണ്ടോട്ടെ യോജിപ്പ് കല്ലിലുടച്ച തേങ്ങ കഷ്ണങ്ങൾ പോലെ ചേരിതിരിഞ്ഞു. നന്നാരത്ത് പാട്ട് വെച്ച ഒരു സന്ധ്യാനേരം. ഞാനും കബീഷനും സൂപ്പിയുടെ പീടികയിലിരുന്ന് സൊറ പറയുകയായിരുന്നു. അരപ്പാക്കറ്റ് ആറാംനമ്പറും കൊറിച്ചുകൊണ്ട് പൂത്തക്കാലിലെ വില്ലുന്നി വിജയനും അച്ചുതേട്ടനും ഒരുമിച്ച് വന്ന് ഞങ്ങൾക്ക് മുന്നിൽ അടയിരുന്നു. എന്നിട്ട് എല്ലാവരും കേൾക്കെ ഉച്ചത്തിൽ പുതിയ കഥയിറക്കി. '’എരുതും കാലിലെ മണിയാണിച്ചന്റെ പെണ്ണ് എപ്പോഴും മുത്തപ്പൻന്ന് പറഞ്ഞ് കരയുന്നത് മുത്തപ്പൻ തെയ്യത്തിനെ കുറിച്ച് ഓർത്തിട്ടല്ല അത് ബാലന്റെ മരിച്ചുപോയ ഏട്ടൻ നാരായണനെ കാണുന്നത് കൊണ്ടാന്നോലും.’ അച്ചുതേട്ടൻ അത്രയും പറഞ്ഞു നിർത്തുമ്പോഴേക്കും വില്ലൂന്നി വിജയൻ അതിന്റെ വാല് പിടിച്ച് ഏഷണി ക്കോരന്റെ വാദങ്ങളെ പിൻതാങ്ങി. കോരന്റെ പേര് കേട്ടതും എനിക്കും കബീഷനും പ്രാന്ത് വന്നു. ഇമ്മാതിരി വർത്തമാനം കേട്ടാൽ കബീഷൻ ചിലപ്പോൾ നില മറക്കുമെന്നറിയാവുന്നതു കൊണ്ട് ഞങ്ങൾ മെല്ലെ സ്ഥലംവിടാൻ ഒരുങ്ങി.
റെഡ്സ്റ്റാർ ക്ലബ്ബിന്റെ മുന്നിലെ ഇറക്കത്തിലൂടെ ആറേ മുക്കാലിന്റെ അഞ്ജലി അരിവാൾ ചുറ്റികയുടെ സമീപം ചവിട്ടി നിർത്തിയതും, സനീഷ്‌ നന്നാരത്തെ സ്റ്റോപ്പിൽ ബസ്സിറങ്ങിയിട്ടുണ്ടാവുമെന്നുറപ്പിച്ച് ഞങ്ങൾ ഇരുട്ടിലേക്ക് കയറ്റം കയറി.
അടുക്കോൻ വീടിന്റെ പുരയ്ക്ക് മുകളിലേക്ക് കണ്ടമാനം ചെരിഞ്ഞു നിൽക്കുന്ന റബ്ബർ തോട്ടത്തിന്റെ വലത്തേ മൂലയിലെ അതിര് അവസാനിക്കുന്നത് ഒരു പാതാളക്കുഴിക്ക് സമാനമായാണ്. കുഴിക്ക് തൊട്ടു താഴെ ത്രികോണാകൃതിയിൽ ചെത്തിയെടുത്ത കുളത്തിൽ വെയിലൊഴിഞ്ഞാൽ മാത്രം ഒരു കടും നീല നിറം പടർന്നു വരും. മൺതിട്ടയുടെ വരയിടിച്ചിട്ട കണക്കെ ഒരു തുരങ്കം ഈ നീലയിലേക്കെന്നും വെള്ളം കൊണ്ട് പടവ്വെട്ടും. കുളം മുക്കാൽ പൊന്തിയാൽ തന്നെ വെള്ളം, കെട്ടുകവിഞ്ഞ് ഓളിയ വഴി ഒഴുകാൻ തുടങ്ങും. കുളത്തിൽ നനക്കാനും കുളിക്കാനും വേണ്ടത്ര വെള്ളം നിറഞ്ഞു കഴിഞ്ഞുവെന്ന് അടുക്കോൻ വീട്ടുകാരും ചെമ്പാളക്കാരുമറിയുന്നത് കുലംകുത്തി ഒലിച്ചിറങ്ങുന്ന ഒഴുക്ക് കണ്ടിട്ടാണ്. രണ്ടു കാലകലത്തിൽ മണ്ണെടുത്ത ഇടച്ചാലും നിറഞ്ഞു തടം കൂട്ടിയ ചരലുകളെ എടുത്തുകൊണ്ട് വെള്ളം കൊല്ലിയിൽ ചെന്ന് മുട്ടാറാണ് പതിവ്.
വെയിലിന് നല്ല കാരമുള്ള ഒരു നട്ടുച്ചയ്ക്ക് നനക്കാനുള്ള ഭാണ്ഡവും പേറിക്കൊണ്ട് ഇല്ലിക്കലിലെ സരോജ കുളത്തിനരികിലെത്തി . കെട്ടിനരികിലെ നനകല്ലിന് മുകളിൽ തുണിക്കെട്ട് ഇറക്കിവെച്ച് അവൾ ബാർ സോപ്പ് പൊതിയാനായി ഒരു വട്ടയില പൊട്ടിച്ചു. തുരങ്കത്തിന്റെ വായയിലേക്ക് വളഞ്ഞുനിൽക്കുന്ന വട്ടയുടെ കൊമ്പിളക്കുമ്പോൾ അവൾക്കു മൂത്രെമാഴിക്കാൻ മുട്ടി. തുരങ്കം കാണുന്ന പെണ്ണുങ്ങൾക്ക് അത് ആദ്യത്തെ തോന്നലല്ലാത്തതിനാൽ അവൾ കെട്ടിൽ ചവിട്ടി

വെള്ളത്തിലേക്കിറങ്ങി. വിരലുകളിൽ വിടർത്തിയെടുത്ത മുടിയിഴകളെ വെയിലിനോടൊപ്പം

വെള്ളത്തിലേക്കിറക്കി വെച്ച് കാട്ടുമുണ്ടകൾ തുരങ്കത്തിനു ചുറ്റും പച്ച നിറച്ചു. ഗുഹാമുഖത്ത് നിന്നും സവിധത്തിലേക്കിറങ്ങിയോടുമ്പോൾ ജലം മുരുടക്കകത്തെ തൊണ്ടൻ തവളയെ പോലെ വലിയ വായിൽ കരഞ്ഞു . അവിടെ കുളിക്കാൻ വരുന്നവേരാടെല്ലാം കടച്ചക്കല്ല് സ്വാമി വർത്തമാനം പറയുന്നതാണതെന്നാണ് അടുക്കോൻ അമ്മൂമ്മ പറയാറുള്ളത്.
പത്തു നാൽപ്പത് കൊല്ലം മുൻപേ നന്നാരത്തു തെയ്യം മുടിയഴിച്ച ഒരു കുംഭമാസത്തിൽ വെള്ളത്തിന് നന്നേ മുട്ട് വന്നേപ്പാൾ കടച്ചക്കല്ല് സ്വാമി മണ്ണു വലിച്ചെടുത്ത ജലസ്രോതസ്സാണ് ആ തുരങ്കം. കിണറു കുത്തലിൽ അഗ്രഗണ്യനായതു കൊണ്ടുതന്നെ സ്വാമി ഈ വക സാഹസങ്ങൾ മുമ്പും കാട്ടിയിട്ടുണ്ട്. അഞ്ചാറു ദിവസം മുറതെറ്റാതെ വ്രതം പിടിച്ച്, മനസും ശരീരവും നല്ല പോലെ ഒരുക്കിയെടുത്ത് അയാൾ നാലാഴ്ചക്കുള്ളിൽ തുരങ്കത്തിൻ്റെ ഏകദേശം പണികളൊക്കെ തീർത്തെന്നു വരുത്തി. അറക്കുള്ളിൽ നിന്നും വെള്ളം കാണാൻ ഒരു കള്ളക്കുണ്ടുകൂടി

എടുത്താൽ തുരങ്കത്തിൽ നിന്നും വെള്ളം കോരി തുടങ്ങാമായിരുന്നു.
തുരങ്കത്തിനകത്ത് വെള്ളം പിടിച്ചു വെക്കാനുള്ള ഒരു രഹസ്യ അറയുടെ സൂത്രപ്പണി വടക്കോട്ട് പണിക്ക് പോകുമ്പോൾ അവിടുത്തെ മേസ്ത്രിമാർ ചെയ്തെടുക്കുന്നത് കടച്ചക്കല്ല് സ്വാമി പലപ്രാവശ്യം കണ്ടിട്ടുണ്ട്. അങ്ങനെയുള്ളൊരു കള്ളക്കുണ്ട് കുത്താൻ പണി തുടങ്ങിയന്ന് രാവിലെ തുരങ്കത്തിനകത്ത് ചവിട്ടിയ നിലമിടിഞ്ഞുവീണ് അയാളെ കാണാതായി. ചവിട്ടുമ്പോൾ മോളീന്നും കീഴീന്നും മണ്ണനങ്ങാൻ തുടങ്ങിയേതാടെ ആളെ തിരക്കി അകേത്തക്ക് പോകാൻ ആർക്കും ധൈര്യമില്ലാതായി. അതുകഴിഞ്ഞ് ഒന്നരാഴ്ചയ്ക്ക് ശേഷം രണ്ടും കൽപ്പിച്ച് തുരങ്കത്തിനകത്തേക്ക് നിരങ്ങിയിറങ്ങിയ തായിത്തടത്തിലെ ഗോപാലേട്ടൻ കണ്ടത് ഇരുട്ടിലേക്ക് ഇടിഞ്ഞ് താഴുന്ന വലിയ ഗർത്തത്തിന്റെ പിളർപ്പുകളാണ്.
സ്വാമി കുഴിച്ച കള്ളക്കുണ്ടിന്റെ കുറുത്തവും പേറി കുറച്ചു കാലം അതവിടെ ശേഷിച്ചെങ്കിലും കാലം പോകേ ഗർത്തത്തെ പൂർണമായും ഇരുട്ട് തിന്നു. എന്നിട്ടും ആളുകൾക്ക് തുരങ്കത്തിന്റെ പടവിനപ്പുറം പോലും പോവാൻ ആദ്യമൊന്നും ധൈര്യമുണ്ടായിരുന്നില്ല.
സോപ്പുപെട്ടിക്കുള്ളിലെ വെള്ളപ്പശ കളഞ്ഞ്, കല്ലിലേക്കെടുത്തു വെച്ച് സരോജ വെള്ളത്തിന്റെ സവിധത്തിൽ വിരൽ കൊണ്ടൊരു 'റ' വരച്ചു. തെളിനീര് കലക്കാതെ കയ്യിൽ പിടിച്ച കുപ്പായം വെള്ളത്തിലേക്ക് മുക്കാനായി പടവിലേക്ക് കുനിയവേ, മുണ്ടക്കിടയിലെ പച്ചയിൽ നിന്നും ഒരു പ്രേക്കൻ കരഞ്ഞു. കണ്ണൊന്നു നേരാംവണ്ണം മുണ്ടയിലേക്ക് പിടിച്ചതും,അവൾ ഒരടി മുന്നോട്ടാഞ്ഞു. അലക്ക് കല്ലിൽ കൈ എത്തിക്കും മുമ്പ് നിലവിട്ട് വെള്ളത്തിലേക്ക് കൂപ്പുകുത്തി. നീലത്തടത്തിലേക്ക് വളഞ്ഞുനിൽക്കുന്ന വട്ടയുടെ ഉച്ചി നോക്കി അവൾ ഉറക്കെ നിലവിളിച്ചു. മരണവെപ്രാളത്തിൽ അലക്കുകല്ലുകളിലെ വള്ളിപ്പടർപ്പുകളിൽ പിടിച്ചെങ്കിലും നിലകിട്ടാതെ വെള്ളത്തിൽ മുങ്ങുമ്പോൾ വള്ളിച്ചെടികളും അവളോടൊപ്പം വെള്ളം കുടിച്ചു. പിന്നാമ്പുറത്തെ പുകില് കേട്ട് രവിയേട്ടനും അടുക്കോൻ അമ്മൂമ്മയും കുളത്തിനടുത്തേക്കോടിയെത്തി.
വെള്ളത്തിനടിയിൽ നിന്നും കുമിള പൊന്തുന്നതും ഇടയ്ക്കിടെ മേലോട്ടുയരുന്ന കൈകളും കണ്ടേപ്പാൾ രവിയേട്ടൻ കുളത്തിലേക്ക് എടുത്തുചാടി. കുഴഞ്ഞു തളർന്ന്, കങ്കാലായൊരു ശരീരം വാഴത്തട പോലെ അയാൾ എടുത്തു കരയ്ക്കിട്ടു. കലക്കവെള്ളത്തിൽ നിന്നും പടവിന്റെ ഓരത്തേക്ക് പുറം ഉരച്ച് നടുവേറ്റി വെച്ചപ്പോൾ മാത്രമാണ് കരയ്ക്ക് കിടക്കുന്നത് സരോജയാണെന്നയാൾ അറിയുന്നത്. ചേടിക്ക ല്ലുകൊണ്ട് നഖമടർന്ന വിരൽ സരോജയുടെ മൂക്കത്ത് വെച്ചതും, വെപ്രാളത്തെ ഊരിയെറിഞ്ഞ് രവിയേട്ടൻ മൂരി നിവർന്നു.
കാഞ്ഞിരെപായിൽ ഭാഗത്തേക്ക് മൂകാംബിക ബസ് അവസാനമായി പോകേണ്ട ഒരു വൈകുന്നേരം. ചായപ്പൊടി മണം മാറാത്ത ചില്ലു ഗ്ലാസും കയ്യിൽ പിടിച്ച് ആളുകൾ രവിയേട്ടൻ വിശദീകരിച്ചു തുടങ്ങിയ സാഹസിക കഥയിലേക്ക് ചെവി കൂർപ്പിച്ചിരുന്നു. ഉള്ളിവടയ്ക്കരച്ച കടല മാവിന്റെ പാത്രത്തിൽ കൃത്യമായ ഇടേവളകളിൽ വിരലിട്ടിളക്കുന്ന തമ്പാനേട്ടൻ രവിയേട്ടന്റെ കഥപറച്ചിന് ആക്കംകൂട്ടി. തായ്തടത്തിൽ കെട്ടിന്റെ പണിയും കഴിഞ്ഞ് വന്ന കയ്യിള്ളകൊച്ചികാർ കൂടിയെത്തിയതും അസാധാരണമായൊരാൾക്കൂട്ടം അവിചാരിതമായി അയാൾക്ക് ചുറ്റും വട്ടം ചവിട്ടാൻ തുടങ്ങി.
അടുക്കോൻ വീട്ടിലെ കുഞ്ഞിക്കുളത്തിൽ മുങ്ങിത്താഴുന്ന സരോജയെ അവർ ഓരോരുത്തരും സ്വന്തം ഭാവനയിൽ വരച്ചെടുത്തു തുടങ്ങി. അതിൽ ചിലരുടെ ചിന്തയിലെങ്കിലും സരോജ നഗ്നയായിരുന്നു. തുരങ്കത്തിന്റെ ഭിത്തിയിൽ നിന്നും അടർന്നുവീണ് കുളത്തിലേക്ക് ഒഴുകിയെത്തിയ മണ്ണിൻ കട്ടകൾ വെള്ളത്തിനടിയിൽ തൊട്ടാൽ ഒട്ടുന്ന ചളിപ്പശകൾ തീർത്തു വെച്ചിരുന്നെന്നും, ചളിയിൽ കുരുങ്ങിയ കാലുകൾ തിരിച്ചെടുക്കാൻ നോക്കവേ, ഭിത്തികളിൽ തട്ടി വിരലുകൾ സാരമായി മുറിഞ്ഞെന്നും കാലുകൾ മുന്നിലേക്ക് നീട്ടി ക്കൊണ്ട് അയാൾ പരിതപിച്ചു.

കണംകാലിനോളം ഉയർത്തിപ്പിടിച്ച മുണ്ടിന്റെ നിഴലിൽ വിരലുകളിലെ ചുണങ്ങുകൾ കണ്ട പലരും താടിക്ക് കൈ കൊടുത്തു. ദിവസത്തിൽ രണ്ടു നേരെമങ്കിലും കുളത്തിൽ ചെന്ന് അടിച്ചു നനച്ചു കുളിച്ച് ശീലമുള്ള സരോജയ്ക്ക് ഇതെങ്ങനെ സംഭവിച്ചുവെന്നതായിരുന്നു പഞ്ചാത്തികയുടെ പ്രധാന സംശയം. അരയിലെ ലുങ്കി മുറുക്കാൻ എണീറ്റപ്പോൾ,പെട്ടെന്ന് എന്തോ ഓർത്ത് രവിയേട്ടൻ ഒരിട വീണ്ടും ബെഞ്ചിൽ തന്നെ ഇരുന്നു. ശേഷം വെളിപാടുതിർന്ന പോലെ കൂട്ടിച്ചേർത്തു. കരയ്ക്കെത്തിയപ്പോൾ തന്നെ ആരോ കുളത്തിലേക്ക് ചവിട്ടിയിട്ടതാണെന്നും പടവിലേക്ക് കയറാൻ ശ്രമിച്ചപ്പോഴെല്ലാം ആരോ ബലമായി വെള്ളത്തിൽ പിടിച്ച് മുക്കുകയായിരുന്നെന്നും സരോജ പരവേശം പറഞ്ഞിരുന്നു. കണ്ണും മുഖവും തോർത്തിക്കൊടുത്ത് കാരളിയോളം കൊണ്ടുവിടാൻ പോയപ്പോൾ അടുക്കോൻ അമ്മൂമ്മേയോടും അവൾ ഇതുതന്നെ പറഞ്ഞു. അത്രയും കേട്ടതും,

കഥയറിയാതെ എല്ലാവരും പരസ്പരം നോക്കി. അസാധാരണമായൊരു നിശബ്ദത അന്നേരം അവർക്കു മുന്നിൽ കുമിഞ്ഞിരുന്നു.
ഉള്ളിവടയ്ക്കുള്ള ചട്ടി തീയിൽ വെച്ചതുകൊണ്ട് തമ്പാനേട്ടൻ ആ അമ്പരപ്പിനെ പൂരിപ്പിച്ചു. രവിയേട്ടന്റെ പറച്ചിൽ കേട്ടതോടെ പലരും ഒന്നും മിണ്ടാതെ നാലുവഴിയായി പിരിഞ്ഞു. കല്ലില്ലാത്ത തെയ്യം കാലക്കേട് വരുത്തുമെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും തമ്പാനേട്ടൻ പിന്നെ വായ തുറന്നില്ല. കവലയുടെ തുറസുകളിൽ ഇരുട്ട് പറത്തിക്കൊണ്ട് മൂകാംബിക പാലം കടന്നുപോയതും, നന്നാരത്ത് പാട്ട് വെച്ചു.
മുളിപ്പുല്ലുകളും ജാതി തടികളും അതിരിട്ടുനിന്ന മഞ്ഞംപൊതിയുടെ തുച്ചാംകൊടിയിലേക്ക് തന്നെയാണ് അന്നും സ്യൂര്യനുദിച്ച് വന്നത്. എന്നാൽ പതിവിന് വിപരീതമായി ഇന്ന് വെയിലിനോടൊപ്പം കാലി മേയ്ക്കുന്ന ഒരു കോലാൻ ചെറുക്കനും അവന്റെ കന്നിൻപറ്റങ്ങളും മഞ്ഞംപൊതിയുടെ അടിവാരം കടന്ന് ഏച്ചിക്കാനെത്തത്തി. യശമാനന്മാരുടെ ജന്മസ്ഥലത്തിന്റെ അളന്നെടുത്ത അതിരായിരുന്നു മഞ്ഞംപൊതി. അതുകൊണ്ടുതന്നെ കുന്നുകയറി അടിവാരത്തിലെത്തിയത് ആരായാലും ഏച്ചിക്കാനത്ത് മുഖം കാണിച്ചിട്ടെ മറ്റെവിടേക്കും പോകാൻ പാടുള്ളൂ എന്നൊരലിഖിത നിയമം അവിടെ നിലനിന്നിരുന്നു. കാടും മലയും കേറി വന്ന കോലാൻ ചെറുക്കൻ കുശവന്മാരുടെ കുടിയിലേക്ക് വിശപ്പടക്കാൻ ഭക്ഷണം തേടിയെത്തി. കന്നിൻ കൂട്ടത്തെ കയ്യാലക്കപ്പുറം നിർത്തി അവനൊരു ചെട്ടിക്കുടിയിലേക്ക് കയറിയതും, നിലത്തിരുന്ന് മരച്ചക്രത്തിൽ മൺകലം വയറ്റുകയായിരുന്ന ഒരു വലിയ ചെട്ടി അവനോട് ഏച്ചിക്കാനത്തേക്ക് പോകാൻ പറഞ്ഞു. വിശന്നു വിളറിനിൽക്കുന്ന കോലാൻ കന്നിൻ കൂട്ടങ്ങളിലേക്കും ചെട്ടിയുടെ കണ്ണുകളിലേക്കും മാറിമാറി നോക്കി. അവന്റെ നോട്ടത്തിലെ ദൈന്യത മനസ്സിലാക്കിയ അയാൾ അവനും കന്നിനും ഇത്തിരി തെളിനീര് കൊടുത്തു. ഏച്ചിക്കാനത്തേക്ക് അവനെ വഴി നടത്തുമ്പോൾ എരികുളത്ത് നിന്നും വെള്ളം കിട്ടിയ കാര്യം എശമാനനോട് പറയരുതെന്ന് ചെട്ടി പ്രത്യേകം ചട്ടം കെട്ടി. തറവാട്ട് കവാടം കടക്കുന്നതിന് മുൻപ് തന്നെ അയാൾ പടിപ്പുരയിൽ നിന്ന് കോലായിലേക്ക് ഉറച്ചുകൂവി. ഉമ്മറത്തുണ്ടായിരുന്ന ഏമൻ നായർ ആളെ അറിയാൻ ചന്തു മണിയാണിയെ പറഞ്ഞയച്ചു. വലിയ ചെട്ടി പറഞ്ഞ കഥകൾ വിശദമായി കേട്ട ചന്തു ഇരുവരെയും നായനാർക്ക് മുന്നിലേക്ക് കൊണ്ടുവന്നു. കന്നിൻ കൂട്ടം പടിപ്പുര കടക്കാതിരിക്കാൻ തെയ്പ്പുവടി വാതിലിനു കുറുകെ വെച്ച് കോലാൻ മണിയാണിച്ചനൊപ്പം നടന്നു. തനിക്ക് മുന്നിൽ വന്നു നിൽക്കുന്ന ആളിനെ നായർ ഒന്ന് ഇരുത്തി നോക്കി. കണ്ണും മുഖവുമുഴിഞ്ഞ് പേര് ചോദിച്ചു. കരിഞ്ഞു തുടങ്ങിയ കുടലിൻമേൽ കൈ അമർത്തിക്കൊണ്ട് കോലാൻ പറഞ്ഞു ' എലുമ്പൻ '.
രൂപത്തിനൊത്ത പേരുകേട്ടതു കൊണ്ടാവാം ഏമൻ ചന്തുവിനെ നോക്കി ചിരിച്ചു. മരക്കസേരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് അയാൾ നോട്ടമെറിഞ്ഞത് എലുമ്പന്റെ അരക്കെട്ടിലേക്കാണ്. അരക്കെട്ട് നോക്കി ആളെ പിടിക്കുന്ന വിദ്യ ഏമൻ പഠിച്ചത് അമ്മാവൻ അമ്പു നായരിൽ നിന്നാണ്. പയ്യൻ തരക്കേടില്ലെന്നു തോന്നിയെങ്കിലും, തറവാട്ടിൽ വെറുതെ ചെല്ലും ചെലവും കൊടുത്ത് വളർത്താൻ നായർ തയ്യാറായിരുന്നില്ല. അതുകൊണ്ട് എലുമ്പന് എന്തൊക്കെ അറിയാമെന്നായി ഏമന്റെ പിന്നത്തെ ചോദ്യം.
അശ്വഗഹം വശമുണ്ടെന്ന് എലുമ്പൻ വിനയാന്വിതനായതോടെ അതൊന്നു കാണണമെന്നായി നായനാർക്ക് . വടേക്കയറ്റത്തെ കാലിക്കരക്കയിൽ നിന്നും കഴിഞ്ഞ കർക്കിടകത്തിൽ ദീനം വന്ന് ഭൂമിയെ നമസ്കരിച്ചു കിടക്കുന്ന ബൈറൻ എന്ന കാളയെ കാലിച്ചാന്മാർ കോലായിക്കു മുന്നിലേക്ക് തെളിച്ചു കൊണ്ടുവന്നു . രണ്ടു കൊമ്പിലും പാറക്കല്ല് കെട്ടി തൂക്കിയത് പോലെ ബൈറന്റെ കഴുത്ത് താഴോട്ട് തൂങ്ങി നിന്നു. കുരുടു പിടിച്ച കൺതടവും, ശരീരത്തെ താങ്ങാനാവാതെ വിറകൊണ്ട് നിൽക്കുന്ന കുളമ്പുകളും കണ്ടതും എലുമ്പിന് ഓർമ്മ വന്നത് കരിയനെയാണ്. തണുപ്പുള്ള ഒരു ധനുമാസത്തിൽ എകർച്ചയിലെ കുന്നിറങ്ങുമ്പോൾ, ഇതേ അടയാളങ്ങളാണ് അവൻ കരിയനിലും കണ്ടത്. എറെനേരം കുളമ്പൂന്നി നിൽക്കാനാവാതെ ബൈറൻ

മുറ്റത്ത് പടിഞ്ഞിരുന്നു. മുറിച്ച കുമ്പളങ്ങപോലെ താണും പൊന്തിയും കളിക്കുന്ന ബൈറന്റെ വയറിൽ എലുമ്പൻ കൈവെച്ചു. ചെള്ള് കടിച്ച് പുണ്ണായ നീളൻ ചെവിയോട് തന്റെ ചുണ്ടടുപ്പിച്ചു. അവനെന്തോ മന്ത്രിക്കുന്നത് ഏമനും ചന്തുവും കണ്ണെടുക്കാതെ നോക്കി. എലുമ്പൻ തൻ്റെ നടുനീർക്കും മുമ്പുതന്നെ ബൈറൻ മിറ്റത്തുനിന്നും പിടഞ്ഞെണീറ്റ് മൂന്നടി മുന്നോട്ടു വെച്ചു . അവന്റെ കാലിൽ നിനക്കാതെ കയറിക്കൂടിയ വേഗത കാലിച്ചാൻമാരെ അത്ഭുതപ്പെടുത്തി. ഭൂമിയുടെ മുല നോക്കാൻ താഴ്ത്തിയ കഴുത്ത് ബൈറൻ നേരെ പിടിച്ച് തെളിഞ്ഞ ഒച്ചയിൽ അമറാൻ തുടങ്ങിയതും, ആ അത്ഭുതം ചന്തുവിലേക്കും ഏമനിലേക്കും പടർന്നു കയറി. എലുമ്പന്റെ വിദ്യ നായനാർക്ക് നന്നെ ബോധിച്ചു. വിരലിലെ മോതിരം കുടഞ്ഞ് ഏമൻ എലുമ്പന് ഇലയിടാൻ പറഞ്ഞതും, കിഴേക്കാട്ട് നോക്കി നിൽക്കുകയായിരുന്ന അവൻ നിന്ന നിൽപ്പിൽ നകുലസഹേദവൻമാരെയും അശ്വനി ദേവതകളെയും വണങ്ങി.
പടിപ്പുരയും കോലായിയും കടന്ന് വടക്കേ അറ്റത്തെ കാലിക്കരക്കയിലേക്കെത്തിയ എലുമ്പന്റെ കന്നിൻപറ്റത്തിന് കരക്കയുടെ മൂലയിലെ വൈക്കോൽ കൂന കണ്ടതും അങ്കലാപ്പായി. കൂനയിൽ നിന്നും ചിക്കിയെടുത്ത വൈക്കോലുകൾ കൊണ്ട് കാലിച്ചാന്മാർ ബല്ലം നിറച്ചതും ആർത്തി മൂത്ത കന്നിൻകൂട്ടം ബല്ലത്തിലേക്ക് കമിഴ്ന്നു വീണു.

ഓർക്കാതെ കൈവന്ന സൗഭാഗ്യങ്ങൾ എലുമ്പന്റെ പള്ളയും കണ്ണും ഒരുപോലെ നിറച്ചു. എരിക്കുളത്തേക്ക് മടങ്ങിപ്പോകാനൊരുങ്ങിയ വലിയ ചെട്ടിക്കവൻ കാൽവിരലിലിട്ടൊരു ചെമ്പു മോതിരം ഊരി നൽകി. ഇതുകണ്ട് ചെട്ടി ഒന്ന് അന്തിച്ചു. കാലിയെ തെളിക്കാൻ കാടുകയറുമ്പോൾ പാമ്പു കടിക്കാതിരിക്കാൻ കാലിച്ചാൻ തെയ്യത്തിന് പൂജിച്ച ആഭരണങ്ങൾ കാലിലണിയുന്നത് അവനു പണ്ടേയുള്ള ശീലമായിരുന്നു. ഇതറിഞ്ഞത് കൊണ്ടാവണം വലിയ ചെട്ടി അതവന് സന്തോഷത്തോടെ തിരിച്ചു നൽകി. ആലയോട് ചേർന്നുള്ള കളപ്പുരയിൽ ഒരു ചൂടിക്കട്ടിലിൽ കിടന്നുകൊണ്ട് എലുമ്പൻ അന്ന് രാത്രി വയറു നിറയുവോളം ഉറങ്ങി.
തറവാട്ടിലെത്തി മൂന്നാല് ദിവസം കൊണ്ട് തന്നെ അവനവിടം മടുത്തു തുടങ്ങി. ദീനം വന്നതും, അകിടു വീർത്തതും, കറവ വറ്റിയതുമായ പൈക്കളെ ശുശ്രൂഷിച്ചു കഴിഞ്ഞാൽ ബാക്കി സമയത്തിന്റെ സിംഹഭാഗവും അവൻ വെറുതെ ഇരുന്നു. ആദ്യമൊക്കെ അത് അവനിൽ ആനന്ദം നിറച്ചു. എന്നാൽ, സുഭിക്ഷമായ ഭിക്ഷയും പള്ള നിറച്ചുള്ള ഉറക്കവും അവന്റെ ദിനചര്യകളോട് അധികനാൾ പൊരുത്തപ്പെട്ട് പോയില്ല. ഏറെനാൾ ഒരേയിടത്തിൽ തമ്പടിച്ചു ജീവിച്ചിട്ടില്ലാത്ത ശീലക്കേടും, അവനിലെ മടുപ്പിൻ്റെ ആക്കംകൂട്ടി. വടക്കൻ ചുഴികളിൽ നിന്നും നിലം തൊടാതെ പറക്കുന്ന കരിയിലകളുടെ ഭ്രാന്തമായ ആനന്ദം തലയിൽ നുരഞ്ഞു പൊന്തുമ്പോൾ, കളപ്പുരയ്ക്ക് തെക്കുള്ള മലമണ്ട പാഞ്ഞുകയറി അവൻ ഉറച്ചു കൂവി. അങ്ങനെ ചെയ്യുന്ന ദിവസങ്ങളിൽ കളിമൺ കട്ടകൾ ഉരിഞ്ഞിടുന്ന തണുപ്പിലേക്ക് കട്ടിൽ വലിച്ചിട്ട് അവന് നന്നായി ഉറങ്ങാൻ കഴിഞ്ഞു. അല്ലാത്ത സമയങ്ങളിൽ കാലികളോടും, ചിലപ്പോൾ ചൂടിക്കയറിൽ ഒറ്റയ്ക്കിരുന്നും, അവൻ പരേവശം പറഞ്ഞു. ഊരുചുറ്റലിൽ നാവിൻ തുമ്പത്ത് ഇരിപ്പുറപ്പിച്ച നാടോടി കഥകളായിരുന്നു അവയിൽ പലതും. ഏമൻ ഇതെല്ലാം ശ്രദ്ധിക്കുന്നത് പതിവായതോടെ, എലുമ്പനെ വന്ന് പൊതിയുന്ന ഏകാന്തതയുടെ ആഴം അയാൾ അളന്നു തുടങ്ങി.

കാലിച്ചാൻ മരത്തിൻ കാലിൽ കാലിച്ചാൻ തെയ്യം മുടിയെടുത്തതിന് പിറ്റേന്ന് നായനാർ എലുമ്പനെ കോലായിലേക്ക് വിളിപ്പിച്ചു. കന്നിൻകൂട്ടത്തിനു വെള്ളം കൊടുക്കുകയായിരുന്ന കാലിച്ചാൻമാരോട് കഥ പറഞ്ഞിരിക്കുകയായിരുന്നു എലുമ്പൻ. മിറ്റം കടന്ന് കോലായിലേക്ക് നടന്നടുക്കുമ്പോൾ തന്നെ അവന്റെ ചവിട്ടടികളിൽ എറച്ചു പൊന്തുന്ന വിഷാദത്തിന്റെ കാരണം അയാൾക്ക് തിരിപാട് വന്നു. തലയും വയറും ഉഴിഞ്ഞ് കുറച്ചു നേരം അവനെ നോക്കിയിരുന്ന ശേഷം, ഏച്ചിക്കാനത്തിന്റെ പ്രധാന അതിരുകളും വഴികളും അവന് പറഞ്ഞുകൊടുക്കാൻ ചന്തു മണിയാണിയോട് കൽപ്പിച്ചു. നടക്കാൻ പഠിച്ച കാലം തൊട്ടേ ഊരുചുറ്റൽ രക്തത്തിൽ കലർന്ന ശീലമായതിനാൽ വഴികളും അതിരുകളും മനസ്സിലാക്കാൻ അവനധികം സമയം വേണ്ടി വന്നില്ല. ശേഷം കാലിച്ചാൻ മരത്തിങ്കാലിൽ പൂജിച്ച ഒരേലസും അവന് കെട്ടിക്കൊടുത്ത് നാളെ മുതൽ പശുക്കളെ തീറ്റിക്കുവാൻ അടിവാരം കേറാൻ ഏമൻ നായർ അവനനുവാദം നൽകി.
പടിപ്പുര കടന്നതും, ആകാശേത്തക്ക് നോക്കി ഉറക്കെ അമറിക്കൊണ്ട്, ആട്ടിൻപറ്റങ്ങൾ പച്ചക്കുന്നുകൾ തേടിയോടി. ഉണ്ണിപ്പീടികയും കൊരവിലും കഴിഞ്ഞ് ആലമ്പാടിയിലേക്കടുത്തതും അവന്റെ ഉള്ളൊന്നു കാളി. ചെമ്പിലോട്ടു വളവോളം തന്നെ അനുഗമിച്ച ചന്തു മണിയാണി, അടിവാരമെത്തുന്നത് വരെ അവന് കൊടുത്ത മുൻകരുതലുകൾ അവനോർമ്മ വന്നു. കല്യാണത്ത് നിന്നും പത്ത് മുപ്പത് വാര കിഴക്കോട്ട് പോയാൽ പിന്നെ എത്തുന്നത് ആലമ്പാടി ഇല്ലക്കാരുടെ അതിരിലേക്കാണ്. പൈക്കൾക്ക് മേയാൻ പുൽമേടുകൾ ആലമ്പാടിയിൽ ധാരാളമുണ്ട്. എന്നാൽ അങ്ങോട്ട് കടന്നു കഴിഞ്ഞാൽ ജാഗ്രത പതിവിലും ഇരട്ടിയായിരിക്കണം. കൊണ്ട കണക്കിന് റാക്കൂറ്റുന്ന കുടിയന്മാരുടെയും തലയറഞ്ഞ് മാരണം വെക്കുന്ന മലയമന്ത്രവാദികളുടെയും കളിത്തട്ടാണത്. നടക്കുമ്പോൾ കാലുവീശാൻ പോലും അതുവഴി പോകുന്നവർക്ക് ധൈര്യം വരാറില്ല. മന്ത്രവാദം ചെയ്ത തകിടുകളും കുടത്തിൽ ബന്ധിച്ച അണങ്ങുകളുമാണ് നിലം വാഴുന്നത്. കൊമ്പുകോർത്താൽ പിന്നെ എണീറ്റ് നിൽക്കാൻ കുണ്ടി പൊങ്ങില്ല . മാടത്തിൻ കീഴില് വേട്ടക്കൊരു മകന്റെ പടിഞ്ഞാറ് ഭാഗത്ത് മഞ്ഞപ്പുല്ലുകൾ ധാരാളമായി തഴച്ചു വളർന്നു നിൽക്കുന്ന പാറപ്രദേശങ്ങളാണ്. വയറു നിറയുവോളം പുല്ലു തിന്നാനും അതിരിലെ പള്ളത്തിൽ പടിഞ്ഞിരുന്ന് വെള്ളം കുടിക്കാനുമവിടെ ഇടമുണ്ട്. തിന്നതൊക്കെയും തേട്ടുവോളം പള്ളത്തിനു ചുറ്റും ഉഴറി നടന്ന്, അവർ കുന്നു കയറി. നടപ്പാതയിലേക്ക് തഴച്ചു വളർന്നു നിൽക്കുന്ന എകർച്ചയുള്ള വൃക്ഷങ്ങൾ ഇടവഴികളിൽ ഇരുട്ട് കലക്കി ഒഴിച്ചു. പലയിടങ്ങളിലും പാർതിരിയാതെ അറ്റം കാണാത്ത ചെമ്മൺ പാതകളിൽ കണ്ണുടക്കി

നിന്നു. ഒടുക്കം മനസ്സിൽ വന്ന ഊഹങ്ങൾ പെറുക്കി വെച്ച് റാക്കോൽ കുന്നിന്റെ ഉച്ചാംതല വരെയെത്തി. വരിമാറി നടക്കുന്ന കന്നിൻ പറ്റങ്ങളെ കൂട്ടത്തിലേക്ക് തെളിച്ചു കേറ്റി കുന്നിറങ്ങുമ്പോൾ വഴികൾ കണ്ണിനു മുന്നിൽ ഏത്തക്കുത്ത കളിച്ചു. പരിചയക്കുറവിൽ മനസ്സ് കിടന്ന് നട്ടംതിരിയുന്നതാണെന്ന് ആദ്യം കരുതിയെന്നാലും, ആരോ തങ്ങളെ കൺകെട്ട് കാണിച്ച് പറ്റിക്കുകയാണെന്ന് എലുമ്പന് തിരിപാട് വന്നു. മുന്നോട്ട് ഒരടി പോലും നടക്കാനാവാതെ കന്നിൻ കൂട്ടത്തിനു മുന്നിൽ കുന്തിച്ചിരിക്കാനൊരുങ്ങവേ, പൊന്നശോകത്തിന്റെ തുഞ്ചത്തുനിന്ന് ഒരാൾ എലുമ്പനു മുന്നിലേക്ക് എടുത്തുചാടി. അപ്രതീക്ഷിതമായ ആ നീക്കത്തെ തടയാൻ വടി ചുഴറ്റണമെന്നുണ്ടായിരുന്നെങ്കിലും, കാലുകൾ പതിച്ച ഒച്ചയിൽ അവൻ പേടിച്ച് രണ്ടടി പുറേകാട്ട് മാറി. വാവിട്ടു കരയാൻ തുടങ്ങിയ കന്നുകളുടെ പുറംതടവിക്കൊണ്ടവൻ മുന്നിലെ സ്ത്രീയെ പതർച്ചേയാടെ നോക്കി.
എന്നാൽ പുരികക്കൊടി ആവുംവിധം ഓടിച്ച്, അവളൊന്നു തറപ്പിച്ചു നോക്കിയതും, അവൻ തലകുനിച്ചു. കൺപോളകളിൽ മുഴുവനായി കരിനിറം വാരി തേച്ച അവളുടെ കൺതടങ്ങൾ അവനിൽ ലഹരി നിറച്ചു. എന്നാൽ അവനെ മുട്ടി ഉരുമ്മി നിൽക്കുന്ന കാലിപ്പറ്റങ്ങൾക്കുമേലായിരുന്നു അവളുടെ കണ്ണ്. അവൾ തന്നിലേക്ക് അടുക്കുംതോറും അവൻ കണ്ണടച്ച് കാലിച്ചാൻ തെയ്യത്തെ വിളിച്ചു. അവസാനം കാലിക്കൂട്ടത്തെ വീണ്ടുമൊന്നുഴിഞ്ഞെടുത്ത് അവൾ കണ്ണടച്ചതും തൊട്ടടുത്ത നിമിഷം കന്നിൻ പറ്റങ്ങൾ അപ്രത്യക്ഷമായി. ഇത്രയുമായപ്പോൾ തന്നെ എലുമ്പന്റെ വെളിപാടുതിർന്നു. അരയ്ക്കു ജപിച്ചു കെട്ടിയ ഉറുക്കിലേക്ക് കയ്യെത്തിച്ചതും അവന്റെ കണ്ണിൽ ഇരുട്ട് കേറി. തൊട്ടുമുമ്പ് തന്നെ മുട്ടിയിരുമ്മി നിന്ന കിടാങ്ങളുടെ പേര് ചൊല്ലി വിളിച്ച് അവൻ നാലുപാടും പാഞ്ഞു. അവയുണ്ടായിരുന്ന ഇടങ്ങളിലേക്ക് വിരൽ എത്തിച്ച് കണ്ണു നിറച്ചു.
അന്നേരം പൊന്നശോകത്തിന്റെ മണ്ടയിൽ നിന്നും എലുമ്പൻ പേര് വിളിച്ച കിടാങ്ങളൊക്കെയും ഉറക്കെ കരയാൻ തുടങ്ങി. എന്നാൽ ഒരെണ്ണത്തെ പോലും അവിടെ എവിടെയും കണ്ടില്ല. തലയിൽ സങ്കടം മുറുകാൻ തുടങ്ങിയതും കണ്ണുകളിൽ ചോര കക്കി. എന്നിട്ടും ഒന്നുമറിയാത്ത ഭാവത്തിൽ അവൾ അവനെ നോക്കി ചിരിച്ചതും,' എന്റെ കന്നുകളെവിടെ കൂത്തിച്ചി മോളെ..’എന്നലറിക്കൊണ്ടവൻ അവളിലേക്ക് പാഞ്ഞടുത്തു. എന്നാൽ അവൾ നിന്നിടത്തു നിന്നും ഒരു അടി അനങ്ങിയില്ല. ചെവിയോളം അവന്റെ കൈയെത്തിയതും, അവൾ അവന്റെ അരയുറുക്കിൽ വിരലിട്ടു വലിച്ചു. ഓങ്ങിയ കൈ താഴുംമുമ്പേ ഉറുക്കു പൊട്ടിച്ച് , അവനെ ഉറുവാപെട്ടിയാക്കി.  അവന്റെ മുണ്ടിന്റെ കോന്തലയും അവൾ മുഷ്ടിയിലൊതുക്കി. ഇതൊന്നും തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് അവനാകെ തരിച്ചുപോയി.
അപ്പോൾ അശോകത്തിന്റെ തുച്ചാംകൊടിയിൽ നിന്നും കന്നുകൾ ഇടമുറിയാതെ കരഞ്ഞു. പഞ്ഞിയോളം കുഴഞ്ഞ അവന്റെ ശരീരം അതിനോടകം മരത്തടിയിൽ ചേർത്തുനിർത്തി അവൾ അവനിൽ നിശ്വാസമിറക്കി വെച്ചു. ഒന്നും മനസ്സിലാവാതെ അവളുടെ കൺതടങ്ങളിലേക്ക് തറച്ചു നോക്കുന്ന അവന്റെ ചുണ്ടുകളെ അവൾ നിഷ്പ്രയാസം കോർത്തെടുത്തു. രതി പൂണ്ട രണ്ട് പാമ്പുകൾ അവരിലേക്ക് ഇഴഞ്ഞു കയറി. പൊന്നശോകത്തിന്റെ അസാമാന്യമായ വിടവിലേക്ക് അവളെ ചേർത്ത് നിർത്തി കൊണ്ട് അവൻ അവളുടെ തുട നനച്ചു. ഓരോ കയറ്റിറക്കങ്ങളിലും മരത്തിന്റെ കൊമ്പുകളിലിരുന്നു കൊണ്ട്, കന്നുകാലികൾ അമറാൻ തുടങ്ങിയതും ഇരുവരുടെയും കണ്ണുകളടഞ്ഞു. എല്ലാം കഴിഞ്ഞ് മണ്ണിൽ വീണ ഉടുമുണ്ട് കുനിഞ്ഞെടുത്ത് അവൾ അവനെ തോർത്തി.
മരത്തടിയുടെ ഓരോ വിടവുകളിൽ നിന്നും ഈ രണ്ടു കന്നുകാലികൾ വീതം പുറത്തു ചാടി. ഇപ്പോൾ പെറ്റിട്ട പോലൊരു ചൂട് അവയുടെ ശരീരത്തെ വല്ലാതെ പൊതിഞ്ഞു പിടിച്ചു . മലമണ്ടയുടെ ഉച്ചാംതലയിലേക്ക് മറഞ്ഞു നോക്കിക്കൊണ്ട് കുന്നിറങ്ങുമ്പോൾ ആ ചൂട് അവനിലേക്ക് കൂടി കാലിറക്കി വെച്ചു കഴിഞ്ഞിരുന്നു.
അന്നു രാത്രി അവനിലേക്ക് ഉറക്കം തിരിഞ്ഞു നോക്കിയതേയില്ല. ചൂടിക്കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൻ അവളെ ഓർത്തെടുക്കാൻ നോക്കി. തോന്നൽ ഓരോ തവണ മണ്ട കേറുമ്പോഴും, മുളകരച്ചിട്ട മാതിരി ഒരു എരിച്ചിൽ നെഞ്ചിൻകൂട് കത്തിച്ചു. പുകച്ചിലടക്കാൻ കയ്യും കണക്കുമില്ലാതെ വെള്ളം കുടിച്ചിട്ടും പരേവശം കെട്ടില്ല.

അവൾ ആരാണെന്നൊരു വേവലാതി അവനിൽ എടുത്താൽ പൊങ്ങാത്ത കനമെടുത്തുവെച്ചു. ഒടുക്കം രണ്ടും കൽപ്പിച്ച് കിടക്കയിൽ കയറി കമിഴ്ന്നു കിടന്നതും, കരക്കയ്ക്ക് പുറത്ത് നിന്നും ബല്ലം ചുറ്റി വന്ന ഒരു കാറ്റ് അവനിലേക്ക് തണുപ്പ് നിറച്ചു. തുട മുതൽ മുടി വരെ

മരവിച്ചുപോയ തണുപ്പ് അവൻ്റെ ലിംഗത്തെ വലുതാക്കി സ്വര്യം കെടുത്തി. അര വാതിലിലൂടെ കാറ്റു പുറത്ത് കടന്നതും, തൊട്ടടുത്ത പാതയിൽ നിന്നും എലുമ്പന്റെ കന്നുകൾ വല്ലാതെ കരയാൻ തുടങ്ങി. കതകിന്റെ ചേർപ്പിൽ കൊമ്പുകൊണ്ട് കുത്തിയൊടിച്ച് പുറത്തുവന്നു. ഉരിയാൻ പോന്ന മുണ്ടിന്റെ തല എളിയിൽ തിരുകി , എലുമ്പൻ കരക്കയ്ക്ക് വെളിയിൽ വന്നതും, കന്നുകാലികളും അവനെ പിന്തുടർന്നു. എന്നാൽ ഇത്തവണ എന്തുകൊണ്ടോ അവ തീരെ ശബ്ദമുണ്ടാക്കിയില്ല.
കോളികുന്നുമ്മലെ ചന്തയിലേക്ക് ചരക്കെത്തിക്കാൻ നാളെ കാലത്ത് പുറപ്പെടാൻ വട്ടം കൂട്ടുന്ന സവാരിക്കാർക്ക് മുന്നിലൂടെ അവനും കന്നുകളും പുല്ലുപോലെ നടന്നെങ്കിലും അവരാരും അവരെ കണ്ടില്ല. തറവാടിന്റെ കവാടം കടന്ന് പടിപ്പുരയെത്തിയതും, അടച്ചിട്ട വാതിലുകൾ തനിയെ തുറന്നു. എവിടേക്കെന്ന് മുൻകൂട്ടി അറിയുന്നതുപോലെ അവർ നടപ്പു തുടങ്ങിയതും, മാരണം വെച്ച തണുപ്പൻ കാറ്റ് അവരുടെ തലയ്ക്കു ചുറ്റും വട്ടം കറങ്ങി.
കൂളിക്കാലെ ഇരുട്ടു മദിക്കുന്ന ഇടവഴികളിൽ മറഞ്ഞിരിക്കുന്ന ചൂരി മുള്ളുകൾ ദേഹത്തുരഞ്ഞത് അവനു തീരെ ഏശിയില്ല. പിറകെ വന്ന കന്നിൻപറ്റം അവയെ പല്ലിനിടയിലിട്ട് പൊടിച്ചു കളഞ്ഞു. ആലമ്പാടിക്ക് കയറും മുമ്പ് കാരാക്കോട്ട് മൊട്ടമ്മലെ കിടങ്ങുകളിൽ ചിതറി കിടക്കുന്ന വിഷക്കല്ലു കൊണ്ടിട്ടും അവന്റെ മടമ്പ് നൊന്തില്ല. എലുമ്പൻ വരുന്ന വഴിയിൽ ഇണ ചേരുകയായിരുന്ന കുറുക്കന്മാർ ശീതക്കാറ്റേറ്റതും ഓടി മറഞ്ഞു. നരിച്ചീറുകൾ ആകാശത്തേക്ക് ഉയർന്നു പറന്നും, പാമ്പുകൾ പുറ്റുകളിൽ അഭയം തേടിയും അവരിൽ നിന്നും അകലം പാലിച്ചു.
കോളിക്കുന്നുമ്മലെ അടക്കാത്തോട്ടത്തിലെത്തിയതും, ചെരുവ് തിരിയുന്നിടത്തെ വെളിച്ചമണയാത്ത വീട് ലക്ഷ്യം വെച്ച് അവർ നടന്നു. കളം കടന്നതും കിണറ്റിൽ തൊട്ടി കറക്കി കാലും മുഖവും കഴുകിയ എലുമ്പൻ ഒരു കുമ്പിൾ വെള്ളം കൈക്കുടന്നയിലാക്കി കന്നിൻ പറ്റത്തിനു നേരെ തളിച്ചു. അകത്തേക്ക് കയറുന്നിടത്ത് പുൽപ്പായ നീട്ടിവിരിച്ച്, കോമറായ ഇരിപ്പുണ്ട്. അര മുറിയുടെ ഓരത്ത് അടുപ്പിൻ കല്ലിനോട്

ചേർത്തുവച്ച കുപ്പിയിൽ നിന്നും ഒരു കൊണ്ട അവൾ എലിമ്പന് നൽകി.
എരിവള്ളം പാതി വയറ്റിലെത്തിയതും അവന്റെ ലിംഗം വീണ്ടും പിടഞ്ഞു. വായ പൂട്ടാനാവാത്ത ഒരു നായയായി അവൾക്കു മുന്നിൽ അവൻ അണച്ചു. പായയ്ക്കു മുകളിൽ ചിരട്ടയിൽ തിരി കത്തിച്ച് അവൾ അവനെ പായയിലേക്ക് കിടത്തി. അവളുടെ മുലയിടുക്കുകളിൽ കിടന്ന് അവന്റെ മുഖം ചൂടുപിടിക്കുമ്പോൾ അവളുടെ ചുണ്ടുകളിൽ ഏതോ മന്ത്രങ്ങൾ നിരന്തരം തുളുമ്പിക്കൊണ്ടിരുന്നു. വിയർപ്പിന്റെയും എണ്ണമയത്തിന്റെയും വഴുക്കലിൽ, തുടകൾ ഉരസി നീറുമ്പോൾ അവൾ ഉള്ളിൽ ചിരിച്ചു. എല്ലാം കഴിഞ്ഞ് ഉള്ളിലെ ചൂര് മൊത്തമായി വറ്റിയതും, എലുമ്പൻ അവളിൽ നിന്നും ക്ഷീണത്തോടെ അടർന്നു മാറി. 
പിറ്റേന്ന് സൂര്യനുദിക്കുമ്പോൾ എലുമ്പൻ കരക്കയ്ക്കടുത്തെ കട്ടിലിൽ ഉടുമുണ്ടും പുതച്ച് കൂർക്കം വലിക്കുകയാണ്. പുലർച്ചെ ഉണർന്ന കാലിച്ചാന്മാർ പാത്രവുമായി കരക്കയിലെത്തിയെങ്കിലും അന്നാദ്യമായി അകിടുകൾ അവരെ നിരാശരാക്കി. പത്തു പതിനഞ്ചെണ്ണത്തെ കറന്നിട്ടും ആകെ കിട്ടിയത് ഒന്നര കൊണ്ട പാലാണെന്ന് കണ്ടപ്പോൾ അവർ പരസ്പരം അന്തിച്ചു നോക്കി. പെട്ടെന്ന് കാലികൾക്ക് എന്തങ്കരയാണ് പിണഞ്ഞെതന്നറിയാതെ അവർ വിവരം ഏമൻ നായരുടെ ചെവിയിലെത്തിച്ചു.
കന്നിനു കൊടുക്കുന്ന കറ്റയ്ക്കും വെള്ളത്തിനും കുറവൊന്നുമില്ലെന്ന് പരിശോധിച്ചറിഞ്ഞതോടെ നായർക്ക് എന്തോ പിടികിട്ടി.
കുളത്തിൻ കരയിലേക്ക് നടക്കുമ്പോൾ ഇന്നയാൾ കൂടെ കൂട്ടിയത് എലുമ്പനെയായിരുന്നു. നായർ എന്തോ വലിയ സന്തോഷത്തിലാണെന്ന് അവന് തോന്നി. അയാൾ പതിവിലധികം സംസാരിച്ചു. ഒരുമിച്ച് കടവിൽ ചെന്ന് നീന്തിക്കുളിച്ചു. എലുമ്പന് നല്ല ശരീരേവദനയുണ്ടെന്നറിഞ്ഞിട്ടും അവനെയും കൂട്ടി ചൂണ്ടയിടാൻ പോയി. മീൻ ഇരയെടുക്കുവോളം പടവലിരുന്ന് കഥ പറഞ്ഞു. അതേ മീനും കൂട്ടി നായനാർ ഊണ് കഴിക്കുമ്പോൾ അവനെയും, അരികിൽ വിളിച്ചിരുത്തി ചോറ് വിളമ്പി. നായരോട് എന്തെന്നില്ലാത്തൊരിഷ്ട്ടം അതിനോടകം അവനിൽ കിനിഞ്ഞു തുടങ്ങിയിരുന്നു.
ഒടുക്കം നായർക്ക് ഉറക്ക് വരുന്നതുവരെ കോലായിലിരുന്ന് ദായം കളിച്ചതും, അതുവരെ തോന്നിയിട്ടില്ലാത്ത ഒരുൽസാഹം അടിമുടി വന്നു പൊതിഞ്ഞു. കളി തീർന്ന് നായർ നേരെ അറയിലേക്ക് കിടക്കാൻ പോയപ്പോൾ എലുമ്പൻ കരക്കയ്ക്കടുത്തേക്ക് നടന്നു. പോകുന്ന പോക്കിൽ തറവാട്ടിലെ മറ്റു വാലിയക്കാർ അവനെ അസൂയയോടെ നോക്കുന്നത് അവന് കാണാമായിരുന്നു. മുറിയിലെത്തി കാലികളുടെ നെറ്റിയിലും കവിളിലും വെറുതെ തടവി അവയ്ക്ക് തന്റെ സന്തോഷം പകർന്നുനൽകി. അരികുകളിലെ ഏച്ചുകെട്ടൽ മുറിഞ്ഞുപോയ ചൂടിക്കട്ടിൽ അവനു പട്ടുമെത്തയായി. കിടന്ന കിടപ്പിൽ കൂർക്കം വലിക്കാൻ പാകത്തിന് അവനുറങ്ങാൻ തുടങ്ങിയതും, കരക്കയുടെ തകരപ്പാളി തള്ളി തുറക്കുന്ന ശബ്ദം കേട്ട് എലുമ്പൻ കണ്ണു തുറന്നു.
കാലിയെ കറക്കാൻ വന്ന കോലാൻ ചെറുക്കൻമാർ ആരെങ്കിലുമാവാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പുറത്തു നിലാവ് മാഞ്ഞിട്ടേയില്ല എന്ന് കണ്ടതോടെ അവനിൽ സംശയമുണ്ടായി. കാലികളെ കക്കാൻ വരുന്ന കള്ളന്മാരായിരിക്കുമോ എന്ന് ഭയന്ന് കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു. മനസ്സിനുള്ളിൽ കാലിച്ചാൻ തെയ്യത്തെ പ്രാർഥിച്ചു. ചുവട്ടിലെ കുറുവടിക്കായി കൈ പരതിയതും, മുന്നിലെ രൂപം അലിവോടെ തന്റെ പേര് ചൊല്ലി വിളിച്ചത് അവനതിശയമായി. ഉറക്കം തൂങ്ങുന്ന പോളകൾ മുറുകെ തിരുമ്മി കണ്ണുകൾ ഒന്നുകൂടി അടച്ചു തുറന്നപ്പോൾ മാത്രമാണ് അത് നായരാണെന്ന് മനസ്സിലായത്.
നായരെ കണ്ടയുടനെ അവൻ എഴുന്നേറ്റു നിന്നു. അവനിൽ ഒരേസമയം സമാധാനവും സംശയവും ഉറഞ്ഞു കൂടി. എന്നാൽ നായർക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. തൊട്ടുമുമ്പ് കണ്ട അതേ മുഖത്തോടെ അയാൾ അവന്റെ നഖക്കൊടിയോളമടുത്തു വന്നു. എഴുന്നേൽക്കുമ്പോൾ എളിയിൽ നിന്നും സദാ താഴോട്ടുരിഞ്ഞിറങ്ങുന്ന മുണ്ടിന്റെ കോന്തല അവൻ പിന്നിലേക്ക് തിരുകവേ, നായർ അവന്റെ കവിളുകളെ അയാളുടെ കൈ വെള്ളയിലാക്കി. ശേഷം സാവധാനം മുഖവും തലയുമുഴിഞ്ഞു. നായരുടെ ഭാവത്തിലെ പന്തികേട് തിരിഞ്ഞതും പേടി അവന്റെ തൊണ്ടയടച്ചു. ഒന്നും മിണ്ടാനാവാതെ വെള്ളം വറ്റിത്തുടങ്ങിയ ആ ചുണ്ടുകളെ, തീരെ പ്രതീക്ഷിക്കാതെ നായർ തന്റെ ചുണ്ടിൽ കോർത്തെടുത്തു.
അയാളെ ചെറുക്കുവാനുള്ള പാങ്ങ് തൊട്ടടുത്ത നിമിഷം അവനിൽ നിന്നും ചോർന്നു പോയി. ഇതിനിടയിൽ വെളുത്ത മുണ്ടും കോണകവുമുരിഞ്ഞെടുത്ത് അയാൾ അവന്റെ മുഖം അരക്കെട്ടിലേക്ക് ബലത്തോടെ അടുപ്പിച്ചു. കുതറി മാറാനുള്ള ഓരോ ശ്രമങ്ങളിലും നായരവനെ അനുസരണ പഠിപ്പിച്ചു. കഴുത്തിലും പിൻചെവികളിലും പല്ലുകളാഴ്ത്തി. വിയർപ്പിൽ വഴുതിപ്പോകുന്ന ശരീരത്തെ നിയന്ത്രണത്തിലാക്കാൻ തുടകളെ അകത്തിപ്പിടിച്ചു. നായരുടെ ഓരോ കയറ്റിറക്കത്തിലും അവനിൽ നിന്നും പ്രാണൻ ഊരി തെറിച്ചു. ഒടുക്കം അയാളിലെ എല്ലാ കിതപ്പുകളും തുള്ളിതുള്ളിയായി അവനെ നനച്ചതും ഒന്നും സംഭവിക്കാത്ത പോലെ കട്ടിലിന്റെ കാലിൽ ഞാത്തിയ മുണ്ടും വാരിച്ചുറ്റി അയാൾ പുറത്തു കടന്നു.
പിറ്റേന്ന് വൈകുന്നേരം വരെയും എലുമ്പൻ കട്ടിലിൽ നിന്നും എഴുന്നേറ്റില്ല. നല്ല മേലുചൂടും, ശരീരവേദനയും അവനെ കിടക്കയിൽ തളച്ചിട്ടു. എഴുന്നേറ്റു നടക്കുമ്പോൾ തുടയുരസിയുള്ള വേദന കൊണ്ട് കണ്ണു നിറഞ്ഞിട്ടും അവനാരോടും ഒന്നും പറയാൻ പോയില്ല. പക പോക്കാൻ കിട്ടിയ അവസരം മറ്റു വാല്യക്കാർ നന്നായി ഉപേയാഗിച്ചു. അവന് പകർച്ച പനിയാണ്. ആരും അടുത്ത് പോവണ്ട. 'എന്ന് കാര്യമന്വേഷിച്ച മറ്റു പണിക്കാരോട് അവർ മുന്നറിയിപ്പ് നൽകി.' എശമാൻ്റെ കൂടെ നടക്കുമ്പോ അവൻ്റെ കാല് നെലത്തൊന്നുമായിരുന്നില്ല.' എന്ന് അസൂയാലുകൾ

അടക്കം പറഞ്ഞു ചിരിച്ചു. എലുമ്പന്റെ അവസ്ഥയറിഞ്ഞ നായർ ഊണിനു ശേഷം അവിടെ വരെയെത്തി. അവനെയാകെ ഒന്ന് ഉഴിഞ്ഞു നോക്കിയ ശേഷം ലേശം ചുക്കുകാപ്പി അനത്തി കൊടുക്കാൻ മണിയാണിയെ ഏൽപ്പിച്ചു.

തിളച്ച വെള്ളത്തിൽ കുരുമുളകും ചുക്കും വേവിച്ച് കോപ്പയിലാക്കി മണിയാണി തന്നെ അവന് കൊണ്ടുവന്നു നൽകി. അകം പൊള്ളുന്ന ചൂടിൽ കാപ്പി ഊതി ഊതി കുടിച്ചപ്പോൾ പനി മെല്ലെ പിടി അയച്ചു. ദീനം മാറിയ എലുമ്പനെ നോക്കി കന്നുകൾ സഹതാപത്തോടെ അമറി.
കോളിക്കുന്നുമ്മലെ കുന്നിൻ മണ്ടകളിൽ നിന്നും ഒലിച്ചിറങ്ങിവരുന്ന കാരിച്ചാല് കൂവത്തടത്തിന്റെ പച്ചയിൽ ഒരു പള്ളത്തെ വളച്ചു കെട്ടി വെച്ചിട്ടുണ്ട്. മുളിപ്പുല്ലുകൾ വളർന്ന പാറയളുക്കുകളിൽ കാരമുള്ള വെയിലിൽ പോലും അത് ഇടനിലങ്ങളിൽ നനവ് പടർത്തി. സന്ധ്യയോടടുത്താൽ ആകാശത്തുനിന്നും സൂര്യൻ മാഞ്ഞുമാഞ്ഞു പോകുന്നത് പള്ളത്തിന്റെ അടുത്തിരുന്നാൽ നേരാംവണ്ണം കാണാം. വെയിൽ മണം ആറിത്തുടങ്ങിയ പുൽത്തകിടിയിൽ കാല് നീട്ടി ഇരുന്നുകൊണ്ട് എലുമ്പൻ വെറുതെ ദൂരേക്ക് കണ്ണുകൂർപ്പിച്ചു.
പിറകിൽ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും വിശപ്പിന്റെ പച്ച തേടി ഓടുന്ന കന്നുകാലികളിലേക്ക് എന്തുകൊണ്ടോ അവന്റെ ശ്രദ്ധ മടങ്ങിയില്ല. അവറ്റകളുടെ അമർച്ചക്കൊടുവിൽ മേഘങ്ങളിൽ നിന്നും ചുവപ്പ് പൊടിഞ്ഞു വീഴുന്നത് മാത്രമായി അവന്റെ കാഴ്ച. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ കൂവത്തടം പെട്ടെന്ന് നിശബ്ദമായതും, കന്നുകാലികളല്ലാതെ, മറ്റാരുടെയോ സാന്നിധ്യം അവനെ വന്നു വട്ടം പിടിച്ചു. തീരെ സാവധാനത്തിലുള്ള കാൽ വെപ്പുകളോടെ കോമറായ അവനടുത്തു വന്നിരുന്നിട്ടും അവൻ മേഘങ്ങളിൽ നിന്നും കണ്ണെടുത്തില്ല.
അവളുടെ വിരലുകൾ അവന്റെ താടിയെല്ലിനെ അവളിലേക്ക് തിരിച്ചതും എലുമ്പന്റെ കണ്ണിൽ നനവ് പരന്നു. അവളുടെ ശ്വാസം അവന്റെ മൂക്കിൻ കൊടിയോളമെത്തിയതും, കോമറായയുടെ വിരലുകൾ എലുമ്പന്റെ തുടയിടുക്കുകളിൽ പടർന്നുകയറി. തുടയുരഞ്ഞു തൊലി പൊളിഞ്ഞ ഇടങ്ങളിൽ അവൾ സാവധാനം തടവി. ശേഷം വിരലുകളിൽ ഉമിനീർ ഇറ്റിച്ച് പോറലുകൾ ഒന്നുകൂടി തോർത്തിയതും, എലുമ്പന് വല്ലാതെ നീറി. എന്നാലും അവൻ അവളുടെ മുഖത്ത് നിന്നും കണ്ണെടുത്തില്ല. അയഞ്ഞു തുടങ്ങിയ എലുമ്പന്റെ കണ്ണുകളിലേക്ക് നോട്ടമിറക്കി വെച്ച് അവൾ പറഞ്ഞു.' യശമാനൻ ഞാൻ വെച്ച മാരണത്തിന് മറുമരുന്ന് വെച്ചതാന്ന്. ഒണങ്ങും.' അതുകേട്ടതും എലുമ്പന്റെ മനസ്സ്

വേദനിച്ചു.
എല്ലിനിടയിൽ ആണിയിറങ്ങുന്ന ഒരു കടച്ചിൽ ശരീരമാകെ പടർന്നു കയറി. ഒട്ടും പ്രതീക്ഷിക്കാത്തതെന്തോ കേട്ടതു കൊണ്ടാവാം, കണ്ണിൻ പോളയോളം വെള്ളം പൊന്തി. ഇരുന്നിടത്ത് നിന്നും പരണ്ടെണീറ്റ് എളിയിലേക്ക് മുണ്ടിന്റെ തല തിരുകി. ചുവപ്പ് പൊടിഞ്ഞു തുടങ്ങിയ ദിക്കു നോക്കി ഇറങ്ങി നടന്നു. എലുമ്പന്റെ കാലിലെ ഇടർച്ച നോക്കി കോമറായ കഴുത്തുവട്ടത്തിലെ മാല പിടിച്ചു. അപ്പോൾ അവളുടെ കണ്ണിൽ നിന്നും പൊടിഞ്ഞത് ചോരയായിരുന്നു.


അണക്കെട്ടുംകാലിൽ ചങ്ങാതിമാരുമായുള്ള കഥപറച്ചിലും കഴിഞ്ഞ് വീട്ടിലേക്കുള്ള വഴി പിടിക്കാൻ ഒരുങ്ങുകയായിരുന്നു ഉദീശൻ. മടങ്ങി വരുമ്പോൾ സ്ഥിരമായി വാലിൽ തൂങ്ങാറുള്ള ചമറു എന്തുകൊണ്ടോ ഇന്ന് നേരത്തെ പോയതിനാൽ, നടത്തമത്രയും ഒറ്റക്കായിരുന്നു. ഒറ്റക്കാവുമ്പോൾ ഉദീശന്റെ ചിന്തയ്ക്ക് വാലും കൊമ്പും മുളക്കും. അത് അവൻ പറയുന്നിടത്ത് നിൽക്കാതെ തോന്നിയ വഴിക്ക് കാടുകേറും. അങ്ങനെയാണ് പള്ളത്തിന്റെ അടുത്തുവരെയൊന്ന് നടന്നുകളയാമെന്ന് മോഹം തോന്നിയത്. മോരാംഗലം കടന്ന് കോളിക്കുന്നുമ്മലേക്കുള്ള ഇടവഴി പിടിക്കുമ്പോൾ അവൻ കൈയിലെ കെട്ടിലേക്കൊന്നു നോക്കി. വേദനയൊന്നുമില്ലെന്നാലും വിരലുകൾ കൂട്ടി കെട്ടിയതുകൊണ്ട് മടക്കാനും നിവർത്താനും ലേശം പ്രയാസമുണ്ട്. നേരമേറെ ഇരുട്ടിയിട്ടില്ലാത്തതുകൊണ്ട് കുന്നുമ്മലിൽ നിന്നും പള്ളത്തിലേക്കുള്ള മുണ്ടക്കാട് കടക്കാൻ ബുദ്ധിമുട്ടിയില്ല. നിലാവ് വിതറിയ നടവഴികളിൽ നിന്നും കൈതച്ചക്കയുടെ മണം അവനിൽ വീണ്ടും ഉത്സാഹം നിറച്ചു. പള്ളത്തിന്റെ അടുത്തെത്തുമ്പോൾ ആരെങ്കിലും അവിടെ ഇരിപ്പുണ്ടായിരിക്കുമെന്ന് ഉദീശൻ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു മനുഷ്യനെയും അവിടെ കണ്ടില്ല. പാറക്കെട്ടുകൾ തടം പിടിച്ചു നിർത്തിയ ജലാശയത്തിലേക്ക് ചാഞ്ഞ അരയാലിന്റെയും പൊന്നശോകത്തിന്റെയും ചില്ലകൾ നിലാവെളിച്ചത്തെ വെള്ളത്തിലേക്ക് മുറിച്ചിട്ടു. കരയിൽ ഇരുന്നാൽ വെള്ളത്തിലേക്ക് കാലെത്തിക്കാൻ പകത്തിൽ ചെരിഞ്ഞു കിടക്കുന്ന ഒരു പാറക്കല്ല്. അതിൽ രണ്ടു പേർക്കെങ്കിലും നേരാംവണ്ണം ഇരിക്കാനുള്ള ഇടമുണ്ട്. ആ പാറക്കല്ലിലേക്ക് കയറിയിരുന്നു കൊണ്ട് അവൻ പള്ളത്തിന്റെ അറ്റത്തേക്ക് കണ്ണെറിഞ്ഞു. മറുകരയിൽ തീരെ മെലിഞ്ഞ മരങ്ങളുടെ നിഴലുകൾ അവന്റെ കാഴ്ചയ്ക്ക് അതിര് വരച്ചു. ഇരുട്ടത്ത് വെള്ളമനങ്ങുമ്പോൾ മേൽപ്പരപ്പോളം ഉയർന്നുവരുന്ന ഒളിയന്മാർ വായുവിലേക്ക് കുതിച്ചുപൊങ്ങി ഉദീശനു മുന്നിൽ സാഹസികരായി. ഈ കൗതുകത്തിൽ സ്വയം മറന്നിരിക്കുന്നതിനിടയിലാണ് പിന്നിൽ നിന്നും ഒരൊച്ച കേട്ടത്. ശബ്ദം കേട്ട ദിക്കിലേക്ക് തല തിരിച്ചതും ഉദീശന്റെ കണ്ണ് തറച്ചു. ഇരുട്ടിൽ നിന്നും ഒരു പെണ്ണ് പള്ളത്തിലേക്ക് നടന്നടുക്കുന്നത് കണ്ടപ്പോൾ അവൻ അതിശയം കൊണ്ട് വാ പൊളിച്ചു. നട്ടപ്പാതിരാത്രിക്ക് ഒച്ചയുമനക്കവുമില്ലാത്ത ഈ ഇടത്തേക്ക് ഒറ്റയ്ക്ക് വരാൻ മാത്രം ധൈര്യമുള്ള ഒരു മടിക്കൈക്കാരിയും അവന്റെ മനസ്സിലപ്പോൾ തെളിഞ്ഞില്ല. ഒറ്റനോട്ടത്തിൽ അവളുടെ പ്രായം തിട്ടപ്പെടുത്താൻ അവനൊരു ശ്രമം നടത്തിയെന്നാലും, വസ്ത്രങ്ങളിൽ നിന്നും തുളുമ്പാനൊരുങ്ങുന്ന ശരീരം അവനു മുന്നിൽ ഏത്തക്കുത്ത കളിച്ചു. കണ്ടു മറന്ന ഓരോ പെണ്ണിനെയും അവളുമായി ക്ഷണനേരത്തിൽ തട്ടിച്ചു നോക്കിയെങ്കിലും ഒന്നുമായും അതിന് പൊരുത്തം വന്നില്ല. ഇതിനിടയിൽ വളരെക്കാലമായി പരിചയമുള്ള പോലെ അവൾ നേരെ വന്ന് കല്ലിന്റെ മറുപാതിയിൽ ഇരിപ്പുറപ്പിച്ചു. എന്നാൽ അവനിലേക്ക് അവൾ നോക്കിയതേയില്ല. അവളുടെ നോട്ടമത്രയും ജലപ്പരപ്പിലേക്കായിരുന്നു. ഒളിയന്മാർ ഓരോ തവണ ഉയർന്നു ചാടുമ്പോഴും അതിശയം കൊണ്ട് പെണ്ണിന്റെ കണ്ണു വിടർന്നു. അന്നേരം

പോളകൾക്കടിയിൽ ഭംഗിയായി വരഞ്ഞ കൺമഷിയുടെ അടയാളം ഉദീശൻ തെളിഞ്ഞുകണ്ടു. ഇതൊന്നും ശ്രദ്ധിക്കാതെ അവൾ മീനുകളെ നോക്കി പൊട്ടിച്ചിരിച്ചു. അന്നേരം അവളുടെ നെഞ്ചിൽ വെളിവായ വരകളിലേക്ക് ഉദീശൻ കണ്ണുപായിക്കും മുമ്പേ അവൾ വെള്ളത്തിലേക്ക് എടുത്തുചാടി. അവനതു തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇറങ്ങുന്നിടത്ത് അരയോളം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാവണം അവൾ പിന്നെയും മുന്നോട്ട് നടന്നു . ഇരുട്ടിൽ നിന്നും തെറിച്ചു പൊങ്ങുന്ന ഒളിയന്മാരെ വെള്ളത്തോടൊപ്പം കൈക്കുടന്നയിലാക്കി മേലേക്ക് വീശിയെറിഞ്ഞു. മൂർത്തിയിൽ തട്ടി അവ വെള്ളത്തിൽ വീഴുമ്പോൾ പിന്നെയും ആർത്തു ചിരിച്ചു. അവളുടെ ഉത്സാഹം കണ്ടിട്ടാവണം ഉദീശനും പള്ളത്തിലേക്കിറങ്ങി അവളോടൊപ്പം ഒളിയന്മാരെ പിടിക്കാൻ തുനിഞ്ഞു. കളി തലയ്ക്കു കയറിയതും രണ്ടുപേരും പള്ളത്തിന്റെ ഒത്ത നടുവോളമെത്തി. ആവേശം കേറിയ ഉദീശൻ വീണ്ടും മുന്നോട്ടായാൻ കാലു വലിച്ചതും, ഒരു കടച്ചിൽ അവന്റെ വിരലിലൂടെ പാഞ്ഞു കയറി. തിരിച്ചുവലിക്കാൻ കാലു പൊക്കിയപ്പോൾ, മാത്രമാണ് വിരലുകളിൽ എന്തോ തറഞ്ഞു കയറിയെന്ന് തിരിപ്പാട് വന്നത്. പിന്നെ അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ അവന്റെ ശരീരം കുഴഞ്ഞുതുടങ്ങി. വായിൽ തുപ്പൽ വറ്റി.

മുറിവിലേക്ക് വെള്ളവും ചളിയും അടിച്ചു കയറുമ്പോൾ, അവൻ കരഞ്ഞു. ഇതു കണ്ട പെണ്ണിനു കാര്യം കത്തി. അവളവനെ താങ്ങിപ്പിടിച്ച് കരയ്ക്കെത്തിച്ചു. പാറക്കല്ലുകളിൽ കാലുരസി അവളുടെ കാലിലും വരങ്ങലുകൾ വീണു. ഒടുക്കം കൽകെട്ടിലേക്ക് ഉദീശനെ കയറ്റിയിരുത്തി കാലുകൾ നിവർത്തിയപ്പോൾ മാത്രമാണ് മുറിവിന്റെ ആഴം മനസ്സിലായത്. വിരലുകൾക്കിടയിൽ അസാധാരണമായൊരു മുറിവ് വാപ്പിളർന്നു നിൽക്കുന്നു. മുറിവിൽ നിന്നും കിനിയുന്ന രക്തം കൽക്കെട്ടിനെ നനച്ചു കളഞ്ഞു. അവൾ അവനെ നേരാംവണ്ണമൊന്ന് കിടത്താൻ പാകത്തിലുള്ള ഇടത്തിനായി ചുറ്റുപാടും കണ്ണുപായിച്ചു. ഒടുക്കം ഉദീശനെ പൊന്നശോകത്തിന്റെ കീഴിൽ എത്തിച്ചു. അവിടെ പടിഞ്ഞിരുന്ന് അവന്റെ കാല് അവളുടെ നനഞ്ഞ പാവാടയിലേക്ക് ഉയർത്തി വെച്ചു. വെള്ളത്തിന്റെ പശിമ പലയിടങ്ങളിലും അവളുടെ നഗ്നത വെളിവാക്കി. രക്തം അവളുടെ പാവാട ചോപ്പിച്ചു. പക്ഷെ, അവൾക്കൊരു കൂസലുമുണ്ടായിരുന്നില്ല. കൈവിരലുകളിൽ ഉമിനീരിറ്റിച്ച് അവൾ മുറിവിൽ പുരട്ടിയെന്നാലും ചോരയൊഴുക്കിന് കുറവുണ്ടായിരുന്നില്ല. ഉദീശനാണെങ്കിൽ മെല്ലെ തലകറങ്ങാനും തുടങ്ങിയിരുന്നു. അപ്പോഴും അവളുടെ ഉടെലാഴുക്ക് അവനിൽ ഉണർവ് തളിച്ചു.

എന്തു ചെയ്തിട്ടും ഏശാതെ വന്നപ്പോൾ അവളൊരു അറ്റകൈ പ്രയോഗം നടത്തി. ഉടുപ്പഴിച്ച് ഇടത്തെ മുല പുറെത്തടുത്തു. മുറിവിന് മുട്ടുവോളം കുനിഞ്ഞു. മുലഞെട്ട് കൃത്യം പിളർപ്പിലേക്കെത്തിയതും സ്തനങ്ങൾ സാവധാനം പിഴിഞ്ഞ് പിളർപ്പിലേക്ക് പാലിറ്റിച്ചു. വിരലുകൾക്കിടയിലൂടെ അവ തുള്ളി തുള്ളിയായി ഒലിച്ചു താഴേക്കിറങ്ങി. ഉദീശനിൽ വല്ലാത്തൊരൂർജം ഇരച്ചു കയറി. കാലിനോടൊപ്പം അവളെയും തന്നിലേക്കടുപ്പിച്ച്

പൊന്നശോകത്തിന്റെ തടിയിലേക്ക് ചേർത്തു കിടത്തി. പെണ്ണിന്റെ കുന്നുകളിലും താഴ് വരകളിലും വളവിലും ചെരുവിലും ഇടക്കാടുകളിലും പല്ലും നഖവുമാഴ്ത്തി അവൻ അവളിൽ ഇടിഞ്ഞുവീണു. കണ്ടെടുക്കുന്ന പുതിയ ആഴങ്ങളിൽ വഴുതിപ്പോകുന്ന സീൽകാരങ്ങളോടൊപ്പം കന്നുകാലികളുടെ കരച്ചിലുകൾ പൊന്നശോകത്തിന്റെ ഉച്ചിയിൽ നിന്നും ഉയർന്നു പൊന്തി. അപ്പോഴൊക്കെയും അവൾ അവനെ ഗാഢമായി ചുംബിച്ചു. ഒടുക്കം അവനിൽ മാത്രം മെരുങ്ങാൻ പഠിച്ച ഒരു പുഴ അവളിലേക്ക് കുലംകുത്തി ഒഴുകിയതും, ഉദീശൻ മുഴുവനായി തളർന്നു.

അവളിൽ നിന്നും അടർന്നു മാറി പൊന്നശോകത്തിന്റെ തുച്ചാംകൊടി നോക്കി ഇരുവരും അനങ്ങാതെ കിടന്നു. പള്ളത്തിൽ നിന്നും കരയിലേക്ക് തുള്ളിയ ഒളിയന്മാർ പുൽത്തകിടിയിൽ കിടന്നു ചക്രശ്വാസം വലിച്ചു. മരക്കൊമ്പിൽ നിന്നും ഉതിർന്നുവീണ ഇലകൾ അവളുടെ ഇടത്തെ മുലക്കണ്ണിനെ മറക്കുന്നത് കണ്ട് ഉദീശൻ ചോദിച്ചു.' ശരിക്കും നീ ആരാ?' അതുകേട്ടതും കിടന്ന കിടപ്പിൽ തന്നെ അവൾ അവനിലേക്ക് കഴുത്ത് വെട്ടിച്ചു.

ശേഷം എഴുന്നേറ്റിരുന്നു. ഉത്തരത്തിനായി അവൻ വീണ്ടും അവളെ നോക്കിയെന്നാലും, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ, വളരെ വേഗം അവൾ എഴുന്നേറ്റ് നിന്നു. വസ്ത്രങ്ങൾക്കായി അവൻ കിടന്നിടത്ത് പരതി. ഉടുപ്പുകൾ ശരീരത്തിലേക്ക് കോക്കുമ്പോൾ, അവളുടെ കുപ്പായങ്ങൾക്കായി അവൻ തിരഞ്ഞെങ്കിലും അവ എവിടെയും കണ്ടില്ല. എന്നാൽ അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. വസ്ത്രങ്ങൾ ഊരിയെറിഞ്ഞപ്പോൾ വേരുകൾക്കിടയിലെങ്ങാനും കുരങ്ങി കാണുമോ എന്ന് നോക്കാൻ ഉദീശൻ പൊന്നശോകത്തിന്റെ ചുറ്റും നടന്നു. എന്നാൽ അവളത് ഗൗനിച്ചില്ല. കെട്ടിവെച്ച തലമുടി അഴിച്ചിട്ടതും, കണങ്കാലിനോളം മുട്ടി. പിൻഭാഗം മുഴുവൻ മറക്കാൻ അത് ധാരാളമായിരുന്നു. ശേഷം ഒന്നും മിണ്ടാതെ അവൾ മുന്നോട്ട് നടന്നു. അവനവളെ വിളിക്കാൻ ആഞ്ഞപ്പോഴാണ്, കാലിലെ മുറിവിനെ കുറിച്ചോർമ്മ വന്നത്. വിരലുകളിലേക്ക് നോക്കിയതും മുറിവുകളൊന്നും കാണാതായപ്പോൾ ഉദീശൻ പരിഭ്രമിച്ചു. അവൻ കുനിഞ്ഞിരുന്ന് പാദങ്ങൾ വീണ്ടും പരിശോധിച്ചു.

ഒരു പോറൽ പോലും എവിടെയും ബാക്കിയില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ, തല ഉയർത്തിയതും, അവിടെ ആരെയും കണ്ടില്ല.

പള്ളത്തിന്റെ അടുത്തേക്ക് പാഞ്ഞുചെന്ന് ഇരിപ്പിടം തൊട്ടുനോക്കി. അവ നനഞ്ഞിട്ടില്ല. അതിൽ ചോരയുടെ അടയാളങ്ങളില്ല എന്നറിഞ്ഞപ്പോൾ മുന്നിലെ ഇരുട്ടിലേക്ക് നോക്കാൻ എന്തുകൊണ്ടോ അവന് പേടിയായി. പള്ളത്തിന്റെ മറുകരയിൽ നിന്നും കന്നുകാലികൾ അന്നേരം ഉറക്കെ അമറുന്നുണ്ടായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi