ഈ വർഷത്തെ ആദ്യത്തെ വേനൽ മഴയായിരുന്നു. ഭൂമി ചൂടിനാൽ വരണ്ടുണങ്ങി മരങ്ങളെല്ലാം ജലത്തിനായി ദാഹിച്ചു വലഞ്ഞ ദിനങ്ങളിലായിരുന്നു വേനൽ മഴ പെയ്തത്.

ആകാശം താഴേയ്ക്ക് ചാടിച്ച മഴത്തുള്ളികളെ ഭൂമി അദ്യശ്യമായ കൈകളിൽ ഏറ്റുവാങ്ങി. മരങ്ങളും ചില്ലകളും വേരുകളും സന്തോഷത്താൽ നൃത്തമാടി. മധ്യവയസ്കനായ ഒരു ആഞ്ഞിലിമരത്തിന് ചെറുപ്പക്കാരിയായ വാകമരത്തിനോടു പ്രണയം തുടങ്ങിയിട്ടു വർഷങ്ങളായി. തുറന്നു പറയാൻ കഴിയുന്നില്ല. ആഞ്ഞിലിമരം കാറ്റിനോടു പറയുമായിരുന്നു;  ''ഒന്നു വന്നു വിശുമോ കാറ്റേ …. ഇലകളും ചില്ലകളുമാട്ടി അവളെ ഒന്നു തഴുകി തലോടാൻ എൻ മനം വെമ്പുന്നു….''

എനിക്കവളോടുള്ള പ്രണയം തുറന്നു പറയാൻ കഴിയുന്നില്ല. ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല. പ്രണയം തോന്നിയ ആളോട് തുറന്നു പറയാനും കഴിയുന്നില്ല. ഇഷ്ടക്കൂടുതൽ കാണിക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടും അതൊരു നിശബ്ദ പ്രണയം മാത്രമായി മാറി.. നിന്റെ ആത്മാവിലേക്കെന്റെ പ്രണയത്തിൻ വിത്തുകൾ പാകി അതിൽ വേരുകളാഴ്ത്തണം. പറിച്ചു ദൂരെ കളയാനാകാത്ത പാകത്തിൽ …കാറ്റിൽ ഞാൻ അവളുടെ ചില്ലകളേയും ഇലകളേയും തഴുകി തലോടി ചുംബനം നൽകാറുണ്ട്. അവളത് ആസ്വദിക്കുകയായിരുന്നോ? അതോ അവൾക്കെന്നോടുള്ള പ്രണയം തുറന്നുപറയാൻ മടിക്കുകയാണോ? വേനൽ കഴിഞ്ഞു . മാനത്ത് ഉരുണ്ടു കൂടിയ കാർമേഘങ്ങളുടെ കണ്ണുനീർ മഴത്തുള്ളികളായ് ഭൂമിയിലേക്ക് വർഷിച്ചു.

ആദ്യ മഴ വീണതോടെ എന്നിൽ ഉന്മേഷം വർദ്ധിച്ചു .ഹൃദയ മോഹസങ്കല്പങ്ങൾക്കു ചിറകുവച്ചു. അവ പറക്കാൻ തുടങ്ങി. പതിയെപ്പതിയെ മഴത്തുള്ളികൾ തായ് വേരിലേയ്ക്കാഴ്ന്നിറങ്ങി പുത്തനുണർവ് നൽകി. വാകമരത്തിനോട് കൂടുതൽ അടുക്കണമെന്നു തോന്നി. ഉള്ളിലുള്ള പ്രണയം തുടിച്ചുണർന്ന നിമിഷങ്ങൾ. കാർമേഘം കമ്പിളി മൂടി. ആദ്യത്തെ മഴ ശക്തിയാർജ്ജിച്ചു പെയ്തു. അതോടെ എന്റെ ഞരമ്പുകളിലും വാകമരത്തോടുള്ള പ്രണയം പൂത്തുലഞ്ഞു.

മനുഷ്യർ വൃക്ഷത്തിന്റെ ചില്ലകൾ തമ്മിൽ കെട്ടിപ്പുണരുമെന്നു കരുതി അകറ്റി നടാറുണ്ട്. വേരുകൾ ഭൂമിയെ പിളർന്ന് ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി ആലിംഗനബദ്ധരായ് പുണർന്നുറങ്ങുന്നത് ആരും അറിയില്ല.. വാകമരം  പൂത്തു സുന്ദരിയായി  നിൽക്കുന്നത് മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ വേരുകൾ അതിനു ജീവൻ കൊടുക്കുന്നതുകൊണ്ടാണ്. 

രാവിലെ ആരൊക്കെയൊ വന്ന് എന്നെ തട്ടിയും തഴുകിയും നോക്കുന്നുണ്ടായിരുന്നു. എന്തിനായിരിക്കും അവർ വന്നത് ? മഴ തകർത്തു പെയ്തു കൊണ്ടിരുന്നു. വാകപ്പൂക്കൾ ചുവന്ന പരവതാനി വിരിച്ചപോൽ താഴെ … മഴത്തുള്ളികളുടെ മധുരത്തെ ഇലകൾ പൊതിഞ്ഞു വാങ്ങി. വാകമരത്തോടുള്ള പ്രണയം തണ്ടിലൂടിറങ്ങി വേരോളം എത്തി. അവളോട് പറയാനുള്ളതെല്ലാം മണ്ണിനടിയിൽ വച്ചു പറയണം. അവളെ എനിക്കൊന്നു വാരിപ്പുണരണം. ആ ചെഞ്ചുണ്ടിൽ ഒന്ന് ചുംബിക്കണം. അവളുടെ ഇളംവേരുകൾ എന്നിലേയ്ക്ക് ആഴ്ന്നിറങ്ങി വന്ന് തഴുകി, തലോടിക്കൊണ്ടിരുന്നു….ഞാനറിയാത്ത ഭാവത്തിൽ അതാസ്വദിച്ചു.....

"എടീ പെണ്ണേ ഇത്രയും നാൾ നീ എന്താ എന്നോടിഷ്ടമാണ് എന്നു പറയാതിരുന്നത് ?"
"ഏട്ടൻ പറയട്ടേ എന്നു കരുതി ഞാൻ "
കാറ്റിൽ ഞങ്ങൾ രണ്ടു പേരും സന്തോഷത്താൽ നൃത്തം ചെയ്തു. വാകപ്പൂക്കൾ കൊണ്ട് അവൾ എന്നെ മൂടി. സന്തോഷദിനങ്ങൾ …

അന്നവർ എന്തോ ആയുധങ്ങളുമായി വന്നു. ഒരാൾ കുരങ്ങൻ മരത്തിൽ കയറുമ്പോലെ മേലേയ്ക്ക് കയറി വന്നു. അയാളുടെ കയ്യിൽ കോടാലി ഉണ്ടായിരുന്നു. വരും നാളിൽ തണൽ വിരിക്കാൻ കാത്തിരുന്ന ശിഖരങ്ങൾ അയാൾ നിഷ്ക്കരുണം വെട്ടിമാറ്റി. ഞാൻ വേദന സഹിക്കാനാവാതെ നെഞ്ചകം പൊട്ടിക്കരഞ്ഞു. അവർ മെഷീൻ  കൊണ്ട് എന്നെ തുണ്ടം തുണ്ടമാക്കി. ആർക്കും ഞങ്ങളെ പിരിക്കാൻ കഴിയില്ല. ഞങ്ങളുടെ വേരുകൾ തമ്മിൽ പിരിയാത്തവിധം അടുത്തു കഴിഞ്ഞു. ഞങ്ങൾ ‌എന്നും പ്രണയിച്ചു കൊണ്ടേയിരിക്കും  …