ആഭ്യന്തരവും സാഹിത്യപരവുമായ സംഘർഷങ്ങൾ കാലഗതിയെ, സാഹിത്യപ്രസ്ഥാനങ്ങളെ എത്രമാത്രം തിരുത്തിയെഴുതുന്നു എന്ന ചിന്തയുടെ അവലോകനമാണ് ശ്രീ രതീഷ് ഇളമാടിന്റെ 'സർഗ്ഗവഴിയിലെ കലാപങ്ങൾ' എന്ന പുസ്തകത്തിലുള്ളത്. 'കുടുംബജീവിതത്തിന്റെ മാനിഫെസ്റ്റോ' എന്ന ആദ്യ അധ്യായം ദാമ്പത്യപ്രശ്‌നങ്ങൾക്കിടയിലൂടെ നിരന്തരം കടന്നുപോയിരുന്ന വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാടം', 'ഊഞ്ഞാലിൽ' എന്നീ കവിതകളെ മുൻ നിർത്തിയുള്ള പഠനമാണ്. ഒരു കുടുംബം നിലനിർത്തിക്കൊണ്ട് പോകുന്നത് അലിഖിതമായ ചില ആചാരങ്ങളോ പരമ്പരാഗതമായി നെയ്‌തെടുത്ത ചില മിത്തുകളോ ഒക്കെ ചേർന്നാണ്. വൈലോപ്പിള്ളി കവിതകളെ പുതുവെളിച്ചത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന പഠനത്തിൽ ഗഹനമായ വിഷയങ്ങൾ കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദാമ്പത്യത്തിനുള്ളിലെ ആഭ്യന്തര സംഘർഷങ്ങൾ എന്ന സാർവലൗകികമായ (universal) വിഷയത്തിന്റെ അവതരണത്തിലൂടെ കുടുംബജീവിതത്തിൽ പാലിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചും ആശയവിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവരിക്കുന്നു. സാമൂഹിക സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളും, അനീതികളും തുറന്നു കാട്ടാനായി ഐതിഹ്യങ്ങൾ, വിദേശപുസ്തകങ്ങൾ ഇതെല്ലാം അവലംബമായി സ്വീകരിച്ചിരിക്കുന്നത് എഴുത്തിന്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. ദാമ്പത്യപ്രശ്നങ്ങളിലെ പരിഹാരത്തിനുള്ള ഒരു ഒറ്റമൂലിയായി അവതരിപ്പിച്ചിരിക്കുന്നത് പ്രണയവും അതിനെത്തുടർന്നുണ്ടാകുന്ന രതിയനുഭവങ്ങളുമാണ്. ദൃശ്യാത്മക ഭാഷ അവതരണശൈലിക്ക് കൂടുതൽ മിഴിവേകുന്നു.

To advertise here,

കുടുംബം എന്നത് പരസ്പര ബഹുമാനവും മനസ്സിലാക്കലുമുള്ള ഒരു സഹയാത്രയാണ്. ഓരോ വ്യക്തിയുടേയും വ്യക്തിത്ത്വത്തെ മാനിച്ചു കൊണ്ടുള്ള ഒരു മുന്നേറ്റം. കുടുംബബന്ധങ്ങൾ കൂടുമ്പോൾ ഇമ്പമുള്ളതാകണമെങ്കിൽ സത്യസന്ധമായ ആശയവിനിമയം അനിവാര്യമാണ്. സ്‌നേഹം മാത്രമല്ല ബഹുമാനവും ഇഴചേരുമ്പോഴാണ്, പരസ്പരം വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് കുടുംബബന്ധങ്ങൾ ശക്തമാകുന്നത്.വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം തന്നെ പരിധികളും നിശ്ചയിക്കപ്പെടേണ്ടതുണ്ട്. കാലോചിതമായി കുടുംബബന്ധങ്ങളിലെ നീതിശാസ്ത്രങ്ങളെ പരിഷ്‌ക്കരിക്കേണ്ടതുണ്ട് എന്ന ഗഹനമായ നിരീക്ഷണം ഈ പുസ്തകത്തിൽ പ്രതിപാദ്യ വിഷയമായി വരുന്നു.

ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ നിന്ന് പുനരാഖ്യാനം ചെയ്യപ്പെട്ടതും ഇൻഡൊനീഷ്യൻ ഭാരതത്തിൽ അർജ്ജുന കാമിനിയായി അവരോധിക്കപ്പെടുകയും ചെയ്ത ശിഖണ്ഡിനിയെക്കുറിച്ച് ഷീജ വക്കമെഴുതിയ പഠനം 'ശിഖണ്ഡിനി' എന്ന കവിതയെ എന്തുകൊണ്ട് സ്വതന്ത്രകാവ്യം എന്ന് വിശേഷിപ്പിക്കാമെന്നതിന്റെ വസ്തുതകൾ നിരത്തുന്നു. 'നമോസ്തുതേ വ്യാസവിശാല ബുദ്ധേ' എന്ന അധ്യായത്തിൽ എഴുത്തുകാരൻ ഈ കവിതയെ ഒരു ഖണ്ഡകാവ്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്. പഴയ സ്ത്രീ സങ്കല്പങ്ങളിൽ നിന്ന് വ്യതിചലിച്ച് സ്വതന്ത്രചിന്താഗതിയുള്ള ഒരു പെണ്ണാണ്' ശിഖണ്ഡിനി' എന്ന് അഭിപ്രായപ്പെടുന്ന ഈ പഠനം വ്യാസഭാരതത്തിൽ നിന്നും ഈ കവിത ഏതെല്ലാം തരത്തിൽ വ്യതിചലിച്ചിരിക്കുന്നു എന്ന് വസ്തുതകളുടെ പിൻബലത്തിൽ സമർത്ഥിക്കുന്നു. ഇതോടൊപ്പം വ്യാസമുനി മുതൽ എഴുത്തച്ഛനും കുഞ്ഞിക്കുട്ടൻ തമ്പുരാനും വിദ്വാൻ പ്രകാശവുമൊക്കെ മഹാഭാരതത്തിന്റെ കാവ്യസൗന്ദര്യം പല വിധത്തിൽ വായനക്കാർക്ക് അനുഭവവേദ്യമാക്കിയതിനെക്കുറിച്ചും സൂക്ഷ്മമായി പ്രതിപാദിക്കുന്നു.

'പെൺ വാക്കിന്റെ പ്രവാഹവും പ്രതിസന്ധിയും' എന്ന അധ്യായം പുരുഷന്റെ വാരിയെല്ലു കൊണ്ട് സൃഷ്ടിക്കപ്പെട്ടവൾ എന്തുകൊണ്ട് 'സെക്കന്റ് സെക്‌സ്' ആയി മാറി എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നു. ആദികഥയിലും ബൈബിളിലും പെണ്ണിനെ രണ്ടാം തരക്കാരിയായാണ് അവതരിപ്പിച്ചിക്കുന്നത്. എന്നാൽ 'കുറ്റവും ശിക്ഷയും' എന്ന നോവലിൽ കൊലപാതകത്തിന് ശേഷം മാനസാന്തരപ്പെട്ട റാസ്‌കോൾ നിക്കോവ് എന്ന നായകന് അഭയകേന്ദ്രമാകുന്നത് ഒരു സ്ത്രീയാണ്. അതുപോലെ തന്നെ ദസ്തയേവ്‌സ്‌കിയും അന്നയുമായുളള അതിശക്തമായ ബന്ധത്തിലക്ക് വിരൽ ചൂണ്ടുന്നു. ഇവിടെ സ്ത്രീ അഭയവും ആത്മവിശ്വാസം പ്രദാനം ചെയ്യാനുള്ള ഉറവിടവുമായി വർത്തിക്കുന്നതാണ് ആവിഷ്‌ക്കരിക്കുന്നത്. ഇതോടൊപ്പം സംഘകാലത്തിൽ പെൺകവികൾക്ക് ലഭിച്ചിരുന്ന പ്രാധാന്യത്തെക്കുറിച്ചും ചരിത്രത്തിന്റെ ദശാസന്ധിയിൽ എവിടെയോ വച്ച് പെൺവാക്കിന്റെ പ്രവാഹം തടസ്സപ്പെട്ടതിനെയും അനുസ്മരിക്കുന്നു.

വെർജീനിയ വൂൾഫിന്റെ 'എഴുത്തുകാരിയുടെ മുറി' എന്ന പുസ്തകം ഷേക്‌സ്പിയറിന്റെ സഹോദരിയെക്കുറിച്ച് ഭാവനാത്മകമായി അവതരിപ്പിക്കുന്നു. അവൾ അനിതര സാധാരണമായ കഴിവുകൾ ഉള്ളവളും സഹോദരനെപ്പോലെ സർഗ്ഗശേഷിയുള്ളവളുമായിരുന്നു. എന്നാൽ ഷേക്‌സ്പിയറിനെപ്പോലെ വായനയ്‌ക്കോ എഴുത്തിനോ ആയി അവളിരിക്കുമ്പോൾ മാതാപിതാക്കൾ പറയുന്നത് കുടുംബകാര്യങ്ങൾ ശ്രദ്ധിക്കാൻ മാത്രമായിരിക്കും. പുതുകാലത്തും ഇതിലൊന്നും കാര്യമായ മാറ്റം വന്നിട്ടില്ല. കുടുംബം, സമൂഹം എന്നീ സാമൂഹിക സ്ഥാപനങ്ങളിൽ രൂഢമൂലമായിരിക്കുന്ന ചില അദൃശ്യ നിയമങ്ങൾ സ്ത്രീയുടെ സർഗ്ഗശേഷിയെ പൂർണ്ണമായും തകർത്തുകളയാൻ തക്കവിധം മാരകമാണ്. സ്ത്രീകൾ നിരന്തരമായി കടന്നുപോകേണ്ടി വരുന്ന സർഗ്ഗാത്മകമായ മാനസിക സംഘർഷങ്ങളെക്കുറിച്ച് നോബൽ ജേത്രിയായ ആനി എർണോക്സിന്റെ ദാമ്പത്യ ശൈഥില്യവും തീക്ഷ്ണമായ എഴുത്തനുഭവങ്ങളുo അവലംബമായി സ്വീകരിച്ച് വിശദീകരിക്കുന്നു.

പെണ്ണെഴുത്തിന് കേരള കവിതയോളം തന്നെ പാരമ്പര്യമുണ്ട്. പാട്ടുരൂപത്തിൽ പ്രസിദ്ധീകൃതമായ 'രാമചരിതം 'പെൺ പക്ഷസൂചനകൾ നൽകുന്നു. എന്നാൽ സ്ത്രീയെ വെറുമൊരു ഉപഭോഗവസ്തു മാത്രമായി പരിഗണിക്കുന്ന ഉള്ളൂരിന്റെ 'കേരള സാഹിത്യചരിത്ര'ത്തിൽ ആദ്യകാല എഴുത്തുകാരിൽ പ്രധാനികളെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്. സമകാലിക കേരളത്തിലെ സ്ത്രീപക്ഷ രചനയുടെ പുതുചരിത്രം വരുന്നത് ആശാൻ കവിതകളിലൂടെയാണ്. മാധവിക്കുട്ടി സ്ത്രീയുടെ സഹജവാസനകളുടെ തുറന്നെഴുത്തിലൂടെ( Confessional writing ) എഴുത്തിന്റെ സ്വാതന്ത്ര്യം കവിതയിലേക്കാവാഹിച്ചു. ' മാധവിക്കുട്ടി കുമാരനാശാന്റെ കാവ്യമകളായി പിറവിയെടുക്കുകയായിരുന്നു' എന്നാണ് എഴുത്തുകാരൻ വിശേഷിപ്പിച്ചിരിക്കുന്നത്. പെണ്ണെഴുത്തിനെക്കുറിച്ചും അത് രൂപം കൊള്ളാൻ ഇടയായ സാഹചര്യങ്ങളെ ക്കുറിച്ചും വളരെ ഗഹനമായിത്തന്നെ വിശദീകരിക്കുന്നുണ്ട്. ഗീതാഹിരണ്യനെപ്പോലെ തീവ്രവും തീക്ഷ്ണവുമായി എഴുത്തിനെ വിലയിരുത്തിയവർ പെണ്ണെഴുത്തിന്റെ അവസ്ഥകളെ വിശദീകരിക്കുന്നത് എഴുത്തിന്റെ സ്വാതന്ത്ര്യത്തെ, വായനയുടെ ജനാധിപത്യത്തെ കവിതകളിൽ നിറയ്ക്കുന്നതിന് ഏറെ സഹായകമായി. സ്ത്രീയുടെ ജൈവികമായ പ്രതിസന്ധികളെക്കുറിച്ചും പുരുഷകേന്ദ്രീകൃതമായ സാമൂഹിക അവസ്ഥകളെക്കുറിച്ചും പ്രതിപാദിക്കുന്ന കൃപ അമ്പാടി, കനി, ആദില, എന്നിവർ പെണ്ണെഴുത്തിന് പുതുഭാഷ്യം ചമയ്ക്കുന്നവരാണ്. പെൺവാക്കിന്റെ പ്രഹരശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ അധ്യായത്തിൽ അക്ഷരങ്ങളുടെ ജ്വലനമാണ് കാണാൻ കഴിയുന്നത്.

കെ . സജീവ് കുമാറിന്റെ' മാർത്താണ്ഡവർമ്മ എങ്ങനെ രക്ഷപ്പെട്ടു' എന്ന പുസ്തകത്തെക്കുറിച്ചുള്ള പഠനം കലയിലെ നവീനമായ വിശകലന രീതികളെക്കുറിച്ചും നിസ്സംഗതയോടെ ജീവിതത്തോടും രാഷ്ട്രത്തോടുമെല്ലാം പല രീതിയിൽ പോരടിക്കുന്ന മനുഷ്യരെക്കുറിച്ചും ഭൂമിയുടെ വ്യഥകളെക്കുറിച്ചും ചൂണ്ടിക്കാട്ടുന്നു. ഇകോക്രിട്ടിക്കൽ റീഡിംഗിനുള്ള സാധ്യതകൾ അന്വേഷിക്കുന്ന ഒരു പഠനം കൂടിയാണ് എഴുത്തുകാരൻ നിർവഹിച്ചിരിക്കുന്നത്. ശ്രീ. എസ്. ആർ ലാലിന്റെ 'രണ്ട് സ്‌നേഹിതർ' എന്ന കഥയെ ആസ്പദമാക്കി എഴുതിയ 'ഓർമ്മകളുടെ സ്വപ്ന സങ്കേതം' എന്ന ലേഖനം മറവിയ്ക്ക് പോലും മായ്ക്കാൻ കഴിയാത്ത വിധം ആഴത്തിൽ വേരോടിയ മനുഷ്യമനസ്സെന്ന പ്രഹേളികയിലേക്കുള്ള സഞ്ചാരമാണ്. നാട്ടുവഴികളിൽ നിന്ന് കണ്ടെടുക്കുന്ന കഥാപാത്രങ്ങളെ ലാവണ്യം നഷ്ടപ്പെടാതെ അവതരിപ്പിക്കാനുള്ള ശ്രീ. ജേക്കബ് എബ്രഹാമിന്റെ പ്രാവീണ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ 'കാച്ചിയ മോരിന്റെ മണമുള്ള ഉച്ചനേരങ്ങൾ' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള രചിച്ച പഠനം പ്രണയരൂപകങ്ങളിലേക്കും മൗലികതയിലേക്കുമുള്ള ഒരു സഞ്ചാരമാണ്.

'സർഗ്ഗവഴിയിലെ കലാപങ്ങൾ' എന്ന അധ്യായം എഴുത്തുവഴിയിൽ നിർഭയനായി സഞ്ചരിച്ച ശ്രീ. എം. എൻ വിജയൻ മാഷിന്റെ വിപ്ലവകരമായ സാഹിത്യവഴികളെക്കുറിച്ചുളള ആഴത്തിലുള്ള പഠനമാണ് . മഷിയേക്കാൾ രക്തത്തോട് ചേർന്നുനിന്ന് അദ്ദേഹമെഴുതിയ ലേഖനങ്ങൾ ഒരു കാലഘട്ടത്തിന്റെ കപടനാട്യങ്ങളുടെ രേഖപ്പെടുത്തലായിരുന്നു. സത്യബോധത്തിന്റെ കവിയായ വൈലോപ്പിള്ളിയുടെ കവിതകൾക്ക് പുതുവെളിച്ചം നൽകാൻ ശ്രീ. എം. എൻ വിജയന്റെ വിശകലനങ്ങൾക്ക് സാധിച്ചു. നിലവിലുണ്ടായിരുന്ന കാലഹരണപ്പെട്ട ചിന്താരീതികളെ എപ്രകാരമാണ് ശ്രീ. എം. എൻ വിജയൻ മാഷ് അപനിർമ്മിച്ചതെന്നും അതുകൊണ്ട് തന്നെ അദ്ദേഹം എങ്ങനെ ഒരു കലാപകാരിയായി മാറിയെന്നും കൃത്യമായി അടയാളപ്പെടുത്തുന്നു. ഫ്രോയ്ഡിലും മാർക്‌സിയൻ ചിന്താരീതിയിലും ഡാർവിന്റെ പരിണാമസിദ്ധാന്തത്തിലുമൊക്കെയുള്ള അനിതരസാധാരണമായ സാമ്യങ്ങൾ കോർത്തിണക്കി സാഹിത്യനിരൂപണത്തിന്റെ പഴകിത്തേഞ്ഞ രീതികളെ നിരാകരിക്കുകയും മനഃശാസ്ത്രപരമായ സമീപനം ഉയർത്തിപ്പിടിക്കുകയും ചെയ്ത ധിഷണാശാലിയായിരുന്നു ശ്രീഎം.എൻ വിജയൻ. 'മാമ്പഴ'മെന്ന കവിതയെ ഫ്രോയ്ഡിയൻ മനഃശാസ്ത്ര തത്ത്വങ്ങൾ നൽകി പുനർജ്ജനി സമ്മാനിക്കുന്നതിൽ അദ്ദേഹം പൂർണ്ണമായും വിജയിച്ചു. വൈലോപ്പിള്ളിക്ക് ശേഷം എഴുത്തുകാരനാകാനുളള യോഗ്യത സ്വന്തമാക്കിയ ആശാന്റെ കവിതയിലെ കാല്പനികകാന്തിയെക്കുറിച്ചും 'ലീല'യിലും ചണ്ഡാലഭിക്ഷുകിയിലുമുള്ള വളരെ വ്യത്യസ്തമായ വൈകാരിക സത്യസന്ധതയെക്കുറിച്ചും ആത്മാർത്ഥതയെക്കുറിച്ചുമെല്ലാം ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.തന്റെ ഗുരുവായ കേസരിയുടെ ക്രാന്തദർശിത്വം പിന്തുടർന്ന എം എൻ വിജയൻ മാർക്‌സിയൻ ദർശനത്തോടൊപ്പം മനഃശാസ്ത്ര തത്ത്വങ്ങളും സമന്വയിപ്പിച്ചു. പുകാസയിൽ നിന്ന് ഇറങ്ങി വന്ന് കലാകാരന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വിപ്ലവകാരിയായി. സാഹിത്യസാംസ്‌ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ കലാപങ്ങൾ അവിസ്മരണീയമാണ്.

സുഗതകുമാരിയുടെ കവിതകളിലെ കൃഷ്ണ സങ്കല്പത്തെ കുറിച്ച്, പ്രണയത്തെക്കുറിച്ച് 'ആനന്ദചിൻമയ ഹരേ ഗോപികാ രമണാ 'എന്ന അധ്യായത്തിൽ വിവരിച്ചിരിക്കുന്നത് ശൃംഗാരരൂപത്തിലോ സംഭോഗത്തിലോ വിരഹത്തിലോ ഊന്നിയല്ല മറിച്ച് 'ഒരു പൂവു വിരിയുന്ന നിശ്ശബ്ദതയോടെ, താണ കൊമ്പിലെ നനുത്ത സ്പർശത്താൽ ചിത്രശലഭം പറന്നുപോകുന്നതു പോലെ അകം പൂക്കുന്ന പ്രണയമാണ്'എന്നാണ്. കൃഷ്ണ പ്രണയത്തിന്റെ അഭൗമികമായ ഒരു ഭൂമികയിലേക്കാണ് ഈ കവിതകൾ സഞ്ചരിക്കുന്നത്.

പരിവർത്തനപ്പെടാൻ തയ്യാറാകാത്ത മനസ്സാണ് മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നതെന്ന് ഈ പുസ്തകം ബോധ്യപ്പെടുത്തുന്നു. പരമ്പര്യ വഴിയിൽ നിന്ന് വ്യത്യചലിച്ച് പുതുമയുള്ള ഒരന്വഷണമാണ് 'സർഗ്ഗവഴിയിലെ കലാപങ്ങൾ' എന്ന പുസ്തകത്തിലുള്ളത്. അടിമയും ഉടമയും തമ്മിലുള്ള ബന്ധം നിലനിൽക്കുന്ന കുടുംബം എത്ര മാത്രം നീതിരഹിതമായ ഒരു ആവാസസ്ഥാനമായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്നും ബന്ധങ്ങളിലെ ഊഷ്മളത നഷ്ടമായി വരണ്ട ഭൂമിയായി കുടുംബം മാറുന്നതെങ്ങനെയെന്നും ഇതിലെ പഠനങ്ങൾ ഓർമ്മിപ്പിക്കുന്നു. വിവിധ കാലഘട്ടങ്ങളിലെ സാഹിത്യകൃതികളുടെ ആന്തരികഘടന, ഭാവുകത്വത്തിലെ മാറ്റം കാലഘട്ടത്തിനനുഗുണമായി എഴുത്തു രീതിയിലും പ്രസ്ഥാനങ്ങളിലും വന്ന മാറ്റങ്ങൾ പെണ്ണെഴുത്തിന്റെ വഴികൾ ഇവയെക്കുറിച്ചെല്ലാം ആധികാരികമായി അവലോകനം ചെയ്യാൻ ഈ പുസ്തകം പര്യാപതമാണ്. ഭാവനാത്മകമായ പരിവർത്തനങ്ങളിലൂടെ സാഹിത്യപരമായ പുതുക്കിപ്പണിയലിന് ശ്രമിക്കുന്ന ഈ പുസ്തകം ഭാഷാസ്‌നേഹികൾക്കൊരു മുതൽക്കൂട്ടാണ്.

(മലപ്പുറം വണ്ടൂർ ജി.ജി.എച്ച്. എസ് സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi