അമ്മയ്‌ക്കോര്‍മയുണ്ടോ ആ രാത്രി?'' മകള്‍ ചോദിച്ചു.
കുഞ്ഞ്, എന്റെ പേരമകന്‍, ഉറക്കത്തിലേക്ക് മന്ദം ഊര്‍ന്നുതുടങ്ങുന്ന ആനന്ദക്കാഴ്ചയിലായിരുന്നു ഞാനന്നേരം. ഇളം റോസ് നിറമുള്ള തടിച്ചുരുണ്ട ഉണ്ണിച്ചൂണ്ടുവിരല്‍ തൊണ്ണന്‍വായിലിട്ട്, മൃദുവായി ശ്വസിച്ച്, കണ്ണുകള്‍ കൂമ്പിയടച്ച്, ഇടയ്ക്ക് ഒന്നായാസപ്പെട്ടു തുറന്ന്, അവന്റെ അമ്മ അവിടെത്തന്നെയില്ലേയെന്നു നോക്കി, പാല്‍നനവുള്ള ഒരിളംചിരിയോടെ അവന്‍ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. മഞ്ഞനിറമുള്ള നീളച്ചെവിയന്‍ പൂച്ചക്കുഞ്ഞ് ഒരു ചിത്രമായങ്ങനെ അവന്റെ ഉടുപ്പിന്റെ നെഞ്ചില്‍ പറ്റിപ്പിടിച്ചുകിടപ്പുണ്ടായിരുന്നു.
അവളങ്ങനെ ഉണ്ണിയെ ചേര്‍ത്തുപിടിച്ച്, വാത്സല്യത്താല്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്നതുകാണവെ, ഞാന്‍ അത്രയും വര്‍ഷങ്ങള്‍ക്കുമുന്നേയുള്ള എന്നെയോര്‍ത്തു; എന്റെ മടിയില്‍ ഒരു കുഞ്ഞിപ്പക്ഷിയെപ്പോലെ പമ്മിപ്പതുങ്ങിയിരുന്നിരുന്ന അവളെയും. ഞങ്ങള്‍ക്കു മാത്രമായുണ്ടായിരുന്ന ഭാഷ, ഞങ്ങളുടേതുമാത്രമായിരുന്ന കളികള്‍, ഞങ്ങള്‍ക്കുവേണ്ടിമാത്രം വന്നുപോയിരുന്ന പകലുകളും രാത്രികളും.
''അമ്മാ...''മകള്‍ നേര്‍ത്ത ചിരിയോടെ വിളിച്ചു. ''അവനുറങ്ങി''
ഞാനപ്പോഴും പതിയെ അവന്റെ കാല്‍വണ്ണയില്‍ താളമിടുകയായിരുന്നു, ഉള്ളിലേതോ പാട്ടുമൂളുകയായിരുന്നു.
''അമ്മ എപ്പോഴും സ്വപ്‌നജീവിതന്നെ... ഞാനാണെങ്കില്‍ ഒട്ടുമേ അങ്ങനെയല്ലാതെയും.''
എണ്ണമറ്റ എടുപ്പുകള്‍ക്കിടയിലുള്ള പാതയിലൂടെ നിലയ്ക്കാതെ വാഹനങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. അവയില്‍ ചിലത് ചെറിയ വെളിച്ചപ്പൊട്ടുകള്‍ ജനാലച്ചില്ലിലേക്കെറിഞ്ഞു.
ഉറങ്ങാറില്ലാത്ത, വെളിച്ചമണയാറില്ലാത്ത മഹാനഗരം. ഇവിടെ അവള്‍ക്കൊപ്പം വന്നിട്ട് ഇത്രയായെങ്കിലും ഉറക്കത്തിലേക്കിങ്ങനെ നിരന്തരം തെറിച്ചുവീഴുന്ന ഒച്ചകളും വെളിച്ചങ്ങളും ഇനിയും പരിചിതമായിട്ടേയില്ല. കുഞ്ഞുങ്ങള്‍ പക്ഷേ, എത്രവേഗമാണ് ചുറ്റുപാടുകളെ തങ്ങളുടേതാക്കിമാറ്റുന്നത്... ഓരോ വേഗവണ്ടിയുടെയും ഹോണടികള്‍ക്കൊപ്പം ഭയന്നുകരഞ്ഞിരുന്നവന്‍, ഒച്ചകളും വെളിച്ചവുമൊന്നും അലോസരപ്പെടുത്താതെ എത്ര ശാന്തമായാണുറങ്ങുന്നത്.
''ഞാന്‍ ചോദിച്ചത് അമ്മ കേട്ടിരുന്നോ? ആ രാത്രി അമ്മയ്ക്ക് ഓര്‍മയുണ്ടോ, നമ്മുടെ യക്ഷിരാത്രി?'' ശീതീകരണയന്ത്രത്തിന്റെ വേഗം കുറച്ചുകൊണ്ട്, മകള്‍ വീണ്ടും ചോദിച്ചു.
യക്ഷിരാത്രി. ഞാനത്, ആ വാക്ക് അത്ര ആഹ്ലാദത്തോടെ ഒന്നുകൂടി പറഞ്ഞുനോക്കി. കുഞ്ഞിലേ അവള്‍ക്കുണ്ടായിരുന്നു ആ ശീലം; സ്വന്തമായ വാക്കുകളുടെ സൃഷ്ടിയും കൂട്ടിക്കെട്ടലുകളും. തപ്പിയെടുക്കാന്‍ മിനക്കെട്ടാല്‍ ഇപ്പോഴും വീട്ടില്‍ കാണും അവളുടെ അത്തരം വാക്കുകളുടെ ഒരു കുഞ്ഞെഴുത്തുപുസ്തകം. അമ്മുഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവെന്ന് ഞാന്‍ പേരിട്ടുവിളിച്ചിരുന്ന, പൊട്ടിച്ചിരിപ്പിക്കുന്ന കൗതുകമേറ്റുന്ന, അലിഞ്ഞുപോകുന്ന, മധുരിപ്പിക്കുന്ന, പതുപതുപ്പുള്ള അനേകം വാക്കുകള്‍. 
'യക്ഷിരാത്രി'യെന്നോര്‍ക്കവേ, എനിക്ക് പാലപ്പൂ മണത്തു. കൊമ്പായ കൊമ്പൊക്കെ വെണ്‍പൂക്കള്‍മൂടിയ ഒരേഴിലംപാല ഇരുട്ടില്‍ പടര്‍ന്നുനിന്നു. ഗന്ധത്താല്‍ മോഹിതനായൊരു കൂറ്റന്‍ സര്‍പ്പം വിട്ടുപോകവയ്യാതെ വേരുകളിലിഴഞ്ഞുനടന്നു.പൂക്കളായ പൂക്കളെയൊക്കെയും കാറ്റ് ഉമ്മവെച്ചുകൊണ്ടിരുന്നു. ഇലകളായ ഇലകളെയൊക്കെയും അരൂപി വെറുതേ ചിരിപ്പിച്ചുകൊണ്ടിരുന്നു. ഒരൊറ്റച്ചിലമ്പിന്‍ ഇടവിട്ട താളം, ഭാഷയില്ലാമര്‍മരങ്ങള്‍, വെറ്റിലച്ചാറിന്‍ ചോപ്പുതൊട്ട മറവിയില്ലാക്കഥകള്‍.

തിളങ്ങുന്ന സൂര്യവെളിച്ചവും നിലയില്ലാക്കാറ്റുമുള്ള പകലുകളും തണുപ്പ് നൂണ്ടെത്തുന്ന രാവുകളുള്ള ഒരു ഋതു എന്നെ ഓര്‍മയാല്‍ പൊതിഞ്ഞു. ഞാനോര്‍ത്തു, ഏഴെട്ടുകൊല്ലമായിക്കാണും, അതൊക്കെ കഴിഞ്ഞിട്ട്. ഒരുപക്ഷേ അതിലും കൂടുതല്‍.
''ഒന്‍പത്'' എന്റെ ഉള്‍സഞ്ചാരം വായിച്ചെടുത്തപോലെ അവള്‍ പറഞ്ഞു.
''അമ്മ ഗേള്‍സ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന കാലം. ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുകയും...'' 
എനിക്കോര്‍മവന്നു,
''എന്തൊരു ദിവസമായിരുന്നു, അല്ലേയമ്മാ!''
ഞങ്ങളിരുവരുടെയും മുഖത്ത് വെളിച്ചംനിറഞ്ഞൊരു ചെറുചിരി പ്രത്യക്ഷമാവുകയും ഞങ്ങളത് പരസ്പരം കാണുകയും ചെയ്തു.
അവള്‍ക്കന്നു പതിനാറോ പതിനേഴോ വയസ്സ്. കുറുമ്പി, ഒച്ചക്കാരി. ഒതുക്കമില്ലാത്ത പെണ്ണെന്ന് അവളുടെ മുത്തശ്ശി എപ്പോഴും പരാതിപറയാറുണ്ടായിരുന്നവള്‍.
ഒറ്റക്കുട്ടികള്‍, അവരെപ്പോഴും കുഞ്ഞുങ്ങളാകുന്നു. ഇപ്പോള്‍, അവളൊരമ്മയായിട്ടുപോലും മുതിര്‍ന്നുവെന്ന ബോധ്യം അവള്‍ക്കും അതിനെച്ചൊല്ലി വഴക്കുപറയുമ്പോളും എനിക്കും ഇല്ലല്ലോയെന്ന് ഞാന്‍ വെറുതെ ഓര്‍ത്തു, അതോ ഞാനവളെ ഒരിക്കലും മുതിരാനായി വിട്ടുകൊടുക്കാത്തതാണോ എന്നും.
അന്നൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോളൊക്കെയും അവള്‍ തീരെ കുഞ്ഞായിനടിച്ച് അടുത്തുവിളിക്കും.
''അമ്മാ, ഒരു കഥ''യെന്ന് വെറുതെ കൊഞ്ചും.
ചിലനേരം ദേഷ്യംവരുമായിരുന്നെങ്കിലും ''ഒറ്റക്കുട്ടിയാകേണ്ടിയിരുന്നില്ല... കൂട്ടില്ലാതെയിങ്ങനെ മടുത്തുമടുത്ത്...'' എന്ന പതംപറച്ചിലില്‍നിന്ന് രക്ഷപ്പെടാനായി, മിക്കപ്പോഴുമൊരു കഥപറയാനായിരുന്നു, വൈകിമാത്രം ഉറക്കം കിട്ടാറുണ്ടായിരുന്ന എന്റെ തോന്നലും.
കഥകേള്‍ക്കാനുള്ള ക്ഷമയൊന്നും ഒരുകാലത്തുമുണ്ടായിരുന്നില്ല, കഥപറച്ചിലിന്റെ ഈണത്തോടായിരുന്നു അവള്‍ക്കെന്നുമിഷ്ടം. അങ്ങനെ, എത്രയെത്ര കഥകള്‍, കഥയീണങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ക്കൂടി പൊയ്ക്കഴിഞ്ഞുകാണണം... എണ്ണമറ്റയത്രയും...
അന്ന്, ആ രാത്രിയില്‍ അവളുടെ കഥക്കൊഞ്ചലിനുമുന്നില്‍ ഇനി ഏതെന്നോര്‍ക്കുമ്പോഴാണ് തണുത്ത കാറ്റ് മാസ്മരികമായ ആ ഗന്ധവും പേറി ഞങ്ങളിലേക്കു വീശിയത്.
ഇപ്പോഴുമോര്‍മിക്കാനാവും, 'മ്...മ്...' എന്നാഞ്ഞാഞ്ഞുവലിച്ചുകൊണ്ട് അവളന്നേരം ശ്വാസകോശങ്ങളില്‍ പൂമണം നിറയ്ക്കാന്‍ തുടങ്ങി.
''പാല,'' ഞാനവളോടു പറഞ്ഞു. ''വേറേതുമണമാണ് മനുഷ്യരെ ഇങ്ങനെ ഭ്രാന്തുപിടിപ്പിക്കുക...ഹൗ കാണണം! നമ്മുടെയാ കാവിനരികിലുള്ള ഏഴിലംപാലയില്ലേ, അത്രയും പൂത്തുപൂത്ത് നില്‍പ്പാണ്... ഒരിടവുമില്ലാതെ നിറയെ...''ഞാനവളോട് പാലമരങ്ങളുടെ നിഗൂഢതയുടെ കഥപറയാന്‍ തുടങ്ങി.
പാലപൂക്കുംകാലത്ത് വഴിപോക്കരെക്കാത്ത് തനിച്ചിരിക്കുന്ന യക്ഷികള്‍. അതിമനോഹരികള്‍, മധുരഭാഷിണികള്‍, ആശിക്കുമ്പോള്‍ ഇറങ്ങിവരുന്ന പ്രതികാരങ്ങളുടെ തേറ്റപ്പല്ലുകള്‍... പ്രണയത്തിലാകുന്ന ആണുങ്ങളുടെ ചോരയൂറ്റിയൂറ്റി ഒടുക്കം ശേഷിപ്പിക്കുന്ന എല്ലും മുടിയും.
പാലമരങ്ങളില്‍ ആണിയില്‍ തറച്ചിടപ്പെടുന്ന, മോക്ഷംകാത്തുകിടക്കുന്ന അവരുടെ സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍...
''അമ്മാ...''
ഇടയ്ക്കവള്‍ ചോദിച്ചു, ''ഗന്ധര്‍വന്‍മാരുമില്ലേ പാലയില്‍?''
''ഉവ്വ്...''
''പെണ്‍കുട്ടികളെ പ്രലോഭിപ്പിക്കുന്ന, അവരുടെ ജീവിതമൂറ്റുന്ന ഗന്ധര്‍വന്‍മാരും...''
''ശ്ശെടാ,'' അവള്‍ പറഞ്ഞു,
''ഇതെന്തു കഥ! എന്നാ അവരു രണ്ടുപേരും ഒരേ വൈബുള്ളോരാണെങ്കില്‍ രണ്ടുപേര്‍ക്കും പരസ്പരമങ്ങ് റൊമാന്‍സടിച്ചാലെന്ത്...? ചുമ്മാ പാലയിലും പരിസരങ്ങളിലും ഡേറ്റുചെയ്താലെന്ത്? വെറുതെ മനുഷ്യരെ പേടിപ്പിക്കാനായിട്ട്...''
അവള്‍ കിടക്കയില്‍ എണീറ്റുനിന്ന് 'ഏഴിലംപാല പൂത്തു' യക്ഷിയും ഗന്ധര്‍വനുമായി പാടി അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍, 
''അമ്മൂ, തോന്ന്യാസം കാട്ടരുതെ''ന്ന് ശാസിക്കാന്‍ തുടങ്ങിയെങ്കിലും എനിക്കുള്ളില്‍ ഒരു ചിരി പൊട്ടിച്ചിതറാന്‍ തുടങ്ങി.
അതിന്റെ തുടര്‍ച്ചയായി അവള്‍ക്കും...
ചിരിയുടെ കാരണവും മറന്ന്, 'രണ്ടു പ്രാന്തിപ്പെണ്ണുങ്ങളെ'ന്ന അവളുടെ അച്ഛന്റെ എപ്പോഴത്തെയും കളിയാക്കലുകളെ സാധൂകരിച്ചുകൊണ്ട് ഞങ്ങളങ്ങനെ നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങി.
''അമ്മാ...''
പൊടുന്നനെ അവള്‍ ചിരിയുപേക്ഷിച്ച് ഗൗരവംപൂണ്ടു വിളിച്ചു, ''നമുക്ക് ഇപ്പോ ആ പാല കാണാന്‍ പോയാലോ? യക്ഷിയും ഗന്ധര്‍വനും എന്തെടുക്കുന്നുവെന്ന്?''

''ഈ നട്ടപ്പാതിരയ്‌ക്കോ? വട്ടുപറയാതെ ഉറങ്ങ് നീ'' എന്നുപറയാനാണ് ഞാന്‍ തുടങ്ങിയതെങ്കിലും പുറത്തുവന്നത് ''പോയാലോ?'' എന്നൊരു മറുചോദ്യമായിരുന്നു. പതുങ്ങിയെണീറ്റ്, ഇരുട്ടില്‍തപ്പി താക്കോലുകളെടുത്ത്, അപ്പുറത്തെ മുറിയിലെ അവളുടെ അച്ഛന്റെ ഉറക്കത്തെ തരിമ്പും തൊടാതെ ഞങ്ങള്‍ ഇട്ടിരുന്ന രാവുടുപ്പുകളില്‍, പുറത്തിറങ്ങി, മുന്‍വാതില്‍ താഴിട്ടുപൂട്ടി.
സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കാതെ, പതിയെ തള്ളി വഴിയിലേക്കിറക്കി.
നിലാവുതൂകി ഇരുണ്ടുവെളുത്തൊരു വഴി ഞങ്ങളെക്കാത്തുകൊണ്ട് മുന്നിലങ്ങനെ നിശ്ശബ്ദം, നീണ്ടുകിടന്നു. വഴിമരങ്ങളുടെ നിഴലാട്ടങ്ങളിലൂടെ ഞങ്ങള്‍ സ്‌കൂട്ടര്‍ പായിച്ചു. വഴിയില്‍, ഒറ്റയാളുമുണ്ടായിരുന്നില്ല. ഇരുട്ടിലൂടെ സ്‌കൂട്ടര്‍ ഒറ്റക്കണ്‍വെട്ടം വീശി, കിതച്ചുപാഞ്ഞ് കാവിലേക്കുള്ള വഴിപ്പിളര്‍പ്പിലെത്തി. ഞങ്ങള്‍, വണ്ടി നിര്‍ത്തി.
ദൂരെ, ഇളംനിലാവില്‍ കൂറ്റനൊരു പാലമരം വെളിച്ചപ്പൊട്ടുപോലുള്ള പൂക്കളാല്‍ നിറഞ്ഞ്, മാസ്മരഗന്ധം പരത്തി, നിഗൂഢസൗന്ദര്യമേന്തി നിന്നു. ചുറ്റിനും വള്ളിപ്പടര്‍പ്പുകള്‍ കറുത്ത സര്‍പ്പങ്ങളായി ഇഴഞ്ഞുനടന്നു. വഴിയിലെല്ലാം ആകാശവേരുകള്‍ മണ്ണും വിണ്ണും ഇറുകെ ചേര്‍ത്തുപിടിച്ചുനിന്നു. ചപ്പിലകള്‍ക്കിടയില്‍നിന്ന് വെളിച്ചപ്പുഴുവിന്റെ ദേഹമാകണം ഇളംപച്ച പ്രകാശമുതിര്‍ത്തു. നിശ്ശബ്ദതയുടെ ശബ്ദം ശ്രവിച്ച്, പരസ്പരം കൈകളിറുക്കിപ്പിടിച്ച്, ഭയംകൊണ്ടും ആനന്ദംകൊണ്ടും ഊക്കോടെ മിടിച്ചുകൊണ്ട് ഞങ്ങള്‍ പതിയെ അതിനരികിലേക്ക് നടക്കാന്‍ തുടങ്ങി.
പൊടുന്നനെ കാറ്റൊരൊറ്റയൂത്തൂത്തി. പാലമരം മുടിയുലച്ചു. ഞങ്ങള്‍ക്കുനേരേ എണ്ണമറ്റ പൂക്കള്‍ ചിന്നി. അഭൗമികമായ ആ ഗന്ധം മാത്രമുള്ള, മനുഷ്യസ്പര്‍ശമില്ലാത്ത ഏതോ ഇടത്ത് ഞങ്ങള്‍ തനിച്ചാണെന്നും ആരോ ഞങ്ങളെ സൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് പതിയെ അരികെവരുന്നുവെന്നും ലോലമൊരു ചിലമ്പൊച്ചയുടെ കിലുക്കം കേള്‍ക്കുന്നുവെന്നും പൊടുന്നനെ എനിക്കുതോന്നി, അന്നേരംതന്നെ അവള്‍ക്കും.
ഭയത്തിന്റെ മഞ്ഞുകട്ടകള്‍ ഞങ്ങളെ മരവിപ്പിച്ചു. ഭാരിച്ച കാലുകള്‍ അനക്കമറ്റ് ഭൂമിയിലുറച്ചു.
''അമ്മാ...''
അവളെന്റെ കൈവരിഞ്ഞു പറഞ്ഞു. ''തിരിഞ്ഞുനോക്കാതോട്...'' 
വിറപൂണ്ട ദേഹങ്ങളും വലിച്ച് ഞങ്ങള്‍ രണ്ടു പെണ്ണുങ്ങളും തിരിഞ്ഞോടാന്‍ തുടങ്ങി. കാറ്റും മഞ്ഞും തുളച്ച്, ഭയത്തിന്റെ ആനന്ദത്തില്‍ വലുതായിക്കൊണ്ടേയിരുന്ന ആ ചെറിയ ദൂരം പിന്നിട്ട് വീടെത്തുമ്പോഴേക്കും പേടികളത്രയും വിസ്മയങ്ങളായത്, ഉള്‍പ്പുളകങ്ങളും പൊട്ടിച്ചിരികളുമായത്... 
''എന്നാലും രണ്ടുപേര്‍ക്കും ഒരേപോലെയിങ്ങനെ പനിക്കാനെന്ത്'' എന്ന അവളുടെ അച്ഛന്റെ ആശങ്കകളെ ഒരു ഇടംകണ്‍പാര്‍ക്കലിന്റെ ഉടമ്പടിയില്‍ 'പടര്‍ച്ചപ്പനി'യാക്കിയത് എത്രകാലം കടന്നുപോയിരിക്കുന്നു. എന്നിട്ടും ഇന്നലെയെന്നപോലെ... 
ഭൂതകാലത്തിന്റെ ശ്വാസകോശങ്ങളില്‍ ഞങ്ങളൊളിപ്പിച്ചുവെച്ച പാലപ്പൂഗന്ധവും മുകര്‍ന്നിരിക്കവെ മകള്‍ ചോദിച്ചു: ''അതറിഞ്ഞപ്പോള്‍ പിന്നെ അച്ഛനെന്തു പറഞ്ഞു?''
''അറിഞ്ഞിട്ടില്ലല്ലോ...''
ഞാന്‍ ചിരിയോടെ പറഞ്ഞു.
''പാവം, രണ്ടു പ്രാന്തികളെച്ചൊല്ലി വിഷമിക്കുമായിരുന്നു...''
രാവേറെയായിരുന്നു. എന്നില്‍നിന്ന് ഉറക്കം ഊര്‍ന്നുപോയിരുന്നു. കുഞ്ഞ്, അവന്‍ കണ്ടുകൊണ്ടിരുന്ന സ്വപ്‌നത്തില്‍ നനുനനെ ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളിരുവരും താന്താങ്ങളുടെ ലോകത്ത് അറ്റവുമതിരുമില്ലാത്തതെന്തൊക്കെയോ ഓര്‍ത്തങ്ങനെയിരിക്കുകയായിരുന്നു. 
''അമ്മാ...''

നിശ്ശബ്ദതയുടെ ഒരിടനേരം കഴിഞ്ഞ്, എന്തോ ഓര്‍ത്തുകൊണ്ട് ഇരുട്ടില്‍ അവളെന്റെ കൈതപ്പിയെടുത്ത് കവിളിലുരുമ്മി. ''നാളെ തിരിച്ചുപോകണോ? കുറച്ചുനാള്‍കൂടി ഇവിടെ നിന്നൂടെ? മറ്റന്നാളാകുമ്പോഴേക്കും യാത്രകഴിഞ്ഞ് വിനുവും വരുമല്ലോ.'' ഞാനൊന്നും പറഞ്ഞില്ല.
അവള്‍ തുടര്‍ന്നു, ''ഞാന്‍ ഹാപ്പിയാണമ്മാ... സത്യം, വിനുവിന്റെ കാര്യത്തിലായാലും എന്റെ ജോലിയിലായാലും മറ്റെല്ലാത്തിലായാലും. പക്ഷേ, എനിക്കറിയാനാവുന്നുണ്ട്, എനിക്കെന്തൊക്കെയോ നഷ്ടമാകുന്നു, ഒരിക്കലും നികത്താനാവാത്ത എന്തൊക്കെയോ...'' 
അവള്‍ പതുക്കെ കരയുന്നുവെന്നു തോന്നിയപ്പോള്‍ എന്റെയുള്ളിലെ ഭാരങ്ങളത്രയും മറച്ച് അവളെ എന്നോട് ചേര്‍ത്തുചേര്‍ത്തുവെച്ചുകൊണ്ട് ഞാന്‍ ചോദിച്ചു, 
''ഓര്‍മയുണ്ടോ അമ്മൂ, അന്ന് നീയാ പാലച്ചോട്ടില്‍വെച്ചെന്നോടു പറഞ്ഞത്? ഒരുപക്ഷേ, അത്ര ധൈര്യമുള്ളൊരൊച്ചയില്‍ നീയപ്പോഴങ്ങനെയൊന്ന് പറഞ്ഞില്ലായിരുന്നുവെങ്കില്‍ നമ്മുടെ ഉള്‍ഭയങ്ങള്‍ നമ്മളെയവിടെ തള്ളിയിട്ടേനെ. ആ വാചകം, ഞാനത് തിരികെ പറയട്ടെ, ഇപ്പൊ നിന്നോട്...?'' 
ആ യക്ഷിരാത്രിയിലൂടെ ഞങ്ങളുടെ സ്‌കൂട്ടറങ്ങനെ നിലയ്ക്കാതെ ഭയന്നും വിസ്മയംകൊണ്ടും ഓടിക്കൊണ്ടേയിരിക്കുകയായിരുന്നുവെങ്കിലെന്ന് അത്രമേല്‍ മോഹിച്ചുവെങ്കിലും ഞാനവളോട് പറഞ്ഞു.
''അമ്മൂ, തിരിഞ്ഞുനോക്കാതോട്...''