സമകാലിക മലയാളസാഹിത്യത്തിൽ സ്ത്രീജീവിതത്തെ സൂക്ഷ്മതലത്തിൽ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ആർ. രാജശ്രീ. ഒരു വിവാഹജീവിതത്തിന്റെ മറവിൽ അവരും കുടുംബവും അനുഭവിക്കേണ്ടി വരുന്ന കടുത്ത മാനസിക സംഘർഷങ്ങൾ, അപമാനം, ഭീഷണി, നിരന്തരമായ ഭയം ഇതിന്റെയെല്ലാം തുറന്നെഴുത്താണ് 'നിന്റെ കഥ 'എന്ന പുസ്തകം. ഉത്തമയായ ഭാര്യ എന്ന സാമൂഹിക അംഗീകാരത്തിനുവേണ്ടി സ്വന്തം ഇഷ്ടങ്ങളും കരിയറും സർഗാത്മകതയും എല്ലാം സ്ത്രീകൾക്ക് ബലി കഴിക്കേണ്ടി വരുന്നതിനെക്കുറിച്ച് പുസ്തകം ചർച്ച ചെയ്യുന്നു. തകർന്നുപോയ ജീവിതത്തെ അക്ഷരങ്ങളിലേക്ക് തിരിച്ചുവിട്ട് സാഹിത്യത്തിലൂടെ സ്വന്തമായി തിരിച്ചുപിടിക്കുന്ന ഒരു എഴുത്തുകാരിയുടെ, ഒരു സ്ത്രീയുടെ, ഒരു അമ്മയുടെ,ഒരു മകളുടെ ഒക്കെ ധീരമായ യാത്രക്കുമുപരിയായി വ്യവസ്ഥിതികൾക്കെതിരേയുള്ള ഒരു സ്ത്രീയുടെ പ്രതിരോധവും സ്വാതന്ത്ര്യപ്രഖ്യാപനവുമാണ് ഈ പുസ്തകത്തിലുള്ളത്.

എഴുത്തുകാരിയുടെ വിവാഹത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. സ്‌നേഹത്തിന് പ്രാധാന്യം കൊടുത്തിരുന്ന ഭാര്യയും എല്ലാം കണക്കുകൂട്ടി വിവാഹമെന്നത് ഒരു കച്ചവട സ്ഥാപനമായി കണക്കാക്കിയിരുന്ന ഭർത്താവും. ലക്ഷണയുക്തരായ മണവാട്ടിമാരാകാൻ ആഗ്രഹിച്ചിരുന്ന ഒരുകൂട്ടം പെൺകുട്ടികളുടെ വക്താവായിരുന്നു എഴുത്തുകാരിയും. ജാതി, അച്ഛനമ്മമാരുടെ മിശ്രവിവാഹം ഇതെല്ലാം വിവാഹത്തിൽ ഒരു കീഴ്‌നില ഉണ്ടാക്കുന്നതിനുള്ള കാരണമായിരുന്നു. വീട്ടുകാർ ആലോചിച്ചു നടത്തുന്ന വിവാഹത്തിൽ ദമ്പതിമാർ തമ്മിലുള്ള മനസ്സിലാക്കലിന് വലിയ പ്രാധാന്യം കൽപ്പിക്കേണ്ടതില്ല എന്ന പൊതുബോധ്യം എത്രമാത്രം നീതിരഹിതമാണെന്ന് മനസ്സിലാക്കാം. തന്റെ പരിചയക്കാരായ സ്ത്രീകൾ, കൂടെ ജോലി ചെയ്തവർ എന്നിവരുടെയെല്ലാം അനുഭവങ്ങളിലൂടെ മുഖ്യപ്രമേയമായി സ്വന്തം അനുഭവങ്ങൾ അവതരിപ്പിക്കുന്ന രീതിയിലാണ് പുസ്തകം എഴുതിയിട്ടുള്ളത്. അവകാശാധികാരങ്ങളുളള മനുഷ്യജീവിയാണെന്ന ബോധത്തിന് പകരം കുറവുകളുമായി ജനിച്ച ഒരാളാണെന്ന തോന്നലോടെയാണ് പെൺകുട്ടികളെ വളർത്താറുള്ളത്. ഈ കാലത്തും ജോലിയുള്ള സ്ത്രീയാണെങ്കിൽപ്പോലും അന്തസ്സോടെ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് ഇതിലെ പല അധ്യായങ്ങളും സൂചിപ്പിക്കുന്നു.

വിവാഹിതയായി തെക്കൻ ജില്ലയിലേക്കെത്തിയ ഉന്നത വിദ്യാഭ്യാസമുള്ള, അധ്യാപികയായ ഒരു സ്ത്രീ അനുഭവിക്കേണ്ടി വന്ന ദുരിതപർവത്തിന്റെ കഥയോടൊപ്പം ഓരോ പെൺകുട്ടിയും ജീവിതത്തിൽ കരുത്തരായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത കൂടി ഈ പുസ്തകം ബോധ്യപ്പെടുത്തുന്നു. സ്വന്തം ആഭരണങ്ങളും പൈസയും എല്ലാം ഭർത്തൃവീട്ടുകാർ യാതൊരു ഉളുപ്പുമില്ലാതെ കൈക്കലാക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന പെണ്ണിന്റെ നെഞ്ചിലെ തീ 'ഇതാ ഇവിടെയൊരു പാമ്പ് ' എന്ന അധ്യായത്തിൽ വർണ്ണിക്കുന്നു. പെണ്ണിന്റെ ആഭരണങ്ങളും പൈസയും കൈക്കലാക്കാൻ തക്കം പാർത്തിരിക്കുന്ന ഭർത്തൃവീട്ടുകാരെ കൊള്ള സംഘമായി കാണാൻ മാത്രമേ പെൺകുട്ടിക്ക് കഴിയുകയുള്ളൂ. ഉയർന്ന പദവിയിലിരുന്നാലും എത്ര ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയാലും അടുക്കളക്കാരി മാത്രമായി നിലനിർത്തി തകർത്തു കളയാനായി ഒന്നടങ്കം ശ്രമിക്കുന്ന ഒരു ഭർത്തൃകുടുംബത്തെയാണ് ഇവിടെ കാണാൻ കഴിയുന്നത്.

ഗർഭിണി ആകാത്തതിനു കാരണം താനാണെന്ന് വിശ്വസിക്കാനാണ് സ്ത്രീകളെ പരിശീലിപ്പിക്കുന്നത്. വിധേയരായ സ്ത്രീകളുടെ എല്ലാം അവസ്ഥ ഏകദേശം ഇങ്ങനെയാണ്. പീഢനം സഹിച്ച് ജീവിക്കേണ്ടതുണ്ടോ രക്ഷപ്പെട്ടു കൂടായിരുന്നോ ? എന്ന പതിവ് ചോദ്യം മറ്റുള്ളവർ ചോദിക്കാറുണ്ട് എന്നാൽ വിനാശകരമായ സ്വഭാവം എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് പെൺകുട്ടികളെ വളർത്താറുള്ളത്. പെൺവീട്ടുകാർക്ക് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന വിവാഹസംവിധാനം നിലവിലുള്ളത് കൊണ്ട് തന്നെ പലപ്പോഴും പെൺകുട്ടികൾക്ക് വിവാഹത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ സാധ്യമല്ല. ഭർത്താവിന്റെ അച്ഛനിൽ നിന്ന് നേരിടേണ്ടി വരുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് വിവരിക്കുമ്പോൾഅന്തസ്സിന് പരിക്കേൽക്കുന്ന ഇടങ്ങളിൽ നിന്ന് ഇറങ്ങി പോകണം എന്നവർ സൂചിപ്പിക്കുന്നു. ഒപ്പം ജീവിക്കുന്ന സ്ത്രീയുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിനെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും യാതൊരു ബോധവും ഇല്ലാത്ത ഒരു പുരുഷനൊപ്പം ജീവിക്കുന്നത് സ്ത്രീജീവിതത്തിൽ യാതൊരു നേട്ടവും നൽകാറില്ല. അച്ഛനമ്മമാർ അവരുടെ കഴിവിന്റെ പരമാവധി സ്വർണം വിവാഹസമയത്ത് തന്നെ നൽകിയും മകളെ പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കിയുമാണ് വിവാഹം ചെയ്യിച്ചത്. എന്നാൽ മാസശമ്പളം എന്നത് ഭർത്താവിനും വീട്ടുകാർക്കും അവകാശപ്പെട്ടതാണ് എന്ന ചിന്താഗതിയാണ് നിലവിലുള്ളത്. നാട്ടുകാരോടും ജോലിസ്ഥലത്തും കുടുംബക്കാരോടുമെല്ലാം ഉള്ള പുരുഷന്റെ പെരുമാറ്റം ഏറെക്കുറെ ഹൃദ്യമായിരിക്കും. അതുകൊണ്ടുതന്നെ പരാതി കൊടുക്കാൻ ചെന്നാൽ പോലീസ് പോലും അയാൾ യോഗ്യനാണെന്ന് സർട്ടിഫിക്കറ്റ് കൊടുക്കും.

പെൺസമൂഹം എത്ര മാത്രം ജാഗരൂകരാകേണ്ടതുണ്ട് എന്നതിനെക്കുറിച്ച് ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു. വാടകവീടുകൾ മാറി മാറി താമസിക്കേണ്ടി വരുമ്പോൾ പോലും ഇത്രയും സമ്പത്തും സമ്പാദ്യവും ഉണ്ടായിരുന്നെങ്കിലും സ്വന്തമായി യാതൊരു തീരുമാനങ്ങളും എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടി ജീവിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചൊക്കെ വായിക്കുന്നത് ഏറെ ദുഃഖകരമാണ്. 'ജോലിയും വരുമാനവുമല്ല അത് ചെലവഴിക്കാനുള്ള അധികാരവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ആണ് വലുത് എന്നാണ് എഴുത്തുകാരി പറയുന്നത്. 'ഭർത്താവ് മുതൽമുടക്കി ആരംഭിച്ച വ്യവസായ സ്ഥാപനമല്ല ഭാര്യ'. സ്ത്രീയുടെ എഴുത്തും വായനയും കുടുംബകാര്യങ്ങളും എല്ലാം തീർത്ത് ഭർത്താവിന്റെ ആഗ്രഹങ്ങളും തീർത്ത ശേഷം മാത്രം എഴുതിയാൽ മതിയെന്ന് ശഠിക്കുന്ന ഭർത്താക്കൻമാർ ഉള്ളപ്പോൾ സ്ത്രീക്കെവിടെയാണ് സർഗ്ഗാത്മകത വികസിപ്പിക്കാനാവുക. കുഞ്ഞടങ്ങുന്ന കുടുംബമുണ്ടാകുമ്പോൾ അതിന്റെ സ്വാസ്ഥ്യത്തിലേക്ക് മുഴുകാനായി സ്ത്രീകൾ കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ് .

'ആത്മവിശ്വാസം കൈവിടാതിരുന്നാൽ, അധ്വാനിക്കാൻ മനസ്സുണ്ടായാൽ തകർന്ന് വീണ ഇടങ്ങളിൽ നിന്നും തിരിച്ചുവരാം 'എന്ന പാഠമാണ് ഈ പുസ്തകം പകർന്ന് നൽകുന്നത്. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ വളരെ നിസ്സാര സംഭവമായി കണക്കാക്കുകയും വീർപ്പുമുട്ടുന്ന അന്തരീക്ഷത്തിൽ വർഷങ്ങൾ ജീവിച്ച ശേഷം ആത്മഹത്യ ചെയ്യുമ്പോൾ അതിന് സ്ത്രീയെ അപമാനിക്കുകയും ചെയ്യുന്ന സമൂഹ മനഃസ്ഥിതി എത്ര ദുഷിച്ചതാണെന്നും ഈ പുസ്തകം പറയുന്നുണ്ട്. സ്ത്രീധനം വാങ്ങിയില്ലെങ്കിൽ പോലും ഭാര്യയുടെ കുടുംബത്തിൽ നിന്ന് ഭർത്താവും അയാളുടെ വീട്ടുകാരും ഏതെങ്കിലും സമയത്ത് സാമ്പത്തികനേട്ടം പ്രതീക്ഷിച്ചു എന്ന് വരും. എന്നാൽ ഭർത്തൃവീട്ടുകാർക്ക് ഇത്തരം നിയമങ്ങളൊന്നും ബാധകമല്ല. മരുമകളുടെ വസ്തുവകകൾ ഉൾപ്പെടെ കയ്യടക്കുന്നതിൽ ഭർത്താവിന്റെ വീട്ടുകാർക്കോ സഹോദരങ്ങൾക്കോ യാതൊരു മാനാഭിമാനങ്ങളും നിലവിലുള്ള സമൂഹവ്യവസ്ഥയിൽ ഇല്ല.

മൂന്നു കാര്യങ്ങൾ ഈ പുസ്തകത്തിൽ ആവർത്തിച്ചു പറയുന്നുണ്ട്. സ്ത്രീക്ക് സാമ്പത്തികം അതിപ്രധാനമാണ്. വരുമാനം ജീവിത സുരക്ഷയ്ക്ക് മാത്രമല്ല സ്ത്രീയുടെ അന്തസ്സിനും ആവശ്യമാണ്. സ്ത്രീയ്ക്ക് വരുമാനം ഉണ്ടായാൽ പോരാ അതിന്മേൽ നിയന്ത്രണ അധികാരവും ഉണ്ടായിരിക്കണം. നമ്മുടെ വ്യവസ്ഥയിൽ മാന്യമായ വിവാഹമോചനവും വിവാഹമോചനാനന്തര ജീവിതവും സാധ്യമാകാത്തതിന് കാരണം അനന്തമായി നീളുന്ന നിയമപ്രശ്‌നങ്ങളും സാങ്കേതികതകളുമാണ്. അതുകൊണ്ടാണ് പുതിയ തലമുറ വിവാഹത്തിൽ നിന്നും മാറി നടക്കാനുള്ള പ്രവണത കാണിക്കുന്നത്. വിവാഹമോചിതയാകുന്ന സ്ത്രീക്ക് അവളെ കുറിച്ചുള്ള ഭാവനാസമ്പൂർണ്ണമായ കഥകളും വ്യാഖ്യാനങ്ങളും പ്രചരിക്കുന്നത് ധാരാളമായി കേൾക്കേണ്ടിവരും. നാർസിസിസ്റ്റിക് സ്വഭാവസവിശേഷതകളുള്ള ഒരു പുരുഷന്റെ പ്രത്യേകതകളും സ്വഭാവവൈകല്യങ്ങളും ഭർത്താവിൽ കാണാവുന്നതാണ്. ഗർഭകാലത്തും പ്രസവസമയത്തും ഉള്ള വൈകാരിക ബുദ്ധിമുട്ടുകളെക്കുറിച്ചു മദർഹുഡ് പെനാലിറ്റിയെക്കുറിച്ചും എല്ലാം തന്നെ പറയുന്നുണ്ട്.

ഭാര്യ, അമ്മ, ഉദ്യോഗസ്ഥ എന്നീ പദവികൾക്കിടയിൽ നട്ടംതിരിയുന്ന ഒരു സ്ത്രീയുടെ അവസ്ഥ എത്രമാത്രം ദയനീയമാണെന്ന് ഇതിലെ ഓരോ അധ്യായവും വായനക്കാരനെ ബോധ്യപ്പെടുത്തുന്നു.വിവാഹത്തോടെ സ്വന്തം വീടും പെൺകുട്ടിക്ക് നഷ്ടമാവും. 'ഒത്തുതീർപ്പും പ്രണയചികിത്സയും' എന്ന അധ്യായം വിവാഹബന്ധം നിലനിർത്തിക്കൊണ്ടുപോകാൻ പലപ്പോഴും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങൾ ഇതെല്ലാം സമൂഹം എത്രത്തോളം സ്ത്രീവിരുദ്ധവുമാണെന്ന് വെളിപ്പെടുത്തുന്നു. കുട്ടികൾക്ക് അച്ഛൻ വേണ്ടേ എന്ന ചോദ്യ ചിഹ്നത്തിൽ തൂങ്ങിയാടുന്ന കുടുംബസംവിധാനം പലപ്പോഴും ഭർത്താക്കന്മാർ എത്ര അപമാനകരമായി പെരുമാറിയാലും അത് സഹിച്ചു കഴിയേണ്ടിവരുന്ന പെണ്ണവസ്ഥയിലേക്കാണ് നയിക്കുന്നത്. ദാമ്പത്യത്തിലെ അപരിഹാര്യമായ പെൺ മുറിവുകൾക്ക്, ക്ഷതങ്ങൾക്ക് കുടുംബമോ സമൂഹമോ അനുയോജ്യമായ പ്രാധാന്യം നൽകാറില്ല. ദാമ്പത്യം ശരിയായ രീതിയിൽ അല്ലെങ്കിൽ അതൊരു മരണക്കുടുക്കാണ്. അറ്റകുറ്റപ്പണി നടത്തി ശരിയാക്കാൻ ശ്രമിക്കുന്ന ദാമ്പത്യങ്ങൾ പലപ്പോഴും സ്ത്രീകളെ മാനസിക ബുദ്ധിമുട്ടിലേക്ക് നയിക്കാറുണ്ട്.

'സ്വത്വത്തിന്റെ സ്വതന്ത്ര ആവിഷ്‌ക്കാരങ്ങൾ സാധ്യമാകാത്ത ഇടങ്ങളിലാണ്' ഇപ്പോഴും സ്ത്രീകൾ ജീവിക്കുന്നത്. വിവാഹബന്ധം ഉപേക്ഷിക്കുന്ന സ്ത്രീ മറ്റു പുരുഷന്മാരുമായി ബന്ധമുള്ളവൾ ആകാം എന്ന് വിശ്വസിക്കാനാണ് സമൂഹത്തിന് എളുപ്പവും ഇഷ്ടവും. ഏറ്റവും സ്വാഭാവികമോ ഔപചാരികമോ ആയ ബന്ധങ്ങൾ പോലും മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കാനാവും ഭൂരിപക്ഷം പേർക്കും താൽപര്യം. സ്ത്രീക്ക് കടമകൾ മാത്രമേയുള്ളൂ അവകാശങ്ങൾ ഇല്ല എന്ന് കരുതുന്നവരാണ് അധികവും.

സ്ത്രീ നേരിട്ട അപമാനങ്ങളെക്കുറിച്ച് മൗനം പാലിക്കണമെന്ന പൊതു ബോധം അത്ര നിഷ്‌ക്കളങ്കമല്ല. പഴയ ജീവിതത്തിന്റെ പരിക്കുകൾ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർത്തിരിക്കാം. തങ്ങൾക്കെതിരെ നടന്ന അനീതികൾ തുറന്നു പറയുന്ന സ്ത്രീകൾ എല്ലാക്കാലവും കൊള്ളരുതാത്തവരാണ്. ഭർത്താവ് എത്ര മോശം പ്രവർത്തികൾ ചെയ്താലും അതൊന്നും പുറത്തു പറയാതെ സമൂഹത്തിനുമുന്നിൽ അയാളെ സംരക്ഷിക്കുന്ന ആദർശസ്ത്രീകൾക്ക് മാത്രമേ ആരാധകരുണ്ടാകൂ. ഭർത്താക്കൻമാർ പലപ്പോഴും സ്വന്തം പ്രവർത്തികൾ തെറ്റാണെന്ന് മനസ്സിലാക്കി മാറാൻ ശ്രമിക്കാറില്ല. സമൂഹത്തിനുമുന്നിൽ പ്രദർശിപ്പിക്കാനായി ഒരു കുടുംബം നിലനിർത്തേണ്ടത് കൊണ്ട് മാത്രമാണ് ബന്ധം തുടരുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിവാഹം വരെ മാത്രം നിലനിൽക്കുന്ന താൽക്കാലിക ബന്ധങ്ങളായാണ് പലപ്പോഴും സൗഹൃദങ്ങൾ പ്രവർത്തിക്കുന്നത്. തുറന്നെഴുത്തുകളുടെ പുസ്തകം അവസാനിക്കുന്നത് എഴുത്തുകാരിയുടെ ഭർത്താവിന്റെ മരണത്തോടെയാണ്. കല്യാണമണ്ഡപത്തിൽ ആരംഭിച്ച നരകതുല്യമായ പതിനാറ് വർഷങ്ങൾക്ക് ശേഷവും മനോഹരമായ ജീവിതം സാധ്യമാണെന്ന് സ്വന്തം അതിജീവനത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. വിവാഹം, പ്രസവം, കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ എന്നിങ്ങനെ ഒരു സാധാരണ സ്ത്രീയുടെ ജീവിത ഘട്ടങ്ങളിലൂടെയാണ് പുസ്തകം കടന്നുപോകുന്നത്. നിരവധി വർഷങ്ങളുടെ ദുരിതാനുഭവങ്ങളെയും മനസ്സിൽ നിരന്തരം മുഴങ്ങിയിരുന്ന മരണമണിയെയുമൊക്കെ അതിജീവിച്ച് പോരാടി മുന്നേറിയാൽ ഒരു ഉയിർത്തെഴുന്നേൽപ്പ് പെൺജീവിതത്തിനുണ്ടെന്ന് ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ പോലും വിവാഹത്തെ കാല്പനികവൽക്കരിക്കുന്ന മനുഷ്യർക്ക് ഏറെ കണ്ണുതുറപ്പിക്കലുകൾക്ക് ഈ പുസ്തകം വഴിവെക്കുന്നുണ്ട്. 'നിന്റെ കഥ'യിൽ എഴുത്തുകാരി അനുഭവിച്ച ബുദ്ധിമുട്ടുകൾ അവരെ തകർക്കാതെ ആഘാതാനന്തര വളർച്ച (പോസ്റ്റ് ട്രോമാറ്റിക് ഗ്രോത്ത് ) യിലേക്കാണ് നയിച്ചത്. പെണ്ണനുഭവങ്ങളെ യഥാർത്ഥമായി ആവിഷ്‌ക്കരിക്കുന്ന ഈ പുസ്തകം സ്വയം തിരിച്ചറിഞ്ഞ് പുതിയ ജീവിത വീക്ഷണത്തോടും ആത്മധൈര്യത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിതത്തെ നേരിടാൻ സ്ത്രീയെ പ്രാപ്തയാക്കുമെന്ന് നിസ്സംശയം പറയാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi