
പോസ്റ്റ് കൊളോണിയലിസത്തിന്റെയും സബാൾട്ടേൺ സ്റ്റഡീസിന്റെയും( കീഴാളപഠനങ്ങൾ ) വരവോടെ പാർശ്വവത്ക്കരിക്കപ്പെട്ടിരുന്ന മനുഷ്യർ മുഖ്യധാരയിലേക്ക് ഉയർന്നുവന്നു. പൊതുധാരയിൽ ആഘോഷിക്കപ്പെട്ടിരുന്ന പല കഥാപാത്രങ്ങളുടേയും അപനിർമ്മാണത്തിലേക്ക് ഇത് വഴിതെളിച്ചു. ഇതോടൊപ്പം മഹാഭാരതരാമായണ കഥകളിൽ കേന്ദ്രമായിരുന്ന പല കഥാപാത്രങ്ങളുടേയും ഗൂഢമായ പല സ്വഭാവരീതികളും പുറത്ത് വരുകയും അവഗണിക്കപ്പെട്ടിരുന്ന പല കഥാപാത്രങ്ങളും മുൻനിരയിലേക്ക് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിൽ മഹാഭാരതകഥയെ ആധാരമാക്കി സുഭദ്രാസതീശൻ എഴുതിയ' ഹിഡുംബി' എന്ന പുസ്തകം കാട്ടുജാതിക്കാരിയായി തരംതാഴ്ത്തപ്പെട്ടിരുന്ന ഹിഡുംബി എന്ന കഥാപാത്രത്തെ പുതുവെളിച്ചത്തിൽ കാണാൻ പ്രേരിപ്പിക്കുന്നു.
ഹിഡുംബിയുടെ കുട്ടിക്കാലം വർണ്ണിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. അച്ഛനമ്മമാർ ഇല്ലാതിരുന്ന അവളെ ചേട്ടൻ ഹിഡുംബന് പ്രാണനായിരുന്നു. അവൾക്ക് കൂട്ടുകാർ ആരുമുണ്ടായിരുന്നില്ല. ഇതിനിടയിൽ അവൾ ഋതുമതിയാകുന്നു. അമ്മയില്ലാത്തതിനാൽ അമ്മുമ്മയുടെ അടുത്താണ് ആ സമയത്ത് ജ്യേഷ്ഠൻ അവളെ അയക്കുന്നത്. കാടിനോടും കാറ്റിനോടും കാട്ടാറിനോടും സംസാരിച്ചും ചിരിച്ചുകളിച്ചുമെല്ലാo അവൾ ആഘോഷമായാണ് ജീവിക്കുന്നത്. രാക്ഷസൻമാരും ഹിഡുംബന്റെ സുഹൃത്തുക്കളുമായ ബകനും കീർമ്മീരനും അവളെ വിവാഹം കഴിക്കാൻ ഇഷ്ടമാണ്. എന്നാൽ അവൾക്ക് അവരെ ആരെയും ഇഷ്ടമാകുന്നില്ല. ഇതിനിടയിൽ പാണ്ഡവർ കാട്ടിൽ എത്തുകയും ഹിഡുംബി ഭീമനിൽ അനുരക്തയാവുകയും ചെയ്യുന്നു. തനിക്ക് ഇഷ്ടമുള്ള രീതിയിൽ രൂപം മാറാനുള്ള കഴിവ് അവൾക്കുള്ളതിനാൽ അവൾ അതിസുന്ദരിയായി ഭീമന് മുന്നിൽ പ്രത്യക്ഷപ്പെടുകയും ഭീമനും അവളിൽ താല്പര്യമുണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഹിഡുംബൻ ഇതിനെ എതിർക്കുകയും ഭീമനെ ആക്രമിക്കുകയും ഭീമനാൽ കൊല്ലപ്പെടുകയും ചെയ്യുന്നു. കുറേനാൾ ഭീമനും ഹിഡുംബിയും ഒരുമിച്ച് ജീവിക്കുന്നു. പാണ്ഡവരെ കാണാനായി വനത്തിലെത്തുന്ന വ്യാസ മുനി അവൾക്ക്' കമല മാലിനി 'എന്ന പേര് നൽകുന്നുണ്ട്. ഇതിനിടയിൽ ഹിഡുംബി ഗർഭിണിയാവുകയും ഘടോൽകചൻ എന്ന കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്നു. കുറച്ചുനാളുകൾക്ക് ശേഷം പാണ്ഡവർ ഏകചക്രയിലേക്ക് പോകുന്നു. എന്നാൽ ഹിഡുംബിയേയും കുഞ്ഞിനേയും കൂടെ കൂട്ടുന്നില്ല. പോകുന്നതിനു മുൻപ് ഭീമൻ ഹിഡുംബിയിൽ നിന്ന് രണ്ട് ഉറപ്പുകൾ വാങ്ങുന്നു. ഒരിക്കലും തന്റെ കുഞ്ഞുമായി അവകാശം പറഞ്ഞ് തന്റെ രാജ്യത്ത് എത്തുകയില്ല എന്നതും ഭീമൻ അല്ലാതെ മറ്റൊരു പുരുഷൻ തന്റെ ജീവിതത്തിൽ ഉണ്ടാവുകയില്ല എന്നതുമായിരുന്നു ആ വാഗ്ദാനങ്ങൾ.
പ്രണയാതുരയായ ഹിഡുംബി ഒരു പക്ഷിയുടെ രൂപത്തിൽ കുഞ്ഞുമായി അവരെ അനുഗമിക്കുന്നു. അതിനുശേഷം ഒരു പാവപ്പെട്ട സ്ത്രീയുടെ രൂപത്തിൽ ഏകചക്രയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിലെത്തുകയും കുഞ്ഞിനെ അവരെ ഏൽപ്പിച്ച ശേഷം കുന്തിയുടെ സഹായിയായി പോവുകയും ചെയ്യുന്നു.
ഇതിനിടയിൽ ഏകചക്രയിൽ ബകനെ ഭീമൻ വധിക്കുന്നുണ്ട്. ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ വളർത്താനായി അവൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. ദ്രുപദരാജാവിന്റെ രാജ്യത്ത് പാഞ്ചാലിയുടെ സ്വയംവരം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഈ അഞ്ചു പേരും അതിൽ പങ്കെടുക്കുകയും അർജ്ജുനൻ പാഞ്ചാലിയെ വില്ല് കുലച്ച് നേടുകയും ചെയ്യുന്നു. പാഞ്ചാലിയെ അർജുനനാണ് വിവാഹം ചെയ്യുന്നതെങ്കിലും അഞ്ചുപേർക്കുമായി പങ്കുവെക്കാനായി അമ്മ ആവശ്യപ്പെടുന്നു. ഇവരെ പിന്തുടരുന്ന ഹിഡുംബിയുടെ ഹൃദയം അതുകേട്ട് നുറുങ്ങിപ്പോകുന്നു. മാത്രമല്ല ഭീമൻ പാഞ്ചാലിയോട് കാണിക്കുന്ന അമിതമായ സ്‌നേഹവും വിധേയത്വവുമെല്ലാം അവളെ അലട്ടുന്നുണ്ട്. ഇതിലുള്ള മനോവേദന സഹിക്കാനാകാതെ അവൾ കാട്ടിലേക്ക് തിരിച്ചു പോവുകയും തന്റെ ദുഃഖങ്ങൾ ഗംഗാനദിയോട് പറയുകയും ചെയ്യുന്നു. പല ഘട്ടങ്ങളിലും ഗംഗാനദിയവൾക്ക് അമ്മയെപ്പോലെ, സഹോദരിയെപ്പോലെ ഭാരങ്ങൾ ഇറക്കി വയ്ക്കാനുള്ള ഒരു ആശ്വാസദായിനിയാണ്. ഖാണ്ഡവ വനം നശിപ്പിക്കാനായി കൃഷ്ണനും അർജ്ജുനനും വരുമ്പോൾ ഹിഡുംബിയെ കാണുന്നുണ്ട്. ഹിഡുംബി അവിടെയുള്ള ജീവജാലങ്ങളെ നശിപ്പിക്കരുത് എന്ന് പറയുന്നുണ്ടെങ്കിലും കൃഷ്ണൻ ആ അപേക്ഷ തള്ളിക്കളയുകയും അഗ്‌നി ഖാണ്ഡവദഹനം നടത്തുകയും ചെയ്യുന്നു. അവിടെയുള്ള ജീവജാലങ്ങൾ തീയിൽ വെന്തു മരിക്കുന്നത് കാണുമ്പോൾ സ്വസഹോദരങ്ങളോടുളള ദയാവായ്പ് അവളിൽ ഉണരുന്നു.
കാട്ടിൽ വച്ച് രാജ്യം നഷ്ടപ്പെട്ട് വനവാസത്തിനെത്തിയ പാഞ്ചാലിയെ ഹിഡുംബി കണ്ടുമുട്ടുന്നു. അവളും അതീവ ദുഃഖിതയാണ്. തന്റെ ഓരോ ഭർത്താക്കന്മാരുടെയും പ്രത്യേകതകളെക്കുറിച്ച് അവൾ പറയുന്നുണ്ട്. ഈ അഞ്ചു ഭർത്താക്കൻമാരിൽ നിന്നും അവൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സന്തോഷവും പ്രണയവും ലഭിക്കുന്നില്ല എന്ന് ഹിഡുംബി മനസ്സിലാക്കുന്നു. ധർമ്മപുത്രൻ ധർമ്മത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന മനുഷ്യനാണ്. ഒരു ഭാര്യയോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിനെക്കുറിച്ച് അയാൾക്ക് യാതൊരു ബോധ്യവും ഉണ്ടായിരുന്നില്ല. അവൾക്കിഷ്ടം അർജ്ജുനനെയാണെങ്കിലും അർജ്ജുനൻ അവളോട് യാതൊരു താൽപര്യവും കാണിക്കുന്നില്ല. മാത്രമല്ല ഒരു ഭർത്താവിനോടൊപ്പം താമസിക്കുന്നതിനിടയിൽ മറ്റൊരാൾ ഇവരെ ഒരുമിച്ചു കാണുകയാണെങ്കിൽ ഒരു വർഷം അയാൾ വനവാസത്തിന് പോകണം എന്നൊരു നിബന്ധന ഉണ്ടാക്കുന്നു. അവൾക്ക് ഏറ്റവും ഇഷ്ടം അർജ്ജുനനെയാണ് എന്നാൽ യുധിഷ്ഠിരനുമായി ഒരുമിച്ച് താമസിക്കുന്നതിനിടയിൽ യാദൃശ്ചികമായി അർജ്ജുനൻ അവിടേക്ക് വരുന്നതിനാൽ വീണ്ടും ഒരു വർഷം അവളിൽ നിന്നും മാറി കാട്ടിലേക്ക് പോകേണ്ടതുണ്ട്. എന്നാൽ അടിമയെപ്പോലെ പെരുമാറുന്ന ഭീമന് അവളിൽ യാതൊരു തരത്തിലുള്ള വികാരവും ഉണർത്താൻ കഴിയുന്നില്ല.
ഇതിനിടയിൽ സൗഗന്ധിക പുഷ്പം തേടി ഭീമൻ കാട്ടിലെത്തുകയും ഹിഡുംബിയെ കാണുകയും ചെയ്യുന്നു. ഭീമൻ വീണ്ടും പണ്ട് തന്നെ മോഹിപ്പിച്ച അതേ രൂപം കാണണമെന്ന് ഹിഡുംബിയോട് ആവശ്യപ്പെടുന്നു. അവർ തമ്മിലുള്ള പ്രേമപൂരണത്തിനിടയിൽ വന്നു വീഴുന്ന ഒരു പൂവ് കണ്ട് അത് പാഞ്ചാലിക്ക് കൊടുക്കാനായി അന്വേഷിച്ചാണ് താൻ വന്നതെന്നും പറഞ്ഞ് അതുമായി അവിടെ നിന്ന് പോകുന്നു. കൂടാതെ താൻ പാഞ്ചാലിയോടൊപ്പം കഴിയുന്ന സമയത്തും ഹിഡുംബിയേയും അവളോടൊപ്പമുള്ള മനോഹര നിമിഷങ്ങളെയും ഓർക്കാറുണ്ടെന്ന് പറയുന്നു. പലയിടത്തും അലഞ്ഞ് തിരിഞ്ഞ് ജീവിക്കുന്ന ഹിഡുംബിയുടെ അടുത്തേക്ക് ഘടോൽകചൻ വരുന്നുണ്ട്. യുധിഷ്ഠിരൻ നടത്തുന്ന രാജസൂയം എന്ന യാഗത്തിന്
ലങ്കയിലെ രാജാവ് വിഭീഷണനോട് സംസാരിച്ച് സഖ്യം ഉണ്ടാക്കുന്നതിന് സഹായം ചോദിച്ചിക്കുന്നതിനായി തന്നെ ചുമതലപ്പെടുത്തി എന്ന് കേൾക്കുമ്പോൾ അവളിൽ രോഷാഗ്‌നി ഉണരുന്നു.
സ്ത്രീ പുരുഷനേക്കാൾ ആത്മബലം ഉള്ളവളാണെന്നും അവളുടെ അക്കൊമ്പ് ദൃഢമാണെന്നും ഹിഡുംബി കാണിച്ചുതരുന്നു. 'ഞാനെന്നെ അവസാനിപ്പിക്കില്ല അതുകൊണ്ട് ഉണ്ടാവുക എന്താണെന്ന് അറിയുമോ എന്റെ പരാജയം മാത്രമല്ല പ്രണയം കൊണ്ട് ഒരു പെണ്ണിന് ആത്മീയമായ ഉന്നതിയിൽ എത്താൻ കഴിയും എന്ന് ലോകത്തോട് എന്റെ ജീവിതം കാണിച്ചു പറയാനുള്ള അവസരം നഷ്ടമാകും. ഞാനത് ചെയ്യില്ല 'എന്ന് വനത്തിലെത്തിയ മഹർഷിയോട് പറയുമ്പോൾ അദ്ദേഹം പോലും അവളെ വണങ്ങുന്നു.
പക്ഷികളുടെ സംസാരത്തിലൂടെയാണ് നോവൽ മുന്നോട്ട് പോകുന്നത്. ഒന്നാം പക്ഷിയും രണ്ടാം പക്ഷിയും പരസ്പരം സംസാരിക്കുന്നു. ഇതിനിടയിൽ ഘടോൽകചൻ വീണ്ടും അമ്മയെ കാണാനായി വരുന്നു. കുരുക്ഷേത്രയുദ്ധം തുടങ്ങിയിട്ടുണ്ടെന്നും തന്നെയും പിതാവ് ക്ഷണിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാൽ കർണ്ണനിൽ നിന്നും അർജ്ജുനനെ രക്ഷിക്കാനായി പാണ്ഡവരുടെ മറ്റു മക്കളെയൊന്നും വിട്ടുകൊടുക്കാതെ ഘടോൽകചനെയാണ് മരണത്തിനായി വിട്ടു കൊടുക്കുന്നത്. ഘടോൽകചൻ ആയുധമേറ്റ് മരിച്ച് വീഴുന്ന സമയത്ത് പോലും ശത്രുപക്ഷത്തേക്ക് ചാഞ്ഞ് അവിടെ കടുത്ത നാശം വരുത്താനാണ് ഭീമൻ പോലും പറയുന്നത്. എന്നാൽ ഘടോൽകചന്റെ ശരീരഭാഗവും കൊത്തിക്കൊണ്ട് വരുന്ന പക്ഷികളിൽ നിന്ന് അത് മകന്റെ ശരീരഭാഗമാണെന്ന് ഹിഡുംബി തിരിച്ചറിയുന്നു. ദുഷിച്ച, പുഴു കയറിയ ശരീരഭാഗവുമായി അവൾ അലഞ്ഞു നടക്കുന്നുവെങ്കിലും അവൾക്ക് അത് ഉപേക്ഷിക്കാൻ കഴിയുന്നില്ല. തുടർന്ന് വനത്തിലേക്ക് ധൃതരാഷ്ട്രരും ഭാര്യയും കുന്തിയും വരുന്നുണ്ട്. കുന്തിയോട് അവർ തന്നോട് ചെയ്ത ദുഷ്ടതകളെ കുറിച്ച് ഹിഡുംബി പറയുന്നു. എന്നാൽ താൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നും താൻ ഒരു പാപിയായി പോയല്ലോ എന്നുമവർ വിലപിക്കുന്നു. അവരോടൊപ്പം സമാധാനത്തോടെ കുറച്ചുനാൾ കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി കാട്ടുതീയിൽപ്പെട്ട് അവർ മരിക്കുന്നത്. തീയിൽ നിന്ന് രക്ഷിക്കാം എന്ന് അവൾ പറയുന്നുവെങ്കിലും അഗ്‌നിയിൽപ്പെട്ട് മരിക്കുന്നത് മോക്ഷമാർഗ്ഗമാണെന്ന് കരുതുന്ന അവർ അതിന് താൽപര്യപ്പെടുന്നില്ല. കഥാവസാനം കൃഷ്ണനും വനത്തിലെത്തുന്നു. തനിക്ക് ചെയ്തു കൂട്ടേണ്ടി വന്ന മായാജാലങ്ങൾ അദ്ദേഹത്തെ ആകെ പരീക്ഷണനാക്കുന്നു. തന്നെ ദ്രോഹിച്ച മനുഷ്യരോടെല്ലാം അതീവ ശാന്തതയോടെയാണ് ഹിഡുംബി പെരുമാറുന്നത്.
മൃഗങ്ങൾക്കും പ്രകൃതിക്കുമെല്ലാം മനുഷ്യന്റെ രൂപം, വികാരങ്ങൾ ഇവ കല്പിച്ചു നൽകുന്ന ആന്ത്രോപോസെൻട്രിസത്തിന്റെ പ്രത്യേകതകൾ വളരെ സൂക്ഷ്മമായി ഈ നോവലിൽ ഉപയോഗിച്ചിരുന്നു. കാറ്റിനേയും കാടിനേയും നദിയേയുമെല്ലാം സഹോദര സമാനരായാണ് ഹിഡുംബി കാണുന്നത്. പാരിസ്ഥിതികമായ കാഴ്ചപ്പാടിലൂടെ മനുഷ്യനും പ്രകൃതിയും ഒന്നാണെന്ന സൂചനകൾ നൽകുന്നത് കൊണ്ട് തന്നെ ഇകോക്രിട്ടിക്കൽ റീഡിംഗിനുള്ള സാധ്യതകളും ഈ നോവലിൽ കാണാം. മനുഷ്യജീവിതം നയിക്കുക എന്നത് ചിന്തകളാൽ ഭാരപ്പെട്ട് ജീവിക്കുക എന്നതാണെന്ന് ഈ നോവൽ കാട്ടിത്തരുന്നു. മൃഗങ്ങളെയും മനുഷ്യനെയും ആഹരിക്കുന്ന കാട്ടു മനുഷ്യർക്ക് പോലും മനുഷ്യന്റെ അത്രയും ക്രൂരതയോ ചതിയോ മനസ്സിലില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഹിഡുംബി എന്ന കഥാപാത്രത്തിന്റെ അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയും വികസിക്കുന്ന വിധത്തിൽ സ്ത്രീപക്ഷ രചനാ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ആദിവാസികൾ, സ്ത്രീകൾ, വനവാസികൾ തുടങ്ങിയ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അവസ്ഥ സത്യസന്ധമായി അവതരിപ്പിക്കുന്നുണ്ട്. മനുഷ്യ മനസ്സിലെ സംഘർഷങ്ങളും ആഗ്രഹങ്ങളും പലപ്പോഴും ആത്മഭാഷണം (ഇന്റീരിയർ മോണോലോഗ് ) ടെക്‌നിക്ക് ഉപയോഗിച്ചാണ് അവതരിപ്പിക്കുന്നത്.
സ്ത്രീയുടെ പ്രതിരോധത്തിന്റെയും സ്ത്രീ സ്വത്വത്തിന്റേയും അവതരണത്തോടൊപ്പം തന്നെ ആര്യ-ദ്രാവിഡ സംഘർഷവും പ്രമേയമായി വരുന്നുണ്ട്. മഹാഭാരതവുമായി നിരന്തരം സംവദിക്കുന്ന രീതിയിൽ അവതരപ്പിച്ചിരിക്കുന്നതിനാൽ ഇന്റർ ടെക്സ്റ്റ്ച്വാലിറ്റി എന്ന ടെക്‌നിക്കിന്റെ സ്വാധീനവും കാണാവുന്നതാണ്. പാണ്ഡവരെ മഹത്വവൽക്കരിക്കുന്ന പരമ്പരാഗത സമ്പ്രദായങ്ങളെ തിരസ്‌ക്കരിക്കുകയും അവരുടെ സ്വഭാവത്തിലെ വൈകല്യങ്ങളെ തുറന്നുകാട്ടുകയും ചെയ്യുന്നു. നോവലിൽ വനം വെറുമൊരു പശ്ചാത്തലമായി അല്ല മറിച്ച് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും അതിജീവനത്തിനുള്ള ഒരു ഇടമായാണ് അവതരിപ്പിക്കുന്നത്. പാണ്ഡവരെ പ്രതിനിധീകരിക്കുന്ന ആര്യ സംസ്‌കാരം വനവാസികളെയും( കീഴാളരെയും) പ്രകൃതിയെയും ചൂഷണം ചെയ്യുന്നത് എപ്രകാരമാണെന്ന് കൃത്യമായി വരച്ചു കാട്ടുന്നു. ഒരു പുരുഷാധിപത്യ സമൂഹം വിജയിച്ചവരുടെ കഥകൾ മാത്രം ആഘോഷിക്കുമ്പോൾ പരാജിത ജീവിതത്തിലും മൂല്യവത്തായ ഘടകങ്ങൾ ഉണ്ട് എന്ന് അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
(മലപ്പുറം വണ്ടൂർ ജി.ജി.എച്ച്. എസ് സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deconstructs the traditional narrative of the Mahabharata from a subaltern perspective., Focuses on Hidumbi as a symbol of female agency and resistance., Explores ecological themes and the exploitation of nature by patriarchal structures., Uses interior monologue and intertextuality to highlight the inner struggles of marginalized characters., Critiques the glorification of Pandavas and highlights their moral complexities.
Published: 29 Jun 2026, 02:19 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented