
'2010 ജൂലൈ 25-ാം തീയതി, രാത്രി പത്തുമണി. കൂടെയുള്ളവർ പോലീസുകാരാണ്. കുറ്റം ചെയ്തവരെ മാത്രമാണ് പോലീസ് അന്വേഷിച്ചു വരുന്നതെന്നാണ് ഞാൻ കുട്ടിക്കാലത്ത് മനസ്സിലാക്കിയത്. എന്നാൽ ഞാനെന്ത് കുറ്റമാണ് ചെയ്തിരിക്കുന്നത്. കുറ്റവാളിയല്ലാത്ത എന്നെ എന്തിനാണ്, എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. എനിക്ക് മനസിലായതേയില്ല. നന്നായി വിശക്കുന്നുണ്ടായിരുന്നു. അവർ ഭക്ഷണം വാങ്ങിത്തന്നു. കരഞ്ഞുകൊണ്ട് അത് കഴിച്ചുതീർക്കാനല്ലാതെ വേറൊന്നുമാകില്ലായിരുന്നു. എന്തുകുറ്റമാണ് ചെയ്തതെന്ന് കണ്ണീരിലൂടെ ഞാൻ ചോദിച്ചുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ നമുക്ക് നാവനക്കാനാകാതെ വരാറില്ലേ? അപ്പോൾ കണ്ണീരാകും നമുക്കുവേണ്ടി സംസാരിക്കുക.'
ഒരു സാധാരണ വീട്ടമ്മയുടെ ജയിലിലെ പന്ത്രണ്ടുവർഷത്തെ ജീവിതം അവർ എഴുതിത്തുടങ്ങുന്നത് ഇങ്ങനെയാണ്. മനസ്സറിയാതെ കെണിയിൽപ്പെട്ട് അറസ്റ്റിലായി തടവുകാരിയാകേണ്ടി വന്ന ലിസി റോസക്കുട്ടിയെന്ന വയനാടുകാരി. ദാരിദ്ര്യത്തിന്റെ നീർക്കുഴിയിൽ നിന്ന് രക്ഷിക്കാനായി നീണ്ട കരങ്ങളാണ് അവരെ കെണിയിലാക്കുന്നത്. താൻ ചെയ്ത കുറ്റമെന്തെന്ന് അറിയാതെ അതിന്റെ വ്യാപ്തിയറിയാതെ അവർ പകച്ചുപോയി. തടവറയിലെ ജീവിതവും അവിടെ കണ്ടുമുട്ടിയ സ്ത്രീമുഖങ്ങളും ഇഴനെയ്ത് അവരൊരു പുസ്തകം പുറത്തിറക്കി. പെണ്ണുങ്ങളുടെ ജയിൽ; ഒരു തടവുകാരിയുടെ ഓർമ്മക്കുറിപ്പുകൾ.
ജയിൽക്കാലത്തിനു മുമ്പും ദുരിതത്തിന്റെ ജീവപര്യന്തം അവർ അനുഭവിച്ചിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ നിഴൽവീണ ബാല്യവും കണ്ണീർമാത്രം നല്കിയ പ്രണയവും വിവാഹവും. തിക്താനുഭവങ്ങളുടെ തീച്ചൂളയിൽ ആത്മഹത്യയെന്ന ചിന്തയിൽ നിന്ന് ലിസിയെ തിരിച്ചുവിളിച്ചത് വയനാട്ടിലെ ഒരു ചെറിയ കൂരയിൽ തന്നെക്കാത്തിരിക്കുന്ന അമ്മ റോസക്കുട്ടിയെപ്പറ്റിയുള്ള ഓർമ്മകളായിരുന്നു. എല്ലാ ദുരിതപ്പെയ്ത്തുകൾക്കുമൊടുവിൽ ഇളവെയിൽ തെളിഞ്ഞ് മുന്നോട്ടു നീങ്ങാനുള്ള പ്രത്യാശയിലാണ് ലിസി. ആ വെളിച്ചത്തിലേക്കെത്താൻ താണ്ടിയ ചുഴികളെപ്പറ്റി അവർ പറഞ്ഞുതുടങ്ങി...
ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക്
ഇടുക്കിയിലെ കമ്പിളികണ്ടത്ത് നിന്ന് 13-ാം വയസ്സിലാണ് ലിസി വയനാടൻ ചുരം കയറുന്നത്. ''ഞങ്ങൾ ആറ് മക്കൾ. അഞ്ച് പെണ്ണും ഒരാണും. നല്ല സൗകര്യത്തിലായായിരുന്നു ജീവിതം. ചാച്ചായി എന്നാണ് ഞങ്ങൾ അപ്പച്ചനെ വിളിച്ചിരുന്നത്. ചാച്ചായിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഒപ്പം മദ്യപാനവും ചീട്ടുകളിയും. കള്ളുകുടിച്ചാൽ ചാച്ചായി അമ്മച്ചിയെ ഉപദ്രവിക്കും. കുടിയും ചീട്ടുകളിയും സ്വത്തെല്ലാം കവർന്നു. വയനാട്ടിലെ ചുള്ളിയോടുള്ള അമ്മച്ചിയുടെ ആങ്ങള അവിടേക്ക് വരാൻ നിർബന്ധിച്ചു.
ഇടുക്കിയിലെ സ്ഥലം വിറ്റ്, ചുള്ളിയോട് 50 സെന്റ് സ്ഥലം വാങ്ങി ഒരു ഷെഡ്ഡ് തട്ടിക്കൂട്ടി. ആദ്യം അവിടെ വയൽകൃഷി ചെയ്തു. പക്ഷേ കാര്യമുണ്ടായില്ല. പട്ടിണിയും ദാരിദ്ര്യവും നിത്യസന്ദർശകരായി. മക്കളെ പട്ടിണിക്കിടാതിരിക്കാൻ അമ്മച്ചി തോട്ടപ്പണിക്ക് പോയിത്തുടങ്ങി. അന്ന് എട്ട് രൂപയാണ് ദിവസക്കൂലി. നന്നായി പഠിക്കുമായിരുന്നു ഞാൻ. പിന്നീട് എന്നെപ്പറ്റി ഒരു ഫീച്ചർ വന്നപ്പോൾ 'അന്നത്തെ ഡെസ്ക്ക് നമ്പർ വൺ ഇന്ന് കൺവിക്ട് നമ്പർ' എന്നായിരുന്നു ഹെഡ്ലൈൻ. അന്നേ എഴുതാൻ ഇഷ്ടമായിരുന്നു. അധ്യാപകർക്കെല്ലാം വലിയ സ്നേഹമായിരുന്നു.''
മരണത്തിനും ജീവിതത്തിനുമിടയിൽ
വീട്ടിലെ കഷ്ടതകൾക്കിടയിൽ ലിസിക്ക് താങ്ങായെത്തിയ ഒരാൾ, അയാൾ സമ്മാനിച്ച വേദനകൾ ഇന്നും നോവിക്കുന്നതാണെന്ന് ലിസി പറയുന്നു. '' 19-ാം വയസ്സിലാണ് പ്രണയവും വിവാഹവും. തോട്ടപ്പണിക്ക് വന്നയാളാണ് ശശി. ആ സ്നേഹം സത്യമാണെന്ന് കരുതി. പിന്നീടുള്ള ജീവിതം എങ്ങനെയാ പറഞ്ഞുതരുക? വലിയൊരു ആഴക്കടലിൽ പെട്ടുപോയാൽ, അതിനക്കരെ കാണാൻ പറ്റാതിരുന്നാൽ എന്താവും അവസ്ഥ. ആദ്യത്തെ നാലഞ്ച് മാസം നല്ലതായിരുന്നു. പാലക്കാടുള്ള അയാളുടെ വീട്ടിലേക്ക് പോയതോടെ എല്ലാം മാറി. പണമില്ല, സൗന്ദര്യമില്ല എന്നൊക്കെ കുത്തുവാക്കുകൾ. കള്ളുകുടിച്ചു വന്നുള്ള ദേഹോപദ്രവം. വടികൊണ്ട് ബോധം പോകുന്നതുവരെ അടിക്കും. പനിപിടിച്ച് വയ്യാതെകിടന്നപ്പോൾ തലയിലൂടെ തണുത്തവെള്ളം കോരിയൊഴിച്ചു. വെള്ളം ഒഴിച്ചുകൊണ്ട് ഇടിക്കും. അപ്പോൾ കരയുന്ന ശബ്ദം പുറത്തേക്ക് കേൾക്കില്ലല്ലോ.
ഒരിക്കൽ ഞാൻ ആത്മഹത്യചെയ്യാൻ തീരുമാനിച്ചു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകത്തിക്കാനൊരുങ്ങിയതുകണ്ട്, അയാളുടെ അച്ഛനും അമ്മയും വന്നു. എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ്, ഇനിയിങ്ങനെയൊന്നും ഉണ്ടാവില്ലെന്നുപറഞ്ഞു. എന്റെ മനസ്സ് മാറിയില്ല. ഇനി ഇയാളുടെ കൂടെ ജീവിക്കണ്ട. ഇവിടെ മരിക്കാൻ പറ്റില്ലെങ്കിൽ റെയിൽവേ ട്രാക്കിൽ പോയി മരിക്കാം എന്നായി. വീട്ടിൽ നിന്നിറങ്ങി റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോൾ ഒരാൾ. നിർമലയെന്നാണ് പേര്. എന്നെക്കണ്ട് പന്തികേട് തോന്നിക്കാണണം, അവർ ഒന്നും രണ്ടും ചോദിച്ച് എന്നെ പിടിച്ചിരുത്തി. അപ്പോഴേക്കും ശശിയെന്നെ തിരക്കിയെത്തിയിരുന്നു. ക്ഷമയൊക്കെ പറഞ്ഞ് തിരിച്ച് കൂട്ടിക്കൊണ്ടുപോയി. പക്ഷേ ആദ്യത്തേതിനേക്കാൾ മോശമായി പിന്നീടങ്ങോട്ട്.
നാല് കൊല്ലം കൊണ്ട് 40 വർഷത്തെ ദുരിതം അയാളെനിക്ക് സമ്മാനിച്ചു. കള്ളുകുടിയും സംശയരോഗവും. വീട്ടിലെ കാര്യങ്ങളെല്ലാം എന്റെ ചുമലിലായി. അതോടെ ലൈസൻസെടുത്ത് ഓട്ടോ ഓടിക്കാൻ പോയി. ഒരു ദിവസം വീട്ടിൽ ഡിടിഎച്ച് കണക്ഷൻ വയ്ക്കാൻ ടെക്നീഷ്യൻ വന്നു. പരിചയമുള്ളയാളാണ്. ഈ സമയത്ത് ശശി മദ്യപിച്ച് ഉച്ചത്തിൽ അനാവശ്യം പറഞ്ഞുകൊണ്ട് എന്റെ നേരെ വന്നു. അടുത്ത വീട്ടിലെ കുട്ടികളൊക്കെ നോക്കി നിൽക്കുകയാണ്. എല്ലാവരുടെയും മുന്നിൽവെച്ച് എന്റെ വസ്ത്രം വലിച്ചുകീറി അടിക്കാൻ തുടങ്ങി. വീടിനകത്തേക്ക് വലിച്ചുകൊണ്ടുപോയി മർദ്ദനം തുടർന്നു. എന്നെ ആരും സഹായിക്കാൻ വന്നില്ല. എന്റെ കഴുത്തിലൂടെ ഇലക്ട്രിക്ക് വയർ ചുറ്റി ചവിട്ടി കട്ടിലിന് അടിയിലേക്ക് ഇട്ടു. കറണ്ടടിപ്പിച്ച് കൊല്ലാനായിരിക്കാം. ഈ സമയം അടുത്ത വീട്ടിലെ ഖദീജ പോലീസിനെ വിളിച്ചു. പോലീസ് എന്നെ അടുത്ത വീട്ടിലേക്ക് മാറ്റി, അയാളോട് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു. അന്ന് രാത്രി ഞങ്ങൾ താമസിച്ചിരുന്ന വീട് ശശിയും അയാളുടെ അച്ഛനും കൂടി ഇടിച്ചുനിരത്തി വാഴനട്ടു. ഇതു കണ്ടിട്ടാണ് രാവിലെ ഞാൻ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ചെല്ലുന്നത്. ശശിയും അച്ഛനും അമ്മയും ഇനിയൊരു പ്രശ്നവുമുണ്ടാക്കില്ലെന്ന് സ്റ്റേഷനിൽ എഴുതിക്കൊടുത്തിട്ടുണ്ടായിരുന്നു. ലിസിക്ക് പ്രശ്നമൊന്നുമില്ലെന്നും പോലീസിനോടവർ പറഞ്ഞു. അതുകേട്ടപ്പോൾ ഒരിടത്തും നീതികിട്ടില്ലെന്ന് മനസ്സിൽ ഉറച്ചു. എനിക്ക് പ്രശ്നമുണ്ടോയെന്ന് എന്നോടല്ലേ ചോദിക്കേണ്ടത്?
അപ്പോൾ അടുത്ത വീട്ടിൽ നിന്ന് ഒരു ഫോൺകോൾ. ശശി എന്നെ കൊല്ലാൻ കത്തിയുമായി വീടിനടുത്ത് ഇരിക്കുന്നുണ്ടെന്ന്. പോലീസ് ശശിയെ പിടിച്ചു. ഒപ്പം അയാളുടെ അമ്മയും വന്നു. ഇനി പ്രശ്നം ഉണ്ടാക്കരുതെന്നും ഒരു മാസത്തിനുള്ളിൽ പൊളിച്ച വീട് പണിത് നൽകണമെന്നും അതുവരെ എന്നും സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്നും എസ്.ഐ. താക്കീത് നല്കി. എന്നോട് ആ നാട്ടിൽ നിന്ന് മാറിനിൽക്കാനും നിർദേശിച്ചു. ഞാൻ വളാഞ്ചേരിയിലുള്ള ഒരു കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി. അന്ന് രാത്രി വിഷച്ചെടി കഴിച്ച് അയാൾ ആത്മഹത്യക്ക് ശ്രമിച്ചു. മദ്യവും കൂടി ഉള്ളിലുള്ളതുകൊണ്ട് കൂടുതൽ മാരകമായി. ബോധമില്ലാതെ കിടന്നയാളെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഞാനെത്തിയതും അയാളുടെ അച്ഛനും അമ്മയും പെങ്ങളും എനിക്കുനേരെ കയർത്തു. ദേഹോപദ്രവം വരെയെത്തി. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ശശി മരിച്ചു. അമ്മയും ചേച്ചിയും അനിയത്തിയും എന്നെ വയനാട്ടിലേക്ക് തിരിച്ചു കൊണ്ടുപോയി.
അമ്മച്ചിക്ക് പ്രായത്തിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാലും എസ്റ്റേറ്റിൽ പണിക്കുപോകും. എനിക്ക് മനസ്സുമടുത്തുതുടങ്ങി. അതോടെ, ഞാനും പല സ്ഥലങ്ങളിലും പണിക്കുപോയി. ആ വീട്ടിൽ ഞാൻ വാങ്ങിയ സാധനങ്ങളെല്ലാം ശശി മരിച്ചു കഴിഞ്ഞ് അനിയൻ വയനാട്ടിലേക്ക് എത്തിച്ചുതന്നിരുന്നു. അങ്ങനെയാണ് ആദ്യമായി അമ്മച്ചി ടി.വി. കാണുന്നത്. ചാച്ചായി ജീവിച്ചിരുന്ന കാലത്ത് അതിനൊന്നും ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.''
കെണിയാണെന്നറിയാതെ
ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടെയാണ് ലിസി മറ്റൊരാളെ കണ്ടുമുട്ടുന്നത്. ''ഒരു ദിവസം രാത്രി അനിയത്തിയുടെ കോൾ, 'ചേച്ചീ എനിക്ക് പൊള്ളലേറ്റു. ആശുപത്രിയിലാണ്, വരാമോ'. ഞാനും അമ്മച്ചിയും അവിടെയെത്തുമ്പോൾ അവൾ ഐസിയുവിൽ ആണ്. 35 ശതമാനം പൊള്ളലുണ്ട്. ചൂടുവെള്ളം വീണതാണെന്ന് അവൾ പറഞ്ഞെങ്കിലും ഞങ്ങളിന്നും അത് വിശ്വസിച്ചിട്ടില്ല. അവളും ഭർത്താവും എപ്പോഴും വഴക്കായിരുന്നു. മരിക്കാൻ ശ്രമിച്ചതാണോ എന്ന് സംശയമുണ്ട്. ആദ്യം സ്വകാര്യ ആശുപത്രിയിലായിരുന്നു. അവളെ നോക്കേണ്ട ചുമതല ഞങ്ങളുടെത് മാത്രമായപ്പോൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ആറുദിവസം. വീട്ടിലെത്തി, ആരോ പറഞ്ഞതുകേട്ട് എണ്ണ കാച്ചി പുരട്ടാൻ തുടങ്ങി. അതോടെ ദേഹം മുഴുവൻ പഴുപ്പുനിറഞ്ഞു. വീണ്ടും ഡോക്ടറെകാണിച്ചു. മരുന്ന് പുരട്ടാൻ പഴുപ്പുള്ള തൊലി ഉരച്ചു കഴുകിക്കളയേണ്ടിവന്നു.
അന്നത്തെ അമ്മയുടെ കഷ്ടപ്പാട് മറക്കാനാവില്ല. മരുന്നിന് പണം വേണം. അമ്മച്ചിക്ക് ജോലിക്ക് പോകാനാവില്ല. അനിയത്തിയുടെ രണ്ട് വയസ്സുള്ള കുഞ്ഞിനെയും അമ്മച്ചിയാണ് നോക്കുന്നത്. കടം വാങ്ങാനുള്ളവരോടെല്ലാം വാങ്ങി. ഈ സമയത്താണ് ഷാജഹാനെ കാണുന്നത്. ബത്തേരിയിലുള്ളയാളാണ്. നാട്ടിലെല്ലാവരും അറിയുന്ന ആൾ. അയാളോട് ഞാൻ 2000 രൂപ കടം ചോദിച്ചു. എനിക്കന്ന് തയ്യൽ വശമുണ്ട്. വസ്ത്രങ്ങൾ തുന്നി നൽകിയാൽ ഒരു വരുമാനമാർഗ്ഗമാവില്ലേ എന്ന് ചോദിച്ചത് ഷാജഹാനാണ്. തുണിയെടുത്ത് തരാനുള്ള സഹായവും അയാൾ വാഗ്ദാനം ചെയ്തു. അങ്ങനെ ഷാജഹാനൊപ്പം തുണിവാങ്ങാൻ ഞാൻ മംഗലാപുരത്ത് പോയി. തിരിച്ചുപോരുമ്പോൾ ഒരു ബിഗ്ഷോപ്പർ കൈയിൽ തന്നിട്ട് എന്നോട് ബസ്സിന് പോയിക്കോളാൻ പറഞ്ഞു. അവർക്ക് മംഗലാപുരത്ത് തങ്ങേണ്ട എന്തോ ആവശ്യമുണ്ടെന്നും വരുമ്പോൾ തുണികൊണ്ടുവരാമെന്നും പറഞ്ഞ് 500 രൂപയും തന്നു. ബിഗ്ഷോപ്പറിൽ കോഴിത്തീറ്റയാണെന്നാണ് എന്നോട് പറഞ്ഞത്.
ഞാൻ ബത്തേരിയിലെത്തിയപ്പോൾ ഷാജഹാൻ സ്റ്റാൻഡിലുണ്ട്. തുണി വീട്ടിലെത്തിക്കാമെന്നും പറഞ്ഞ് സഞ്ചി വാങ്ങി അയാൾ പോയി. രണ്ടുമൂന്നു തവണ ഇതാവർത്തിച്ചു. പക്ഷേ തുണി കിട്ടിയില്ല. മൂന്നാം തവണ ബത്തേരിയിൽ വെച്ച് എന്നെ പോലീസ് പിടിച്ചു. ഒരു വൈകുന്നേരം പിടിച്ചു, രാവിലെ വിട്ടയച്ചു. ബിഗ്ഷോപ്പർ അവിടെ വാങ്ങിവെച്ചതല്ലാതെ എന്തിനാണ് എന്നെ പിടിച്ചതെന്നോ അതിലെന്താണെന്നോ പറഞ്ഞില്ല. സ്റ്റേഷനിൽ നിന്നിറങ്ങി, ഷാജഹാനോട് ഇനി ഈ പണിക്ക് ഞാനില്ല എന്ന് പറഞ്ഞു. ബിഗ്ഷോപ്പറിൽ എന്താണെന്നതായിരുന്നു എന്റെ സംശയം. കോഴിക്ക് കുത്തി വയ്ക്കുന്ന ഹോർമോൺ ആണെന്നായി അയാൾ. അത് ഫാമുകളിൽ എത്തിച്ചുകൊടുക്കാനാണത്രേ.''
കുറച്ചുനാൾ കഴിഞ്ഞ് എറണാകുളത്തൊരു ഫാമിൽ ഹോർമോൺ എത്തിച്ചു നൽകാമോ എന്ന് ഷാജഹാൻ ലിസിയോട് ചോദിച്ചു. ആവശ്യങ്ങളിൽ സഹായിച്ചയാളാണല്ലോ നിരസിക്കാനായില്ല. അതൊരു കെണിയാണെന്ന് ലിസി അറിഞ്ഞില്ല. ''എറണാകുളം നോർത്തിലിറങ്ങി കോഴിഫാം നടത്തുന്ന ദീപു എന്ന ആൾക്ക് കൊടുക്കണമെന്നാണ് ഷാജഹാൻ പറഞ്ഞത്. സ്റ്റേഷനിൽ എന്നെക്കാത്ത് പോലീസ് നിന്നിരുന്നു. ഇത് കോഴിക്കുള്ള ഹോർമോണല്ലോ, അന്ന് ഒരു ദിവസംകൊണ്ട് വെറുതേവിട്ടല്ലോ എന്ന ധൈര്യമായിരുന്നു. പിന്നെയാണ് അത് രാസലഹരിയാണെന്നും വലിയ കുറ്റമാണെന്നും അറിഞ്ഞത്. ഷാജഹാനെ ഇപ്പോഴും പോലീസിന് കണ്ടെത്താനായില്ല. എൻ.ഡി.പി.എസ്. കേസിൽ അകപ്പെടുന്നവർക്ക് കിട്ടുന്ന പരമാവധിശിക്ഷതന്നെ എനിക്കും കിട്ടി, 25 വർഷം. 2022-ൽ ഹൈക്കോടതി കേസ് പുനഃപരിശോധിച്ചു. അങ്ങനെ 12 വർഷത്തിന്ശേഷം ഞാൻ പുറത്തിറങ്ങി. ടെലിവിഷനിൽ വാർത്തകണ്ട് അമ്മച്ചി തളർന്നു വീണു. വയ്യാത്ത അമ്മച്ചി ഒറ്റയ്ക്കാണ്. അമ്മച്ചിക്കൊന്നും വരല്ലേ എന്നേ ഞാൻ പ്രാർഥിച്ചിട്ടുള്ളൂ. ദൈവത്തെ വിളിച്ചു കരയാത്ത ഒരു ദിവസം പോലുമില്ലായിരുന്നു.''
നരകമായിരുന്നുവത്
കൃത്യമായ അന്വേഷണം നടത്താതെ കിട്ടിയ ആളെ പ്രതിയാക്കാനുള്ള തിടുക്കമായിരുന്നു പോലീസിനെന്ന് ലിസി പറയുന്നു. ''അറസ്റ്റ് ചെയ്യുമ്പോഴും തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴും പോലീസുകാർ മോശമായി പെരുമാറിയിട്ടില്ല. കാര്യമായി ഒന്നും അന്വേഷിച്ചതുമില്ല. അവരെനിക്ക് നല്ല ഭക്ഷണം വാങ്ങിത്തന്നു. തെളിവെടുപ്പിന് വയനാട്ടിലും ഊട്ടിയിലും മംഗലാപുരത്തും കൊണ്ടുപോയി. പെണ്ണുങ്ങൾക്ക് കൈവിലങ്ങിടില്ല. എനിക്ക് ഓടിപ്പോകാമായിരുന്നു. പക്ഷേ, ഞാൻ കുറ്റം ചെയ്യാത്തയാളാണ്, ഞാനെന്തിന് ഓടിപ്പോകണം?
റിമാൻഡിൽ കൊണ്ടുപോയത് എറണാകുളം സബ് ജയിലിലേക്കാണ്. സബ് ജയിൽ എന്ന ബോർഡ് കണ്ടപ്പോഴേ എന്റെ ഉള്ള് കിടുങ്ങി. ജയിൽ സൂപ്രണ്ട് പേരും വിവരങ്ങളും ചോദിക്കുമ്പോൾ എന്നെ രൂക്ഷമായി നോക്കിയ ഒരു ഉദ്യോഗസ്ഥയെ ഇന്നും ഓർമ്മയുണ്ട്. ആ നോട്ടത്തിൽ എന്റെ പകുതി ജീവൻ പോയിരുന്നു. അവരുടെ കൂടെയാണ് സെല്ലിലേക്ക് പോയത്. അതിനകത്ത് വെള്ളപുതപ്പിച്ച് ശവശരീരങ്ങൾ കൂട്ടിയിട്ടപോലെ 10-12 പേർ കിടന്നിരുന്നു. സെല്ലിന്റെ വാതിൽ തുറന്നപ്പോൾ എല്ലാവരും തലപൊക്കിനോക്കി. 'നീ മയക്കുമരുന്ന് കേസിലെ പ്രതിയല്ലേ? ചെല്ല്, പെണ്ണുങ്ങളെല്ലാം നിന്നെ എടുത്തിട്ട് ശരിയാക്കും' എന്ന് പറഞ്ഞ് അവരെന്നെ സെല്ലിലേക്ക് വിട്ടു.
ശരിക്കുള്ള ശിക്ഷ പിന്നെയായിരുന്നു. ഉദ്യോഗസ്ഥ എന്നോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു. മടിച്ചപ്പോൾ കേട്ടാലറക്കുന്ന വാക്കുകൾ പറഞ്ഞു. തടവുകാരുടെ മുന്നിൽ വെച്ച് പൂർണനഗ്നയാക്കി പരിശോധിച്ചു. ആദ്യമായി ജയിലിലെത്തുന്നവർ എന്തെങ്കിലും ഒളിപ്പിച്ചു കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയായിരുന്നു അത്. സത്യത്തിൽ അങ്ങനെയായിരുന്നില്ല പരിശോധന, ആ ഉദ്യോഗസ്ഥ അങ്ങനെയാണ് എന്നോട് പെരുമാറിയത്. അതോടെ മനസ്സ് പകുതി ചത്തു. റിമാൻഡിലുള്ള പ്രതികൾക്ക് വസ്ത്രവും ആവശ്യസാധനങ്ങളും ആരെങ്കിലും എത്തിച്ചുനൽകും. എനിക്കങ്ങനെ നൽകാൻ ആരുമുണ്ടായില്ല. മുഷിഞ്ഞ വസ്ത്രവും കുളിക്കാനൊരു കഷണം സോപ്പുപോലുമില്ലാതെ ജയിൽ വരാന്തയിൽ ഇരുന്നപ്പോൾ സഹായിച്ചത് മല്ലിക എന്ന ചേച്ചിയാണ്. മല്ലികേച്ചി അവരുടെ പേസ്റ്റും സോപ്പും എനിക്കു തന്നു. എന്നെ ഉപദ്രവിച്ചവരിൽ ഉദ്യോഗസ്ഥരും തടവുകാരികളുമുണ്ട്. ഉറങ്ങാൻപോലും പറ്റാതിരുന്ന ദിവസങ്ങളായിരുന്നു പലതും.''
വിയ്യൂരിലേക്ക്
ജാമ്യത്തിലിറക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയായിരുന്നു ഓരോ ദിവസവുമെന്ന് ലിസി. വിയ്യൂർ ജയിലിലേക്ക് മാറ്റുന്നു എന്നറിഞ്ഞതോടെ പ്രതീക്ഷയവസാനിച്ചു. ''എറണാകുളം സബ്ജയിലിൽ തടവുകാരുടെ എണ്ണം കൂടിയപ്പോൾ ഞങ്ങൾ എട്ടുപേരെ വിയ്യൂരേക്ക് മാറ്റി. വിയ്യൂർ സെൻട്രൽ ജയിൽ, തടവുകാരിൽ അധികവും കൊലപാതകക്കേസിലെ പ്രതികൾ. അവർക്ക് ആരെയും കൊല്ലാൻ മടിയുണ്ടാവില്ല എന്നൊക്കെ പറഞ്ഞ് കൂടെയുള്ള ഉദ്യോഗസ്ഥർ ഞങ്ങളെ പേടിപ്പിക്കും. പിടിച്ചുപറി മുതൽ കൊലപാതകം വരെ ചെയ്തവർ അവിടെയുണ്ടായിരുന്നു. ഗുണ്ടാലിസ്റ്റിലുള്ള ഒരാളും, വിലാസിനി. കാമുകൻ വേറെ വിവാഹം കഴിക്കുന്നതറിഞ്ഞപ്പോൾ അയാളെ വിളിച്ചുവരുത്തി വെട്ടിക്കൊന്നു അവർ. ആണുങ്ങളെപ്പോലെ മുണ്ടുമടക്കിക്കുത്തിയാണ് നടപ്പ്, ക്രൂരമായ സ്വഭാവം. തടവുകാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ ആക്രമിച്ചിരുന്ന വിലാസിനിയെ എല്ലാവർക്കും പേടിയായിരുന്നു. അവിടെ ബാക്കി സ്ത്രീകൾ പാവങ്ങളായിരുന്നു. ജീവനക്കാരും സ്നേഹത്തോടെ പെരുമാറി.
2010-ൽ അറസ്റ്റ് ചെയ്ത് ഒന്നരവർഷം റിമാൻഡ് തടവുകാരിയായി. ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ കോടതിയിൽ പോകും. ഒരിക്കൽ ജയിലിൽ അമ്മച്ചി കാണാൻ വന്നു. എഫ്.സി. 1519-ന് ഒരു വിസിറ്റർ ഉണ്ടെന്ന അറിയിപ്പു വന്നു. ആരായിരിക്കുമെന്ന ആകാംഷയോടെ ചെന്നപ്പോൾ അമ്മച്ചിയും അനിയത്തിമാരും. അമ്മച്ചിയും ഞാനും വാതിലിന് അപ്പുറവും ഇപ്പുറവും നിന്ന് കരഞ്ഞു.''
വിധിയും കണ്ണൂരും
ഒന്നരവർഷത്തെ കാത്തിരിപ്പിന് ശേഷം ശിക്ഷ കിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ലിസിയന്ന് കോടതിയിലേക്ക് പോയത്. എന്നാൽ 25 വർഷവും പിഴയുമായിരുന്നു ചെയ്യാത്ത തെറ്റിന് അവരെ കാത്തിരുന്നത്. ''അമ്മച്ചിയുടെ മാലവരെ വിറ്റ് കേസ് നടത്തി. എല്ലാം ശരിയാകുമെന്നാണ് വക്കീൽ പറഞ്ഞത്. ഒടുവിൽ വിധിവന്നു. കണ്ണൂർ സെൻട്രൽ ജയിലിലേക്ക്. കേസ് നടത്തിയ വക്കീൽ എന്നെ നന്നായി മുതലെടുത്തു. കേസ് തോറ്റപ്പോൾ അവർ പറഞ്ഞത്, 'കേസ് ജയിക്കില്ലെന്ന് അറിയാമായിരുന്നു. ലിസിക്ക് ഇനി പരോളിൽ വന്ന് അമ്മയെ കാണാമല്ലോ' എന്നാണ്. പിന്നെയെന്തിനാണ് അവരെന്നോട് പണം വാങ്ങിയത്.
കണ്ണൂർ ജയിലിലെ ജീവിതം ഭേദമായിരുന്നു. തടവുകാർക്ക് ജോലിയും കൂലിയുമുണ്ട്. ഞാൻ കൂടുതലും കന്നുകാലികളെ വളർത്തുന്ന ജോലി ചെയ്തു. ആ ജോലിക്ക് ലീവില്ല. എനിക്ക് ലീവ് ആവശ്യമില്ല. കൂലി വേണം. ഫോൺ, കാന്റീൻ, സോപ്പ്... എല്ലാം കഴിഞ്ഞ് ബാക്കിയുള്ളത് അമ്മച്ചിക്കയക്കും.
ഈ സമയത്ത് അമ്മച്ചി ആശുപത്രിയിലായി. അന്ത്യകൂദാശ കൊടുത്തുവെന്നറിഞ്ഞതോടെ നെഞ്ചുതകർന്നു. അമ്മച്ചിയെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു ആഗ്രഹം. പരോളനുവദിക്കുന്ന സമയമാണ്. എനിക്കുകിട്ടുമെന്ന് എല്ലാവരും ഉറപ്പിച്ചു പറഞ്ഞു. എന്നാൽ വെൽഫെയർ ഓഫീസർ, ലിസിയെ കൂട്ടിക്കൊണ്ടുപോകാൻ ആളില്ല, അതുകൊണ്ട് പരോളനുവദിക്കേണ്ട എന്ന് എഴുതിക്കൊടുത്തു.
ഒരിക്കൽ ഞാൻ ജയിലിലെ ടാങ്കിന് മുകളിൽ നിന്ന് വീണ് കാലിന് സാരമായി പരിക്കേറ്റു. നടക്കാൻ വയ്യെങ്കിലും പണിക്കിറങ്ങും. അപ്പോൾ സഹതടവുകാരികൾ പലരും സഹായത്തിനെത്തും. ലിസി പുല്ലരിഞ്ഞു വെച്ചാൽ മതി, ഞങ്ങൾ എടുത്തുകൊണ്ടുവന്നോളാം എന്നൊക്കെ പറയും. ഒരു ഉദ്യോഗസ്ഥ ഇത് കണ്ടു. അവരെന്നോട് പുല്ല് തലയിൽവെച്ച് കൊണ്ടുവരാൻ പറ്റില്ലെങ്കിൽ വലിച്ചുകൊണ്ടുവരണം എന്നു പറഞ്ഞു. ഒരിക്കൽ അവർ ഞങ്ങളെയെല്ലാം നിരത്തിനിർത്തി കാലിന് ചുവട്ടിൽ പാത്രം വെച്ച് അതിൽ ഭക്ഷണം വിളമ്പി. ഇനി ഇങ്ങനെ ഭക്ഷണം തന്നാൽ കഴിക്കില്ലെന്ന് അവരോട് എനിക്ക് മുഖത്തു നോക്കിപ്പറയേണ്ടി വന്നു.'' ജീവനൊടുക്കാൻ തോന്നിപ്പിച്ച അനുഭവങ്ങൾ പോലും കണ്ണൂർ ജയിൽ സമ്മാനിച്ചെന്ന് ലിസി.
എഴുത്തിന്റെ വഴികൾ
മനസ്സിനെ ശാന്തമാക്കാനാണ് ലിസി എഴുതിത്തുടങ്ങിയത്. ''വിയ്യൂർ ജയിലിലെ ഒന്നരവർഷം പലതും കുത്തിക്കുറിച്ചു. ആദ്യമായി ഒരു എഴുത്തുമത്സരത്തിൽ പങ്കെടുക്കുന്നത് അവിടെവെച്ചാണ്. എന്റെ പേര് എല്ലാവരും ശ്രദ്ധിച്ചത് കണ്ണൂർ ജയിലിൽ നടന്ന കഥാമത്സരത്തിൽ സമ്മാനം കിട്ടിയപ്പോഴാണ്. പൂർണ പബ്ലിക്കേഷൻ കേരളത്തിലെ 54 ജയിലുകളിലും വെച്ച് നടത്തിയ വലിയ മത്സരം. ഒന്നാം സമ്മാനം എന്റെ കഥയ്ക്കായിരുന്നു. 2001 രൂപ സമ്മാനം. മെമെന്റോയും സർട്ടിഫിക്കറ്റും ഉണ്ടായിരുന്നു. അതോടെ ജയിൽ ഉദ്യോഗസ്ഥർ എഴുതാൻ പ്രോത്സാഹിപ്പിച്ചു.
കണ്ണൂരിലെ ഒരു സംഘടന ജയിലുകളിൽ വെച്ച് നടത്തിയ കഥാമത്സരത്തിലും പങ്കെടുത്തു. 'സമീരന്റെ മരണം' എന്നതായിരുന്നു എന്റെ കഥ. ആ മത്സരത്തിന് ജൂറിയായി വന്നത് ടി.പത്മനാഭൻ സാറാണ്. കഥ വായിച്ച് കയ്യടക്കമുള്ള ഭാഷയെന്ന് അദ്ദേഹം പറഞ്ഞുവെന്ന് അറിഞ്ഞു. ആ കഥയ്ക്കും ഒന്നാം സമ്മാനം കിട്ടിയപ്പോൾ മാധ്യമങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു മാഗസിനിൽ ആദ്യമായി എന്റെ അഭിമുഖം വന്നു. സുബിൻ മാനന്തവാടി എന്നയാളാണ് അഭിമുഖം നടത്തിയത്. പിന്നീട് എഴുതാനുള്ള പേനയും പുസ്തകവും സുബിൻ എത്തിച്ചുതരുമായിരുന്നു. അതുവരെയെഴുതിയ കഥകളും കവിതകളും പുസ്തകമാക്കാം എന്ന ആശയം പറഞ്ഞതും സുബിനാണ്. ഇതുവരെ അത് സഫലമായില്ല.''
ലാലേട്ടനെ കാണുന്നു
ലാൽസലാം എന്ന പരിപാടിയിൽ മോഹൻലാലിനെ കണ്ടതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് ലിസി. ''സുബിൻ വഴിയാണ് മോഹൻലാലിനെ കാണുന്നത്. എന്റെ എഴുത്തുകളെല്ലാം പുസ്തകമാക്കാൻ തീരുമാനിച്ചിരുന്നല്ലോ. അതിന്റെ കവർ ലാൽസലാം പരിപാടിയിൽ മോഹൻലാലിനെകൊണ്ട് പ്രകാശനം ചെയ്യിക്കാമെന്ന് സുബിൻ പറഞ്ഞു. മോഹൻലാലിന്റെ കടുത്ത ആരാധികയാണ് ഞാൻ. ലാൽസലാം പ്രോഗ്രാമിലേക്ക് പോകാൻ പരോളിൽ ഇറങ്ങി. പരിപാടി നടക്കുന്നിടത്തെത്തി, റസ്റ്റെടുക്കാൻ ഒരു മുറിയിൽ ഇരിക്കുകയാണ്. ഈ സമയം അവിടെയുള്ള ഫോൺ അടിച്ചു. അത് ലിസിക്കുള്ള ഫോണാണ് എന്ന് ഒരാൾ പറഞ്ഞു. എന്നെ ആര് വിളിക്കാനാണ് എന്ന ചിന്തയിൽ ഫോൺ എടുത്തു. 'ലിസി, ഞാനാണ് മോഹൻലാൽ. ലിസിയെപ്പറ്റി ഞാനറിഞ്ഞു, നമുക്ക് കാണാം' എന്ന് അദ്ദേഹം പറഞ്ഞു. പ്രോഗ്രാം നടക്കുന്നിടത്തേക്ക് പോയപ്പോൾ അദ്ദേഹത്തെ കണ്ടു. എന്നെ അടുത്തുവിളിച്ചു, 'ലിസി വേഗം ഇറങ്ങും, പ്രാർഥിക്കാം.' എന്ന് പറഞ്ഞ് തോളിൽത്തട്ടി.''
ഒരിത്തിരി വെളിച്ചം
കണ്ണൂർ ജയിലിലെ കണ്ണീരിനും ചിരിക്കുമൊടുവിൽ ലിസി തിരുവനന്തപുരം ഓപ്പൺ ജയിലിലെത്തി. ''ലഹരികേസിലുള്ളവരെ ഓപ്പൺ ജയിലിലേക്ക് അയയ്ക്കില്ല. വിശ്വാസമുള്ള തടവുകാരെ മാത്രമേ അവിടേക്ക് അയക്കൂ. അവിടെ സ്വാതന്ത്ര്യമുണ്ട്, കൂലി കൂടുതലുണ്ട്. എനിക്ക് ഓപ്പൺ ജയിലിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ലഹരിക്കേസ് ആണല്ലോ. എങ്കിലും ഞാൻ ചോദിച്ചുനോക്കി. നിരസിക്കപ്പെട്ടു. കണ്ണൂർ ജയിലിൽ പശുവിനെയും നോക്കി ഏതെങ്കിലും രോഗംവന്ന് മരിക്കാനാവും വിധിയെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. അപ്പോഴാണ് ദൈവദൂതനെപോലെ സോഫിയ ബീവി മാഡം വരുന്നത്. തിരുവനന്തപുരത്തെ വനിതാ ഓപ്പൺ ജയിലിലെ സൂപ്രണ്ടായിരുന്നു അവർ. അന്ന് ഞങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുമ്പോൾ എന്നോട് 'നീ എഴുത്തുകാരിയല്ലേ' എന്ന് അവർ ചോദിച്ചു. ഓപ്പണിലേക്ക് പോകുന്നവരുടെ ആദ്യ ലിസ്റ്റിൽ ഞാനില്ലായിരുന്നു. ഉദ്യോഗസ്ഥരോട് എന്നെക്കൂടി വിടാമോ എന്ന് കരഞ്ഞു ചോദിച്ചു. കണ്ണൂർ ജയിലിൽത്തന്നെ കിടന്നിരുന്നെങ്കിൽ ഞാനിപ്പോഴും പുറത്തിറങ്ങില്ലായിരുന്നു.
ഒടുവിൽ ഓപ്പൺ ജയിലിലേക്കുള്ള ലിസ്റ്റിൽ ഞാനും ഉൾപ്പെട്ടു. അവിടെയെത്തിയപ്പോൾ ചെറിയ സന്തോഷമൊക്കെ തോന്നി. കണ്ണൂര് നിന്ന് വരുമ്പോൾ ജയിലിലെ കൂലി ഇനത്തിൽ 20,000 രൂപമാത്രമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. പരോളിന് പോകുമ്പോൾ അതിലെ മൂന്നിൽ ഒരു ഭാഗം മാത്രമാണ് തന്നുവിടുക. ഓപ്പൺ ജയിലിലെത്തി ഒരു മാസം കഴിഞ്ഞാണ് ഞാൻ പരോളിന് പോകുന്നത്. അന്ന് അമ്മച്ചിയുടെ ചികിത്സക്ക് ധാരാളം പണം വേണം. സോഫിയ മാഡം മുഴുവൻ പണവും കൊണ്ടുപോകാൻ സമ്മതിച്ചു. എന്നെ റെയിൽവേസ്റ്റേഷനിലെത്തിക്കാനുള്ള ഏർപ്പാടും ചെയ്തു. ജയിലിൽ ഏത് വിശിഷ്ടാഥിതി വന്നാലും മാഡമെന്നെ എഴുത്തുകാരിയെന്ന നിലയിൽ പരിചയപ്പെടുത്തും. ‘പെണ്ണുങ്ങളുടെ ജയിൽ: ഒരു തടവുകാരിയുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന എന്റെ പുസ്തകം ചെയ്ത അരുൺ ടി. വിജയന് എന്നെ കോണ്ടാക്ട് ചെയ്യാനുള്ള വഴികളൊരുക്കിയതും മാഡമാണ്. അരുൺ ആദ്യം എന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു. ജയിലിൽ നിന്ന് പുറത്തേക്കുള്ള എന്റെ വഴി തുറന്നത് ആ അഭിമുഖമാണ്.
ആ സമയത്തായിരുന്നു കോവിഡ്. ലോക്ക്ഡൗണിൽ ലഭിച്ച പരോളിൽ കുറച്ചുകാലം വീട്ടിൽ നിന്നു. ജോലിയില്ലാതെ അമ്മച്ചിയുടെ മരുന്നിനും മറ്റും ഒരുപാട് കഷ്ടപ്പെട്ടു. അന്ന് 12 കിലോമീറ്റർ നടന്ന് അമ്മച്ചിക്ക് മരുന്നുവാങ്ങാൻ പോയതൊക്കെ വാർത്തയായിരുന്നു. ആറേഴ് മാസം കഴിഞ്ഞപ്പോൾ കോടതി ഉത്തരവനുസരിച്ച് കോവിഡ് പരോൾ നീട്ടി. എന്നാൽ ഞാൻ തിരിച്ചെത്തണമെന്ന് വാശിപിടിച്ച ജീവനക്കാരുമുണ്ട്. വലിയ കുറ്റമായതിനാൽ ഞാനൊരിക്കലും ജയിലിൽ നിന്ന് പുറത്തിറങ്ങില്ലെന്നൊക്കെ പറഞ്ഞവരുണ്ട്. '
സ്വാതന്ത്ര്യത്തിലേക്ക്
കോവിഡ് പരോൾക്കാലത്ത് തടവുകാർ അംഗങ്ങളായ പ്രതീക്ഷാ ചാരിറ്റബിൾ ട്രസ്റ്റിൽ ലിസി അംഗമായി. സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. ''പ്രതീക്ഷ വഴി അഭിഭാഷകനായ ഹരിശങ്കർ സാറിനെ പരിചയപ്പെട്ടു. കോവിഡ് പരോളിൽ എന്നെ നിർബന്ധിച്ച് തിരിച്ചുവിളിച്ചപ്പോൾ പരോളിൽ തുടരാനുള്ള ധൈര്യം തന്നത് ആ സംഘടനയാണ്. ജയിലിൽ എന്റെ കൂട്ടുകാരിയായിരുന്നു സുജാത. അവൾ വഴി അഭിഭാഷകനായ മഞ്ജു ആന്റണി സാറിനെ പരിചയപ്പെട്ടു. സാറിനെ വിളിച്ച് ആദ്യം ചോദിച്ചത്, എന്നെ ഇവിടെ നിന്നൊന്ന് കൊണ്ടുപോകാമോ എന്നായിരുന്നു. എല്ലാ വക്കീലന്മാരും എന്നെ പറ്റിക്കുകയാണ്. എന്റെ കൈയിൽ ഫീസ് തരാൻ പണമൊന്നുമില്ല, എങ്ങനെയെങ്കിലും പുറത്തിറക്കണമെന്ന് പറഞ്ഞ് ഞാൻ കരഞ്ഞു. ഫയലുകളെല്ലാം എത്തിച്ചുകൊടുക്കാൻ അദ്ദേഹം പറഞ്ഞു. കേസ് നോക്കിയിരുന്ന ആദ്യ വക്കീൽ അത് തരാൻ തയ്യാറായില്ല. നിങ്ങളുടെ പേരെഴുതിവെച്ചിട്ട് ഞാൻ ആത്മഹത്യചെയ്യുമെന്ന് പറയേണ്ടി വന്നു ഒടുവിൽ. അരുൺ ടി. വിജയൻ നടത്തിയ അഭിമുഖമടക്കം മഞ്ജുസാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ആ കേസ് വിധിയായി. 12 വർഷത്തിനുശേഷം ജയിൽ മോചിതയാവുന്നു എന്ന സന്തോഷം എന്നെത്തേടിയെത്തി. 2022 സെപ്റ്റംബർ 24-ന് ഞാൻ പുറത്തിറങ്ങി.
ജയിലിൽ നിന്നുതിരിച്ചുപോകുമ്പോൾ ഞാൻ മഞ്ജു സാറിനെ കാണാൻ ചെന്നു. അദ്ദേഹത്തിന് കൊടുക്കാൻ പണമൊന്നും കൈയിലുണ്ടായില്ല. 'ഒത്തിരി പേരെന്നെ പറ്റിച്ചിട്ട് പോകാറുണ്ട്, ജയിലിൽ നിന്ന് ഇറങ്ങിയാൽ പിന്നെ കാണാത്തവരുമുണ്ട്. പക്ഷേ ലിസി കാണാൻ വന്നല്ലോ. അതുമതി' എന്ന് സാർ പറഞ്ഞു.''
അക്ഷരത്തണൽ
ജയിലനുഭവങ്ങൾ പുസ്തകമായതിന് പിന്നിലെ കഥയും ലിസി പറഞ്ഞു. ''അക്ഷരങ്ങളാണ് എന്നെ എക്കാലത്തും തുണച്ചത്. കുറ്റവാളിയിൽ നിന്ന് എഴുത്തുകാരിയെന്ന ലേബൽ തന്നത്, ജയിലിൽ നിന്നിറങ്ങാൻ കാരണമായത്... എല്ലാം. ജയിലിലെ അനുഭവങ്ങൾ പുസ്തകമാക്കിയാലോ എന്ന് അരുൺ ചോദിച്ചു. അങ്ങനെ മാതൃഭൂമി പെണ്ണുങ്ങളുടെ ജയിൽ: ഒരു തടവുകാരിയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം പുറത്തിറക്കി.
പുസ്തകത്തെപ്പറ്റിയറിഞ്ഞ് ശാലോം ടിവിയിലുണ്ടായിരുന്ന ഷിൻസ് ഇന്റർവ്യൂ എടുക്കാൻ വന്നു. ചേച്ചിക്ക് വീട് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് നോക്കട്ടെ എന്ന് ഷിൻസ് പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ജോർജ് കണ്ണന്താനം അച്ചന്റെ 'പ്രോജക്ട് ഷെൽട്ടറി'ന് കീഴിൽ വീട് ലഭിക്കുമെന്ന സന്തോഷവാർത്ത അറിഞ്ഞു. എന്റെ സ്വപ്നമായിരുന്നു വീട്. ഞാൻ ജയിലിൽ പോകുമ്പോൾ വീട് പൊളിഞ്ഞിരിക്കുകയായിരുന്നു. പഞ്ചായത്തിൽ നിന്നും വീട് കിട്ടിയെങ്കിലും കരാറുകാർ പറ്റിച്ചു. ഒരു മഴ പെയ്താൽ വീടു മുഴുവൻ ചോർന്നൊലിക്കുന്ന അവസ്ഥ. വീണ്ടും താമസം ഷെഡിലേക്ക് മാറി. മേയ് അവസാനത്തോടെ പുതിയ വീടിന്റെ പണി കഴിയും. ജയിലിൽ നിന്ന് കിട്ടിയ 15,000 രൂപയ്ക്ക് കുറച്ച് തുണിയും തയ്യൽ മെഷീനും വാങ്ങിയിരുന്നു. തയ്യലാണ് ഇപ്പോഴത്തെ പ്രധാനവരുമാനം. വീട് പണികഴിഞ്ഞാൽ ഷെഡിൽ ഒരു സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങണം.''
അമ്മയ്ക്കുവേണ്ടി
മകൾ ലിസി ജയിലിൽ പോയപ്പോൾ ഒറ്റയ്ക്കായ റോസകുട്ടിയുടെ ജീവിതത്തിലേക്ക് വന്ന മാലാഖയാണ് അമ്മുവെന്ന സാൻവിയ റോസ്. ലിസിയുടെ സഹോദരിയുടെ മകന്റെ മകളാണ് അവൾ. കൈക്കുഞ്ഞായിരുന്നപ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മുവിനെ റോസക്കുട്ടിയേറ്റെടുത്തു. ''ജീവിക്കാനുള്ള പ്രതീക്ഷയാണ് ഇവൾ. ഇപ്പോൾ ഏഴാം ക്ലാസിലായി. ഞാനില്ലാത്ത കാലത്ത് അമ്മച്ചിക്ക് തുണ ഇവളായിരുന്നു. ഇവർക്കു രണ്ടുപേർക്കും വേണ്ടിയാണ് ഇനിയെന്റെ ജീവിതം. അമ്മച്ചിക്ക് 89 വയസ്സായി. അമ്മച്ചി ഇല്ലാതായാൽ ഞാൻ ഒറ്റയ്ക്കാവും. അമ്മച്ചിയെന്നും കൂടെയുണ്ടാവണേ എന്നാണ് പ്രാർഥന.''
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 26 May 2026, 12:51 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented